Monday, October 7, 2019

ക്വായി നദിയുടെ തീരത്തു

ക്വായി നദിയുടെ തീരത്തു
പാക്കേജ് ടൂറുകളുടെ പ്രശ്നം അതു പഴയ സ്കൂൾ എക്സ്കർഷൻ പോലൊരു ഏർപ്പാടാണ്. ആടുകളെ തെളിച്ചു കൊണ്ടു പോകുന്നത് പോലെ രാവിലെ വിളിച്ചു എഴുന്നേൽപ്പിച്ചു രാത്രി അത്താഴം വരെ പല കാഴ്ച്ചകൾ കാണിച്ചു കുറെ ഷോപ്പിംഗ് ഒക്കെ നടത്തി സന്തോഷമായി വിമാനം കയറ്റും
തായ്‌ലൻഡ് പോലുള്ള ഒരു മനോഹര രാജ്യത്തു പട്ടയ പോലുള്ളിടത്തു രണ്ടു ദിവസം. ബാങ്കോക്കിൽ രണ്ടു ദിവസം. അൽപ്പം ഹാപ്പിഎണ്ടിങ്ങോ അല്ലെങ്കിൽ സാദാ മസ്സാജ്. ഇന്ദ്ര മാർകെറ്റിൽ ഒരു ഷോപ്പിംഗ്. സത്യത്തിൽ തായ്‌ലൻഡിൽ കാണേണ്ടതോന്നും ഇവർ കാണില്ല. തായ്‌ലൻഡ് അതി മനോഹരമായ രാജ്യമാണ്. ഗ്രാമങ്ങളിൽ പോലും നല്ല റോഡുകൾ. വൃത്തിയുള്ള ആളുകളും പരിസരങ്ങളും. വളരെ സുരക്ഷമായി സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം. ടൂറിസത്തെ ഇഷ്ടപെടുന്നയാളുകൾ. പാക്കേജ് ടൂറിൽ ആരും യഥാർത്ഥ സൗന്ദര്യമോ സ്ഥലങ്ങളോ ആളുകളെയോ കാണാനീടയില്ല.
രണ്ടു ദിവസമായി ഞങ്ങൾ ക്വായി നദീതീരത്തു കാട്ടിനിടക്കുള്ള ക്വായി റിവർ റിസോട്ടലിലാണ്. ഇത് ബാങ്കോക്കിൽ നിന്ന് നാലു മണിക്കുർ അകലെ. ആദ്യം കാഞ്ചനപുരിയിൽ ഇറങ്ങി അവിടെ നിന്നും 84 കിലോമീറ്റർ അകലെയുള്ള കടവിൽ എത്തി ഇരുപത് മിനിറ്റ് രണ്ടു പച്ച നിറഞ്ഞ മലകൾകിടക്കൂടെ ബോട്ടിൽ വന്നാൽ ഇവിടെ എത്താം. എല്ലാ കൂടി രണ്ടു പേർക്ക് ഒരു ദിവസം മൂവായിരം രൂപയാണ് താമസത്തിന്. ഞങ്ങൾ മൂന്നു ദിവസം ഇവിടെയാണ്.
ഏതാണ്ട് 150ഏക്കർ കാമ്പസ് മുഴുവൻ നൂറു കണക്കിന് വൈവിദ്ധ്യമുള്ള മരങ്ങൾ. അപ്പുറത്ത് കാടു. ഒരു വശത്തു മോൺ ഗോത്ര വർഗ്ഗത്തിൽ പെട്ട തായ് ഗ്രാമം. ഒരു മണിക്കൂർ നടന്നിട്ട് വന്നാണ് ഇത് എഴുതുന്നത്. ഇവിടെ ഒരൊറ്റ കോൺഗ്രീറ്റ് കെട്ടിടങ്ങൾ ഇല്ല. ഒരൊറ്റ മരം മരിച്ചിട്ടില്ല. എല്ലാം കുടിലുകളാണ്. തെങ്ങും മുളയും ഉപയോഗിച്ചു പണിത് ഓല മേഞ്ഞതോ, ഓടിട്ടതോ അയ കാടിനും ചെടികൾക്കും ഇടക്ക് മറഞ്ഞിരിക്കുന്ന കുടിലുകൾ. എങ്ങനെ പ്രകൃതിയുമായി സമന്വയിപ്പിച്ചു പ്രകൃതിയെ തഴുകി ഉത്തരവാദിത്തപെട്ട ഗുണമേന്മയുള്ള ടൂറിസം നടത്താം എന്നതിന് ഉദാഹരണം.
ഇവിടെ അടുത്തുള്ള മോൺ ഗോത്ര വർഗ്ഗത്തിൽ പെട്ടവരാണ് സ്റ്റാഫ്‌. ഇതിനകത്ത് മോൺ ഗോത്ര വർഗ്ഗത്തിന്റെ സംസ്കാരം സമ്പുഷ്ട്ടമാക്കാനുള്ള സംവിധാനം അവരുടെ കുട്ടികൾക്ക് പഠിക്കാൻ ഒരു വില്ലേജ് സ്കൂൾ. ഞാനിവിടെ നാലാമത്തെ തവണയാണ് വരുന്നത്. ഏറ്റവും ഇഷ്ട്ടം കിളികകളുടെ പാട്ട് കേട്ട്, അണ്ണന്മാരെയും തുമ്പികളെയും പൂമ്പാറ്റകളെയും ചെടികളെയും മരങ്ങളെയും മനം കൊണ്ടു തൊട്ടറിഞ്ഞു രാവിലെയും വൈകിട്ടും ഉള്ള നടത്തമാണ്. മനോഹരം.
തായ് -ബർമ്മ അതിർത്തിക്കരികിലുള്ള കാടുകൾ. ഇതിന് അരികിൽ പണ്ട് ബുദ്ധ മത സന്യാസികൾ താമസിച്ച അര കിലോമീറ്റർ നീളമുള്ള ഗുഹ മല മുകളിലുണ്ട്.
തായ്‌ലൻഡിൽ കോച്ചങ്, കോ സുമായി, ക്രബി, മുതലായ മനോഹര മലകളും തീരവും ഇണ ചേരുന്ന അനുഭങ്ങളുണ്ട്. അതു പോലെ മനോഹരമായ സ്ഥലങ്ങൾ വിയറ്റ്നാമിലും കമ്പോബോഡിയയിലും ഇൻഡൊ നേഷ്യയിലും പാപ്പുവ ന്യൂ ഗിനിയിലും മലേഷ്യയിലും, ചൈനയിലും ഉണ്ട്.
നാട്ടിൽ വന്നു ഇനിയും വ്യത്യസ്തമായി ട്രോപ്പിക്കൽ നാടുകളെ ഇഷ്ടപെടുന്നവർക്കു വേണ്ടി പഠനവും അനുഭവും ലിഷറും നിറഞ്ഞ രണ്ടാഴ്ച്ച വീതമുള്ള ബോധിഗ്രാം സഞ്ചാര വിരുന്നു ഓരോ മൂന്നു മാസത്തിലും സംഘടിപ്പിച്ചാലോ എന്ന് ഒരാഗ്രഹം മനസ്സിലുണ്ട്. സൌത്ത് കിഴക്കേ ഏഷ്യയുടെ ആത്മാവിലേക്കും, പിന്നെ ആമസോൺ നദിയിലൂടെ കാട്ടിലേക്കും ഒക്കെയുള്ള മനസ്സ് നിറക്കുന്ന മനോഹര യാത്രകൾ.
യാത്ര ജീവിതവും ജീവിതം യാത്രയുമായി എടുക്കുന്നയാളാണ്. Journey is important and destination doesn't matter.

No comments: