Monday, April 6, 2020

ഫെഡ്രിക്കിന്റെ ചിരി.


ഫെഡ്രിക്കിന്റെ ചിരിക്കു വല്ലാത്ത ആഴങ്ങളുണ്ട്.
ഫെഡ്രിക് ഗ്ലാഡ്. സന്തോഷം നൽകുന്ന മനുഷ്യനാണ്.
മനോഹരമായി ചിരിക്കുന്നൊരാൾ.
ആ ചിരിയുടെ ആഴത്തിന് ലോകം മുഴുവനും ഉള്ളിലാവാഹിച്ച ഒരാളുടെ അപാരതയുണ്ട്.
മിക്കപ്പോഴും അയാളെ കണ്ടിട്ടുള്ളത് നീല ജീൻസും ഇളം നിറങ്ങളുള്ള ടീ ഷർട്ട്മിട്ടാണ്.
ഫെഡ്രറിക്കിനെ ആദ്യമായി കണ്ടത് ഓസ്ലോ വെളുത്ത മഞ്ഞുപുതപ്പിൽ ചുരുണ്ടുകൂടി കിടക്കുന്ന അതിശൈത്യ ജനുവരിയിലാണ്.
ഓസ്ലോ ഐയർപോട്ടിൽ സുന്ദരനും സുമുഖനായ ചെറുപ്പക്കാരൻ മനസ്സിനുള്ളിൽ നിന്നുള്ള നിറഞ്ഞ ചിരിയുമായാണ് എന്റെ ജീവിതത്തിൽ അവതരിച്ചത്.
" ഐ ആം ഫെഡ്രിക്, വെൽകം റ്റു ഓസ്ലോ "
ആദ്യമായി അതി ശൈത്യം പരിചയമില്ലാത്ത എനിക്ക് ഒരു നീണ്ട ജാക്കറ്റ് തന്നു.
അത് നീണ്ട സൗഹൃദത്തിന്റെ തുടക്കമായൊരുന്നു.
അന്ന് ഫെഡ്രിക്കിന് ഇരുപത്തിയഞ്ചു വയസ്സ്കാണും.
അന്ന് നോർവേയിലെ വലിയ യുവസംഘടനയായിരിന്ന ചേഞ്ച്‌മേക്കേഴ്സിന്റ് പ്രസിഡന്റ്.
ഫെഡ്രിറിക്കിനെകുറിച്ച് ആദ്യം കേട്ടത് എന്റെ സുഹൃത്ത് ജോൺ ശങ്കര നാഥിൽ നിന്നാണ്. ജോൺ തമിഴ് ബ്രമ്മണനായ നോർവീജിയൻ പൗരനാണ്. ഒരു നോർവീജിയൻ വികസന സംഘടനയുടെ ഇന്ത്യയിലെ പ്രതിനിധിയായിരുന്നു. . അതിന് മുമ്പ് സുഡാനിൽ ആയിരുന്നു.
സുഡാനിൽ വച്ചാണ് ഫെഡ്രിക്കിനെ ജോൺ കാണുന്നത്.
ഫെഡ്രിക്കും കൂട്ടുകാരും ലോകം ചുറ്റിവരുന്നതിനിടയിൽ സുഡാനിൽ വച്ചാണ് നാഥനെ കണ്ടത്. അവർക്കു സുഡാനിൽ സൗകര്യം ഒരുക്കിയത് അദ്ദേഹമായിരുന്നു
" ഫെഡ്രിക് ഈസ്‌ ഏ ഫന്റാസ്റ്റിക് യങ് ലീഡർ. ഐ ആം ഷ്യുവർ ബോത്ത്‌ ഓഫ് യു വിൽ ക്ലിക്' "
അതാണ് സംഭവിച്ചത്.
ഓരോ മനുഷ്യരുടെയും പേര് കേൾക്കുമ്പോൾ ഓർമ്മകളിൽ ചിലത് പതിഞ്ഞു കിടക്കും.
ഫെഡ്രിക് എന്ന് കേട്ടാൽ ഓർമ്മ വരുന്നത് ഉള്ളുനിറഞ്ഞുള്ള സ്നേഹ ചിരിയും, സൈക്കിളും, പിന്നെ വല്ലാത്ത ആത്മാർത്ഥയുമുള്ള നന്മകളുടെ ആൾരൂപവുംമാണ്. ശുഭാപ്ത്തി വിശ്വാസവും ആത്മധൈര്യവും വിനയവും ഒത്തു ചേർന്നൊരാൾ.
വേനൽകാലങ്ങളിൽ സൈക്കിളിലാണ് അയാൾ ഓസ്ലോ നഗരത്തിലെല്ലാം കറങ്ങിയിരുന്നത്.
ഫെഡ്രിക് ഇരുപത്തിരണ്ടു രാജ്യങ്ങളിലൂടെ 22000 കിലോമീറ്ററാണ് സൈക്കിൾ ചവിട്ടിയത്.
മനുഷ്യരെയും സംസ്കാരങ്ങളെയും ഭാഷകളെയും ഭക്ഷണത്തെയും രാജ്യങ്ങളെയും പ്രകൃതിയെയും തൊട്ടറിഞ്ഞ യാത്ര. മലകളും മരുഭൂമികളെയും താണ്ടി, മരങ്ങളെയറിഞ്ഞു, , മതങ്ങളെ അറിഞ്ഞു, കാട്ടിലും നാട്ടിലും നഗരങ്ങളിലൂടെയും കുഗ്രാമങ്ങളിലൂടെയുമുള്ള യാത്ര.
ചെ ഗുവേരയെപ്പോലെ ഇരുപത്തിമൂന്നു വയസ്സിലാണ് ഫെഡ്രിക് ലോകം കാണുവാൻ ഒരു സൈക്കിളുമായി ഇറങ്ങിപുറപെട്ടത്. നോർവേ, ഡെൻമാർക്ക്, ജർമനി, ഓസ്ട്രിയ, ഇറ്റലി, ഗ്രീസ്, ഇസ്രായേൽ, പാലസ്തീൻ, വഴി ഇജിപ്റ്റ്, സുഡാൻ, എറിത്രിയ, എത്യോപ്യ, കെനിയ, ഉഗാണ്ട, ടാൻസാനിയ, മാലാവി, മൊസാംബിക്, സീബാബവെ, സാംബിയ, ബോട്സ്വാന വഴി സൗത് ആഫ്രിക്കയിലെ ഗുഡ്ഹോപ്പിലെക്ക് സൈക്കിൾ ചവുട്ടി, സമാധാന സന്ദേശമായാണ് ഫെഡ്രിക് ജീവിതം തുടങ്ങിയത്.
പതിനഞ്ചു മാസം. മനുഷ്യരെ അറിഞ്ഞു, മനസ്സ് നിറഞ്ഞു, ശരീരം വിയർത്തു , യാത്രചെയ്‌ത മനുഷ്യരെകാണുവാൻ പ്രയാസമാണ്.
അതാണ് ഉള്ളിൽ ഒരു വലിയ ലോകമുള്ള നിറഞ്ഞ സ്നേഹചിരിയുടെ രഹസ്യം. വല്ലാത്ത അഗാധ വിചാര വിവേകങ്ങൾ ഉള്ള മനുഷ്യൻ. ഡെപ്ത് ഉള്ളയൊരാൾ.
ഓസ്ലോ യൂണിവേഴ്സിറ്റിയിൽ നിന്ന് എം ബി എ കഴിഞ്ഞപ്പോഴാണ് ഒമ്പതു കൂട്ടുകാരെ സംഘടിപ്പിച്ചു യാത്രക്കൊരുങ്ങിയത്.
യൂറോപ്പിലെയും ആഫ്രിക്കയിലെയും മരങ്ങളെയും മലകളെയും മരുഭൂമികളെയും, മരുപ്പച്ചകളെയും താണ്ടി.
നദികളുടെ ഓളങ്ങൾ തൊട്ട്, തടാകങ്ങളിൽ നീന്തി, കടൽ തൊട്ട്, കരകൾ തേടി മനുഷ്യരെ അറിഞ്ഞുള്ള യാത്ര.
ഏഴുപേർ സൈക്കളിൽ. അവർക്കു സഹായവും കാവലുമായി വാഹനത്തിൽ രണ്ടുപേർ.
അങ്ങനെ ഒമ്പതു ചെറുപ്പക്കാർ ലോകം കണ്ട് മാപ്പുകൾകപ്പുറമുള്ള അതിർത്തികൾ താണ്ടിയാത്ര. ആറു യുവാക്കളും മൂന്നു യുവതികളും. അവർ മിക്കപ്പോഴും ടെൻഡുകളിലാണ് താമസിച്ചത്.
അതിൽ ഒരു സുന്ദരി ക്രിസ്റ്റീൻ ഫ്രഡ്രിക്കിന്റെ ജീവിത സഹയാത്രികയായി ഇന്നും കൂടെയുണ്ട്.
ഫെഡ്രിക്കിൽ നിന്നാണ് ആഫ്രിക്കയിലെ അനുഭവങ്ങൾ ആദ്യം കേട്ടത്. പിന്നീട് ഫെഡ്രിക് പോയ രാജ്യങ്ങളിൽ എല്ലാം പോയപ്പോൾ ഓർത്തത് ഫെഡ്രിക് പറഞ്ഞു തന്ന കാര്യങ്ങളാണ്. പത്തു പുസ്തകം വായിച്ചാലും അറിയാൻ സാധിക്കാത്തത്.
ആദ്യമായി ഇരുപത്തി മൂന്നു വർഷങ്ങൾക്ക് മുമ്പ് ഓസ്ലോയിൽ ഇറങ്ങിയപ്പോൾ ഉള്ളിൽ അറിയാമായിരുന്നു ആ നഗരത്തിൽ ജീവിക്കുവാൻ സാധ്യതയുണ്ടെന്ന്.
അത് വിചിത്രമായ അനുഭവമാണ്. അത് പല പ്രാവശ്യം സംഭവിക്കുന്ന ഒന്നാണ്. ഒരു തരം പ്രീമോനിഷൻ. ജീവിതത്തിൽ ഉടനീളം നടക്കുന്നയൊന്നാണ്.വരുവാനുള്ളതിനെകുറിച്ചുള്ള ഉള്ളറിവ്. അതു ജീവിതത്തിൽ ഇന്നയോളം അനുഭവിക്കുന്ന യുക്തിക്കപ്പുറമുള്ളയൊന്നാണ്.
ജീവിതവും കരിയറും ഒന്നും പ്ലാൻ ചെയ്യാതെ മുന്നിൽ വെളിവായി വരുന്ന അവസ്ഥ. ഉള്ളറിവ് ഉൾവെളിച്ചമായി കൂട്ടി കൊണ്ട് പോകുകയാണ് ചെയ്യാറ്. സാധാരണ യുക്തികൾക്കപ്പുറത്തു ജീവിക്കുന്നത് അതു കൊണ്ടാണ്.
അങ്ങനയാണ് പത്തുകൊല്ലമുമ്പ് ഓസ്ലോയിൽ ജീവിക്കുവാൻ എത്തുന്നത്. അത് പലതു കൊണ്ടും അസാധാര രാജ്യമാണ്.
എസ് കെ പൊറ്റക്കാടിന്റെ പാതിരാ സൂര്യന്റ നാട്ടിൽ വായിച്ചത് ആറാംക്‌ളാസിൽ പഠിക്കുമ്പോഴാണ്. അന്ന് തുടങ്ങിയ മോഹമാണ് ഫിൻലാൻഡിലും നോർവെയിലും പോകണമെന്ന്.
വേനലിൽ നോർവേ ഭൂമിയിലെ ഏറ്റവും മനോഹരമായ ഇടമാണ്. മലകളും ഫ്യോഡ് എന്നറിയുന്ന ആഴമുള്ള മനോഹര ഗർത്ത ജലങ്ങളും നിറഞ്ഞ വൈക്കിങ്ങുകളുടെ നാട്.
സൂര്യൻ ഉറങ്ങാൻ പോകാത്ത നാട്. ആപ്പിൾ മരങ്ങൾ നിറഞ്ഞു മനസ്സ് നിറക്കുന്ന കാടുകളും, അരുവികളും നദികളും നിറഞ്ഞ ഇടം. ലോകത്തിലെ ഏറ്റവും മാനവിക വികസനവും പ്രതിശീർഷ വരുമാനവുമുള്ള നാട്. ജനായത്തം ആഴത്തിലൊഴുകുന്ന നാട്.
പക്ഷെ ശൈത്യവും മഞ്ഞും വന്നാൽ കാര്യം മാറും. സൂര്യൻ മിക്കവാറും ഉറക്കത്തിലായിരിക്കും.
കൊടും തണുപ്പിൽ മരങ്ങൾ ഇലപൊഴിഞ്ഞു സങ്കടത്തോട് കൂടി വേനലിനും ഗ്രീഷ്മത്തിനുമായി കാത്തിരിക്കും.
കിളികൾ എങ്ങോ പോയി മറയും.
എവിടെ നോക്കിയാലും വെള്ള മഞ്ഞു പുതപ്പിലാണ്ട് നിദ്രയിലാകുന്ന ദേശം.
ഓസ്ലോയിൽ തുണയായി, താങ്ങായി, നല്ല കൂട്ടുകാരനായി നിറഞ്ഞ ചിരിയുമായി ഫെഡ്രിക് മാത്രമാണുണ്ടായിരുന്നത്
ശനിയാഴ്ച്ചകളിൽ സൈക്കിൾ ചവിട്ടി ഓസ്ലോ നഗരത്തിന്റ മധ്യത്തിലുള്ള ഗ്രോൺലാൻഡിലേക്ക് വരും.
ഓസ്ലോയുടെ നഗരപ്പഴമയുടെ ഒരു തുണ്ടാണത്. അവിടുത്തെ ലോകം സാധാരണ നോർവീജിയൻ തെരുവുകളിൽ നിന്ന് വിഭിന്നമാണ്.
അവിടുത്തെ ഒരു കിലോമീറ്റർ ചുറ്റളവിൽ വേറൊരു ലോകമാണ്. പല ഭാഷകൾ സംസാരിക്കുന്നവർ. പലതരം ഭക്ഷണം കഴിക്കുന്നവർ. പല വേഷങ്ങൾ ഉള്ളവർ. പല മത വിശ്വാസമുള്ളവർ. തൊട്ടു അടുത്ത താമസിച്ചിട്ടും അവരവരുടെതായ വേറിട്ട ലോകങ്ങളിൽ ജീവിക്കുന്നവർ.
ഗ്രോൺലൻഡിൽ തുർക്കികളും കുർദിഷ് വംശജരും, പാകിസ്ഥാനിൽ നിന്നുള്ളവരും, ശ്രീ ലങ്കക്കാരും സോമാലിക്കാരും, സുഡാനിൽ നിന്നുള്ളവരും എല്ലാമുണ്ട്.
അവർക്കു അവരുടേതായ ബാർബർഷോപ്പുകൾ, അവർക്കിഷ്ട്ടമുള്ള ഭക്ഷണം വിളമ്പുന്ന റെസ്റ്റോർഡന്റുകൾ, കമ്മ്യുണിറ്റി ഹോളുകൾ എല്ലാമുണ്ട്. അവർ അവരവരുടെ ഭാഷയിലാണ് സംസാരിക്കുന്നത്.
അത്പോലെ ഗ്രോൺലാൻഡിന്റ് പുറമ്പോക്കിൽ പണ്ട് പണ്ട് രാജസ്ഥാനിൽ നിന്ന് പോയി യൂറോപ്പിൽ പരന്ന നാടോടികളായ ജിപ് സികളും.
ഗ്രോൺലൻഡിൽ വസിക്കുന്ന അധികപേരും പല സമയത്തു അഭയാർഥികളായി വന്നതാണ്. അവരുടെ ഭാഷ പറഞ്ഞു, ഭക്ഷണം കഴിച്ചു, പരമ്പാകത വസ്ത്രമണിഞ്ഞു ഗൃഹാതുരത്വ ഓർമ്മകളിൽ ജീവിക്കുന്നവർ. നോർവേയിലെ ജനസംഖ്യയിൽ ഏതാണ്ട് 18% പേർ അഭയാർത്ഥികളായി വന്ന് കുടിയേറിവരാനാണ്
ഓസ്ലോയിലൂടെ ഒഴുകുന്ന അകർസെൽവ എന്ന നദിയോട് ചേർന്ന് കിടന്നിരുന്ന പച്ചപുൽ മേടുകളെ ഗ്രീൻലാൻഡ് എന്നാണ് അറിയപെട്ടത്. ഗ്രോൺലാൻഡ് ഇന്ന് ലോകത്തിന്റ ഒരു പരിച്ഛേദമാണ്.
അവിടെ പതിനഞ്ചോളം ഭാഷാകൾ സംസാരിക്കുന്നവരുടെ ഇടയ്ക്കാണ് താമസിച്ചിരുന്നത്. മിക്കപ്പോഴും ഭകഷണം പമീര എന്ന ശ്രീലങ്കൻ റെസ്റ്റോറന്റിൽ. അല്ലെങ്കിൽ ലാഹോർ ഡാബ്ബാ എന്ന പാകിസ്താനി റെസ്റ്റോറന്റിൽ.
ഗ്രോൺഡ്‌ലാനിലെ തുർക്കി കടയിൽ സദാ സമയം തിരക്കാണ്. ലോകത്തേക്കും കൂടുതൽ ജീവിത ചിലവുള്ള നഗരങ്ങളിൽ ഒന്നാണ് ഓസ്ലോ. അതിന് കാരണങ്ങളിൽ ഒന്ന് തൊഴിലാളികൾക്ക് ലോകത്തേക്കും ഏറ്റവും കൂടുതൽ ശമ്പളം കൊടുക്കേണ്ട രാജ്യമാണ്.
ഗ്രോണ്ട്ലണ്ടിലെ കടകൾ പലതും കുടിയേറിയ കുടുംബ ബിസിനസ്സ് ആയതിനാൽ സ്വയം തൊഴിൽ ചെയ്യുന്ന അവർക്ക് തൊഴിലാളികൾക്ക് ശമ്പളം കൊടുക്കേണ്ട എന്നത് കൊണ്ട് വിലകുറച്ചു സാധനങ്ങൾ കിട്ടും.
ഇതൊക്ക ഫെഡ്രിക്കാണ് പറഞ്ഞു തന്നത്. ഫെഡറിക്ക് സൈക്കളുമായി ഇടക്കിടെ വരും.
ഫെഡ്രിക് യാത്രകൊണ്ട് മാത്രമല്ല എന്നെ അതിശയിപ്പിച്ചത്. ഓസ്ലോയിൽ ഫർണിഷു ചെയ്ത വീട് കിട്ടുവാൻ പ്രയാസമാണ്. വീട് എടുത്തയന്നു ഫെഡ്രിക് ഒരു പിക് അപ് വണ്ടിയുമായെത്തി.
അദ്ദേഹത്തിന്റ് ബേസ്മെന്റിൽ ഉണ്ടായിരുന്ന കട്ടിലും, മേശയും, കസേരകളും ബുക്ക്‌ റാക്ക്മായി വന്നു. കര വിരുതുള്ള ഒരു ആശാരിയെപ്പോലെ എല്ലാം ഫിറ്റ് ചെയ്തു ശരിയാക്കി തന്നു.
ഒരു കൊടും ശൈത്യത്തിൽ ചൂട് വെള്ളം കിട്ടിയിരുന്ന ഷവർ ഒടിഞ്ഞു.
എന്താണ് പോംവഴി എന്നറിയാൻ ഫെഡ്രിക്കിന് വിളിച്ചു.
"ഡോണ്ട് വറി ബ്രോ. ഐ വിൽ കം ആൻഡ് സീ വാട് ക്യാൻ ബി ഡൺ "
വൈകുന്നേരം ഒരു ഷവറും ടൂൾ ബോക്സുമായി ആശാൻ പ്രത്യക്ഷനായി..
അഞ്ചു മിനിറ്റിൽ കാര്യം ശരിയാക്കി.
അത് ചെയ്തത് നോർവേയിൽ അറിയപ്പെടുന്ന ഒരു വലിയ സംഘടനനയുടെ തലപ്പത്തുള്ള ആളാണ് എന്നത് വീണ്ടും അതിശയിപ്പിച്ചു. മൂവായിരം പേര് ജോലി ചെയ്യുന്ന ഒരു സംഘടനയുടെ ബോസ്സായ ഫെഡ്രിക്കിന് പ്ലബിങ്ങും കാര്പെന്റ്റിയും നന്നായി വഴങ്ങും.
"നിങ്ങൾ ഒരു സകല കലാ വല്ലഭനാനാണല്ലോ, ഫെഡ്രിക് "
' നതിങ് ലൈക് ദാറ്റ്. ഇൻ നോർവേ, വി ആർ റ്റോട്ട് സച് ലൈഫ് സ്‌കിൽസ് ഇൻ ഹൈ സ്കൂൾ ".
നോർവേയിൽ വലിയ സീനിയർ പ്രൊഫെസ്സർ മാര്പോലും സമ്മറിൽ അവരുടെ വീട്‌ എല്ലാവരും കൂടി പെയിന്റ് ചെയ്യുന്നത് എന്ത്‌ കൊണ്ടാണ് എന്ന് മനസ്സിലായി. കേരളത്തിന്റ് എട്ടിരട്ടി വലിപ്പമുള്ള നോർവേയിൽ കേരളത്തിന്റ് എട്ടിൽ ഒന്ന് ആളുകളെയുള്ളൂ. അത് കൊണ്ട് സാധാരണ പ്ലമ്പിങ്, ഇലെട്രിക്കൽ, ആശാരിപ്പണി, പെയിന്റിംഗ് ഒക്കെ സ്വയം ചെയ്യുന്നത് സാധാരണയാണ്.
അപ്പോഴാണ് പുസ്തകപുഴുക്കളാകുവാൻ പഠിച്ച നമ്മൾക്ക് പലർക്കും ബേസിക് ലൈഫ് സ്‌കിൽ ഇല്ലന്ന് മനസ്സിലായത്. പ്ലബിങ്ങും പെന്റിങ്ങും പോയിട്ട് ഒരു കാപ്പി സ്വന്തമായി ഇടുവാൻ അറിയാവുന്ന എത്ര കുട്ടികളുണ്ട്?
ഒരു വീട്ടിലെ ജനായത്തം മനസ്സിലാക്കിയായ്‌ ഫെഡ്രിറിക്കിന്റ വീട്ടിലാണ്. അവിടെ എല്ലാവരും എല്ലാം ജോലികളും ചെയ്യും. ഒരിക്കൽ പോയപ്പോൾ ഫെഡ്രിക് വീട്ടിലെ പാത്രങ്ങൾ കഴുകി തുടച്ചു വയ്ക്കുന്നു. വേറൊരിക്കാൻ ചിക്കൻ ബാർബിക്യൂ പാചകം ചെയ്തത് അയാളാണ് . ഒരിക്കൽ ചായ ഇട്ടു തന്നത് ഏഴാംക്ലാസ്സിൽ പഠിക്കുന്ന മകനാണ് .
ഫെഡ്രിക് കാര്യം പറഞ്ഞു തന്നു .
അവർ എല്ലാം ശനിയാഴ്ച്ചയും ഫാമിലി ജനറൽബോഡി വിളിക്കും. ഫ്രഡറിക്കും ക്രിസ്റ്റീനും ഒരു മോനും ഒരു മോളും. പിറ്റേ ആഴ്ച്ച ചെയ്യേണ്ട കാര്യങ്ങൾ ചർച്ച ചെയ്തു അടുത്ത ആഴ്ചത്തെ ഓരോരൂത്തരും ചെയ്യണ്ട കാര്യങ്ങൾ എഴുതി നോട്ടീസ് ബോഡിലുണ്ട്. അത് അനുസരിച്ചു എല്ലാവരും വീട്ടിലെ എല്ലാം ജോലികളും തുല്യമായി ചെയ്യും.
നോർവേയിൽ മന്ത്രി ആയിരുന്ന അരവിൻ ഗാഡ്ഗിൽ സുഹൃത്തായിരുന്നു. നോർവേയിൽ ജനിച്ചു വളർന്നു പൂനയിൽ പഠിച്ച അരവിന്ദ് (അതാണ് ഇന്ത്യൻ പേര് ).
അയാളുടെ അച്ഛൻ പൂനയിൽ നിന്ന് മെഡിക്കൽ ഉപരി പഠനത്തിന് വന്ന ഡോ ഗാഡ്‌ഗിലാണ്. കൂടെ പഠിച്ചിരുന്ന നോർവീജിയൻ സഹപാഠിയെ വിവാഹം ചെയ്തു അവിടെകൂടി. സോഷ്യലിസ്റ്റു വിദ്യാർത്ഥി നേതാവായ അരവിന്ദ് മുപ്പതു വയസ്സിൽ മന്ത്രിയായി.
ഓസ്ലോയിൽ വച്ചു ഇടക്ക് വീട്ടിൽ പോകുമ്പോൾ പുല്ലു ചെത്തുന്ന മന്ത്രിയെകാണും. ചായഉണ്ടാക്കി തരും. മന്ത്രിപ്പണിപോയപ്പോൾ വേറെ ജോലി ചെയ്തു ജീവിക്കുന്നു.
ഫെഡ്രിക്കും ഞാനും അടുത്ത കൂട്ടുകാരാകുന്നത് ഇരുപത് കൊല്ലംമുമ്പാണ്.
കാരണം ഒരു കപ്പൽ സ്വപ്നമാണ്. അന്ന് എനിക്ക് വലിയ ഒരാഗ്രഹം ഒരു കപ്പൽ വാങ്ങുകഎന്നായിരുന്നു. കപ്പലുകളെകുറിച്ച് മാത്രം വായിക്കുന്ന കാലം.
ലോകമെമ്പാടും ഒഴുകി നടക്കുന്ന ഫ്‌ളോട്ടിങ് യുണിവേഴ്സിറ്റി എന്നതായിരുന്നു സ്വപ്നം . പല യുണിവേഴ്സിറ്റികളുമായി സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് ആറുമാസം വിവിധ രാജ്യങ്ങൾ സന്ദർശിച്ചു പഠിക്കാനും കപ്പലിൽ ജോലി ചെയ്യാനും ലോകം കാണുവാനുമുള്ള ഒരു ഫ്‌ളോട്ടിങ് യൂണിവേഴ്സിറ്റി.
ഫെഡറിക്കിന്റ അച്ഛനും ചേട്ടനും ക്യാപറ്റൻമാരാണ്. നോർവേക്ക് വലിയ ഷിപ്പിങ് ചരിത്രമുള്ള നാടാണ്. ഫെഡ്രിക്കിനും എനിക്കും അല്പം വട്ടുള്ളത് കൊണ്ട് ഞങ്ങൾക്ക് രണ്ടു പേർക്കും ആവേശമായി.
അഞ്ചുകൊല്ലം അതിന്റ കൺസെപ്റ്റ് പേപ്പർ എഴുതി. പപല പ്രാവശ്യം അതു ചർച്ച ചെയ്യുവാൻ ഓസ്ലോയിൽ പോയി. പണ സമാഹരണത്തിന് ശ്രമിച്ചു.
ഒരു പീസ് യൂണിവേഴ്സിറ്റി എന്ന നിലൽക്ക്‌ നോർവീജിയൻ സർക്കാർ രണ്ടു മില്ല്യൻ ഡോളർ വരെ കിട്ടുവാൻ സാധ്യതയറിയിച്ചു.
പഴയ ഒരു ക്രൂസ് കപ്പൽ വാങ്ങി യൂണിവേഴ്സിറ്റിയാക്കുക എന്നതായിരിന്നു പരിപാടി. ജപ്പാനിലെ പീസ് ബോട്ടിൽ നിന്ന് അല്പം വിഭിന്നമായി. ജപ്പാനിലെ പീസ് ബോട്ടിൽ അതറിയാൻ പോയി.
എന്തായാലും പീസ് ബോട്ട്കാരോട് ചോദിച്ചപ്പോഴാണ് മനസ്സിലായത് അവർ കപ്പൽ ലീസിന് എടുക്കുകയാണ് എന്നത്.
പിന്നെ അതായി ശ്രമം.
പക്ഷെ സംഗതി ഇതുവരെ നടന്നില്ല.സ്വപ്നം മനസ്സിന്റെ അടിതട്ടിൽ നിന്നറങ്ങി നൃത്തം ചവിട്ടി ഇടക്കിടെ മോഹിപ്പിക്കാറുണ്ട്.
ഫെഡ്രിക് ഇപ്പോൾ വൈ -ഗ്ലോബലിന്റ് സി ഇ ഓ ആണ്. നോർവേയിൽ വൈ എം സി എ യും വൈ ഡബ്ള്യു സി എ യും ആഗോള വൈഎം സി എ യുമായി ചേർന്നു ചെയ്യുന്ന വലിയ സംഘടനയാണ് യുത്ത് -ഗ്ലോബൽ അധവാ വൈ -ഗ്ലോബൽ. ഫെഡറിക്കിന്റ അടുത്ത സുഹൃത്താണ് വൈ എം സി യുടെ ആഗോള സെക്രട്ടറി ജനറൽ.
കഴിഞ്ഞ ദിവസം ഫെഡ്രിക്കിനോട് കൊറോണ നാളുകളെകുറിച്ച് സംസാരിച്ചു. ഇഗ്ളീഷിൽ എഴുതിയ എന്റെ ലേഖനം വായിച്ചിട്ടു വിളിച്ചതാണ്.
അവസാനം ഞാൻ ചോദിച്ചു
" ഡു യു റിമെംബെർ ഔർ ഫ്‌ളോട്ടിങ് യൂണിവേഴ്സിറ്റി ഡ്രീം '
"യെസ്, ഓഫ് കോഴ്സ്.
വീ ക്യാൻ സ്റ്റിൽ ഡു ഇറ്റ് ബ്രോ. മേ ബി ബോധിഗ്രാം ഫ്‌ളോട്ടിങ് യൂണിവേഴ്സിറ്റി ഫോർ പീസ്. "
"വൈ നോട്ട്? "
ആ " വൈ നോട്ട് ' ആണ് ഫെഡറിക്കിനെ വ്യത്യസ്ത നേതാവ് ആക്കുന്നത്.
അസാധാരണമായ ഒരു മനുഷ്യൻ. അസധാരണമാണ് ഉൾച്ചിരിയുമായി ലോകത്തെ മാറ്റാൻ സാധിക്കും എന്ന് വിശ്വസിക്കുന്ന പ്രത്യാശയുടെ സഹയാത്രികൻ.
സ്വപ്ങ്ങൾക്ക് അവധികൊടുക്കുന്നവരല്ല രണ്ടു പേരും
ഒരിക്കൽ ഫെഡ്രിക്കും ഞാനും ആയിരം വിദ്യാർത്ഥികളും കൂടി ഫ്‌ളോട്ടിങ് യൂണിവേഴ്സിറ്റിയിൽ ലോകം മുഴുവൻ കറങ്ങുവാൻ പോകുമായിരിക്കും.
ആർക്കറിയാം?
ജെ എസ് അടൂർ

No comments: