Monday, April 20, 2020

കോവിഡ് കാലത്തെ പ്രവാസി -സാമ്പത്തിക വിചാരങ്ങൾ.

കോവിഡ് കാലത്തെ പ്രവാസി -സാമ്പത്തിക
വിചാരങ്ങൾ.
കോവിഡ് ലോക്‌ഡൌൺ വീണ്ടും നീട്ടുവാനുള്ള സാധ്യതകൾ കൂടുതലാണ്.അത് കേരളത്തിലെ ഒരുപാടു പേരുടെ സാമ്പത്തിക ഭദ്രതെ ബാധിക്കും. കേരളത്തിൽ സ്വയം തൊഴിൽ ചെയ്തു ജീവിക്കുന്നവരെയും, ഇരുപതിനായിരത്തിൽ താഴെ മാസം വരുമാനമുള്ളവരെയും പ്രവാസികളെയുമൊക്കെ ബാധിക്കും.
ഇതൊക്കെ സർക്കാരിൽ ഉള്ളവർക്കും അറിയാം. പക്ഷേ എന്താണ് പ്രതിവിധി പ്ലാൻ എന്നാണ് അറിയേണ്ടത്.
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രവാസികളുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. 1980 കളിൽ ഗൾഫിൽ നിന്നും പല രാജ്യങ്ങളിൽ നിന്നും അയച്ചു കൊടുത്തു പണമാണ് കഴിഞ്ഞ മുപ്പതു കൊല്ലമായി കേരളത്തിന്റെ സാമ്പത്തിക വളർച്ചക്ക് നിദാനം.
എന്നാൽ കോവിഡ് ലോക്‌ ഡൌൺലിൽ ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുവാൻ പോകുന്ന വിഭാഗങ്ങളിലൊന്നു പ്രവാസികളാണ്.
കോവിഡ് കാരണം ഏറ്റവും കൂടുതൽ മരിച്ച മലയാളികൾ വിദേശത്താണ്. ഇപ്പോൾ ഏറ്റവും കൂടുതൽ പിരിമുറുക്കം അനുഭവിക്കുന്നവരും പ്രവാസികളാണ്.
ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഉള്ളത് തൊഴിലാളികളാണ്. കോവിഡ് ലോക്‌ ഔട്ട്‌ സാമ്പത്തിക പ്രശ്നം അലട്ടാൻ പോകുന്നത് അവരെയാണ്.
ഇപ്പോൾ തന്നെ കേരളത്തിൽ നിന്ന് ജീ സി സി രാജ്യങ്ങളിൽ ഉള്ള പ്രവാസികളുടെ സാമ്പത്തിക -സാമൂഹിക സുരക്ഷ പ്രധാന പ്രശ്നമാണ് . പലയിടത്തും മലയാള സാമൂഹിക രാഷ്ട്രീയ പ്രവർത്തകാരുടെ സഹായം കൊണ്ട് മാത്രം പിടിച്ചു നിൽക്കുന്നവർ .
അതിൽ പലരുടെയും ശമ്പളം ഇപ്പോൾ തന്നെ 25% വും അമ്പത് ശതമാനവുമായി കുറച്ചു. പലർക്കും ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ്.
പ്രവാസികൾ അയച്ചു കൊടുക്കുന്ന തുക മാത്രമാണ് കേരളത്തിലെ വലിയ ഒരു വിഭാഗം മാധ്യ വർഗ്ഗ കുടുംബങ്ങളുടെ ഏക വരുമാനം. അതിൽ തന്നെ ഒരു വലിയ വിഭാഗത്തിന് ബാങ്ക് ബാലൻസ് കമ്മിയാണ്. വീട്‌ വച്ചതിനിനും കുട്ടികളെ പഠിപ്പിക്കുന്നതിനുമുള്ള ലോൺ വേറെ.
അങ്ങനെയുള്ള മലയാളികൾക്ക് രാഷ്ട്രീയ സ്വാധീനങ്ങളൊക്ക കുറവാണ്. അവരുടെ കോവിഡ്കാല പ്രശ്‍നങ്ങൾ എന്താണ് എന്ന് ഇത് വരെ വസ്തുനിഷ്ഠമായി പഠനം നടത്തിയ ഒരു റിപ്പോർട്ട് കണ്ടിട്ടില്ല.
കാശുള്ള പ്രവാസികളെ പൊതുവെ ബന്ധുക്കൾക്കും നാട്ടുകാർക്കും അമ്പല /പള്ളി കമ്മറ്റിക്കാർക്കും രാഷ്ട്രീയ പാർട്ടികൾക്കും ഇഷ്ട്ടമാണ്. കാശില്ലാത്ത പ്രവാസികളെ ഇവരാരും മൈൻഡ് ചെയ്യുവാനുള്ള സാദ്ധ്യതകൾ വിരളമാണ്. അവരൊന്നും ഒരു കേരള ലോക മഹാ സഭയിലും കാണില്ല .
കോവിഡ് സാമ്പത്തിക പ്രതി സന്ധി ഏറ്റവും കൂടുതൽ സ്വാധിനിക്കാൻ പോകുന്നത് പല ജി സി സി രാജ്യങ്ങളിലാണ്. എണ്ണയുടെ വില താഴുന്നത് അനുസരിച്ചു അവിടെ ഇൻവെസ്റ്റ്‌മെന്റുകൾ കുറയും. ലോക് ഡൌൺ കാലത്തു നികുതി വരുമാനം കുറയും. ഇപ്പോൾ പ്രബലരായ മലയാളി പണക്കാർ ഉൾപ്പെടെയുള്ളവരുടെ ബാങ്ക് വായ്‌പ്പ അടവുകളെ ബാധിക്കും. യു എ ഇ എക്സ്ചെഞ്ചു ഷെട്ടി ഉൾപ്പെടെയുള്ളവർ കോവിഡിന് മുന്നേ തന്നെ സാമ്പത്തിക പ്രതി സന്ധിയിലാണ്.
പല കമ്പനികളും അവരുടെ ബിസിനസ് പുന പരിശോധിക്കും. റിയൽ എസ്റ്റേറ്റ് രംഗത്തുള്ള സാമ്പത്തിക നിക്ഷേപങ്ങൾ ഗൾഫിലും കേരളത്തിലും കുറയും. ടൂറിസം ഗൾഫിലും കേരളത്തിലും കുറയും. ഇത് കാരണം ലക്ഷകണക്കിന് ആളുകളുടെ ജോലി അവിടെയും ഇവിടെയും നഷ്ട്ടപ്പെടുവാനുള്ള സാധ്യതകൂടുതലാണ്.
അത്യാവശ്യം സേവിങ്ങും സാമ്പത്തിക അടിസ്ഥാനവുമുള്ള, ഞാൻ ഉൾപ്പെടെയുള്ളവർ, എന്തെങ്കിലും പുതിയ സംരംഭത്തിൽ പുതിയ നിക്ഷേപം നടത്തുവാനുള്ള സാധ്യതകൾ വളരെകുറവാണ്.
കേരളത്തിലെ ലോക് ഡൌൺ കാലം കഴിഞ്ഞാൽ പിന്നെ മഴക്കാലമാണ്. ഇതെല്ലാം കേരളത്തിലെ വ്യപാര വൈവസായികളെയും സ്വയം തൊഴിൽ ചെയ്തു ജീവിക്കുന്ന മാധ്യ വർഗ്ഗത്തെയും വല്ലാതെ ബാധിക്കും. വായ്പ അടവുകൾ മുടങ്ങും.
കേരളത്തിലെ സാമ്പത്തിക വളർച്ച ഗണ്യമായി കുറയും. അഗ്രിഗേറ്റ്‌ ഡിമാൻഡ് കുറയുന്നതോട് കൂടി നികുതി വരുമാനം കുറഞ്ഞത് മുപ്പതിനായിരം കോടി കുറയും.
എന്തൊക്കെയാണ് ചെയ്യേണ്ടത്.
1)പ്രവാസി സാമ്പത്തിക സാമൂഹിക പ്രശ്നങ്ങളെകുറിച്ച് വിശദമായി പഠിച്ചു ഏതൊക്കെ പോവഴികൾ ഉണ്ടെന്നുതിന് റിപ്പോർട്ട് സമർപ്പിക്കുവാൻ പ്രവാസികൾ (പ്രതേകിച്ചു ജീ സി സി രാജ്യങ്ങളിലെ പ്രവാസികൾ )ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തി സമതിയുണ്ടാക്കുക. മെയ്‌ 15 നു മുമ്പ് റിപ്പോർട്ട് പരിഗണിച്ചു വേണ്ടത് ചെയ്യുക.
2)കേരളത്തിൽ ടൂറിസം, റിയൽ എസ്റ്റേറ്റ്, വ്യപാര വ്യവസായ മേഖകളെ എങ്ങനെ ബാധിക്കുമെന്നു പഠിച്ചു റിപ്പോർട്ട് സമർപ്പിപ്പച്ചു വേണ്ട പോളിസി തീരുമാനങ്ങൾ എടുക്കുക. കേരളത്തിലെ പല സ്വകാര്യ ആശുപത്രികൾ ആയുർവേദ റിസോർട്ടുകൾ എല്ലാം സാമ്പത്തിക പ്രതി സന്ധി നേരിടുകയാണ്. അത് പഠിച്ചു പ്രതി വിധികൾ പ്ലാൻ ചെയേണ്ടത് അത്യാവശ്യമാണ്.
3)കേരളത്തിലെ സാമ്പത്തിക പ്രതി സന്ധി ഏറ്റവും കൂടുതൽ ബാധിക്കുവാൻ പോകുന്നത് സർക്കാർ വരുമാനത്തെയാണ്. മദ്യത്തിന്റ ഉപയോഗവും ഭാഗ്യക്കുറിയും ഉൾപ്പെടെ കുറയും. വസ്തു കച്ചവടം കുറയും., കെട്ടിടം പണികൾ കുറയും അത് പോലെ എല്ലാം രംഗത്തും. ഇത് ഏറ്റവും കൂടുതൽ അനുഭവപ്പെടാൻ പോകുന്നത് ജൂലൈ -ഓഗസ്റ്റിൽ ആയിരിക്കും
ഏതാണ്ട് മുപ്പത്തിനായിരത്തിനും നാല്പത്തിനായിരത്തിന് കോടി ബജറ്റ് കമ്മിഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
അത് സാലറി ചലഞ്ചിൽ നിന്ന് കിട്ടുന്ന ആയിരം കോടി കൊണ്ടൊന്നും പരിഹരിക്കില്ല. അത് മാത്രമല്ല ദുരിതാശ്വാസ നിധിയിൽ പോകുന്ന രൂപ ബജറ്റ് കമ്മി പ്രശ്നത്തിന് പരിഹാരം അല്ല.
കേരളത്തിലെ ബജറ്റ് പുന പരിശോധിച്ച്. റീ ഫൈനാൻസിംഗ് നിർദേശങ്ങൾ ഉൾപ്പെടെ വരുന്ന നിയസഭ സമ്മേളത്തിൽ അവതരിപ്പിച്ചു വേണ്ടത് ചെയ്യണം..
കേരളത്തിന് വിശദമായ കണ്ടിജൻസി പ്ലാൻ തയ്യാറേക്കേണ്ടി ഇരിക്കുന്നു.
ഇത് നേരത്തെയും പറഞ്ഞതാണ്.
കേരളത്തിലെ ജനങ്ങളോടും സർക്കാരിനോടുമുള്ള സ്നേഹം കൊണ്ട് പറഞ്ഞതാണ്.
ജെ എസ് അടൂർ.

No comments: