എന്താണ് ബോധിഗ്രാം കൊണ്ട് ഉദ്ദേശിക്കുന്നത് ?
പുതിയ അന്വേഷണങ്ങളും ആശയങ്ങളും ഒഴുകാൻ പാകത്തിലുള്ള ഒരു ചെറിയ അരുവിയാണ് ബോധിഗ്രാം.
മനുഷ്യനെകുറിച്ചും, സമൂഹത്തെ കുറിച്ചും പ്രകൃതിയെകുറിച്ചും പ്രപഞ്ചത്തെകുറിച്ചുമുള്ള അറിവുകളെയും തിരിച്ചറിവുകളെയും എങ്ങനെ സര്ഗാത്മകവും ക്രിയാത്മകവുമായി അന്വേഷിക്കാം എന്ന ആശയമാണ് ബോധിഗ്രാം.
മനുഷ്യന്റെ ചിന്തയും വാക്കും ആശയങ്ങളും പുതിയ കൂട്ടായ്മകളിലൂടെ സ്പുടം ചെയ്തു പുതിയ അറിവുകളുടെയും തിരിച്ചറിവുകളെയും അരുവികൾ ഉണ്ടാകുമ്പോഴാണ് നമ്മളിൽ പുതിയ കവിതയുടെ നാമ്പും പുതിയ രാഷ്ട്രീയ കാഴ്ചപ്പാടുകളുടെ കാമ്പും ഉണ്ടാകുന്നത്.
മാറ്റം ആദ്യമുണ്ടാകേണ്ടത് മനുഷ്യ മനസ്സുകളിൽ ആണ്. പുതിയ മാറ്റങ്ങൾക്കു വഴി തെളിക്കുന്നത് കൂട്ടായ സർഗാത്മക അന്വേഷണ കൂട്ടായ്കളിൽ കൂടെയാണ്.
മനുഷ്യനെകുറിച്ചും പ്രപഞ്ചത്തെകുറിച്ചുമുള്ള പുരാതന ചോദ്യങ്ങൾ പുതിയ രീതിയിലും പുതിയ തലത്തിലും പുതിയ സാമൂഹിക പരിസരങ്ങളിലും വീണ്ടും വീണ്ടും ചോദിക്കുന്നിടത്തു നിന്നാണ് മനുഷ്യനും സമൂഹവും പുതുക്കപ്പെട്ടു തുടങ്ങുന്നത്.
അന്വേഷണങ്ങളുടെ പുതിയ പുലരികൾ ആണ് നമ്മളെ പുതിയ ബോധ തലങ്ങളിൽ എത്തിക്കുന്നത്.
കേരളവും ഇന്ത്യയും ലോകവും ഇന്ന് ഒരു ദിശാസന്ധിയിലും പ്രതിസന്ധിയിലേക്കും നീങ്ങുകയാണ്. ഇതിനു ഒരു കാരണം പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും ഉയർന്നു ശക്തിപ്രാപിച്ചു ആശയ ധാരകൾ അധികാര അധീശത്വ രൂപങ്ങളായി ജീവിച്ചു മരിച്ചു എന്നതാണ്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതിയ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങളെ നേരിടാനുള്ള കരുത്തും കാമ്പും പഴയ ആശയ സംഹിതകൾക്കും നഷ്ട്ടപ്പെട്ടു എന്നതാണു വാസ്തവം.
പഴയ ആശയ സംഹിതകൾ സംവിധാനങ്ങളും അധികാര രുപങ്ങളും ആയി സ്ഥാപനവൽക്കരിക്കുമ്പോൾ അവ സൃഷ്ടിയിൽ നിന്ന് സ്ഥിതിയിലേക്കും പിന്നീട് സംഹാര അവസ്ഥയിലേക്കും പോകുമ്പോൾ ആണ് അവ യാഥാസ്ഥിതിക അധികാര ഘടനകളായി പരിണമിച്ചു പുതിയ അന്വേഷങ്ങൾക്കും ആശയങ്ങൾക്കും ചിന്തകൾക്കും വിരാമം കുറിക്കുന്നത്.
ഇങ്ങനെയാണ് പഴയ ആശയ ധാരകൾ പിന്നീട് മത -യാഥാസ്ഥിക സ്വരൂപങ്ങൾ ആയി നമ്മുടെ ബോധ്യതലങ്ങൾക്കു പൂട്ടിട്ടു മനസ്സിനെയും മാനുഷിക ബന്ധങ്ങളെയും നിയന്ത്രിച്ചു വരുതിയിൽ ആക്കി നമ്മെ ഭരിക്കുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും ഉണ്ടായ ആശയയ ധാരകളുടെ പുഴ വറ്റിയിരിക്കുന്നു. അതുകൊണ്ടു തന്നേയാണ് ലോകം പഴയ യാഥാസ്ഥിതിക അധികാര രൂപങ്ങളായ മത സ്വരൂപങ്ങളിൽ പുതിയ രാഷ്ട്രീയ മേല്കൊയ്മകൾ വിളക്കി എടുത്ത ഒരു നവ യാഥാസ്ഥിതിക രാഷ്ട്രീയത്തെ വളർത്തുന്നത്.
ലോകത്തിന്റെ വിവിധയിടങ്ങളിൽ ഇന്ന് മതസ്വരൂപങ്ങൾ രാഷ്ട്രീയ നവ യാഥാസ്ഥിതികയിൽ ഊന്നി ഹിംസാത്മക ചിന്തകളിലൂടെയും ഭീകര രൂപിയായി ഭയപ്പെടുത്തിയും പുതിയ അരക്ഷിതവസ്ഥകൾ സൃഷ്ടിച്ചും അധികാര സ്ഥാപനങ്ങൾ കൈയടക്കാനുള്ള വെമ്പലിൽ ആണ്. അതുകൊണ്ടു തന്നെയാണ് ജനങ്ങൾ വീണ്ടും ജാതി മത വംശ ചിന്തകളുടെ പഴയ താവളങ്ങളുടെ യാഥാസ്ഥിതിക സുരക്ഷയിലേക്ക് ചിന്തയറ്റു കൂപ്പു കുത്തുന്നത്
മാനവ നൈതീകതയിൽ തെളിഞ്ഞു ഇനിയും പുതിയ ആശയ ധാരകൾ സർഗ്ഗാത്മ കൂട്ടായ്മകളുടെ പുതിയ ബോധ തലങ്ങളിലൂടെ പുതിയ അരുവികൾ ഒഴുകണ്ടതു പുതിയ കാലത്തിന്റെ ആവശ്യമാണ്.
ഇപ്പോഴത്തെ യാഥാസ്ഥിക ദിശാസന്ധികളെ തരണം ചെയ്യാൻ പുതിയ ആശയ ധാരകളുടെ പുതിയ അരുവികളും പുഴകളും ഉണ്ടാകണം.
ബോധിഗ്രാം ഒരു ഉത്തരം അല്ല. ബോധിഗ്രാം മറ്റൊരു എൻ. ജി. ഓ അല്ല. അത് ആശയങ്ങളെയാണ് തേടുന്നത് .
അത് ഫണ്ട് സ്വരൂപിച്ചു സമൂഹ മാരാമത്തു പണി ചെയ്യുന്ന ഒരു സ്ഥാപനം അല്ല.
അത് വാക്കുകളുടെ വഴികളും അറിവിന്റെ വഴികളും മനുഷ്യ നന്മയുടെ വഴികളും തേടിയുള്ള ഒരു യാത്രയുടെ പരീക്ഷണം ആണ്.
അത് സർഗ്ഗാത്മകവും ക്രിയാത്മകവും ആയ ഒരു അന്വേഷണ കൂട്ടായ്മകളുടെ തുടക്കം ആണ്.
അത് പുഴയായി ഒഴുകാൻ ആഗ്രഹിക്കുന്ന ഒരു ചെറിയ അരുവിയുടെ ചെറിയ ഒഴുക്കാണ്.
ബോധിഗ്രാം അറിവുകളും തിരിച്ചറിവുകളും പുതിയ സ്വപ്നങ്ങളും വിളയിക്കുവാനുള്ള ഒരു പാടമാണ്. അത് പുതിയ കവിതകൾക്കും പുതിയ സംസ്കാരത്തിനും വേണ്ടിയുള്ള കാതോർക്കലാണ്.
അത് ഒരു സാർഗാത്മക അന്വേഷണം ആണ്. ആർക്കും എവിടെയും അതിൽ പങ്കു ചേരാം. അത് സർഗ്ഗാത്മകവും ക്രിയാത്മകവും ആയ ബോധ ധാരകളുടെ കൂട്ടായമ ലോകമെമ്പാടും പ്രോത്സാഹിപ്പിക്കുവാനുള്ള ഒരു ചെറിയ വലിയ ശ്രമം ആണ്.
അത് അടിസ്ഥാന തലത്തെയും ആഗോള തലത്തെയും സർഗ്ഗാത്മ വിനിമയങ്ങളിലൂടെ ബന്ധിപ്പിക്കുവാനുള്ള ഒരു ശ്രമമാണ്.
അത് ലിംഗ-ജാതി-മത-വംശ-ഭാഷ-ദേശ ഭേദമന്യേ എല്ലാ മനുഷ്യരെയും ഒരു സർവ്വ ജീവ പ്രപഞ്ചത്തിന്റെ ഭാഗമായി കാണുവാനുള്ള ഒരു ശ്രമം ആണ്.
ഞാൻ അതിന് ഒരു ചെറിയ നിമിത്തം മാത്രം.
ഞാൻ പോയികഴിഞ്ഞാലും ഈ പുഴ ഒഴുകുമെന്നു എന്റെ മനസ്സ് എന്നോട് ചൊല്ലി തന്നതിൽ നിന്നാണ് ബോധിഗ്രാം തുടങ്ങിയത്. അത് അവിടെ അവസാനിക്കില്ല.
അത് കേരളവും ഇന്ത്യയും കടന്നു ലോകമെമ്പാടും പുതിയ അന്വേഷങ്ങൾക്കു വഴി തെളിക്കും. പുതിയ പൂക്കാലങ്ങൾ വരേണമെങ്കിൽ പുതിയ നാമ്പും പുതിയ മരങ്ങളും ഈ നാട്ടിൽ വളരണം.
ജെ എസ് അടൂർ
No comments:
Post a Comment