Monday, April 20, 2020

വൈറൽ വിചാരങ്ങൾ : ഉയിർപ്പിന്റെ പ്രത്യാശകൾ


സാമൂഹിക മാധ്യമങ്ങളിൽ വൈറൽ പകർച്ചക്ക് അപ്പുറമുള്ള വൈറൽ വിചാരങ്ങളിൽ പൂട്ടിയിടപെട്ടു മരണഭയ തീരങ്ങളിലൂടെയാണ് മനുഷ്യർ അതിജീവന പ്രത്യാശയിൽ ജീവിക്കുന്നത്.
വിവിധ തരം വൈറസും ബാക്ടീരയും ഇല്ലെങ്കിൽ മനുഷ്യന് ജനിച്ചു ജീവിച്ചു മരിക്കുവാൻ പ്രയാസമാണ്. ജീവന്റെ കൂടെപ്പിറപ്പുകളാണ്.
അവ സൃഷ്ടിയും സ്ഥിതിയും സംഹാരവുമായി കൂടെയുണ്ട്.
ഇടക്കിടെ സംഹാരരുദ്രമായി മനുഷ്യരെ കൊട്ടാരം മുതൽ കുടിൽ വരെ ഭയപ്പെടുത്തും. അവക്ക് മനുഷ്യർ ശരീരം മാത്രമാണ്. അതിർത്തികളും പദവികളും എല്ലാം നിഷ്പ്രഭമാക്കി നമ്മൾ എല്ലാം മരിച്ചു പോകുന്ന വെറും മനുഷ്യർ എന്നോർമ്മിപ്പിക്കുവാൻ അവർ വരും. പ്രകൃതിയുടെ നിഗൂഢതകളിൽ നിന്ന് ഒരു നിയോഗം പോലെ. ഇടക്കിടെ.
പൊളിറ്റിക്കൽ സോഷ്യോലെജിയെയും, ഇക്കോണോമിക് സോഷ്യോലെജിയെയും ഇരുപതാം നൂറ്റാണ്ടിലെ സാമൂഹിക ചിന്തയയെയും അടിസ്ഥാനപരമായി സ്വാധീനിച്ച വിശ്വ വിഖ്യാത ചിന്തകനാണ് മാക്സ് വെബർ. ജർമ്മനിയിൽ പ്രൊഫെസ്സർ ആയിരുന്ന അദ്ദേഹം 1920 ൽ അമ്പത്തി ആറാം വയസ്സിൽ സ്പാനിഷ് പകർച്ച പനിപിടിച്ചാണ് മരിച്ചത്.
ഒരു പക്ഷേ ഇന്നത്തെ കോവിഡ് പകർച്ച പനിയെക്കാൾ ഭീകര വൈറസ് ആക്രമണം. അന്ന് എഴുത്തുകാർ, ചിന്തകർ, രാഷ്ട്രീയനേതാക്കൾ, അങ്ങനെ കോടി കണക്കിന് ആളുകളാണ് മരിച്ചത്. ക്വറേന്റീനും ലോക്ഡൌൺ എല്ലാം പരീക്ഷിച്ചു. 1918-20 വരെ രണ്ടു കൊല്ലം നീണ്ടു നിന്ന് വൈറസ് പകർച്ച വ്യാധിയുടെ സാമൂഹിക -സാമ്പത്തിക അനുരണനങ്ങൾ 1920 കളിൽ മുഴുവനുണ്ടായി.
ഏതാണ്ട് നൂറു കൊല്ലം മുമ്പാണ് ഒരു വൈറൽ മഹാമാരിലോകത്തെ ഭയപ്പെടുത്തിയത്. കോവിഡിനെക്കാൾ ഭയങ്കരൻ. H1N1 ഇനത്തിൽ പെട്ട വൈറസ് ആയിരിന്നു വില്ലൻ. ഏതാണ്ട് 50 കോടി ജനങ്ങളെ പിടികൂടി 5 കോടി ആളുകളാണ് മരിച്ചത് എന്നാണ് കണക്കു. അന്ന് മരണത്തിന്റെ കൃത്യമായ കണക്കു പലയിടത്തും ഇല്ലായിരുന്നു. അതു കൊണ്ട് തന്നെ 5 കോടിയോ അതിൽ അധികമോ ആളുകൾ മരിച്ചുവെന്നാണ് അനുമാനം
ഇന്ത്യയിൽ മാത്രം ലക്ഷങ്ങളാണ് മരിച്ചത്
ലോക ചരിത്രത്തിൽ മഹാമാരികളും യുദ്ധങ്ങളുമാണ് മനുഷ്യരെ ഏറ്റവും കൂടുതൽ കൊന്നത്.
എല്ലാ നൂറ്റാണ്ടിലും ഒരു മഹാമാരി സംഹാര ദൂതനായി വരും. പ്ളേഗ് പല നൂറ്റാണ്ടുകളി
ലായി പല പ്രാവശ്യം മനുഷ്യരെ കൊന്നു തള്ളി. സിഫിലിസ് കൊളോണിയൽ കപ്പൽ യാത്ര പരത്തിയ പകർച്ച വ്യാധി ആയി ലക്ഷങ്ങളെ കൊന്നു. വസൂരി, കോളറ, മലമ്പനി ക്ഷയം എല്ലാം മനുഷ്യനെ പിന്തുടർന്ന് കൊന്ന മഹാമാരികളാണ്.
മനുഷ്യ ജീവിതം വിചിത്രമാണ്. മാനവിക ചരിത്രത്തിന്റെ തുടക്കം അരക്ഷിതത്വത്തിൽ നിന്നും സുരക്ഷയും സ്വാതന്ത്ര്യവും തേടിയുള്ള പലായനങ്ങളുടെയും സാങ്കേതിക വളർച്ചയുടെയും യുദ്ധങ്ങളുടെയും സ്വയ രക്ഷ തേടിയുള്ള മനുഷ്യരെയാണ് കാണുന്നത്.
മനുഷ്യ ജീവിതത്തിന്റെ അസ്തിത്വ വൈരുധ്യമാണ് അരക്ഷിത ബോധത്തിൽ നിന്ന് സുരക്ഷിത അവസ്‌ഥയിലേക്ക് മാറുവാനുള്ള ജീവിത ത്വര.
ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ചയിൽ പ്രകൃതിയുമായി സമരസപ്പെടുവാനും കാല ദേശ അതിർവരമ്പുകൾക്കപ്പുറം അതിജീവിക്കുവാനും മനുഷ്യൻ പഠിച്ചു. പക്ഷേ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വേലിയേയേറ്റങ്ങളിലും സാമ്പത്തിക വളർച്ചയുടെ സുരക്ഷിത ബോധത്തിലെക്ക് തുഴഞ്ഞു പോകുമ്പോൾ പെട്ടന്ന് നമ്മൾ അനിശ്ചിതത്തിന്റയും അരക്ഷിതത്വത്തിന്റയും ചുഴിയിൽ വീണു ഉഴലും.
മനുഷ്യ ചരിത്രം പ്രകൃതി ക്ഷോഭങ്ങളിൽ നിന്നും യുദ്ധങ്ങളിൽ നിന്നും മഹാമാരി കളിൽ നിന്നും പട്ടിണിയിൽ നിന്നുമുള്ള അതിജീവനത്തിന്റ ചരിത്രമാണ്..
ഭാഷ, ഭക്ഷണം, വസ്ത്രം, പാർപ്പിടം, വായു, വെള്ളം എന്നിവ കഴിഞ്ഞാൽ മനുഷ്യൻ കാംഷിക്കുന്നത് സ്വാതന്ത്ര്യമാണ്. ഭാഷ കൊണ്ടും ഭാവനകൊണ്ടും സര്ഗാത്മതയും ക്രിയാത്മകത കൊണ്ടുമാണ് മനുഷ്യൻ സ്വതന്ത്രരാവാൻ ശ്രമിക്കുന്നത്.
പക്ഷേ ഈ സ്വാതന്ത്ര്യം ബോധവും ഉത്തരവാദിത്തബോധത്തിനും ഇടക്ക് അരക്ഷിത അവസ്ഥകളെ മനുഷ്യനെ പിന്തുടർന്നു ഭയപ്പെടുത്തും. ഭയ ആശങ്ക വിചാരങ്ങള്ക്കും സ്വാതന്ത്ര്യം സ്വപ്നങ്ങൾക്കും ഇടയിലുള്ള ഒരു ഉഞ്ഞാലാട്ടമാണ് ജീവിതം.
നമ്മൾ ശാസ്ത്ര വിവരം സാങ്കേതിക വിപ്ലത്തിന്റ പാരമ്യത്തിലേക്ക് ആഗോള വ്യപിയായി ആർട്ടിഫിഷ്യൽ ഇന്റെലിജെൻസിന്റ സുരക്ഷനോട്ടത്തിൽ പോകുമ്പോഴാണ് ഒരു ചിന്ന വൈറസ് ഭയത്തിന്റ വിത്ത് വിതച്ചു സ്വാതന്ത്ര്യത്തിന് അവധികൊടുത്തു മനുഷ്യരെ സ്വയം ജയിൽ വാസികളാക്കി.
ജീവനും സ്വാതന്ത്ര്യവും തമ്മിലുള്ള വടംവലിയിൽ സ്വയപരിരക്ഷണ (self preservation )ത്വരയുള്ള മനുഷ്യൻ സ്വാതന്ത്ര്യത്തെ മാറ്റി നിർത്തി അതിജീവിക്കുവാൻ പഠിച്ചതാണ് ചരിത്രത്തിൽ പലപ്പോഴും കാണുന്നത്.
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ടൈറ്റാനിക് കപ്പലിലിന്റ അവസ്ഥക്ക് സമാനമാണ് കോവിഡ് ഭീതിയിൽ അകപ്പെട്ട മനുഷ്യർ. കാരണം അരക്ഷിത അവസ്ഥയിൽ എല്ലാം മനുഷ്യരും വെറും ബയോളേജിയാണ് . വെറും ശരീരങ്ങൾ. അവിടെ പണവും വിദ്യാഭ്യാസവും ജാതിയും മതവും പ്രായവുമെല്ലാം അപ്രസക്തമാകും.
മരണ ഭയത്തിൽ മനുഷ്യർ മജ്ജയും മാസവും രക്തവും തലച്ചോറ്മൊക്കെയുള്ള വെറും ശരീരങ്ങൾ. ജീവനുള്ള ശരീരങ്ങൾ തേടിയാണ് വൈറസ് ലോകമാകെ ഊടാടി സഞ്ചരിക്കുന്നത്. തൂണിലും തുരുമ്പിലും സംഹാര ദൂതന്മാരെ പേടിച്ചു കൂറ്റനായുന്ന മനുഷ്യരെയാണ് കാണുന്നത്.
മരണത്തിന് മുൻപും പിൻപും സുരക്ഷയും സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്യുന്ന ഇൻസ്റ്റന്റ് ആത്മീയ വ്യപാരി വ്യവസായികൾപോലും കോവിഡിനെ പേടിച്ചുള്ള അവധിയിലാണ്.
കോവിഡിനെയും മനുഷ്യൻ അതിജീവിക്കും. അതാണ് ചരിത്രം.
മനുഷ്യന്റെ ഭയവും സ്വാതന്ത്ര്യവും എല്ലാം ഭാവനയുടെ ബോധതലങ്ങളാണ്.
മനുഷ്യനെ എപ്പോഴും മുന്നോട്ടു നീക്ക പ്രത്യശായും പ്രതിക്ഷകളുമാണ്.
ഏതൊരു പീഡനത്തിനും അവസാനം ഒരു ഉയർപ്പിന്റ പ്രത്യാശയാണ് നമ്മളെ ഉണർത്തി ഉയർത്തുന്നത്. പ്രത്യാശയിലാണ് നമ്മൾ പലപ്പോഴും ഭയത്തെ ചരിത്രത്തിൽ ഉടനീളം അതിജീവിച്ചത്.
പ്രകൃതി ദുരന്തങ്ങളും യുദ്ധവും, മഹാമാരിയും മനുഷ്യനെ നിരന്തരം ഭയപ്പെടുത്തി.
പലപ്പോഴും മനുഷ്യനിൽ ആശ്രയിക്കുവാൻ ആകാത്ത കാലത്ത് ' ഭയപ്പെടേണ്ട, ഞാൻ നിന്നോട് കൂടെയുണ്ട് ' എന്ന ഉൾബോധ(sub conscious ) ഉറപ്പ് നൽകുന്ന ദൈവത്തിൽ എല്ലാ മനുഷ്യ യുക്തിക്കും അപ്പുറം മനുഷ്യൻ ചരിത്രത്തിൽ ഉടനീളം വിശ്വസിച്ചത്.
അതു കൊണ്ടാണ് ,
"രാത്രി യിലെ ഭയത്തെയും, പകൽ പറക്കുന്ന അസ്ത്രത്തെയും, ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും, ഉച്ചക്ക് നശിപ്പിക്കുന്ന സംഹാരത്തെയും നിനക്ക് പേടിപ്പാനില്ല " എന്ന വിശ്വാസ പ്രത്യാശ ഉറപ്പിൽ മനുഷ്യൻ ചെങ്കടലിൽകൂടി നടന്നു ഭീതിയെ അതിജീവിച്ചത്.
ഭയത്തെ പ്രത്യാശയുടെ ഉയർപ്പിലൂടെയെ അതിജീവിക്കുവാൻ സാധിക്കുകയുള്ളൂ
അതാണ് " മൃത്യോ മ അമൃതം ഗമയാ '
"ഉയർപ്പിന്റെ പ്രത്യാശകളും സ്നേഹവും നേരുന്നു
ജെ എസ് അടൂർ

No comments: