പലപ്പോഴും ഒരു നേതാവിനേകുറിച്ചുള്ള പൊതുധാരണകൾ പല തരത്തിലാണ് സമൂഹത്തിൽ പ്രചരിക്കുന്നത്.
മാധ്യമങ്ങളിൽ കൂടി കണ്ടതും കേട്ടതുമായ വാര്പ്പ് മാതൃകളോ അല്ലെങ്കിൽ രാഷ്ട്രീയ ആരാധകരോ അനുഭാവികളോ ചാർത്തികൊടുക്കുന്ന വീര പരിവേഷമോ, രാഷ്ട്രീയ എതിരാളികൾ നൽകുന്ന വില്ലൻ പരിവേഷമോ ഒക്കെ കൂടികലർന്നയോന്നാണ് പൊതു ധാരണകൾ.
പലപ്പോഴും കക്ഷി രാഷ്ട്രീയ ലെന്സുകള്ക്കതീതമായി നേതാക്കളെയോ മനുഷ്യരെയോ കാണുവാൻ , കേരളത്തിൽ രാഷ്ട്രീയ പാർട്ടി ജ്വരം കൂട്ടിയവർക്ക് സാധിക്കില്ല. ഓരോരുത്തരുടെ പാർട്ടി അനുസരിച്ചു ഒന്നുകിൽ വിഗ്രവൽക്കരിക്കും അല്ലെങ്കിൽ വില്ലനാക്കും. അങ്ങനെ ബ്ലാക്ക് ആൻഡ് വൈറ്റ് കക്ഷി രാഷ്ട്രീയ ധാരണകൾക്കതീതമായി മുൻവിധികൾ ഇല്ലാതെ മാനുഷ്യരെ മനുഷ്യനായി കാണാനാകുന്നവർ ചുരുക്കമാണ്.
If you don't support us, you are against us. എന്ന ബൈനറിക്കപ്പുറം ആളുകളെയും നേതാക്കളെയും കണാൻ കഴിഞ്ഞാൽ മാത്രമേ അവരെ സാകല്യത്തിൽ മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ.
വ്യക്തിപരമായി എനിക്ക് അടുപ്പവും സ്നേഹാദരങ്ങളൾ ഉള്ള നേതാക്കളിൽ പലരും കമ്മ്യുണിസ്റ്റ് /സോഷ്യലിസ്റ്റ് അനുഭാവികളാണ്. അനുഭാവി എന്നത് മനഃപൂർവം ഉപയോഗിച്ചതാണ്.
കാരണം കേരളത്തിൽ കമ്മ്യൂണിസ്റ് പാർട്ടികൾ എന്ന പേരിൽ ഉള്ള പാർട്ടികൾ എല്ലാം പ്രായോഗിക രാഷ്ട്രീയത്തിലും നയപരമായും സോഷ്യൽ ഡെമോക്രാറ്റിക്കോ, ജനായത്ത സോഷ്യലിസ്റ്റുകളോയാണ്. പാർട്ടി സംഘടന സംവിധാനം ( കത്തോലിക്കാ സഭയെപ്പോലെ, ) കേന്ദ്രീകൃത ടോപ് ഡൌൺ നേത്രത്വം പ്രവർത്തിക്കുന്നുവെങ്കിലും, അതിലെ പല നേതാക്കളും ഗാന്ധിയൻമാരും നെഹ്‌റുവിനെ ബഹിമാനിക്കുന്നവരുമൊക്കയാണ്. പലരും ഇന്റെഗ്രിറ്റിയും വ്യക്തിഗുണങ്ങളുള്ളവരാണ്.
കോൺഗ്രസിലെ സോഷ്യലിസ്റ്റ് വിഭാഗമാണ് പിന്നീട് ഇടതു പക്ഷ പാർട്ടികളായത്. അതു പോലെ കേരളത്തിലെ ആദ്യകാല കമ്മ്യുണിസ്റ്റ് നേതാക്കൾ സമുദായ /സാമൂഹിക പരിഷ്കർത്താക്കളായ റിഫോമോസ്റ്റുകളായിരുന്നു. ആ ഡി എൻ എ യാണ് കേരളത്തിലെ കമ്മ്യുണിസ്റ്റ് പാർട്ടികളെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും വ്യത്യസ്ഥമാക്കുന്നത്.
അതു കൊണ്ടു തന്നെ അങ്ങനെയുള്ള പല ഇടതു പക്ഷ ജനകീയിയ നേതാക്കളോടും വ്യക്തിപരമായി സ്നേഹാദരങ്ങളുണ്ട്.
ഇന്നും ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന കേരള മുഖ്യമന്ത്രി മാരിൽ പ്രമുഖർ സി അച്യുത്മേനോനാണ്. എനിക്ക് നേരിട്ട് അറിയുവാൻ സാഹചര്യമുണ്ടായിരുന്ന സഖാവ് പി കേ വി യോടും സഖാവ്. ചന്ദ്രപ്പനോടും വളരെ സ്നേഹാദരങ്ങളുണ്ട്. സഖാവ് ഈ കേ പിള്ള സ്വന്തം നാട്ടുകാരനും വീട്ടുകാരെപ്പോലെ സ്നേഹവും ആയിരിന്നു. അദ്ദേഹത്തപ്പോലെയൊക്ക കക്ഷി രാഷ്ട്രീയ ജാതി മത ഭേദമെന്യ ജനങ്ങൾ ഇഷ്ട്ടപെട്ട നേതാക്കളാണ് കമ്മ്യുണിസ്റ്റ് പാർട്ടികൾക്ക് ജന സ്വാധീനം നൽകിയത്.
ഏതൊരു നേതാവിലും മനുഷ്യരിലും ഗുണദോഷങ്ങളുണ്ട്. അതിൽ ഏത് തിരഞ്ഞെടുക്കണം എന്നത് ഓരോരുത്തരുടെ മനസ്ഥിതിയും സാമൂഹിക സമീപനമനുസരിച്ചു മാറും. എല്ലാവരിലും ഞാൻ ആദ്യമായി നോക്കുന്നത് അവരുടെ പോസിറ്റീവ് ഗുണങ്ങളാണ്.
സുരേഷ് കുറുപ്പിനെ അദ്ദേഹം വിദ്യാർത്ഥി നേതാവായിരിക്കുമ്പോൾ തന്നെ വീക്ഷിക്കുന്നതാണ്.
കേരളത്തിലെ തെരെഞ്ഞടുപ്പിൽ ഒരു പോസ്റ്റർ വിപ്ലവം തുടങ്ങി വച്ചത് സുരേഷ് കുറുപ്പാണ്. കാരണം അതുവരെ ഇടതുപക്ഷ പാർട്ടികൾ ചുവന്ന വലിയ ചിഹ്നത്തിന് താഴെ ചെറിയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയാണ് ഉപയോഗിച്ചിരുന്നത്. സുരേഷ് കുറുപ്പിന്റെ തിരെഞ്ഞെടുപ്പൊടു കൂടിയാണ് തനതായ കോട്ടയം പോസ്റ്റർ ശൈലി കേരളത്തിൽ പ്രചരിച്ചത്.
സുരേഷ്കുറുപ്പ് സുന്ദര സുമുഖനാണ്. ഫോട്ടോ ജനിക്കാണ്. കോട്ടയത്തു ജയിക്കണമെങ്കിൽ പാർട്ടി വോട്ട് മാത്രം പോരാ. ഇന്നും കേരളത്തിലെ തിരെഞ്ഞെടുപ്പിൽ ഏറ്റവും നല്ല പോസ്റ്റർ ഡിസൈനിൽ സുരേഷ് കുറുപ്പ് പോസ്റ്ററിന് ആയിരിക്കും ഒന്നാം സമ്മാനം.
വെക്തിപരമായി പതിനഞ്ചു വർഷത്തോളമുള്ള പരിചയം. അടുത്തു നിന്ന് വീക്ഷിക്കുവാൻ സാധിച്ചിട്ടുണ്ട്.
സുരേഷ് കുറുപ്പിന്റെ നേതൃത്വ ഗുണങ്ങൾ എന്തൊക്കയാണ്
1)നേരും നെറിയുമുള്ള മനുഷ്യനാണ്. സ്വയം വഞ്ചിക്കാതെ രാഷ്ട്രീയ പാർട്ടി നേതൃത്വത്തിൽ പിടിച്ചു നില്ക്കാൻ പ്രയാസമാണ്.
അതുപോലെ നേതാവ് എന്ന പരിവേഷത്തിന് അപ്പുറം മനുഷ്യനായിരിക്കുവാൻ നിരന്തരം ശ്രമിക്കുന്ന യാളാണ് സുരേഷ് കുറുപ്പ്.
നേരിട്ട് അറിഞ്ഞാൽ ഒട്ടു ജാഡകളോ അധികാര അഹങ്കാരങ്ങളോ ഇല്ലാത്ത ഒരു നല്ല മനുഷ്യൻ. ആദ്യമായും അവസാനമായും ഒരു നല്ല മനുഷ്യൻ ആകുകയെന്നത് ഒരു നേതാവിനും അത്ര എളുപ്പമല്ല.
2) ഒരേ സമയം തന്റെ പാർട്ടിയോട് കൂറുള്ളപ്പോൾ തന്നെ പാർട്ടി അതിരുകൾക്ക് അപ്പുറം ഇത്ര മാത്രം ബന്ധമുള്ള നേതാക്കൾ കേരളത്തിൽ കുറവാണ്.
ഒരുപക്ഷെ വിവിധ പാർട്ടി അനുഭാവികൾ ഏറ്റവും കൂടുതൽ തിരെഞ്ഞെടുപ്പ് സംഭാവനയും വോട്ടും കൊടുത്തു ജയിപ്പിക്കുന്ന ചുരുക്കം ചില ജനപ്രതിനിധികളിൽ ഒരാളാണ് സുരേഷ്കുറുപ്പ്.
കോട്ടയം ജില്ലയിൽ നിന്ന് പല പ്രാവശ്യം പാർലമെന്റിലും നിയമ സഭയിലും ജയിച്ച ഏക സി പി എം നേതാവ്. പലപ്പോഴും അടിയുറച്ച കോൺഗ്രസ്സ്കാർപോലും സജീവമായി കൂടെ നിന്ന് വോട്ട് ചെയ്തു ജയിപ്പിക്കുന്ന ഒരാൾ.
പാർട്ടി അനുഭാവ ഭേദമെന്യേ ഒരുപാടു പേരുടെ ഗുഡ് വിൽ ഉള്ള നേതാവാണ് ഡൽഹിയിലും കേരളത്തിലും.
3). ഇത്രമാത്രം ഡിഗ്നിറ്റിയോടെ നോക്കിലും വാക്കിലും വസ്ത്രത്തിലും ശരീര ഭാഷയിലും ഇടപെടുന്നതാണ് സുരേഷ് കുറുപ്പിനെ വ്യത്യസ്തനാക്കുന്നത്.
അടിമുടി മാന്യൻ. അതിനിശിതമായി രാഷ്ട്രീയ വിമർശനം നടത്തുമ്പോഴും സുരേഷിൽ നിന്ന് അരുതരുതാത്ത ഒരു വാക്കും വരില്ല. രാഷ്ട്രീയ എതിരാളികളോട് പോലും അരുതാത്ത വാക്ക് ഉപയോഗിക്കാത്തയാളാണ്
കേരളത്തിൽ ഏറ്റവും നല്ലപോലെ വസ്ത്ര ധാരണവും ഗ്രൂമിംഗും ഉള്ള എം എൽ എ മാരിൽ ഒരാളാണ്.അതിന് ഒരു കാരണം അതു ക്രിതൃമ മായി ചെയ്യുന്ന ഒന്നല്ല. വളരെ തനതായ വ്യക്തിവിശേഷമാണ്. സ്ഥിരം ഡൈ അടിക്കുന്ന രാഷ്ട്രീയ നേതാക്കളുടെയിടയിൽ നരപോലും ഒരു ഗ്ലാമർ സ്റ്റേറ്റ് മെന്റാക്കുവാൻ കുറുപ്പിന് കഴിയും.
4) അധികാരതിനോട് ഒട്ടും ആർത്തിയില്ലാത്ത നേതാക്കളെ കാണുവാൻ പ്രയാസമാണ്. അധികാരത്തിനോടുള്ള അടങ്ങാത്ത ആവേശമാണ് പല നേതാക്കളുടെയും ഡ്രൈവിംഗ് ഫോഴ്‌സ്. അവരുടെ രാഷ്ട്രീയത്തിന്റെ ആൽഫയും ഒമേഗയും അടങ്ങാത്ത അധികാര മോഹ അഭിനിവേശമാണ്. അതാണ് അവരുടെ രാഷ്ട്രീയ ഓക്സിജൻ.
അധികാരത്തിനു വേണ്ടി ആരെയും വെട്ടി നിരത്താനോ കൂടെ ഒരുപാടു കാലം ഉണ്ടായിരുന്നവരെ ബലികൊടുക്കാനോ മടിയില്ലാത്ത രാഷ്ട്രീയ കഠിനതക്ക് അപവാദമാണ് സുരേഷ് കുറുപ്പ്.
രാഷ്ട്രീയ പാർട്ടി ഉപജാപങ്ങളിൽ നിന്നും പാരവെപ്പുകളിൽ നിന്നും അല്പം അകലെ മാറി നടക്കുന്നയൊരാൾ.
കേരളത്തിൽ മന്ത്രിയാകാൻ ഏറ്റവും യോഗ്യതയുള്ള സുരേഷ് കുറുപ്പിന് മന്ത്രിയാക്കാത്തതിൽ ഒരു പരിഭവും ഇല്ലാത്തത് അതു കൊണ്ടാണ്.
നിങ്ങൾക്ക് വേണമെങ്കിൽ എം എൽ എ ആകാം, വേണണമെങ്കിൽ മന്ത്രിയാകാം. ഇതൊന്നും ഇല്ലെങ്കിലും ആരോടും പ്രത്യേകിച്ച് വിരോധം ഇല്ല എന്ന മാനസിക അവസ്ഥയുള്ളവർ രാഷ്ട്രീയത്തിൽ വളരെ കുറവാണ്.
5)വ്യെക്തി ബന്ധങ്ങൾക്ക് ഇത്രമാത്രം വിലമതിക്കുന്നവർ അധികമില്ല.
ഒരാൾ ഫോൺ വിളിച്ചാൽ അപ്പോൾ എടുക്കുവാൻ സാധിച്ചില്ലെങ്കിൽ തിരിച്ചു വിളിക്കുന്ന ഒരാൾ. എത്ര തിരക്കിലും വ്യക്തി സുഹൃത്തുക്കളുടെ കൂടെ നിൽക്കുന്ന പ്രകൃതം. കഴിയുന്നത്ര സഹായിക്കുന്നയാൾ. പാർട്ടി ജാതി മത ഭേദമെന്യേ എല്ലാവരോടും സൗഹൃദം പുലർത്തി കാത്തു സൂക്ഷിക്കുവാനുള്ള കരുതൽ.
ഓരോ നേതാക്കൾക്കും പല ഗുണങ്ങളുണ്ട്. സുരേഷ് കുറിപ്പിൽ കണ്ട ഏറ്റവും വലിയ ഗുണം ക്യാരക്ക്‌റ്ററാണ്. Strength of character എന്നത് മര്യാദയും മൂല്യഗുണങ്ങളും ഉന്നതമായ നൈതീക ബോധവും ഉൾകാഴ്ച്ചകളുമുള്ളവർക്ക് കഴിയുന്നതാണ്. എത്തിക്കൽ ലീഡര്ഷിപ്പിന്റ അടയാളമാണ് strength of character.
സുരേഷ് കുറുപ്പിനേ ഒട്ടും മസിലുപിടുത്തമോ പിരിമുറുക്കമോ ഇല്ലാതെയാണ് കണ്ടിട്ടൂള്ളത്. ഒരിക്കൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിയോഗിയുടെ മുറിയിൽപോയപ്പോൾ അവിടെ ചാരു കസേരയിൽ ഉച്ചമയക്കത്തിൽ കുറുപ്പിനെകണ്ട് മുറി മാറിയോ എന്ന് സംശയം. മെല്ലെ ഉണർത്തി കുശലം പറഞ്ഞിട്ട് ചോദിച്ചു മറ്റേ എം എൽ എ യുടെ മുറി ഏതാണ് എന്ന്. ആ മുറി ഇതു തന്നെ. എന്നിട്ട് ബാൽക്കണിയിൽ നിന്ന് ഫോൺ വിളിക്കുന്ന മറ്റേ എം എൽ എ യെ വിളിച്ചു പറഞ്ഞു ഞാൻ മുറിയിലുണ്ടെന്നു. അതു സുരേഷ് കുറുപ്പിന് മാത്രം കഴിയുയൊന്നാണ്.
അധികാരത്തോടെ ആർത്തിയില്ലാതെ, തികഞ്ഞ നൈതീക ബോധത്തോടെ, സത്യ സന്ധതയോടെ ജീവിക്കുവാൻ ശ്രമിക്കുന്ന ഒരു സുഹൃത്താണ് സഖാവ് സുരേഷ് കുറുപ്പ്. സഖാവ് എന്നത് മലയാളഭാഷയിലെ മനോഹരമായ ഒരു പദമാണ്. ഹൃദയഗ സ്നേഹത്തിന്റെ പര്യായമാണ്.
അറിയുന്ന എല്ലാവരോടും സ്നേഹപൂർവ്വം സഖാവായിരിക്കുവാൻ കഴിയുന്ന നേതാവാണ് സുരേഷ് കുറുപ്പ്. എനിക്കും നല്ല സഖാവാണ് സുരേഷ് കുറുപ്പ്.
ജെ എസ് അടൂർ
No comments:
Post a Comment