Monday, October 7, 2019

കലിപ്പുകളുടെ കലികാലം -1


ലോകത്ത് മിക്ക രാജ്യങ്ങളിലും ജനപ്രിയ ഏകാധിപത്യ സമീപനങ്ങൾ കൂടി വരുന്നുണ്ട്. ഏഷ്യയിലെയും ലോകത്തിന്റ വിവിധ ഭാഗങ്ങളിലുമുള്ള ഒരു പാട് രാജ്യങ്ങളിൽ തിരെഞ്ഞെടുപ്പ് പലപ്പോഴും കൊണ്ടു വരുന്നത് ജനായത്ത മൂല്യങ്ങളിലും മനുഷ്യ അവകാശങ്ങളിലൊന്നും വിശ്വാസമില്ലാത്തവരെയാണ് ഇല്ലിബെറൽ തിരെഞ്ഞെടുപ്പ് രാഷ്ട്രീയം മേൽക്കോയ്‌മ നേടുന്ന പലയിടത്തും സ്വാതന്ത്ര്യം ജനാധിപത്യം മനുഷ്യ അവകാശങ്ങൾ എന്നീവയെ ഉയർത്തിപിടിക്കുന്ന ലിബറൽ മൂല്യങ്ങൾ നിരന്തരം ചോദ്യം ചെയ്യപ്പെട്ട അസാധുവാക്കപ്പെടുന്ന കാഴ്ചകൾ.
ഇതിന് കരണങ്ങളെന്താണ്?
ഒന്നാം ലോക മഹായുദ്ധത്തിനും രണ്ടാംലോക മഹായുദ്ധത്തിനുമിടക്കുള്ള കാലത്ത് പല രാജ്യങ്ങളിലും പല തരത്തിൽ ഉള്ള സ്വത രാഷ്ട്രീയങ്ങളും അതിനെ സാധൂകരിക്കുന്ന പ്രത്യയ ശാസ്ത്രങ്ങളും യൂറോപ്പിൽ വളർന്നു. ഇവയിൽ പ്രധാനമായതു സോവിയറ്റ് കമ്മ്യൂണിസം, ഇറ്റലിയിൽ മുസ്സോളിനിയുടെ ഫാസിസം, ജർമ്മനിയിൽ ഹിറ്റ്ലറുടെ നാഷണൽ സോഷ്യലിസം എന്ന നാസിസം. ഇതിന്റെ പല തരത്തിൽ ഉള്ള വക ഭേദങ്ങൾ പല രാജ്യങ്ങളിലുമുണ്ടായി. ബ്രിട്ടനും ഫ്രാൻസും മറ്റു ചില രാജ്യങ്ങളും കൊളോണിയൽ ഭരണ മേൽക്കോയ്‌മ ഇമ്പിരിയൽ രാഷ്ട്രീയമാണ് പ്രയോഗിച്ചത്.
ഈ ഓരോ രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങൾക്കും കൃത്യമായ സാമ്പത്തിക രാഷ്ട്രീയ മാനങ്ങളുണ്ടായിരുന്നു. അവയെല്ലാം തന്നെ യഥാർത്ഥ ജനാധിപത്യ മൂല്യങ്ങൾക്കും മനുഷ്യ അവകാശങ്ങൾക്കും എതിരായിരുന്നു. അവയെല്ലാം നിയന്ത്രിച്ചത് വരേണ്യ രാഷ്ട്രീയ -സാമ്പത്തിക ഒലിഗാർക്കികളായിരുന്നു. അവരെല്ലാം സാധൂകരിച്ചത് അവരവരുടെ രാജ്യത്തെ സ്വത അതി ദേശീയത പറഞ്ഞാണ്. ജർമ്മൻ ആര്യൻ മേൽക്കോയ്‌മ ദേശീയതയും സോവിയറ്റ് കമ്മ്യുണിസത്തിനുള്ളിൽ ഉരുണ്ടുകൂടിയ റഷ്യൻ മേൽക്കോയ്‌മ പ്രോലിറ്റേറിയൻ സ്വത ദേശീയതയും സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്ത ഇമ്പിരിയൽ ദേശീയതയുമെല്ലാം സാധൂകരണ പ്രത്യയശാസ്ത്ര പാക്കേജുകളായിരുന്നു.
ഇവക്കെല്ലാം ഉള്ള ഒരു പൊതു സ്വഭാവം എതിർക്കുന്നവരെ വക വരുത്തി പല തരത്തിൽ നിശബ്ദരാക്കുക എന്നതായിരുന്നു. സെഡിഷൻ അല്ലെങ്കിൽ രാജ്യ ദ്രോഹകുറ്റത്തിന്റ പല വക ഭേദങ്ങൾ ഇവിടെ എല്ലാമുണ്ടായിരുന്നു. സ്റ്റേറ്റ് പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ചു അടിച്ചമർത്തുന്ന ഹിംസകൾ ലെജിറ്റിമേറ്റായി. എതിർപ്പുള്ളവരെ കൊല്ലുന്നത് വാർത്ത പോലും അല്ലാതായി. ഹിംസയും ഉന്മൂല നാശവും അതിന്റെ സ്വഭാവങ്ങളായിരുന്നു. കുലം കുത്തികളെത്തേടി രഹസ്യം പോലീസ് സർവലിയൻസ്. അപരവൽക്കണം (we vs them - othering ) നടത്തി ന്യൂനപക്ഷ അഭിപ്രായങ്ങളെയും സ്വത വിചാരങ്ങളെയും അസാധുവൽക്കരിച്ചു ഇല്ലായ്മചെയ്യുകയോ തോക്കിൻ മുനയിൽ നിശ്ശബ്ദരാക്കുകയോ ചെയ്തു.
ഇതിന് അനുകരിച്ചു കോളനികളിലെ ചെറുത്തു നിൽപ്പിന്ന് വിവിധ സ്വത ദേശീയതകളും അത് പോലെ സോവിയറ്റ് കമ്മ്യുണിസം മുതൽ ഫാസിസം വരെയുള്ളത് അതാതു കോളനികളിൽ അനുകരിച്ചു . മുസ്ലിം ദേശീയതയും ഹിന്ദു ദേശീയതയും ആഫ്രിക്കയിൽഗോത്ര സ്വത ദേശീയതകളും വളർന്നു. അവയുടെ എല്ലാം ലോജിക്കിൽക്കിൽ മേജറിട്ടേറിയൻ സ്വത മേൽക്കോയ്‌മ രാഷ്ട്രീയമുണ്ടായിരുന്നു.( hegemonic identity politics )
ഇരുപതാം നോറ്റാണ്ടിൽ ഏതാണ്ട് 1917 മുതൽ 1937 വരെയുള്ള കാലഘട്ടത്തിൽ വളർന്നു വേരുറപ്പിച്ച വിവിധ മേൽക്കോയ്‌മ പ്രത്യയ ശാസ്ത്രങ്ങളുടെ പുതിയ മ്യൂറ്റേറ്റഡ്‌ രൂപങ്ങളാണ് ഏതാണ്ട് നൂറു കൊല്ലങ്ങൾക്കു ശേഷം പല തര ജിങ്കോയിസ്റ്റ് മേജറിട്ടേറിയൻ ഹിംസാത്മകമായ അതി ദേശീയതയായി വരുന്നത്.
ഇപ്പോൾ അതു പലപ്പോഴും തിരെഞ്ഞെടുപ്പ് രാഷ്ട്രീയവും പുതിയ കോർപ്പറേറ്റ് പണ വ്യവഹാരവും കൂട്ടിച്ചേർന്നുള്ള കൂട്ട് കച്ചവട ഒലിഗാർഖിയാണ്. അതി ദേശീയ വചോപടങ്ങൾ ഉപയോഗിച്ചു അതിന് ബദൽ നിൽക്കുന്നവരെ അപരവൽക്കരിക്കുന്നത്.
ഇതു എങ്ങനെ സംഭവിച്ചു?
രണ്ടാം ലോക മഹായുദ്ധത്തിലാണ് ലോക ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ടത്. പല രീതിയിൽ. സാങ്കേതിക മികവുള്ള ആയുധങ്ങളിൽ അഭിരമിച്ച കൂട്ടകൊലകൾ.
യൂറോപ്പിലെ പഴയ പ്രത്യയ ശാസ്ത്രങ്ങളുടെ ചാരത്തിൽ നിന്ന് സമവായങ്ങളുടെ പുതിയ പ്രത്യയ ശാസ്ത്രങ്ങൾ വന്നു. ഇതു ആദ്യമായി വിവരച്ചിത് 1945 ഇൽ ഐക്യ രാഷ്ട്ര സഭയുടെ ചാർട്ടറിലാണ്. രണ്ടാം ലോക മഹായുദ്ധത്തിന്റ ഏറ്റവും വലിയ ഗുണഭോക്താവായ അമേരിക്കയുടെ നെത്ര്വത്തിൽ. 1945 -50 നും ഇടക്ക് കെൻസിയൻ ഇക്കോണോമിക് ഫ്രെയിംവർക്കിൽ ഉണ്ടായ മൂന്ന് ലിബറൽ ആശയങ്ങളാണ് പിന്നീട് നാല്പത് കൊല്ലം ലോകത്തു പരീക്ഷിച്ചത്.
ജനാധിപത്യം, മനുഷ്യ അവകാശം, വികസനം എന്നീ മൂന്ന് ആശയ ഫ്രെയിം വർക്കിൽ അന്തരാഷ്ട എയിഡ് വിളക്കി ചേർത്താണ് പുതിയ സോഷ്യൽ ഇക്കോണോമിക് വെൽഫെയർ സ്റ്റേറ്റ് മോഡലുകൾ ഉണ്ടായത്.
കോളനികൾ നഷ്ടപ്പെട്ട ബ്രിട്ടൻ മെലിഞ്ഞപ്പോൾ അമേരിക്ക വളർന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ മേൽകൈ കിട്ടിയവർ അമേരിക്കൻ ആംഗ്ലോ-യൂറോ മേധാവിത്തത്തിൽ വളർത്തിയതാണ് യു എൻ വ്യവസ്‌ഥയേ. യൂ എൻ ആസ്ഥാന മന്ദിരത്തിന് സ്ഥലം കൊടുത്തത് അമേരിക്കൻ മുതലാളിത്തത്തിന്റെ തല തൊട്ടപ്പനായിരുന്ന റോക്കർഫെല്ലറാണ് . എണ്ണ ഇക്കോണമി വളർന്നത് 1950 കൾ തൊട്ട്
റഷ്യൻ മേൽക്കോയ്മയിലുള്ള സോവിയറ്റ് കമ്മ്യുണിസ്വും പുതിയ അമേരിക്കൻ മുതലാളിത്തവും ലോക മേൽക്കോയ്മക്കു വേണ്ടി നടത്തിയ കിട മത്സരങ്ങളും പ്രത്യയ ശാസ്ത്ര ഒളിയുദ്ധങ്ങളും ശീത യുദ്ധങ്ങളും മുഖരിതമായപ്പോൾ ' വികസനവും 'പുതിയ വെൽഫെയർ ഭരണവും എല്ലായിടത്തും പല രീതിയിൽ നടന്നു. ജനാധിപത്യം ഇല്ലെങ്കിൽ പോലും മനുഷ്യ അവകാശത്തെ തള്ളി പറയാൻ ആകാത്ത അവസ്ഥയിലായിരുന്നു. ഈ രണ്ടു അധീശ മേല്കോയ്മയുടെയും പിന്നാമ്പുറത്തുണ്ടായിരുന്നത് ഫോസിൽ ഫ്യുവൽ ഇക്കോണമിയും ആയുധ ഇക്കോണമിയും ആയിരുന്നു. അതിന് വേണ്ടി മിനി യുദ്ധങ്ങളും പലയിടത്തും വിപ്ലവങ്ങളും മറു വിപ്ലവങ്ങളും കോൺഫ്ലിക്കറ്റുകളും പ്ലാന്റ് ചെയ്തു .കാശ്മീരും അഫ്ഗാനിസ്ഥാനും ഇറാക്ക് യമനും സൊമാലിയയും സിറിയയും അതിന്റെ വിവിധ ബാക്കി പത്രങ്ങളാണ്.
എന്നാൽ ഈ കൺസെൻസെൻസ് 1977 മുതൽ 1982 വരെയുള്ള കാലത്ത് ലോകമാകെ റീ ബൂട്ട് ചെയ്തു. തെക്കേ ഏഷ്യയിൽ എല്ലായിടവും ഇറാനിലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷം പല രീതിയിൽ മ്യൂറ്റേറ്റ് ചെയ്തു പുതിയ ഇസ്ലാമിക് സ്വത രാഷ്ട്രീയമുണ്ടായി. റെയ്ഗൻ -താച്ചർ നിയോ കൺസേർവേറ്റിവ് രാഷ്ട്രീയവും നിയോ ലിബറൽ ഇക്കോണോമിക് മോഡലും തുടങ്ങി. ഇന്ത്യയിൽ കൊണ്ഗ്രെസ്സ് സിസ്റ്റവും കൊണ്ഗ്രെസ്സ് മേല്കോയ്മയും അടിയന്തര അവസ്ഥയോടെ അസ്തമിച്ചു തുടങ്ങി.
1945 ഇൽ തുടങ്ങിയ മോഡൽ 1977-82 ലെ റീ ബൂട്ടിന് ശേഷം പോയി നിന്നത് ബർലിൻ വാളിലാണ്.
തുടരും
അടുത്തത് വാഷിംഗ്ടൺ നിയോ ലിബറൽ കൺസണ്സ് മുതൽ ബീജിങ് നിയോ ഇല്ലിബീറൽ കൺസെൻസ് വരെ.
ജെ എസ്സ്‌ അടൂർ

No comments: