Monday, April 20, 2020

ജനായത്ത സംവാദ സംസ്കാരം.


പരസ്പര ബഹുമാനവും പ്രതിപക്ഷ ബഹുമാനവും മാന്യമായ ഭാഷയിൽ വിയോജിപ്പ് പ്രകടിപ്പിക്കുന്നതുമൊക്കെ ജനായത്ത സാമൂഹികവൽക്കരണത്തിന്റയും സംസ്കാരത്തിന്റെയും അടയാളങ്ങളാണ്. സഭ്യമായ ഭാഷയിൽ വിയോജിപ്പ് പ്രകടിപ്പിക്കുന്നത് വിവേകത്തിന്റ ലക്ഷണമാണ്.
പരസ്പരം വാക്കുകൾ കൊണ്ട് ആക്രമിക്കുകയും ഫ്യുഡൽ യാഥാസ്ഥിക മനസ്ഥിതിയിൽ ആളുകളെ തുല്യരായി കാണുവാൻ കഴിയാത്തവർക്ക് ജനായത്ത സംസ്കാരം ഇല്ലാത്തവരാണ്.
തെറിക്കുത്തരം മുറിപ്പത്തൽ എന്ന നിലപാടിനോട് യോജിപ്പ് ഇല്ല. വിയോജിപ്പ് ഉള്ളവരെ തെറികൊണ്ട് അഭിഷേകം ചെയ്യുന്ന ആൾക്കൂട്ട മനഃശാസ്ത്രം ഫാസിസത്തിന്റെ ലക്ഷണമാണ്.

ഒരാളുടെ അച്ഛൻ എന്ത്‌ ജോലി ചെയ്തുവെന്നോ അല്ലെങ്കിൽ അപ്പൂപ്പൻന്മാർ ആരൊക്കെയെന്നൊ നോക്കി വിവേചനത്തോടെ നോക്കുന്നവർ ഫ്യുഡൽ മനസ്ഥിതിയുടെ ബാക്കി പത്രങ്ങളാണ്.
ഒരാളുടെ അച്ഛനെ പറഞ്ഞു ആളുകളെ വിലയിരുത്തുന്നത് പുരുഷ മേധാവിത്ത യാഥസ്ഥിതിക മൂരാച്ചിത്തരത്തിന്റ ലക്ഷണമാണ്.
ഗാന്ധിജീയെയും നെഹ്‌റുവിനെയും വായിക്കാതെ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പോലും വായിക്കാതെ ജനായത്തത്തിന്റ ബാലപാഠങ്ങൾ അറി യാതെ കൊണ്ഗ്രെസ്സ് എന്ന് പറഞ്ഞു നടക്കുന്ന ചിലരാണ് ആ പാർട്ടിയിടെ കുളം തോണ്ടുന്നത്. അതിനർത്ഥം എല്ലാരും അങ്ങനെയാണെന്ന് അല്ല. മിക്കവാറും കൊണ്ഗ്രെസ്സ് നേതാക്കൾ സഭ്യമായ ഭാഷയിലാണ് സംസാരിച്ചു കേട്ടിട്ടുള്ളത്.
പിണറായി വിജയനും വി എസ് അച്യുതാന്ദനും ഒക്കെ മുഖ്യമന്ത്രിയായത് ഓരോ ഇഞ്ചും അകത്തും പുറത്തും ഒളിഞ്ഞും തെളിഞ്ഞുമുള്ള സവർണ്ണ ജാതീയ മുൻവിധികളോടും വിവേചനങ്ങളോടും പൊരുതിയാണ്.
അവർ വായിൽ വെള്ളി കരണ്ടിയുമായി ജനിച്ചവരല്ല. വിവേചനം നിറഞ്ഞ സാമൂഹിക വ്യവസ്ഥയിൽ നിന്നും നേതൃത്വ ശേഷികളും പ്രാപ്തികളും കൊണ്ട് ജീവിതത്തിലെ പ്രയാസ സാഹചര്യങ്ങളെ അതിജീവിച്ചു വന്നവരാണ്. അവരോട് ബഹുമാനദരങ്ങൾക്കുള്ള ഒരു കാരണമതാണ്.
കേരളത്തിൽ സാമൂഹിക നവോത്‌ഥാനം ഒരു പരിധി വരെ നടന്നിട്ടുണ്ട് എന്നുള്ളതിന് അടയാളങ്ങളാണവർ.
ജെ എസ് അടൂർ

No comments: