Sunday, February 23, 2020

എന്തിനാണ് ജീവിക്കുന്നത്? എങ്ങനെയാണ് ജീവിക്കുന്നത്?


1
ഈ രണ്ടു ചോദ്യങ്ങൾക്കും നിയതമായ ഒരുത്തരം എളുപ്പമല്ല. ഓരോരുത്തരും ജനിച്ചു വളർന്ന സാഹചര്യങ്ങളിൽ അറിഞ്ഞോ അറിയാതെയോ ഈ രണ്ടു ചോദ്യങ്ങളും മിക്കവാറും മനുഷ്യരുടെ മനസ്സിൽ വരാറുണ്ട്.
ഈ രണ്ടു ചോദ്യങ്ങൾ മനസ്സ് ഏറ്റവും ശാന്തമായിരിക്കുന്ന അവസരങ്ങളിൽ പ്രത്യാശയുടെ ചോദ്യങ്ങളാണ്. അതെ സമയം മനസ്സ് കലുഷിതമായി ഒരു സങ്കടകടലാകുന്ന പ്രതിസന്ധി ഘട്ടങ്ങളിലും ' ഇങ്ങനെ എന്തിനാണ് ജീവിക്കുന്നത്? ഇങ്ങനെ ജീവിക്കണോ എന്ന്? ' സ്വയം ചോദിക്കുന്നു മനുഷ്യരുണ്ട്.
മനുഷ്യ മസ്തിഷ്ക വ്യവഹാര വ്യാപാരമായ മാനസിക അവസ്ഥയുടെ ഒരു പ്രത്യേകത അതിന് ചോദ്യങ്ങൾ ചോദിക്കുവാൻ കഴിവുണ്ട് എന്നതാണ്. കുട്ടികളെ വളർത്തിയിട്ടുള്ളവർക്ക് ഇതു പെട്ടന്ന് മനസ്സിലാകും.
ഏതാണ്ട് ഒരു വയസ്സ്‌ വരെകുട്ടികൾ കണ്ടും കെട്ടുമാണ് മനസ്സിൽ കാര്യങ്ങൾ ഗ്രഹിക്കുന്നത്. ആവശ്യങ്ങൾ ഉണ്ടെങ്കിൽ, എന്തെങ്കിലും വേണമെങ്കിൽ അവർ അതു അറിയിക്കുന്നത് കരഞ്ഞാണ്. അതു പോലെ വേദനയുണ്ടെങ്കിലും.
എന്നാൽ ഒരു ഒന്നര വയസ്സ്‌മുതൽ വീട്ടിലെ ഭാഷ സ്വായത്തമാക്കുമ്പോൾ പിന്നെ അവർ കാണുന്നതിനെയും കേൾക്കുന്നതിനെയും കുറിച്ച് നിരന്തരം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കും.
പലപ്പോഴും ഈ നിഷ്ക്കളങ്കമായ ചോദ്യങ്ങൾ ജീവിതത്തെകുറിച്ച് ഗഹനങ്ങളായ ചോദ്യങ്ങൾ ആയിരിക്കും. അമ്മയോട് ചോദിച്ചു തുടങ്ങുന്ന ഈ ചോദ്യങ്ങൾ പിന്നീട് അച്ഛനോട്‌, മുത്തശ്ശിയോടൊ മൂത്തച്ചനോടോ വീട്ടിലുള്ളവരോടും ചോദിക്കും.
കുട്ടികളുടെ മാനസ്സിക വളർച്ചയിൽ ഈ ചോദ്യങ്ങൾ വളരെ പ്രധാനമാണ്. ഒരിക്കലെങ്കിലും അവരിൽ പലരും ചോദിക്കും ' അമ്മേ ഞാൻ എവിടുന്നാ വന്നേ '? ഞാൻ സ്കൂളിൽ എന്തിനാ പോകുന്നത്? സ്കൂളിൽ പോയി തുടങ്ങിയാൽ കുട്ടി പല കാര്യങ്ങളും മറ്റു മനുഷ്യരുമായി തുലനം ചെയ്യും. മിക്കപ്പോഴും കഥകളിലൂടെ അല്ലെങ്കിൽ പാട്ടുകളിലൂടെയാണ് കുട്ടികൾ ജീവിതത്തിലെ ആദ്യ മൂല്യങ്ങളും പാഠങ്ങളും പഠിക്കുന്നത്. അതു പോലെ പ്രാർത്ഥനകളും.
കുട്ടിക്കാലത്തുള്ള പല ചോദ്യങ്ങൾക്കുമുള്ള മറുപടികളിലൂടെയാണ് ലിംഗ -ജാതി -മത ബോധ്യങ്ങൾ വളരുന്നത്. ഇതു പേരിടീൽ തൊട്ട് തുടങ്ങും. അതു കൊണ്ടാണ് മതാചാര പ്രകാരമുള്ള ചോറൂണ്, മാമോദീസ, സമർപ്പണം, സുന്നത്ത്, ഉപനയനം മുതലായ ആചാരങ്ങളിലൂടെ കുട്ടികളുടെ വിചാരങ്ങളും പേരിലുള്ള സത്വ ബോധവുമൊക്കെ അതാതു മത സാഹചര്യങ്ങൾ നിയന്ത്രിച്ചു തുടങ്ങുന്നത്. ആൺകൂടിയാണ്. പെൺ കുട്ടിയാണ് എന്ന് പേരിലൂടെ വീടും മതവും പറഞ്ഞു കൊടുക്കും. അതു കഴിഞ്ഞു അവർ തന്നെ പ്രാഥമികമായി മൂത്രം ഒഴിക്കുന്ന സൂത്രങ്ങൾ കണ്ടും തൊട്ടും അവരുടെ ശരീരമറിയാൻ തുടങ്ങും. അതു മറച്ചു വച്ചു 'നാണം 'മറക്കാൻ പഠിപ്പിക്കുന്നതും വീട്ടിലെയും നാട്ടിലെയും സാഹചര്യങ്ങളാണ്.
കുട്ടികൾ ജനനത്തെയും മരണത്തെയും കുറിച്ച് ചോദിക്കുമ്പോൾ റെഡിമേഡ് ഉത്തരങ്ങളുമായി ദൈവം പല മതധാരകൾക്ക് അനുസരിച്ചു വിവിധ രീതിയിൽ കുട്ടികളുടെ മനസ്സിൽ കയറും. പിന്നെ എല്ലാ പ്രയാസമേറിയ ചോദ്യങ്ങൾക്കും' എന്ത് കൊണ്ടു ജനിച്ചു? എന്ത് കൊണ്ടു മരിക്കുന്നു? സ്വർഗം, നരകം എന്ന എല്ലാ പ്രത്യാശക്കും നിരാശക്കും ഉത്തരങ്ങളുടെ സോഴ്സ് ബുക്ക്‌ ദൈവവും മതവും അതുപോലെ ഭയവും അവിടെ തുടങ്ങും. എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് യേശു അപ്പച്ചൻ എങ്ങനെയാണ് മനസ്സിൽ കയറി ഇരുപ്പുറപ്പിച്ചതെന്ന്. മൂന്നു വയസ്സിൽ.
കുട്ടികൾ വളർന്നു നിഷ്ക്കളങ്കത ഇല്ലാതാകുന്നതും കള്ളത്തരങ്ങൾ ചിന്തിക്കാനും പറയാനും പഠിക്കുന്നത് സമൂഹത്തിലെ 'നല്ലതും തീയതും 'മനസ്സിലാക്കി അട്ജെസ്റ്മെന്റ് ജീവിതം പരിശീലിക്കുമ്പോൾ മുതലാണ്.
അതു കഴിഞ്ഞു മിക്കവാറും തിരിച്ചറിവിന്റെ ബോധതലങ്ങളിലും അബോധ തലങ്ങളിലും മനുഷ്യൻ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. നിഷ്കളത നഷ്ടപ്പെടുമ്പോൾ നമ്മൾക്ക് മറ്റുള്ളവരോട് ചോദ്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ മടിയാണ്.ചിലപ്പോൾ ചമ്മൽ. ചിലപ്പോൾ ഭയം. അതുകൊണ്ടു തന്നെ വിവിധ ഫിൽറ്ററുകൾ ഉപയോഗിച്ചാണ് വളരും തോറും നമ്മൾ ചോദ്യങ്ങൾ ചോദിക്കുന്നത്.
മറ്റുള്ളവർ നമ്മെളെകൊണ്ടു എന്ത് കരുതും എന്ന വിചാരം നമ്മളെ പിടികൂടി നാട്ടു നടപ്പ് അന്യസരിച്ചു ഇഷ്ട്ടപെട്ടാലും ഇല്ലെങ്കിലും നമ്മൾ 'അട്ജെസ്റ് ചെയ്തു ജീവിക്കാൻ പഠിക്കുന്നത്. പലപ്പോഴും പോയ്‌മുഖത്തോട് ജീവിക്കുവാനും.
എന്തിനാണ് ജീവിക്കുന്നത്? എങ്ങനെയാണ് ജീവിക്കുന്നത്?
ഈ രണ്ടു അസ്തിസ്ഥ ചോദ്യങ്ങൾ അറിഞ്ഞും അറിയാതെയും ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ ചോദിക്കാത്തവർ ചുരുക്കമാണ്. മതങ്ങൾ പലതും ഇതിന് മരണാന്തര സാധ്യതകളിൽ ഉറപ്പിക്കുന്ന ഉത്തരം തന്നാണ് അസ്ഥിത്വ ചോദ്യങ്ങൾക്ക് ഉത്തരം തരുന്നത്. പുനർജന്മവും സ്വർഗ്ഗവും നരകവും എല്ലാം വാഗ്ദത്ത ഭൂമികയുടെ പ്രത്യാശയും അതെ സമയം പാതാള-നരക ഭീതിയുമായി നമ്മെ ഭരിക്കുന്നത് കൊണ്ടാണ് അസ്ഥിത്തബോധം തന്നെ മത ബോധമാകുന്നത്.
അതു കൊണ്ടാണ് മാർക്സ് പറഞ്ഞത് മതം മനുഷ്യനെ മയക്കുന്ന കറുപ്പും അതെ സമയം അടിച്ചമർത്തപെട്ടവരുടെ നിശ്വാസവും ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവുമാണെന്ന്. അങ്ങനെയാണ് ശ്വാസം വിശ്വാസമാകുന്നത്.
ഒരിക്കലും ദൃശ്യ തെളിവുകൾ ഇല്ലാതെ ഭാവന സമൃദ്ധമായ മരണാന്തര വാഗ്ദാനങ്ങളിലൂടെയാണ് ഓരോ മതധാരകളും വിശ്വാസവും പ്രത്യാശയും സ്നേഹവുമാകുന്നത്. അതേപോലെ ഭയവും.
മനുഷ്യൻ ജനിച്ചു വളരുമ്പോൾ തന്നെ ഉള്ളിൽ വളരുന്ന ഭയമാണ് മരണഭയം. മരുന്നും മന്ത്രവും എല്ലാം നിലനിൽക്കുന്നത് മരണഭയം കൊണ്ടാണ്. അങ്ങെനെയുള്ള അസ്തിത്വ ഭയം അഗീകരിച്ചു കണ്ടീഷണൽ സ്വാതന്ത്ര്യം മരണാനന്തരം വാഗ്ദാനം ചെയ്താണ് എല്ലാം മതങ്ങളും സമൂഹത്തിൽ രൂഢമൂലമാകുന്നത്. നമ്മുടെ സത്വത്തെയും സത്വ വിചാരത്തെയും ശരീരത്തെയും നിയന്ത്രിക്കുന്നത്.
ഒരു മനുഷ്യന്റെ ശരീരത്തിന് ആവശ്യമായ ഭക്ഷണത്തിലും മനസ്സിനാവശ്യമായ ഭാഷയിലും അതുപോലെ സമൂഹത്തിന് വേണ്ട വസ്ത്ര ധാരണത്തിലും മതങ്ങൾ നിഷ്കർഷിച്ചു നമ്മളെ വരുതിയിലാക്കും. ഭക്ഷണവും ഭാഷയും വസ്ത്രവും രതിയും നിയന്ത്രിച്ചു, ഉൽപ്പാദനവും പ്രതുൽപ്പാദനവും നിയന്ത്രിക്കുന്നു.
മതധാരകൾ മനസ്സിൽ സ്വാതന്ത്ര്യ വാഞ്ചയായും ഭീതിയായും സത്യമായും സത്വ ബോധമായും പാപവും പുണ്യവുമായും കരുണയായും കരുതലായും കുടിയേറി നമ്മളുടെ വികാര -വിചാരം -വിരേചനങ്ങളെ ഭരിച്ചു നമ്മളുടെ ഉള്ളിലെ അധികാര കേന്ദ്രമാകും. അതു കൊണ്ടാണ് മതങ്ങളുടെയും ദൈവത്തിന്റെയും പേരിൽ ചാവാനും കൊല്ലാനും മനുഷ്യർ തയ്യാറാകുന്നത്.
ഇതിന്റ രാഷ്ട്രീയത്തിലാണ് പുണ്യ ഭൂമികളും പുണ്യ യുദ്ധങ്ങളുമുണ്ടാക്കി പുരോഹിതവർഗ്ഗവും രാജ വർഗ്ഗവും വർഗീയതയുണ്ടാക്കി മനുഷ്യനെ അധികാര പരിധിയിലാക്കുന്നത്.
തുടരും
പിൻകുറിപ്പ് : ഈ കുറിപ്പ് നീണ്ടതാകയാൽ മൂന്നു ഭാഗമായാണ് പോസ്റ്റ്‌ ചെയ്തത്.മൂന്നും ടൈംലൈനിലുണ്ട്. വായിക്കാൻ താല്പര്യമുള്ളവർ മൂന്നും വായിക്കുക
ജെ എസ് അടൂർ


2
മനുഷ്യന്റെ ചിന്തകൾ നിരന്തരം ഭാവനകൊണ്ടു വരമ്പുകൾ ഭേദിക്കും. എന്തിനാണ് ജീവിക്കുന്നത്? എങ്ങനെയാണ് ജീവിക്കുന്നത്? എന്ന അസ്തിത്വ ചിന്ത മനസ്സ് ഉള്ളിടത്തോളം ആരുമറിയാതെ പല പ്രാവശ്യം ഉള്ളിൽ ചോദിക്കാത്ത മനുഷ്യർ കുറവാണ്. അത് പോലെ നമ്മുടെ ഭാവനയിൽ കയറി ഉറപ്പിച്ച ദൈവം സത്യത്തിൽ ഉണ്ടോയെന്നും പലപ്പോഴും പലരും ഉള്ളിൽ ചോദിക്കും. പക്ഷെ മിക്കവരും ഇങ്ങനെയുള്ള ചോദ്യങ്ങൾ പുറമെ ചോദിക്കാൻ ഭയപ്പെടും.
എന്തിനാണ് ജീവിക്കുന്നത്? എന്ന ചോദ്യങ്ങൾ ചോദിക്കാൻ ആരുമില്ലാത്ത അവസ്ഥയിൽ നിരാശകൾ ആശകളെയും പ്രത്യാശകളയും വിഴുങ്ങുമ്പോൾ ഒരുപാടു പേർ ആത്മഹത്യയെകുറിച്ച് ഒരിക്കലെങ്കിലും ചിന്തിക്കും. ഇങ്ങനെ എന്തിനാണ് ജീവിക്കുന്നത്? എന്ന ചോദ്യം പല പ്രതിസന്ധി ഘട്ടങ്ങളിലും ചോദിക്കും.
എന്നാൽ മനുഷ്യൻ ജീവിക്കുന്നത് വിശ്വാസവും പ്രത്യാശകളും സ്നേഹവും കൊണ്ടാണ്. ഇതിൽ പ്രധാനമായ സ്നേഹം അറ്റുപോകുമ്പോഴാണ് ജീവിതം കൈവിട്ടു പോകുന്നത്. അതു കൊണ്ടു കൂടിയാണ് സ്നേഹം ദൈവമാകുന്നതും.ദൈവം സ്നേഹമാകുന്നതും.
എന്നാൽ മനുഷ്യൻ സ്വന്തം മനസ്സിലും മറ്റുള്ളവരുടെ മനസ്സിലും മാറ്റങ്ങളുടെ ഓളങ്ങളുളവക്കുന്നത് ഈ രണ്ടു ചോദ്യങ്ങൾക്കും അവരുടെ മനസ്സിനെയും സമൂഹത്തെയും സ്വയം അറിഞ്ഞു ഉൾപ്രേരണയിൽ വിവിധ വഴികൾ തേടി ജീവിതം സ്വായത്തമാക്കുന്നത്.
എന്തിന് ജീവിക്കുന്നു? എങ്ങനെ ജീവിക്കുന്നു? എന്ന ചോദ്യങ്ങൾ ചോദിച്ചു സ്വയം ഉത്തരങ്ങൾ തേടി ജീവിത പാതകളെ തിരിച്ചറിയുമ്പോഴാണ് നമ്മൾക്ക് ഉൾബോധങ്ങളും ഉൾക്കരുത്തും അതിൽ നിന്നുള്ള ആത്മ ധൈര്യവും ആത്മ വിശ്വാസവുമുണ്ടാകുന്നത്. ബന്ധങ്ങളുടെ ബന്ധനങ്ങളിൽ കുരുങ്ങി ജീവിതം വെറുമൊരു അഡ്ജസ്റ്റ്മെന്റാക്കാതെ നിരന്തരം സ്വയം ചോദ്യങ്ങൾ ചോദിച്ചു ഭാവനകൊണ്ടും ഭാഷകൾകൊണ്ടും മനുഷ്യൻ സ്വതന്ത്രമാകുവാൻ ശ്രമിക്കും.
ഇതു പലരും പല രീതിയിലാണ് ചെയ്യുന്നത്. ഭക്ഷണവും പാർപ്പിടവും രതിയും ജോലിയുമെല്ലാം എല്ലാംഅനുദിന ശീല വിരസതയാകുമ്പോൾ മനുഷ്യരിൽ പലരും ആ ചട്ടക്കൂട്ടിൽ നിന്ന്
സ്വാതന്ത്ര്യം നേടുന്നത് മനസ്സിനുള്ളിന്റ ഉള്ളിൽ രഹസ്യ ഭാവനകളുട ചിറകിൽ പറന്നു പുതിയ ആകാശവും പുതിയ ഭൂമിയും പുതിയ മനുഷ്യരെ തൊടുമ്പോഴാണ്.
അതു കൊണ്ടാണ് മനുഷ്യൻ ഫാക്റ്റിനെക്കാളിൽ ഫിക്ഷൻ ഇഷ്ട്ടപ്പെടുന്നത്. അതു കൊണ്ടാണ് സ്വപ്നത്തിലും ഫാന്റസിയിലും ഇഷ്ടമുള്ളവരോടൊപ്പം രഹസ്യമായി രമിച്ചു പലർക്കും രതിമൂർച്ചഉണ്ടാകുന്നത്. ഫാന്റസി ഇല്ലെങ്കിൽ ഫിക്ഷൻ ഇല്ല. ഭാവനയുടെ സ്വാതന്ത്ര്യ സല്ലാപങ്ങളാണ് കവിതയും കഥകളുമായി നമ്മെ രമിപ്പിക്കുന്നത്.
ഭാവനയുടെയും ഭാഷയിലൂടെയും നിറങ്ങളിലൂടെയും നിഴലുകളിലൂടെയും ചിത്രങ്ങളിലൂടെയും ചലചിത്രങ്ങളിലൂടെയും ജീവിതത്തെ നിരന്തരം തൊട്ടും കണ്ടും കേട്ടുമറിയാനാണ് മനുഷ്യൻ ശ്രമിക്കുന്നത്.
തുടരും
പിൻകുറിപ്പ് : ഈ കുറിപ്പ് നീണ്ടതാകയാൽ മൂന്നു ഭാഗമായാണ് പോസ്റ്റ്‌ ചെയ്തത്.മൂന്നും ടൈംലൈനിലുണ്ട്. വായിക്കാൻ താല്പര്യമുള്ളവർ മൂന്നും വായിക്കുക
ജെ എസ് അടൂർ


3
നിരന്തര അനുദിന ശീലങ്ങൾക്ക് അപ്പുറം ചിന്തയിലൂടെ, മനന ധ്യാനത്തിലൂടെ കണ്ടും കൊണ്ടും ഉൾക്കൊണ്ടു സ്വയം ഉള്ളറിഞ്ഞു തിരിച്ചറിവിലൂടെ എന്തിനാണ് ജീവിക്കുന്നത് എന്നതിന് അർത്ഥം തേടുമ്പോഴാണ് ശീലിച്ച ചിന്തകൾക്ക് അപ്പുറമുള്ള വിസ്മയ ലോകത്തേക്ക് നമ്മൾ ഉൾയാത്രകൾ നടത്തി ഉൾവിളികൾ അറിയുന്നത്.Then you realize your calling in life.
ഓരോ മനുഷ്യരും ഓരോ രീതിയിലാണ് സ്വയം കണ്ടെത്തുന്നത്. അതു കണ്ടെത്തുമ്പോഴാണ് നിങ്ങൾ ഉള്ളിലെ സർഗാത്മകതയും വെളിയിലെ ക്രിയാത്‌മകതെയും യോജിപ്പിച്ചു മനുഷ്യരിലും സമൂഹത്തിലും മാറ്റങ്ങൾ ഉണ്ടാക്കുന്നത്. അങ്ങനെ വലിയ മാറ്റങ്ങൾ ഭൂതത്തിൽ നിന്ന് ഭാവിയിലേക്ക് മാറ്റിയാണ് മനുഷ്യൻ ചരിത്രം സൃഷ്ടിക്കുന്നത്.
ഓരോ മനുഷ്യനും ഓരോ ചരിത്രമാണ്. ഓരോ മനുഷ്യ ജീവിതവും മനസ്സുകൊണ്ടും ശരീരം കൊണ്ടും ചരിത്രം നിരന്തരം സൃഷ്ട്ടിക്കുകയാണ്. മനുഷ്യ ജീവിതം മുന്നോട്ട് പോകുന്നത് രതിയുടെ മാസ്മരിക സൗന്ദര്യത്തിൽ നിരന്തരം മരിച്ചു ഉയർത്തെഴുന്നേറ്റുമാണ്. പ്രത്യുൽപ്പാദിച്ചു അടുത്ത തലമുറയുടെ പേരും വീടും നിലനിർത്തിയാണ് മനുഷ്യൻ മരണത്തെ അതിജീവിക്കുന്നത്.
മസ്തിഷ്ക്കം മരിക്കുമ്പോൾ മനസ്സ് മരിക്കുന്നു. എന്നാൽ മനുഷ്യ മനസ്സ് അവശേഷിപ്പിച്ചു പോയ ഓർമ്മകൾ പല രീതിയിൽ ജീവിക്കുന്നു.
പലപ്പോഴും അമർത്യനാകാനുള്ള ആഗ്രഹത്തിലാണ് കവിതയിലൂടെയും കഥകളിലൂടെയും കര വിരുതുകളിലൂടെയും ചിന്തകളിലൂടെയും സ്ഥാപനങ്ങളിലൂടെയും ആശയങ്ങളിലൂടെയും സർഗാത്മകമായി ഭാവനയിലൂടെയും ഭാഷയിലൂടെയും മനുഷ്യൻ നിരന്തരം പുനർനിർമ്മിതിയിലൂടെ പുനർ ജനിക്കാൻ ശ്രമിക്കുന്നത് .
സാഹിത്യമായും ശാസ്ത്രമായും ആശയ ധാരകളായും ശില്പങ്ങളായും സ്ഥാപനങ്ങളെയും അവ മരിച്ചു കഴിഞ്ഞും സ്മാരകം ശിലകളാകും. അതു കൊണ്ടാണ് മാർബിൾ കവിതയായ താജ്മഹലിൽ ഇപ്പോഴും ഷാജഹാനും മുംതാസും ഓർമയുടെ ഓളങ്ങളായി യമുന തീരത്ത് ഒഴുകുന്നത്.
എന്ത് കൊണ്ടു ജീവിക്കുന്നു? എങ്ങനെ ജീവിക്കുന്നു? ഈ രണ്ടു ചോദ്യങ്ങൾ തേടിയാണ് സിദ്ധാർത്ഥൻ ഗൗതമനും ബോധ തലങ്ങളെ തിരിച്ചറിഞ്ഞു ബുദ്ധനുമായത്. യേശു ഈ ചോദ്യങ്ങൾ ചോദിച്ചു ഉള്ളിലെ വെളിച്ചവും ഉള്ളിലെ ജീവനും ഉള്ളിലെ വഴിയും തിരിച്ചറിഞ്ഞപ്പോഴാണ്. വെളിച്ചവും ജീവനും വഴിയുമായത്. ഉള്ളിലെ വെളിച്ചമാണ് ക്രൂശിനുമപ്പുറം ഉയർത്തു ജീവിച്ചത്.
അതു കൊണ്ടാണ് മഹാത്മഗാന്ധിയെ വെടിവച്ചു കൊന്നപ്പോൾ നമ്മുടെ ഇടയിലെ വെളിച്ചം പോയെന്ന് നെഹ്‌റു പോയത്.
എന്തിന് ജീവിക്കുന്നു? എങ്ങനെ ജീവിക്കുന്നു? എന്ന അടിസ്ഥാന ചോദ്യങ്ങൾ ചോദിക്കുമ്പഴാണ് നമ്മുടെ ഉള്ളിൽ ബോധി വൃക്ഷങ്ങൾ തളിരിടുന്നത്. മനസ്സിന്റെ ബോധി വൃക്ഷ ചുവട്ടിൽ വിചാരം വേവലാതികളിൽ നിന്ന് സ്വതന്ത്ര്യതോട്‌ മനസ്സ് പറന്നുയരുമ്പോഴാണ് ലോകത്തെ നമ്മുക്ക് വേറിട്ടു കാണാനാവുന്നത്. അങ്ങനെ ലോകത്തെയും ചരിത്രത്തെയും വേറിട്ടുകാണുമ്പോൾ അകകണ്ണ് തുറന്നു നമ്മുടെ ജീവിതത്തെ ഒരു അകക്കണ്ണാടിയിലൂടെകാണാനൊക്കും. അങ്ങനെയുള്ള സ്വയം കാണലിൽ നമുക്ക് നമ്മുടെ നഗ്നതയെ തെളിമയോട് കാണാം.
ജനിക്കുന്നതും മരിക്കുന്നതും നഗ്നരായാണ്. പേരും വസ്ത്രവും സമൂഹം അണിയിക്കുന്നതാണ്. അതു അഴിച്ചു കളഞ്ഞു ജീവിതം നഗ്നമായി കണ്ടെത്തി കാണാമറയത്തുള്ളതിനെകാണുമ്പോഴാണ് മരണ ഭയം മാറുന്നത് . മരണ ഭയം മാറി ഭീതിയില്ലാത്ത fearless mind ആണ് വഴികാട്ടിയാകുന്നത്. അവരവർക്കും മറ്റുള്ളവർക്കും.
There is a world within you. Around you. And beyond you. When the world within you get transformed, you will begin to see the world aroud you in a transformed way and then you became capable of seeing the world beyond you in time and space. That is what makes you a visionary and transformative leader.
ആദ്യം മാറ്റം മനസ്സിലും പിന്നെ മനുഷ്യരിലും.
അതുകൊണ്ടാണ് ബോധിഗ്രാമിന്റെയും സ്ഥാപിച്ച പലതിന്റെയും അടയാള വാചകം. Making change happen within and beyond .
കാരണം അതു ഒരു ജീവിത ദര്ശനനമാണ് . മനസ്സിൽ തെളിഞ്ഞ വെളിച്ചമാണ്. ഉൾവിളിയാണ്. നിരന്തരം അന്വഷിച്ചു സ്വയം കണ്ടെത്തി സര്ഗാത്മകവും ക്രിയാത്മകവുമായി ജീവിക്കാൻ .
ജീവിതത്തിലെ സ്വപ്നങ്ങളുമായി നൃത്തമാടി അനുനിമിഷം സ്വയം തിരിച്ചറിയാൻ. മനുഷ്യരെ അറിയാൻ. മനുഷ്യർ അറിയാൻ
Dance with your dreams
ജെ എസ് അടൂർ

No comments: