കോവിഡ് സങ്കടാശങ്കകൾ
കോവിഡ് സാധരണ മനുഷ്യരിൽ വൈറസ് ഭയത്തെക്കാൾ ഉപരി ജീവിത -കുടുംബ ആശങ്കകൾ വളരെയധികമുണ്ടാക്കുന്നുണ്ട്.
അത് പല സാമ്പത്തിക അവസ്ഥഉള്ളവരെയും പല വിധത്തിലാണ് ബാധിക്കുന്നത്. ഇവിടെ എഴുതുന്നത് നേരിട്ട് അറിയാവുന്ന കാര്യങ്ങളാണ്
ഏറ്റവും കൂടുതൽ ആശങ്ക ഉള്ളത് കേരളത്തിനു വെളിയിൽ ഗൾഫിലും ഇന്ത്യയിലെ ഹോട്ട് സ്പോട്ടിലും ഉള്ള പ്രവാസി മലയാളികളാണ്. അത്പോലെ അനുദിന ചിലവുകൾനടത്താൻ വളരെ ബുദ്ധിമുട്ടുന്നവർ. കടം വാങ്ങി ജീവിക്കാൻ നിർബന്ധിതരായവർ. മാനസിക സമ്മർദ്ദം കൂടുന്നവർ . ഇതൊന്നും ആരോടും പറയാൻ പോലുമില്ലാതെ വീർപ്പു മുട്ടുന്നവർ. നാളെ എന്ത് സംഭവിക്കും എന്ന അനിശ്ചിത ഭയാശങ്കകൾ ഊണിലും ഉറക്കത്തിലും അലട്ടുന്നവർ.
പലരും വിളിച്ചു സങ്കടങ്ങളും ആശങ്കകളും പങ്കിടും. പലതിനെകുറിച്ചും.
ഗൾഫ് നാടുകളിൽ സ്‌മോൾ ആൻഡ് മീഡിയം ബിസിനസ് ചെയ്യുന്ന പലരുമായും സംസാരിച്ചു.
ഗൾഫിൽ മുപ്പതും നാല്പതും ആളുകൾക്ക് ജോലി നല്കിയിരുന്നവർക്ക് വളരെ ദുഃഖത്തോടെയാണ് കൂടെ ജോലി ചെയ്തവരെ പിരിച്ചു വിട്ടത്. പലർക്കും കിട്ടാനുള്ള ചെക്കുകൾ കിട്ടുന്നില്ല. ബാങ്കിൽ നിന്ന് എടുത്ത കടത്തിന്റ തിരിച്ചു അടവ് മുടങ്ങി . അവിടെ ബാങ്കിൽ നിന്ന് കടം എടുത്തു നാട്ടിൽ റിയൽ എസ്റ്റേറ്റിൽ ഇൻവെസ്റ്റ് ചെയ്തു പെട്ടവർ വേറെ.
സാധാരണ നല്ല പ്രൊഫെഷനിൽ ഉള്ളവർ പോലും പ്രശ്നത്തിലാണ്. ഒരു എയർവേസിൽ ജോലിയും നല്ല ശമ്പളവും ഉണ്ടായിരുന്ന പൈലറ്റിനു ജോലിയില്ല. അപേക്ഷിച്ച എയർലൈനുകൾ മറുപടിപോലും അയച്ചില്ല.കേരളത്തിലെ ഒരു നഗരത്തിൽ ഫ്ലാറ്റിൽ വാടകക്ക് താമസിക്കുന്ന അവർക്കു കാറിന്റെ ഇ എം ഐ അടക്കാൻ പൈസ ഇല്ല. ആഭരണം പണയം വച്ചത് കൊണ്ടു രണ്ടു മാസത്തിൽ അധികം ജീവിക്കാൻ പൈസ ഇല്ലന്നാണ് പറഞ്ഞത്.
ഗൾഫിലെ കഥകൾ ഇവിടെ വിവരിക്കാവുന്നതിലും അധികമാണ്. ജോലി നഷ്ട്ടപെട്ടു കുടുങ്ങിയവർ, അവരിൽ പലർക്കും നാട്ടിൽ വീടു വച്ചു കടബാധ്യതയുള്ളവർ, പാസ്പോർട്ട് സ്പോൺസർ കൊടുക്കാതെ കുടിങ്ങിയവർ, കോവിഡ് ഭീതിയിൽ ജോലിയും കൂലിയും ഇല്ലാതെ അനുദിന ആശങ്കയിൽ കഴിയുന്നവർ. ഓരോ ദിവസവും സഹായം അഭ്യർത്ഥിച്ചു വിളിക്കുന്നവരുടെ പ്രയാസം കേട്ട് സങ്കടം കൂടുന്നു .
നാട്ടിലെ സ്ഥിതി ദയനീയമാണ്. ഓൺലൈൻ വീദ്യാഭ്യസ പരീക്ഷണം പല വീടുകളെയും പ്രശ്‌നത്തിൽ ആക്കിയിരിക്കുകയാണ്. എനിക്ക് നേരിട്ട് അറിയാവുന്ന ഒരാളുടെ മാസം വരുമാനം പതിനായിരമോ പന്ത്രണ്ടു ആയിരമോ രൂപയാണ്.കടം വേറെ. ഓൺലൈൻ ക്‌ളാസ്സിനു മറ്റു കുട്ടികൾക്ക് സ്മാർട്ട് ഫോൺ ഉണ്ട്. അവരുടെ മൂന്നു കുട്ടികൾക്കും വേണം എന്ന് പറഞ്ഞു വീട്ടിൽ കരച്ചിലും വഴക്കും . താലി മാല പണയം വച്ചാണ് ഓൺലൈൻ പരീക്ഷണത്തിന് ഫോൺ വാങ്ങിയത്. എന്നിട്ടും വീട്ടിൽ കണക്റ്റി വിറ്റി കുറവായതിനാൽ വേറൊരു വീട്ടിൽ പോയി കണക്കറ്റ് ചെയ്യണം.
മധ്യ ഉപരി വർഗ്ഗത്തിൽപെട്ടവർക്ക് 'സാധാരണമായി ' തോന്നുന്ന ഓൺലൈൻ വിദ്യാഭ്യാസം ഏത്ര സാധാരണ വീടുകളിലുണ്ടാക്കുന്ന പ്രശ്നങ്ങൾ വിചാരിക്കുന്നതിലും അധികമാണ്. കുട്ടികൾക്ക് പീയർ പ്രെഷർ താങ്ങാനാവാതെ വീട്ടിൽ കരച്ചിലും ബഹളവും. രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പാട് പെടുന്നവർക്ക് ബ്ലേഡ് പലിശ കടത്തിന് പുറമെ ഫോൺ ഇ എം ഐ കടം. പലചരക്കു കടയിൽ കടം. വല്ലാത്ത പ്രതിസന്ധിയിലാണ് സാധാരണക്കാർ.
ദിവസേന സഹായം ചോദിച്ചു പലരും വിളിക്കും. ജോലിക്ക് റെക്കമെന്റ് ചെയ്യാൻ. ഞാൻ നേതൃത്വം നൽകുന്ന സ്ഥാപനങ്ങളിൽ ജോലി കിട്ടുമോ എന്നറിയാൻ. വല്ലാത്ത അനിശ്ചിത്തിൽ കഴിയുന്ന ഏത് സ്ഥാപനങ്ങൾക്കാണ് പുതിയ ജോലി വാഗ്ദാനം ചെയ്യുവാൻ കഴിയുക. ഇപ്പോൾ തന്നെ പല സ്ഥാപനങ്ങളും ഉള്ളവരെ നില നിർത്താൻ 10% മുതൽ 30% വരെ ശമ്പളം വെട്ടികുറിച്ചിരിക്കുന്നു. മാധ്യമങ്ങളിൽ ഉൾപ്പെടെ.
സാമ്പത്തിക സഹായം പലരും ദിവസേന പല വിധത്തിൽ ചോദിക്കും. എനിക്ക് ശമ്പളമോ വരുമാനമോ ഇല്ലന്ന് പറഞ്ഞാലും പ്രതീക്ഷ കൈവിടാത്തവർ. ഇപ്പോൾ തന്നെ ഉള്ള സേവിങ്ങിൽ നിന്ന് പലരെയും സഹായിക്കാൻ ഒന്നര ലക്ഷം രൂപ ചിലവാക്കി. അത് മുഴുവൻ ആഹാരം വാങ്ങികൊടുക്കുവാനോ ആഹാരം വാങ്ങുവാനോ അടിയന്തര ആശുപത്രി ചിലവിനോയാണ് കൊടുത്തത്. പലർക്കും അനുദിന അതിജീവിതമാണ് പ്രശ്നം .
ടിവിയും ടാബും സ്മാർട്ട് ഫോണും ഒക്കെ വാങ്ങികൊടുക്കുന്നത് നല്ലതു തന്നെ. പക്ഷെ ഡിജിറ്റൽ ഡിവൈഡ് എന്ന് പറയുന്നത് ടെക്നൊലെജി ആക്സസ് പ്രശ്നം മാത്രം അല്ല. അത് സമൂഹത്തിലെ വളർന്നു വരുന്ന അസമാനതകൾ കൊണ്ടും അന്നും ഇന്നുമുള്ള സാമൂഹിക സാമ്പത്തിക അരികുവൽക്കരണം കൊണ്ടാണ്. എക്സ്ക്ളൂഷൻ എന്ന അവസ്ഥ. അങ്ങനെയുള്ളവരുടെ അനുദിന ആശങ്കൾ ഓൺലൈൻ വിദ്യാഭ്യാസ ആശങ്കൾക്കും അപ്പുറത്താണ്.
കഴിഞ്ഞ ദിവസം വളരെ പ്രായം ഉള്ള അമ്മ പറഞ്ഞു വീട് മുഴുവൻ ചോർച്ചയാണ് എന്ന്. കൂടെയുള്ള സഹപ്രവർത്തകർ പോയി നോക്കിയപ്പോൾ പരിതാപകരം. മേൽക്കൂര പണിത് നൽകാൻ തക്ക പൈസ ഇല്ല. പിന്നെ ടാർപോളിൻ വാങ്ങി മുകളിൽ ഇട്ട് ചോർച്ച മാറ്റി. ഇത് പറഞ്ഞത് ഇത് ഒരു ഒറ്റപ്പെട്ട സംഭവം അല്ല എന്ന് പറയാനാണ്.
പ്രളയ ബാധിത സമയത്തു ഒരുപാടു സാധാരണക്കാരും ബി പി എൽ എന്ന് വിളിക്കുന്ന സാമ്പത്തികവും സാമൂഹികവുമായി പാർശ്വവൽക്കരിക്കപെട്ടവരുമായാണ് പ്രവർത്തിച്ചത്. അവരും അവിടെയുള്ളൂ പഞ്ചായത്ത് മെമ്പർമാരും വിളിക്കും. അവരിപ്പോൾ വീണ്ടും ആശങ്കളിലാണ്. പണിയില്ല. കൂലിഇല്ല. റേഷനരി കൊണ്ടു മാത്രം ജീവിക്കാൻ ഒക്കില്ല. പിള്ളാർക്ക് പഠിക്കാൻ സ്മാർട്ട് ഫോണിന് കരച്ചിൽ. വെള്ളപൊക്കം വീണ്ടും എല്ലാം കൂടി കൊണ്ടുപോകുമോ എന്ന പേടി. ഇത് കേൾക്കുമ്പോൾ സങ്കടം.
കോവിഡ് റിലീഫിനു വേണ്ടി സി എസ് ആർ ഫണ്ടിനോ, ഡോനോർ ഏജൻസിയോടെ ചോദിച്ചാൽ കേരളത്തിൽ എല്ലാം സർക്കാർ നോക്കുന്നതിനാലും കോവിഡ് വ്യാപനം കുറെഞ്ഞത് കൊണ്ടും കേരളം പ്രയോരിറ്റിയല്ല. അത്കൊണ്ടു കഷ്ട്ടപ്പെടുന്നവർക്ക് ആശ്വാസം നൽകാൻ ഫണ്ട് പോലും കേരളത്തിൽ ലഭ്യമില്ലാത്ത വല്ലാത്ത അവസ്ഥ
കഴിഞ്ഞ മൂന്നു ദിവസത്തിന് മുൻപ് സാധാരണ മാധ്യവർഗം എന്ന് തോന്നിയ ഒരാൾ അയ്യായിരം രൂപ കടം ചോദിച്ചു. മൂത്ത മകൻ ഗൾഫിൽ നിന്നും അയച്ചു കൊടുത്ത മുപ്പതിനായിരം രൂപ ആയിരുന്നു വരുമാനം. മൂന്നു മാസമായി അയക്കുന്നില്ല. മെയ് മാസത്തിൽ ഗൾഫിലെ പണിയും പോയി. അയാൾ ഉള്ള പൈസ കൊണ്ടു പിടിച്ചു നിന്ന്, ബാക്കി കൊണ്ടു ടിക്കറ്റ് എടുത്തു വരാൻ കാത്തിരിക്കുന്നു. അയാളുടെ അഞ്ചു കൊല്ലത്തെ സേവിങ് കൊണ്ടും സഹകരണ ബാങ്കിൽ നിന്നും കടം എടുത്താണ് വീട് വച്ചത് . പല ചരക്ക് കടയിൽ കൊടുക്കാനുള്ള കടം തീർത്തു കടം വാങ്ങാനാണ് റോൾ ചെയ്യുന്നത് എന്ന് പറഞ്ഞു. പണം കൊടുത്തു. തിരിച്ചു തരേണ്ട എന്ന് പറഞ്ഞു.
ഗൾഫിൽ കോവിഡ് കാരണം മരിച്ച പ്രിയപട്ടവരെ കാണുവാൻപോലും കൂടുംബത്തിന് സാധിക്കുന്നില്ല. കാരണം ശവ ശരീരങ്ങൾ അവിടെ മറവ് ചെയ്യുകയാണ്. ഭർത്താവിനെയൊ മകനെയൊ സഹോദരനെയൊ അച്ഛനെയും പെട്ടന്ന് നഷ്ട്ടപെട്ട സങ്കടം മാത്രമല്ല വീട്ടിൽ ആകെഉണ്ടായിരുന്ന വരുമാനം അയച്ചു കൊടുത്തയാൾ ഇനിയും ഇല്ല എന്ന വലിയ സാമ്പത്തിക ആശങ്കയിലാണ് ഒരു പാട് കുടുംബങ്ങൾ.
ഇത് പോലെ പ്രശ്നങ്ങൾ നിരവധിയാണ്. കോവിഡിനെക്കാൾ വളരെ അധികമാണ് അത് ഉണ്ടാക്കുന്ന സാമ്പത്തിക സാമൂഹിക പ്രതിസന്ധികൾ. ഗൾഫിലെ ആശങ്ക ജനകമായ അവസ്ഥയുടെ പ്രത്യാഖ്യാതം കേരളത്തിൽ വളരെയാണ്. സമൂഹത്തിൽ അടിസ്ഥാന തലത്തിൽ പ്രവർത്തിക്കുന്നവർക്ക് സങ്കടങ്ങളുടെ ഏങ്ങലടികളും ആശങ്കകളുടെ വേലിയേറ്റങ്ങളും കാണാം. പല തരം ഭയാശങ്കകളിൽ ജീവിക്കുന്ന മനുഷ്യരുടെ പ്രശ്നങ്ങളാണ് കേരളം നേരിടാൻ പോകുന്ന വെല്ലുവിളി.
സാമ്പത്തിക പ്രശ്നങ്ങൾ അടുത്ത വർഷം വരെ നിലനിൽക്കും. ഉള്ള ജോലികൾ നിലനിർത്താനും പുതിയ ജോലികൾ കിട്ടാനും പ്രയാസപ്പെടും. വിദ്യഭ്യാസ പ്രശ്നങ്ങടെയും പുതിയ അഡ്മിഷന്റെയും ഓൺലൈൻ വിദ്യാഭ്യാസത്തിന്റയും പ്രശ്നംങ്ങൾ വേറെ.
ഇതെല്ലാം സാമ്പത്തിക സാമൂഹിക പ്രശ്നം മാത്രമല്ല വളരെയധികം മാനസിക പ്രശ്നംങ്ങൾക്കും വഴി തെളിക്കും. മനുഷ്യൻ അരക്ഷിതനാകുമ്പോൾ അക്രമ വാസന കൂടും. സാമ്പത്തിക അരക്ഷിതാവസ്‌ഥ കുടുംബ കലഹങ്ങളും പ്രശ്നങ്ങളും ഒറ്റപെടലുകളും കൂട്ടും
നമുക്ക് ഇതിനെ ഒത്തൊരുമിച്ചു അതി ജീവിച്ചേ മതിയാകൂ. പാർട്ടി -ജാതി -മത ഭേദങ്ങളോക്കെ വിട്ടു ഒരുമിച്ചു നിൽക്കേണ്ട സമയമാണ്. ഇതുവരെ നമ്മൾ കണ്ടില്ലാത്ത കഷ്ട്ടകാലമാണ് വരുവാൻ പോകുന്നത്. അത് മാത്രം അല്ല കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നവരും കൂടും. ജാഗ്രത പുലർത്തേണ്ട സമയം .
ആശകളും പ്രത്യാശയും പരസ്പരം സഹായവും അത്യാവശ്യം വേണ്ട സമയം. സങ്കടപെടുന്നവരെ കൂടെ നിന്ന് ആശ്വസിപ്പിക്കണ്ട സമയം.
മനുഷ്യൻ ജീവന്മരണ വേവലാതികളിൽപെടുമ്പോൾ ഭരണ പക്ഷവും പ്രതിപക്ഷവും അവർക്കു വിഷയം അല്ലെന്ന് കസേര രാഷ്ട്രീയം കളിക്കുന്ന ഏവരും തിരിച്ചറിയുക. സത്യത്തിൽ ഭരണപക്ഷത്തെയൊ പ്രതിപക്ഷത്തെയൊ പരസ്പരം കുറ്റം പറഞ്ഞു പഴിക്കുന്നതിൽ പോലും കാര്യം ഇല്ല. കാരണം കാര്യങ്ങൾ അതിലും സങ്കീർണ്ണവും ഗൗരവുമാണ്
മുകളിൽ ശീതീകരണ മുറികളിൽ ഇരിക്കുന്നവർക്ക് കേരളത്തിലെ നീറ്റലുകളുടെ അടിയൊഴോക്കുകൾ മനസ്സിലാവണം എന്നില്ല.
ടിവി സ്റ്റുഡിയോ റൂമുകൾക്കിൻ പത്ര സമ്മേളനങ്ങൾക്കും സോഷ്യൽ മീഡിയ ഗോഗ്വാ വിളികൾക്കും അപ്പുറം അനുദിന ആശങ്കകളിൽ കഴിയുന്ന ഒരു കേരളം ഉണ്ടെന്നു തിരിച്ചറിയുക. അത് ഇപ്പോൾ നിശബ്ദ ആശങ്കയിലാണ്.
അതിജീവിച്ചെ മതിയാകൂ. ആശ കൈവിടാതെ. We shall overcome.
ജെ എസ് അടൂർ
No comments:
Post a Comment