Tuesday, September 1, 2020

ചോദ്യങ്ങൾ ഇല്ലാത്ത ജീവിതം ഒഴുക്കറ്റ നദിപോലെയാണ്.

 വെറുതെ ഇരിക്കുമ്പോൾ ...

പലപ്പോഴും പ്രതിസന്ധികളിലാണ് നമ്മൾ നമ്മളെയും ജീവിതത്തെയും കൂടുതൽ അറിയുന്നത്. അനുസ്യൂതമായ ജീവിതത്തിന്റെ ഒഴുക്കിൽ പകർച്ച വ്യാധികൾ ഓരോ ജീവിതത്തിനുള്ളിലും മരണമെന്ന നിരന്തര സജീവതയെ ഓർമ്മിപ്പിക്കുന്നു.
അങ്ങനെയുള്ള മരണത്തെ ഭയമില്ലാത്ത അവസ്ഥകളിലാണ് പലപ്പോഴും നമ്മൾ ജീവിതത്തിനുള്ളിലെ തുടിപ്പുകളും സര്ഗാത്മതയും ക്രിയാത്മകതയും കൂട്ടിയിണക്കി ആഗ്രഹങ്ങൾക്ക് അപ്പുറം ഉള്ള ഭൂമിയെയും മനുഷ്യനേയും തിരിച്ചറിഞ്ഞു സാധരണ ഭോഗ -ഉപ ഭോഗ ത്വരകൾക്കപ്പുറം പതിയെ നടക്കുവാൻ പഠിക്കുന്നത്.
ജീവന്റ ഉദ്ദേശം പ്രകൃതിയുടെ സജീവതയിൽ വെറുതെ സുന്ദരമായി മനോഹരമായി ജീവിക്കുക എന്നത് മാത്രമാണ്. ബാക്കി എല്ലാം ഏച്ചു കെട്ടലുകളാണ്
പലപ്പോഴും മനുഷ്യനെ ജീവിതത്തിന്റെ ചെറിയ വെളിച്ചങ്ങളിൽ നിന്നും അകറ്റുന്നത് എന്തൊക്കെയൊ നേടാനുള്ള ത്വരയാണ്. എവിടെയൊക്കെയൊ എത്തിചേരാനുള്ള അദമ്യമായ തിരക്കിൽ നമ്മൾ പ്രകൃതിയിലും നമുക്ക് ചുറ്റുമുള്ള കൊച്ചു കൊച്ചു മനോഹര വിസ്മയങ്ങളെ കാണാതെ പോകുന്നു.
ലോകമാകെ നിരന്തരം സഞ്ചരിച്ചു പ്രകൃതിയെയും മനുഷരെയും കണ്ടും കേട്ടും തൊട്ടുമറിഞ്ഞു. ദിശകങ്ങളായി ഒരിടത്തും ഒരാഴ്ചയിൽ കൂടുതൽ താമസിച്ചിട്ടില്ല. സ്വന്തമെന്ന് തെറ്റിധരിക്കപ്പെട്ട വീടുകളിലാണ് ഏറ്റവും കുറച്ചു ദിവസങ്ങളോ ആഴ്ചകളോ കഴിഞ്ഞത്. കൂടുതൽ രാത്രികൾ ഉറങ്ങിയത് പലയിടങ്ങളിലെയും ഹോട്ടലുകളിൽ ആയിരിക്കും. ഭക്ഷണവും ഏറ്റവും കൂടുതൽ കഴിച്ചത് റെസ്റ്റോറന്റുകളിൽ ആയിരുന്നു.
അങ്ങനെ ആളുകളെകണ്ടും കേട്ടും അറിഞ്ഞും പറഞ്ഞും പഠിച്ചുമൊക്കെയുള്ള നിരന്തരയാത്രകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ജീവിതമാണ് കോവിഡ് കാലത്ത് ജീവിക്കുന്നത്.
കഴിഞ്ഞ മാർച്ച്‌ 18 മുതൽ ഒരു യാത്രകളും നടത്താതെ ബോധിഗ്രാമിൽ ഒറ്റക്കാണ് ജീവിക്കുന്നത്. ഉള്ളത് രണ്ടു സെറ്റ് വസ്ത്രങ്ങൾ. ഭക്ഷണം മിക്കവാറും നാട്ടിൽ ഉണ്ടാകുന്ന കപ്പ, ചക്ക, ചേന, പച്ചകറികൾ. വളരെ കുറച്ചുമാത്രം. ഒന്നിനേകുറിച്ചും വേവലാതിയില്ലാതെ എങ്ങും എത്തിപെടാൻ തിരക്കില്ലാതെ. ഒരു ഓഫിസിലും പോകാതെ. ഒന്നും നേടാനോ, വാങ്ങാനോ, ആഗ്രഹങ്ങൾ ഇല്ലാതെയാണ് കഴിഞ്ഞ നാലു മാസം. ഇവിടെടുത്തുള്ള അമ്മയോടപ്പമാണ് ഉച്ചക്കും വൈകിട്ട് ആഹാരം. കഴിഞ്ഞ മുപ്പത്തി അഞ്ചു കൊല്ലത്തിനു ശേഷമാണ് അമ്മയോടൊത്തു ഇത്രയും നാൾ ആഹാരം
കഴിക്കുന്നതും സമയം ചിലവഴിക്കുന്നതും.
കഴിഞ്ഞ മൂന്നു പതിറ്റാണ്ട് ഭൂമിയിൽ ചെയ്ത നിരന്തരയാത്രകളിൽ നിന്നും വ്യത്യസ്തമായ അനുഭവമാണ് വെളിയിൽ യാത്ര ചെയ്യാതെ ഉള്ളിലുള്ള ലോകത്തെ തൊട്ടറിഞ്ഞുള്ള ഏകാന്ത യാത്ര . പ്രത്യേകിച്ച് ഒരു റൂട്ടീനും ഇല്ലാതെ വെറുതെ, ഒന്നിനെകുറിച്ചും വിചാരപ്പെടാതെ ആരോടും അധികം മിണ്ടാതെ, പൂക്കളെയും ചെടികളെയു.കണ്ടു പച്ചപ്പിനിടയിൽ പച്ചയായി ജീവിക്കുന്നതും മനോഹരമാണ് എന്ന് തിരിച്ചറിയാൻ സാധിച്ചു.
പഴയതിനെകുറിച്ചോ കഴിഞ്ഞതിനെകുറിച്ചു മാത്രം വിചാരിച്ചുകൂട്ടിയിട്ടു കാര്യമില്ല. കാരണം അത് നമ്മെ വിട്ടുപോയ ജീവിത നദിയിലെ ഓളങ്ങളും ഒഴുക്കുകളുമാണ്.
ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്നു അധികം വേവലാതിപ്പെട്ടിട്ടും കാര്യമില്ല. ഇനിയും നിലക്കാത്ത ആഗ്രഹങ്ങൾ കൂട്ടി വച്ചു മനസ്സിൽ ഭാരം ഉണ്ടാക്കുന്നതിലും കാര്യം ഇല്ല.നമ്മൾ ഏതോ വലിയ കാര്യമാണെന്നൊ സംഭവമാണ് എന്തൊക്കെയൊ നേടി എന്നതും മനസ്സിൽ തോന്നുന്ന സാമൂഹികമായ വെറും ധാരണകൾ മാത്രമാണ്. ശ്വാസം പോയാൽ തീരുന്ന വെറും വിശ്വാസങ്ങൾ മാത്രം.
പുതിയ നിയമത്തിൽ പൗലോസ് എഴുതിയ ഒരു വാക്യം ഓർമ്മ വരും. ഒന്നിനെകുറിച്ചും വിചാരപ്പെടരുത് എല്ലാത്തിലും സന്തോഷിപ്പീൻ സത്യത്തിൽ അത് പണ്ട് ഒരുപാടു വായിച്ചിട്ടുണ്ടെങ്കിലും അത് അനുഭവിച്ചറിഞ്ഞത് ഈയിടക്കാണ്.
അത് പോലെ ഒരുപാടു വായിച്ചു കൂട്ടി ഒരുപാടു അറിഞ്ഞു. പക്ഷേ സകല ബുദ്ധിയെയും കവിയുന്ന ഒരു സമാധാന തലം അറിയുക എന്നതു വേറൊരു അനുഭവം .
കാരണം നമ്മുടേത് എന്ന് നമ്മളെ കരുതാൻ പഠിപ്പിച്ച സമൂഹ ധാരകളാണ്. നമ്മുടേത് എന്നു പറയാവുന്ന, നമ്മുടെ മാത്രം എന്ന് പറയാവുന്ന എന്തെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. നമ്മുടെ ശരീരം പോലും ഈ നിലയിൽ നിൽക്കുന്നത് മറ്റു പലരുടെയും കാരുണ്യ നന്മകളാണ്. ശരീരത്തിൽ നിന്ന് വേറിട്ടൊരു മനസ്സ് ആർക്കും ഇല്ല. സ്വന്തം എന്ന് പറയാവുന്ന കണ്ടും കെട്ടും തൊട്ടും അറിഞ്ഞ കുറെ ഓർമ്മകൾ മാത്രമാണ് . നമ്മുടെ എല്ലാ ജ്ഞാന വിജ്ഞാന വിചാരങ്ങളും ആ ഓർമ്മകളുടെ ഒഴുക്കാണ്.
ഇതൊക്കെയാണെങ്കിലും ഓർമ്മ വിചാര ഒഴുക്കുകകൾക്കിടയിൽ മോഹങ്ങളും സ്വപ്നങ്ങളുമാണ് മനുഷ്യനേ ജീവിക്കുവാൻ പ്രേരിപ്പിക്കുന്നത്. മോഹ വെള്ളം കുടിച്ച, കുടിക്കുന്ന നമ്മൾ പിന്നെയും ദാഹിക്കുന്ന ജീവികളാണ്. ജീവൻ ജീവിതമാകുന്നത് ഓർമ്മകളിലൂടെയും മോഹ സ്വപ്നങ്ങളിലൂടെയും മരണ സജീവതയിലൂടെയുമാണ്‌
പലപ്പോഴും വെറുതെ ഈ മോഹങ്ങൾ എന്ന് അറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം. സുഖമെഴും കയ്പ്പും പുളിപ്പും മധുരവും നുണയാൻ മോഹം. തൊടിയിലെ കിണർ വെള്ളം കോരി ക്കുടിച്ചു ഏത്ര മധുരം എന്നോതുവാൻ മോഹം
ജീവിതമാകുന്നു പുഴയുടെ തീരത്തിരുന്നു വെറുതെ ഇങ്ങനെ എഴുതാനായിരുന്നു ഇന്ന് രാവിലെ തോന്നിയ മോഹം .
മോഹമുക്തമായ ജീവിതം എന്ന് ഒന്നുണ്ടോ?
എല്ലാം ചിന്തകളും ചെന്ന് അവസാനിക്കുന്നത് ചോദ്യ ചിഹ്നങ്ങളിലാണ്.
ചോദ്യങ്ങൾ ഇല്ലാത്ത ജീവിതം ഒഴുക്കറ്റ നദിപോലെയാണ്.
മിലാൻ കുന്ദേരയുടെ എഴുത്തുകൾ ഓർമ്മ വന്നു. അതിൽ The unbearable lightness of Being ഒരുപാട് ചിന്തിപ്പിച്ച ഒന്നാണ് . വേറൊന്ന് immortality എന്നതാണ്. പക്ഷേ വെറുതെ ഇരുന്നു വെറുതെ ഓർമ്മിച്ചു ചിന്തിക്കുമ്പോൾ ഒന്നിനെകുറിച്ചു വിചാരപ്പെടാതെ സന്തോഷിക്കാം എന്ന് അറിഞ്ഞു. Because happiness too is a choice.
ജീവൻ ജീവിതമാകുന്നത് തിരെഞ്ഞെടുപ്പുകളിലൂടെയാണ് (choices )
പക്ഷേ അങ്ങനെ തിരഞ്ഞെടുപ്പുകൾ നടത്താൻ പ്രാപ്തിയുള്ളവർ ഏത്ര പേരുണ്ട്?
വെറുതെ ഇരിക്കുമ്പോഴും ചോദ്യങ്ങൾ അവസാനിക്കുന്നില്ല
സ്വയവും സമൂഹത്തോടും ചോദ്യങ്ങൾ ചോദിക്കുവാൻ കഴിയാതെ വരുന്ന അവസ്ഥയിൽ ചിന്തകൾ ആരോക്കയോ കൂടി തടവിലാക്കി നമ്മളെ മയക്കി കിടത്തുന്നു.
മയക്കങ്ങളിൽ നിന്ന് ഉണർന്നു എണീറ്റ് ചിന്തിക്കാൻ എത്ര പേർക്ക് കഴിയും?
ശേഷിക്കുന്നത് കുറെ ചോദ്യങ്ങൾ മാത്രം.
വെറുതെ ഇരിക്കുമ്പോൾ......
ജെ എസ് അടൂർ

No comments: