Monday, October 7, 2019

വായനകളും എഴുത്തുകളും മാറുമ്പോൾ


പണ്ട് ഏതൊരു രാജ്യത്തു പോയാലും അവിടെയുള്ള പുസ്തക കടകളിലും പ്രസിദ്ധീകരണ ശാലകളിലും പോയി പുസ്തകം വാങ്ങുമായിരിന്നു .പെട്ടിയിൽ പകുതി പുസ്തകങ്ങളുമായായിരുന്നു മടക്കയാത്ര . അതിൽ ചില പുസ്തകങ്ങൾ മടക്കയാത്രയിൽ വായിക്കും .മിക്ക രാജ്യങ്ങളുടെയും സമൂഹത്തെകുറിച്ചും രാഷ്ട്രീയ ചരിത്രത്തെകുറിച്ചും പുസ്തകങ്ങളുണ്ട് .അവയിൽ മിക്കതും വായിച്ചിട്ടുമുണ്ട് .ജീവിതത്തിൽ പുസ്തകം വാങ്ങിക്കുവാൻ എത്ര പൈസ ചിലവാക്കിന്നതിലും മടിയില്ലായിരുന്നു .ഏതാണ്ട് 15000 പുസ്തകങ്ങൾ വാങ്ങികൂട്ടിയതിന് ശരാശരി 200 രൂപ പുസ്തകത്തിന് ചിലവഴിച്ചു .
പക്ഷെ കാലം മാറി .കഥ മാറി .വായനയും എഴുത്തും മാറി . ഇന്ന് ശീലം കൊണ്ട് എയർപൊട്ട് ബുക്ക് സ്റ്റാളുകളിൽ നിന്ന് വളരെ സെലെക്റ്റിവയാണ് പുസ്തകം വാങ്ങുന്നത് .കൂടുതലും നോൺ ഫിക്ഷൻ .ഫിക്ഷൻ വളരെ സെലെക്റ്റിവ് ആയിട്ടാണ് വാങ്ങുന്നത് . മിക്കപ്പോഴും വായിക്കുന്നത് യാത്രയിൽ .പിന്നെ മിക്ക ദിവസങ്ങളിലും ശരാശരി ഒന്നര മണിക്കൂർ പുസ്തകം വായിക്കും .
പുസ്തകം വാങ്ങികൂട്ടിയാൽ ആര് വായിക്കും എന്നതാണ് ഒരു പ്രശ്‌നം . പുസ്തക കളക്ഷൻ ബോധിഗ്രാമിൽ സൂക്ഷിച്ചു വയ്ക്കാൻ ബുക്ക് ഷെൽഫിനു തന്നെ നല്ലൊരു ഇൻവെസ്റ്റ്മെന്റ് .പക്ഷെ ഇന്ന് ലോകത്തെ പ്രധാന ലൈബ്രറികൾ ഡിജിറ്റിലൈസ് ചെയ്തു കൊണ്ടിരിക്കുകകയാണ് . മക്കളെല്ലാം ഓൺലൈനിലേക്ക് ചുവട് മാറി .ഒരു ദിവസം ഓൺ ലൈനിൽ വായിക്കുവാൻ നാലു മണിക്കൂർ ശരാശരി മാറ്റി വയ്ക്കും . മകൻ വളരെ വിപുലമായി വായിക്കുന്നയാളാണ് . ശരാശരി ആറുമണിക്കൂർ .പക്ഷെ 90% ഓൺലൈൻ വായനയാണ് . മകൾ കൂടുതലും പുസ്തകങ്ങളാണ് വായിക്കുന്നത്.
ഇന്ന് ഓൺലൈനിൽ പുസ്തകം കിട്ടും വായിക്കുവാനും വാങ്ങുവാനും .ഇന്നു ലോകത്തിൽ പല ലൈബ്രറികളും പഴയ പുസ്തകങ്ങൾ ആദായ വിൽപ്പനക്ക് വച്ചാലും വാങ്ങുവാൻ ആളുകൾ കുറവാണ് . ആളുകൾ ഇന്ന് ഉണ്ണാനും ഉടുക്കാനും വിവാഹം ഉറപ്പിക്കുവാനും യാത്ര ചെയ്യാനും, താമസിക്കുവാനും ഭോഗിക്കുവാനും ഉപഭോഗിക്കുവാനും ഇന്ന് ഓൺലൈൻ ജീവിതമാണ് തിരഞ്ഞെടുക്കുന്നത് . അപ്പോൾ വായനയും എഴുത്തും മാറി . ഇന്ന് സ്മാർട്ട് മൊബൈൽ ഫോണും, കണക്റ്റിവിറ്റിയും ആപ്പുകളും ഇല്ലാതെ ഒരുപാട് പേർക്ക് ജീവിക്കുവാൻ പ്രയാസമാണ് . ഒന്നോർത്താൽ ഒരുപാട് ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് ഓണ്ലൈനിലാണ് .
അങ്ങനെ വായനയും എഴുത്തും പ്രസിദ്ധീകരണങ്ങളും മാറി .ഞാൻ അച്ചടിച്ച പത്രങ്ങൾ വളരെ വിരളമായാണ് വായിക്കുന്നത് .എന്നാൽ ഓൺലൈനിൽ ബി ബി സി യടക്കം അഞ്ചു പത്രങ്ങൾ വായിക്കും .
ഇപ്പോൾ പേനയും പേപ്പറും ഉപയോഗിക്കുന്നത് ഓഫിസ് ചുമതലയുമായി ബന്ധപ്പെട്ട ഒപ്പിടാനും ചില സർക്കാർ ഫോമ് പൂരിപ്പിക്കാനുമാണ് .
വായനയും എഴുത്തും ചിന്തകളും മാറുകയാണ്. മനുഷ്യനും .അതിന് അനുസരിച്ചു സമൂഹവും ഭാഷയും മാറും .മാർക്കറ്റും മാറും . ഇതെല്ലാം മാറുന്നത് അനുസരിച്ചു രാഷ്ട്രീയവും മാറും .
ജെ എസ് അടൂർ

No comments: