Tuesday, April 21, 2020

കാബേജസ് ആൻഡ് കോണ്ടം


ബാങ്കോക്കിലെ തിരക്കേറിയ സുകുംവിത് റോഡിലെ പന്ത്രണ്ടാം സോയിലാണ് കാബേജസ് ആൻഡ് കോണ്ടം.
അവിടെപ്പോയാൽ ഇഷ്ട്ടംപൊലെ നല്ല ഒന്നാംതരം തായ് ഭക്ഷണം കഴിക്കാം. ഭക്ഷണം കഴിച്ചു കഴിഞ്ഞു മധുരത്തിന് പകരം തരുന്നത് കോണ്ടമാണ്.
ആ റെസ്റ്റോറന്റിൽ കേരളത്തിൽനിന്നും ഇന്ത്യയിൽ നിന്നുമുള്ള പലരെയും അത്താഴം കഴിക്കാൻ കൊണ്ടു പോയിട്ടുണ്ട്. പലർക്കും ഭക്ഷണം കഴിച്ചു കഴിയുമ്പോൾ ഒരു സോസറിൽ കൊണ്ടു വയ്ക്കുന്ന കോണ്ടം കാണുമ്പോൾ അതിശയമാണ്. ചിലർക്ക് ചമ്മൽ. ചിലരുടെ മുഖത്തു ഒരു വല്ല്യായ്മ.
കൂടെയുള്ളവർ കോണ്ടം എടുക്കുമ്പോൾ പലരും ഹാംലെറ്റാകും. എടുക്കണോ വേണ്ടായോ എന്ന് സംശയം. റെസ്റ്റോറെന്റിന്റ മുന്നിൽ റിപ്പബ്ലിക്കൻ കോണ്ടവും ഡെമോക്രാറ്റിക് കോണ്ടവും രണ്ടു തുറന്ന കള്ളികളിലുണ്ട്. ഇഷ്ടം പൊലെ കോണ്ടമെടുക്കാം. ഇരുനൂറു ബാത്തിന് ശാപ്പാട് അടിച്ചിട്ട്. പത്തു കോണ്ടമെടുത്താൽ പൈസ വസൂൽ
ആ റെസ്റ്റോറന്റ് തന്നെ ഒരു കോണ്ടം ചരിത്രമ്യുസിയമാണ്. പലതരം കോണ്ടവും പഴയ കോണ്ടം പരസ്യങ്ങളും അവിടെ കാണാം.
കോണ്ടത്തിനു ഏതാണ്ട് നാനൂറ് കൊല്ലത്തിലധികം ചരിത്രമുണ്ട്. അതുണ്ടാക്കാൻ ആടിന്റെ തോലും കുടൽ വള്ളിയും തൊട്ട് പലതും ഉപയോഗിച്ചിരുന്നു. ആദ്യം ഉപയോഗിച്ചത് പണ്ട് വളരെ വ്യാപകമായിരുന്ന മാരകമായ സിഫിലിസ് രോഗത്തെ തടയാനാണ്.
1850 കളിൽ ചാൾസ് ഗുഡ്ഇയർ റബറും അതിന്റെ പ്രോസസ്സിങ്ങും കണ്ടുപിടിച്ചത് (അങ്ങനെയാണ് ഗൂഡിയർ ടയർ ഇപ്പോഴുമുള്ളത് ). ലോകമാകമാനം സാമ്പത്തിക വ്യവസായ വിപ്ലവമുണ്ടാക്കിയ, വാഹന ടയറുകൾ മുതൽ ഒരുപാടു വിപ്ലവകരമായ മാറ്റമുണ്ടാക്കിയ റബറിന് പല ഉപയോഗങ്ങളുണ്ടായി. അങ്ങനെ 1859 ഇൽ റബർ ഉപയോഗിച്ച് കോണ്ടമുണ്ടാക്കി.
പക്ഷെ അതിന് ആദ്യം വലിയ ജനപ്രീതി ഇല്ലായിരുന്നു. അമേരിക്കയിലും മറ്റു പലയിടത്തും ലൈംഗിക രോഗങ്ങൾ പടരുവാൻ തുടങ്ങിയപ്പോൾ ആവശ്യക്കാർ കൂടി. അങ്ങനെയാണ് കൊണ്ടത്തിനു റബർ എന്ന് ചിലർ വിളിക്കുവാൻ തുടങ്ങിയത്.
ഇപ്പോൾ നമ്മൾ കാണുന്ന ലാറ്റക്സ് കോണ്ടം വിപ്ലവം തുടങ്ങിയത് 1920 ലാണ്. ലാറ്റക്സ് ടെക്നൊലെജി വളർന്നതോടെ കോണ്ടത്തിന്റെ വ്യവസായിക ഉല്പാദനവും വളർന്നു.
ആളുകൾ കോണ്ടം ഒരു ഗർഭ നിരോധന ഉപാധിയായി ഉപയോഗിച്ച് സെക്സ് ആസ്വദിക്കാൻ തുടങ്ങിയതോടെ സഭകൾ കോണ്ടം കൊണ്ടുണ്ടായ പുതിയ ലൈംഗിക സ്വാതന്ത്ര്യത്തിന് എതിരെ നിലപാടെടുത്തു.
രതി സുഖം പാപമാണ് എന്നും സെക്‌സിന്റ് ഏക ഉദ്ദേശം ഉണ്ണികളേ ഉണ്ടാക്കുക എന്ന പഴയ യാഥാസ്ഥിതിക കാഴ്ചപ്പാടിൽ നിന്ന് ഉണ്ടായതാണ്. ഇൻഗ്ലെഡിലും അമേരിക്കയിലും അതിനെതിരെ നിയമങ്ങൾ പോലും വന്നു. ഇപ്പോഴും വത്തിക്കാൻ എതിരാണ്. ആദ്യകാലത്ത് ഫെമിനിസ്റ്റുകൾ പുരുഷ കോണ്ടങ്ങളെ എതിർത്തത് സ്ത്രീകളുടെ ലൈംഗികതയും ഗർഭ ധാരണവും പുരുഷൻ നിയന്ത്രിക്കുന്നു എന്നത് കൊണ്ടാണ്. പിന്നെ കോണ്ടം ഇല്ലാതെ പുരുഷനുമായി ലൈംഗീക വേഴ്ച്ച ഇല്ലെന്ന സ്ഥിതി വന്നു. ഇപ്പോൾ സ്ത്രീ കോണ്ടവും മാര്കെറ്റിലുണ്ട്.
പക്ഷേ രണ്ടാം മഹായുദ്ധകാലത്ത് കൂടുതൽ സൈനികർ ലൈംഗിക രോഗം വന്ന് ഔട്ട്‌ ആയപ്പോൾ ജർമനി പട്ടാളക്കാർക്ക് സൗജന്യമായി കോണ്ടം കൊടുത്തതോടെ പ്രശ്നം ഒരു വലിയ പരിധി വരെ പരിഹരിച്ചു. അതു മറ്റു പല യൂറോപ്പിയൻ രാജ്യങ്ങളും ജപ്പാനും പിന്നെ അമേരിക്കയും ബ്രിട്ടനും പിന്തുടർന്നു.
രണ്ടാം ലോകത്തിന് ശേഷം ആയിരത്തി തൊള്ളായിരത്തി അമ്പതുകളിലാണ് കോണ്ടം സർക്കാർ പോളിസിയുടെ ഭാഗമാകുന്നത്. ജനപ്പെരുപ്പവും ദാരിദ്ര്യ നിർമ്മാർജ്ജനവും വെൽഫെയർ സർക്കാരുകൾക്ക് വലിയ വെല്ലുവിളിയായി.
ഇന്ത്യയിലും ചൈനയിലും എത്യോപിയിലും അനേകം ആഫ്രിക്കൻ രാജ്യങ്ങളിലും എല്ലാം ഭക്ഷ്യ ക്ഷാമമുണ്ടായി. അങ്ങനെയാണ് ഫാമിലി പ്ലാനിങ് ഒരു സോഷ്യൽ പോളിസിയായത്.
നാം രണ്ടു നമുക്ക് രണ്ടു എന്ന മുദ്രാവാക്യവും നിരോധും അറുപതുകളുടെ അവസാനത്തോടെ ഇന്ത്യയിൽ വ്യാപകമായി. ഫാമിലി പ്ലാനിങ് ജനപ്പെരുപ്പം കുറച്ച ഒരു സംസ്ഥാനമാണ് കേരളം.
ഹിന്ദുസ്ഥാൻ ലാറ്റെക്‌സും നിരോധും വ്യപാകമായി. ഇന്ത്യയാണ് കോടി കണക്കിന് ആളുകക്ക് കോണ്ടം സോഷ്യൽ പോളിസിയിലൂടെ എത്തിച്ച ഒരു രാജ്യം. എന്റെ ചെറുപ്പത്തിൽ കോണ്ടം എന്നാൽ നിരോധ് ആയിരുന്നു. അന്ന് സർക്കാർ എല്ലാവീട്ടിലും പബ്ലിക് ഹെൽത്ത്‌ ആരോഗ്യ ഉദ്യോഗസ്ഥരിൽ കൂടെ നിരോധ് വിതരണം ചെയ്യുമായിരുന്നു.
ലോകത്തു ആരോഗ്യമുള്ള എല്ലാ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ലൈംഗിക ചോദനയുണ്ടെന്നത് ഏറ്റവും സ്വാഭാവികമായ ശാരീരിക പരിണാമമാണ്. ഈ ലൈംഗികതയെ നിയന്ത്രിച്ചാണ് മത -രാഷ്ട്രീയ അധികാരങ്ങൾ എന്നും മനുഷ്യനെയും സമൂഹത്തെയും നിയന്ത്രിച്ചത്.
ലൈംഗികത എല്ലാ മനുഷ്യർക്കും രതി സുഖത്തിനു നിദാനമെങ്കിലും അതു ഒരു ടാബുവാക്കി അതിനെ തെറ്റും പാപവുമൊക്കെയാക്കി ലൈംഗികതയെ അടിച്ചമർത്തി അതിനെ എന്തോ വൃത്തികെട്ട സംഭവവും നാണക്കേടുമാക്കി. എല്ലാവരും ചെയ്യുന്ന എന്നാൽ പറയാൻ മടിക്കുന്ന ഒരു ഏർപ്പാടാക്കി. കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്നത് പോലും പലരും പാപമായി ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും കാണുന്നു.
പലരും കോണ്ടം വാങ്ങിക്കുന്നത് തന്നെ പാത്തും പതുങ്ങിയും നാണക്കേടായും ഏതോ പാപ ബോധവുമായാണ്. പമ്മി മെഡിക്കൽ ഷോപ്പിൽ പോയി ഒച്ച താഴ്ത്തിപറഞ്ഞു ഏതെങ്കിലും കടലാസ്സിൽ പൊതിഞ്ഞു വാങ്ങും. പലപ്പോഴും സ്ത്രീകൾക്ക് വാങ്ങുവാൻ തന്നെ പ്രയാസം.
ഈ മനോഭാവത്തെ മാറ്റി മറിച്ചയാളാണ് ഇന്ന് ലോക പ്രശസ്തനായ തായ്‌ലൻഡിലെ മേച്ചായി വീരവൈദ്യ.
അയാൾ വീര വൈദ്യനായ ഡോക്ടറാണ്. തായ്‌ലൻഡിലെ രാജ കുടുംബവുമായി അടുത്ത ബന്ധമുള്ള കുടുംബത്തിൽ ജനിച്ചു. 1970 കൾ മുതൽ പൊതു ജനാരോഗ്യ പ്രവർത്തനം. 1974 ഇൽ തായ് ലാൻഡിലെ പോപ്പുലേഷൻ കൗണ്സിലിന്റ തലവനായി.ഫാമിലി പ്ലാനിങ്ങിന്റെ വക്താവായി. അദ്ദേഹത്തിന്റെ സ്ട്രാറ്റജി സ്ത്രീകളിൽ കോണ്ടം എത്തിച്ചു അതു ഒരു ഗർഭ നിരോധന മാർഗമാക്കുക എന്നതായിരുന്നു.
പക്ഷേ ഒരു പ്രശ്നം സ്ത്രീകൾക്ക് കോണ്ടം ഫ്രീയായി കൊടുത്താലും വാങ്ങുവാൻ മടി. ഇതു ഒരു കീറ മുട്ടി ആയപ്പോൾ മേച്ചായി ഒരു പരീക്ഷണം നടത്തി. അദ്ദേഹവും കൂട്ടരും ആദായ വിലക്ക് ജൈവ പച്ചക്കറി കടകൾ തുടങ്ങി.
സ്ത്രീകൾ പച്ചക്കറി വാങ്ങാൻ ദൂരെ നിന്ന് പോലും വന്നു. പച്ചക്കറി കച്ചവടം പൊടി പൊടിച്ചു പക്ഷേ എല്ലാ പച്ചക്കറി സഞ്ചിയിലും രണ്ടു മൂന്നു പാക്കറ്റ് കോണ്ടം ഇട്ട് കൊടുത്തു. പിന്നെ പിന്നെ പലരും അവിടെ പച്ചകറി വാങ്ങാൻ വന്നത് ഫ്രീ കൊണ്ടതിനു വേണ്ടിയായിരുന്നു. കോണ്ടം കൊടുക്കാതെ വന്നപ്പോൾ ചോദിച്ചു വാങ്ങി . കാരണം ഈ കടകൾ നടത്തിയിരുന്നത് സ്ത്രീകളാണ്.
അങ്ങനെ മേച്ചായി സ്ത്രീകളെ സംഘടിപ്പിച്ചു ജൈവ കൃഷിയും കോണ്ടം പ്രചരണവും നടത്തി. സ്ത്രീകൾക്കും കുട്ടികൾക്കും ലൈംഗിക വിദ്യാഭ്യാസം നൽകി. സ്ത്രീകളുടെ ഇടയിലും സ്‌കൂളുകളിലും വീർപ്പിച്ചു ബലൂൺ മത്സരം നടത്തി. അങ്ങനെ ആ വെജിറ്റബിൾ കട ആദ്യമായി തുടങ്ങിയിടത്താണ് ഇന്നത്തെ പ്രശസ്തമായ കാബേജസ് ആൻഡ് കോണ്ടം എന്ന ഒന്നാം തരം തായ് റെസ്റ്റോറന്റ്. അവിടെ എല്ലാം കൊണ്ടമയമാണ്.
മേച്ചായി കോണ്ടം പ്രചാരണത്തിലൂടെ കോടി കണക്കിന് വരുമാനമുള്ള ഒരു സോഷ്യൽ എന്റർപ്രൈസ് വളർത്തി.
ഇന്ന് പതിനായിരക്കണക്കിന് സ്ത്രീകൾ ജൈവ കൃഷി പരിസ്ഥിതി സംരക്ഷണം എന്നിവ നടത്തുന്നു. കാബേജസ് ആൻഡ് കോണ്ടം റെസ്റ്റോറന്റ്, ഇക്കോ റിസോർട്ടുകൾ കോണ്ടം പ്രൊഡക്ഷൻ. പോപ്പുലേഷൻ കൗൺസിൽ ഇന്ന് 15 നിലയുള്ള കെട്ടിട സമുച്ചയത്തിലാണ് പ്രവർത്തിക്കുന്നത്.
നോബൽ ഒഴിച്ചുള്ള എല്ലാ അവാർഡുകളും ബിൽ ഗേറ്റ്സ് ഇന്നൊവേഷൻ അവാർഡ് 10 മില്ല്യൻ ഡോളർ
ഇന്ന് തായ് ഭാഷയിൽ കോണ്ടത്തിനു 'മേച്ചായി ' എന്നാണ് പറയുന്നത്. പല പ്രാവശ്യം അദ്ദേഹവുമായി ഇടപഴകിയിട്ടുണ്ട്. അദ്ദേഹം ഇതിനിടെ എം പി യും ആരോഗ്യ മന്ത്രിയൊക്കയായി.
അദ്ദേഹത്തിന്റെ ജീവ ചരിത്രത്തിന്റെ പേര് ' കോണ്ടം കിങ് ' എന്നാണ്. ഇന്ന് തായ്‌ലൻഡിൽ ഏത് കടയിലും ഏറ്റവും ദൃശ്യമായി വച്ചിരിക്കുന്നത് കൊണ്ടമാണ്. അതു കൊണ്ടു അവിടെ ജന സംഖ്യ കുറഞ്ഞു. HIV പടർന്നില്ല. അതു നിയന്ത്രണ വിധേയമാക്കി. കോണ്ടത്തിന്റെ നാണക്കേട് മാറ്റിയ വീര വൈദ്യനാണ് മേച്ചായി വീരവൈദ്യ.
കോണ്ടം ഏതാണ്ട് വൃത്തികെട്ട ഏർപ്പാടാണ് എന്ന് കരുതുന്ന പി എച് ഡി യും ഐ പി എസ്സും ഒക്കെയുള്ള നാടാണ് കേരളം എന്നത് നിരോധ് വിപ്ലവം കണ്ട കേരളത്തിന് നാണക്കേടാണ്.
എന്തായാലും ഇവർക്കൊക്കെ കാബേജസ് ആൻഡ് കോണ്ടം റെസ്റ്റോറന്റിൽ കൊണ്ടുപോയി ഊണ് മേടിച്ചു കൊടുത്തു അതു കഴിഞ്ഞു രണ്ടു പാക്കറ്റ് കോണ്ടം ഫ്രീയായി കൊടുക്കണം എന്ന ഒരാഗ്രമുണ്ട്.
ജെ എസ് അടൂർ

No comments: