Tuesday, February 18, 2020

വന്ന വഴികൾ തിരഞ്ഞെടുത്ത് എങ്ങനെ?


1
ഓരോ മനുഷ്യരും അവരവരുടെ അനുഭവ പരിസരങ്ങളിൽ കൂടിയാണ് അറിവുകളും തിരിച്ചറിവുകളും നേടുന്നത്. പലപ്പോഴും പലരും അവർ ജനിച്ചു വളർന്ന വീട്ടിലും സമുദായങ്ങളിലും കണ്ടും കേട്ടുമറിഞ്ഞ ആചാര വിശ്വാസങ്ങൾക്കനുസരിച്ചു ജീവിക്കും. ഇങ്ങനെയുള്ള ആചാര വിശ്വാസങ്ങളുടെ ഒരു പ്രധാന ധാര വ്യവസ്ഥാപിത മതങ്ങളാണ്. ജനിച്ച കുട്ടിയുടെ പേരിടീൽ തൊട്ട് മരണ സംസ്കാരം വരെ പലതരത്തിൽ പിന്തുടരുന്നയൊന്നു.
ബാല്യ കാലം മുതൽ ജനിച്ച വീട്ടിലെയും സമുദായത്തിലേയും വിശ്വാസ ധർമ്മ -മൂല്യ വിശ്വാസങ്ങളും ആചാരങ്ങളും മുൻ വിധികളും എല്ലാം ആഗീകരിച്ചാണ് മിക്കവാറും മനുഷ്യർ പ്രാഥമിക സാമൂഹികവൽക്കരണത്തിന് വിധേയമാക്കപ്പെടുന്നത്. അതു കഴിഞ്ഞാൽ അതായത് നാട്ടു നടപ്പ് അനുസരിച്ചും കാല ദേശമനുസരിച്ചുമുള്ള ഭാഷ പ്രയോഗങ്ങളും സാമൂഹ്യ ധാരണകളും. വീട്ടിലാണ് ഏറ്റവും പ്രധാന പ്രാഥമിക വിദ്യാഭ്യാസം. ചുറ്റുമുള്ളവർ പറയുന്നതും ചെയ്യുന്നതും കണ്ടും കേട്ടുമാണ് കുട്ടികൾ വളരുന്നത്.
അതുപോലെ സ്‌കൂളും പഠിത്തവും ജോലിയുമൊക്കെ സാമൂഹികമായുള്ള ചില നിഷ്ട്ടകളാണ്. ഏതാണ്ട് പതിനഞ്ചു വയസ്സ് വരെ വീട്ടുകാർ പറഞ്ഞ വീട്ടു നടപ്പും നാട്ടു നടപ്പുമാനുസരിച്ചാണ് ബഹു ഭൂരിപക്ഷം ആളുകളും വളരുന്നത്. മറ്റുള്ളവരുടെ ആശ്രയത്തിൽ വളരുന്ന കുട്ടികൾക്ക് 'ചൊല്ലും ചോറും ' കൊടുത്താണ് വളർത്തേണ്ടത് എന്ന് ബാല്യകാലത്തു കേട്ടതാണ്. അതുപോലെ എന്റെ വല്യമ്മച്ചി സ്ഥിരം പറയുന്ന ഒരു ഡയലോഗ് ഇണ്ട് ' വിത്തിനും നെല്ലിനും ' ഒന്നേയുള്ളൂ. ഏതാണ്ട് പത്തു വയസ്സ് കഴിഞ്ഞാൽ കുട്ടികളുടെ ഏറ്റവും വലിയ പ്രശ്നം 'ഉപദേശങ്ങളാണ് '
പക്ഷെ പത്തു വയസ്സ് മുതൽ പതിയെ താന്തോന്നിയായി മാറുകയായിരുന്നു ഞാൻ. സ്ഥിരം പത്രങ്ങൾ വായിച്ചും പുസ്തകങ്ങൾ വായിച്ചും ഉള്ളിൽ ചോദ്യങ്ങൾ ചോദിക്കാനും വീട്ടിൽ തർക്കുത്തരം പറയാനും തുടങ്ങി. ആദ്യം വായിച്ചറിഞ്ഞ അന്താരാഷ്ട്ര വിഷയം റിച്ചാഡ് നിക്സന്റെ വാട്ടർഗേറ്റ് വിവാദമാണ്. എഴുപത്തിരണ്ടിൽ യുദ്ധ സമയത്താണ് പാകിസ്ഥാനും ബംഗ്ലദേശും കേട്ടത്. പാകിസ്ഥാൻ 'ശത്രു 'വാണ് എന്ന ധാരണയും.
പത്തു വയസ്സിൽ അടിയന്തരവസ്ഥ വന്നതോട്കൂടി അടിമുടി രാഷ്ട്രീയവൽക്കരിക്കപ്പെട്ടും. കാരണം വായനതന്നെ. അന്നാണ് മനുഷ്യ അവകാശത്തെകുറിച്ചും ഭരണഘടനയെകുറിച്ചും ആദ്യമായി അറിയുന്നത്. അടിയന്തരാവസ്ഥ സമയത്തു അടിയന്തര അവസ്ഥ അറബിക്കടലിൽ എന്ന ചുവരെഴുത്തു നടത്തിയപ്പോൾ വയസ്സ് പത്തു കഴിഞ്ഞയുള്ളൂ.
അതു കഴിഞ്ഞുള്ള തിരെഞ്ഞെടുപ്പിൽ ഇന്ദിരഗാന്ധിക്ക് എതിരെ ജീപ്പിന്റ ബോണറ്റിൽ കയറി നാട്ടിലെല്ലാം പ്രസംഗിച്ചു. അന്ന് അടൂർ കൊണ്ഗ്രെസ്സ് സ്ഥാനാർഥി തെന്നല ബാലകൃഷ്‌ണപിള്ള. ചിഹ്നം പശുവും കിടാവും . ഇടതു സ്ഥാനാർഥി എ എം മാത്യു. ചിഹ്നം തെങ്ങു. ഞങ്ങൾ തെങ്ങിന് വോട്ട് പിടിച്ചു. പക്ഷെ തെന്നല ജയിച്ചു.
ആ സമയങ്ങളിൽ മാർക്സിസത്തെ കുറിച്ചുള്ള പാർട്ടി ക്‌ളാസ്സുകൾ എല്ലാ ശനിയാഴ്ച്ചയും സഖാവ് മൗട്ടതു ദാമോദരൻ ഉണ്ണിത്താൻ എന്റെ വീട്ടിൽ നിന്ന് നാലു കിലോമീറ്റർ അകലെയുള്ള കല്ലുകുഴി ജങ്ഷനിലെ ഒരു റ്റ്യുട്ടറിയൽ കോളേജിൽ വച്ചു നടത്തുമായിരുന്നു. സ്റ്റഡി ക്ലാസ്സിൽ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു. അന്ന് വായിച്ചതാണ് കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ. പിന്നെ ഈ ഇ.എം.സിന്റെ പുസ്തകങ്ങൾ. കേരളം മലയാളികളുടെ മാതൃഭൂമി. മാർക്സിസത്തെ കുറിച്ച് കിട്ടിയതൊക്ക വായിച്ചു.
ആ സമയത്താണ് സൈലന്റ് വാലി ക്യാംപയിൻ ചൂട് പിടിക്കുന്നത്. അന്ന് ശാസ്ത്രം സാഹിത്യം പരിഷത്തിന്റെ യുറേക്ക വായിച്ചാണ് പരിസ്ഥിതിയെകുറിച്ചറിയുന്നത്. അന്ന് വളരെ രഹസ്യമായി വായിച്ചിരുന്ന 'കോമ്രേഡ് ' അതു പോലെ 'ഡൈനാമിക് ആക്ഷൻ എല്ലാം ഇപ്പോഴും ഗ്രന്ഥ ശേഖരത്തിൽ കാണും.
തുടരും
ജെ എസ് അടൂർ


വന്ന വഴികൾ തെരെഞ്ഞടുത്തത് എങ്ങനെ? 2
അങ്ങനെ ജനായത്തവും മനുഷ്യ അവകാശവും ഇടതു പക്ഷ ആശയങ്ങളും പരിസ്ഥിതി സംരക്ഷണവും ചേർന്നുള്ള കാഴ്ചപ്പാട് ഏതാണ്ട് പതിനാലു വയസ്സിൽ രൂപപെട്ടു വന്നു. ആ കാലത്തു കുണ്ടറ അലിന്റിൽ നടത്തിയ ഒരു പ്രസംഗ മത്സരത്തിൽ ഒന്നാം സമ്മാനമായി തന്നത് നെഹ്രുവിന്റ്' ഇന്ത്യയെ കണ്ടെത്തൽ ' എന്ന പുസ്തകം. അതു പോലെ വേറൊരിടത്തു സമ്മാനമായി കിട്ടിയത് ഗാന്ധിയുടെ 'എന്റെ സത്യാന്വേഷണ പരീക്ഷകൾ '.ഇതെല്ലാം വളരെ താല്പര്യം പൂർവ്വം വായിച്ച പുസ്തങ്ങളാണ്.
സയൻസിൽ സാമാന്യം ഭേദപ്പെട്ടമാർക്ക് എനിക്ക് കിട്ടി . അന്നത്തെ പത്താം ക്ലാസ്സിൽ സയൻസ് വിഷയങ്ങക്ക് 94% ഉണ്ടായിരുന്നു എന്നാണ് ഓർമ്മ. എന്തായാലും കെമിസ്ട്രിക് 100% കിട്ടി. അങ്ങനെ സയൻസ് പഠിച്ചു. പക്ഷേ അപ്പോഴേക്കും സാഹിത്യത്തിലും സോഷ്യൽ സയൻസിലും അഭിരുചിയുണ്ടെന്ന് എനിക്ക് തന്നെ തോന്നി. കാരണം സ്കൂൾ കോളേജ് യൂണിവേഴ്സിറ്റി തലത്തിൽ ഉപന്യാസം പ്രസംഗം കഥ എന്നിവക്ക് സമ്മാനങ്ങൾ യൂ പി സ്കൂൾ മുതലുണ്ടായിരുന്നു. ആദ്യമായി എഴുതി പ്രസിദ്ധീകരിച്ചത് സ്കൂൾ സുവനീറിനു വേണ്ടി എഴുതിയ ' കലാകാരന്റെ സാമൂഹിക പ്രതിബദ്ധത ' എന്ന ലേഖനമാണ്.
വീട്ടുകാർ എൻജിനിയറിങ്ങിന് ടെസ്റ്റ്‌ എഴുതിയോ കാശു കൊടുത്തോ വിടാൻ തയ്യാറായി. ഞാൻ തയ്യാറായില്ല. പിന്നെ സയൻസ് പഠിക്കുകയെ നിർവാഹമുള്ളൂ. കാരണം അന്ന് നല്ല മാർക്കുള്ളവർ സയൻസിന് പോകുകയെന്നതായിരുന്നു നാട്ടു നടപ്പ്.അങ്ങനെ ബി എസ് സി കെമിസ്ട്രയ്ക്ക് ചേർന്നു. ഡിഗ്രിവരെ ശാസ്താംകോട്ട ഡി ബി കോളേജിൽ. പഠിത്തത്തെക്കാളിൽ എക്സ്ട്രാകരിക്കുലർ കാര്യങ്ങളിൽ ആയിരുന്നു താല്പര്യം. ശാസ്ത്രജ്ഞമോഹം നമുക്ക് പറ്റിയതല്ലന്നു നേരത്തെ തിരിച്ചറിഞ്ഞിരുന്നു.
പതിനാറാം വയസ്സിൽ കൂട്ടുകാരെ കൂട്ടി'പ്രതിധ്വനി ' മാസിക പ്രസിദ്ധീകരിക്കുവാൻ തുടങ്ങിയത് മുതൽ പതിയെ സ്വയം തിരിച്ചറിയാൻ തുടങ്ങി. ഏകാന്തതയുടെ നൂറു വർഷങ്ങൾ 'എന്ന മാർക്വസ് കൃതിക്ക് ഒരു റിവ്യൂ എഴുതി പ്രസിദ്ധീകരിച്ചത്. അന്ന് തിരുവനന്തപുരത്തു പോയി പരിസ്ഥിതി സംരക്ഷണത്തെകുറിച്ച് ജീവിതത്തിൽ ആദ്യമായി സുഗതകുമാരിയുമായുള്ള ഒരു അഭിമുഖം പ്രസിദ്ധീകരിച്ചു. കമലാ ദാസിനെകാണുവാൻ പോയി കവിത ചോദിച്ചു. സ്നേഹപൂർവ്വം തന്ന 'അമ്മ 'എന്നൊരു കവിത പ്രസിദ്ധീകരിച്ചു.
ആ ഇടക്ക് ഇന്ത്യൻ ഫിലോസഫിയിൽ താല്പര്യം കൂടി ഞങ്ങളുട അടുത്തുള്ള മണക്കാല സെമിനാരി ലൈബ്രറിയിൽ പോയി എസ് രാധാകൃഷ്ണൻ എഴുതിയ ഇന്ത്യൻ ഫിലോസഫി വായിച്ചു. അതോടൊപ്പം ലിബറേഷൻ തിയോളജിയും. അങ്ങനെയാണ് എം എം തോമസിനെയും സെബാസ്റ്റ്യൻ കാപ്പനെയും അറിഞ്ഞത്.
ആത്മ സുഹൃത്തുക്കൾ പ്രൊഫഷണൽ കോഴ്‌സുകൾക്കും പിന്നെ എം എസ് സിക്കും പോയപ്പോൾ വീട്ടിൽ നെഗോഷിയേറ്റ് ചെയ്തു പൂന യൂണിവേഴ്സിറ്റിയിൽ സാഹിത്യം പഠിക്കാനാണ് പോയത്.
തുടരും
ജെ എസ് അടൂർ

No comments: