Saturday, April 4, 2020

സാലറി ചലഞ്ചു ആവശ്യമോ?

സാലറി ചലഞ്ചു ആവശ്യമോ?
പ്രളയ സമയത് എങ്ങനെ സാമ്പത്തിക സംഭരണം നടത്താം എന്ന് എഴുതിയ പോസ്റ്റിലാണ് സാലറി ചലന്ജ് എന്ന ആശയം മുന്നോട്ട് വച്ചത്.
എന്താണ് അത് കൊണ്ട് ഉദ്ദേശിച്ചത്?
ലോകമെങ്ങും ഉള്ള മലയാളികൾ അവരുടെ ഒരു മാസത്തെ ശമ്പളം ഒന്നിച്ചോ അല്ലെങ്കിൽ 18 തവണകളായോ സ്വമേധയ അറിഞ്ഞു കൊടുക്കണമെന്നാണ് പറഞ്ഞത്.
എന്തായിരുന്നു ഇതിന്റ പ്രത്യേകത?
1) അതു സ്വമേധയാ കൊടുക്കുന്ന വോളന്ററി കോണ്ട്രിബൂഷനാണ്. അതിന് അന്താരാഷ്ട്ര ഫണ്ട് റെയ്സിംഗിൽ ഉപയോഗിക്കുന്ന പദം ' പേ റോൾ ഗിവിങ് ' എന്നാണ്.
സുനാമി സമയത്ത്‌ ഒരു അന്തരാഷ്ട വികസന സംഘടനയുടെ നേതൃത്തിൽ ആയിരുന്നു. അന്തരാഷ്ട്ര തലത്തിൽ മൂന്നൂറു കോടിയോളം റെയിസ്‌ ചെയ്ത സ്ട്രാറ്റജി ടീമിൽ വച്ചു വിജയിപ്പിച ആശയമായിരുന്നുവത്.. അനുഭവ പരിചയത്തിന്റ അടിസ്ഥാനത്തിലാണ് പറഞ്ഞത്.
2) ഇങ്ങനെ സംഭരിക്കുന്ന തുകക്ക് നൂറു ശതമാനം സുതാര്യത വേണം. അത് എങ്ങനെ എപ്പോൾ ഉപയോഗിക്കുന്നുവെന്ന വിശ്വാസ്യതയാണ് ജനങ്ങൾക്ക് പണം കൊടുക്കാനുള്ള പ്രചോദനം. അവരുടെ സംഭാവന വഴിമാറ്റി ചിലവഴിക്കില്ല എന്നും അത് ദുരുപയോഗം ചെയ്യില്ല എന്നുമുള്ള ഉറപ്പിലാണ് ജനം മനസ്സറിഞ്ഞു സ്വയം കൊടുക്കുന്നത്.
3).അകൗണ്ടബിലിറ്റിയാണ് സാലറി ചലഞ്ചിന്റ പ്രത്യകത.
അതായത് കൊടുക്കുന്ന തുക എന്തിന് എപ്പോൾ എങ്ങനെ ചിലവാക്കിയെന്ന.പെർഫോമൻസ് ഓഡിറ്റ് റിപ്പോർട്ട് എല്ലാ മാസവും പൊതുവിൽ സമർപ്പിക്കണം എന്നാണ് സമർപ്പിക്കണം എന്നാണ് പറഞ്ഞത്.
എന്താണ് സംഭവിച്ചത്?
സാലറി ചലൻജ് എന്ന വാക്ക് ഉപയോഗിച്ച് ആ ആശയത്തിന് കടക വിരുദ്ധമായി സർക്കാർ ജീവനക്കാരോട് നിർബന്ധിതമായി ഒരു മാസ ശമ്പളം കൊടുക്കുവാൻ സർക്കുലർ ഇറക്കി. Inspired giving എന്നതിന് പകരം imposed collection എന്ന തലത്തിലേക്ക് പോയി.
അത് വിപരീത ഫലമാണ് ഉണ്ടാക്കിയത്. മനസ്സറിഞ്ഞു കൊടുക്കുന്നതും പിടിച്ചു വാങ്ങുന്നതും കടക വിരുദ്ധമാണ്. അറിഞ്ഞു കൊടുക്കുന്നത് മോറൽ ഇൻസ്പിരേറ്റഷനാണ്. അധികാരം ഉപയോഗിച്ചു പിടിച്ചു വാങ്ങുന്നത് political coercion ആണ്. അങ്ങനെ നിര്ബന്ധിത പിരിവ് സാലറി ചലഞ്ചല്ല, സാലറി റിവഞ്ചാണ് എന്ന് പറഞ്ഞത് മൂന്ന് കാരണം കൊണ്ടാണ്.
ഒന്നാമത് അത് രാഷ്ട്രീവൽക്കരിക്കപ്പെടുമെന്നത് കൊണ്ടാണ്. രണ്ടാമത് അത് വിചാരിച്ച ഫലം ചെയ്യില്ല എന്നത് കൊണ്ട്.മൂന്നാമത് അത്‌ കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നാണ്. അത് പോലെ സംഭവിച്ചു. അന്ന് ധനമന്ത്രി പ്രതീക്ഷച്ചതിന്റ നാലിൽ ഒന്നു പിരിഞ്ഞില്ല. അത് മാത്രമല്ല വിദേശ മലയാളികൾ അത് കൊണ്ട് പങ്കെടുത്തില്ല.
അതിനെ തുടർന്ന് 16 മന്ത്രിമാർ വിദേശത് ഫണ്ട് പിരിവിനായി പോകുവാൻ തീരുമാനിച്ചപ്പോൾ അത് വിപരീത ഫലമേ ഉണ്ടാക്കൂ എന്ന നേര് പറഞ്ഞു. അത്.പോലെ ഒരു സംസ്ഥാനത്തെ മന്ത്രിമാർ എല്ലാവരും കൂടെ അന്തരാഷ്ട്ര ഫണ്ട് റയിസിങ്ങിന് പോകുവാൻ കേന്ദ്ര വിദേശകാര്യ വകുപ്പ് അനുവാദം തരുവാൻ സാധ്യത ഇല്ലെന്നും പറഞ്ഞു.
അത് തന്നെ സംഭവിച്ചു. പക്ഷെ 1993 മുതൽ ദുരന്ത നിവാരണത്തിൽ പങ്കെടുത്തു, സുനാമി ദുരന്ത നിവാരണത്തിന് അഞ്ചു രാജ്യങ്ങളിൽ നേതൃത്വം നൽകിയ പരിചയവും അത് പോലെ ദുരന്ത നിവാരണ പോളിസി മേക്കിങ്ങിലും റിസോഴ്‌സ് മൊബിലൈസേഷനിലും ഹാൻഡ്‌സ് ഓൺ അനുഭ പരിചയവുമുള്ളഎന്നെ സർക്കാർ ശത്രു സ്ഥാനത്തു പ്രതിഷ്ഠിച്ചു.
ഒരൊറ്റ സർക്കാർ കൺസൾട്ടേഷന് പോലും വിളിച്ചില്ല. എന്നാൽ 2018 ഓഗസ്റ്റ് 19 തീയതി തുടങ്ങിയ അടിസ്ഥാന പ്രവർത്തനം ഇന്നും തുടരുന്നു. പത്തനതിട്ട ജില്ലയിൽ 25000 കുടുംബങ്ങൾക്ക് സഹായം എത്തിച്ചു 12 സ്‌കൂളും, കൂടാതെ അങ്കൻ വാടി, സ്ത്രീ വിപണ കേന്ദ്രങ്ങളും അറ്റകുറ്റപണികൾ നടത്തി. കേരളത്തിൽ ആദ്യമായ ദുരന്ത ലഘൂകരണത്തെകുറിച്ചു റിപ്പോർട്ട് പുറത്തിറക്കി
പക്ഷെ ഭരണ അധികാരങ്ങളിൽ സ്തുതി പാടക ആശ്രിത വൃന്ദത്തിന് പുറത്തായാത് കൊണ്ട് സർക്കാർ ഒരൊറ്റ കണ്സൾട്ടേഷനിൽ പങ്കെടുപ്പിച്ചില്ല.. സർക്കാരിന്റ ഇന്റർ ഏജെൻസി നെറ്റ്വർക്കിൽ ദുരന്ത നിവാരണത്തിന് രാപ്പകൽ പ്രവർത്തിച്ച ഞാനുൾപെട്ട സാമൂഹിക സംഘടകളുടെ പേരില്ല..
