Monday, February 24, 2020

ബജറ്റ് വിചാരങ്ങൾ 1 പ്രീ ബജറ്റ് കൺസൾട്ടേഷൻ

ബജറ്റ് വിചാരങ്ങൾ 1
പ്രീ ബജറ്റ് കൺസൾട്ടേഷൻ
കേരളത്തിൽ വീണ്ടും ബജറ്റ് സമയമായി. കേരളത്തിൽ ബജറ്റ് ചർച്ചകൾ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവരുമായി വേണമെന്ന് ഏതാണ്ട് പത്തു കൊല്ലംമുമ്പ് ആവശ്യപ്പെട്ടു സർക്കാരിന് പല വിധ നിവേദനങ്ങൾ നൽകിയിരുന്നു. മിക്കപ്പോഴും ബജറ്റ് കൺസെൽറ്റേഷൻ നടന്നിരുന്നത് കേരളത്തിലെ ചില ബിസിനസ് സംഘടനകളുമായി സെക്രെട്ടറിയേറ്റിൽ ധനകാര്യ മന്ത്രിയുടെ ചേമ്പറിലോ മീറ്റിംഗ് ഹോളിലായാണ് അതിൽ സാധാരണക്കാർക്ക് ഒരു റോളും ഇല്ലായിരുന്നു. .
അതു കൊണ്ടു തന്നെ കേരളത്തിൽ സ്വതന്ത്രമായി പ്രീ ബഡ്ജറ്റ് കൺസൾട്ടേഷൻ സഘടിപ്പിക്കുവാൻ 2013 ഇൽ എനിക്ക് നേരിട്ട് ഇറങ്ങേണ്ടിവന്നു. അന്ന് കേരളത്തിൽ നിന്ന് ഏതാണ്ട് 200വ്യത്യസ്ത സംഘടനകളെ പങ്കെടുപ്പിച്ചു പ്രീ ബഡ്ജറ്റ് കൺസൾട്ടേഷൻ നടത്തുകയുണ്ടായി. അന്ന് ധനമന്ത്രിയായിരുന്ന ശ്രീ കെ എം മാണി അദ്ദേഹത്തിന്റെ ഫിനാൻസ് സെക്രട്ടറിസഹിതം ഏതാണ്ട് അഞ്ചു മണിക്കൂർ ജനങ്ങൾക്കും സാമൂഹിക പ്രവർത്തകർക്കും ട്രേഡ് യുണിയനുകൾക്കും ആദിവാസി, ദളിത്‌, സ്ത്രീ, പരിസ്ഥിതി സംഘടനകൾക്ക് പറയാനുള്ളത് ക്ഷമയോടെ കേട്ടു. .
വളരെ ക്രിയാത്മകവും പുതുമയുള്ളതുമായ നിർദേശങ്ങളാണ് അന്നു പങ്കെടുത്തവരിൽ നിന്ന് വന്നത്. അതു ക്രോഡീകരിച്ചു ധനമന്ത്രി ക്ക് നൽകി. അന്ന് ഞങ്ങൾ ഉന്നയിച്ച ആവശ്യമാണ് വിപുലവും ഇൻക്ലൂസിവുമായ ബജറ്റ് കൺസൾട്ടേഷൻ. അന്ന് മന്ത്രി കെ എം മാണി കണ്സള്ട്ടേഷനിൽ വന്ന ഒരുപാടു കാര്യങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തി.
പ്രീ ബജറ്റ് കണ്സള്ട്ടേഷൻ സർക്കാർ മുൻകൈയ്യെടുത്തു നടത്തണമെന്നും അതിനു ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനെ (GIFT) ചുമതലപ്പെടുത്തണമെന്നുമുള്ള നിർദേശം ശ്രീ കെ എം മാണി നടപ്പാക്കി. പിറ്റേ വർഷം മുതൽ GIFT ജനുവരി മാസത്തിൽ വിപുലമായ പ്രീ ബജറ്റ് കണ്സള്ട്ടേഷൻസ് നടത്തിതുടങ്ങി.
അതുപൊലെ അന്ന് ഞങ്ങൾ ആവശ്യപ്പെട്ട രണ്ടു കാര്യങ്ങളാണ് ബജറ്റ് സുതാര്യതയും അകൗണ്ടബിലിറ്റിയും. അതിനു നിർദേശിച്ച രണ്ടു കാര്യങ്ങളാണ് പ്ലാനിങ് ബോഡ് വെബ്‌സൈറ്റിൽ ബഡ്ജറ്റ് ചിലവ് വിവരങ്ങൾ എല്ലാം മാസവും പ്രസിദ്ധീകരിക്കുകയും പഞ്ചായത്ത്‌ ബഡ്ജറ്റ് വിവരങ്ങൾ പഞ്ചായത്ത്‌ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുകയെന്നത്.
സർക്കാർ ഈ രണ്ടു നിർദേശങ്ങളും സ്വീകരിച്ചു. ഇന്ന് പ്ലാനിങ് ബോഡിന്റെ പ്ലാൻ സ്‌പേസ് വെബ് സൈറ്റിൽ ബജറ്റ് ചിലവുകളെകുറിച്ച് കൂടുതൽ വിവരങ്ങൾ കിട്ടും. മിക്കവാറും പഞ്ചായത്തുകൾ അവരുടെ ബജറ്റ് പഞ്ചായത്ത്‌ വെബ്‌സൈറ്റിൽ പങ്ക് വയ്ക്കുന്നുണ്ട്.
വിപുലമായ പ്രീ ബഡ്ജറ്റ് കൺ സൾട്ടേഷനിൽ സർക്കാരിനും ധനമന്ത്രിക്കും പ്രയോജനകരമായ പല നിർദേശങ്ങളും കിട്ടും. ഇപ്പോഴത്തെ ധന മന്ത്രി ഡോ തോമസ് ഐസക്ക് പ്രീ ബഡ്ജറ്റ് കൺസൽറ്റേഷനെ ഗൗരവമായി കാണുന്നയാളാണ് എന്നതിൽ സന്തോഷമുണ്ട്. അദ്ദേഹം ബഡ്ജറ്റ് കൻസൽട്ടേഷനിൽ വരുന്ന നിർദേശങ്ങൾ കാര്യ ഗൗരത്തോടെ എടുക്കുന്നുണ്ട്.
2013 ഇൽ കേരള ബഡ്ജറ്റ് എന്ന പേരിൽ തിരുവനന്തപുരതെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സസ്‌റ്റൈനബിൾ ഡവലപ്പ്മെന്റ് ആൻഡ് ഗവേണൻസ് സംഘടിപ്പിച്ച പ്രീ ബഡ്ജറ്റ് കണ്സള്ട്ടേഷനിൽ കാസർഗോഡ് മുതൽ കളിയിക്കവിള വരെ കേരളതിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള സാമൂഹ്യ പ്രവർത്തകരും സാമ്പത്തിക വിദഗ്‌ധരും കർഷക സംഘടനകളും മത്സ്യ തൊഴിലാളി സംഘടനകളും ദളിത് ആദിവാസി സംഘടനകളുമുണ്ടായിരുന്നു. അവരുമായി പോസ്റ്റ്‌ ബജറ്റ് ചർച്ച അന്ന് ഏഷ്യനെറ്റ് സംഘടിപ്പിക്കുകയുണ്ടായി..
എന്നാൽ സർക്കാർ പ്രീ ബഡ്ജറ്റ് കൺസെൽറ്റേഷൻ പിന്നീട് GIFT ജനുവരി മധ്യത്തിൽ നടത്തുന്ന ഒരാചാരമായി മാറി. കണ്സള്ട്ടേഷന് ഒന്നോ രണ്ടോ ദിവസം മുമ്പാണ് അറിയുന്നത്. പ്രത്യേകിച്ച് ഒരു ഹോം വർക്കും ഇല്ല. തിരുവനന്തപുരത്തുള്ള കുറെ സ്ഥിരം ആളുകളെ വിളിക്കും. അവർ പലപ്പോഴും സ്ഥിരം പല്ലവികൾ പറയും. അതിൽ ഏത്ര നടപ്പാക്കി എന്നത് GIFT നോ അതിൽ പങ്കെടുത്തവർക്കോ അറിയില്ല. കാരണം ഫോളോ അപ് പൂജ്യമാണ്.
ഇപ്പോൾ പ്രീ ബഡ്ജറ്റ് കൺസൾട്ടേഷൻ കഷ്ട്ടിച്ചു രണ്ടു മണിക്കൂറുള്ള ഒരാചാരമായി മാറിയിരിക്കുന്നു. തയ്യാറെടുപ്പ് എന്നതേ ഇല്ല. തിരുവന്തപുരത്തിന് അപ്പുറമുള്ളവർക്ക് പങ്കെടുക്കാൻ സാധിക്കില്ല. ഇന്നലെ നടന്ന പ്രീ ബഡ്ജറ്റ് കണ്സള്ട്ടേഷനെകുറിച്ച ഞാൻ അറിഞ്ഞത് ഒരു ദിവസം മുമ്പാണ്. കഴിവതും എല്ലാം ബജറ്റ് കൺസൽറ്റേഷനിൽ പോകുന്നയാളായത് കൊണ്ടു പല പരിപാടികൾ മാറ്റി വച്ചു ഒന്നര മണിക്കൂർ പങ്കെടുത്തു. ബഹുമാനപെട്ട ധനമന്ത്രി നിർദേശങ്ങൾ നൽകുവാൻ സമയം തന്നു. രണ്ടു മിനിറ്റിൽ ചിലത് പറഞ്ഞു. ബാക്കി എഴുതി കൊടുക്കാമെന്നു പറഞ്ഞു.
ഇങ്ങനെ ഒരു പ്രീ ബഡ്ജറ്റ് കൺസൾട്ടേഷന് കുറഞ്ഞത് ഒരു മാസത്തെ ഗ്രഹപാഠം ചെയ്യണം.
അതു കൊണ്ടു ബഹുമാനപെട്ട ധനമന്ത്രിയോടും പ്രീ ബഡ്ജറ്റ് കൺസൾട്ടേഷൻ നടത്തുന്ന GIFT ടീമിനോടും സ്നേഹാദരങ്ങളോടെ ചില നിർദേശങ്ങൾ
1) നവമ്പർ മാസത്തിൽ തന്നെ പിറ്റേ വർഷ ബജറ്റിന്റ ചർച്ചകൾ തുടങ്ങണം. കേരളത്തിലുള്ള വിവിധ സിവിൽ സൊസൈറ്റി സംഘടനകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയോടെ രണ്ടു പേജിൽ കവിയാത്ത ബജറ്റ് നിർദേശങ്ങൾ കൃത്യമായി എഴുതി തരുവാൻ അവശ്യപ്പെടുക.
2.) ഡിസംബർ മധ്യത്തോടെ ഇങ്ങനെയുള്ള ബജറ്റ് നിർദേശങ്ങൾ സ്വീകരിക്കുക.
3)ഇങ്ങനെയുള്ള ബഡ്ജറ്റ് നിർദേശങ്ങൾ GIFT ക്രോഡീകരിച്ചു വിവിധ ഇനങ്ങളിലായി ഒരു ടെംപ്ളേറ്റിൽ ഉൾപ്പെടുത്തുക.
4)കഴിഞ്ഞ രണ്ടു വർഷത്തെ ബജറ്റ് വിവരങ്ങൾ ഉൾപ്പെടുത്തി ഒരു ബജറ്റ് വിവര നോട്ട് തയ്യാറാക്കുക
5)ബജറ്റ് വ് വിവരങ്ങളെകുറിച്ചും കഴിഞ്ഞ പ്രീ ബഡ്ജറ്റ് കണ്സള്ട്ടേഷനിൽ ഏതോക്കെ കാര്യങ്ങൾ നടപ്പാക്കി എന്നതിനെകുറിച്ച് മന്ത്രിയുടെ ഒരു ബാക്ഗ്രൗഡ് പെർഫോമൻസ് നോട്ട് ആവശ്യമാണ്.
6)ഇത്രയും ഗൃഹപാഠങ്ങൾ ചെയ്തിട്ട് കുറഞ്ഞത് രണ്ടാഴ്ച്ച മുന്നെ ആളുകളെ പ്രീ ബഡ്ജറ്റ് കണ്സള്ട്ടേഷന് വിളിക്കുക.
7) പ്രീ ബഡ്ജറ്റ് കണ്സള്ട്ടേഷനിൽ പങ്കെടുക്കുന്നവർക്ക് മുമ്പ് വിവരരിച്ച ഡോക്കുമെന്റുകൾ കുറഞ്ഞത് നാലു ദിവസം മുമ്പ് കൊടുക്കണം.
8)പ്രീ ബഡ്ജറ്റ് കണ്സള്ട്ടേഷനിൽ കാര്യമാത്ര പ്രസക്തമായ കാര്യങ്ങൾ നിര്ദേശിക്കുവാൻ ഒരാൾക്ക് അഞ്ചു മിനിറ്റിൽ കൂടുതൽ നൽകാതിരിക്കുക. കാരണം ശരിക്കും കാര്യങ്ങൾ അറിയാവുന്നവർക്ക് കൃത്യമായി അവതരിപ്പിക്കുവാൻ മൂന്നു മിനിറ്റിൽ കഴിയും. ഏതാണ്ട് 3 മണിക്കൂറിൽ മുപ്പതു പേർക്ക് അവരുടെ നിർദേശങ്ങൾക്ക് അവസരം കിട്ടും. കുറഞ്ഞത് മൂന്നു മണിക്കൂർ കണ്സള്ട്ടേഷൻസ് വേണം.
9)കണ്സള്ട്ടേഷന്റെ റിപ്പോർട്ടും കാര്യമാത്ര പ്രസക്തമായ നിർദേശങ്ങളും ധന മന്ത്രിക്കും പങ്കെടുക്കുന്നവർക്കും ഒരാഴ്ചക്കുള്ളിൽ അയച്ചു കൊടുക്കണം
10)ഏതൊക്ക കാര്യങ്ങൾ പരിഗണിക്കാം അല്ലെങ്കിൽ സാധ്യമല്ല എന്നത് ധന മന്ത്രി പ്രീ ബജറ്റ് കണ്സള്ട്ടേഷനിൽ തന്നെ വ്യക്തമാക്കണം.
ഇപ്പോൾ നടക്കുന്നത് എന്താണ്? യാതൊരു തയ്യാറെടുപ്പുമില്ലാതെ സർക്കാർ കാര്യം മുറപോലെ എന്ന മട്ടിൽ വെറുതെ ആചാരം എന്ന രീതിയിൽ നടത്തി ശാപ്പാടുമടിച്ചു ഉച്ചക്ക് പിരിഞ്ഞു അടുത്ത വർഷം ആചാരത്തിന് കാത്തു നിന്നാൽ ബഹുമാനപെട്ട മന്ത്രിക്കും പങ്കെടുക്കുന്ന വർക്കും സമയ നഷ്ട്ടം എന്നതിൽ കവിഞ്ഞു ഒന്നും സംഭവിക്കില്ല.
അതു കൊണ്ടു ദയവ് ചെയ്തു ഒരു നല്ല പ്രീ ബഡ്ജറ്റ് കൺസൾട്ടേഷൻ അതു അർഹിക്കുന്ന ഗൗരവത്തിൽ ചെയ്യുക. അതിൽ പ്ലാനിങ് ബോഡ് അംഗങ്ങൾ അതു പൊലെ ധനകാര്യ വകുപ്പിലെ സീനിയർ ഉദ്യോഗസ്ഥരും പങ്കെടുക്കണം
കഴിഞ്ഞ മൂന്നു കൊല്ലവും പ്രീ ബജറ്റ് കണ്സള്ട്ടേഷനിൽ പങ്കെടുക്കാനായി മറ്റു ജോലികൾ മാറ്റി വച്ചു പങ്കെടുക്കുന്നത് ബജറ്റ് അകൗണ്ടബിലിറ്റി ഒരു പൗര പ്രതി ബദ്ധതയായി കാണുന്ന ഒരു സജീവ പൗരനായതിനാലാണ്. പക്ഷേ പലപ്പോഴും കാണുന്നത് കൃത്യമായ ഗൃഹപാഠം ചെയ്യാതെ അവരവർക്ക് സർക്കാരിനോട് പറയാനുള്ള ആവലാതികളുടെ കാര്യങ്ങളും പ്രായോഗികമല്ലാത്ത കുറെ വിഷ് ലിസ്റ്റുകളുമാണ്. ചിലർ അവരുടെ താല്പര്യങ്ങൾക്ക് അനുസരിച്ച ഒരു വിഷ് ലിസ്റ്റ് പത്തു മിനിറ്റ് വായിച്ചു മന്ത്രിയുടെയും അവരുടെയും സമയം കളയും. പബ്ലിക് ഫിനാൻസിൽ അത്യാവശ്യം ഗ്രാഹ്യമുള്ള പലരും അവരുടെ വ്യുല്പത്തി പ്രകടിപ്പിച്ചു പതിനഞ്ചും ഇരുപതും മിനിറ്റ് പ്രസംഗിക്കും. ചിലർ സ്ഥിരം പല്ലവികൾ. കാര്യമാത്ര പ്രസക്തമായ നിർദേശങ്ങൾ കുറവും വചോപടങ്ങൾ പലപ്പോഴും കൂടുതലുമാണ്
ഇതു സംഭവിക്കുന്നത് അവസാന നിമിഷം പേരിന് വേണ്ടി ഒരു പ്രീ ബഡ്ജറ്റ് കൺസൾട്ടേഷൻ തട്ടികൂട്ടി ഒപ്പിക്കുന്നതിലാണ്.
അത്‌ മാറണം
തുടരും
ജെ എസ് അടൂർ

No comments: