Sunday, April 26, 2020

താജുവിന്റ പൊട്ടിച്ചിരികൾ.


കടലിൽ തിരമാലകൾ ഇളകുന്നത് പോലെയാണ് താജു പൊട്ടി ചിരിക്കുന്നത്.
കടലിനെപ്പോലെ ആഴമുള്ള മനുഷ്യൻ.
ലോകത്തിന്റെയും മനുഷ്യരുടെയും വിരോധഭാസങ്ങൾ കണ്ടു പൊട്ടി പൊട്ടി ചിരിക്കുന്ന താജുദ്ദിൻ അബ്ദുൽ റഹീം.
താജു അഫ്രിക്കയേ പോലെ വിശാല ഹൃദയമുള്ള ഒരു അവധൂതനാണ്. താജു ആഫ്രിക്കയുടെ ആൾ രൂപമായിരുന്നു.
അസാധാരണമായ ഒരു മനുഷ്യൻ. ആറടിയോളം ഉയരം.
എണ്ണ കറുപ്പ് നിറം.
തിളക്കമുള്ള ഉണ്ടക്കണ്ണുകൾ.
അല്പം തടിച്ച ശരീര പ്രകൃതി. വിശാലമായ തോൾ. തല ക്ളീൻ ഷേവ്. സമൃദ്ധമായ താടി.
മിക്കവാറും ജീൻസും ടീം ഷർട്ടുമാണ് വേഷം. നീല ജീൻസും വെള്ള ടീഷർട്ടും.
ഔദ്യോഗിക മീറ്റിങ്ങിൽ അതിനു മീതെ ഒരു ജാക്കറ്റും കാണും. ഒന്നോ രണ്ടോ പ്രാവശ്യം.മാത്രമാണ് സൂട്ടും ടൈയുമായി താജുവിനെ കണ്ടിട്ടുള്ളത്.
താജുവന്റെ ഉയരം ആറു അടിയോളമുണ്ടെന്നു അറിഞ്ഞത് ആഡിസ് അബാബയിൽ വച്ചാണ്.
എത്യോപ്യൻ പ്രധാനമന്ത്രിയായിരുന്ന മേലെസ് സേനാവിയേ കണ്ടിട്ട് തിരികെ വരുമ്പോൾ കാറിൽ വച്ചാണ് ചോദിച്ചത്
" ഹൌ ടോൾ ആർ യു താജു '
", എ ലിറ്റിൽ ലെസ്സ് ദാൻ യു കോമ്രേഡ് "
അതു പറഞ്ഞിട്ട് ആ ട്രേഡ് മാർക്ക് പൊട്ടിച്ചിരി.
അയാൾ അങ്ങനെയാണ്. ഇത്രയും സെൻസ് ഓഫ് ഹ്യൂമർ ഉള്ള മനുഷ്യനെ കാണുവാൻ പ്രയാസം.
ഞങ്ങൾ മെലിസിനെ കാണുവാ പോയത് ജയിലിൽ പിടിച്ചിട്ടിരുന്ന രണ്ടു മനുഷ്യ അവകാശ പ്രവർത്തകരെ മോചിപ്പിക്കണം എന്നാവശ്യപെട്ടാണ്. താജുവിനെ വളരെ സ്നേഹാദരങ്ങളോടെയാണ് എത്തിയോപ്പിയൻ പ്രധാനമന്ത്രി കൊട്ടാരത്തിൽ വരവേറ്റത്.
തിരികെ പോരാൻ നേരത്തു മെലസിനെ കെട്ടിപിടിച്ചിട്ടു രണ്ടു പേരും കൂടി ഫോട്ടോക്കു നിൽക്കുമ്പോൾ
" മെലിസ്, യു നോ ഐ ആം എ ബിറ്റ് ടാലെർ ദാൻ യു ബ്രദർ.
ബിക്കോസ് ഐ കെപ്ട് എവേ. ഫ്രം പവർ ബ്രദർ ' എന്നിട്ട് വീണ്ടും ചിരിച്ചു, സന്തോഷത്തിൽ പിരിഞ്ഞു.
അതാണ് താജു.
എത്യോപ്യൻ പ്രധാന മന്ത്രി മെലിസിനെ കാണുന്നതിന് മുമ്പ് ആഡിസ് അബാബയിൽ വച്ചു ഞങ്ങൾ രണ്ടുപേരെയും എത്യോപ്യൻ ടി വി ഇന്റർവ്യൂ ചെയ്തു.
അതിന്റ അവസാനം താജു പറഞ്ഞു
' ഐ വാണ്ട്‌ റ്റു ടെൽ മൈ ഗുഡ് ഓൾഡ് ഫ്രണ്ട് മെലിസ് ദാറ്റ് പ്ലീസ് ഡോണ്ട് കൺസിഡർ എത്യോപ്യ അസ് യുവർ ബാക് യാഡ്. "
അതൊക്കപറഞ്ഞാലും മെലസിനെകാണുമ്പോൾ താജുവിനു ഭയങ്കര സ്നേഹം. അയാൾ അങ്ങനെയാണ്. എ സ്പോണ്ടൻഡനിയസ് മാൻ വിത്ത് ഫുൾ ഓഫ് ലവ്
വിയോജിക്കുമ്പോഴും സ്നേഹം തുളുമ്പുന്ന മനുഷ്യൻ. ശക്തമായി വിയോജിച്ചു വാദിച്ചിട്ട് കെട്ടിപിടിച്ചു യാത്രയാക്കുന്ന മനുഷ്യൻ.
അതാണ് ഡോ. താജുദ്ദിൻ അബ്ദുൽ റഹീം
ആഫ്രിക്കയിലെ പ്രസിഡന്റമാരെയും പ്രധാന മന്ത്രിമാരെയും പേര് എടുത്തു വിളിക്കാൻ കഴിവുള്ള ചുരുക്കം ചിലരിൽ ഒരാൾ.
ഓക്സ്‌ഫോഡ് യൂണിവേഴ്സിറ്റിയിലാണ് ഉപരിപഠനം. പാൻ ആഫ്രിക്കൻ സ്റ്റഡീസിസിൽ ഡോക്റ്ററേറ്റ്.
ആഫ്രിക്കയുടെ ചരിത്രവും രാഷ്ട്രീയവും സംസ്കാരവും സമൂഹവും ആഴത്തിൽ അറിയാവുന്നയാൾ
പാൻ ആഫ്രക്കൻ മൂവ്മെന്റിന്റെ സെക്രട്ടറി ജനറലായിരുന്നു.
ആഫ്രിക്കയിലെ പല നേതാക്കളും താജുവിന്റെ പ്രസംഗം കേട്ടാണ് പാൻ ആഫ്രക്കൻ രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ടാക്കിയത്.
എന്നാൽ ഇത്രമാത്രം ഇറവറന്റായ മനുഷ്യരെകാണുവാൻ പ്രയാസമാണ്.
താജുവിനെ ആദ്യം കാണുന്നത് 2002 ഇൽ ലണ്ടനിൽ വച്ചാണ്. ഞങ്ങൾ രണ്ടുപേരും ലണ്ടനിലെ സ്കൂൾ ഓഫ് ആഫ്രിക്കൻ ആൻഡ് ഏഷ്യൻ സ്റ്റഡീസിൽ നടന്ന ഡെമോക്രസി സെമിനാറീൽ പ്രധാന പ്രസംഗങ്ങൾ നടത്തുവാൻ എത്തിയതായിരുന്നു.. താജു ആഫ്രിക്കയിലെ ജനാധിപത്യം പ്രശ്നങ്ങളെകുറിച്ചും ഞാൻ ഏഷ്യയേകുറിച്ചുമാണ് പറഞ്ഞത്.
അന്ന് താജു ഓസ്‌ഫോഡ് യൂണിവേഴ്സിറ്റിയിൽ വിസിറ്റിംഗ് ഫെല്ലോയാണ്. ഞാൻ സസക്സ് യുണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പമെന്റ് സ്റ്റഡീസിൽ വിസിറ്റിംഗ് ഫെലോ..
സെമിനാറിൽ വച്ചാണ് പാൻ അഫ്രിക്കനസത്തിന്റ ഏറ്റവും വാചാലനായ വക്ത്താവിനെ കണ്ടു മുട്ടിയത്.
അന്ന് തൊട്ട് കൂട്ടുകാരായി. ഇത്രമാത്രം വായനയും അറിവും ഉൾകാഴ്ച്ചകാലുമുള്ള മനുഷ്യനെകാണുവാൻ പ്രയാസം.
താജുവിനെ പലപ്പോഴും ചീഫ് എന്നാണ് സുഹൃത്തുക്കൾ വിളിക്കുന്നത്.
താജു ആഫ്രിക്കയിലെ ഗോത്ര വർഗത്തിലെ ചീഫിനെപോലെയാണ് ചിലപ്പോൾ. അയാൾ ഒരു മുറിയിലൊ ഒരു റെസ്റ്റോറന്റിൽ പോയാൽ ആളുകൾ പെട്ടന്ന് ശ്രദ്ധിക്കും.
അതു ആ ചീഫ് ലുക്ക്‌ കൊണ്ടു മാത്രം അല്ല. I
താജു പൊട്ടി ചിരിക്കുവാൻ തുടങ്ങിയാൽ അതു പരിസരമാകെ ഇളക്കും.
താജു അയാളുടെ ഗോത്രത്തിൻറെ ചീഫ് ആകേണ്ടയാളാണ്.
കാരണം അയാളുടെ അച്ഛനും, മുത്തച്ഛനും മുതു മുത്തച്ഛനും എല്ലാം തലമുറ തലമുറയായി നൈജീരിയയുടെ വടക്കുള്ള ഒരു നാട്ടിൽ ഗോത്ര മൂപ്പൻമാരായിരുന്നു.
പഠിക്കാൻ മിടുക്കൻ ആയിരുന്ന താജുവിന് ഓസ്‌ഫോഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ റോഡ്‌സ് സ്കൊളർഷിപ്പ് കിട്ടിയാണ് അയാൾ ഇൻഗ്ലെഡിൽ എത്തിയത്.
അവിടെവച്ചാണ് നൈജീരിയക്കാരനായ താജു പാൻ ആഫ്രിക്കൻ പണ്ഡിതനും ബുദ്ധിജീവിയും ആക്റ്റിവിസ്റ്റും ആകുന്നത്.
അയാൾ ആഫ്രിക്കയിലെ മിക്കവാറും പത്രങ്ങളിൽ എഴുതി. വര്ഷങ്ങളായി എഴുതിയ കോളം 'പാൻ ആഫ്രിക്കൻ പോസ്റ്റ്‌ കാഡ് ആഫ്രിക്കയിൽ ' നേതാക്കൾതൊട്ട് വിദ്യാർത്ഥികൾ വരെ വായിക്കുമായിരുന്നു.
നെയ്റോബിയിലെ പാൻ ആഫ്രിക്കൻ ഹോട്ടലിൽ വൈകുന്നേരം താജു എന്നെ തിരക്കി വന്നു. അന്ന് താജു യു എൻ മില്ലീനിയം കാമ്പയിനിന്റെ ഡയരക്ടറായി ചേർന്നിട്ടേയുള്ളൂ.
സത്യത്തിൽ താജുവിനെപ്പോലെ ഒരാൾക്കു യൂ എൻ ഹൈറാർക്കിയിൽ ജോലി ചെയ്യാനേ സാധ്യമല്ല. പക്ഷേ ആഫ്രിക്കയിലെ മിക്കവാറും നേതാക്കളെ പേരെടുത്തു വിളിക്കാൻ സ്വാതന്ത്ര്യമുള്ള താജുവിനെ യു എൻ മില്ലേനിയം കാമ്പയിനു വേണമായിരുന്നു.
താജു കാറോടിച്ചാണ് നൈറോബിയിൽ ഉള്ള കൂട്ടുകാരെയും കൊണ്ടു റൂബി കട്ട് എന്ന റെസ്റ്റോറന്റിൽ പോയത് .
അന്ന് യു എൻ ഹാബിറ്റാറ്റിൽ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന ഓസ്ലോ കൃഷണനുമുണ്ടായിരുന്നു. കൃഷ്ണൻ മലയാളത്തിന്റ പ്രിയ എഴുത്തുകാരൻ സഖറിയയുടെ ഏറ്റവും അടുത്ത സുഹൃത്താണ് എന്നറിഞ്ഞത് റൂബി കട്ടിൽ വച്ചാണ്.
പിറ്റേ ദിവസം തന്നെ നെയ്‌റോബിയിൽ നിന്നും ദുബായ് വഴി ബാങ്കോക്കിലേക്ക് യാത്രയായി.
ബാങ്കോക്കിൽ വന്നപ്പോൾ നെയ്റോബിൽ താജുവിനോടൊപ്പം ഡിന്നറിനു വന്ന സഹോദര തുല്യനായ ഇരുങ്കുവിന്റെ മെസ്സേജ് ഫോണിൽ
"താജു ഹാസ് ഗോൺ "
ഉടനെ തിരിച്ചു വിളിച്ചു
ഞങ്ങൾ ഡിന്നർ കഴിച്ചതിന്റെ പിറ്റേ ദിവസം താജു കിഗാലിക്ക്‌ പോകും എന്ന് പറഞ്ഞിരുന്നു.
അതിരാവിലെ മൂന്നരക്ക്‌ ഉള്ള ഫ്‌ളൈറ്റിന് പോകാൻ വേണ്ടി ഒന്നരക്ക് താജു വീട്ടിൽ നിന്നറങ്ങി സ്വയം കാറോടിച്ചു നെയ് റോബി എയർപൊട്ടിലേക്ക് പോയി..പക്ഷേ പ്ലെയ്നിൽ കേറിയില്ല. എയർലൈൻ കാർ അയാളുടെ പി എ യെ വിളിച്ചു.
താജുവിന്റ ഫോൺ ബെല്ലടിക്കുന്നുണ്ട്. അയാൾ എടുക്കുന്നില്ല. താജു ഉറങ്ങിപ്പോയോ എന്നു വിചാരിച്ചു വീട്ടിൽ ചെന്നപ്പോൾ വീട്‌ പൂട്ടി കിടക്കുന്നു.
രാവിലെ ആറു മണിക്ക് റോഡിൽ നിന്നും താഴെ മറിഞ്ഞുകിടക്കുന്ന കാറിൽ താജുവിനെ കണ്ടെത്തി.
"താജു ഹാസ് ഗോൺ ഫോർ എവർ "
താജു അതിന്റെ രണ്ടു ദിവസം മുന്നേയാണ് പാൻ ആഫ്രിക്കൻ ഹോട്ടലിൽ കൊണ്ടു വിട്ടു കെട്ടിപിടിച്ചു പറഞ്ഞത്
" കോമ്രേഡ്, ടിൽ വി സീ എഗൈൻ.സേഫ് ട്രാവൽ '
സ്വർഗത്തിൽ ഇരുന്നു ജീവിതത്തിലെ വിരോധാഭാസങ്ങൾ പറഞ്ഞു താജു പൊട്ടിച്ചിരിക്കുന്നുണണ്ടാവും.
താജുവിന്റ പൊട്ടിചിരി കേട്ടു സ്വർഗവാസികൾ താജു പറഞ്ഞ ആഫ്രിക്കൻ കഥകൾ കേൾക്കുവാൻ ചുറ്റും കൂട്ടിയിട്ടുണ്ടാകും
ദൈവത്തിനെ കണ്ടു താജു ചോദിച്ചിട്ടുണ്ടാകും
"ചീഫ്, ദ വേൾഡ് ഈസ്‌ ഇൻ എ ടോട്ടൽ മെസ്സ്.
സൊ മച് ഇൻജെസ്റ്റിസ്, പോവെർട്ടി ആൻഡ് ഡിസീസസ് "
"വാട്ട് ആർ യു ഗോയിങ് റ്റു ഡു എബൌട്ട്‌ ഇറ്റ്, മൈ ഫ്രണ്ട്?
" യു സിംപ്ലി കാന്റ് കീപ് ക്വയറ്റ് "
സ്വർഗത്തിൽ നിന്നുമുള്ള താജുവിന്റ പൊട്ടിച്ചിരികൾ ഭൂമിയിൽ കേൾക്കാം.
ജെ എസ് അടൂർ
പിൻ കുറിപ്പ് ന്യൂയോർക്കിൽ യൂ എൻ ചാപ്പലിൽ വച്ചു താജുവിന്റെ മെമ്മോറിയൽ മീറ്റിംഗിൽ വായിച്ചതാണ് താഴെ.
My Friend Taju!
My friend Taju gave me a Hug!
At 11. 30 PM on the Night of Thursday, May 21, 2009
At the Pan-Afric- Nairobi
My friend Taju hugged me .tightly
and said " till next time".
I will wait for the next time...
Taju's laughter...
Like the waves of happiness,
Engulf me..
Taju- the Chief-
organized a dinner for me...
Thomas, Krishnan, Brian. Aghi, and many friends..
We drove around
We lost the way
And then we found
We had the last supper at the Ruby Cut..
We laughed with him..
We raised a toast for his health...
We talked, ate and again laughed
We talked - sipping wine- and Laughed!
He talked about every thing.
Every thing under the sun...
He talked about his visit to Taj Mahal
And how both shared the same name!-
He talked about his favorite Bollywood Film
Mera Nam Joker!
He hummed an old Hindi song...
He talked about our TV interview at Addis Abbaba
He talked about politics and poetry
His roaring laughter can do magic....
He could dissolve sorrow and anger
With the most affectionate laughter...
He talked about the taste of fish we ate at Soi 24,
Taju my friend talked, ate , laughed....
and celebrated life...
He promised to come back to Bangkok
I promised to take him for the sea food at Soi 24.
I promised to take him for a foot massage at Soi 18
I am still waiting for my friend, Taju.
Let us celebrate Taju
His laughter, his wit, his life, his insights,,,,
his love..
His unending passion for Africa
Taju fills my heart and eyes...
with happiness and tears..
Taju makes me laugh and cry
He does not like tears!
So I would laugh for my friend
My dear friend, Taju gave me a hug!
At 11. 30 PM on the Night of Thursday, May 21, 2009
At the porch of the Pan-Afric- Nairobi
My friend Taju hugged me .tightly
and said " till next time, Comrade".
I am waiting for the next time ...
.....
Thank you Taju....
Thank you Taju.
Good Night, my Comrade!
Sleep well!
John Samuel.25.05.2009
( In memory of Dr.TAJUDEEN ABDUL RAHEEM- who died in a car accident on May 25, 2009 early morning in Nairobi. Taju- as we fondly called hin- was a Pan-Africanist, Scholar, activist and fellow-traveler)
34 comme

സോണിയ ഗാന്ധി എന്ന വ്യക്തി.


ഇന്നലെ സോണിയ ഗാന്ധിക്കെതിരെ വാക്കുകൾകൊണ്ടു ആക്രമിച്ച അർണാബ് ഗോസ്വാമിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തിന് വളരെ അപ്പുറമാണ് സോണിയ ഗാന്ധി.
ഇത്രമാത്രം വ്യക്‌തിഹത്യയും വെറുപ്പും നേരിട്ടിട്ടും തന്മയത്വത്തോടെയും ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ, രാഷ്ട്രീയ ഉയർച്ച താഴ്ച്ചകളിൽ പിടിച്ചു നിൽക്കുന്ന സോണിയ ഗാന്ധി നേരിട്ട പ്രതിസന്ധികൾ അനവധിയാണ്.
ഇന്ത്യയിൽ വിവരാവകാശ നിയമവും, തൊഴിൽ ഉറപ്പ് നിയമവും, ഗാർഹിക പീഡനങ്ങളിൽ നിന്ന് സ്ത്രീകൾക്ക് പരി രക്ഷണം, എല്ലാവർക്കുമുള്ള വിദ്യാഭ്യാസ അവകാശം, ഭക്ഷണത്തിനുള്ള അവകാശം, അങ്ങനെ ഒരു പാട് നല്ലകാര്യങ്ങൾക്ക് വേണ്ടി നിലകൊണ്ടു അത് നടപ്പാക്കുന്നതിന് അക്ഷീണം പ്രവർത്തിച്ചത് സോണിയ ഗാന്ധി എന്നയാളാണ്. അസുഖത്തിനിടക്കും ഫുഡ്‌ സെക്യൂരിറ്റിക്ക് വേണ്ടി വാദിച്ചു പാർലമെന്റിൽ വച്ചു തളർന്നു വീണ് ആശുപത്രിയിലേക്ക് പോയ സോണിയ ഗാന്ധിയെ അത്ര പെട്ടന്ന് മറക്കാനാകില്ല.
സോണിയ ഗാന്ധിയെകുറിച്ച് രണ്ടു കൊല്ലം മുമ്പ് എഴുതിയത് പങ്കുവയ്ക്കുന്നു. ഇത് ഒരു രാഷ്ട്രീയപാർട്ടിയുടെയൊ രാഷ്ട്രീയ വിശകലനമോ അല്ല . സോണിയ ഗാന്ധി എന്ന വ്യക്തിയെകുറിച്ച് തോന്നിയതാണു താഴെകൊടുത്തിരിക്കുന്നത്
Sonia Gandhi-
Sonia Gandhi proved to be an amazing woman leader. She has shown sheer grit, courage and conviction to face personal and political challenges.
She was forced to take over as the president of the Congress when the party was facing its biggest crisis, after Narasimha Rao's rule.
She was rediculed by the media, her political opponents called her all names, made fun of her accent, Hindi, country of birth and what not. There is no political leader who faced such personal and political challenges like her.
She took over congress in its worst phase. She rose like a phoenix. She led the Congress back to power.
She is responsible for pursuing and making some of the best policy changes In India as the Chairperson of UPA: Right to Information, Right to work (NREGA), Right to food security, Forest Rights acts, Act on Land Acquisition and act to stop domestic violence.
She strongly stood up for women's rights and women"s political participation. She is leader who worked closely with social movements and civil society.
She has been a leader with a conscience and strong secular values. She has been more Indian than most of pseudo nationalists.
There is none like her anywhere in the world: born and brought up in a different country, lead one of the oldest political parties in the world and in the midst of challenges she stood up like a women of courage and grit.
Annie Basant was the only other woman leader, born outside India , who influenced politics of India.
She valiantly fought for food security bill in the Parliament exhausted and was rushed to the hospital. UPA 2 began to lose the steam when she was faced with health problems and was hospitalized abroad.
As she retires from her role as the President of congress, I want to salute the most amazing woman political leader in India today and anywhere in the world.
History will treat her with respect and dignity. She is mother courage too.
She lost the charming man she loved so deeply. As a young widow, burdened with challenges of legacy, she nurtured her children with deep sense of values and nurtured a party when it was about to collapse.
Sonia Gandhi will inspire many young widows and women leaders in the years to come.
She is a leader who earned it every inch, fought every inch and won every inch, despite being a part of the ruling dispensation of India.
She is an unusual woman who managed to survive and thrive in an adopted country in the midst of adversities and challenges.
Salutes to this amazing lady of beauty, grace, conscience and courage of conviction.
ജെ എസ് അടൂർ

പുസ്തക വായനയും എഴുത്തും


കേരളത്തിൽ പല തരം വാർപ്പ് മാതൃകളും മിത്തുകളുമുണ്ട്. അതിൽ ഒന്നു ആരൊക്കെയാണ് വായിക്കുന്നത് എഴുതുന്നത് എന്നതാണ്.
ചിലർ വിചാരിക്കുന്നത് ചില 'പുരോഗമന ' 'ശാസ്ത്ര ' 'സാഹിത്യ' സംഘടനകളിൽ ചേർന്നാലേ പുസ്തക പ്രിയരായ ബുദ്ധി ജീവികൾ ആകുകയുള്ളൂവെന്നാണ്. .. മറ്റു ചിലർ പറയുന്നത് ഇടതു പക്ഷ പാർട്ടി നേതാക്കളാണ് വായിക്കുന്നവർ ബാക്കിയുള്ള പാർട്ടികളുടെ നേതാക്കൾക്ക് വിവരം ഇല്ല. വായിക്കാത്തവർ.എന്നതാണ് ചിലർ പറഞ്ഞു ശീലിച്ചത്. പല സ്റ്റീരിയോടൈപ്പുകളും നിർമ്മിത തെറ്റി ധാരണകളാണ് . അതിന് യാഥാർഥ്യമായി ബന്ധം ഉണ്ടാകണം എന്നില്ല.
രമേശ്‌ ചെന്നിത്തല പുസ്തകം വായിക്കും എന്ന് പറഞ്ഞപ്പോൾ ചിലർക്കു പുച്ഛം ഉണ്ടാകുന്നത് ചിലർ ധരിച്ചുവച്ചിരിക്കുന്ന സ്റ്റീരിയോടൈപ്പ്കൊണ്ടാണ്.
പലപ്പോഴും മറ്റുള്ളവർക്ക് വിവരവും വായനയും ഇല്ല എന്നത് അല്പ വിവരം ഉള്ള ദാർഷ്ട്ട്യം ഉള്ളവരുടെ ലക്ഷണമാണ്.
കൂടുതൽ വായിക്കുന്നവർ
ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ചവർ ഏറ്റവും വിനയം ഉള്ളവരായിരുന്നു പൂനയൂണിവേഴ്സിറ്റിയിലെ ഫിലോസഫിയുടെ പ്രൊഫസർ സുന്ദർ രാജൻ . എത്ര ആഴത്തിൽ വായിച്ചു ആളാണെങ്കിലും ഏത് കൊച്ചു സംശയം ചോദിച്ചാലും പറഞ്ഞു തരും. കൂടുതൽ അറിയണം എങ്കിൽ പുസ്തകം തരും അത് പോലെ ലിങ്‌സ്റ്റിക്സ് പ്രൊഫസർ ആയിരുന്ന അശോക് കേൽക്കർ. പല ഭാഷകളിൽ വായിക്കും. ഗവേഷണം തുടങ്ങിയപ്പോൾ ഗൈഡ് ആയിരുന്നു.
ഏറ്റവും കൂടുതൽ പുസ്തകങ്ങൾ കണ്ട വീട് എന്റെ ഗുരുവും മെന്ററുമായിരുന്ന ഡേവിസ് കോഹെന്റ വീട്ടിൽ ആയിരുന്നു. ആ വീട്ടിൽ പുസ്തകങ്ങൾ ഇല്ലാത്ത ഒരൊറ്റ മുറി ഇല്ലായിരുന്നു. ടോയ്ലെറ്റിൽപോലും ബുക്ക്‌ ഷെൽഫ് ഉള്ള വീട് . അദ്ദേഹത്തിന്റെ ഭാര്യ കാർല നടത്തിയിരുന്ന വാഷിങ്ഡൻ ഡി സി യിലെ കണക്റ്റികേറ്റ് അവന്യുവിലെ പൊളിറ്റിക്സ് ആൻഡ് പ്രോസ് എന്ന വ്യത്യസ്ത പുസ്തക ശാലയിലായിരുന്നു വാഷിങ്ങ്ടണിൽ ഉള്ളപ്പോൾ കൂടുതൽ സമയം ചില വഴിച്ചത്. എന്റെ പുസ്തക ശേഖരത്തിലെ നൂറു പുസ്തകം എങ്കിലും അവിടെ നിന്നാണ്.
ഈ പറഞ്ഞവരാരും അവരുടെ വായനയെകുറിച്ചോ വിജ്ഞാന സാഗരത്തെ കുറിച്ച് പറയുന്നത് കേട്ടിട്ടില്ല. ആരോടും പുച്ഛ.സ്വരത്തിൽ അവർ സംസാരിക്കുന്നത് കേട്ടിട്ടില്ല
കേരളത്തിൽ പത്തു പുസ്തകവും വായിച്ചു താടി തടകി, എന്തെങ്കിലും എഴുതിയാൽ പിന്നെ ചില അണ്ണൻമാരുടെ വിചാരം സർവജ്ഞ പീഠം കയറിയെന്നാണ്. പിന്നെ സർവം പുച്ഛമയമാണ്. "ഇവനോക്കെ എന്ത് വിവരം" എന്ന മട്ടാണ്.
കേരളത്തിൽ ഏറ്റവും കൂടുതൽ പുസ്തകമുള്ള ഒരു വീട് പി ജി എന്ന പി ഗോവിന്ദപിള്ളയുടെ വീടായിരുന്നു. അദ്ദേഹം വായന ജീവിതവും ജീവിതം വായനയുമയക്കിയ ഒരാൾ ആയിരുന്നു. പക്ഷെ ഓരോ പുസ്തകങ്ങളോടും കുട്ടികൾക്ക് ഉള്ള ആകാംഷപോലെയൊന്നു അദ്ദേഹം മരിക്കുന്നത് വരെ വീട്ടില്ല. ലവലേശം അഹങ്കാരം ഇല്ലാതെ ഏത് വിഷയത്തെകുറിച്ചും കുട്ടികളുടെ ആകാംഷയോടെ സംസാരിക്കാൻ കഴിയുന്ന മനസ്ഥിതി ഉള്ള വലിയ മനുഷ്യൻ. പുച്ഛം എന്നത് ഏഴു അയലത്തു പോയിട്ടില്ല. അറിയാൻ വയ്യാത്ത കാര്യങ്ങൾ ചോദിക്കുവാൻ അദ്ദേഹത്തിന് മടിയില്ല.
എല്ലാ പാർട്ടികളിലും വായിക്കുന്ന നേതാക്കളും വായിക്കാത്തവരും ഉണ്ട്. ഏറ്റവും കൂടുതൽ വായിക്കുന്ന ഒരാൾ ആയിരുന്നു പൂനയിലെ മുൻ എം പി . പ്രതീപ് റാവത്തു. സുഹൃത്തായിരുന്നു. ബി ജെ പി നേതാവാണ്.
അർജുൻ സിംഹ് പുസ്തക വായനയുടെ ആളായിരുന്നു. കേരളത്തിൽ ചെറുപ്പക്കാരായ പല നേതാക്കളും വായിക്കും. വി ഡി സതീശൻ, വിഷ്ണുനാഥ്‌, ബൽറാം, ഷാഫി ഇവരൊക്കെ പുസ്തകം വായിക്കുന്നവരാണ് . അത് പോലെ സി പി എം ലെ ബാലഗോപാൽ. അതുപോലെ വായിക്കുന്ന ഒരാളാണ് സുരേഷ് കുറുപ്പ്. എം എ ബേബി നിരന്തരം വായിക്കുന്നയാളാണ് എന്ന് നേരിട്ട് അറിയാം. ഐസക്കും സി പി ജോൺ ഒക്കെ വായിച്ചു വളർന്നവരാണ്.
ഏറ്റവും നല്ലത് പോലെ വായിച്ചു അപാര അറിവുള്ളയാളാണ് മണി ശങ്കർ അയ്യർ. ജയറാം രമേഷ്‌ എഴുതിയ വി കെ കൃഷ്ണമേനോന്റെ ജീവ ചരിത്രം അദ്ദേഹത്തിന്റെ വായനയുടെ തലങ്ങൾ കാണിക്കുന്നുണ്ട്. രാഹുൽ ഗാന്ധി വളരെ വായിക്കുന്നയാളാണ് എന്നാണ് അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ആളുകൾ പറഞ്ഞത്.
കേരളത്തിലെ ഇന്നുള്ള രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും കൂടുതൽ വായിച്ചതും എഴുതിയതും ശശി തരൂർ ആയിരിക്കും.
ചുരുക്കത്തിൽ പുസ്തകം വായിക്കുന്നവർ ഒരുപാടുണ്ട്. നല്ല വായനക്കാർക്ക് ബുദ്ധി ജീവി നാട്യങ്ങൾ കുറവായിരിക്കും.
പുസ്തക -വിശ്വാസ പ്രമാണികൾ
അച്ചടി വിദ്യയുടെ ഫലമായി വന്ന പുസ്തകങ്ങളും പത്ര മാധ്യമങ്ങളും വഴിയാണ് വിജ്ഞാന പ്രസരണം ലോകമെമ്പാടും സാധ്യമായതു. പുസ്തകങ്ങൾ ഇല്ലായിരുന്നു എങ്കിൽ ഫ്രഞ്ച് വിപ്ലവമോ അമേരിക്കൻ സ്വാതന്ത്ര്യം പ്രഖ്യാപനമോ ഉണ്ടാവില്ലായിരുന്നു.
പുസ്തകങ്ങളിൽ കൂടിയും പത്ര മാധ്യമങ്ങളിൽ കൂടിയാണ് രാഷ്ട്രീയവും വിവിധ പ്രത്യയ ശാത്രങ്ങളും ഉണ്ടായത്. മിക്കവാറും രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങൾ മൂല്യങ്ങളും അറിവിന്റെ വിശകലനവും കൂടി ചേർന്ന സങ്കരമാണ് . മിക്കതും പത്തൊമ്പതാം നൂറ്റാണ്ടിൽ മനുഷ്യനും സമൂഹവും ചരിത്രവും അന്നത്തെ ചില മൂല്യങ്ങളുടെ ലെൻസിൽ കൂടി വ്യാഖ്യാനിച്ച ചില ധാരണകളുടെ knowledge -framework, ആണ്.
കമ്മ്യൂണിസ്റ് ലീഗിന് വേണ്ടി എഴുതിയ ഒരു പുസ്തകത്തിൽ നിന്നാണ് കമ്മ്യുണിസം എന്ന ആശയം പ്രചരിച്ചത്. 1848 ഇകമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ എന്ന അടിസ്ഥാന പുസ്തകത്തിലാണ് തുടക്കം. മാർക്സ് 1849 മുതൽ 1883 മരിക്കുന്നത് വരെ വായനയിൽ ആയിരുന്നു. ബ്രിട്ടീഷ് ലൈബ്രറിയിൽപോയി മുപ്പത്തി മൂന്നു കൊല്ലം വായിച്ചു എഴുതിയത് വായിച്ചാണ് പലരും മാർക്സിസ്റ്റ് ആയതു.
സെമറ്റിക് മതങ്ങളുടെ അടിസ്ഥാനം തന്നെ പുസ്തകമാണ്. ബൈബിൾ എന്നത് ബിബ്ലിയോ എന്നതിൽ നിന്നാണ്. ബൈബിൾ എന്നതിന് പുസ്തകങ്ങൾ എന്ന് അർത്ഥം. അത് മലയാളത്തിൽ വേദ പുസ്തകം. അഥവാ അറിവിന്റെ പുസ്തകം. അത് പോലെ യഹൂദന്മാർക്ക് തോറ. മുസ്ലിംങ്ങൾക്ക് ഖുറാൻ. ബുദ്ധിസത്തിന് ധമ്മപാത. ഈ പുസ്തക മതങ്ങൾ എല്ലാം മിഷനറി മതങ്ങളാണ്. പുസ്തകങ്ങളും അവയുടെ വിവിധ വ്യാഖ്യാനങ്ങളുമാണ് മിഷനറി മതങ്ങളിലെ ചേരിതിരുവിന് കാരണം.
ഈ പുസ്തകങ്ങൾ എല്ലാ കാലത്തിനും ദേശത്തിനും അന്നന്നു ഉള്ള അധികാര ഭരണ സ്വഭാവങ്ങൾക്കുമനുസരിച്ചു വ്യഖ്യാനിച്ചു വിശ്വാസ പ്രമാണങ്ങളാക്കി മനുഷ്യരുടെ ഇടയിൽ പ്രചരിപ്പിച്ചാണ് അവ കാലാകാലങ്ങളിൽ രാഷ്ട്രീയ അധികാരത്തിനു അനുരൂപമായ മത ശക്തികളായി മനുഷ്യരുടെ സ്വതന്ത്ര ചിന്തകൾക്ക് അതിരിടുന്നത്. എല്ലാം മിഷനറി മതങ്ങളും പ്രോസിലിട്ടയ്‌സിംഗ് വിശ്വാസ പ്രമാണത്തിന്റ ഭാഗമാക്കി മനുഷ്യരെ വിശ്വാസികളും അവിശ്വാസികളുമായി തരം തിരിക്കും.
ഗുട്ടൻബർഗ് അച്ചടി ഒരു സാങ്കേതിക രാഷ്ട്രീയ പ്രയോഗം ആയിരുന്നു. ബൈബിൾ അച്ചടിയും പരിഭാഷകളും രാഷ്ട്രീയ അധികാര പ്രയോഗങ്ങൾ തന്നെയാണ്. ഗുഡ് ന്യൂസിനു വേണ്ടി ന്യൂസ് പേപ്പർ ഉണ്ടായി. ഇഗ്ളീഷ് 'ഓഥറൈസ്ഡ് ' വേർഷൻ കിങ്‌സ് ജെയിംസ് വേർഷൻ എന്നത് രാഷ്ട്രീയ അധികാരത്തിന്റെ അടയാളപെടുത്തലാണ്. ലോകത്ത് മിക്കവാറും രാജ്യങ്ങളിൽ പതിനേഴാം നൂറ്റാണ്ടു മുതലുണ്ടായ ഭാഷ നിഘണ്ടു വ്യാകരണ പ്രക്രിയ തന്നെ ബൈബിൾ പരിഭാഷയുമായി ബന്ധപ്പെട്ടാണ്. അല്ലെങ്കിൽ ഗുണ്ടർട്ടും ബഞ്ചമിൻ ബെയ്‌ലിയൊന്നും ഇവിടെ വരില്ലായിരുന്നു.
ഈ മിഷനറി മതങ്ങൾക്ക് പുസ്തകം വായന പ്രധാനമാണ്. വ്യഖ്യാനവും. അതിൽ നിന്നാണ് പല തരം തിയോളേജിയും വ്യാഖ്യാന ശാസ്ത്രവും (hermeneutics ) എല്ലാം പ്രചരിച്ചത് . അത് വായിക്കാൻ സാക്ഷരത വേണം. ഇന്ത്യയിൽ ബുദ്ധിസമാണ് സാക്ഷരത പ്രസ്ഥാനം ആദ്യം തുടങ്ങിയത്.
മാർക്സിസം പുസ്തകങ്ങളിലൂടെടെയുള്ള 'ഇസമാണ് '. അത് വ്യവസ്ഥാപിത മത സംഹിതകളുടെ ബദലായ വൈരുദ്ധ്യാധിഷ്ഠിത ഭൗതീക വാദമാണെങ്കിലും പത്തൊൻപതാം നൂറ്റാണ്ടിലെ മിഷനറി മതത്തിന്റെ ഒരു 'ഇവഞ്ചേലൈസേഷൻ ' ഡി എൻ എ ആ പുസ്തക പ്രസാധക പ്രസരണ രീതി ശാസ്ത്രംത്തിലുണ്ട്. പ്രോസി
ലൈറ്റിസിങ് പ്രോപഗണ്ടയിലൂടെയാണ് അതു പരന്നത്. അതിനു ഒരു കാരണം യൂറോ -സെന്ററിക് വിജ്ഞാന വിവര ബോധവൽക്കരണം എന്നതാണ്
അത് സംഘടിതമായപ്പോൾ പ്രോപഗണ്ടയുടെ പ്രധാന ഭാഗമായി. പണ്ട് ഏറ്റവും വിലകുറച്ച കമ്മ്യുണിസ്റ്റ് പുസ്തകങ്ങളും റഷ്യൻ സാഹിത്യവും പ്രോഗ്രസ്സിവ് പബ്ലിക്കേഷൻ നിസ്സാര വിലക്ക് വിറ്റത് അതിനു സോവിയറ്റ് ഫണ്ടിങ് കിട്ടിയത് കൊണ്ടാണ്.
മാർക്സ് വ്യാഖ്യാനവും വിശ്വാസ പ്രമാണങ്ങളും. മതങ്ങളിൽ തിയോളേജിയൻ എന്നപോലെ കമ്മ്യുണിസ്റ്റ് സംഘ ബലത്തിനും ഐഡെലോഗ് എന്ന പുരോഹിത വർഗം ഉണ്ടായി.
വിശ്വാസം പ്രമാണങ്ങൾ വ്യാഖ്യാനിച്ചു പ്രചരിപ്പിക്കുവാൻ പ്രത്യയ ശാസ്ത്രം വിശാരദൻമാർ ഉണ്ടായി . അവർ പാർട്ടി ട്രാക്റ്റുകൾ നിരന്തരം എഴുതി. വരുവാനുള്ള നല്ല നാളയെ കുറിച്ച് പ്രസംഗിച്ചു.. വിപ്ലവം കൊണ്ടു വരുന്ന പ്രോലിറ്റേറിയൻ രക്ഷയെ
കുറിച്ച് ' സെക്കന്റ് കമിങ് : എന്നത് പോലെ പ്രസംഗിച്ചു. ചെറിയ ഐഡലോഗ്‌ വലിയ ഐഡോലോഗ് പിന്നെ മഹാ പുരോഹിതരായ ഐഡെലോഗുകൾ. വ്യാഖ്യാനിച്ചു പ്രസംഗിച്ചു എഴുതുന്നവർ.
നേതാക്കൾ ആകണം എങ്കിൽ ആദ്യം ഐഡോലോഗ് എന്ന പാർട്ടി പുരോഹിതനാകണം. പിന്നെ മഹാ പുരോഹിതൻ. അവരെയോ വിശ്വാസ പ്രമാണങ്ങളെയോ ചോദ്യം ചെയ്യാൻ പാടില്ല. സ്റ്റാലിൻ വരെ ഒരുപാടു എഴുതി. ഇന്ത്യയിൽ ആദ്യകാല ഐഡിലോഗ് എല്ലാം പുരോഹിത വർഗ്ഗ ജാതിയിൽ നിന്നായത് കൊണ്ടു വ്യാഖ്യാനങ്ങൾക്കും പുസ്തകങ്ങൾക്ക് പഞ്ഞം ഇല്ലായിരുന്നു.
സത്യത്തിൽ ഇരുപതാം നൂറ്റാണ്ടിന്റ ആദ്യ ഘട്ടത്തിൽ പുസ്തകം വായനയും എഴുത്തും രാഷ്ട്രീയ വ്യാഖ്യാനവും നേതൃത്വത്തിnu അവശ്യം ഘടകങ്ങൾ ആയിരുന്നു. Ideologue as a leader. അതു കൊണ്ടു കൂടിയാണ് അംബേദ്ക്കറും ഗാന്ധിയും നെഹ്‌റുവുമൊക്കെ നിരന്തരം എഴുതിയത്.
ഇന്നും കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ഭാഗമായിരുന്ന നേതാക്കൾക്ക് പുസ്തകം എഴുതുക എന്നത് പഴയ ideologue as leader എന്ന ലെജിറ്റിമസി വികസനത്തിന്റ കൂടെ ഭാഗമാണ്
കഴിഞ്ഞ പത്തു കൊല്ലങ്ങളിൽ വായനയുടെ രീതി മാറി.മുപ്പത് വയസിൽ താഴെയുള്ളവർ പുസ്തകം ഓൺ ലൈനിൽ ആണ് വായിക്കുന്നത്.
സമൂഹ മാധ്യമത്തിൽ എനിക്ക് ഏറ്റവും കൂടുതൽ ബഹുമാനം ഉള്ളയാളാണ് ഷിജു അലക്സ് എന്നയാളോടണ്. കാരണം കേരളത്തിലെ അപൂർവമായ പുസ്തകങ്ങൾ ഡിജിറ്റലൈസ് ചെയ്യുക എന്നത് ജീവിത മിഷനായി എടുത്തയാളാണ്. അതു കൊണ്ടു സ്ഥിരം പോയി നോക്കുന്ന ഗ്രൂപ്പാണ് ഗ്രന്ഥപ്പുര.
അടുത്ത പത്തു കൊല്ലം കഴിയുമ്പോൾ പുസ്തക ലൈബ്രറികൾക്ക് എന്തു പറ്റും എന്നതാണ് ചിന്ത. ഏതാണ്ട് പതിനായ്യായിരത്തിൽപ്പരമുള്ള സ്വന്തം പുസ്തക ശേഖരം സ്വന്തം മക്കളുപോലും വായിക്കുമോ എന്ന സംശയത്തിലാണ്. കാരണം അവരുടെ വായന രീതി പാടെ മാറും. മിക്കവാറും പുസ്തകങ്ങൾ ഓൺ ലൈനിൽ വാങ്ങി വായിച്ചു കളയുന്നത് എന്റെ തലമുറക്ക് ഇപ്പോഴും മനസ്സിലാക്കാൻ പ്രയാസം.
അതു മാത്രം അല്ല. പുതിയ തലമുറ വളരെ സെലക്ടീവ് ആയാണ് വായിക്കുന്നത്. ഞങ്ങളോക്കെ കണ്ണിൽ കണ്ടത് എല്ലാം വായിച്ചു കാട് കയറിപോയവരാണ് . ഇപ്പോൾ വായന പലപ്പോഴും പർപ്പസ് ഡ്രൈവണാണ്
കാരണം അച്ചടിച്ച പുസ്തകത്തിന്റെ മഹിമ കണ്ടു വളർന്ന തലമുറക്ക് അച്ചടിച്ച പുസ്തകത്തിന്റെ മണം കിട്ടിയാലേ വായിക്കുവാൻ സാധിക്കുകയുള്ളൂ.
ജെ എസ് അടൂർ

സാധു കൊച്ചുകുഞ്ഞു ഉപദേശി


അങ്ങനെ ഒരു പേര് മധ്യ തിരിവിതാംകൂറിന് അപ്പുറത്തുള്ള അധികം ആരും കേൾക്കാൻ സാധ്യത ഇല്ല.
ബാല്യകാലത്ത് മനസ്സിൽ കയറിപറ്റിയ രുചി ഓർമ്മകളും, പാട്ട് ഓർമ്മകളും, അനുഭവ ഓർമ്മകളും, കഥകളും, അബോധ മനസ്സിൽ രൂഢമൂലമാകുന്ന ചിലതാണ്.
കുട്ടികൾ ആയിരിക്കുമ്പോൾ രുചി മുകുളങ്ങൾ നമ്മുടെ തലച്ചോറീൽ ഓർമ്മകൾ ആയി രേഖപെടുത്തുന്നത് കൊണ്ടാണ് ചെറുപ്പത്തിലേ ഭക്ഷണം എത്ര പ്രായമായാലും ഇഷ്ട്ടപ്പെടുന്നത്.
അതുകൊണ്ടാണ് മത്തികറിയും കപ്പ വേവിച്ചതും ഇപ്പോഴും ഇഷ്ട്ടം.
അതുപോലെ ഇഷ്ട്ടമുള്ളതാണ് സാധു കൊച്ചു കുഞ്ഞു ഉപദേശിയുടെ പാട്ടുകൾ :
" കാക്കകളെ വിചാരിപ്പിൻ, വിതയില്ല, കൊയ്തുമില്ല, ദൈവമവാക്കായി വേണ്ടതേകുന്നു.
ലില്ലി പുഷ്പങ്ങൾക്കും അവൻ ശോഭ നൽകുന്നു "
അതുപോലെ വേറൊന്ന്.
" ദുഖത്തിന്റ പാന പാത്രം കർത്താവെന്റെ കൈയ്യിൽ തന്നാൽ സന്തോഷത്തോടതു വാങ്ങി, ഹാലെലുയ്യ പാടീടും ഞാൻ "
അദ്ദേഹത്തിന്റെ മകൻ മരിച്ചപ്പോൾ എഴുതിയതാണത്.
അത്പോലെ വേറൊന്ന് :
" ആത്മസുഖം പോലെന്തു പാരിൽ,
പരമാത്മ സുഖം പോലെ വേറെന്തു പാരിൽ "
ഇതെല്ലാം നാലാമത്തെ വയസിൽ മനസ്സിൽ കയറിയതാണ്.
അതു കഴിഞ്ഞു ആയിരത്തിൽ അധികം പുസ്തകം വായിച്ചാലും നാലാം വയസിൽ മനസ്സിൽ കയറിയത് ഓർമ്മകളുടെ അടിവാരങ്ങളിൽ സജീവമായിരിക്കും.
അതു കൊണ്ടു ഇന്നലെ സാധു കൊച്ചു കുഞ്ഞു ഉപദേശിയുടെ പാട്ടുകൾ കേട്ടാണ് ഉറങ്ങിയത്.
കേരളത്തിൽ ഇരുപതാം നൂറ്റാണ്ടിന്റ ആദ്യം മുതൽ വളർന്നുവന്ന ക്രിസ്തീയ ഭക്തി ഗാനങ്ങൾ മലയാള ഭാഷയുടെ വളർച്ചയുടെ അടയാളപ്പെടുത്തലാണ്. അവയിൽ പലതിലും നാട്ടു മൊഴികളും, തമിഴ്, സംസ്‌കൃതമൊക്കെയുണ്ട്. പക്ഷെ മുഖ്യധാര മലയാള ഭാഷ പഠനത്തിൽ ഇവയൊന്നും കാണാൻ സാധ്യതയില്ല. മണിപ്രവാളം കാണും.
ആറന്മുളക്കു അടുത്തുള്ള കെ വി സൈമണും കൊച്ചു കുഞ്ഞു ഉപദേശിയും കൂട്ട് കാർ ആയിരുന്നെങ്കിലും അവർ രണ്ടു രീതിയിലാണ് എഴുതിയത്. കെ വി സൈമൺ കൂടുതൽ സംസ്‌കൃത പദങ്ങൾ ഉപയോഗിച്ചു എഴുതിയപ്പോൾ കൊച്ചുകുഞ്ഞു ഉപദേശി അനുഭവത്തിൽ നിന്ന് നാട്ടിലെ പാട്ടുകൾ എഴുതി. പിൽക്കാലത്തു കെ വി സൈമൺ വേദവിഹാരം എഴുതിയ കവി എന്നറിയപ്പെട്ടു.
കൊച്ചു കുഞ്ഞു ഉപദേശി പാട്ടുകാരനായി മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യാനികളുടെ ഇടയിൽ ഫോക്‌ലോറായി. പ്രതേകിച്ചു മാർത്തോമാക്കാരുടെ ഇടയിൽ.
ഇലവുംതിട്ട എന്ന ചെറിയ ഗ്രാമത്തിലാണ് ബാല്യ കാലം. എന്നെ വായിക്കാൻ പഠിപ്പിച്ചതും വായിച്ചത് വ്യാഖാനിക്കാൻ പഠിപ്പിച്ചതും സങ്കീർത്തനങ്ങൾ കാണാതെ പഠിപ്പിച്ചതും പാട്ടുകളും സംസ്‌കൃത ശ്ലോകങ്ങളും പഠിപ്പിച്ചതും നീതിസാരം പറഞ്ഞു തന്നതും എന്റെ അമ്മയുടെ അപ്പനായ പട്ടിരേത്തു ഗീവർഗീസാണ്. എന്റെ ആദ്യ ഗുരു അപ്പച്ചനായിരുന്നു.
കൊച്ചു കുഞ്ഞു ഉപദേശിയുടെ പാട്ടാണ് എന്ന് പറഞ്ഞു പാടി പഠിപ്പിച്ചപ്പോൾ ചോദിച്ചു.
"അപ്പച്ച, അതാരാണ്. "?
അന്ന് കേട്ടത് ഇപ്പോൾ പറയാം.
ആറന്മുളക്കു അടുത്തു ഇടയാറന്മുള എന്ന് സ്ഥലത്തു മൂത്താമ്പക്കൽ എന്ന വീട്ടിലെ ആളാണ്..
ജനിച്ചത് 1883 നവംബർ 29 നു. മരിച്ചത് 1945 നവമ്പർ 30 നു. പതിനാലു വയസ്സ്‌ വരെ അടുത്തുള്ള സ്‌കൂളികളിൽ പഠിച്ചു.
അദ്ദേഹത്തിന്റെ പിതാവ് ചെറുപ്പത്തിൽ തന്നെ മരിച്ചതിനാൽ കുടുംബ ഭാരം ഇരുപത് വയസ്സിന് മുമ്പേ എടുക്കേണ്ടി വന്നു. വളരെ ഇടത്തരം കുടുംബം. അൽപ്പം പുരയിടത്തിൽ കൃഷി ചെയ്തു ഭക്ഷണവും ഉപ ജീവനവും. പക്ഷേ പ്രയാസങ്ങൾക്കും പട്ടിണിയുടെ ഓരത്തുകൂടെ ജീവിച്ചപ്പോൾ പാട്ട് എഴുതി പ്പാടിയാണ് അദ്ദേഹം ആശ്വസിച്ചത്.
മത വിശ്വാസം പാവപ്പെട്ടവർക്ക് ആശ പ്രത്യാശകളാണ്. അനുഭവ നിശ്വാസങ്ങളുടെ ആശ്വാസമാണ്. മാർക്സ് പറഞ്ഞത്പോലെ ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയവും അടിച്ചമർത്തപെട്ടവരുടെ നിശ്വാസവുമാണ്.
മതങ്ങളെ മനുഷ്യനെ മയക്കുന്ന കറുപ്പ് ആക്കുന്നത് അധികാര വ്യവസ്ഥാപനങ്ങളാണ്. സംഘടിത മതങ്ങൾ എന്നും രാഷ്ട്രീയ അധികാരത്തിന്റെ അകമ്പടിക്കാരായ വിശ്വാസ പ്രമാണ ആചാരങ്ങളുടെ പുരോഹിത വർഗ്ഗ താല്പര്യങ്ങൾ ആയിരുന്നു.
എന്നാൽ പാവങ്ങളുടെ വിശ്വാസങ്ങൾ അവരുടെ അനുഭവ തലത്തിലെ ആകാംഷകളും കഷ്ടതകളിൽ ആശ്വാസവും സങ്കടങ്ങളിൽ പ്രത്യാശയുമാണ്. അതു പലപ്പോഴും പലർക്കും അന്ധവിശ്വാസങ്ങൾ ആയിരിക്കും. പക്ഷേ ആ വിശ്വാസങ്ങൾ മറ്റുള്ളവർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കിടത്തോളം കാലം അതു അവരവരുടെ വിശ്വാസങ്ങളാണ്. അതിലെ ശരി തെറ്റുകൾ വേറെയൊരാൾ വിലയിരുത്തിയിട്ട് പ്രതേകിച്ചു കാര്യമില്ല.
അത്കൊണ്ടാണ് വ്യവസ്ഥാപിത മത അധികാര താല്പര്യങ്ങളെയും ആത്‌മീയ വ്യാപാര വ്യവസായത്തെയും വിമർശിക്കാറുള്ളപ്പോഴും ഓരോ വ്യക്തിയുടെ വിശ്വാസങ്ങളെ ബഹുമാനിക്കുന്നത്.
സംഘ ബലങ്ങളിൽ നിന്നും സഭാ ശക്തികളിൽ നിന്നും വഴിമാറി നടന്നു പാട്ടുകൾ പാടി ജീവിതം തന്നെ സുവിശേഷമാക്കിയത് കൊണ്ടാണ് കൊച്ചു കുഞ്ഞു ഉപദേശി വേറിട്ടു നിൽക്കുന്നത്.
അനുഭവങ്ങൾ കൊണ്ടു അന്തരംഗത്തിൽ നിന്ന് പാട്ട് എഴുതി മനോഹരമായി ആത്മാവിനെ തൊട്ട് പാടിയത്.
കഷ്ട്ടവും പട്ടിണിയും വന്നപ്പോൾ, പാടി.
" എന്റെ ദൈവം മഹത്വത്തിൽ ആർദ്രവനായി ജീവിക്കുമ്പോൾ ,
സാധു ഞാനീ ക്ഷോണി തന്നിൽ ക്ലേശിപ്പാൻ
ഏതും കാര്യമില്ലന്നെന്റെയുള്ളം ചൊല്ലുന്നു.
ആരുമെനിക്കില്ലന്നോ ഞാൻ ഏകനായി തീർന്നുവെന്നോ
മാനസത്തിൽ ആധി പൂണ്ടു ഖേദിപ്പാൻ,
സാധു അന്ധനായി തീർന്നിടല്ലേ ദൈവമേ "
"ദുഖിതനായി ഓടിപ്പോയി മരുഭൂവിൽ കിടന്നാലും
എന്നെയോർത്തു ദൈവദൂതർ വന്നീടും
സ്നേഹ ചൂട്ടോടാപ്പവുമായി വന്നിടും
നാളയെകൊണ്ടൻ മനസ്സിൽ ലവലേശം ഭാരമില്ല"
മനുഷ്യ കഷ്ടതകളുടെ ഇടയിൽ മനസ്സിന്റെ ഉള്ളിൽ നിന്നുള്ള പ്രത്യാശയെന്ന പ്രതീക്ഷയാണ് ഓരോ മനുഷ്യനെയും സങ്കടകടലിൽ നിന്ന് കര കയറാൻ ആത്മ ധൈര്യവും ഉൾബലവും കൊടുക്കുന്നത്. അതു സാധാരണ യുക്തികൊണ്ടല്ല സാധാരണ മനുഷ്യർ നേരിടുന്നത്
ഈ മാനുഷിക അവസ്‌ഥകൾ എന്നും ഉള്ളത് കൊണ്ടാണ് സാധു കൊച്ചു കുഞ്ഞു ഉപദേശിയുടെ പാട്ടുകൾ ലക്ഷകണക്കിന് ആളുകളെ മനസ്സിൽ തട്ടി തങ്ങി നിൽക്കുന്നത്.
സാധു കൊച്ചു കുഞ്ഞു ഉപദേശി എന്നത് നാട്ടുകാരിട്ട വിളിപ്പേരാണ്. യഥാർത്ഥ പേര്. എം ഐ വർഗീസ് എന്നാണ്. മൂത്താമ്പക്കൽ ഇട്ടി വർഗീസ് എന്നാണ്. അപ്പൻ ഇട്ടി. അമ്മ. മറിയാമ്മ.
അദ്ദേഹം കൂടുതൽ അറിയപ്പെട്ടത് ഒരു സഞ്ചാര സുവിശേഷകനായാണ്. മനോഹരമായി പാട്ട് പാടി പ്രസംഗിച്ചു കാൽനടയായും വള്ളത്തിലും കാളവണ്ടിയിലും സഞ്ചരിച്ച സാധു വായിരുന്നു.
മാർത്തോമാ സഭ അംഗമായിരുന്നുവെങ്കിലും കൂടുതലും സ്വതന്ത്ര സുവിശേഷകനായി ജീവിച്ചു. സ്ത്രീധനത്തിനു എതിരായിരുന്നു. അടിമ വേലക്കും അടിച്ചമർത്തലുകൾക്കും.സമൂഹത്തിൽ വിവേചനം അനുഭവിക്കുന്ന എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസം കിട്ടണം എന്നതായിരുന്നു കാഴ്ചപ്പാട്.
വളരെ കഷ്ടതകളിലും സങ്കടങ്ങളിലും ജീവിച്ച ആ മനുഷ്യൻ വ്യവസ്ഥാപിത അധികാരത്തിൽ നിന്ന് വഴിമാറി നടന്ന വിശുദ്ധനായിരുന്നു.
ഒന്നും സമ്പാദിക്കാതെ പാട്ടുകളുടെ ആശ്വാസവും പ്രത്യാശകളും തിരു ശേഷിപ്പുക്കളായി മലയാളത്തിനും മലയാളിക്കും തന്നേച്ചു പോയ അവധൂതനായിരുന്നു.
അത് കൊണ്ടാകും കൊച്ചു കുഞ്ഞു ഉപദേശി മരിച്ചപ്പോൾ പതിനായിരങ്ങൾ കൂടിയത്. കാരണം അത് പോലെയുള്ള പ്രത്യാശയുടെ പാട്ടുകാർ ഭൂമിയിൽ കുറവാണ്.
ജെ എസ് അടൂർ.
പിൻ കുറിപ്പ് : പാട്ടുകൾ ഓൺലൈനിൽ ഒരുപാടു ഉള്ളതിനാൽ ഇവിടെ പോസ്റ്റുന്നില്ല
137

 https://www.emalayalee.com/varthaFull.php?newsId=210430&fbclid=IwAR2ka_OZdVhl7Qtbq4xYXkGG9K_pzonZOTbiJ4h6z08aL3WC1dbHW7G5naw

Wednesday, April 22, 2020

രുചിക്കൂട്ടുകളും രുചി ഭേദങ്ങളും


മനുഷ്യൻ ലോകത്തു എവിടെയൊക്കെപ്പോയി ഭാഷയും വേഷവും ആചാരങ്ങളും വിശ്വാസങ്ങളൊക്കെ മാറ്റിയാലും മാറ്റാനാകാത്ത ഒന്നുണ്ട് . അതാണ് നാവിൻ തുമ്പത്ത് ആദ്യമായി ഊട്ടി ഉറപ്പിച്ച രുചി ഓർമ്മകൾ . ടേസ്റ്റ് ബഡ് മാറ്റുവാൻ വളരെ പ്രയാസമാണ് .
ലോകത്തെ എല്ലാ രാജ്യങ്ങളിലെയും ഭക്ഷണം ആസ്വദിക്കുന്ന എനിക്ക് ഇപ്പോഴും ഏറ്റവും ഇഷ്ട്ടമുള്ള ഭക്ഷണം കപ്പയും മീൻ കറിയുമാണ് . കപ്പയും മത്തികറിയും കിട്ടിയാൽ കൂടുതൽ ഇഷ്ട്ടം . അതുപോലെ ചക്ക വേവിച്ചതും കടൂമാങ്ങാ , അല്ലെങ്കിൽ മീൻ കറി .
കഞ്ഞിയും ചേന അസ്ത്രവും. പാവക്ക തോരനും , പാവക്ക വറുത്തതും. കാച്ചിൽ, കപ്പ , ചേമ്പ് , കിഴങ്ങ് ഒക്കെ പുഴുങ്ങിയതും. പിന്നെ അടച്ചെറ്റിയിൽ വച്ച അരച്ച കാന്താരിയും ഉപ്പും ഉള്ളിയും ഒക്കെ ചേർന്ന് തൊട്ടു കൂട്ടാൻ. ചൂട് ചോറും തേങ്ങാ ചമ്മന്തിയും.
തീയൽ , പച്ച പറങ്കിയണ്ടി വച്ച് ഉണ്ടാക്കുന്ന പാപ്പാസ് .പടവലങ്ങ തോരൻ , മത്തങ്ങ എരിശ്ശേരി . ഇടിചമ്മന്തി . ചുട്ട കുറിച്ചി മീൻ . പുട്ടും കടലയും , അപ്പവും പൊറോട്ടയും ബീഫ് കറിയും .
അട പ്രഥമൻ എന്ന് കേട്ടാൽ എവിടെയാണെങ്കിലും വായിൽ വെള്ളമൂറും. കൊഴുക്കട്ട..ഇലയപ്പം . കുമ്പളപ്പം . ചക്ക വഴട്ടിയത് . അപ്പവും ചിക്കൻ സ്റ്റൂവും . കറുത്ത ഹൽവ.. ഇതിന്റ ഒക്കെ രുചി പത്തു വയസ്സിന് മുമ്പ് നാക്കിൽ കയറിപറ്റിയതിനെ ഇറക്കി വിടാൻ ഇതുവരെ ശ്രമിച്ചിട്ടും പറ്റിയില്ല .
കുട്ടിക്കാലത്തു പൂനയിൽ എന്റെ മകനെ നോക്കിയ ആയ അവനെ കൃഷ്ണ ബാബ എന്നാണ് വിളിച്ചിരുന്നത് . മീനും നോൺ വെജ്ജും കൊടുത്തില്ല . ഇപ്പോഴും അവൻ മീൻ കഴിക്കില്ല
ഏറ്റവും പുരോഗമ വാദികളും മറ്റാല്ല കാര്യങ്ങളിലും ലിബറലായ എന്റെ പല സുഹൃത്തുകൾക്കും ഇന്നും നോൺ വെജിന് അടുത്തൂടെ പോകാൻ പ്രയാസം .
അന്ന് പൂനയിലെ കഡ്ക്കി ഓർത്തോഡക്‌സ് പള്ളിക്ക് മുൻപിലെ തട്ട് കടയിൽ ഞാൻ മിക്കപ്പോഴും പോയി പൊറോട്ടയും ബീഫും കഴിക്കുമായിരുന്നു . എന്റെ ബജാജ് ചേതക്ക് സ്ക്കൂട്ടറിന്റെ പിറകിൽ ഏഴുവയസ്സുകാരൻ വിനീതും കയറും . അങ്ങനെ ഇന്നും അവന്റെ ഏറ്റവും വലിയ കേരള കണക്ഷൻ പൊറോട്ടയും ബീഫുമാണ് . അല്ലെങ്കിൽ പണ്ട് ബാങ്കോക്കിൽ നിന്ന് ശീലിച്ച ഇറ്റാലിയൻ പാസ്റ്റ .
ലോകത്തു പല രാജ്യങ്ങളിലുമുള്ള പല ഭക്ഷണങ്ങളും ഇഷ്ട്ടമാണ് . മെക്സിക്കൻ , ബ്രസീലിയൻ , എത്യോപിയൻ , ഇറ്റാലിയൻ , ഫ്രഞ്ച് ഗ്രീക്ക് , ടർക്കിഷ് , സ്പാനിഷ് , നൈജീരിയൻ , ജോർജിയൻ, ഇറാനിയൻ അങ്ങനെ പലതും . ഏഷ്യൻ രാജ്യങ്ങളിൽ വളരെ വിപുലമായ ഭക്ഷണ വൈവിധ്യം ഉണ്ട് . ശരിയായ ചൈനീസ് ഭക്ഷണത്തിൽ തന്നെ ഒരുപാട് വൈവിധ്യം ഉണ്ട് .അതുപോലെ ജാപ്പനീസ് , കൊറിയൻ , തായ് , ഇൻഡോനേഷ്യൻ .
ഏതു രാജ്യത്തു പോയാലും അവിടുത്തെ തനതായ ഭക്ഷണം കഴിക്കുക എന്നതാണ് നയം. അതിൽ തന്നെ ബ്രസീലിയൻ ഭക്ഷണവും എത്യോപ്യൻ ഭക്ഷണവും വളരെ ഇഷ്ട്ടം. എത്യോപ്പിയൻ ഇഞ്ചരയുടെ രുചി അവിടുത്തെ വളരെ ചരിത്രമുള്ള അമാറി സംസ്കാരത്തിന്റെ രുചി തനിമായാണ്.. തായ് ഭക്ഷണ സംസ്കാരം വളർന്നത് ബുദ്ധ സന്യാസ വിഹാരങ്ങളിൽകൂടിയാണ്. ഏറ്റവും ഇഷ്ട്ടമുള്ള തായ് ഭക്ഷണം മുളകും നാരങ്ങാ നീരുമൊക്കെയിട്ട് പുഴുങ്ങിയ മീനാണ്. സ്റ്റീമ് സീബാസ് ഇൻ ലെമൺ ആൻഡ് ചില്ലി. അത് പോലെ തുംയാം സൂപ്പ്. തായ് ഭക്ഷണത്തിൽ തുളസി, നാരങ്ങാ ഇല, ലെമൺ ഗ്രാസ് എന്നിവ സാധാരണമാണ്. ചക്കയുടെ വിവിധ മധുര പലഹാരങ്ങൾ തായ്‌ലൻഡ്, ലാവോസ്, കമ്പോഡിയ, വിയറ്റ്നാം എന്നിവിടങ്ങളിൽ സുലഭം.
ഭക്ഷണത്തിന്റ ജ്യോഗ്രഫി പരിസ്ഥിതിയുമായി ബന്ധപ്പെട്ടതാണ് . ട്രോപ്പിക്കൽ മേഖലയിലെ ഭക്ഷണവും മരുഭൂമിയിലെ ഭക്ഷണവും വ്യത്യസ്തമായിരിക്കുന്നത് കാലാവസ്ഥയും അത് അനുസരിച്ചു വൃക്ഷങ്ങളിൽ സസ്യ ലതാതികളും പക്ഷി മൃഗങ്ങളും വേറിട്ടതു കൊണ്ടാണ് .
ലോകത്തു ഏറ്റവും ജൈവ വൈവിധ്യമുള്ള ആമസോണിൽ നിന്നാണ് ഇന്ന് ലോകമെങ്ങും പ്രചാരത്തിൽ ഉള്ള പല ഭക്ഷണ പദാർത്ഥങ്ങളും വന്നത് . ആദ്യത്തെ ആഗോളവൽക്കരണം ഭക്ഷണത്തിൽ കൂടിയാണ് .
ചേരയെ തിന്നുന്ന നാട്ടിൽ പോയാൽ നടത്തുണ്ടം തിന്നണം എന്നാണ് പഴഞ്ചോല്ലു .അങ്ങനെ പണ്ട് മിസൊറാമിലെ മാമിത് ഗ്രാമത്തിൽ ഗവേഷണത്തിനായി താമസിച്ചപ്പോൾ പുഴുവിനെ വറുത്തത് കഴിച്ചു വയറിളകി ഊപ്പാട് വന്ന് കാട്ടിലെ വെളിപറമ്പിൽ വെളിക്കിറങ്ങാൻ സ്ഥിരമിരുന്നത് ഇന്ന് ഓർത്തു ചിരിക്കും . അവിടെ വച്ചാണ് നല്ല ഒന്നാന്തരം പട്ടിയിറച്ചി വേവിച്ചത് ഒരു വലിയ വാഴയിലയിൽ ചോറും കൂട്ടി മിസോ ഗോത്ര വർഗ്ഗക്കാരുമായി ഒരുമിച്ചു ഒരേ ഇലയിൽ നിന്ന് കഴിച്ചു ആസ്വദിച്ചത് .
കെനിയയിലെ നെയ് റോബിയിൽ കാർണിവോറസ് എന്ന പ്രസിദ്ധമായ ഒരു റെസ്റ്റോറന്റ് ഉണ്ട് .അവിടെ മനുഷ്യ മാംസം ഒഴിച്ചുള്ള എല്ലാം കിട്ടും . മുതല , ജിറാഫ് , ആന , കുരങ് , കാട്ട് പോത്തു , മാൻ , സീബ്ര ,ഒട്ടകം , അങ്ങനെ പലതും. നെയ്‌റോബിയിൽ പോകുന്നവർ കാർണിവോരസ്സിൽ ഒരിക്കലെങ്കിലും പോയാൽ ആഫ്രക്കൻ നോൺ വെജ് രുചികളുടെ ഉത്സവം ആഘോഷിക്കാം .
ഭക്ഷണത്തെ കുറിച്ചുള്ള മുൻ വിധികൾ പലപ്പോഴും നമ്മൾ വളർന്ന മത ജാതി സാമൂഹിക പരിസ്ഥിതിക്ക് അനുസരിച്ചു മാറി കൊണ്ടിരിക്കും .അത് കൊണ്ടാണ് പലർക്കും ബീഫും പോർക്കും മാംസാഹാരവും നിഷിദ്ധമാകുന്നത് .
കേരളത്തിലെ ഭക്ഷണത്തിൽ തന്നെ ഒരുപാട് വിദേശ സ്വാധീമുണ്ട് ജൂത , അറബി , ചൈനീസ് , പൊച്ചുഗീസ് പ്രഭാവം വളരെയുണ്ട് . അതുപോലെ തമിഴ് , കൊങ്കിണി പ്രഭാവവുമുണ്ട് .
കേരളത്തിനോട് ഏറ്റവും അടുത്തു നിൽക്കുന്ന ശ്രീലങ്കൻ ഭക്ഷണത്തിന്റെ ചരിത്ര വഴികൾ നോക്കിയാൽ കേരളവും ആ നാടും തമ്മിൽ ഉള്ള ആദിമ ചരിത്രം മനസ്സിലാക്കാം . നമ്മുടെ പുട്ട് കൊളോമ്പോയിൽ പിട്ടാണ് . ഇടിയപ്പത്തിന്റെയും ആവി സാങ്കേതിക വിദ്യയും ചൈന വഴിയാണ് രണ്ടിടത്തും കപ്പലിറങ്ങിയത് . കൊഴുക്കട്ട ചൈനീസ് മോമോസിന്റെ രൂപ ഭേദമാണ് .
ഭക്ഷണത്തിന്റെ പാചകത്തിൽ കലയും ശാസ്ത്രവും സാങ്കേതിക വിദ്യയും പരിസ്ഥിതിയും ഒരുപോലെ യോജിക്കുന്നു . ശാസ്ത്രവും സാങ്കേതിക ശാസ്ത്രവും പരിസ്ഥിതിയും ഭാവനയും കലയും ഒരുമിക്കുന്ന ഒരു രാഗമാണ് പാചക കല .
മനുഷന്റെ ആദ്യ കണ്ടു പിടുത്തം തീയേ മെരുക്കി ഭക്ഷണം പാകം ചെയ്യുക എന്നതായിരുന്നു . മനുഷ്യൻ മൃഗങ്ങളെ ഡൊമെസ്റ്റിക്കെട്ടു ചെയ്തതും അതിന് വേണ്ടി . എന്തായാലും ലോകത്തെ ആദ്യ ശാസ്ത്ര സങ്കേതിക വികാസങ്ങളിലൊന്നു വാറ്റിഎടുക്കുന്ന മദ്യമായിരിക്കും.
ഭക്ഷണത്തിൽ നിന്നാണ് ഭാഷയും പിന്നെ സംസ്ക്കാരവും യുദ്ധങ്ങളും തുടങ്ങുന്നത് . ആദ്യത്തെ കല്ലുളികൾ ഭക്ഷണത്തിനാണ് മനുഷ്യൻ കണ്ടു പിടിച്ചത് . ലോകത്തേക്കും ഏറ്റവും സിംപിളായ സാങ്കേതിക വിദ്യയാണ് ചൈനയിലെ കൃഷിക്കാർ കണ്ടു പിടിച്ച ചോപ് സ്റ്റിക്സ് . അത് പോലെ ഉപ്പിലിട്ട മാങ്ങാ .
കേരളത്തിൽ ചീന ഭരണികളിൽ ആണ് മാങ്ങാ ഉപ്പിലിട്ട് പരി രക്ഷിച്ചു മാങ്ങാ ഇല്ലാത്ത സമയത്തും നാട്ടു മാമ്പഴത്തിന്റെ രുചി നമ്മൾ അറിഞ്ഞത് .
വലിയ ചരിത്രമൊന്നും ഇല്ലാത്ത ഇപ്പോഴത്തെ അമേരിക്കക്ക് തനതായ ഭക്ഷണ സംസ്കാരമുണ്ടോയെന്ന് സംശയം . എന്നാൽ അമേരിക്കയിൽ കിട്ടാത്ത ഭക്ഷണങ്ങൾ കുറവാണ് . ലോകത്തിലെ മിക്ക രാജ്യങ്ങളിലെയും ഭക്ഷണം ന്യൂയോർക്കിൽ കിട്ടും . ഇഗ്ളീഷകാർക്ക് ഉള്ളത് ഫിഷും ചിപ്സുമാണ് . ലണ്ടനിൽ ഇന്ത്യൻ റെസ്റ്റോറെന്റുകൾ സുലഭം .സായിപ്പിനു ഇന്നും ചിക്കൻ തീക്ക മസാലയാണ് പ്രിയം .കോളനിയൽ കസിൻ കണക്ഷൻ. ആംസ്റ്റർഡാമിൽ ഇൻഡോനേഷ്യൻ റെസ്റ്റോറെന്റുകൾ സുലഭം .
അങ്ങനെ ഭക്ഷണത്തിനും രാഷ്ട്രീയ ചരിത്രവും സാമ്പത്തിക ചരിത്രവുമുണ്ട് . അങ്ങനെയാണ് കെ എഫ് സി എന്ന കെന്റക്കി ഫ്രെയ്‌ഡ്‌ ചിക്കൻ കേരളത്തിലും ലോകത്തു എല്ലായിടത്തും എത്തിയത്
നമ്മുടെ വട്ടു സോഡാ ഉപ്പു നാരങ്ങ വെള്ളത്ത മാറ്റിമറിച്ചു കൊക്കകോളയും പെപ്സിയുമൊക്ക നമ്മുടെ കുട്ടികളുടെ രുചികളെ കൈയേറിയത് . അത് കൊണ്ടാണ് മക്‌ഡൊണാൾഡ് ഡിസ്‌കൗണ്ട് റേറ്റിൽ കുട്ടികളുടെ ബെർത്തഡേ ഡീൽ കൊടുക്കുന്നത് .
അത് കൊണ്ടാണ് ഇന്ത്യൻ കോഫീ ഹൌസും അമൂലും ഇന്ത്യൻ ഭക്ഷണ കമ്പോളത്തിlലെ കൊപ്പറേറ്റിവ് ബദലുകളാകുന്നത്.
ലോക രാജ്യങ്ങളിലെ ഭക്ഷണത്തിന്റെ ചരിത്രവും രാഷ്ട്രീയവും സാമ്പത്തിക ശാസ്ത്രവും വച്ച് ഒരു പുസ്തകം എഴുതാം .
മതങ്ങളും പുരോഹിത വർഗ്ഗവും ജനങ്ങളെ നിയന്ത്രിച്ചത് ഭാഷയെയും ഭക്ഷണത്തെയും ഭാര്യയെയും നിയന്ത്രിച്ചാണ് . രുചി മോഹങ്ങൾക്കും രതി മോഹങ്ങൾക്കും ഭാഷയുടെ ഭാഷ്യങ്ങളിലൂടെ കടിഞ്ഞാണിട്ടാണ് .
മനുഷ്യൻ അവർ കഴിക്കുന്ന ഭക്ഷണമാണ് . അവരുടെ വിലയും നിലയും സംസ്ക്കാരവും ഭക്ഷണത്തിലറിയാം .
കൊട്ടാരത്തിലും കുടിലിലും ഭക്ഷണം വ്യത്യസ്തമായിരിക്കുന്നത് അതിന്റ രാഷ്ട്രീയവും സാമ്പത്തിക ശാസ്ത്രവും വേറിട്ടതാകയാലാണ് .
ലോകത്തിൽ പല യുദ്ധങ്ങളും നടന്നത് ഭകഷണവുമായി ബന്ധപെട്ടാണ് . യൂറോപ്പിൽ മാംസം സൂക്ഷിക്കാൻ പെപ്പറും സാൾട്ടുമല്ലാതെ എന്തെങ്കിലും സാങ്കേതിക വിദ്യയുണ്ടായിരുന്നെങ്കിൽ ലോക ചരിത്രം മാറിയേനെ . മലബാർ /മലങ്കര കാടുകളിൽ വളർന്ന ചെറിയ കുരുമുളക് അങ്ങനെയാണ് ലോക ചരിത്രത്തിലെ വലിയ കണ്ണിയായി കേരളത്തെ ലോക വ്യാപാര ചരിത്രത്തിലെ കണ്ണിയാക്കി ലോക ചരിത്രവും കേരള ചരിത്രവും നമ്മുടെ ആഹാര രീതികളും മാറ്റിയത് .
കുരുമുളകു തേടി അറബി കടലിലെ കാറ്റിലൂടെ അലക്‌സാൻഡ്രിയയിൽ നിന്നും ജൂതന്മാരും ഒമാനിൽ നിന്നും യമനിൽ നിന്നും അറബിമാരും അവരെ തോൽപ്പിക്കാൻ ലിസ്ബണിൽ നിന്ന് വാസ്ഗോഡി ഗാമയും വന്നത് ചെറിയ കുരു മുളകിന്റെ വലിയ സാധ്യത കൊണ്ടാണ് .
സ്പാനിഷ് പൊചുഗീസ് ഡച്ചു കോളിണിയലിസത്തിന്റെ തുടക്കം ഭക്ഷണത്തിന്റെ രാഷ്ട്ടീയ സാമ്പത്തികവുമായി ബന്ധപ്പെട്ടാണ് .ബ്രിടീഷുകാർ ചായ തേടി ചൈനയിൽ എത്തി കറുപ്പ് കൊടുത്തു അവരെ മയക്കിയത് കൊണ്ടാണ് ഓപ്പിയം യുദ്ധവും ഇന്ന് കാണുന്ന ഹോങ്കോങ്ങും ഉണ്ടായത് .
ഗാന്ധി കൊളോണിയലിസത്തിനു എതിരെ ഉപ്പ് സത്യാഗ്രഹം നടത്തിയത് അദ്ദേഹത്തിന് രുചിയുടെ രാഷ്ട്രീയവും സാമ്പത്തിക ശാസ്ത്രവും അറിയാമായിരുന്നത് കൊണ്ടാണ് . ചുമ്മാതല്ല യേശു പറഞ്ഞത് നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു എന്ന്
ഭക്ഷണത്തിന് ഒരുപാട് കഥകൾ പറയാനുണ്ട് .ഇറാനിൽ നിന്ന് ബിരിയാണി എങ്ങനെയാണ് മുഗളൻമാരോടൊപ്പം യുദ്ധ ഭൂമികളിൽ കൂടി സഞ്ചരിച്ചു ഇന്ത്യയിൽ വന്ന് വിവിധ തരം ബിരിയാണി ആയ കഥ .
ചൈനക്കാർ കച്ചവട കപ്പലിൽ പെട്ടന്ന് ഉണ്ടാക്കിയ കഞ്ഞി എങ്ങനെ കൊല്ലം വഴി കേരളത്തിലും തമിഴ് നാട്ടിലും ഏഷ്യയിലെ പല രാജ്യങ്ങളിലും എത്തിയ കഥ .
ശ്രീലങ്കയിൽ പഠിക്കാൻ പോയ ബുദ്ധ സന്യാസിമാർ തേങ്ങാപ്പാല് ഉപയോഗിച്ച് തായ് ഗ്രീൻ കറിയും റെഡ് കറിയുമുണ്ടാക്കിയ കഥ .
യുദ്ധങ്ങളിൽ കൂടിയും വ്യപാര ബന്ധങ്ങളിൽ കൂടിയും ഭക്ഷണങ്ങൾ വന്ന വഴികൾ . പഴയ ചരിത്ര വഴികളിൽ രാജാക്കന്മാരും കൊട്ടാര പാചകക്കാരും ഭക്ഷണ പരീക്ഷണങ്ങൾ നടത്തിയ വിധം .
ചീന ഭരണിയും ചീന ചട്ടിയും കൂടുവൻ പിഞ്ഞാണിയും കൊല്ലത്തു കപ്പലിറങ്ങിയതിന്റ കഥ . കൊഴുക്കട്ടയും ഇല അപ്പവും കമ്പോഡിയയിലും കേരളത്തിലും ഒരു പോലെ ആണെന്ന് കണ്ടെത്തിയപ്പോൾ ഉള്ള ആകാംഷ .
ആമസോണിൽ നിന്നു മലാക്ക വഴി കേരളത്തിൽ കപ്പയെത്തി പിന്നെ അത് മലയാളികളുടെ നാവിൻ തുമ്പത്തെ രുചി രാജാവായ കഥ .കപ്പ കേരളത്തിൽ ജനകീയമാക്കിയത് ക്ഷാമത്തെ നേരിടുവാനുള്ള പോംവഴിയായി 1880കളിൽ വിശാഖം തിരുനാൾ എടുത്ത നടപടിയാണ് .
തിരുവന്തപുരത്തു കാശുള്ള ആഢ്യൻമാർ താസിക്കുന്ന ജവഹർ നഗർ പണ്ട് മരച്ചീനി വിളയായിരുന്നു. അന്ന് ശ്രീ വിശാഖം തിരുന്നാളിന്റ മരച്ചീനി കൃഷി സംരംഭത്തിന് വേണ്ടിയുള്ള സ്ഥലം . ചുരുക്കത്തിൽ കേരളത്തിൽ കപ്പ പാവപ്പെട്ടവരുടെ ഭക്ഷണമായിരുന്നു .അത് ജനകീയമായിട്ട് ഒരു 150 കൊല്ലം പോലുമായില്ല
1960 കളിൽ അമേരിക്കൻ ഭക്ഷണ സഹായവും അമേരിക്കൻ മാവും കേരളത്തിലെ പുതിയ പൊറോട്ട സംസ്ക്കാരമുണ്ടാക്കിയ കഥയും അധികം പഴയതല്ല . ഇപ്പോൾ ടർക്കിഷ്‌ ഭക്ഷണമായ ഷവർമ്മ ഗൾഫ് വഴി കേരളത്തിലെത്തി .
വീട്ടിൽ സ്ത്രീകൾ ഭക്ഷണം ചെയ്യുന്നതിലും നാട്ടിൽ പുരുഷന്മാർ ഭക്ഷണം പാചകം ചെയ്യുന്നതിലും ഒരു ലിംഗ രാഷ്ട്രീയമുണ്ടെന്ന് മനസ്സിലാക്കുക .അടുക്കള എന്ത് കൊണ്ട് ഒരേ സമയം അധികാര ഇടമാകുന്നതും പാർശ്വവല്കൃത ഇടമാകുന്നതും ഭക്ഷണത്തിന്റെ രാഷ്ട്രീയവുമായി ബന്ധപെട്ടാണ് .
ഒരിക്കൽ സിംഗപ്പൂരിലെ ലിറ്റിൽ ഇന്ത്യയിലെ പ്രേമാസ് എന്ന കേരളീയ ഭക്ഷണശാലയിൽ വൻ തിരക്കായിരുന്നു . ദീപാവലിയും ശനിയാഴ്ച്ചയും ആയതിനാൽ എല്ലാ മലയാളികളും അല്ലാത്തവരുമൊക്ക അവിടെയെത്തി . അകത്തു സ്ഥലമില്ലാത്തതിനാൽ പുറത്തു ഇരുന്നു നല്ല ഒന്നാന്തരം കപ്പയും നെയ്മീൻ കറിയും ആസ്വദിച്ച് കഴിച്ചു കൊണ്ടിരുന്നപ്പോൾ ഓർത്തത് ഭക്ഷങ്ങൾ വന്ന വഴികളെകുറിച്ചുള്ള വിചാരങ്ങളാണ് . .
ലണ്ടനിൽ പോയാൽ ബ്രിട്ടീഷ് മ്യൂസിയത്തിന് അടുത്തുള്ള മലബാർ ജംക്ഷനിൽ കപ്പയും മീനും കഴിക്കുവാൻ പോകും .20 പൗണ്ടാണ് .
ചൊട്ടയിലെ നാക്കിന്റെ രുചി ചുടല വരെ എന്നറിഞ്ഞത് ഇങ്ങനെ ഇഷ്ട്ട ഭക്ഷണം തേടി പോകുമ്പോഴാണ് .
അത് പോലെ ബാങ്കോക്കിൽ സുഖുംവിത്തിലെ സോയി പതിമൂന്നിൽ ഉള്ള നസീറിക്കയുടെ ബംഗ്ളദേശ് റെസ്റ്റോറന്റിൽ പാവക്ക വഴട്ടിയത് തിന്നുവാൻ മാത്രം പോകുന്നതും കുട്ടിക്കാലത്തെ രുചി ഓർമ്മകൾ നാക്കിൽ ഇപ്പോഴും കപ്പലോടിക്കുന്നത് കൊണ്ടാണ് .
ജെ എസ് അടൂർ

ഓശാന


ഓശാന ഓർമ്മകളാണ്,
കുരുത്തോലകളുടെ,
ഒലിവ് ചില്ലകളുടെ,
ഈന്തപ്പന നിഴലുകളുടെ,
യെരുശലേശമിലെ കഴുതകളുടെ.

ആളുകളുടെ ആരവങ്ങളുടെ
അകമ്പടിയിൽ വന്നോരാൾക്ക്,
ഓശാന, ഓശാന, ഓശാന.
നസ്രേത്തിലെ
യേശുവെന്ന ആശാരിക്ക്,
കുരുത്തോലകളായിരുന്നു കൂട്ടിന്.
വാളും, പരിചയും ഇല്ല.
ഒലിവ് ചില്ലകളുടെ പച്ചപ്പ് മാത്രം.
കുതിരപ്പുറത്തേറിയില്ല,
യേരുശലെമിൽ.
കഴുതപ്പുറത്തേറി
കുരുത്തോലകളുടെ
വിപ്ലവുമായി വന്നൊരാൾ.
യേശുവിന്റ മുഖം
റോമാ സാമ്രാജ്യത്തിലേതല്ല.
വാൾത്തല മിന്നലിൽ
മിന്നുന്ന മുഖമല്ല.
പരിചയിലെ കുരിശല്ല.
യേശുവെനിക്കു
കുരിശുയുദ്ധങ്ങളല്ല.
കൊലയും കൊള്ളിവെപ്പും
കച്ചവടവുമല്ല.
സിംഹാസനങ്ങൾ അല്ല.
തിരുമേനിമാരുടെ
കഴുത്തിൽ മിന്നുന്ന
പൊൻകുരിശല്ല.
ബസലിക്കകളിലെ
സ്വർണ്ണം പൂശിയ യേശുവിനെ
എനിക്കറിയില്ല .
കത്രീഡലുകളിലെ
കമാനങ്ങളിൽ
കനകപൂർണ്ണയേശു,
എനിക്കപരിചിതനാണ്.
യേശുവിനെ
ഫ്രെമിയിലാക്കി
തൂക്കുവാനെനിക്കാകില്ല.
ഭിത്തിയിലേ ആണികളിൽ,
തൂങ്ങി കിടക്കുന്നൊരു
മായകാഴ്ച്ചയല്ലന്റെ യേശു.
അറിയുന്നയേശു
തച്ചനാണ്.
സ്നേഹത്തിന്റെ,
പെരുന്തച്ചൻ.
കുരുത്തോലയാണ്.
കരച്ചിലും,
കണ്ണീരുമുള്ള,
ചെറുപ്പക്കാരനാണ്.
വിശക്കുന്നവരുടെ,
അപ്പമാകുന്നവൻ.
ദാഹിക്കുന്നവരുടെ,
വീഞ്ഞായവൻ.
നഗ്നരായവർക്ക്,
കമ്പിളി പുതപ്പാകുന്നവൻ.
വേശ്യയേ
കല്ലു എറീയാത്തൊൻ .
പീഡതരുടെ
സ്നേഹ സൈനികൻ.
ദുഖിക്കുവർക്ക്,
ആശ്വാസമാകുന്നോൻ.
പെണ്ണിനെ ആദരിച്ചോൻ.
മുക്കുവർക്ക് മീൻ,
കാട്ടികൊടുക്കൂന്നോൻ.
കാറ്റിനെ ശാസിച്ചു,
കടലിൻ മീതെ കൂട്ടിനു
വരുന്നൊരു കൂട്ടുകാരനവൻ.
വാതിലിൽ മുട്ടുമ്പോൾ,
തുറന്നു നിറയുന്ന,
യേശുവാണു
ഉയർപ്പിൽ ഉയിരായി,
കുരിശുകൾക്കുപ്പുറം
യാത്രയാകുന്നൊരാൾ.
തച്ചന്റെ മകനെന്നുമോർപ്പിക്കും,
പാവപ്പെട്ടവരെയും,
പീഡിതരെയും
കുഷ്ടരോഗികളെ,
ഉപ്പിനെ.
വെള്ളത്തെയും വള്ളത്തെയും.
മീനിനെയും. മുക്കവരെയും
മഗ്ദലെ മറിയെയെയും
ഒറ്റു കൊടുത്ത യൂദാമാരെ,
തള്ളി പറഞ്ഞ പത്രോസിനെ.
'വാളെടുത്തവൻ വാളാൽ'
എന്നരുളിയ യേശുവിനേയാണ്
ഓർമ്മ.
ഓശാന ഓർമ്മയിൽ,
മുന്തിരി വള്ളികൾ പൂവിട്ടു നിൽക്കുന്നത്.
നീതിക്കായി ദാഹിക്കുന്നവരെ ,
വെള്ളത്തെ വീഞ്ഞ് ആക്കുന്നത്.
അഞ്ചു അപ്പം അയ്യായിരം പേരെ പോഷിപ്പിക്കുന്നത്.
പള്ളികളിൽ
ക്രൂശിക്കപ്പെട്ട യേശുവിന്റെ
ഇടത്തും വലത്തും ഉള്ള കള്ളൻമാരെ,
കള്ളൻമാരുടെ ഗുഹകളെ,
യേശുവിനെ ഇന്നും വിൽക്കുന്ന,
സർപ്പ സന്തതികളെ.
അറിഞ്ഞ യേശുവിനെ,
സ്നേഹമായി
സ്വാന്തനമായി.
നീതിയായി,
പ്രത്യാശയായി,
പ്രകാശമായി,
രോക്ഷമായി
എന്നും രാവിലെ ,
എന്നുള്ളിൽ ഉയർത്തെഴുന്നേറ്റു
' നീ ഭൂമിയുടെ ഉപ്പാണ്, '
എന്നു പറഞ്ഞു'.
ഒരു തഴുകകലോടെ
ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി സ്നേഹത്തിനു നീതിക്കായും
ശബ്ദിക്കുവാൻ പറയും.
ദുഖിക്കുന്നവർക്കും,
പീഡിതർക്കും,
ന്യായം നടത്തുവാൻ
പറയും.
സത്യം പറയുവാൻ
പറയും.
അന്യായങ്ങളെ,
ചോദ്യം ചെയ്യാൻ
പറയും.
അധികാരത്തിന്
മുട്ട് മടക്കരുതന്നു ഉതിരും..
യേശു കുരുത്തോലകളുടെ
കരുണകളുമായാണ്
ഉള്ളിലിരുന്നൊതുന്നത്
ഇടയനായി.
പച്ചയായ പുൽപുറങ്ങളിലേക്ക്,
സ്വസ്ത്തതയുള്ള വെള്ളത്തിന്
അരികിലേക്ക്
തലയിലെ തൈല അഭിഷേകമായി.
സകല ബുദ്ധിയെയും കവിയുന്ന
സമാധാനമായി.
സ്നേഹമായി,
ഉള്ളിൽ നിറയുന്നൊരേശു.
ഓശാന
ഓർമ്മകളാണ്,
ഓർമ്മപ്പെടുത്തലുകളാണ്.
ഓം ശാന്തി, ശാന്തി, ശാന്തി.
ജെ എസ്സ് അടൂർ

Tuesday, April 21, 2020

കാട്ടിനുള്ളിലെ നദിയിലൂടെ


ക്വായി നദിയെ ലോകമറിഞ്ഞത് Bridge on River Kwai എന്ന ഡേവിഡ് ലീനിന്റെ ക്‌ളാസ്സിക് സിനിമ കൊണ്ടാണ്. 1957 ഇൽ. രണ്ടാം ലോക മഹായുദ്ധത്തിലെ ഒരു പ്രധാന യുദ്ധ സംഭവമാണ് സിനിമക്കാധാരം. ആ സിനിമക്ക് 7 ഓസ്കാർ അവാർഡാണ് കിട്ടിയത്.
1943 ഇൽ ബ്രിട്ടിഷ് യുദ്ധ തടവുകാരെ അടിമകളെപ്പോലെ ഉപയോഗിച്ചു തായ്ലാൻഡ് അതിർത്തിയിൽ നിന്ന് ബർമ്മയില്ലേക്ക് യുദ്ധ ആവശ്യത്തിന് നിർമ്മിച്ച റയിൽവേക്കു വേണ്ടി ക്വായി നദിക്കു മുകളിലൂടെ ഒരു പാലം നിർമ്മിച്ചു..
യുദ്ധ തടവുകാരെ അടിമകളെപോലെ രാപ്പകൽ പണിഎടുപ്പിച്ചു. അതു കാരണം 13000 യുദ്ധ തടവുകാർ പട്ടിണിമൂലവും രോഗം മൂലവും മരിച്ചു. അവരെ റെയിൽവേ ട്രാക്കിനു സമീപം ജപ്പാൻകാർ കുഴിച്ചു മൂടി.
അതു മാത്രമല്ല കാഞ്ചനപുരി -ബർമ റെയിൽ പണിയിൽ മലേഷ്യയിൽ നിന്നും ബർമ്മയിൽ നിന്നും ഉള്ള ബോണ്ടഡ് ലേബേഴ്സിൽ ഏതാണ്ട് ഒരു ലക്ഷത്തോളം ആളുകൾ മരിച്ചു. ഈ സംഭത്തെ അധികരിച്ചു പിയെർ ബോൾ (Pierre boulle) എഴുതിയ ഫ്രഞ്ച് നോവലായിരുന്നു സിനിമക്കാധാരം.
അതു കൊണ്ടു തന്നെ റിവർ ക്വായി ലോക പ്രശസ്തമാണ്. 380.കിലോമീറ്റർ നീളമുള്ള നദി തായ്‌ലൻഡിലെ കാഞ്ചന പുരി പ്രോവിന്സിലെ മൂന്നു ജില്ലകളിലൂടെ പോകുന്നു. കാഞ്ചന പുരിയിൽ വച്ചു ക്വായി നോയി നദിയുമായി ചേർന്ന് മേ ക്ളോങ് മഹാനദിയാകും.
പല പ്രാവശ്യം ക്വയി നദിയിലൂടെ ഒഴുക്കിനെയും കാറ്റിനെയും കാടിനെയും തൊട്ടറിഞ്ഞു , കിളികളെ കേട്ടറിഞ്ഞു, മലകളെ കണ്ടറിഞ്ഞു യാത്രകൾ നടത്തിയിട്ടുണ്ട് .
രണ്ടു വശവും ഇടതൂർന്ന വനങ്ങളും മരങ്ങളും മുളകാടുകളും. പക്ഷികൾ മരങ്ങളിൽ നിറഞ്ഞിരുന്നു. കാട്ടിനുള്ളിൽ നദിയിൽ രണ്ടു ഫ്‌ളോട്ടിങ് റിസോർട്ടുകളുണ്ട്.
കാട്ടിനിടയിലൂടെയുള്ള നദിയിലൂടെയുള്ള യാത്ര ഏറ്റവും ഇഷ്ട്ടപ്പെടുന്നയാളാണ്. ആമസോൺ കാടുക്കൾക്കിടയിലൂടെ പത്തു കൊല്ലം മുമ്പ് നടത്തിയ യാത്രയെ ഓർമ്മിപ്പിച്ചതായിരുന്നു ജീവിത പങ്കാളിയുമായി കഴിഞ്ഞ പ്രാവശ്യം വള്ളം വാടകക്കെടുത്തു നടത്തിയ യാത്ര. മനോഹരമായ ഒരു നദീയാത്രനുഭവം
ജെഎസ്സ്‌ അടൂർ

കാബേജസ് ആൻഡ് കോണ്ടം


ബാങ്കോക്കിലെ തിരക്കേറിയ സുകുംവിത് റോഡിലെ പന്ത്രണ്ടാം സോയിലാണ് കാബേജസ് ആൻഡ് കോണ്ടം.
അവിടെപ്പോയാൽ ഇഷ്ട്ടംപൊലെ നല്ല ഒന്നാംതരം തായ് ഭക്ഷണം കഴിക്കാം. ഭക്ഷണം കഴിച്ചു കഴിഞ്ഞു മധുരത്തിന് പകരം തരുന്നത് കോണ്ടമാണ്.
ആ റെസ്റ്റോറന്റിൽ കേരളത്തിൽനിന്നും ഇന്ത്യയിൽ നിന്നുമുള്ള പലരെയും അത്താഴം കഴിക്കാൻ കൊണ്ടു പോയിട്ടുണ്ട്. പലർക്കും ഭക്ഷണം കഴിച്ചു കഴിയുമ്പോൾ ഒരു സോസറിൽ കൊണ്ടു വയ്ക്കുന്ന കോണ്ടം കാണുമ്പോൾ അതിശയമാണ്. ചിലർക്ക് ചമ്മൽ. ചിലരുടെ മുഖത്തു ഒരു വല്ല്യായ്മ.
കൂടെയുള്ളവർ കോണ്ടം എടുക്കുമ്പോൾ പലരും ഹാംലെറ്റാകും. എടുക്കണോ വേണ്ടായോ എന്ന് സംശയം. റെസ്റ്റോറെന്റിന്റ മുന്നിൽ റിപ്പബ്ലിക്കൻ കോണ്ടവും ഡെമോക്രാറ്റിക് കോണ്ടവും രണ്ടു തുറന്ന കള്ളികളിലുണ്ട്. ഇഷ്ടം പൊലെ കോണ്ടമെടുക്കാം. ഇരുനൂറു ബാത്തിന് ശാപ്പാട് അടിച്ചിട്ട്. പത്തു കോണ്ടമെടുത്താൽ പൈസ വസൂൽ
ആ റെസ്റ്റോറന്റ് തന്നെ ഒരു കോണ്ടം ചരിത്രമ്യുസിയമാണ്. പലതരം കോണ്ടവും പഴയ കോണ്ടം പരസ്യങ്ങളും അവിടെ കാണാം.
കോണ്ടത്തിനു ഏതാണ്ട് നാനൂറ് കൊല്ലത്തിലധികം ചരിത്രമുണ്ട്. അതുണ്ടാക്കാൻ ആടിന്റെ തോലും കുടൽ വള്ളിയും തൊട്ട് പലതും ഉപയോഗിച്ചിരുന്നു. ആദ്യം ഉപയോഗിച്ചത് പണ്ട് വളരെ വ്യാപകമായിരുന്ന മാരകമായ സിഫിലിസ് രോഗത്തെ തടയാനാണ്.
1850 കളിൽ ചാൾസ് ഗുഡ്ഇയർ റബറും അതിന്റെ പ്രോസസ്സിങ്ങും കണ്ടുപിടിച്ചത് (അങ്ങനെയാണ് ഗൂഡിയർ ടയർ ഇപ്പോഴുമുള്ളത് ). ലോകമാകമാനം സാമ്പത്തിക വ്യവസായ വിപ്ലവമുണ്ടാക്കിയ, വാഹന ടയറുകൾ മുതൽ ഒരുപാടു വിപ്ലവകരമായ മാറ്റമുണ്ടാക്കിയ റബറിന് പല ഉപയോഗങ്ങളുണ്ടായി. അങ്ങനെ 1859 ഇൽ റബർ ഉപയോഗിച്ച് കോണ്ടമുണ്ടാക്കി.
പക്ഷെ അതിന് ആദ്യം വലിയ ജനപ്രീതി ഇല്ലായിരുന്നു. അമേരിക്കയിലും മറ്റു പലയിടത്തും ലൈംഗിക രോഗങ്ങൾ പടരുവാൻ തുടങ്ങിയപ്പോൾ ആവശ്യക്കാർ കൂടി. അങ്ങനെയാണ് കൊണ്ടത്തിനു റബർ എന്ന് ചിലർ വിളിക്കുവാൻ തുടങ്ങിയത്.
ഇപ്പോൾ നമ്മൾ കാണുന്ന ലാറ്റക്സ് കോണ്ടം വിപ്ലവം തുടങ്ങിയത് 1920 ലാണ്. ലാറ്റക്സ് ടെക്നൊലെജി വളർന്നതോടെ കോണ്ടത്തിന്റെ വ്യവസായിക ഉല്പാദനവും വളർന്നു.
ആളുകൾ കോണ്ടം ഒരു ഗർഭ നിരോധന ഉപാധിയായി ഉപയോഗിച്ച് സെക്സ് ആസ്വദിക്കാൻ തുടങ്ങിയതോടെ സഭകൾ കോണ്ടം കൊണ്ടുണ്ടായ പുതിയ ലൈംഗിക സ്വാതന്ത്ര്യത്തിന് എതിരെ നിലപാടെടുത്തു.
രതി സുഖം പാപമാണ് എന്നും സെക്‌സിന്റ് ഏക ഉദ്ദേശം ഉണ്ണികളേ ഉണ്ടാക്കുക എന്ന പഴയ യാഥാസ്ഥിതിക കാഴ്ചപ്പാടിൽ നിന്ന് ഉണ്ടായതാണ്. ഇൻഗ്ലെഡിലും അമേരിക്കയിലും അതിനെതിരെ നിയമങ്ങൾ പോലും വന്നു. ഇപ്പോഴും വത്തിക്കാൻ എതിരാണ്. ആദ്യകാലത്ത് ഫെമിനിസ്റ്റുകൾ പുരുഷ കോണ്ടങ്ങളെ എതിർത്തത് സ്ത്രീകളുടെ ലൈംഗികതയും ഗർഭ ധാരണവും പുരുഷൻ നിയന്ത്രിക്കുന്നു എന്നത് കൊണ്ടാണ്. പിന്നെ കോണ്ടം ഇല്ലാതെ പുരുഷനുമായി ലൈംഗീക വേഴ്ച്ച ഇല്ലെന്ന സ്ഥിതി വന്നു. ഇപ്പോൾ സ്ത്രീ കോണ്ടവും മാര്കെറ്റിലുണ്ട്.
പക്ഷേ രണ്ടാം മഹായുദ്ധകാലത്ത് കൂടുതൽ സൈനികർ ലൈംഗിക രോഗം വന്ന് ഔട്ട്‌ ആയപ്പോൾ ജർമനി പട്ടാളക്കാർക്ക് സൗജന്യമായി കോണ്ടം കൊടുത്തതോടെ പ്രശ്നം ഒരു വലിയ പരിധി വരെ പരിഹരിച്ചു. അതു മറ്റു പല യൂറോപ്പിയൻ രാജ്യങ്ങളും ജപ്പാനും പിന്നെ അമേരിക്കയും ബ്രിട്ടനും പിന്തുടർന്നു.
രണ്ടാം ലോകത്തിന് ശേഷം ആയിരത്തി തൊള്ളായിരത്തി അമ്പതുകളിലാണ് കോണ്ടം സർക്കാർ പോളിസിയുടെ ഭാഗമാകുന്നത്. ജനപ്പെരുപ്പവും ദാരിദ്ര്യ നിർമ്മാർജ്ജനവും വെൽഫെയർ സർക്കാരുകൾക്ക് വലിയ വെല്ലുവിളിയായി.
ഇന്ത്യയിലും ചൈനയിലും എത്യോപിയിലും അനേകം ആഫ്രിക്കൻ രാജ്യങ്ങളിലും എല്ലാം ഭക്ഷ്യ ക്ഷാമമുണ്ടായി. അങ്ങനെയാണ് ഫാമിലി പ്ലാനിങ് ഒരു സോഷ്യൽ പോളിസിയായത്.
നാം രണ്ടു നമുക്ക് രണ്ടു എന്ന മുദ്രാവാക്യവും നിരോധും അറുപതുകളുടെ അവസാനത്തോടെ ഇന്ത്യയിൽ വ്യാപകമായി. ഫാമിലി പ്ലാനിങ് ജനപ്പെരുപ്പം കുറച്ച ഒരു സംസ്ഥാനമാണ് കേരളം.
ഹിന്ദുസ്ഥാൻ ലാറ്റെക്‌സും നിരോധും വ്യപാകമായി. ഇന്ത്യയാണ് കോടി കണക്കിന് ആളുകക്ക് കോണ്ടം സോഷ്യൽ പോളിസിയിലൂടെ എത്തിച്ച ഒരു രാജ്യം. എന്റെ ചെറുപ്പത്തിൽ കോണ്ടം എന്നാൽ നിരോധ് ആയിരുന്നു. അന്ന് സർക്കാർ എല്ലാവീട്ടിലും പബ്ലിക് ഹെൽത്ത്‌ ആരോഗ്യ ഉദ്യോഗസ്ഥരിൽ കൂടെ നിരോധ് വിതരണം ചെയ്യുമായിരുന്നു.
ലോകത്തു ആരോഗ്യമുള്ള എല്ലാ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ലൈംഗിക ചോദനയുണ്ടെന്നത് ഏറ്റവും സ്വാഭാവികമായ ശാരീരിക പരിണാമമാണ്. ഈ ലൈംഗികതയെ നിയന്ത്രിച്ചാണ് മത -രാഷ്ട്രീയ അധികാരങ്ങൾ എന്നും മനുഷ്യനെയും സമൂഹത്തെയും നിയന്ത്രിച്ചത്.
ലൈംഗികത എല്ലാ മനുഷ്യർക്കും രതി സുഖത്തിനു നിദാനമെങ്കിലും അതു ഒരു ടാബുവാക്കി അതിനെ തെറ്റും പാപവുമൊക്കെയാക്കി ലൈംഗികതയെ അടിച്ചമർത്തി അതിനെ എന്തോ വൃത്തികെട്ട സംഭവവും നാണക്കേടുമാക്കി. എല്ലാവരും ചെയ്യുന്ന എന്നാൽ പറയാൻ മടിക്കുന്ന ഒരു ഏർപ്പാടാക്കി. കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്നത് പോലും പലരും പാപമായി ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും കാണുന്നു.
പലരും കോണ്ടം വാങ്ങിക്കുന്നത് തന്നെ പാത്തും പതുങ്ങിയും നാണക്കേടായും ഏതോ പാപ ബോധവുമായാണ്. പമ്മി മെഡിക്കൽ ഷോപ്പിൽ പോയി ഒച്ച താഴ്ത്തിപറഞ്ഞു ഏതെങ്കിലും കടലാസ്സിൽ പൊതിഞ്ഞു വാങ്ങും. പലപ്പോഴും സ്ത്രീകൾക്ക് വാങ്ങുവാൻ തന്നെ പ്രയാസം.
ഈ മനോഭാവത്തെ മാറ്റി മറിച്ചയാളാണ് ഇന്ന് ലോക പ്രശസ്തനായ തായ്‌ലൻഡിലെ മേച്ചായി വീരവൈദ്യ.
അയാൾ വീര വൈദ്യനായ ഡോക്ടറാണ്. തായ്‌ലൻഡിലെ രാജ കുടുംബവുമായി അടുത്ത ബന്ധമുള്ള കുടുംബത്തിൽ ജനിച്ചു. 1970 കൾ മുതൽ പൊതു ജനാരോഗ്യ പ്രവർത്തനം. 1974 ഇൽ തായ് ലാൻഡിലെ പോപ്പുലേഷൻ കൗണ്സിലിന്റ തലവനായി.ഫാമിലി പ്ലാനിങ്ങിന്റെ വക്താവായി. അദ്ദേഹത്തിന്റെ സ്ട്രാറ്റജി സ്ത്രീകളിൽ കോണ്ടം എത്തിച്ചു അതു ഒരു ഗർഭ നിരോധന മാർഗമാക്കുക എന്നതായിരുന്നു.
പക്ഷേ ഒരു പ്രശ്നം സ്ത്രീകൾക്ക് കോണ്ടം ഫ്രീയായി കൊടുത്താലും വാങ്ങുവാൻ മടി. ഇതു ഒരു കീറ മുട്ടി ആയപ്പോൾ മേച്ചായി ഒരു പരീക്ഷണം നടത്തി. അദ്ദേഹവും കൂട്ടരും ആദായ വിലക്ക് ജൈവ പച്ചക്കറി കടകൾ തുടങ്ങി.
സ്ത്രീകൾ പച്ചക്കറി വാങ്ങാൻ ദൂരെ നിന്ന് പോലും വന്നു. പച്ചക്കറി കച്ചവടം പൊടി പൊടിച്ചു പക്ഷേ എല്ലാ പച്ചക്കറി സഞ്ചിയിലും രണ്ടു മൂന്നു പാക്കറ്റ് കോണ്ടം ഇട്ട് കൊടുത്തു. പിന്നെ പിന്നെ പലരും അവിടെ പച്ചകറി വാങ്ങാൻ വന്നത് ഫ്രീ കൊണ്ടതിനു വേണ്ടിയായിരുന്നു. കോണ്ടം കൊടുക്കാതെ വന്നപ്പോൾ ചോദിച്ചു വാങ്ങി . കാരണം ഈ കടകൾ നടത്തിയിരുന്നത് സ്ത്രീകളാണ്.
അങ്ങനെ മേച്ചായി സ്ത്രീകളെ സംഘടിപ്പിച്ചു ജൈവ കൃഷിയും കോണ്ടം പ്രചരണവും നടത്തി. സ്ത്രീകൾക്കും കുട്ടികൾക്കും ലൈംഗിക വിദ്യാഭ്യാസം നൽകി. സ്ത്രീകളുടെ ഇടയിലും സ്‌കൂളുകളിലും വീർപ്പിച്ചു ബലൂൺ മത്സരം നടത്തി. അങ്ങനെ ആ വെജിറ്റബിൾ കട ആദ്യമായി തുടങ്ങിയിടത്താണ് ഇന്നത്തെ പ്രശസ്തമായ കാബേജസ് ആൻഡ് കോണ്ടം എന്ന ഒന്നാം തരം തായ് റെസ്റ്റോറന്റ്. അവിടെ എല്ലാം കൊണ്ടമയമാണ്.
മേച്ചായി കോണ്ടം പ്രചാരണത്തിലൂടെ കോടി കണക്കിന് വരുമാനമുള്ള ഒരു സോഷ്യൽ എന്റർപ്രൈസ് വളർത്തി.
ഇന്ന് പതിനായിരക്കണക്കിന് സ്ത്രീകൾ ജൈവ കൃഷി പരിസ്ഥിതി സംരക്ഷണം എന്നിവ നടത്തുന്നു. കാബേജസ് ആൻഡ് കോണ്ടം റെസ്റ്റോറന്റ്, ഇക്കോ റിസോർട്ടുകൾ കോണ്ടം പ്രൊഡക്ഷൻ. പോപ്പുലേഷൻ കൗൺസിൽ ഇന്ന് 15 നിലയുള്ള കെട്ടിട സമുച്ചയത്തിലാണ് പ്രവർത്തിക്കുന്നത്.
നോബൽ ഒഴിച്ചുള്ള എല്ലാ അവാർഡുകളും ബിൽ ഗേറ്റ്സ് ഇന്നൊവേഷൻ അവാർഡ് 10 മില്ല്യൻ ഡോളർ
ഇന്ന് തായ് ഭാഷയിൽ കോണ്ടത്തിനു 'മേച്ചായി ' എന്നാണ് പറയുന്നത്. പല പ്രാവശ്യം അദ്ദേഹവുമായി ഇടപഴകിയിട്ടുണ്ട്. അദ്ദേഹം ഇതിനിടെ എം പി യും ആരോഗ്യ മന്ത്രിയൊക്കയായി.
അദ്ദേഹത്തിന്റെ ജീവ ചരിത്രത്തിന്റെ പേര് ' കോണ്ടം കിങ് ' എന്നാണ്. ഇന്ന് തായ്‌ലൻഡിൽ ഏത് കടയിലും ഏറ്റവും ദൃശ്യമായി വച്ചിരിക്കുന്നത് കൊണ്ടമാണ്. അതു കൊണ്ടു അവിടെ ജന സംഖ്യ കുറഞ്ഞു. HIV പടർന്നില്ല. അതു നിയന്ത്രണ വിധേയമാക്കി. കോണ്ടത്തിന്റെ നാണക്കേട് മാറ്റിയ വീര വൈദ്യനാണ് മേച്ചായി വീരവൈദ്യ.
കോണ്ടം ഏതാണ്ട് വൃത്തികെട്ട ഏർപ്പാടാണ് എന്ന് കരുതുന്ന പി എച് ഡി യും ഐ പി എസ്സും ഒക്കെയുള്ള നാടാണ് കേരളം എന്നത് നിരോധ് വിപ്ലവം കണ്ട കേരളത്തിന് നാണക്കേടാണ്.
എന്തായാലും ഇവർക്കൊക്കെ കാബേജസ് ആൻഡ് കോണ്ടം റെസ്റ്റോറന്റിൽ കൊണ്ടുപോയി ഊണ് മേടിച്ചു കൊടുത്തു അതു കഴിഞ്ഞു രണ്ടു പാക്കറ്റ് കോണ്ടം ഫ്രീയായി കൊടുക്കണം എന്ന ഒരാഗ്രമുണ്ട്.
ജെ എസ് അടൂർ

Monday, April 20, 2020

ജീവിത സമീപനങ്ങളും വീക്ഷണങ്ങളും


പല മനുഷ്യരുടെയും പല സ്വഭാവങ്ങളും രീതികളും നമുക്ക് പലർക്കും പല കാരണങ്ങളാൽ ഇഷ്ടപ്പെടില്ല. ഇഷ്ടപ്പെടണം എന്നില്ല. അങ്ങനെയുള്ളവരോട് എങ്ങനെ ഇടപെടണം?
ഒരാൾ മനുഷ്യരേ എന്തെങ്കിലും പേരിൽ വിവേചിക്കുന്നില്ലെങ്കിൽ, എല്ലാവരുടെയും ഡിഗ്നിറ്റിയെ ബഹുമാനിക്കുന്നുണ്ടെങ്കിൽ, വാക്കിലും പ്രവർത്തിയിലും വയലൻസ് ഉപയോഗിച്ചില്ലെങ്കിൽ, സഹകരിക്കാവുന്ന മേഖലയിൽ സഹകരിക്കും. അല്ലാത്തിടത്തു ഒഴിവാക്കും.
ചിലപ്പോൾ വിയോജിപ്പ് പ്രകടിപ്പിക്കണ്ടിത്തു വിയോജിപ്പ് മാന്യ ഭാഷയിൽ പ്രകടിപ്പിക്കും. Cooperate where you can, Resist where you must. എന്നാതാണ് നയം.
എല്ലാവരോടും എല്ലാ കാര്യങ്ങളിലും യോജിക്കണം എന്ന് നിര്ബന്ധമില്ല. അത് പോലെ ഞാൻ പറയുന്ന എല്ലാറ്റിനോടും എല്ലാവരും യോജിക്കണം എന്നൊരു നിർബന്ധവും ഇല്ല. ഞാൻ പറയുന്നത് എല്ലാം ശരിയാണ് എന്ന തോന്നലും ഇല്ല.
ആരോഗ്യകരമായ അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും ജനായത്ത സംവാദത്തിനും സംസ്കാരത്തിനും അത്യാവശ്യമാണ് . പലപ്പോഴും വിയോജിപ്പുകളിൽ കൂടിയാണ് സർഗ്ഗാത്‌മത ഉളവാകുന്നത്. വിയോജിപ്പിൽ തുടങ്ങിയ ബന്ധങ്ങൾ ജീവിതത്തിലെ ഏറ്റവും മനോഹരമായ സൗഹൃദങ്ങൾ ആയ അനുഭവങ്ങൾ നിരവധിയാണ്.
പല കാര്യങ്ങളിലും വിയോജിപ്പ് ഉള്ളവരോട് ചില കാര്യങ്ങളിൽ യോജിച്ചും സഹകരിച്ചും പ്രവർത്തിക്കാം എന്ന് കരുതുന്നു. വിയോജിപ്പ് പലതിലും ഉണ്ടെങ്കിലും സുഹൃത് ബന്ധങ്ങൾ സാധ്യമാണെന്ന് കരുതുന്നയാളാണ്. ഏറ്റവും അടുത്ത കൂട്ടുകാരുമായിപ്പോലും വിയോജിച്ചിട്ടും കൂട്ടുകാരാകാൻ സാധിക്കും.
എല്ലാവരും എന്നെപ്പോലെ ചിന്തിക്കണമെന്നും പ്രവർത്തിക്കണം എന്നും ഒട്ടും നിര്ബന്ധമില്ല. ഞാൻ പറയുന്നത് എല്ലാം ശരിയാണ് എന്ന ധാരണയും ഇല്ല.
ജീവിതത്തേയും മനുഷ്യരെയും സമൂഹത്തെയും രാഷ്ട്രീയത്തേയും ബ്ലാക്ക് ആൻഡ് വൈറ്റ് ആയി കാണാറില്ല പലപ്പോഴും ഗ്രെ സോണിലാണ് ശ്രദ്ധിക്കുക. നിലപാടുകളും അഭിപ്രായയങ്ങളും പുന പരിശോധിച്ച് മാറ്റണം എന്ന് തോന്നിയാൽ മറ്റും. പഴയ പല ധാരണകളും മാറ്റിയാണ് ഇത് വരെ വന്നത് .
പഴയ ശീലങ്ങളും രീതികളും തിരുത്തിയും, കളഞ്ഞും പുതിക്കിയും മുന്നോട്ട് പോകണം. One has to constantly outgrow oneself, by learning new things and unlearning many others.
വ്യക്തി വിരോധം ഒരിക്കലും കൊണ്ട് നടക്കാറില്ല. ഒരാളുടെ സ്വഭാവം പല കാരണങ്ങൾ കൊണ്ടും ഒട്ടും സഹിക്കാൻ നിവൃത്തിയില്ലെങ്കിൽ വഴി മാറി നടക്കും അല്ലെങ്കിൽ ഒഴിവാക്കും. നെഗറ്റീവ് എനർജീ പ്രസരിപ്പിക്കുന്ന അവസ്ഥകളിൽ നിന്നും മനുഷ്യരിൽ നിന്നും കഴിവതും മാറി നടക്കും.
ഒരു മനുഷ്യരും പെർഫെക്റ്റ് ആണെന്ന ധാരണയില്ല. പെർഫെക്ട് ആണ് എന്ന് സ്വയം കരുതുന്നവരെ കൂടെ കൂട്ടാറില്ല. Perfect is the enemy of Good എന്നാണ് ധാരണ. ആളുകൾ തെറ്റും കുറ്റവും കുറവുകളും ഒക്കെയുള്ളവരാണ്. അതൊക്കെ എനിക്കുമുണ്ട് അതൊക്കെ തിരുത്തിയും പുതുക്കിയുമൊക്കെയാണ് നാം ജീവിക്കുന്നത്.
പഴയ കാര്യങ്ങൾ ഓർത്തു വിഷമിച്ചിട്ടോ നാളെയെകുറിച്ച് ആശങ്കപെട്ടിട്ടോ പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല. Just getting worried about an issue is not going to solve the issue.
ഒരാളുടെ നല്ല ഗുണങ്ങൾ ആണ് ഞാൻ ആദ്യം ശ്രദ്ധിക്കുന്നത്. അത് അനുസരിച്ചു ആയിരിക്കും എനിക്ക് അയാളുമായുള്ള ബന്ധം. എല്ലാവർക്കും ഒരുപാട് പോസിറ്റീവ് ഗുണങ്ങളുണ്ട്..ഒരാളെകണ്ടാൽ ആദ്യം നോക്കുന്നത് അതാണ് ദോഷങ്ങൾ അപകടരമല്ലെങ്കിൽ അവഗണിക്കും.
രണ്ടു തരം ആള്ക്കാരെ കുറിച്ച് ജാഗ്രത പുലർത്താറുണ്ട്. ഒന്നാമത്തെ വിഭാഗക്കാർ : എല്ലാവരെക്കുറിച്ചും കുറ്റവും കുറവും കണ്ടു പിടിച്ചു പ്രക്ഷേപണം ചെയ്യുന്ന സ്വയം ദൈവങ്ങൾ. അവർ പറയുന്നത് മാത്രം ആണ് ശരിയെന്ന് ശഠിക്കുന്നവർ. മറ്റുള്ളവരെ നിരന്തരം വിധിക്കുന്നവർ. സ്വന്തം കണ്ണിലെ കോൽ കാണാതെ അന്യന്റെ കണ്ണിലെ കരട് തേടുന്നവർ .
രണ്ടാമത്തെ വിഭാഗക്കാർ. മുഖതാവിൽ അതി പ്രശംസ ചൊരിയുന്നവർ. അതുപോലെ സ്വന്തം സുഹൃത്തുക്കളെ കുറിച്ച് അവരില്ലാത്തപ്പോൾ പലകാരണങ്ങൾ കൊണ്ടും ആക്ഷേപം ഉന്നയിച്ചു ഡബിൾ സ്പീക് ചെയ്യുന്നവർ.
Never get carried away by praise or adulation or get depressed about criticism. Those who speak behind the back will continue to do so. That is their problem and not yours.
പൊതുവെയുള്ള വീക്ഷണം. Live and let live എന്നാണ്. അതുപോലെ അസൂയ എന്നത് ആരോടും ഇതുവരെ തോന്നിയിട്ടില്ല. ഒരാൾ എന്നെ വിമർശിച്ചു എന്ന് കരുതി വ്യക്തി വിരോധം കൊണ്ട് നടക്കാറില്ല. ചില വിമർശനങ്ങളെ ഉൾക്കൊണ്ടു സ്വയം തിരുത്തുന്നത് ആണ് സമീപനം. അല്ലാത്തവയെ അവഗണിക്കും.
ഒരാളെ സഹായിക്കുവാൻ അവസരം കിട്ടിയാൽ സഹായിക്കും. ഒന്നും തിരിച്ചു പ്രതീക്ഷിക്കാറില്ല. ആരേയും മനഃപൂർവം ഉപദ്രവിക്കരുത് എന്നതാണ് നയം. സഹായിച്ച പലരും ആവശ്യം കഴിഞ്ഞാൽ മൈൻഡ് ചെയ്യാറില്ല. ഒരു പരിഭവവും അവരോടില്ല. പലപ്പോഴും സഹായിച്ച പലരും തിരിഞ്ഞു കടിക്കാൻ ശ്രമിച്ചാലും അവഗണിക്കും.
കാരണം ആത്മാർത്ഥയും ആത്മ ധൈര്യവുമുണ്ടെങ്കിൽ അത്യാഗ്രഹങ്ങൾ ഇല്ലെങ്കിൽ മനോസുഖമായി ഉറങ്ങാം. മനോസുഖമായി ഉറങ്ങി എണീച്ചു ഇഷ്ടവുമുള്ള കാര്യങ്ങൾ ഇഷ്ട്ടം പോലെ ചെയ്ത് ഇഷ്ട്ടമായി ജീവിക്കുക എന്നതാണ് നിലപാട്.
ജീവിതം ഇന്ന് ഇപ്പോൾ ആണ് എന്ന് കരുതി സര്ഗാത്മകമായും ക്രിയാത്മകമായും ജീവിക്കുക എന്നതാണ് ചെയ്യുന്നത്.
നാളെയെ കുറിച്ച് അധികം വിചാരപെട്ടു വിഷമിക്കാറില്ല.
സാധാരണ പത്തു കൊല്ലത്തേക്കുള്ള ജീവിത കാഴ്ച്ചപ്പാടുകളും ക്രിയാത്മക കാര്യങ്ങളും ചിന്തിച്ചു ക്ലിപ്‌തത വരുത്താറുണ്ട്. എന്ന് വിചാരിച്ചു അത് മാത്രം ഓർത്തല്ലാ ജീവിക്കുന്നത്. എല്ലാം നല്ലതായി വരും എന്ന ശുഭാപ്തി വിശ്വാസവും പ്രത്യാശയും അല്പം കൂടുതലാണ്.
ഇപ്പോൾ മിക്ക കാര്യങ്ങളും ഒരു ഡിറ്റാച്മെന്റോടെ കാണുന്നയാളാണ്. ഇപ്പോൾ ഒരു കാര്യങ്ങളെകുറിച്ചോ, ജോലിയെകുറിച്ചോ, സ്റ്റാറ്റസിനെകുറിച്ചോ ആളുകളെ കുറിച്ചോ പോസെസ്സിവ്നെസ്സ് വളരെ കുറവാണ്.
എന്തെങ്കിലും സ്വയം നേടണമെന്നു വലിയ ആഗ്രഹങ്ങൾ ഇല്ല. എന്നാൽ അടുത്ത ഇരുപതു കൊല്ലങ്ങൾക്കുള്ളിൽ സര്ഗാത്മകവും ക്രിയാത്മകവുമായി കുറെ സ്വപ്‍ന പദ്ധതികൾ മുന്നിലുണ്ട്.
Life is full of possibilities and creative options.
ഒരു പരിധിയിൽ കഴിഞ്ഞു മനുഷ്യന് സ്വയം ഒന്നും പ്ലാൻ ചെയ്യുവാനാവില്ല. നമ്മൾ പ്രതീക്ഷിക്കുന്നത് പോലെയാകണമെന്നില്ല നമ്മുടെ അവസ്ഥകളും സാമൂഹിക അവസ്ഥകളും രാഷ്ട്രീയവുമൊക്കെ.
പലപ്പോഴും നമ്മൾ പലതും ചെയ്യാൻ ശ്രമിച്ചാലും ജീവിത ത്തിന്റെ മനോഹാരിത പലപ്പോഴും അതിന്റെ ആക്സ്മിതകളിലാണ്.
പലപ്പോഴും ഡെസ്ടിനി നമ്മളെ തേടി വരുന്നതിന്റെ യുക്തി നമ്മൾക്ക് പോലും മനസ്സിലാകില്ല.
ഇതുവരെയും പലപ്പോഴും സ്വയം പാത തെളിച്ചു വേറിട്ട വഴികളിൽ നടക്കാൻ ശ്രമിക്കുമ്പോഴും പലപ്പോഴും ആകസ്മികതകളും ഡെസ്ടിനിയുമാണ് വഴിയെ വരുന്നത്. പക്ഷെ ഈ ഡെസ്റ്റിനി എന്ന് പറഞ്ഞത് ഡെസ്റ്റിനേഷനേ കുറിച്ച് ധാരണയുള്ളവർ ഏതാണ്ട് 70% അവരവർ തീരുമാനിക്കുന്നതാണ്. അവരവർ ശ്രമിക്കുന്നത് പോലെയിരിക്കും. അത് കൊണ്ടാണ് Man/woman make his /her destiny എന്ന് പറയുന്നത്.
പക്ഷെ ശ്രമത്തിനോടൊപ്പം ആകസ്മികതകൾ എന്ന x ഫാക്ടർ പലപ്പോഴും സംഭവിക്കുന്നു. ചിലർ ഇതിനെ നിമിത്തം എന്ന് പറയും. ചിലർ ഭാഗ്യമെന്ന്. ചിലർ പറയും 'താൻ പാതി ദൈവം പാതി ".അവസരങ്ങൾ അറിഞ്ഞു പ്രവർത്തിക്കുവാനുള്ള ഉൾവെളിച്ചവും ഉൾവിളിയും കഠിന പരിശ്രമവുമാണ് പലതിനും നിദാനം.
അതുകൊണ്ട് തന്നെ ഇപ്പോഴും ,' ഇഫ് ഐ ആം ഡ്സ്റ്റായിന്റ് റ്റു ഡു സംതിങ് ഇറ്റ് വിൽ ഹാപ്പെൻ' എന്ന യുക്തിയില്ലാത്ത ഉൾബോധം ഒരു കാരണവുമില്ലതെ സജീവമാണ്.
Open to possibilities of life ' and never afraid to die.
Live fully and happily here and now.
ജെ എസ് അടൂർ

കോവിഡ് കാലത്തെ പ്രവാസി -സാമ്പത്തിക വിചാരങ്ങൾ.

കോവിഡ് കാലത്തെ പ്രവാസി -സാമ്പത്തിക
വിചാരങ്ങൾ.
കോവിഡ് ലോക്‌ഡൌൺ വീണ്ടും നീട്ടുവാനുള്ള സാധ്യതകൾ കൂടുതലാണ്.അത് കേരളത്തിലെ ഒരുപാടു പേരുടെ സാമ്പത്തിക ഭദ്രതെ ബാധിക്കും. കേരളത്തിൽ സ്വയം തൊഴിൽ ചെയ്തു ജീവിക്കുന്നവരെയും, ഇരുപതിനായിരത്തിൽ താഴെ മാസം വരുമാനമുള്ളവരെയും പ്രവാസികളെയുമൊക്കെ ബാധിക്കും.
ഇതൊക്കെ സർക്കാരിൽ ഉള്ളവർക്കും അറിയാം. പക്ഷേ എന്താണ് പ്രതിവിധി പ്ലാൻ എന്നാണ് അറിയേണ്ടത്.
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രവാസികളുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. 1980 കളിൽ ഗൾഫിൽ നിന്നും പല രാജ്യങ്ങളിൽ നിന്നും അയച്ചു കൊടുത്തു പണമാണ് കഴിഞ്ഞ മുപ്പതു കൊല്ലമായി കേരളത്തിന്റെ സാമ്പത്തിക വളർച്ചക്ക് നിദാനം.
എന്നാൽ കോവിഡ് ലോക്‌ ഡൌൺലിൽ ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുവാൻ പോകുന്ന വിഭാഗങ്ങളിലൊന്നു പ്രവാസികളാണ്.
കോവിഡ് കാരണം ഏറ്റവും കൂടുതൽ മരിച്ച മലയാളികൾ വിദേശത്താണ്. ഇപ്പോൾ ഏറ്റവും കൂടുതൽ പിരിമുറുക്കം അനുഭവിക്കുന്നവരും പ്രവാസികളാണ്.
ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഉള്ളത് തൊഴിലാളികളാണ്. കോവിഡ് ലോക്‌ ഔട്ട്‌ സാമ്പത്തിക പ്രശ്നം അലട്ടാൻ പോകുന്നത് അവരെയാണ്.
ഇപ്പോൾ തന്നെ കേരളത്തിൽ നിന്ന് ജീ സി സി രാജ്യങ്ങളിൽ ഉള്ള പ്രവാസികളുടെ സാമ്പത്തിക -സാമൂഹിക സുരക്ഷ പ്രധാന പ്രശ്നമാണ് . പലയിടത്തും മലയാള സാമൂഹിക രാഷ്ട്രീയ പ്രവർത്തകാരുടെ സഹായം കൊണ്ട് മാത്രം പിടിച്ചു നിൽക്കുന്നവർ .
അതിൽ പലരുടെയും ശമ്പളം ഇപ്പോൾ തന്നെ 25% വും അമ്പത് ശതമാനവുമായി കുറച്ചു. പലർക്കും ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ്.
പ്രവാസികൾ അയച്ചു കൊടുക്കുന്ന തുക മാത്രമാണ് കേരളത്തിലെ വലിയ ഒരു വിഭാഗം മാധ്യ വർഗ്ഗ കുടുംബങ്ങളുടെ ഏക വരുമാനം. അതിൽ തന്നെ ഒരു വലിയ വിഭാഗത്തിന് ബാങ്ക് ബാലൻസ് കമ്മിയാണ്. വീട്‌ വച്ചതിനിനും കുട്ടികളെ പഠിപ്പിക്കുന്നതിനുമുള്ള ലോൺ വേറെ.
അങ്ങനെയുള്ള മലയാളികൾക്ക് രാഷ്ട്രീയ സ്വാധീനങ്ങളൊക്ക കുറവാണ്. അവരുടെ കോവിഡ്കാല പ്രശ്‍നങ്ങൾ എന്താണ് എന്ന് ഇത് വരെ വസ്തുനിഷ്ഠമായി പഠനം നടത്തിയ ഒരു റിപ്പോർട്ട് കണ്ടിട്ടില്ല.
കാശുള്ള പ്രവാസികളെ പൊതുവെ ബന്ധുക്കൾക്കും നാട്ടുകാർക്കും അമ്പല /പള്ളി കമ്മറ്റിക്കാർക്കും രാഷ്ട്രീയ പാർട്ടികൾക്കും ഇഷ്ട്ടമാണ്. കാശില്ലാത്ത പ്രവാസികളെ ഇവരാരും മൈൻഡ് ചെയ്യുവാനുള്ള സാദ്ധ്യതകൾ വിരളമാണ്. അവരൊന്നും ഒരു കേരള ലോക മഹാ സഭയിലും കാണില്ല .
കോവിഡ് സാമ്പത്തിക പ്രതി സന്ധി ഏറ്റവും കൂടുതൽ സ്വാധിനിക്കാൻ പോകുന്നത് പല ജി സി സി രാജ്യങ്ങളിലാണ്. എണ്ണയുടെ വില താഴുന്നത് അനുസരിച്ചു അവിടെ ഇൻവെസ്റ്റ്‌മെന്റുകൾ കുറയും. ലോക് ഡൌൺ കാലത്തു നികുതി വരുമാനം കുറയും. ഇപ്പോൾ പ്രബലരായ മലയാളി പണക്കാർ ഉൾപ്പെടെയുള്ളവരുടെ ബാങ്ക് വായ്‌പ്പ അടവുകളെ ബാധിക്കും. യു എ ഇ എക്സ്ചെഞ്ചു ഷെട്ടി ഉൾപ്പെടെയുള്ളവർ കോവിഡിന് മുന്നേ തന്നെ സാമ്പത്തിക പ്രതി സന്ധിയിലാണ്.
പല കമ്പനികളും അവരുടെ ബിസിനസ് പുന പരിശോധിക്കും. റിയൽ എസ്റ്റേറ്റ് രംഗത്തുള്ള സാമ്പത്തിക നിക്ഷേപങ്ങൾ ഗൾഫിലും കേരളത്തിലും കുറയും. ടൂറിസം ഗൾഫിലും കേരളത്തിലും കുറയും. ഇത് കാരണം ലക്ഷകണക്കിന് ആളുകളുടെ ജോലി അവിടെയും ഇവിടെയും നഷ്ട്ടപ്പെടുവാനുള്ള സാധ്യതകൂടുതലാണ്.
അത്യാവശ്യം സേവിങ്ങും സാമ്പത്തിക അടിസ്ഥാനവുമുള്ള, ഞാൻ ഉൾപ്പെടെയുള്ളവർ, എന്തെങ്കിലും പുതിയ സംരംഭത്തിൽ പുതിയ നിക്ഷേപം നടത്തുവാനുള്ള സാധ്യതകൾ വളരെകുറവാണ്.
കേരളത്തിലെ ലോക് ഡൌൺ കാലം കഴിഞ്ഞാൽ പിന്നെ മഴക്കാലമാണ്. ഇതെല്ലാം കേരളത്തിലെ വ്യപാര വൈവസായികളെയും സ്വയം തൊഴിൽ ചെയ്തു ജീവിക്കുന്ന മാധ്യ വർഗ്ഗത്തെയും വല്ലാതെ ബാധിക്കും. വായ്പ അടവുകൾ മുടങ്ങും.
കേരളത്തിലെ സാമ്പത്തിക വളർച്ച ഗണ്യമായി കുറയും. അഗ്രിഗേറ്റ്‌ ഡിമാൻഡ് കുറയുന്നതോട് കൂടി നികുതി വരുമാനം കുറഞ്ഞത് മുപ്പതിനായിരം കോടി കുറയും.
എന്തൊക്കെയാണ് ചെയ്യേണ്ടത്.
1)പ്രവാസി സാമ്പത്തിക സാമൂഹിക പ്രശ്നങ്ങളെകുറിച്ച് വിശദമായി പഠിച്ചു ഏതൊക്കെ പോവഴികൾ ഉണ്ടെന്നുതിന് റിപ്പോർട്ട് സമർപ്പിക്കുവാൻ പ്രവാസികൾ (പ്രതേകിച്ചു ജീ സി സി രാജ്യങ്ങളിലെ പ്രവാസികൾ )ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തി സമതിയുണ്ടാക്കുക. മെയ്‌ 15 നു മുമ്പ് റിപ്പോർട്ട് പരിഗണിച്ചു വേണ്ടത് ചെയ്യുക.
2)കേരളത്തിൽ ടൂറിസം, റിയൽ എസ്റ്റേറ്റ്, വ്യപാര വ്യവസായ മേഖകളെ എങ്ങനെ ബാധിക്കുമെന്നു പഠിച്ചു റിപ്പോർട്ട് സമർപ്പിപ്പച്ചു വേണ്ട പോളിസി തീരുമാനങ്ങൾ എടുക്കുക. കേരളത്തിലെ പല സ്വകാര്യ ആശുപത്രികൾ ആയുർവേദ റിസോർട്ടുകൾ എല്ലാം സാമ്പത്തിക പ്രതി സന്ധി നേരിടുകയാണ്. അത് പഠിച്ചു പ്രതി വിധികൾ പ്ലാൻ ചെയേണ്ടത് അത്യാവശ്യമാണ്.
3)കേരളത്തിലെ സാമ്പത്തിക പ്രതി സന്ധി ഏറ്റവും കൂടുതൽ ബാധിക്കുവാൻ പോകുന്നത് സർക്കാർ വരുമാനത്തെയാണ്. മദ്യത്തിന്റ ഉപയോഗവും ഭാഗ്യക്കുറിയും ഉൾപ്പെടെ കുറയും. വസ്തു കച്ചവടം കുറയും., കെട്ടിടം പണികൾ കുറയും അത് പോലെ എല്ലാം രംഗത്തും. ഇത് ഏറ്റവും കൂടുതൽ അനുഭവപ്പെടാൻ പോകുന്നത് ജൂലൈ -ഓഗസ്റ്റിൽ ആയിരിക്കും
ഏതാണ്ട് മുപ്പത്തിനായിരത്തിനും നാല്പത്തിനായിരത്തിന് കോടി ബജറ്റ് കമ്മിഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
അത് സാലറി ചലഞ്ചിൽ നിന്ന് കിട്ടുന്ന ആയിരം കോടി കൊണ്ടൊന്നും പരിഹരിക്കില്ല. അത് മാത്രമല്ല ദുരിതാശ്വാസ നിധിയിൽ പോകുന്ന രൂപ ബജറ്റ് കമ്മി പ്രശ്നത്തിന് പരിഹാരം അല്ല.
കേരളത്തിലെ ബജറ്റ് പുന പരിശോധിച്ച്. റീ ഫൈനാൻസിംഗ് നിർദേശങ്ങൾ ഉൾപ്പെടെ വരുന്ന നിയസഭ സമ്മേളത്തിൽ അവതരിപ്പിച്ചു വേണ്ടത് ചെയ്യണം..
കേരളത്തിന് വിശദമായ കണ്ടിജൻസി പ്ലാൻ തയ്യാറേക്കേണ്ടി ഇരിക്കുന്നു.
ഇത് നേരത്തെയും പറഞ്ഞതാണ്.
കേരളത്തിലെ ജനങ്ങളോടും സർക്കാരിനോടുമുള്ള സ്നേഹം കൊണ്ട് പറഞ്ഞതാണ്.
ജെ എസ് അടൂർ.

ജനായത്ത സംവാദ സംസ്കാരം.


പരസ്പര ബഹുമാനവും പ്രതിപക്ഷ ബഹുമാനവും മാന്യമായ ഭാഷയിൽ വിയോജിപ്പ് പ്രകടിപ്പിക്കുന്നതുമൊക്കെ ജനായത്ത സാമൂഹികവൽക്കരണത്തിന്റയും സംസ്കാരത്തിന്റെയും അടയാളങ്ങളാണ്. സഭ്യമായ ഭാഷയിൽ വിയോജിപ്പ് പ്രകടിപ്പിക്കുന്നത് വിവേകത്തിന്റ ലക്ഷണമാണ്.
പരസ്പരം വാക്കുകൾ കൊണ്ട് ആക്രമിക്കുകയും ഫ്യുഡൽ യാഥാസ്ഥിക മനസ്ഥിതിയിൽ ആളുകളെ തുല്യരായി കാണുവാൻ കഴിയാത്തവർക്ക് ജനായത്ത സംസ്കാരം ഇല്ലാത്തവരാണ്.
തെറിക്കുത്തരം മുറിപ്പത്തൽ എന്ന നിലപാടിനോട് യോജിപ്പ് ഇല്ല. വിയോജിപ്പ് ഉള്ളവരെ തെറികൊണ്ട് അഭിഷേകം ചെയ്യുന്ന ആൾക്കൂട്ട മനഃശാസ്ത്രം ഫാസിസത്തിന്റെ ലക്ഷണമാണ്.

ഒരാളുടെ അച്ഛൻ എന്ത്‌ ജോലി ചെയ്തുവെന്നോ അല്ലെങ്കിൽ അപ്പൂപ്പൻന്മാർ ആരൊക്കെയെന്നൊ നോക്കി വിവേചനത്തോടെ നോക്കുന്നവർ ഫ്യുഡൽ മനസ്ഥിതിയുടെ ബാക്കി പത്രങ്ങളാണ്.
ഒരാളുടെ അച്ഛനെ പറഞ്ഞു ആളുകളെ വിലയിരുത്തുന്നത് പുരുഷ മേധാവിത്ത യാഥസ്ഥിതിക മൂരാച്ചിത്തരത്തിന്റ ലക്ഷണമാണ്.
ഗാന്ധിജീയെയും നെഹ്‌റുവിനെയും വായിക്കാതെ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പോലും വായിക്കാതെ ജനായത്തത്തിന്റ ബാലപാഠങ്ങൾ അറി യാതെ കൊണ്ഗ്രെസ്സ് എന്ന് പറഞ്ഞു നടക്കുന്ന ചിലരാണ് ആ പാർട്ടിയിടെ കുളം തോണ്ടുന്നത്. അതിനർത്ഥം എല്ലാരും അങ്ങനെയാണെന്ന് അല്ല. മിക്കവാറും കൊണ്ഗ്രെസ്സ് നേതാക്കൾ സഭ്യമായ ഭാഷയിലാണ് സംസാരിച്ചു കേട്ടിട്ടുള്ളത്.
പിണറായി വിജയനും വി എസ് അച്യുതാന്ദനും ഒക്കെ മുഖ്യമന്ത്രിയായത് ഓരോ ഇഞ്ചും അകത്തും പുറത്തും ഒളിഞ്ഞും തെളിഞ്ഞുമുള്ള സവർണ്ണ ജാതീയ മുൻവിധികളോടും വിവേചനങ്ങളോടും പൊരുതിയാണ്.
അവർ വായിൽ വെള്ളി കരണ്ടിയുമായി ജനിച്ചവരല്ല. വിവേചനം നിറഞ്ഞ സാമൂഹിക വ്യവസ്ഥയിൽ നിന്നും നേതൃത്വ ശേഷികളും പ്രാപ്തികളും കൊണ്ട് ജീവിതത്തിലെ പ്രയാസ സാഹചര്യങ്ങളെ അതിജീവിച്ചു വന്നവരാണ്. അവരോട് ബഹുമാനദരങ്ങൾക്കുള്ള ഒരു കാരണമതാണ്.
കേരളത്തിൽ സാമൂഹിക നവോത്‌ഥാനം ഒരു പരിധി വരെ നടന്നിട്ടുണ്ട് എന്നുള്ളതിന് അടയാളങ്ങളാണവർ.
ജെ എസ് അടൂർ

Bodhigram food support for our local community members.

17 April at 13:06
Bodhigram food support for our local community members. ബോധിഗ്രാം അവശ്യ സാധനങ്ങളുടെ കിറ്റ്, തുവയൂർ ബോധിഗ്രാം അംഗങ്ങൾക്കും ഞങ്ങളുടെ നാട്ടിൽ ലോക്‌ഡൗൺ പ്രയാസം അനുഭവിക്കുന്നവർക്ക് കൊടുത്തു.