അത് കൊണ്ട് അപ്രിയ സത്യങ്ങൾ പറയുന്നവരെ ഒഴിവാക്കും എന്നറിഞ്ഞു കൊണ്ടാണ് പറയുന്നതും പറഞ്ഞിട്ടുള്ളതും. അങ്ങനെയും ചിലർ സമൂഹത്തിൽ വേണമല്ലോ. ഗുണഭോഗ്ത ആശ്രിത രാഷ്‌ടീയത്തിൽ താല്പര്യമില്ലാത്തത് കൊണ്ട് അത് ഒരിക്കലും പ്രശ്നമല്ല.
ഇപ്പോൾ സാലറി ചലഞ്ചു കൊണ്ട് എന്ത്‌ കിട്ടും?
പ്രകൃതി ദുരന്തമോ വെള്ളപ്പൊക്കമോ ഏതെങ്കിലും ഒരു പ്രദേശത്തു മാത്രം സംഭവിക്കുന്നത്. അത് ഇക്കോണമിയെ അധികം ബാധിക്കില്ല. അതിനുള്ള ചിലവുകൾ വീടും റോഡും പാലവും എല്ലാം പുനർ നിർമ്മാണത്തിനുമാണ് പണം വേണ്ടത്.
പ്രകൃതി ദുരന്തവും കോവിഡ് പാൻഡെമിക്കും വളരെ വളരെ വ്യത്യസ്ത ദുരന്തങ്ങളാണ്. കോവിഡ് പൂർണ ആഗോള ദുരന്തമാണ്. ലോകത്തു കഴിഞ്ഞ നൂറ് കൊല്ലങ്ങൾക്കിടയിലുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നായിരുന്നു സുനാമി. പക്ഷെ അത് പോലും ആറു രാജ്യങ്ങളെയാണ് പ്രധാനമായും ബാധിച്ചത്
പ്രളയ ദുരന്തത്തിന് ശേഷം വേണ്ടത് അടിയന്തര ഭക്ഷ്യ ആശ്വാസവും പുനർ നിർമ്മാണ്ത്തിന് വേണ്ട തുകയുമാണ്. എന്നാൽ കോവിഡ് ദുരന്തവും ലോക് ഡൌൺ ബാധിക്കുന്നത് സാമ്പത്തിക രംഗത്തെയാണ്. സാമ്പത്തിക ദുരന്തം സർക്കാരിന്റെ റെവെന്യുവിനെ ബാധിക്കും. മുപ്പതിനായിരം കോടിയോളം സർക്കാർ വരുമാനം നഷ്ട്ടമായാൽ അതിന് വേണ്ടത് റീ ഫൈനാൻസിംഗ് സ്ട്രാറ്റജിയാണ്.
ആഗോള തലത്തിൽ മിക്കവാറും എല്ലാ രാജ്യങ്ങളെയും ബാധിച്ച മഹാമാരിക്ക് ലോക ചരിത്രത്തിൽ സമാനതകളില്ല. പ്ളേഗ് പോലും ഇത്രപെട്ടന്നു ലോകമെങ്ങും പകർന്നില്ല.
അത് കൊണ്ട് തന്നെ പ്രളയം പോലെ അല്ല ഈ അവസ്‌ഥ. വലിയ സാമ്പ്ത്തിക പ്രതി സന്ധികൾക്ക് സാധ്യതയുള്ളതിനാൽ ലോക്കമെങ്ങുമുള്ള മലയാളികൾ ഉൾപ്പെടെയുള്ളവർ ആശങ്കയിലാണ്.
ശമ്പളം കിട്ടുമോ എന്ന് പോലും ഉറപ്പില്ലാത്തവർ എങ്ങനെ സാലറി ചലഞ്ചിൽ പങ്കെടുക്കും.? പ്രളയ ദുരിത്വശത്തിനൽ നിന്നും വളരെ വിഭിന്നമാണ് കോവിഡ് ദുരന്തം.
അതിന്റ പ്രത്യാഘാതം സാലറി ചലഞ്ചു കൊണ്ട്മാത്രം പരിഹരിക്കാനാവില്ല. അത് കോവിഡ് പാരസെറ്റുമോൾ കൊണ്ട് ചികിൽസിക്കാം എന്ന് കരുതുന്നത് പോലെയാണ്.
സർക്കാരിന് ശമ്പളം കൊടുക്കാൻ കാശ് തികയുമോ എന്ന സാമ്പത്തിക പ്രതിസന്ധിയിൽ സാലറി ചലഞ്ചു കൊണ്ട് പരിഹരിക്കാവുന്നതല്ല
സത്യത്തിൽ സർക്കാരിന് ആവശ്യമായുള്ളത് ഒരു റീ ഫൈനാൻസിംഗ് സ്ട്രാറ്റജിയാണ്.
ഈ വർഷത്തെ കേരള ബജറ്റിൽ പറഞ്ഞ റെവന്യൂ വളരെകുറയും. അത്‌ കൊണ്ട് ബജറ്റ് തന്നെ പുനർവിചാരം ചെയ്യണ്ട അവസ്തയാണ്. റീഫിനാന്സിങ് അത്യവശ്യം ചിന്തിക്കണ്ടതാണ്
സാലറി ചലഞ്ചല്ല ഇപ്പോൾ വേണ്ടത്. ഇപ്പോൾ വേണ്ടത് കണ്ടിജെൻസി പ്ലാനും ബജറ്റ് റീ ഫൈനാൻസിങ് സ്ട്രാറ്റജിയുമാണ് അതിന്റ ഭാഗമായി ഒരുമാസത്തെ സാലറി അടുത്ത വർഷം അരിയേഴ്സ് ആയി തരാം. സ്വമേധയ കൊടുക്കണ്ടവർക്ക് കൊടുക്കുകയുമാവാം. അത് റീഫിനാൻസ് സ്ട്രാറ്റജിയുടെ ഭാഗമാക്കണം. അത് ബജറ്റ് റെവെന്യുവിലാണ് ഉൾപ്പെടുത്തേണ്ടത്.
അതും മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയും വ്യത്യസ് ത്തമായാണ് കാണേണ്ടത്. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് സ്വമേധയാ സംഭാവന കൊടുക്കണ്ട ആർക്കും കൊടുക്കാം. പക്ഷേ അത് ബഡ്ജറ്റിൽ വരുവാൻ പോകുന്ന വൻ റെവെന്യു വരുമാന ഇടിവിന് പരിഹാരം ആകില്ല
ഉള്ളത് പറഞ്ഞാൽ പലർക്കും ഇഷ്ട്ടപ്പെടില്ല
പക്ഷെ പറയാതെ വയ്യ.
ചെവിയുള്ളവർ കേൾക്കട്ടെ. കണ്ണുള്ളവർ കാണട്ടെ.
ജെ എസ് അടൂർ

 https://www.marunadanmalayali.com/opinion/sociopolitical/j-s-adoor-182409?fbclid=IwAR2PeIGdyPrEzlYKzihi0dt3YDBSBgsfwBrGV4rFliambJYGTotbIREciv8

No comments: