Tuesday, April 21, 2020

കാട്ടിനുള്ളിലെ നദിയിലൂടെ


ക്വായി നദിയെ ലോകമറിഞ്ഞത് Bridge on River Kwai എന്ന ഡേവിഡ് ലീനിന്റെ ക്‌ളാസ്സിക് സിനിമ കൊണ്ടാണ്. 1957 ഇൽ. രണ്ടാം ലോക മഹായുദ്ധത്തിലെ ഒരു പ്രധാന യുദ്ധ സംഭവമാണ് സിനിമക്കാധാരം. ആ സിനിമക്ക് 7 ഓസ്കാർ അവാർഡാണ് കിട്ടിയത്.
1943 ഇൽ ബ്രിട്ടിഷ് യുദ്ധ തടവുകാരെ അടിമകളെപ്പോലെ ഉപയോഗിച്ചു തായ്ലാൻഡ് അതിർത്തിയിൽ നിന്ന് ബർമ്മയില്ലേക്ക് യുദ്ധ ആവശ്യത്തിന് നിർമ്മിച്ച റയിൽവേക്കു വേണ്ടി ക്വായി നദിക്കു മുകളിലൂടെ ഒരു പാലം നിർമ്മിച്ചു..
യുദ്ധ തടവുകാരെ അടിമകളെപോലെ രാപ്പകൽ പണിഎടുപ്പിച്ചു. അതു കാരണം 13000 യുദ്ധ തടവുകാർ പട്ടിണിമൂലവും രോഗം മൂലവും മരിച്ചു. അവരെ റെയിൽവേ ട്രാക്കിനു സമീപം ജപ്പാൻകാർ കുഴിച്ചു മൂടി.
അതു മാത്രമല്ല കാഞ്ചനപുരി -ബർമ റെയിൽ പണിയിൽ മലേഷ്യയിൽ നിന്നും ബർമ്മയിൽ നിന്നും ഉള്ള ബോണ്ടഡ് ലേബേഴ്സിൽ ഏതാണ്ട് ഒരു ലക്ഷത്തോളം ആളുകൾ മരിച്ചു. ഈ സംഭത്തെ അധികരിച്ചു പിയെർ ബോൾ (Pierre boulle) എഴുതിയ ഫ്രഞ്ച് നോവലായിരുന്നു സിനിമക്കാധാരം.
അതു കൊണ്ടു തന്നെ റിവർ ക്വായി ലോക പ്രശസ്തമാണ്. 380.കിലോമീറ്റർ നീളമുള്ള നദി തായ്‌ലൻഡിലെ കാഞ്ചന പുരി പ്രോവിന്സിലെ മൂന്നു ജില്ലകളിലൂടെ പോകുന്നു. കാഞ്ചന പുരിയിൽ വച്ചു ക്വായി നോയി നദിയുമായി ചേർന്ന് മേ ക്ളോങ് മഹാനദിയാകും.
പല പ്രാവശ്യം ക്വയി നദിയിലൂടെ ഒഴുക്കിനെയും കാറ്റിനെയും കാടിനെയും തൊട്ടറിഞ്ഞു , കിളികളെ കേട്ടറിഞ്ഞു, മലകളെ കണ്ടറിഞ്ഞു യാത്രകൾ നടത്തിയിട്ടുണ്ട് .
രണ്ടു വശവും ഇടതൂർന്ന വനങ്ങളും മരങ്ങളും മുളകാടുകളും. പക്ഷികൾ മരങ്ങളിൽ നിറഞ്ഞിരുന്നു. കാട്ടിനുള്ളിൽ നദിയിൽ രണ്ടു ഫ്‌ളോട്ടിങ് റിസോർട്ടുകളുണ്ട്.
കാട്ടിനിടയിലൂടെയുള്ള നദിയിലൂടെയുള്ള യാത്ര ഏറ്റവും ഇഷ്ട്ടപ്പെടുന്നയാളാണ്. ആമസോൺ കാടുക്കൾക്കിടയിലൂടെ പത്തു കൊല്ലം മുമ്പ് നടത്തിയ യാത്രയെ ഓർമ്മിപ്പിച്ചതായിരുന്നു ജീവിത പങ്കാളിയുമായി കഴിഞ്ഞ പ്രാവശ്യം വള്ളം വാടകക്കെടുത്തു നടത്തിയ യാത്ര. മനോഹരമായ ഒരു നദീയാത്രനുഭവം
ജെഎസ്സ്‌ അടൂർ

No comments: