.
കേരളത്തിലേ മുഖ്യധാര പാർട്ടികളിൽ എല്ലാം ആണ്കോയ്മയും പുരുഷാധിപത്യവുമാണ് നടമാടുന്നത്.
പുരുഷാധിപ ജനാധിപത്യം ജനായത്ത സംസ്കാരമല്ല. കേരള നവോത്‌ഥാനം എന്ന് നാഴികക്ക് നാല്പത് വട്ടം പറയുമെങ്കിലും ഇവിടെ അങ്ങനെ ഒരു സൂത്രം യഥാർത്ഥത്തിൽ നടന്നിട്ടുണ്ടോ?. ഇവിടെ നവോത്ഥാന മതിലുകൾ പണിഞ്ഞതും പണിയുന്നതും കുറെ ആണുങ്ങളാണ്. സ്ത്രീകളെ മതിൽ കെട്ടി രാഷ്ട്രീയ അധികാരത്തിന് അപ്പുറം നിർത്തിയിരിക്കുന്നത് ആരുടെ നവോത്‌ഥാനമാണ് സർ?
ഇന്ന് കേരളത്തിൽ കോവിഡ് പ്രതിരോധത്തിന് നേതൃത്വം നൽകുന്നത് തികഞ്ഞ നേതൃത്വ ശേഷിയുള്ള രണ്ടു സ്ത്രീകളാണ്. മന്ത്രി ശൈലജയും ഹെൽത് ഡയറക്റ്റർ ഡോ. സരിതയും. കോവിഡ് പ്രതിരോധത്തിൽ ഏറ്റവും അടിസ്ഥാനതലത്തിൽ പ്രവൃത്തിക്കുന്നത് 27000ആശ പ്രവർത്തകരും സ്ത്രീകളാണ്. ആരോഗ്യ പ്രവർത്തകരിൽ ഭൂരിപക്ഷം സ്ത്രീകളാണ്. കേരളത്തിലെ പഞ്ചായത്ത്‌കളിൽ 58% ത്തോളം പഞ്ചായത്തുകളിൽ നേതൃത്വം നൽകുന്നത് സ്ത്രീകളാണ് . ഇങ്ങനെയൊക്കെ ആണെങ്കിലും ആണ്കോയ്മകാർക്ക് സ്ത്രീകൾ നടത്തുന്ന നേതൃത്ത റോളുകൾ അംഗീകരിയ്ക്കുവാൻ വിമ്മിഷ്ട്ടമാണ്.
സ്വാതന്ത്ര്യം കിട്ടി ഇത്രയും നാളായിട്ടു എത്ര സ്ത്രീകൾ ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയുടെ നേതൃത്വത്തിലോ ഉന്നത അധികാര സമതിയിലോ വന്നിട്ടണ്ട്.? നിയമ സഭയിൽ പത്തു ശതമാനം സ്ത്രീകൾ എങ്കിലും ഉണ്ടായിട്ടിണ്ടോ? ഇത്രയും' പുരോഗമന ' ജനാധിപത്യ രാഷ്ട്രീയമുള്ള കേരളത്തിൽ എന്തു കൊണ്ടു കഴിഞ്ഞ എഴുപത് കൊല്ലത്തിൽ ഒരു വനിതാ മുഖ്യ മന്ത്രിയുണ്ടായില്ല? മുഖ്യ മന്ത്രി അകാൻ സർവ്വ യോഗ്യതകളും ഉണ്ടായിരുന്ന കെ ആർ ഗൗരിയമ്മ എന്തു കൊണ്ടു കേരളത്തിൽ മുഖ്യമന്ത്രി ആയില്ല?
കേരളത്തിൽ ആണുങ്ങൾക്ക് എൺപതും തൊണ്ണൂറും ആയാലും മന്ത്രിയോ മുഖ്യ മന്ത്രിയോ, ക്യാബിനറ്റ് റാങ്കോ ഒന്നിനും ഒരു പ്രശ്നവും ഇല്ല. വിവിധ പാർട്ടികളിൽ ഉള്ള ഗോഡ് ഫാദർമാർ എന്ത് പറഞ്ഞാലും അതിനെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയോ അവരെ എന്തിനും ഏതിനും ന്യായീകരിക്കുകയോ എന്നതാണ് രാഷ്ട്രീയ പാർട്ടി പ്രവർത്തനം എന്നാണ് പലരും വിചാരിക്കുന്നത്. സ്ഥാനമാനങ്ങളിൽ മാത്രം കണ്ണും നട്ടു.രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്ക് അവരവരുടെ പാർട്ടികളിലേ ഗോഡ് ഫാദർ ഫിഗേഴ്സിനെ ചോദ്യം ചെയ്യാൻ പേടിയാണ്. അതാത് പാർട്ടികളിൽ വളരെ ചുരുക്കമായ സ്ത്രീകൾക്ക് പോലും പുരുഷമേധാവിത്ത രാഷ്ട്രീയത്തിന് എതിരെ തുറന്ന് പറയാൻ ആവാത്ത സ്ഥിതിയാണ്.
കെ പി സി സി പ്രസിഡന്റ് മന്ത്രി ശൈലജയെ അങ്ങനെ വിശേഷിപ്പിച്ചത് തികച്ചും തെറ്റാണ്. അതു അധികാര സ്ഥാനത്തിരിക്കുന്ന ഒരു സ്ത്രീ നേതാവിനോടുള്ള അസഹിഷ്ണുതയയെ പൊതു സമൂഹം കാണുകയുള്ളൂ. അങ്ങനെയുള്ള ആണ്കോയ്മ രാഷ്ട്രീയ സംസ്കാരം ചോദ്യം ചെയ്യപ്പെടണം. പക്ഷെ പലരും പാർട്ടി നോക്കിയാണ് പ്രതികരിക്കുന്നത്. പാർട്ടി ഏതായാലും പ്രശ്നം അല്ല. സ്ത്രീ വിരുദ്ധതയും പുരുഷാധിപത്യ പുരുഷ -മേൽക്കോയ്‌മ ജനാധിപത്യവും നിരന്തരം ചോദ്യം ചെയ്യപ്പെടണം.
ഇവിടെ പല രാഷ്ട്രീയ നേതാക്കൾ തീവ്രമായ സ്ത്രീ വിരുദ്ധ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. അതു പതിവാക്കിയവരുമുണ്ട്
ഒരു മുഖ്യ മന്ത്രി പറഞ്ഞത് ചിലയിടത്തു റേപ്പ് ചായകുടിക്കുന്നപോലെയാണ്. ഒരു മുഖ്യമന്ത്രി യുടെ 'ഗൺമോൻ 'പ്രയോഗവും ഒരുപാടു സ്ത്രീ വിരുദ്ധ പ്രയോഗങ്ങളും അത്ര പെട്ടന്ന് മറക്കാൻ പറ്റില്ല. വേറൊരു മന്ത്രി കോളേജ് വനിതാ കോളജ് പ്രിൻസിപ്പലിനെ പറഞ്ഞത് എന്താണ് എന്നും അറിയാം. അതുപോലെ ഒരുപാടു ഉദാഹരണങ്ങൾ ഉണ്ട്. രമ്യ ഹരിദാസിനെതീരെയും പറഞ്ഞത് അധികം മുമ്പല്ല
ഉദാഹരണങ്ങൾ എല്ലാ പാർട്ടികളിലുമുണ്ട്. കേരളത്തിലേ പുരുഷ മേധാവിത്ത രാഷ്ട്രീയ സംസ്കാരമാണ് മാറേണ്ടത്. പാർട്ടികളുടെയും സംസ്ഥാനത്തിന്റെയും നേതൃത്വ സ്ഥാനത്തു സ്ത്രീകൾ വരണം. എല്ലാ പാർട്ടികളിലും അമ്പത് ശതമാനം ഭാരവാഹിത്വം സ്ത്രീകൾക്ക് കൊടുക്കാൻ തക്ക ജനായത്ത ബോധമുള്ള എത്ര രാഷ്ട്രീയ പാർട്ടികൾ കേരളത്തിൽ ഉണ്ട്?
കേരളത്തിൽ പുരുഷന്മാരെക്കാൾ അധികം സ്ത്രീകളാണ്. കൂടുതൽ വോട്ട് ചെയ്യുന്നത് സ്ത്രീകളാണ് . എന്നിട്ടും കേരളത്തിൽ നിയമ സഭയിൽ സ്ത്രീകൾ പത്തു ശതമാനം പോലും ഇല്ല. ഇതാണോ ജനായത്തം. ഇത് പുരുഷാധിപത്യ ജനാധിപത്യമാണ്. അതാണ് പാർട്ടി ഭേദമെന്യേ സ്ത്രീ വിരുദ്ധ പ്രസ്ഥാവനകൾ നടത്തുവാൻ പലര്ക്കും ഒരു ഉളുപ്പും ഇല്ലാത്തത്
കേരളത്തിൽ സത്യത്തിൽ ഒരു വിമൻസ് പൊളിറ്റിക്കൽ വാച്ചിനു സമയം ആയിരിക്കുന്നു.
സ്ത്രീകൾക്ക് തുല്യ അവകാശങ്ങളും തുല്യ നീതിയും അതുപോലെ പങ്കാളിത്തവും ഇല്ലാത്ത രാഷ്ട്രീയ പാർട്ടികളുടെ ജനായത്ത വാദ പൊള്ളത്തരങ്ങൾ വിളിച്ചു പറയണം.
കേരളവും ഇവിടുത്തെ പുരുഷ മേധാവിത്ത രാഷ്ട്രീയ സംസ്കാരവും മാറിയേ തീരു. അല്ലെങ്കിൽ അതു. മാറ്റണം.
ജെ എസ് അടൂർ
No comments:
Post a Comment