ലോകത്തു പലയിടത്തും പ്രശ്നം സർക്കാരോ സർക്കാർ ഉദ്യോഗസ്ഥരോ മന്ത്രിമാർ പോലും അല്ല. അതിനെ ചുറ്റിപറ്റി നിൽക്കുന്ന ആശ്രിത ഗുണഭോക്ത സ്തുതി പാഠക വൃന്ദങ്ങളാണ്.
അവർക്ക് രാജാവിനെക്കാൾ രാജഭക്തി കൂടുതലാണ് . അവർ സദാ സമയവും രാജാവിന്റെ അധികാര മേലങ്കികളെയും അടയാഭരണങ്ങളെ വാഴ്ത്തി വാഴ്ത്തി വിശ്വാസത്തിൽ ജീവിച്ചു ജീവനോപാധി കണ്ടെത്തുന്നവരാണ്.
ഏതെങ്കിലും കുട്ടി, രാജാവിന്റെ ഉടുതുണി പോയെ എന്ന് വിളിച്ചു പറഞ്ഞാൽ അവനെ അവർ കല്ലെറിയും.
അതു ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
എല്ലാ രാജധാനിക്കു ചുറ്റും കൂടുന്ന വാഴ്ത്തുപാട്ടുകാരും ആസ്ഥാന കവികളും ബുദ്ധിജീവികളും എല്ലാം പട്ടും വളയും മാത്രം നോക്കി ജീവിക്കുന്നവരാണ്.
എല്ലാ രാജധാനിക്ക് ചുറ്റും വിദൂഷകരും കനകവും കാമിനിയും ചൂതാട്ടവും സ്വാഭാവിക പരിസരങ്ങളാണ്.
പലപ്പോഴും രാജാവ് നല്ലവരാണെങ്കിലും ആശ്രിത ഗുണഭോക്ത സ്തുതി പാഠക രാജഭക്തർ മാത്രം പറഞ്ഞത് കേട്ട് പോയപ്പോഴെക്കെ കാര്യങ്ങൾ കൈവിട്ടു പോകും.
അതാണു എല്ലാ അധികാര ഇത്തിൾകണ്ണികളും അവസാനം അധികാരിയെ കാർന്നു തിന്നു അവസാനം രോഗാതുരമാക്കി ഇല്ലായ്മ ചെയ്യുന്നത്.
ചരിത്രത്തിൽ നിന്ന് ഒരുപാടു പഠിക്കാനുണ്ട്.
ഭരണ അധികാരം മനുഷ്യനെ മയക്കുന്ന കറുപ്പായി പരിണമിക്കുന്നത്. അതു തേരിൽ ഏറുന്നത് അടിച്ചമർത്തപ്പെട്ടവന്റെ നിശ്വാസം എന്ന പേരിലാണ്. ഹൃദയം ഇല്ലാത്ത ലോകത്തിന്റ ഹൃദയമാകാനാണ്.
പക്ഷെ കാലപ്പഴക്കത്തിൽ അധികാരത്തിൽ ഉള്ളവരെ മയക്കുന്ന കറുപ്പായി അതു പരിണമിക്കുന്നു. കറുപ്പിന്റെ വ്യപാരികളാണ് അധികാര അഹങ്കാരങ്ങളുടെ ആശ്രിത ഗുണഭോക്ത സ്തുതി പാഠക വൃന്ദം.
അവരുടെ ജീവനോപാധിയാണത്.
അതുകൊണ്ടാണ് ചോദ്യങ്ങൾ ചോദിക്കുന്നവരെ അവർ രാജ്യ ദ്രോഹികളും വിരുദ്ധരും വെറുക്കപ്പെടേണ്ടവരുമാക്കുന്നത്.
ഇതൊക്കെ തോന്നി തുടങ്ങിയത് എഡ്വേഡ് ഗിബ്ബൻ പതിനെട്ടാം നൂറ്റാണ്ടിൽ എഴുതിയ ആറു വോളിയം The decline and fall of the Roman empire എന്ന ക്‌ളാസ്സിക് ചരിത്രം പണ്ട് വായിച്ചത് മുതലാണ്.
അധികാരത്തിനും അധികാരികൾക്കും ചരിത്രത്തിൽ നിന്ന് ഒരുപാടു പഠിക്കാനുണ്ട്
ജെ എസ് അടൂർ
No comments:
Post a Comment