കേരളത്തിൽ ഇപ്പോഴും പൊതുകാര്യ അഡ്വക്കസിക്ക് പ്രസ്കതിയുണ്ട്. അതുകൊണ്ടാണ് സർക്കാർ ഇന്ന് സ്പ്രിക്‌ളർ കോൺട്രാക്റ്റിന്റ വിവരം പൊതുവിടത്തു കൊടുക്കുവാൻ നിർബന്ധിതരായത്.
ഇതിന് കാരണം കേരളത്തിൽ എപ്പോഴും ജാഗ്രതയുള്ള പൗര സമൂഹവും രാഷ്ട്രീയ പ്രതിപക്ഷവുമുണ്ടായത് കൊണ്ടാണ്. അത് കേരളം ആരു ഭരിക്കുമ്പോഴുമുണ്ട്.
കേരളത്തിൽ കോവിഡ് പ്രതിരോധം കാര്യക്ഷമമാകുന്നത് താരതമ്യേന വിദ്യാഭ്യാസവിവരവും ജാഗ്രതയുള്ള പൗര സമൂഹവും ഉത്തരവാദിത്ത ബോധമുള്ള സർക്കാർ ഭരണ സംവിധാനങ്ങളും ഉള്ളത് കൊണ്ടാണ് . അതിന്റ ക്രെഡിറ്റ് കേരള സമൂഹത്തിനു മുഴുവനാണ്. കാരണം കേരളത്തിലെ രാഷ്ട്രീയവും ഭരണ സംവിധാനവും കേരളത്തിലെ സമൂഹത്തിൽ നിന്നുള്ളവയതാണ്. മറിച്ചല്ല.
ഇതു കേരളത്തിലെ രാഷ്ട്രീയ സംസ്കാരത്തിന്റ കൂടെ സ്വഭാവമായത് കൊണ്ടു കൂടിയാണ്.
കേരളത്തിലെ ജനായത്ത സംവിധാനം മറ്റുള്ള സംസ്ഥാനങ്ങളെക്കാൾ സജീവമായതു കൊണ്ടാണ് കേരളം പബ്ലിക് ഹെൽത്തിലും അത് പോലെ മാനവിക വികസന സൂചികയിലും ഗവര്ണൻസിലും ഇപ്പോഴും ഇന്ത്യയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാകുന്നത്.
ഇതിന് ഏഴു കാരണങ്ങൾ ഉണ്ട് :
1) കേരളത്തിൽ വിദ്യാഭ്യാസവും ജാഗ്രതയുമുള്ള ഒരു പൊതു സമൂഹമുണ്ട്. ഇതിന് കേരളത്തിൽ കഴിഞ്ഞ അറുപത് കൊല്ലങ്ങളായുള്ള വായന ശാല /ഗ്രന്ഥ ശാല പ്രസ്ഥാനങ്ങളും പൗര സമൂഹ സംഘടനകളും /സമുദായ സംഘടനകളുമെല്ലാം ഉത്തരവാദികളാണ്. ഇങ്ങനെയുള്ളവരിൽ ഭൂരിപക്ഷവും വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടി ചട്ടക്കൂട്ടിനു പുറത്താണ്.
കേരളത്തിൽ 1950 കൾ മുതൽ ഒരു അസോസിയേഷനൽ വിപ്ലവമുണ്ടായിട്ടുണ്ട്.കേരളത്തിലും വെളിയിലും മലയാളികൾ ശരാശരി മൂന്നു സംഘടനകളിൽ അംഗം ആയിരിക്കും. അതിന്റ ഭാഗമാണ് കേരളത്തിൽ സഹകരണ പ്രസ്ഥാനങ്ങൾ വളർന്നത്. കേരളത്തിൽ നാട്ടുമ്പുറത്തുപോലും ഒരു ക്ലബ് കാണും അത് പോലെ സമുദായ സംഘടനകൾ, പ്രൊഫെഷണൽ സംഘടനകൾ, സാമൂഹിക സംഘടനകൾ എല്ലാം മലയാളിയുടെ സാമൂഹിക ജീവിതത്തിന്റ ഭാഗമാണ്
2) അടിസ്ഥാന തലം വരെയുള്ള രാഷ്ട്രീയ പാർട്ടി സംഘടന സംവിധാനം . കേരളത്തിൽ അടിസ്ഥാന തലത്തിലെ രാഷ്ട്രീയ പ്രവർത്തകരിൽ ബഹു ഭൂരിപക്ഷവും ത്രിതല ഗ്രാമ പഞ്ചായത്ത് ലവലിൽ സാമൂഹിക പ്രവർത്തകരാണ് .
കേരളത്തിൽ ഒരു നല്ല സാമൂഹിക പ്രവർത്തകനു മാത്രമേ രാഷ്ട്രീയ പ്രവർത്തകനായി വിജയിക്കുവാൻ സാധിക്കുകയുള്ളൂ . അത് കൊണ്ട് തന്നെ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ പഞ്ചായത്ത് തലത്തിൽ സജീവമാണ്.
3) മുകളിൽ വിവരിച്ച രണ്ടു സ്വാധിനങ്ങളും കേരളത്തിലെ പഞ്ചായത്ത് രാജ് സംവിധാനത്തേ അടിസ്ഥാന തലത്തിൽ പങ്കാളിത്ത ഗവര്ണൻസിന് (participatory governance ) സജീവത നൽകി.
പഞ്ചായത്തുകൾ എല്ലാ ക്ഷേമ പ്രവർത്തനങ്ങളുടെയും അടിസ്ഥാന പൊതു ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുടെ നടത്തിപ്പ് ഏജിൻസിയായി. (Implementation agency ). അത് കൊണ്ട് തന്നെ പഞ്ചായത്ത് ബഡ്ജറ്റ് അലോക്കേഷൻ കൂടി.
പഞ്ചായത്ത് തലത്തിൽ ഉള്ള സ്ത്രീ സാമൂഹിക സംഘാടനം (women social mobilisation ) അടിതട്ടിൽ കമ്മ്യൂണിറ്റി ഗവര്ണസ് സജിവമായ ഇന്ത്യയിലെ ഏക സംസ്ഥാനമാണ് .
കേരളത്തിലെതിന്നു സമമായി കമ്മ്യൂണിറ്റി ഗവേണൻസ് ഉള്ളത് നോർഡിക് -സ്കാന്ഡിനേവിയൻ രാജ്യങ്ങളിലാണ്. കേരളത്തെ വ്യത്യസ്തമാക്കുന്നത് ലോക്കൽ ഡെമോക്രസിയും കമ്മ്യൂണിറ്റി ഗവര്ണൻസുമാണ്.
പക്ഷെ പഞ്ചായത്ത് രാജിന് നിദാനം കേന്ദ്ര സർക്കാർ 90 കളിൽ നരസിംഹറാവുവിന്റ് കാലത്തു കൊണ്ടു വന്ന 72 -73 ഭരണഘടന അമെൻഡ്മെന്റ് കൊണ്ടു സാധ്യമായതാണ് .
4).ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാധ്യമ സാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം.കേരളത്തിൽ മാധ്യമ ചരിത്രത്തിനു നൂറ്റി നാല്പത് കൊല്ലത്തിൽ അധികം പഴക്കമുണ്ട് . ഏതാണ്ട് നൂറുകൊല്ലം മുമ്പ് തന്നെ കേരളത്തിൽ നിരവധി മാധ്യമങ്ങൾ ഉണ്ടായി . കേരളത്തിലെ മാധ്യമങ്ങളോടൊപ്പ വളർന്നതാണ് ഭാഷയും സാഹിത്യവും ഇപ്പോൾ നമ്മൾ സാംസ്കാരിക പ്രവർത്തകർ എന്ന് വിളിക്കുന്നവരും. ഭാഷപോഷിണിയും ഭാഷാ പോഷിണി സഭയും കേരളത്തിൽ 1890 കളുടെ ആരംഭം മുതൽ തുടങ്ങി.
കേരളത്തിൽ സ്കൂൾ വിദ്യാഭ്യാസവും സാക്ഷരതയും 1920 കൾ വളരുവാൻ തുടങ്ങിയതോടെ മാധ്യമങ്ങളും വളർന്നു. സാധാരണ ജനങ്ങൾ പോലും കേരളത്തിൽ മാധ്യങ്ങൾ വായിക്കുവാനും എഴുതുവാനും തുടങ്ങി .
ഇന്നും കേരളത്തിലെ ജനായത്ത സാമൂഹിക രാഷ്ട്രീയം വ്യവഹാരത്തിൽ വലിയ പങ്കു വഹിക്കുന്നത് വിവിധ തരങ്ങളിലുള്ള മാധ്യമങ്ങളാണ്. കേരളത്തിലെ സിനിമകൾപോലും ഒരു മാധ്യമ സംസ്കാരത്തിന്റെ ഭാഗമാണ്.
കേരളത്തിൽ അത് കൊണ്ട് തന്നെ സാമൂഹിക രാഷ്ട്രീയ സുതാര്യത കൂടുതലാണ്.
കേരളത്തിൽ വൻ അഴിമതികൾക്ക് വലിയ സാധ്യത ഇല്ലാത്തത് ഇവിടെ വൻ കിട ബിസിനസ് ഇല്ലാത്തത് മാത്രമല്ല. പ്രധാന ഒരു കാരണം മാധ്യമങ്ങളുടെ ജാഗ്രതയും ' പണി കിട്ടും ' എന്ന് ഭരണത്തിൽ ഉള്ളവരുടെ പേടിയുമാണ്. ജനങ്ങളെയും മാധ്യമങ്ങളെയും പെട്ടന്ന് വിലക്കെടുക്കാനോ വിരട്ടുവാനോ കേരളത്തിൽ പ്രയാസമാണ്.
5) ഇത് എല്ലാം കൊണ്ട് ഭരണത്തിൽ ഉള്ളവർക്കും രാഷ്ട്രീയ പാർട്ടികൾക്കും കേരളത്തിലെ ജനങ്ങളെ 'taken for granted ' എന്ന സമീപനത്തോടെ കാണുവാൻ സാധിക്കില്ല.
കാരണം കേരളത്തിൽ ഒരു പാർട്ടിക്കും ഒറ്റക്ക് ഭരിക്കുവാൻ സാധിക്കില്ല. മുന്നണി ഭരണത്തിൽ ഒരു പാർട്ടി മേധാവിത്തം മാത്രം നടക്കില്ല. കേരളത്തിൽ ഭരണ പക്ഷവും പ്രതിപക്ഷവും തമ്മിൽ വോട്ട് ശതമാനത്തിൽ ചെറിയ ശതമാനം വ്യത്യാസമേയുള്ളൂ.അത്കൊണ്ട് എല്ലാമുന്നണികളും പ്രത്യാശിച്ചത് പോലെ കേരളത്തിൽ ഒരു മുന്നണിക്കും തുടർഭരണം കിട്ടിയിട്ടില്ല. ഇന്നത്തെ പ്രതിപക്ഷം നാളത്തെ ഭരണപക്ഷവും തിരിച്ചുമാകാം.
അത് കേരളത്തിലെ ജനായത്തത്തിന്റ മേന്മu കൂടിയാണ്.
6) കഴിഞ്ഞ മുപ്പതു കൊല്ലങ്ങളിൽ കേരളം വലിയ തോതിൽ ആഗോളവൽക്കരിക്കപ്പെട്ട സംസ്ഥാനമാണ്.
മലയാളികൾ ഇന്ന് ലോകമെമ്പാടുമുള്ള അനുഭവ പരിചയവും, വിവര വിജ്ഞാന സാങ്കേതിക പ്രൊഫഷണൽ പരിചയം ഉള്ളവരാണ്. കേരളത്തിലെ വലിയ വിഭാഗം സാമ്പത്തികമായി മധ്യ വർഗ്ഗമാണ്. അല്ലാത്തവർ സാമൂഹിക മധ്യ വർഗ്ഗവും.
പണ്ട് കേരളത്തിൽ സർക്കാർ ജീവനക്കാർക്ക് ആയിരുന്നു സാമ്പത്തിക പ്രാപ്തിയുള്ള മധ്യ വർഗം. ഇന്ന് സാമ്പത്തിക സുരക്ഷിതത്വവും സർക്കാർ പെട്രേനേജു ആവശ്യമില്ലാത്ത ലക്ഷകണക്കിനു ലോകമെങ്ങുമുള്ള മലയാളികൾ ഗണ്യമായ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ ശക്തിയാണ്. അവരുടെ ഇടപടൽ കേരളത്തിലെ ജനായത്ത രാഷ്ട്രീയത്തിന് പുതിയ മാനം നൽകിയിട്ടുണ്ട്.
അതുപോലെ റമിറ്റൻസ് കേരളത്തിലെ സാമ്പത്തിക വളർച്ചയും ഉപ ഭോഗ സംസ്കാരവും ജീവിത നിലവാരവും ഉയർത്തി.
ഇതു കാരണം സർക്കാർ വരുമാനം വർദ്ധിച്ചു.സർക്കാരിന് ആരോഗ്യ -വിദ്യാഭ്യാസ -സാമൂഹിക സുരക്ഷയിൽ കൂടുതൽ തുക ചിലവാക്കാൻ സാധിച്ചു.
അതു പോലെ ആരോഗ്യ രംഗത്തു സ്വകാര്യ മേഖല വളരെയധികം വളർന്നു. വിദ്യാഭ്യാസവും. ഇതെല്ലാം കൂടിയാണ് കേരളത്തെ പല രീതിയിൽ മാറ്റിയത്.
കാർഷിക പരിസ്ഥിതി കാര്യങ്ങളിൽ പ്രതി സന്ധികൾ ഉണ്ടായപ്പോൾ സർവീസ് സെക്ടറിൽ കേരളം വളർന്നു . പ്രതിശീർഷ സാമ്പത്തിക വളർച്ച ദേശീയ ശരാശരിയിൽ കൂടുതലായി .
ജനങ്ങൾ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമായി കൂടുതൽ ചിലവിടാൻ തുടങ്ങി
കേരളത്തിൽ വിദ്യാഭ്യാസവും ആരോഗ്യ നിലവാരവും മെച്ചമായതിൽ സർക്കാർ സംവിധാനങ്ങൾക്കൊപ്പം സ്വകാര്യ വിദ്യാഭ്യാസ, ആരോഗ്യ മേഖലക്ക് വലിയ പങ്കുണ്ട്.
7) സോഷ്യൽ മീഡിയയുടെ വളർച്ചയോട് കൂടി ലോകമെങ്ങും ഉള്ള മലയാളികൾ പബ്ലിക് ഡിസ്കോഴ്സിന്റെ ഭാഗമായി.
കേരളത്തിൽ ഗവര്ണസിലും പബ്ലിക് പോളിസിയിലുമെല്ലാം ഡിജിറ്റൽ സിവിൽ സൊസൈറ്റി വലിയ സ്വാധീനം ചിലത്തുവാൻ തുടങ്ങി. കഴിഞ്ഞ പത്തു കൊല്ലങ്ങളിൽ അതു മാധ്യമ -രാഷ്ട്രീയ വ്യവഹാരങ്ങളിൽ ഇടപെടുവാൻ ശക്തിയുള്ള ഒരു ന്യൂ ജെനെറേഷൻ പൊളിറ്റിക്സിന് സാധ്യത നൽകുന്നുണ്ട്.
ഇതെല്ലാം കേരളത്തിൽ 19 നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും, കഴിഞ്ഞ മുപ്പതു കൊല്ലവുമായുള്ള വിവിധ സാമൂഹിക -സാമ്പത്തിക രാഷ്ട്രീയ മാറ്റങ്ങൾ കാരണമാണ്. വിവിധ സാമൂഹിക -രാഷ്ട്രീയ ഇടപെടൽ കാരണമാണ്. എല്ലാ സമുദായങ്ങളിലുമുണ്ടായിരുന്ന യഥാസ്ഥിതിക അനാചാരങ്ങളെ ചോദ്യം ചെയ്തത് കൊണ്ടാണ്. ജാതി മത വിവേചനകൾക്കെതിരെ വിവിധ വ്യക്തികളും സംഘടനകളും നിലപാടുകൾ എടുത്തത് കൊണ്ടാണ്. സമാന അവകാശ ബോധ്യങ്ങൾ സമൂഹത്തിൽ വളർന്നതിൽ സാമൂഹിക -രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് പങ്കുണ്ട്. ഇത് കൊണ്ടൊക്കെയാണ് കഴിഞ്ഞ നൂറു കൊല്ലങ്ങൾക്കുള്ളിൽ കേരളത്തിൽ ജനായത്ത രാഷ്ട്രീയത്തിന്റ സാമൂഹിക വൽക്കരണമുണ്ടായത്.
അല്ലാതെ ഏതെങ്കിലും ഒരു കാരണം കൊണ്ടോ ഒരു സർക്കാർ കൊണ്ടോ ഒരു പാർട്ടികൊണ്ടോ ഒരു നേതാവിനെകൊണ്ടോ അല്ല.
കഴിഞ്ഞ നൂറു കൊല്ലമുണ്ടായ സാമൂഹിക സാമ്പത്തിക മാറ്റങ്ങളുടെ പരിണിത ഫലമാണ് ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾ. സത്യത്തിൽ കേരളത്തിൽ സമുദായ സംഘടനകളാണ് രാഷ്ട്രീയ പാർട്ടികളെക്കാൾ പഴക്കമുള്ളത്.
അത് കൊണ്ടു തന്നെ രാഷ്ട്രീയപാർട്ടികൾക്ക് പോലും സാമുദായിക സംഘടനകളുടെ സബ്ടെക്സ്റ്റ് ഉണ്ട്. എത്ര ' പുരോഗമനം ' പറയുന്ന പാർട്ടികൾപ്പോലും ജാതി മത സമവാക്യങ്ങളും നോക്കിയാണ് കേരളത്തിൽ സ്ഥാനാർഥികളെ നിർത്തുന്നത്. റിസേർവേഷൻ സീറ്റിൽ അല്ലാതെ കേരളത്തിൽ എത്ര ദളിതർ നിയമ സഭയിലേക്കോ പാർലെമെന്റിലേക്കോ തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്?
കേരളത്തിലെ രാഷ്ട്രീയം ഇപ്പോഴും പുരുഷ മേധാവിത്തത്തിന്റ പിടിയിലാണ്. അതിനാലാണ്. കേരളത്തിൽ സ്ത്രീ നേതാക്കളെ ഉയർന്നു വരാൻ ഇട നൽകാത്തത്. കേരളത്തിൽ ഒരു പരിധിവരെ രാഷ്ട്രീയ ജനായത്ത സംസ്കാരമുണ്ടായിട്ടും സാമൂഹിക യാഥാസ്ഥികത്വവും ജാതി -മത മുൻവിധികളും ഇന്നും ഒരു പരിധിവരെ നിൽക്കുന്നു
സമൂഹം രാഷ്ട്രീയ പാർട്ടികളിൽ നിന്നല്ല. രാഷ്ട്രീയ പാർട്ടികൾ സമൂഹത്തിൽ നിന്നാണ്. സമൂഹത്തിൽ ഉള്ള പ്രശ്‍നങ്ങളും മുൻവിധികളും രാഷ്ട്രീയ പാർട്ടികളിലും കാണും . കേരളത്തിൽ ഇപ്പോഴും പൗര സമൂഹം രാഷ്ട്രീയ പാർട്ടികളെക്കാൾ വലുത് ആയത് കൊണ്ടാണ് കേരളത്തിൽ ഏക പാർട്ടി ഭരണം നടക്കാത്തത്.
അതു പോലെ കേരളത്തിന്റെ ഡെമോഗ്രാഫി മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. കേരളത്തിൽ ക്രിസ്ത്യൻ മുസ്ലിം സമുദായങ്ങൾ വിദേശത്തു നിന്ന് വന്നതല്ല. കേരളത്തിന്റെ ചരിത്രത്തിന്റെയും സമൂഹത്തിന്റെയും ഭാഷയുടെയും സംസ്കാരത്തിന്റയും സാമ്പത്തിക വ്യവസ്‌ഥയുടെയും മുഖ്യ ധാരയാണ്. അതു പോലെ കേരളത്തിലെ ദളിത് ആദിവാസി വിഭാഗങ്ങൾ അവരുടെ അവകാശങ്ങളെകുറിച്ച് രാഷ്ട്രീയ ബോധം ഉള്ളവരാണ്.
കേരളത്തിൽ അതു കൊണ്ടു തന്നെ ഒരു മതത്തിനോ, ജാതിക്കോ, സമുദായത്തിനോ ഒരു പാർട്ടിക്കോ മേധാവിത്തം നേടുവാൻ പ്രയാസമാണ്.
മധ്യവർഗ്ഗ സ്വഭാവമുള്ള കേരളത്തിൽ ഒരു നെഗോഷിയേറ്റഡ് പൊളിറ്റിക്കൽ കൾച്ചറാണ്. അതുകൊണ്ടാണ് കേരളത്തിലെ രാഷ്ട്രീയ സംസ്കാരം സമവായങ്ങളുടെ ഒത്തുതീർപ്പ് അധികാര പങ്ക് വയ്ക്കൽ ആകുന്നത്.
കേരള രാഷ്ട്രീയ ചരിത്രത്തിന്റ ഡി എൻ എ യിൽ സമ്മർദ്ദ രാഷ്ട്രീയവും സമയവായ രാഷ്ട്രീയവും ഇണചേർന്ന അക്കോമഡേറ്റിവ് പൊളിറ്റിക്‌സാണ് ഉള്ളത്.
രണ്ടു മുന്നണി മാറിമാറി ഭരിച്ചാലും കോണ്ടെസ്റ്റേഷനും കൊളാബറേഷനും കോമ്പ്രമൈസ് കൊണ്ടുമാണ് ഇവിടെ ഗവര്ണൻസ് പ്രക്രിയ നടക്കുന്നത്.
അങ്ങനെയുള്ള മധ്യ വർഗ്ഗ, മധ്യ രേഖ രാഷ്ട്രീയ സംസ്കാരത്തിൽ തീവ്ര രാഷ്ട്രീയത്തിന് ഇടമില്ല.
അതുകൊണ്ടാണ് ഇടതു പക്ഷ, വലതു പക്ഷ തീവ്ര രാഷ്ട്രീയത്തിന് കേരളത്തിൽ വലിയ രാഷ്ട്രീയ ഇടം ഇല്ലാത്തത്.
കേരളത്തിൽ ബി ജി പി ക്കുപോലും ഇവിടുത്തെ സവർണ്ണ സമുദായത്തിന്റെ വോട്ട് എല്ലാം കിട്ടിയാലും കേരളം ഭരിക്കാനാവില്ല.
കാരണം കേരളത്തിന്റെ ഡെമോഗ്രഫിയിൽ തീവ്ര വർഗീയതിക്ക് രാഷ്ട്രീയ അധികാരത്തിൽ പിടിച്ചു നിൽക്കാൻ സ്കോപ് ഇല്ല.
കേരളത്തിൽ എല്ലാ സമുദായങ്ങളെയും വിശ്വാസത്തിൽ എടുക്കാതെ ആർക്കും ഏകപക്ഷീയമായി ഭരണം പിടിക്കുവാനോക്കില്ല.
കേരളത്തിൽ ഏറ്റവും വലിയ പാർട്ടികൾക്ക് പോലും കേരളത്തിലെ ജനതയുടെ രണ്ടു ശതമാനം പോലും അംഗങ്ങൾ ഇല്ല. അതു കൊണ്ടു തന്നെ ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവോ, പാർട്ടിയൊ കാരണമാണ് കേരളത്തിൽ ഇതൊക്കെ നടത്തുന്നത് എന്ന് കരുതുന്നത് വണ്ടിയെ കുതിരക്ക് മുന്നിൽ വച്ചു കെട്ടുന്നത് പോലെയാണ്. Putting the cart before horse.
കേരളത്തെ മുന്നോട്ട് കൊണ്ടു പോകുന്നത് പല വിധ വൈരുധ്യങ്ങളാണ്.
ഇവിടെ വിദ്യാഭ്യാസവും ആരോഗവും കൂടുവാൻ ഒരു കാരണം ജനസാന്ദ്രതയാണ്.
കേരളത്തിൽ നഗര സംസ്കാരം ഗ്രാമ സംസ്കാരത്തിന്റെ തുടർച്ചയാണ് . അതു കൊണ്ടു തന്നെ വിദ്യാഭ്യസത്തിനും ആരോഗ്യത്തിനും സാക്ഷരതക്കും മാധ്യമങ്ങൾക്കും കേരളത്തിൽ കൂടുതൽ ആക്സസ് ഉണ്ടായിരുന്നു.
മറ്റു സംസ്ഥാനങ്ങളിലെക്കാൾ വളരെ വിഭിന്ന ഹാബിറ്റാറ്റ് ആണ് കേരളത്തിൽ.
അതു പോലെ കേരളത്തിൽ ഏറ്റവും കൂടുതൽ കൾച്ചറൽ, ഇക്കോണോമിക് സിംബയോസിസ് നടന്നത് കടൽ ബന്ധങ്ങളിൽ കൂടിയാണ്.
കേരളത്തിലെ പബ്ലിക് ഹെൽത്തും, വിദ്യാഭ്യസവും ജന പങ്കാളിത്തവും രാഷ്ട്രീയ ജാഗ്രതയും ഏതെങ്കിലും പാർട്ടിയുടെയൊ നേതാവിന്റയൊ മെഹർബാനി കൊണ്ടുണ്ടായതല്ല.
അത് നൂറ്റമ്പത് കൊല്ലങ്ങളിൽ അധികമായ സാമൂഹിക -രാഷ്ട്രീയ - സാംസ്‌കാരിക പ്രക്രിയയുടെയും ജനായത്ത രാഷ്ട്രീയ പ്രക്രിയയുടെയും ഫലമാണ്.
അങ്ങനെയാണ് കേരളം ഇങ്ങനെ ആയത്.
ജെ എസ് അടൂർ.
https://www.marunadanmalayali.com/opinion/sociopolitical/js-adoor-article-184312?fbclid=IwAR004Pz6OvbsFw40CALLEIy5jEfKfiEc84pts5EoBgo75mxo4EHhk0Wbri4
No comments:
Post a Comment