Wednesday, October 16, 2019

ഇഗ്ളീഷ് പഠന കഥ : മഴ പെയ്യുന്ന പോലെ ഇഗ്ളീഷ് പറയുന്നവർ


ഭാഷ പഠിക്കുന്നത് സാഹചര്യങ്ങളെ ആശ്രയിച്ചാണ് .മനുഷ്യന്റ സാഹചര്യങ്ങൾ സാമൂഹികമാണ് . പക്ഷെ സാമൂഹിക നിർമ്മിതിയിൽ ഭാഷ ഒരു ഘടകമാണ് .കാരണം ഭാഷയിൽ കൂടെയാണ് മനുഷ്യൻ ജീവിച്ചു മരിക്കുന്നത് . ഭാഷയാണ് ഒരു സമൂഹത്തെ അടയാളപ്പെടുത്തുമ്പത് .പക്ഷെ ഈ ഭാഷ സ്വത ബോധത്തിന് സാമൂഹിക വ്യവഹാരത്തിനും സത്വത്തിനും അപ്പുറം മനുഷ്യന്റെ സത്തയുമായി ബന്ധം ഉണ്ടാകണം എന്നില്ല . കേരളത്തിൽ 'മൂന്നു 'തലമുറ ജീവിച്ച 'തമിഴൻ ' മലയാളിയാകും .തമിഴ് നാട്ടിൽ രണ്ടു തലമുറ ജീവിച്ച 'മലയാളി ' തമിഴനും ' . ഇപ്പോൾ കേരളത്തിൽ താമസിക്കുന്ന ' ബംഗാളികൾ ' അമ്പതോ നൂറോ വര്ഷം കഴിഞ്ഞാൽ 'മലയാളി ' യാകും .
അത് കൊണ്ട് തന്നെ എല്ലാ വിധ ' ഭാഷ അസ്തിത്വ വാദങ്ങങ്ങൾക്കും ' ' ഭാഷ ശുദ്ധ വാദത്തിനും ' ' ഭാഷ സത്വ വാദത്തിനും ' സിന്ദാബാദ് വിളിക്കാറില്ല .ന്യൂസിലാൻഡിൽ ജനിച്ചു വളർന്ന എന്റെ അനിന്തരവന്മാരുടെ ഭാഷ ഇഗ്ളീഷാണ് .അത് അവരുടെ കുറ്റമല്ല .ജനിച്ചു വളർന്ന സാഹചര്യമതായത് കൊണ്ടാണ് .അവരുടെ അമ്മയുടെ ചെറുപ്പത്തിലേ സാമൂഹികവൽക്കരണമല്ല അവരുടേത് .അത് കൊണ്ട് അവരുടെ ഭാഷക്ക് ' അമ്മിഞ്ഞപാലിന്റെ രുചി ' വേണമെന്ന് പറഞ്ഞിട്ട് കാര്യമില്ല .
ഇഗ്ളീഷാണ് ഇന്നു ഇന്ത്യയിലും ലോകത്തും ഒദ്യോഗിക രംഗങ്ങളിൽ ശോഭിക്കണമെങ്കിൽ അറിഞ്ഞിരിക്കേണ്ട ഭാഷ .പക്ഷെ ഒരു മൂന്നൂറു കൊല്ലം മുമ്പ് അതായിരിക്കണം എന്നില്ല സ്ഥിതി .രാജ റാംമോഹൻറായ് ആദ്യമെഴുതിയതെല്ലാം പേർഷ്യനിലാണ് . ഇന്നത്തെ പൊളിറ്റിക്കൽ ഇക്കോണോമി മേധാവിത്തമുള്ള ഭാഷ ഇഗ്ളീഷാണ് .അത് അറിവിന്റെയും വ്യപാര വ്യവഹാരങ്ങളുടെയും വാർത്ത വിനിമയങ്ങളുടെയും അധികാര രംഗത്തെയുമെല്ലാം ഭാഷയാണിന്നു .അത് കോളനിവൽക്കരണത്തിൽ കൂടി തുടങ്ങിയതാണെങ്കിലും ഇന്ന് അത് ഒരു കോളനി ഭാഷയല്ല .മക്കാളെയുടെ ഭാഷയുമല്ല .
ഇന്ന് ലോകത്തു വളരെകൂടുതൽ ഇഗ്ളീഷ് ഭാഷ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ .ഇന്ത്യയിൽ തന്നെ ഇഗ്ളീഷ് നന്നായി ഉപയോഗിക്കുന്നവരിൽ എഴുതുന്നവരിൽ ഒരുപാട് പേര് മലയാളികളാണ് . ഇന്ത്യയെ ഈ രൂപത്തിൽ ആക്കിയെടുത്ത വി പി മേനോൻ പഠിച്ചത് പത്താം ക്‌ളാസ്സു വരെയാണ് .പക്ഷെ ആ പത്താം ക്‌ളാസ്സുകാരൻ ഇന്ത്യയിൽ ഏറ്റവും ഉയർന്ന സ്ഥാനങ്ങളിൽ എത്തിയതിന് ഒരു വലിയ കാരണം ഇഗ്ളീഷിൽ അദ്ദേഹത്തിന് ഉണ്ടായിരുന്ന വൈഭവമായിരുന്നു .പഴയ പത്താം ക്‌ളാസ്സുകാർക്ക് ഇപ്പോഴുള്ള പോസ്റ്റ് ഗ്രാഡുവേറ്റ്സിനെക്കാളിൽ ഇഗ്ളീഷ് വൈഭവം ഉണ്ടയത് എങ്ങനെയെന്ന് വിചാരിച്ചിട്ടുണ്ട് .ഒരു പക്ഷെ ഇന്നത്തേത് പോലെ പരീക്ഷ എഴുതുന്ന എല്ലാവരും ജയിക്കാത്തത് കൊണ്ടായിരിക്കാം .
കഴിഞ്ഞ ദിവസം കായങ്കുളത്തു വളർന്നു ഇന്ത്യയിലെ അറിയപ്പെടുന്ന ജേണലിസ്റ്റായ പ്രിയ എ ജെ ഫിലിപ്പ് അദ്ദേഹം ഇഗ്ളീഷ് സ്വായത്തമാക്കിയ അനുഭവം പങ്ക് വച്ചിരുന്നു .അതുപോലെ ടി ജെ എസ് ജോർജിന്റെ ഒരു പുസ്തകം വായിച്ചപ്പോൾ മലയാളത്തിൽ പഠിച്ച അദ്ദേഹത്തിന്റ ഇഗ്ളീഷ് എഴുത്തിനെകുറിച്ചോർത്തു .ഡിഗ്രി പൂർത്തികരിക്കാത്ത ഇ എം സിന്റെ ഫ്രണ്ട്ലൈൻ കോളങ്ങൾ സ്ഥിരം വായിക്കുമായിരുന്നു .
മലയാളം പഠിച്ചത് വീട്ടിൽ നിന്നും നാട്ടിൽ നിന്നും പിന്നെ ആശാൻ പള്ളികൂടത്തിൽ നിന്നുമാണ് . ഇഗ്ളീഷ് എ ബി സി ഡി നാലാം ക്ളസ്സിലാണ് പഠിച്ചത് . എന്നാൽ അഞ്ചാം ക്‌ളാസ് തൊട്ട് കൂട്ടി വായിക്കാൻ പഠിച്ചത് അമ്മ ന്യൂ ടെസ്റ്റ്മെന്റ് ഇഗ്ളീഷില് വൈകുന്നേരങ്ങളിലെ പ്രാർത്ഥനകളിൽ വായിക്കുവാൻ പഠിപ്പിച്ചാണ്
പിന്നെ പിന്നെ വായന ശാലയിൽ നിന്ന് ആറാം ക്‌ളാസ്സു തൊട്ട് ഇഗ്ളീഷ് പുസ്തകങ്ങൾ ഡിക്ഷണറിയുടെ സഹായത്തിൽ വായിക്കുവാൻ തുടങ്ങി .പക്ഷെ അന്ന് റേഡിയോയിൽ ബി ബി സി വാർത്ത കേട്ടിട്ട് ഒരു കുന്തവും മനസ്സിലായില്ല .സ്‌കൂളിൽ പണ്ട് തന്നെ പ്രസംഗം ഉപന്യാസം എഴുത്തു നാടകം എന്നിവക്ക് സമ്മാനം കിട്ടിയെങ്കിലും അന്നത്തെ ഏറ്റവു വലിയ ആഗ്രഹം ഇഗ്ളീഷിൽ പ്രസംഗിക്കണം എന്നായിരുന്നു .
എട്ടാം ക്ളസ്സിൽ കടമ്പനാട് സ്‌കൂളിൽ ചേർന്നപ്പോൾ ഒന്നാം ക്‌ളാസ് മുതൽ ഇഗ്ളീഷ് മീഡിയത്തിൽ പഠിച്ച കുറെ മിടു മിടുക്കർ ഇഗ്ളീഷുകാർ . യൂത് ഫെസ്റ്റിവലിൽ പേര് കൊടുത്തപ്പോഴേ പലരും അടക്കി ചിരിച്ചു , ചിലർ കളിയാക്കി . നാട്ടും പുറത്തു മാഞ്ഞാലി സർക്കാർ സ്‌കൂളിൽ മലയാളത്തിൽ പഠിച്ചു വന്ന ഇവൻ എന്ത് ഇഗ്ളീഷ് പറയും എന്ന ന്യായമായ സംശയം .തൊലിക്ക് ജന്മനാ കട്ടിയുള്ളത് കൊണ്ട് കളിയാക്കലുകൾ ഏറ്റില്ല . പക്ഷെ സംഗതി എങ്ങനെ സംഘടിപ്പിക്കും .ഇഗ്ളീഷിന് നല്ല മാർക്കുണ്ടായിരുന്നു എന്നത് ശരി സംഗതി പതിവായി വായിച്ചിട്ടുണ്ട് .പക്ഷെ ജീവിതത്തിൽ ആ ഭാഷ പറഞ്ഞിട്ടില്ല .
സംഗതി പൊളിയുമോ പ്രസംഗം പകുതി നിർത്തി തുപ്പൽ ഇറക്കുമ്പോൾ പിള്ളാര് കൂകുമോ എന്നൊക്ക ഉള്ളിൽ അങ്കലാപ്പുണ്ട് .എന്തായാലും നാട്ടിൽ ഗ്രാഡുവേറ്റ് ആയ ചില ചേട്ടൻമാരുടെ പുറകെ നടന്നു ചില പ്രസംഗങ്ങൾ എഴുതി വാങ്ങി .പക്ഷെ ഉറക്കെ വായിച്ചപ്പോൾ ഒരു ഗുമ്മില്ല .അങ്ങനെ വായന ശാലയിൽ തപ്പിയപ്പോൾ ഇഗ്ളീഷ് പ്രസംഗങ്ങളുടെ ഒരു സമാഹാരം കിട്ടി .അതിൽ , ഗാന്ധി , നെഹ്‌റു , വിവേകാന്ദൻ , എബ്രഹാം ലിങ്കൺ എന്നിവരുടെ പ്രസംഗങ്ങൾ ഉണ്ടായിരുന്നു .ആദ്യം അവയിൽ ചിലത് ഡിക്ഷണറിയുടെ സഹായത്തിൽ പഠിച്ചു .പിന്നെ ദിവസവും ട്രിസ്റ് വിത് ഡെസ്ടിനിയും മറ്റും വീട്ടിലെ കണ്ണാടിയുടെ മുന്നിൽ നിന്ന് കാച്ചി. രണ്ടാഴ്ച്ച റിഹേഴ്സൽ .പിന്നെ ചേട്ടൻമാർ എഴുതിയതും മറ്റ് പ്രസംഗങ്ങളിൽ ചില വാചകങ്ങളും ചേർത്ത് മൂന്നു സാമ്പിൾ പ്രസംഗങ്ങൾ എഴുതി ..ഒന്ന് ഡെമോക്രസി , വേറൊന്നു സ്റ്റുഡന്റസ് ആൻഡ് പൊളിറ്റിക്സ് , മൂന്നാമത് ,ഇന്ത്യ - മൈ കൺട്രി . സംഗതി മൂന്നും കാണാതെ പഠിച്ചു .ആദ്യ റിഹേഴ്സൽ പതിവ് പോലെ കണ്ണാടിയുടെ മുന്നിൽ .പിന്നെ ടെറസിൽ കയറി മുന്നിൽ താഴെ ആയിരങ്ങൾ നിൽക്കുന്നതായി സങ്കൽപ്പിച്ചു ഗംഭീര റിഹേഴ്സൽ .
എന്തായാലും മത്സര ദിനം വന്നപ്പോൾ അല്പം അങ്കലാപ്പും സ്വൽപ്പം ആത്മ വിശ്വാസവും സംഗതി കുളമാക്കല്ലേ എന്ന് ഇച്ചിരി പ്രാർത്ഥനയും . വിഷയം സ്റ്റുഡന്റസ് ആൻഡ് പൊളിറ്റിക്സ് .എബ്രഹാം ലിങ്കൺ ഡെമോക്രസിയെകുറിച്ചു പറഞ്ഞത് പറഞ്ഞു കൊണ്ട് തുടങ്ങി .അവസാനിപ്പിച്ചപ്പോൾ കൈയ്യടി .സാർ പുറത്തു തട്ടി പറഞ്ഞു ' വെൽ ഡൻ ' .ഒന്നാം സമ്മാനം കിട്ടിയപ്പോൾ ആത്മ വിശ്വാസത്തിന്റ ആദ്യ ചവിട്ട് പടി കയറി .
പിന്നെ കുണ്ടറ അലിണ്ടിൽ പോയി ഇഗ്ളീഷ് മലയാളം പ്രസന്ഗിച്ചു സമ്മാനം കിട്ടിയ പുസ്തകമാണ് ഡിസ്കവറി ഓഫ് ഇന്ത്യ .ഒമ്പതാം ക്‌ളാസിൽ .ആ പുസ്തകം വായിക്കാൻ രണ്ടു മാസമെടുത്തു .കാരണം ഓരോ പേജ് വായിക്കുമ്പോഴും അറിയാത്ത ഇരുപത് വാക്കെങ്കിലും ഉണ്ടാകും .അത് ഒരു നോട്ട് ബുക്കിൽ എഴുതി ഒരു പേജ് കുറഞ്ഞത് രണ്ടു പ്രാവശ്യം വായിക്കും .അങ്ങനെയാണ് നെഹ്രുവിനേയും ഇന്ത്യയെയും ഇഗ്ളീഷിനെയും കണ്ടെത്തിയത്.
അത് കഴിഞ്ഞു ഇല്ലുസ്ട്രേറ്റഡ് വീക്‌ലി അടൂരിൽ പോയി വാങ്ങി വായിക്കും .പിന്നെ സ്ഥിരം വായനക്കാരനായി . അതുപോലെ റൈഡേഴ്‌സ് ഡൈജസ്റ്റ് . ഭാഷയുടെ ഉള്ളറിയാൻ അത് വളരെ സഹായിച്ചു .അങ്ങനെ കോളേജിൽ പഠിക്കുമ്പോൾ തിരുവന്തപുരത്തു യൂണിവേഴ്സിറ്റി യുത് ഫെസ്റ്റിവലിൽ പോയപ്പോഴാണ് ഡെബനയർ എന്ന മാസിക കണ്ടത് .തിരുവന്തപുരത്തെ സെക്രെട്ടറിയേറ്റിന് മുമ്പിൽ ഉള്ള കടയിൽ .തിരിച്ചു നോക്കിയപ്പോൾ മനസ്സിനെ കുലുക്കുന്ന സെന്റർ സ്‌പ്രെഡ്‌ .അന്നാണ് സുന്ദരി പെണ്ണുങ്ങളുടെ ന്യൂഡ് ഫോട്ടോ ജീവിതത്തിൽ ആദ്യമായി കാണുന്നത് . സംഗതി രഹസ്യമായി വാങ്ങി പൊതിഞ്ഞു .സെന്റർ സ്പ്രെഡാണ്‌ ആകര്ഷിച്ചതെങ്കിലും അത് ഒന്നാം തരം ഇഗ്ളീഷ് മാഗസിൻ ആയിരുന്നു . വീർ സാങ്‌വി , ധിരൻ ഭഗത് , സൽമാൻ ഖുർഷിദ് , ഇഗ്ളീഷ് കവിത , കഥ , ട്രാൻസ്ലെഷൻ . പിന്നെ സ്ഥിരം വായനക്കാരനായി . ഒരുപക്ഷെ ഇപ്പോഴും പഴയ ഡെബനയറിന്റെ കൂടുതൽ കളക്ഷൻ ഉള്ളവരിൽ ഒരാളായിരിക്കും .അത് ഇന്നുവരെ ആരും തുറക്കാത്ത ഒരു പെട്ടിയിലുണ്ട് .പിന്നെ അതിന്റെ അന്നത്തെ എഡിറ്റർ അനിൽ ധാർക്കർ സുഹൃത്തായി . അന്നത്തെ ഡെപ്യൂട്ടി എഡിറ്റർ ഹുതോക്ഷി ഡോക്റ്ററുമായി ചേർന്നാണ് ഇൻഫോ ചേഞ്ച് ഓൺലൈൻ മാസിക 20കൊല്ലം മുമ്പ് തുടങ്ങിയത് .ഹുതോക്ഷി ജീവിതത്തിലെ ആത്മ മിത്രങ്ങളിൽ ഒരാളും പ്രൊഫെഷണൽ പാർട്ണറും എന്റെ ഏറ്റവും നല്ല എഡിറ്ററുമാണ് .
ഡിഗ്രിക്ക് പഠിച്ചത് സയൻസ് .വീട്ടുകാർക്ക് സയൻസിൽ എം എസ് സി ചെയ്യണം ..എനിക്ക് സിനിമയോ സാഹിത്യമോ അല്ലെങ്കിൽ ലോ യോ മതി .വീട്ടുകാർക്ക് ഐ എ എസ് എഴുതണം .എനിക്ക് വേണ്ട .അവസാനം അപ്പൻ പറഞ്ഞു എന്നാൽ നിനക്ക് ഇഷ്ടമുള്ളത് ചെയ്യ് .അദ്ദേഹം ചെയ്ത ഏറ്റവും വലിയ കാര്യം എന്റെ ഇഷ്ടങ്ങൾക്ക് തടസ്സം നിന്നില്ല എന്നതാണ് .വിദ്യാഭ്യസത്തിന്റയും ജോലിയുടെയും വിവാഹത്തിന്റയും കാര്യത്തിൽ .അത് കൊണ്ട് തന്നെ പിന്നെ പൈസ ഉണ്ടായപ്പോൾ ആദ്യം ചെയ്തത് അപ്പന് ഒരു മെമ്മോറിയൽ പണിതു
ആത്മ സുഹൃത്തിന് പൂനാ നാഷണൽ കെമിക്കൽ ലബോറട്ടറിയുടെ ഫെല്ലോഷിപ്പോടു കൂടി പൂനാ യുണിവേഴ്സിറ്റിയിലെ പ്രശസ്ത കെമിസ്ട്രി ഡിപ്പാർട്മെന്റിൽ എം എസ് സി ക്കു കിട്ടി .അങ്ങനെ പൂനക്ക് വണ്ടി കയറി .പുള്ളി പറഞ്ഞു എം എ ഇഗ്ളീഷ് ഡിപ്പാർട്ടമെന്റ് പ്രശസ്തമാണ് .ഓക്സ്‌ഫോഡിൽ നിന്നുള്ള പ്രൊഫെസ്സർമാരുണ്ട് .പക്ഷെ ടെസ്റ്റ് അല്പം പ്രശ്നമാണ് . അവിടെ ചെന്ന് നോക്കിയപ്പോൾ മഴ പെയ്യുന്ന പോലെ ഇഗ്ളീഷ് പറയുന്ന പെമ്പിള്ളേർ .സ്വന്തം കാറിലും ബൈക്കിലും കറങ്ങുന്ന സിറ്റി ഗേൾസ്‌ .അന്ന് ജീവിതത്തിൽ ആദ്യമായാണ് സിഗരറ്റ് വലിക്കുന്ന പെമ്പിള്ളവരെ കാണുന്നത് . അവരുടെ ഒന്നാമത്തെ സെന്റെൻസ് മനസ്സിലാകുമ്പോഴേക്കും അവർ അഞ്ചാമത്തെ സെന്റെൻസിൽ എത്തിയിരിക്കുന്നു .പണ്ട് കൊടിയേറ്റം സിനിമയിൽ ഗോപി കഥാ പാത്രം പറഞ്ഞത് പോലെ മനസ്സിൽ ഓർത്തു " എന്തൊരു സ്പീഡ് '!!!'
എന്തായാലും പോയി ഒരു മൂച്ചിന് ടെസ്റ്റ് എഴുതി . മഴ പെയ്യുന്ന പോലെ ഇഗ്ളീഷ് പറയുന്ന കാശുള്ള വീട്ടിലെ സിറ്റി പെമ്പിള്ളാരുടെ ഇൻഗ്ലെഷിന് മുമ്പിൽ പിടിച്ചു നില്ക്കാൻ പ്രയാസമാണ് എന്ന് കരുതി.നേരെ പോയി ആ ഇടക്ക് തുടങ്ങിയ സിമ്പയോസിസ് ലോ കോളേജിൽ അഡ്മിഷൻ എടുത്തു .അന്ന് സിംബയോസിസിൽ അഡ്മിഷൻ നിഷ് പ്രയാസം .
പക്ഷെ എം എ ഇഗ്ളീഷ് അഡ്മിഷൻ ടെസ്റ്റ് വന്നപ്പോൾ ഒന്നും രണ്ടും മൂന്നും റാങ്ക് മലയാളികൾക്ക് . സഹപാഠിയും സഹമുറിയാനും ഇഗ്ളീഷ് മലയാളം പരിഭാഷക്ക് കേരള സാഹിത്യ അക്കദമി സമ്മാനം വാങ്ങിയ എന്നെകാട്ടിൽ നാലു വയസ്സ് മൂത്ത സി എം രാജനായിരുന്നു ഒന്നാം റാങ്ക് .എനിക്ക് രണ്ടു . അത് കിട്ടിയതോട് കൂടി മഴ പെയ്യുന്ന പോലെ ഇഗ്ളീഷ് പറയുന്നത് കൊണ്ട് ഇഗ്ളീഷ് വ്യുല്പത്തി ഉണ്ടാകണം എന്നില്ല എന്ന് മനസ്സിലായി .സത്യത്തിൽ രാജനുമായുള്ള ചർച്ചകളിലാണ് ഇഗ്ളീഷ് സാഹിത്യത്തെകുറിച്ച് ധാരണ വളർന്നത് .പിന്നീട് എഴുതി പ്രസിദ്ധീകരിച്ച ഇഗ്ളീഷ് ലേഖനങ്ങളുടെ പരിഭാഷ തയ്യാറാക്കിയത് ഏറ്റവും നല്ല കൂട്ടുകാരനായ സി എം രാജനാണ് .
പൂനയിൽ ജീൻസിന്റ പോക്കറ്റിൽ ഒരു പോക്കറ്റ് ഡിക്ഷണറി ഉണ്ടായിരുന്നു .ഏത് പുതിയ വാക്ക് കേട്ടാലും അത് അപ്പോൾ അടിവരയിടും.വൈകിട്ട് വായിച്ചു മനസ്സിലാക്കും .പിന്നെ ബോധി ഡിസ്കഷൻ ഗ്രൂപ്പിൽ ചർച്ച .ഇഗ്ളീഷ് സ്ഥിരമായി പറയാനും വായിക്കാനും തുടങ്ങിയപ്പോൾ പിന്നെ വലിയ ആഗ്രഹം ഇഗ്ളീഷിൽ എഴുതി പ്രസിദ്ധീകരിക്കുക എന്നതായിരുന്ന . മലയാളത്തിൽ വളരെ മുമ്പേ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും പതിനാറു വയസ്സ് മുതൽ പ്രതിധ്വനി എന്ന പേരിൽ ഒരു ലിറ്റിൽ മാഗസിൻ നടത്തിയിട്ടുണ്ടെങ്കിലും ഇഗ്ളീഷിൽ എഴുതി പ്രസിദ്ധീകരിക്കുവാൻ ധൈര്യം ഇല്ലായിരുന്നു .
അത് കൊണ്ട് ആദ്യമെഴുതിയ ആർട്ടിക്കിളിന്റെ കൂടെ അവിടെ ലോക്കൽ പത്രത്തിൽ റിപ്പോർട്ടറായിരുന്ന ഒരു സുഹൃത്തിന്റ പേരും കൂടി വച്ചു .എന്നിട്ട് പൂനാ ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഓഫിസിൽ പോയി .അവിടെ ഉണ്ടായിരുന്ന മറുനാടൻ മലയാളി നരൻ കരുണാകാരനെ മുട്ടി .അയാൾ കയ്യൊഴിയാൻ ഫീച്ചർ എഡിറ്റർ വിനീത ദേശ്മുക്കിനെ കാണുവാൻ പറഞ്ഞു .പക്ഷെ അപ്പോഴേക്കും അവർ അവരുടെ വീട്ടിൽ പോയി .അങ്ങോട്ട് വണ്ടി വിട്ടു .പക്ഷെ ആ ആർട്ടിക്കിൾ ഒറ്റ നൊട്ടം നോക്കിയിട്ട് പറ്റില്ല എന്ന് പറഞ്ഞു .ഇത് പിള്ളേര് കളിയല്ല എന്ന് പറഞ്ഞു സന്ബ് ചെയ്തു കതകടച്ചു .കൂടെയുള്ള കബ് റിപ്പോർട്ടർ പറഞ്ഞു സോറി , ആദ്യ ശ്രമം പാളിയതിൽ . ഞാൻ പറഞ്ഞു ഒരു സോറിയും ഇല്ല .ഇത്‌ നല്ല പീസാണ് .എന്റെ പേര് ഇന്നതാണെങ്കിൽ ഇത് പ്രസദ്ധീകരിച്ചിരിക്കും .അങ്ങനെ അതിന്റ കോപ്പിഎടുത്തു ഇന്ത്യൻ എക്സ്പ്രസ്സിന്റെ ചീഫ് എഡിറ്റർക്ക് ഡൽഹിയിൽ അയച്ചു കൊടുത്തു .പിറ്റേ ഞായറാഴ്ച്ച രാവിലെ കൂടെ പഠിച്ചവർ ഹോസ്റ്റിലിൽ വന്നു വിളിച്ചെഴുനേൽപ്പിച്ചു ഇന്ത്യൻ എക്സ്പ്രസ് സൺഡേ മാഗസിൻ തന്നു . ലീഡ് ഫീച്ചർ ആർട്ടിക്കിൾ ' When Hamlet became a Mizo ' സ്വന്തം ബൈ ലൈനിൽ . സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു . എന്റെ കൂട്ടുകാരന്റെ കൂടെ നടത്തിയ ആദ്യ മിസോറാം യാത്രയെകുറിച്ചായിരുന്നു . ആദ്യമായി ആയിരം രൂപ പ്രതിഫലം കിട്ടിയ എഴുത്തു .
അത്‌ കാണിച്ചു ടൈംസ് ഓഫ് ഇന്ത്യ പൂനാ എഡിഷനിൽ മാസത്തിൽ രണ്ടു ഫീച്ചർ എഴുതാൻ അന്നത്തെ ഫീച്ചർ എഡിറ്റർ നീത തോമസ് അവസരം തന്നു . പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല .അടുത്തത് ഇ പി ഡബ്ല്യൂ എന്ന അക്കാദമിക് ജേണലിൽ . ഏതാണ്ട് മുന്നോറോളം ആർട്ടിക്കിളുകളും പേപ്പറും പ്രസിദ്ധീകരിച്ചു .ഇന്ത്യയിലെ മിക്ക പത്രങ്ങളിലും .ഹ്യൂമൻ സ്കേപ്പ് എന്ന മാസികയിൽ വര്ഷങ്ങളോളം സ്ട്രൈറ്റ് ടോക്ക് എന്ന കോളം .പിന്നീട് ഹ്യൂമൻസ്‌കേപ്പിന്റെ എഡിറ്ററുമായി ചേർന്നു ഇരുപത് കൊല്ലം മുമ്പ് ഇൻഫോചെയിഞ് തുടങ്ങി .അതിൽ വേൾഡ് വ്യൂ എന്ന കോളം വര്ഷങ്ങളോളം എഴുതി .പിന്നെ തുടങ്ങിയ മാഗസിൻ അജണ്ട കഴിഞ്ഞ രണ്ടു വര്ഷം വരെ കൊണ്ട് നടന്നു . ഏഷ്യയിലെമിക്ക രാജ്യങ്ങളിലും പ്രസിദ്ധീകരിച്ചു .അത് കഴിഞ്ഞു ഏഷ്യ മീഡിയ ഫോറം ഉണ്ടാക്കി . ഇഗ്ളീഷിൽ അഞ്ചു പുസ്തകങ്ങൾ .പക്ഷെ
ജീവിതത്തിൽ ഏറ്റവം സന്തോഷം തോന്നിയത് എട്ടാം ക്‌ളാസിൽ ഇഗ്ളീഷ് പ്രസംഗത്തിൽ ഒന്നാം സമ്മാനം കിട്ടിയപ്പോഴും ഇന്ത്യൻ എക്സ്പ്രസ്സ് സൺഡേ മാഗസിൻ ആദ്യ ആർട്ടിക്കിൾ പ്രസിദ്ധീകരിച്ചപ്പോഴുമാണ് .
പിന്നെ മഴ പെയ്യുന്നപോലെ ഇഗ്ളീഷ് പറയാനും എഴുതാനും അറിയാവുന്ന ഒരു മിടുക്കി പെണ്ണിന്റെ കൂടെ കൂടി .ഇപ്പോൾ അവരും പിള്ളേരും ഇഗ്ളീഷ് എഴുത്തുകാരാണ് .അപ്പന്റെ ആദ്യ മലയാള പുസ്തകവും മോന്റെ ആദ്യ ഇഗ്ളീഷ് പുസ്തകവും അടുത്ത വർഷമിറങ്ങും .
ചുരുക്കത്തിൽ ഇഗ്ളീഷ് പഠിക്കാൻ ഇഗ്ളീഷ് മീഡിയത്തിൽ പഠിക്കണം എന്നില്ല .മലയാളം മീഡിയത്തിൽ പഠിച്ചു മലയാളത്തിൽ എഴുതി പിന്നെ ഇഗ്ളീഷില് വൈഭവം തെളിയിച്ചവരാണ് ഇന്ന് ഇന്ത്യയിലെ പ്രമുഖ ജേണലിസ്റ്റുകളും എഴുത്തുകാരും .
വേണോങ്കിൽ ചക്ക വേരിലും കായിക്കും
ജെ എസ് അടൂർ .

No comments: