വിദ്യാഭാസം സ്‌കൂളും പാഠപുസ്തകങ്ങളും പരീക്ഷയും മാർക്കും ഡിഗ്രിയും ജോലി വാങ്ങാൻ മാത്രമുള്ള ഒരുപാധിയും മാത്രമല്ല .അത് ഒരു കുട്ടി ആദ്യ ശബ്ദം കേട്ട് തുടങ്ങുന്നതും ആദ്യ കാഴ്ചകൾ കണ്ടുതുടങ്ങതു മുതൽ ആർജിക്കുന്ന വാക്കുകളുടെയും നോക്കുകളുടെയും ഭാഷയുടെയും ഭക്ഷണത്തിന്റെയും അറിവുകളുടെയും നിരന്തര സാമൂഹികവൽക്കരണമാണ് .അത് കൊണ്ട് തന്നെ വീട്ടിലും പരിസരത്തും കൂട്ടുകാരിലും സ്‌കൂളിലുമുള്ള സാമൂഹികവൽക്കരണ സാഹചര്യങ്ങൾ പ്രധാനമാണ് . അതിൽ തന്നെ മൂന്ന് വയസ്സ് മുതൽ പന്ത്രെണ്ട് വയസ്സുവരെയുള്ള സാമൂഹികവൽക്കരണം .ആ കാലങ്ങളിൽ പഠിച്ചത് മനസ്സിലും ഓർമ്മയിലും ഉറച്ചു വ്യക്തിത്ത രൂപീകരണത്തിൽ പ്രധാന പങ്ക് വഹിക്കുന്നു . ആ കാലത്തു ഉണ്ടായ പോസിറ്റവും നെഗറ്റിവുമായ അനുഭവങ്ങൾ പലപ്പോഴും നമ്മളുടെ ഉള്ളിൽ കിടക്കും .
അക്ഷരങ്ങളും അക്കങ്ങളും പഠിച്ചത് ആശാൻ പള്ളിക്കൂടം / കുടി പള്ളിക്കൂടം എന്ന് പേരായ ഒരു ഓലമെഞ്ഞു തറയിൽ മണൽ വിരിച്ച ഇടത്താണ് .അതിന് ചുറ്റും ഒരു മൂന്നടി ഉയരത്തിൽ മണ്ണുകൊണ്ടുള്ള ചുറ്റു മതിൽ ഉണ്ടായിരുന്നു . ഇരിക്കാൻ ഒരു ചെറിയ ഇഴപായും
ആദ്യം പഠിച്ചത് അമ്മ വീടായ ഇലവുംതിട്ടയിൽ .അന്ന് ആശാൻ ഒരു പനയോലയിൽ നാരായം കൊണ്ട് എഴുതി തരും . പിന്നെ പഠിപ്പിച്ചത് അച്ഛന്റെ വീടായ അടൂരിന് അടുത്തു തുവയൂരിൽ ഇപ്പോൾ ബോധിഗ്രാം നിൽക്കുന്ന സ്ഥലത്തുള്ള ആശാൻ പള്ളിക്കൂടത്തിൽ .ഒരു ആശാട്ടിയായിരുന്നു പഠിപ്പിച്ചത് .
അന്ന് നീട്ടി പാടിയ ' കാ കൂ കെ കേ കൈ കോ ' അ ആ ഇ ഈ ഉ ഊ , ...' പിന്നെ 'യ ര ല വ ഷ സ ഹ ' എന്നതും ' ഒന്നും ഒന്നും രണ്ടേ രണ്ടു ഒന്നും മൂന്നേ , മൂന്നു മൊന്നും നാലേ ' അങ്ങനെ അക്കങ്ങളും അഞ്ചു വരെയുള്ള ഗുണന പട്ടികയും പഠിപ്പിച്ചത് ആശാട്ടിയാണ് . അന്ന് അറിയാവുന്ന ഒരു ജാതി മനുഷ്യ ജാതി മാത്രം . തറയിൽ മണലിൽ ചൂണ്ടു വിരൽ ഉപയോഗിച്ചാണ് എഴുതി പഠിച്ചത് .അത് കൊണ്ടായിരിക്കും അതെ ചൂണ്ട് വിരൽ കൊണ്ട് ഫോണിൽ വേഗത്തിൽ ഇപ്പോഴും കി ഇൻ ചെയ്യുന്നത് .പിന്നെ വളർന്നു സമൂഹത്തിലെ ജാതി മുൻ വിധികൾ എല്ലാം അറിഞ്ഞപ്പോഴാണ് അറിഞ്ഞത് എന്നെ അക്ഷരവും അക്കവും പഠിപ്പിച്ചിരുന്ന ആശാട്ടി ദളിത് സമൂഹത്തിൽ നിന്നായിരുന്നു . അത് വലിയ സന്തോഷമുള്ള ഒരറിവായിരുന്നു . ചിലപ്പോൾ ഒരു രൂപ ഫീസ് കൊടുത്തതായി ഓർമ്മയുണ്ട് .ചിലപ്പോൾ അരി വീട്ടിൽ നിന്ന് കൊടുത്തതും .
നാലാം വയസ്സിൽ മലയാളം വായിക്കുവാനും എഴുതുവാനും പഠിച്ചു .അക്കങ്ങളും .ഇതിന് ഒരു കാരണം എന്റെ അമ്മയുടെ അപ്പൻ വല്യപ്പച്ചൻ എല്ലാ ദിവസവും രാവിലെ മലയാള മനോരമയുടെ തലക്കെട്ടു വായിപ്പിക്കുമായിരിന്നു .പിന്നെ പിന്നെ വായിച്ചു വിവരം പറഞ്ഞു കൊടുക്കണം .അത് കൊണ്ട് തന്നെ 1970 മുതലുള്ള തിരെഞ്ഞെടുപ്പ് നല്ല ഓർമ്മ . 1972 യിലെ യുദ്ധം , അമേരിക്കയിലെ നിക്സസന്റെ വാട്ടർ ഗേറ്റ് ഇതെല്ലം വായിച്ചു വല്യപ്പച്ചനോട് വിവരിച്ചാണ് രാഷ്ട്രീയ വിശകലനത്തിന്റ ബാല പാഠം പഠിച്ചത് . നാലാം വയസ്സിൽ വല്യപ്പച്ചൻ പഠിപ്പിച്ച ശ്ലോകങ്ങൾ ഇപ്പോഴും നാവിൻ തുമ്പത്തുണ്ട് " ഉത്തമം കുശലം വിദ്യ , മധ്യമം കൃഷി വാണിഭം , അധമം സേവയാ വൃത്തി, വിഷമം ഭാര ജീവിതം " എന്നും മറ്റുമുള്ള അന്നത്തെ സാമൂഹ്യ മുൻ വിധികളും
സങ്കീർത്തനങ്ങൾ
മലയാള ഭാഷയുടെ മനോഹാരിത ഉള്ളിൽ കയറിയത് നാലു വയസ്സ് മുതൽ എല്ലാ ദിവസവും വായിച്ച സങ്കീർത്തനങ്ങളിൽ നിന്നാണ് .പിന്നെ സദർശ്യ വാക്യങ്ങളും കൗമാരത്തിൽ ഉത്തമ ഗീതവും . മലയാളം ബൈബിൾ വായിച്ചാണ് മലയാളത്തിന്റ അന്തരംഗം മനസ്സിലാക്കിയത്. ഇഗ്ളീഷ് ബൈബിൾ അഞ്ചാം ക്‌ളാസിൽ ഇഗ്ളീഷ് പഠിക്കുവാൻ തുടങ്ങിയത് മുതൽ .
.അഞ്ചാം വയസ്സിൽ സ്‌കൂളിൽ പോകുന്നതിന് മുമ്പ് കാണാതെ പഠിച്ച ഒന്നാം സങ്കീർത്തനം , ഇരുപത്തി മൂന്നു , 91, 103 ,,121 എന്നതിലെ മനോഹരമായ പച്ചയായപുല്പുറങ്ങളും സ്വസ്ഥയുള്ള വെള്ളവുംമൊക്കെ മനസ്സിൽ കയറിയാണ് മലയാളത്തെ തൊട്ടറിഞ്ഞത് . മാൻ നീർതൊടുകളിലേക്ക് ചെല്ലൂവാൻ കാംക്ഷിക്കുന്നത് പോലെ ..ദൈവമേ എന്റെ ആത്മാവ് നിന്നോട് പറ്റി ചേരുവാൻ കാംഷിക്കുന്നു ....പിന്നെ പത്തൊമ്പതാം സങ്കീർത്തനത്തിലെ, പകൽ പകലിനു വാക്ക് പൊഴിക്കുന്നു , രാത്രി രാത്രിക്കു അറിവ് കൊടുക്കുന്നു , ഭാഷണമില്ല , വാക്കുകൾ ഇല്ല , ശബ്ദം കേൾപ്പാനുമില്ല ...." പിന്ന 91 സങ്കീർത്തനത്തിലെ ' രാത്രിയിലേ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും lഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചക്ക് നശിപ്പിക്കുന്ന സംഹാരത്തെയും നിനക്ക് പേടിപ്പാനില്ല ' എന്നതും '103 ലെ ' മനുഷ്യന്റ ആയുസ്സ് പുല്ലു പോലെയാകുന്നു .വയലിലെ പൂ പോലെ അവൻ പൂക്കുന്നു .കാറ്റ് അതിന്മേൽ അടിക്കുമ്പോൾ അത് ഇല്ലാതെ പോകുന്നു .അതിന്റ സ്ഥലം പിന്നെ അതിനെ അറികയില്ല '.121 ലെ ' ഞാൻ എന്റ കണ്ണ് പർവതങ്ങളിലേക്ക് ഉയർത്തുന്നു " അങ്ങനെ നൂറു കണക്കിന് വാക്യങ്ങൾ നാലാം വയസ്സ് തൊട്ട് എഴാം വയസ്സു വരെ മനസ്സിൽ കയറിയതാണ് .
ചുരുക്കത്തിൽ പ്രൈമറി സ്‌കൂളിൽ പോകുന്നതിന് മുമ്പ് ഭാഷയും കണക്കും പഠിച്ചത് വീട്ടിലെ സാഹചര്യവും സാമൂഹികവൽക്കരണവുമാണ് .ബാലരമയോടൊപ്പം ഭാഷ പോഷിണിയും വായിച്ചുള്ള എന്റെ വല്യപ്പച്ചൻ വായിക്കാൻ പരിശീലിപ്പിച്ച ആ ബാല്യം കൊണ്ടാണ് വായന അമ്പത് കൊല്ലം കഴിഞ്ഞും തുടരുന്നത് .അത് കൊണ്ട് തന്നെ ആദ്യമെഴുതുന്ന മലയാള പുസ്തകം അദ്ദേഹത്തിന് സമർപ്പിക്കും .
പ്രൈമറി സ്‌കൂളിൽ വച്ച് മരം കേറാൻ പഠിച്ചു .ഏഴാം ക്‌ളാസ്സുവരെയുള്ള ഹരം ഏത് വലിയ മരത്തിലും വലിഞ്ഞു കയറുക .തെങ്ങിൽ കയറി കരിക്കു ഇട്ട് കുടിക്കുക .ഏത് മാവിലും വലിഞ്ഞു കയറി മാങ്ങാ .വലിയ ആഞ്ഞിലിയിൽ കയറി ആഞ്ഞിലിപ്പഴം ചണച്ചരടിൽ കെട്ടി താഴെ ഇറക്കുക പിന്നെ ഉള്ള പറങ്കാവിൽ കയറി ഉലുത്തുക , പ്ലാവിൽ കയറി ചക്ക ഇടുക .ഇതൊക്കെ സെറ്റ് കൂടി കൂട്ടുകാരോട് ഒരുമിച്ച് ചെയ്ത ഏർപ്പാടുകൾ. ഇപ്പോൾ അതിന് 'അഡ്വഞ്ചർ ഗ്രൂപ് പ്രോജക്റ്റ് ' എന്ന് പറഞ്ഞ് ആയിരങ്ങൾ ചില സ്‌കൂളുകൾ വാങ്ങും . അന്നത്തെ നാട്ട് സെറ്റ് സാമൂഹിക വൽക്കരണവും ആത്മ വിശ്വാസവും തന്ന ഘടകങ്ങളാ യിരുന്നു .അത് പോലെ സൈക്കിൾ എടുത്ത് മാറ്റിനിക്ക് പോയതും .ആന മയിൽ ഒട്ടകം കളിച്ചതും .എല്ലാം .
വല്യമ്മച്ചിമാരാണ് സ്‌കൂളിൽ ചേർത്തത് .അത് കഴിഞ്ഞു എല്ലാം ആകൂളുകളിലും ഒറ്റക്ക് പോയാണ് ചേർന്നത് .കോളേജിലും യുനിവേഴ്സിറ്റിയിലും .ജോലി തേടിയതും എല്ലാം ഒറ്റക്ക് . ഇപ്പോൾ പലപ്പോഴും ഓവർ പ്രൊട്ടക്റ്റഡായി സ്‌പൂൺ ഫീഡിങ് വിദ്യാഭ്യസം കാരണം പലപ്പോഴും കുട്ടികൾക്ക് നൈസർഗ്ഗീക കഴിവുകൾ വികസിപ്പിക്കുവാൻ അവസരങ്ങൾ കുറവാണ് . വിദ്യാഭ്യസം എന്നത് ഭാഷകളുടേതും അറിവിന്റേതും വിവരങ്ങളുടേതും ഉള്കാഴ്ചകളുടേതുമായ വിവിധ തലത്തിലുള്ള സാമൂഹികവൽക്കരണങ്ങളാണ് . വിദ്യ യും അഭ്യാസവും കൂടെ ചേർന്ന് തരുന്ന പഠിച്ചറിവും , കണ്ടറിവും ,കേട്ടറിവും , കൊണ്ടറിവും തിരിച്ചറിവും അതിൽ നിന്നുള്ള ആത്മ വിശ്വാസവും കഴിവും നിപുണതയും ചേർന്നുള്ള ഒരു സാമൂഹികവൽക്കരണ പ്രക്രിയയാണത് . നാലാം ക്‌ളാസ് തൊട്ട് തുടങ്ങിയ പ്രസംഗവും എഴുത്തും ഇന്നും തുടരുന്നു .
അതിന് ബാല്യകാല സാമൂഹികവൽക്കരണം തൊട്ട് അങ്ങോട്ടുള്ള സാമൂഹികവൽക്കരണങ്ങൾ പ്രധാനമായ ഘടകമാണ് . ഒരു പക്ഷെ കേരളത്തിൽ നിന്ന് മാറി പൂനാ യുനിവെര്സിസ്റ്റിയിലെ സാമൂഹികവൽക്കരണമാണ് എന്റെ കാഴ്ചപ്പാടുകളെ മാറ്റി മറിച്ചത് . നൂറു ശതമാനം സാധാരണ പൊതു വിദ്യാലയങ്ങളിൽ പഠിച്ചു നൂറു ശതമാനം ദേശീ വിദ്യാഭ്യസം കഴിഞ്ഞു അന്താരാഷ്ട തലത്തിലും ആഗോള തലത്തിലും യൂ എന്നിൽ സീനിയർ ജോലിയൊക്കെ ചെയ്യുമ്പോൾ അഞ്ചു വയസ്സിനു മുമ്പേ കിട്ടിയ ഭാഷയും ആത്മ വിശ്വാസവും ഏത് പുതിയ കാര്യങ്ങൾ പഠിക്കുവാനുള്ള ആകാംഷയും വല്യപ്പച്ചനും വല്യമ്മച്ചിയും പഠിപ്പിച്ച ബാല പാഠങളും സങ്കീർത്തനങ്ങളും ആയിരുന്നു കൂട്ട് .
വീട്ടിൽ നിന്ന് വിദ്യാഭ്യസത്തിന് എല്ലാം കൂടി അമ്പത്തിനായിരത്തിൽ താഴെയേ ചിലവയുളളൂ .ഗവേഷണം എല്ലാം സ്കോളര്ഷിപ്പോഡ് കൂടിയാണ് ചെയ്തത് .
പക്ഷെ എന്റെ മക്കളുടെ കാലം വന്നപ്പോൾ അവരുടെ സാഹചര്യം മാറി .ഞാൻ ഒരായുഷ്ക്കാലം മുഴുവൻ പഠനത്തിന് ചിലവഴിച്ചതിൽ കൂടുതലാണ് വിദേശ ഇന്റർനാഷണൽ സ്‌കൂളുകളിൽ ഒരു മാസത്തെ ഫീസ് .ജോലി ചെയ്യുന്ന സ്ഥാപനങ്ങളാണ് കുട്ടികൾക്ക് ഫീസ് നൽകുന്നത് എങ്കിലും ഒരു വര്ഷം പത്തും പതിനഞ്ചും ലക്ഷം വാങ്ങുന്ന സ്‌കൂളുകളിലെ സാമൂഹികവൽക്കരണം പ്രശനമാകുമെന്നു നേരെത്തെ തിരിച്ചറിഞ്ഞതിലാണ് മക്കളെ കേരളത്തിൽ കൊണ്ട് വന്നു മലയാളവും പഠിക്കണം എന്ന് തീരുമാനിച്ചത് . കേംബ്രിഡ്ജ് ഓ ലെവൽ കഴിഞ്ഞ മകനെ ലോകത്തിൽ ഏത് യൂണിവേഴ്സിറ്റികളിലും വിടാമായിരുന്നു .എന്റെ സഹ പ്രവർത്തകരും കൂട്ടുകാരും എല്ലാം മക്കളെ പഠിപ്പിക്കുന്നത് യൂ കെ യിലും അമേരിക്കയിലും കാനഡയിലും ആസ്‌ട്രേലിയയിലുമാണ് . എന്നാൽ ഞങ്ങൾ തീരുമാനിച്ചത് ഇന്ത്യയിൽ പഠിപ്പിക്കാനാണ് .കാരണം ഇന്ത്യയെ പ്പോലെ വൈവിധ്യ സാമൂഹികവൽക്കരണ സാധ്യതയുള്ള ലൈഫ് സ്‌കിൽസ് ആർജിക്കുവാൻ പറ്റിയ രാജ്യങ്ങൾ ലോകത്തിൽ അധികമില്ല . ടെസ്റ്റ് എഴുതി പൊതു യൂണിവേഴ്സിറ്റികളിൽ പഠിച്ചാൽ ഇന്ത്യയിലെ ഒരു മുപ്പത് സംസ്ഥാനങ്ങളിലെ സംസ്കാരവും സാമൂഹികവുമായ കാര്യങ്ങൾ പഠിക്കാം . .മകൻ പഠിച്ചത് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലും പിന്നെ നാഷണൽ ലോ സ്‌കൂൾ ബാംഗ്ലൂരിലുമാണ് .എല്ലാം ഉന്നതമായ മാർക്കോട് കൂടിയാണ് പാസ്സായത് . .ഒരിക്കലും പഠിക്കണം എന്ന് പറഞ്ഞു പുറകെ നടന്നില്ല . ഒന്നാമനാകണമെന്നും പറഞ്ഞിട്ടില്ല . ഇങ്‌ലീഷും ഹിന്ദിയും നന്നായി അറിയാം .മലയാളവും സാമാന്യം നല്ലത് പോലെ അറിയാം . മക്കൾ രണ്ടു പേരും നന്നായി വായിക്കും .ഇന്ത്യയിൽ പഠിച്ച മകന് ഇന്ന് ലോകത്തിലെ ഏത് യൂണിവേഴ്സിറ്റിയിലും പോയി പി എച് ഡി എടുക്കാം .സ്കോളര്ഷിപ്പോഡ് കൂടി . അവനോട് പറഞ്ഞു കൊടുത്തത് ഒരു മൂല്യ വ്യവസ്ഥയാണ് .ബാക്കി അവർ കണ്ടു പിടിക്കട്ടെ .അവനോട് പറഞ്ഞിട്ടുള്ളയൊന്നെയുള്ളൂ ' Lern to move forward with your own steam '
ചുരുക്കത്തിൽ എന്ത് എവിടെ പഠിക്കുന്നു എന്നത് പോലെ പ്രധാനമാണ് അവരുടെ മൂല്യ വ്യവസ്ഥയും ജീവിത കാഴ്ചപ്പാടും .അത് വീട്ടിൽ നിന്നും നാട്ടിൽ നിന്നും പഠന സ്ഥലത്തു നിന്നുള്ള സാമൂഹിക വൽക്കരണത്തിലൂടെയാണ് സാധ്യമാക്കുന്നത് .കുട്ടികളെ ഉപദേശിച്ചു നന്നാക്കിന്നതിനേക്കാൾ അവർ കൂടുതൽ പഠിക്കുന്നത് വീട്ടിൽ ഉള്ളവർ പറഞ്ഞും അറിഞ്ഞും ചെയ്തുമാണ് .പലപ്പോഴും നമ്മൾ കൂടുതൽ പഠിക്കുന്നത് കണ്ടും അറിഞ്ഞും മിണ്ടിയും പിന്നെ സ്വയവുമറിഞ്ഞാണ് .കുട്ടികൾക്ക് സ്വയം കണ്ടെത്താൻ ഉള്ള സാഹചര്യങ്ങൾ കൊടുത്താൽ അവരെ വിശ്വസിച്ചാൽ അവർക്ക് മാതൃകയായി ജീവിച്ചാൽ പിന്നെ അവരെ ഉപദേശിപ്പിച്ചു വക വരുത്തേണ്ട കാര്യമില്ല .
പിന്നെ വിദേശ വിദ്യാഭ്യസം വലിയ കാര്യമാണ് എന്നത് പലപ്പോഴും തെറ്റിധാരണയാണ് .നല്ല യുണിവേഴ്സിറ്റികളിൽ അറിവിന്റ നല്ല അന്തരാഷ്ട്ര സാമൂഹികവൽക്കരണ സാഹചര്യമുണ്ട് .പക്ഷെ അത് കൊണ്ട് മാത്രം ഉന്നത ജോലികൾ കിട്ടണമെന്നില്ല .മൈക്രോ സോഫ്റ്റ് സി ഇ ഓ ഇന്ത്യയിൽ മണിപ്പാലിൽ പഠിച്ച സത്യ നടേല്ലയാണ് . കേരളത്തിൽ നിന്ന് പോയി ആഗോള കോർപ്പറേറ്റ് കമ്പിനികളുടെ തലപ്പത്തിയ ടോണി തോമസും സഹോദരനും പഠിച്ചത് തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ .
വിദേശത്തോ സ്വദേശത്തോ പഠിക്കുന്നതിനോടൊപ്പം അവർക്ക് വേണ്ടത് മൂല്യ വ്യവസ്ഥയും ഉൾകാഴ്ച്ചയും ഇമാജിനേഷനും ജീവിതത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടും സാമൂഹിക പ്രതി ബദ്ധതയും ജീവിതത്തെകുറിച്ചുള്ള വിഷനുമാണ് .ഇതിനെല്ലാം അനുസരിച്ചുള്ള ആത്മ വിശ്വാസവും . ഒരു പരിധിക്കപ്പുറം നിങ്ങളുടെ ഡിഗ്രിയോ യൂണിവേഴ്സിറ്റിയുടെ പേരോ അല്ല നിങ്ങളെ നയിക്കുന്നത് .അത് ഉൾക്കാഴ്ചയും ഇമാജിനേഷനും മോട്ടിവേഷനും ആത്മ വിശ്വാസവും മൂല്യ വ്യവസ്ത്തയും സ്വപ്നങ്ങളും ഒത്തു ചേർന്ന ഉൾകരുത്താണ് വിൽ പവറാണ് . പത്തു ഇരുപത് കൊല്ലം പഠിച്ചാലും അതില്ലെങ്കിൽ വിദേശ ഡിഗ്രികളിൽ കാര്യമില്ല .കാരണം യഥാർത്ഥ വിദ്യാഭാസം അറിവിന്റെയും നിപുണതയുടെയും പ്രയോഗത്തിലൂടെയാണ് വെളിവാകുന്നത് .പലപ്പോഴും യഥാർത്ഥ വിദ്യാഭ്യസം പാഠ പുസ്ത്കങ്ങൾക്കപ്പുറത്താണ് . പാഠ പുസ്തകങ്ങളും പരീക്ഷയും മാർക്കും എല്ലാം വേണം .പക്ഷേ കുറെ മാർക്ക് മാത്രം കൊണ്ട് മാത്രം ഒരാൾ ജീവിതത്തിലോ പ്രൊഫെഷനലിലോ വിജയിക്കണം എന്നില്ല . ഐ ക്യൂ പോലെ പ്രധാനമാണ് ഇമോഷണൽ ഇന്റലിജൻസും സോഷ്യൽ ഇന്റലിജൻസും പ്രായോഗിക ബുദ്ധിയും . പുസ്തകങ്ങളിലേ പശു പുല്ലു തിന്നില്ല .
ഡോക്റ്റർ ആകുവാൻ താല്പര്യം ഇല്ലാത്തവരെ സ്റ്റാറ്റസിന് വേണ്ടി ഡോക്റ്റർ ആക്കിയിട്ടു വലിയ കാര്യമില്ല . കാശു കടം വാങ്ങി ഏജൻസികൾ പറയുന്നത് കേട്ട് കാനഡയിലും അമേരിക്കയിലും ആസ്ട്രേലിയലിലും പിള്ളേരെ വിട്ടിട്ട് കുറച്ചു കാശു ചിലവാക്കി എന്നതിൽ കവിഞ്ഞു വലിയ കാര്യങ്ങളൊന്നും സംഭവിക്കില്ല .
ജെ എസ് അടൂർ
No comments:
Post a Comment