മന്ത്രി സഭ /ക്യാബിനറ്റ് പൊളിറ്റിക്കൽ എക്സിക്യൂട്ടീവാണ്. അവരുടെ പ്രധാന ജോലിഎന്താണ്? നയ രൂപീകരണ തീരുമാനങ്ങൾ ബന്ധപ്പെട്ടവരുമായി കൂടി ആലോചിച്ചു ചർച്ച ചെയ്തു തീരുമാനിക്കുക. അങ്ങനെ എടുത്ത തീരുമാനങ്ങൾ കാര്യക്ഷമതയോടെ ഉദ്യോഗസ്തർ നടത്തുന്നുവോയെന്ന് ഉറപ്പു വരുത്തുക. ആ വകുപ്പിൽ കാര്യക്ഷമത ഉറപ്പു വരുത്തുവാൻ സർക്കാർ സംവിധാനങ്ങളെയും പോളിസികളെയും (സിസ്റ്റംസ് and പോളിസിസ് )നിരന്തരം മെച്ചപ്പെടുത്തുക. അതാതു വകുപ്പിൽ സുതാര്യതയും അകൗണ്ടബിലിറ്റി ഉറപ്പു വരുത്തി അഴിമതിക്കുള്ള അവസരങ്ങൾ ഇല്ലാതാക്കുക. കാര്യക്ഷമമായ പ്രവർത്തനം ഉറപ്പ് വരുത്തുവാൻ പെർഫോമൻസ് മോണിറ്ററിങ് സിസ്റ്റം നടപ്പാക്കുക.
അതുപോലെ ആ വകുപ്പിലെ ബജറ്റ് മാനേജ് ചെയ്യുന്നതിന് മാർഗ്ഗം നിർദേശങ്ങളും അപ്പ്രൂവലും കൊടുക്കുക എന്നതൊക്കെയാണ്.
എന്നാൽ ജനാധിപത്യ വ്യവസ്ഥയിൽ മന്ത്രി ജനകീയമായിരിക്കണം. ഒരു തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധി എന്ന നിലയിൽ തിരഞ്ഞെടുക്കപ്പെട്ട മണ്ഡലത്തിലെ എല്ലാ ജനങ്ങളോടും കേരളത്തിലെ എല്ലാ ജനങ്ങളോടും അകൗണ്ടബിലിറ്റി ഉണ്ടായിരിക്കണം. അതിനു സുതാര്യത, ജനങ്ങളുടെ പരാതി കേൾക്കുവാനുള്ള മികച്ച സംവിധാനം, ചുവപ്പു നാടയിൽ ജനങ്ങളുടെ പ്രശ്നം കുരുങ്ങി കിടക്കില്ല എന്നതിന്നു പ്രശ്ന പരിഹാര ശ്രമങ്ങൾ. . ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും സത്യ സന്ധമായ ഫീഡ് ബാക്കിന് അവസരം കൊടുക്കുക എന്നതൊക്കെയാണ്.
ഒരാൾ തിരെഞ്ഞെടുപ്പിന് നിൽക്കുന്നത് ഒരു പാർട്ടിയുടെ പേരിലാകാം. എന്നാൽ തിരഞ്ഞെടുത്താൽ അയാൾ സത്യ പ്രതിജ്ഞ ചെയ്തു ഉത്തരവാദിത്തം എടുക്കന്നത് മുതൽ എല്ലാ ജനങ്ങളുടെയും പ്രതിനിധിയാണ്. പാർട്ടി അഫിലിയേഷൻ ഉണ്ടെങ്കിലും അയാൾ അയാൾക്ക് എല്ലാ ജനങ്ങളുടെയും പ്രതിനിധിയാണ്. മന്ത്രി ആയാൽ അയാൾ ഒരു മണ്ഡലത്തിന്റ പ്രതിനിധി എന്നതിന് ഉപരി ആ സംസ്ഥാനത്തിലെ എല്ലാ ജനങ്ങളോടും ഉത്തരവാദിത്ത ബോധവും ഭരണഘടനയോട് കൂറും ഭരണഘടനാ പ്രകാരം മാത്രം ഭരിക്കാനും ബാധ്യസ്ഥനാണ്. എല്ലാ രാഷ്ട്രീയക്കാർക്കും പബ്ലിക് റിലേഷൻ അവരുടെ പൊതു സ്വീകാര്യതക്കും സാധുതക്കും ഒരു പരിധിവരെ ആവശ്യമാണ്.
എന്താണ് പ്രശ്‍നം? മന്ത്രിമാർ അവരെ ഏൽപ്പിച്ച പണി ചെയ്യാതെ,, 90% ശതമാനം പി ആറും, പത്തു ശതമാനം ഫയലിൽ ഒപ്പിട്ട് വെറും പി ആർ മെയ്ന്റൻസ് മാനേജർമാർ ആകുന്നു എന്നതാണ് . അവരുടെ പേർസണൽ സ്റ്റാഫ് കൂടുതൽ പണി ചെയ്യുകയും അവരുടെ ഔട്ട് റീച് മാനേജർമാരും ഭരണ അധികാര ദല്ലാൾമാരാകുന്നതാണ് പ്രശ്‍നം. മന്ത്രിമാർ കൂടുതൽ സമയം ഉത്‌ഘാടന മഹാ മേളങ്ങൾക്കും മറ്റു കലാ പരിപാടികൾക്കും സ്റ്റേറ്റ് കാറുകളിൽ പോലീസ് അകമ്പടിയോടു കറങ്ങി നടക്കും. ഓഫിസിൽ ഇരുന്നു അവരെ ഏൽപ്പിച്ച ജോലികൾ കാര്യക്ഷമമായി ശരാ ശരി 8 മണിക്കൂർ ജോലി ചെയ്യുന്ന ഏത്ര മന്ത്രിമാരുണ്ട്? മന്ത്രിമാരുടെ 360 ഡിഗ്രി പെർഫോമൻസ് അസീസ്സ്മെന്റ് നടത്തുകയാണെങ്കിൽ പത്തു മാർക്കിൽ അഞ്ചു മാർക്ക് കിട്ടുന്ന ഏത്ര മന്ത്രിമാരുണ്ട് ഇവിടെ? ഐ ഏ എസ്സ് കാരുടെ അല്ലെങ്കിൽ സീനിയർ സെക്രെട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ സഹായം ഇല്ലാതെ ഫയൽ പഠിച്ചു തീർപ്പാക്കാൻ കഴിവുള്ള ഏത്ര പേരുണ്ട്?. സർക്കാർ പോളിസികൾ പഠിക്കുകയും എഴുതുകയും ചെയ്യുവാൻ കഴിവുള്ള എത്ര മന്ത്രിമാരുണ്ട്?
തിരഞ്ഞെടുപ്പിന് മുമ്പ് തൊഴു കൈയ്യോടെ വിനയത്തിന്റ ആൾരൂപമായി ജന സേവകരായി പ്രത്യക്ഷപെടുന്നവർ എന്ത് കൊണ്ടു ഭരണം കിട്ടിയാൽ അഹങ്കാരത്തിന്റെ ആൾ രൂപങ്ങളായി ജനങ്ങളുടെ മേലാളന്മാരാകുന്നു? അപ്പോൾ എന്ത് കൊണ്ടു അവരുടെ ശരീര ഭാഷയും ഭാവവും രീതിയുമെല്ലാം അധികാരം തുളുമ്പുന്ന ചെയ്തികളാകുന്നു. കാരണം ഇന്നും ഇന്ത്യയിൽ ജാതി വ്യവസ്ഥയിൽ ഊന്നിയ ഒരു ഫ്യഡൽ സംസ്കാരം അധികാര വിനിമയ വ്യവഹാരങ്ങളിൽ രൂഢമൂലമാണ്. അത് കൊണ്ടാണ് മന്ത്രിമാരിൽ പലരും നാട്ടു രാജാക്കൻമാരെ പോലെയോ ഫ്യുഡൽ പ്രഭുക്കരെപ്പോലെയോ ബ്രാമ്മിണിക്കൽ മേധാവിത്തത്തോടെ പെരുമാറുന്നത്.
ഇതിൽ അവിടെയും ഇവിടെയും അങ്ങനെ അല്ലാത്തവർ ചിലരുണ്ട്. പക്ഷെ പൊതുവെയുള്ള രീതി ഫ്യുഡൽ നാട് വഴിയുടേതാണ്. തിയറിയിൽ എല്ലാ ജന ങ്ങളുടെയും സേവകരായ പൊളിറ്റിക്കൽ എക്സിക്യസ്റ്റീവിന്റെ ഭാഗമാകുമെങ്കിലും പ്രയോഗത്തിൽ അവർ പോലും അറിയാതെ ചില നാട് വാഴി സ്വഭാവങ്ങൾ ആ കസേരയിൽ കേറുമ്പോൾ മുതൽ അവരെ ആവാഹിക്കും. സിസ്റ്റം അങ്ങനെയാണ് ഇന്ത്യയിൽ ഡിസൈൻ ചെയ്തിരിക്കുന്നത്. കൊളോണിയൽ മനോഭാവത്തിന്റെയും ഫ്യഡൽ സാമൂഹ്യ വൽക്കരണത്തിന്റെയും ഒരു സങ്കര സംവിധാനമാണ് നമ്മുടെ അധികാര സംഭരണം.
പലപ്പോഴും സിവിൽ സെർവെന്റുകൾ സിവിലും അല്ല സെർവെന്റുകളും അല്ല. ഭരണതേരിൽ കയറിയാൽ പലരും അൺ സിവിൾ അൺ സിവിക് കൊളോണിയൽ മേലാള സ്വഭാവമുള്ളവരാകുക എന്നതാണ് ഡിഫാൾട്ട് സിസ്റ്റം മോഡ്. അത് കൊണ്ടാണ് ശ്രീരാം വെങ്കിട്ടരാമൻമാർ കുടിച്ചു മദിച്ചു വണ്ടി ഇടിച്ചു കൊന്നാലും അവർ ജീവിതത്തിൽ മദ്യപിക്കാത്ത മാന്യൻമാരായി ഒരു പോറൽ പോലും ഏൽക്കാത്ത 'സിവിൽ സർവെൻറ് ' സാറുമാരാകുന്നത്. . അത് കൊണ്ടാണ് പണ്ടത്തെ കോളിനിയൽ സായ്പ് സാറന്മാരുടെ പ്രേതം പല ഉദ്യോഗസ്ഥ പ്രമാണി സാറുന്മാരെയും ആവാഹിക്കുന്നത്. പൊതു ജന സേവകർ (പബ്ലിക് സേവ്യേർവെൻറസ് ).സാറന്മാരയത് സായിപ്പിന്റെ കാലത്താണ്. അതിനു മുമ്പത്തെ ഏമാന്മാരും സാറുന്മാരും കൂടി അവരിൽ പലരും സാറെന്മാരായി പരിണമിക്കും. അതിനെ മറികടക്കുന്ന ഒരു 20%ഉദ്യോഗസ്ഥർ ഉണ്ടായത് കൊണ്ടാണ് ഭരണത്തിന് കുറെയെങ്കിലും സാധുതയുള്ളത്.
ജനകീയരായ മന്ത്രിമാർ പോലും അല്പം മനുഷ്യ പറ്റും നന്മയും ഒക്കെയുള്ള നന്മയുള്ള നാട് വഴികളാകും.
യൂണിവേഴ്സിറ്റികൾ സ്വയം ഭരണ സംവിധാനങ്ങൾ ആയിരിക്കണം. ഒരു മന്ത്രിയുടെ പണി യൂണിവേഴ്സിറ്റികളെ ഭരിക്കുകയോ അല്ലെങ്കിൽ മൈക്രോ മാനേജ് ചെയ്യുകയോ യൂണിവേഴ്സിറ്റി നടപടികളിൽ ഇടപെടുകയോ അല്ല. യുണിവേഴ്‌സിറ്റ് ഭരിക്കണ്ട സംവിധാനം വൈസ് ചാൻസലർ, പ്രൊ വൈസ് ചാൻസലർ അക്കഡമിക് ഡീനുകൾ, രാജുസ്ട്രാർ, പരീക്ഷ കോൺട്രോളർ മുതലായവർ ചേർന്ന് അവരവരുടെ ജോബ് ഡിസ്‌ക്രിപ്‌ഷൻ പ്രകാരവും യൂണിവേഴ്സിറ്റി നിയമ സംഹിതയും സർക്കാർ പോളിസിയെ ആധാരമാക്കി കാര്യ ക്ഷമമായും സുതാര്യമായും ഭരിക്കുന്ന എന്നതാണ്.
പക്ഷെ ഇവിടെ നടക്കുന്നത് എന്താണ്? മന്ത്രിമാർ ഭരണ പാർട്ടിയുടെ വക്താക്കളായി പാർട്ടി താല്പര്യങ്ങളെയും അവനവിനസത്തെയും അത്പോലെ താൻ പ്രമാണിത്തവും സില്ബന്ധികളും ഉള്ള നാട്ടു പ്രമാണികളായി പരിണമിക്കുന്നു. ആവശ്യത്തിനും അനാവശ്യത്തിനും വാചകം മേളകൾ നടത്തി മീഡിയയിലൂടെ പി ആർ വർക്കും രാഷ്ട്രീയ മൈലേജുമുണ്ടാക്കാൻ നിരന്തരം പരിശ്രമിക്കുന്നു. പാർട്ടി പക്ഷ പാതമനുസരിച്ചു യൂണിവേഴ്സിറ്റികളിൽ അടി തൊട്ട് മുടി വരെ നിയമനങ്ങൾ നടത്തി സിണ്ടിക്കേറ്റിൽ പാർട്ടി തേർഡ് ടയറിൽ ഉള്ള സില്ബന്ധികളെ നിയമിച്ചു അവരെ വിധേയരാക്കും. പിന്നെ ഭരണ പാർട്ടി പൂരിത സിൻഡിക്കേറ്റ് വി സി യെ മൂക്ക് കൊണ്ടു ണ്ണ റാ വരപ്പിക്കുവാൻ നോക്കും. എന്നിട്ട് മന്ത്രിയുടെ പേർസണൽ സ്റ്റാഫിലെ താത്കാലിക ഉദ്യോഗസ്ഥർ തൊട്ട് ഓഫിസ് പ്യൂൺ വരെ പറഞ്ഞാൽ ഏറാൻ മൂളികളാകുവാൻ നിര്ബന്ധിക്കാരാകും. അഡ്മിഷൻ മുതൽ പരീക്ഷ നടത്തിപ്പുകളിൽ വരെ ഇടപെടും. ഇതാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യസത്തിന്റ ശാപം. മന്ത്രിമാരും ഭരണപാർട്ടികളായ ഭാസ്കരപട്ടേൽമാരുടെ തൊമ്മികളാകുവാൻ വിധിക്കപ്പെട്ടിരിക്കുന്നു എന്നതാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസത്തെ അധപതിപ്പിച്ചത്. നമ്മുടെ യുണിവേഴ്സിറ്റികൾക്ക് ശാപ മോക്ഷം കിട്ടണമെങ്കിൽ അത് പാർട്ടി പട്ടേലർ -തൊമ്മി അച്ചു തണ്ടിൽ നിന്ന് രക്ഷപ്പെടണം.
അല്ലെങ്കിൽ നല്ല ഗവേഷകർ കേരളത്തിൽ വരില്ല. കഴിവുള്ള വിദ്യാർത്ഥികൾ നാട് വിട്ട് ബ്രയിൻ ഡ്രയിൻ തുടരും. ഇതെല്ലാം കഴിഞ്ഞു നമുക്ക് എന്താ നോബൽ സമ്മാനം കിട്ടാത്തത് എന്തെ എന്നു ചോദിക്കാൻ ആസ്ഥാന 'ബുദ്ധിജീവികൾക്ക് ' ഉളുപ്പില്ല എന്നിടത്താണ് മലയാളി സമൂഹത്തിന്റെ തിരിച്ചറിയാൻ പോലും പറ്റാത്ത രോഗാതുര അവസ്ഥ. നമ്മുടെ പാർട്ടികളും നേതാക്കളും സെൽഫ് ഡിനെയാൽ മോഡിലാണ്. ഏത് വിധേനയും ആരെങ്കിലെ നിർത്തിയും തിരെഞ്ഞെടുപ്പ് ജയിച്ചു ഭരിക്കുക എന്നതിൽ കൂടുതൽ അജണ്ടയില്ലതെ ആവുമ്പഴാണ് മുസ്ലിം ലീഗുകാരൻ മാർക്സിസ്റ്റ് മന്ത്രിയും കൊണ്ഗ്രെസ്സ്കാരൻ ബി ജെ പി മന്ത്രിയുമൊക്കെയാകുന്നത്. പക്ഷെ ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ട് എന്ന ധാരണ അമിത് ഷാക്ക് മാത്രമല്ല കേരളത്തിൽ ഭരണത്തിൽ ഉള്ളവർൾക്കും വല്ലപ്പോഴും തോന്നുന്നത് നല്ലതാണ്.
ഒരു മന്ത്രിയുടെ ജോലി യുവേഴ്സിറ്റിയിൽ അദാലത് നടത്തി 'പാവപെട്ട 'പിള്ളാർക്ക് മാർക്ക് ദാനം ചെയ്തു നന്മ നിറഞ്ഞ നാട് വഴിയാകുകയല്ല. മറിച്ചു യുണിവേഴ്സിറ്റികളെ പോളിസി തലത്തിൽ ഇടപെട്ടു കാര്യക്ഷമതയുള്ള അക്കാദമിക് മികവുള്ള കൃത്യമായി സമയത്തു പരീക്ഷ നടത്തി ഫലം പ്രസിദ്ധീകരിക്കുന്ന സ്വയം ഭരണ സംവിധാനമാക്ക്‌കയാണ്. യൂണിവേഴ്സിറ്റി നിയമനങ്ങളിൽ ഇടപെടാതെ അവ സുതാര്യമാക്കുക എന്നതാണ്. മന്ത്രിയുടെ ജോലി സ്വന്തം മതത്തിലും ജാതിയിലും മണ്ഡലത്തിലും പാർട്ടിയിലും ഉള്ള ആളുകളെ കൊണ്ടു യുണിവേഴ്സിട്ടികളെ നശിപ്പിക്കുക എന്നതല്ല. മറിച്ചു എല്ലാ നിയമനങ്ങളിലും മികവും കഴിവും ഉള്ളവരെ നിയനാനുസ്രതമായി സുതാര്യമായി നിയമിക്കുവാനുള്ള സംവിധാനം ഉറപ്പ് വരുത്തുക എന്നതാണ്.
പരീക്ഷയും അതിന്റെ നിർണ്ണയവും പുനർ നിർണ്ണയവും കാര്യക്ഷമമാക്കിയാൽ യൂണിവേഴ്സിറ്റിയിൽ എന്തിനാണ് അദാലത്തു? യൂണിവേഴ്സിറ്റി മാർക്ക് സംബന്ധിച്ചുള്ള അദാലത്തുകൾ മന്ത്രിയോ സില്ബന്ധികളോ നടത്തണ്ട സ്ഥിതി നമ്മളുടെ യൂണിവേഴ്സിറ്റിയുടെ അതി ദയനീയ അവസ്ഥയാണ് കാണിക്കുന്നത്.
ലോകത്തെ എത്ര നല്ല യൂണിവേഴ്‌സിറ്റികളിൽ അങ്ങനെയുള്ള ' മാർക്ക് ' അദാലത്തുകൾ ഉണ്ട്? അങ്ങനെ അദാലത് നടത്തുന്ന മന്ത്രിമാരുണ്ട്? മന്ത്രിമാർ അദാലത് നടത്തേണ്ടി വരുന്നത് അവർ അവരുടെ പണി ചെയ്യാത്തത് കൊണ്ടും യൂണിവേഴ്സിറ്റി അവരെ ഏൽപ്പിച്ച പണി കാര്യ ക്ഷമമായി ചെയ്യ്തത് കൊണ്ടാണ്.
സ്മൃതി ഇറാനി എന്ന ഉന്നത വിദ്യാഭ്യാസമോ വിദ്യാഭ്യാസ പരിചയമോ ഇല്ലാത്ത ഡിഗ്രി കാര്യത്തിൽ കള്ളം പറഞ്ഞ ഒരു ഉന്നത വിദ്യാഭ്യാസ മന്ത്രി ജെ എൻ യൂ അടക്കമുള്ള സെൻട്രൽ യൂണിവേഴ്സിറ്റികളെ പാർട്ടിവല്ക്കരിച്ചതിനെ വിമർശിച്ച കേരളത്തിലെ ആസ്ഥാന ബുദ്ധി ജീവികൾ കേരളത്തിലെ യൂണിവേഴ്സിറ്റികളുടെ പാർട്ടിവൽക്കരണം കണ്ടില്ലന്നു നടിക്കുമ്പഴാണ് അവർ അധികാരത്തിന്റെ തൊമ്മികളാകുന്നത്.
പ്രശ്നം എന്താണ് എന്ന് വച്ചാൽ അധികാരം കൈയ്യാളുന്ന ഭാസ്കര പട്ടേലുമാരുടെ തൊമ്മികൾ പാർട്ടിയിലും സൈബർ ലോകത്തും യുണിവേഴ്സിറ്റികളിലും കൂടുന്നു എന്നതാണ് . അവരുടെ ജോലി പട്ടേലരുമാർ എന്ത് വൃത്തികേടുകൾ പറഞ്ഞാലും ചെയ്താലും അതിനു കൈയടിച്ചു നിർവൃതിയടയുക എന്നതാണ്.
സ്മൃതി ഇറാനിക്ക് ഡിഗ്രിയില്ലെന്നതോ വേറെ ഒരു മന്ത്രിക്ക് മുട്ടൻ ഡിഗ്രിയുണ്ടോ എന്നതല്ല പ്രശ്‍നം. അവർ പ്രസംഗിക്കുവാൻ മിടുക്കർ ആണോയെന്നതല്ല പ്രശ്‍നം. അവർ നിരന്തരം പട്ടേല്മാരായി ഉന്നത വിദ്യാഭ്യസത്തിൽ തൊമ്മിവൽക്കരണം നടത്തുന്നു എന്നതാണ്. അവർ ചെയ്യുന്ന എന്തിനും കൈയടിക്കുന്ന പാർട്ടി തൊമ്മികൾ കൂടുന്നു എന്നതാണ് പ്രശ്‍നം. കേന്ദ്രത്തിൽ ബി ജെ പി യെ വിമർശിക്കുന്നവർ ഭരണത്തിൽ അത് പോലെ താൻ പ്രമാണിത്ത അഹങ്കാരം കാണിക്കുന്നതാണ് പ്രശ്‍നം.അവരെ ഏൽപ്പിച്ച ജോലി മന്ത്രിമാർ ചെയ്യാതെ മറ്റുള്ളവരുടെ ജോലി പി ആറിന് വേണ്ടി ചെയ്തു പട്ടേലർ ആകുന്നത് ആണ് പ്രശ്നം.
മന്ത്രി പട്ടേലുമാരും അവരുടെ തൊമ്മികൾ സർക്കാർ സംവിധാനത്തിലും പാർട്ടി സംവിധാനങ്ങളിലും കൂടുമ്പോഴാണ് ജനാധിപത്യം എട്ടിൽ പുല്ലു തിന്നു പാൽ ചുരത്തുന്ന എന്ന തോന്നലുണ്ടാക്കുന്ന മരീചകളാകുന്നത്
ഈ കാര്യത്തിൽ എല്ലാ ഭരണ പാർട്ടികളും പാർട്ടികൾക്കതീതമായി ഭരണത്തിൽ കയറുമ്പോൾ പട്ടേലുമാരാകും. ചില പട്ടേലുമാർ കാവിയുടുക്കും ചിലർ ത്രിവർണ്ണ ഷാൾ ഇടും ചിലർ ചുമന്ന ബാഡ്ജ് ധരിക്കും. ഈ കാര്യത്തിൽ ജാതി മത പാർട്ടി ഭേദമെന്യ പട്ടേലർമാർ അവരുടെ തൊമ്മികളെ തേടിയുള്ള അധികാര ഓട്ടപ്പാച്ചലിലാണ്.
എല്ലാവരും അങ്ങനെ എന്നു പറയില്ല. കാടടച്ചു വെടി വെക്കില്ല. മുമ്പേ പറഞ്ഞത് പോലെ ഏതാണ്ട് 20% ജനകീയരായ ജനാധിപത്യ ബോധമുള്ള കാര്യ പ്രാപ്തിയുള്ള പണിഎടുക്കുന്ന മന്ത്രിമാരും ജനങ്ങളോട് പ്രതിബദ്ധത ഉള്ള ഉദ്യോഗസ്ഥന്മാരും ഉണ്ടായത് കൊണ്ടാണ് ജനാധിപത്യം സംവിധാനം എന്നത് ഇന്ത്യയിൽ ഒരു വലിയ പരിധിവരെ നിലനിൽക്കുന്നത്. അങ്ങനെയുള്ളവരോട് അന്നും ഇന്നും എന്നും ബഹുമാനമാണ്.
ജെ എസ് അടൂർ
No comments:
Post a Comment