Wednesday, October 16, 2019

ദാരിദ്ര്യ നിർമാർജന നോബൽ വിചാരങ്ങൾ


ദാരിദ്ര്യം എങ്ങനെയുണ്ടാകുന്നു? അതെങ്ങനെ പരിഹരിക്കാം? എന്നുള്ള ചോദ്യങ്ങൾ മനുഷ്യൻ ചോദിക്കുവാൻ തുടങ്ങിയിട്ട് ആയിരക്കണക്കിന് വര്ഷങ്ങളായി.
ഇപ്പോൾ സാമ്പത്തിക ശാസ്ത്രത്തിൽ മൂന്നു പേർക്ക് നൊബേൽ കിട്ടിയത് സാമൂഹിക ശാസ്ത്ര ഗവേഷണ രംഗത്ത് മുമ്പേ ഉണ്ടായിരുന്ന ഒരു വിവര ശേഖരണ രീതി സംവിധാനമായ റാണ്ടമൈസിഡ് കണ്ട്രോൾ ട്രയൽ (Randomized control Trial -RCT) ഡെവലെപ്മെൻറ് ഇക്കോണോമിക്സിൽ ഉപയോഗിച്ചു വിവര ശേഖരണം നടത്തി വിശകലനം നടത്തിയ തെളിവൂകൾ ദാരിദ്രം നിർമാർജനത്തിന് വേണ്ടിയുള്ള പൊതു നയങ്ങൾ (പബ്ലിക് പോളിസി )പ്രയോഗിച്ചതിനാണ്. ആ പരീക്ഷണ രീതി ശാസ്ത്രം 1940 കളിൽ തന്നെ ക്ലിനിക്കൽ മെഡിക്കൽ ഗവേഷണ രംഗത്തു ഉപയോഗിച്ച് തുടങ്ങിയതാണ്.. സാമൂഹ്യ ശാസ്ത്ര ഗവേഷണ രംഗത്തുള്ള ഒരു പ്രശ്നം ഗവേഷകരുടെ ധാരണകളും അനുഭവും മുൻ വിധികളും എങ്ങനെ ഗവേഷണത്തിന്റ ഗതിയിൽ 'ബയാസ്സ് ' ഉണ്ടാക്കുന്നു എന്നതാണ്. അത് കൊണ്ടാണ് സാമൂഹ്യ ഗവേഷണ സർവേകളിൽ പലപ്പോഴും റാൻഡം സാംപ്ലിങ് എന്ന രീതി പ്രയോഗിക്കുന്നത്.
ഇപ്പോൾ നോബൽ കിട്ടിയവർ അവരുടെ പോവെർട്ടി ആക്ഷൻ ലാബ് എന്നതിൽ കൂടി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ലോകത്തെ പല രാജ്യങ്ങളിലും ദാരിദ്ര്യ നിർമാർജനവും മാനവിക വികസനം ഗവേൺസ് വിഷയങ്ങളിലെ പദ്ധതികൾ വിവിധ തരം റാണ്ടമൈസെഡ് കൺട്രോൾ ട്രയലിലൂടെ വിവര വിശകലനം നടത്തി ഈ പദ്ധതികളെ എങ്ങനെ കാര്യക്ഷമമാക്കാം എന്ന ശ്രമത്തിലാണ്. ഒരു തലത്തിൽ അവർ ഒരു ഗ്ലോബൽ ഗവേഷണ കംസൽട്ടിങ് നെറ്റ്വർക്കാണ്.
ഈ പരീക്ഷണ രീതി ശാസ്ത്രം ഒരു പരിധിവരെ നിലവിലുള്ള ആരോഗ്യം, വിദ്യാഭ്യാസം ന്യൂട്രീഷൻ വാക്സിനേഷൻ പദ്ധതികളെ കാര്യക്ഷമമാക്കൻ സഹായിക്കും. കാരണം മുൻവിധികൾ കുറച്ചു ദാരിദ്ര്യവും പ്രയാസവും അനുഭവിക്കുന്നവരുടെ ഫീഡ്ബാക് വിവര ശേഖരണത്തിലൂടെ സംഘടിപ്പിച്ചു വിശകലനം ചെയ്ത് അതാതു പ്രത്യേക സാഹചര്യങ്ങളിൽ ഒരു പദ്ധതി യുടെ നടത്തിപ്പിലെ പാളിച്ചകളെ മാറ്റാം എന്നതാണ്.
ഉദാഹരണത്തിന് കേരളത്തിൽ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ആദിവാസി വികസനത്തിന് വേണ്ടി ആയിരക്കണക്കിന് കോടികൾ ചിലവാക്കിയിട്ടും ആദിവാസികളുടെ അവസ്ഥയിൽ എന്ത്‌ കൊണ്ടു മാറ്റമുണ്ടായില്ല എന്നത്. പോവെർട്ടി ആക്ഷൻ ലാബുകാർ അവിടെപ്പോയി ആദിവാസികളുടെ ഇടയിൽ അവരുടെ മെതഡോളേജി ഉപയോഗിച്ച് വിവര ശേഖരണം നടത്തി അട്ടപ്പാടിയിലും വയനാട്ടിലും ഇടുക്കിയിലും ഇപ്പോഴത്തെ പദ്ധതികളിൽ മാറ്റങ്ങൾ നിർദേശിക്കും. പക്ഷേ ഇത് പണ്ട് തൊട്ടേ പല കണ്സള്റ്റസി കമ്പിനികളും ചെയ്യുന്നതാണ്. ഇപ്പോഴും കേരളത്തിൽ പല കണ്സൽറ്റന്സി കമ്പിനികളും ഇത് ചെയ്യുന്നുണ്ട്
കേരളത്തിലും ഇന്ത്യയിലും എന്ത് കൊണ്ടു നോബൽ ജേതക്കൾ ഉണ്ടാകുന്നില്ല?
ഗവേഷണം എം ഐ ട്ടി യി ലും ഹാർവാർഡിലും ഉള്ള പ്രൊഫസർമാർ ചെയ്യുമ്പോൾ അതിനു അക്കാഡമിക് ഹാലോയും സാധുതയു സാമ്പത്തിക -രാഷ്ട്രീയവൂമായി ബന്ധപ്പെട്ട അമേരിക്കൻ ആധികാരികതയുംമുണ്ടന്നതാണ്. ബില്ല് ഗേറ്റ്സ് ഫൌണ്ടേഷൻ അടക്കം കോടി കണക്കിന് ഡോളർ അവിടെ കൊടുക്കും. അത് ആ യൂണിവേഴ്സിറ്റികളുടെ ഗവേഷണം ലീഗസിയും ബ്രാൻഡ് വലിപ്പം കൊണ്ടു കൂടിയാണ്. പൊളിറ്റിക്കൽ ഇക്കോണമി ഓഫ് നോളേജ് ഗവേഷണ അംഗീകാരത്തിൽ ഒരു പ്രധാന ഘടകമാണ്.
ഇതേ മെതഡോളേജി നമ്മുടെ സീ ഡി എസ്സ്‌, ടി ഐ എസ്സ്‌ എസ്സ്‌ അല്ലെങ്കിൽ ജെ എൻ യു നടത്തിയാൽ മുറ്റത്തെ മുല്ലക്ക് നമുക്ക് മണം ഉണ്ടാകില്ല. മാത്രമല്ല പ്രോജെക്റ്റിന് ഫണ്ട് ചെയ്യുവാനും ആരുമുണ്ടാകയില്ല. അഥവാ സർക്കാർ ഫണ്ട് ചെയ്താൽ അത് പാർട്ടി അനുഭാവം നോക്കിയും ജാതി മത സമവാക്യങ്ങൾ നോക്കിയുമാണ്. അങ്ങനെ അധവാ ആരെങ്കിലും നല്ല വർക്ക് ചെയ്താൽ അതിനെ എങ്ങനെ പാര വക്കാം എന്നതായിരിക്കും യൂണിവേഴ്സിറ്റിയിൽ ഉള്ളവരുടെ പോലും സമീപനം. . അത് കൊണ്ടു ഇന്ത്യയിൽ ഉള്ള മികച്ചവർ പോലും അമേരിക്കയിലോ യുറോപ്പിലോ പോയാലെ നല്ല ഗവേഷണ സാഹചര്യമുണ്ടാകൂ. നോബൽ കിട്ടണമെങ്കിൽ നല്ല ഗവേഷണം ചെയ്യുവാനുള്ള സാഹചര്യവും സാമ്പത്തികവും വേണം. ഇന്ത്യയിൽ മിക്ക യുണിവേഴ്സിറ്റികളിലും ഇല്ലാത്ത ഒന്നാണ്. ഇന്ത്യയിൽ കഴിവ് മാത്രം പോരാ. ജാതി മത സമവാക്യങ്ങൾ പ്രധാന പ്രശ്മാണ്. അംബേദ്കറീനോട്‌ കോളാമ്പിയയിലും ലണ്ടൻ സ്കൂൾ ഓഫ് ഇക്കോണോമിക്സിലും ജാതി ചോദിച്ചില്ല. എന്നാൽ ഇന്ത്യയിൽ വന്നിറങ്ങിയുപ്പോൾ ജാതി പ്രശ്‍നമായി. ഒരു യൂണിവേഴ്സിറ്റിയിലും ജോലി കിട്ടിയില്ല. ഡോക്റ്റർ പൽപ്പുവിന് കേരളത്തിലും. ആ അവസ്ഥക്ക് വലിയ മാറ്റം ഇന്നും വന്നിട്ടില്ല.
അഭിജിത് ബാനർജി ജെ എൻ യു വിൽ ആയിരുന്നു എങ്കിൽ അദ്ദേഹത്തെ പുകച്ചു പുറത്ത് ചാടിച്ചേനെ. ഹിസ്റ്ററിയിൽ ഒരു നൊബേൽ ഉണ്ടായിരുന്നു എങ്കിൽ റോമില ഥാപ്പർക്ക് അർഹതയുണ്ട്. പക്ഷേ അവരോട് സംഘ പരിവാർ അൽപത്തര അക്കാദമിക്കുകൾ എങ്ങനെയാണ് പെരുമാറിയത് എന്ന് നമുക്ക് അറിയാം.
എന്റെ ഒരു ആത്മ സുഹൃത്തു ഏറ്റവും കൂടുതൽ നൊബേൽ കിട്ടിയിട്ടുള്ള മാക്സ്പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂറ്റിലാണ് പി എച്ച ഡി ചെയ്തത്. അയാളോട് അന്നു ഞാൻ പറഞ്ഞതാണ് മാക്സ്പ്ലാങ്കിൽ തന്നെ തുടരാൻ. ലോക പ്രസ്തമായ പലയിടത്തുമുള്ള അവസരങ്ങൾ കളഞ്ഞു കേരളത്തിൽ വന്നു ഒരു യൂണിവേഴ്സിറ്റിയിൽ ചേർന്നു എന്ന ഒരു തെറ്റേ ചെയ്തുള്ളു. അവിടെ ഏത്ര നല്ല ഗവേഷണം ചെയ്താലും ജാതിയും മതവും പാർട്ടിയും പ്രശ്‌നമാണ്. അത് ശരിയല്ലെങ്കിൽ പിടിച്ചു നിൽക്കാനോക്കില്ല. ഭരണത്തിലുള്ള പാർട്ടിയുടെ ആളല്ലെങ്കിൽ തഴയും.
അധവാ നല്ല റിസേർച്ഛ് ചെയ്താലും മാതൃഭൂമിയിലോ മനോരമയിലോ അന്തി ചർച്ചയിലോ ഇല്ലെങ്കിൽ ആരും തിരിഞ്ഞു നോക്കില്ല. അത് മാത്രമല്ല കേരളത്തിൽ ബുദ്ധി ജീവി ആയി പരിഗണിക്കണമെങ്കിൽ താടി മാത്രം പോരാ മലയാളത്തിൽ എം എ യോ പി എച്ച ഡി യോ വേണം. ചില കഥകളും സാഹിത്യവും എഴുതി വാരികയുടെ കവർ പേജിൽ വരണം. ശാസ്ത്ര ഗവേഷകരെ ആർക്ക് വേണം? അവരെ കേരളത്തിന് അറിയില്ല.
കേരളത്തിൽ ശാസ്ത്രത്തിൽ ഗവേഷണം ചെയ്യുന്ന അല്ലെങ്കിൽ ലോകത്തു ഒന്നാം തരം ഗവേഷണം ചെയ്യുന്ന മലയാളികളെ കേരളത്തിൽ അറിയാം? ലോകത്തിൽ അറിയപ്പെട്ട ജിയോലിസ്റ്റയിരുന്ന ഐ സീ ചാക്കോയെ ഏത്ര മലയാളിക്കറിയാം?
ശാസ്ത്രം ഗവേഷകർ പോലും ഒരു നാലു കഥയോ നോവലോ എഴുതണം നാലാൾ ശ്രദ്ധിക്കാൻ. നേച്ചറിലോ ലോക പ്രശസ്ത ജേണലിലോ പബ്ലിഷ് ചെയ്തിട്ട് കാര്യമില്ല കേരളത്തിൽ. അത് വായിക്കാൻ താല്പര്യമോ കഴിവോ ഉള്ളവർ ചുരുക്കം.
ഗവേഷണ രീതി ശാസ്ത്രം കൊണ്ടു മാത്രം ദാരിദ്ര്യം കുറയുമോ?
കഴിഞ്ഞ മുപ്പതു കൊല്ലമായി പഠിച്ച വിഷയമാണ് ദാരിദ്ര്യംപ്രശനങ്ങളെ കുറിച്ച്. ഇത് എഴുതുമ്പോൾ ഏതാണ്ട് 800 മില്ല്യൻ ആളുകൾ മൂന്നു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്തവരും പോഷകഹാര കുറവും ഉള്ളവരാണ്. ഒരു ദിവസം 1.25ഡോളറിൽ താഴെ വരുമാനത്തിൽ ജീവിക്കുന്നവർ ഏതാണ്ട് നൂറു കോടി.
പ്രശ്നം ഒരു ഗവേഷണം രീതി ശാസ്ത്രം കൊണ്ടു തീരുന്നതല്ല. ഏതാണ്ട് ഏഴു കൊല്ലത്തോളം സസ്കസ് യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ്റ് സ്റ്റഡീസിലെ (IDS)വിസെറ്റിങ്‌ ഫെല്ലോ ആയിരുന്നപ്പോൾ ഈ വിഷയങ്ങൾ ആയിരുന്നു പഠന ഗവേഷണ വിഷയങ്ങൾ അതിനു വേണ്ടിയുള്ള അഡ്വക്കസിയാണ് പഠിപ്പിച്ചത്. അവിടെ ഉണ്ടായൊരുന്ന പ്രൊഫസർ റോബർട്ട്‌ ചേമ്പേഴ്‌സ് വികസിപ്പിച്ച പാർട്ടിസിപ്പറ്ററി റിസേര്ച് അപ്പ്രൈസൽ (പി ആർ എ ) അത് പോലെ ആർ ആർ എ (റാപിഡ് റൂറൽ അപ്പ്രൈസൽ )ഇതെല്ലാം പോവെർട്ടി ആക്ഷൻ ലാബിനെക്കാൾ വളരെ മുമ്പ് 1980കൾ തുടങ്ങിയ പഠന ഗവേഷണ രീതികളാണ്. അത് കൊണ്ടു തന്നെ പോവാർട്ടി ആക്ഷൻ ലാബ് ചെയ്യുന്ന ഫീഡ് ബാക്ക് ഡേറ്റാ അനാലിസിസ് നേരത്തെ തന്നെ ഉപയോഗിച്ചതാണ്. സോഷ്യൽ ഓഡിറ്റ് പോലുള്ള മെത്തേഡ് ഇന്ത്യയിൽ ഉപയോഗിച്ചു തുടങ്ങിയതും പോവെർട്ടി ആക്ഷൻ ലാബിന് മുമ്പെയാണ്.
വളരെ സജീവമായി ഗവർണസ് /പോളിസി അഡ്വക്കസി മേഖലയിൽ പ്രവർത്തിക്കുന്നത് കൊണ്ടു ഈ കാര്യങ്ങൾ ഇപ്പോഴും പഠിക്കുവാൻ ശ്രമിക്കുന്ന ഒരാളാണ്. കാരണം ഈ രംഗത്തു ഒരു പാർട്ടിസിപ്പന്റ് ഒബ്സെർവരാണ്. 2004 മുതൽ 2007 വരെ ഗ്ലോബൽ കാൾ ടു ആക്ഷൻ എന്ന 110 രാജ്യങ്ങളിൽ ഉണ്ടായിരുന്ന (ചിലയിടത്തു മേക് പോവെർട്ടി ഹിസ്റ്ററി )കാംപൈയിന്റ് ഗ്ലോബൽ ചെയർ അയൊരുന്നു. പിന്നീട് യൂ എന്നിൽ ഇപ്പോഴത്തെ എസ് ഡി ജി ആശയ രൂപീകരണത്തിൽ സജീവമായൊരുന്നു.
ഇതിന്റയൊക്കെ വെളിച്ചത്തിൽ മനസ്സിലാക്കുന്നത് ദാരിദ്ര്യം എന്നത് രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും ചരിത്ര പരവും പരിസ്ഥിതികവൂമായ ഒരു പാട് കാരണങ്ങൾ കൊണ്ടുണ്ടാകുന്നതാണ്. മനുഷ്യന് ആവശ്യമായ ആഹാരവും ആരോഗ്യവും വസ്ത്രവും, പാർപ്പിടവും വിദ്യാഭ്യസവും ഇതൊക്കെ ആർജിക്കാനുള്ള സാമൂഹിക -സാമ്പത്തിക അവസ്ഥയോ അതിനു തക്ക തൊഴിലോ വരുമാനമോ ഇല്ലാത്തതിനെയാണ് ദാരിദ്ര്യം എന്നറിയപ്പെടുന്നത്. പക്ഷേ അത് മനുഷ്യനായി ജീവിക്കുവാനുള്ള ഓരോളുടെയും അവകാശ നിഷേധം കൂടിയാണ്. അതിന്റെ ഒരു പ്രധാന കാരണങ്ങളിൽ ഒന്നു ഭൂമിയുടെയും പ്രകൃതി വിഭങ്ങളുടെയും അസമത്വവും അന്യായവും നീതിനിഷ്ട്ടമല്ലാത്ത അധികാര.വ്യവഹാരവും പ്രയോഗവുമാണ്
ആരാണ് ദരീദ്രർ.? ദാരിദ്ര്യത്തിന് നിറവും ജാതിയും മതവും ലിംഗവൂമുണ്ടോ?
ഉണ്ട്.
അത് നാളെ.
തുടരും
ജെ എസ് അടൂർ

No comments: