Monday, October 7, 2019

കലിപ്പുകളുടെ കലി കാലം -4

കലിപ്പുകളുടെ കലി കാലം -4
ബീജിംഗ് കൺസെൻസസ് : നിയോ ഇല്ലിബറലിസം
ചൈന എന്നപേര് കൊടുത്തത് ഇന്ത്യക്കാരാണ്. ചീൻ എന്ന സംസ്‌കൃത പദത്തിൽ നിന്നും ചീന എന്ന പേർഷ്യൻ ഉപയോഗത്തിലൂടെയും പിന്നെ പതിനാറാം നൂറ്റാണ്ടിൽ അതു പോർട്ടുഗീസുകാർ ചൈനയാക്കി. ലോകത്തെ ഇത്പോലെ സ്വാധീനിച്ച മഹാ നാഗരിക സംസ്കാരങ്ങൾ കുറവാണ്.
ഏഷ്യ പസിഫിക് മേഖലയിലെ എല്ലാ രാജ്യങ്ങളും സന്ദർശിച്ചിണ്ടു. ഏഷ്യയിലെ രാജ്യങ്ങളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച മൂന്നു മഹാ സംസ്കാരഒഴുക്കുകളാണ് പേർഷ്യൻ (ഇറാനിയൻ ), ഇന്ത്യൻ, ചൈനീസ് മഹാ സംസ്കാര സഞ്ചയങ്ങൾ. ഇവ തമ്മിൽ തമ്മിലും സ്വാധീനിച്ചിട്ടുണ്ട് ഇന്ന് നാമറിയുന്ന കേരളത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച സംസ്കാരങ്ങളിൽ ഇവ മൂന്നും പെടും. കേരള ചരിത്രവും ചൈനയും തമ്മിലുള്ള ബന്ധം ഇനിയും അധികം ഗവേഷണം നടത്താത്ത വിഷയമാണ്
ഏതാണ്ട് നാലായിരം കൊല്ലത്തെ രേഖപെടുത്തിയ ചരിത്രമുള്ള ചൈനയിൽ സാമ്രാജ്യങ്ങൾ ഉദയം ചെയ്തിട്ട് തന്നെ 2200 കൊല്ലങ്ങൾ. ഇപ്പോൾ പലരും ഭാഷയുടെ വികാസത്തെ കുറിച്ച് പറയുമ്പോൾ ഓർക്കേണ്ടത് ഭാഷകൾ ഒഴുക്കികൊണ്ടു വരുന്ന ഗഹന സഞ്ചിത ഓർമ്മകളുടെ സംസ്കാകരമാണ് (deep collective cultures of sheared memories ). രണ്ടായിരം കൊല്ലമായി അധികാര കേന്ദ്രീകരണത്തിലൂടെ ഭാഷ ഏകീകരിച്ചു അർത്ഥ വ്യൂഹങ്ങളും സങ്കല്പംവും ഭാവനയും വ്യാകരണവും എല്ലാം വികസിച്ചു നിരന്തരം വളർന്ന ഭാഷയാണ് ചൈനയിൽ. ലോകത്തുള്ള മറ്റു മിക്ക ഭാഷകളെകാട്ടിലും പദ സഞ്ചയങ്ങളാൽ സമ്പുഷ്ട്ടമായ ഭാഷയാണ് ഏതാണ്ട് നൂറു ശതമാനം ആളുകളും സംസാരിക്കുന്നത് ചൈനീസ് ഭാഷ . 1.42 ബില്യൻ ആളുകൾ ഒരേ ഭാഷ സംസാരിക്കുന്ന വേറൊരു രാജ്യവും ലോക ചരിത്രത്തിലില്ല .അവിടെയുള്ള ന്യൂന പക്ഷങ്ങൾപോലും ഒരു ശതമാനത്തിൽ താഴെ. ഒരു പക്ഷെ ചൈനയ്ക്ക് പല പോളിസി തീരുമാനങ്ങളും ശര വേഗത്തിൽ നടപ്പാക്കാൻ കഴിയുന്നത് കേന്ദ്രീകൃത ഭരണ സംവിധാനവും ഏക ഭാഷ കൊണ്ടു സാധ്യമാകുന്ന അതിവേഗ വിവര വിനിമയ സാങ്കേതിക വിദ്യയുമാണ് . ഇതിന് ഒരു മറുപുറമുള്ളത് ഒരേ ഭാഷ സംസാരിക്കുന്ന അതെ ഭാഷയിൽ ഇന്റർനെറ്റ് സാങ്കേതിക വിവര വിനിമയമുള്ള ഒരു സമൂഹത്തിൽ സാമൂഹ്യക മാധ്യമങ്ങളെയും നെറ് വർക്ക്കളെയും നിയന്ത്രിക്കുവാൻ താരതമ്യേന വേഗത്തിൽ സാധ്യമാകുന്നു .അത് മാത്രമല്ല സാമൂഹ്യ മാധ്യമങ്ങളെയും നെറ്റ്വർക്ക്‌കളെയും സർവൈലൻസ ചെയ്യുവാൻ പെട്ടന്നു സാധിക്കുന്നു .
ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രധാന വ്യത്യസവും അതാണ് ചൈനയിൽ ഉള്ളത് ഏകഭാഷ കേന്ദ്രീകൃത അധീശ സംസ്കാരവും ഇന്ത്യയിൽ ഉള്ളത് ബഹു ഭാഷ വികേന്ദ്രീയ സംസ്കാര തായ് വഴികളാണ്. ഇന്ത്യയിൽ ഏതെങ്കിലും ഒരു തീരുമാനം നടപ്പാക്കണെമെങ്കിൽ അത് ഇരുപത്തി അഞ്ചോ അതിലധികമോ ഭാഷകളിലും രാഷ്ട്രീയ സംസ്കാര പരിസരങ്ങളിലേക്ക് പരിഭാഷ പെടുത്തണം . ഇത്രമാത്രം വ്യത്യസ്ത്ഥങ്ങളും വിവിധങ്ങളുമായ ഒരു ഫെഡറൽ രാഷ്ട്രീയ സമൂഹങ്ങളിൽ ഒരു ഏകീകൃത ഏകാധിപത്യ ഭരണ നിർവഹണ സംവിധാനം എളുപ്പമല്ല .അത് കൊണ്ട് തന്നെയാണ് ഇന്ത്യ ഉപ ഭൂഖണ്ഡമൊന്നാകെ ഒരു സാമ്രാജ്യ ഏകാധി പത്യ ശ്കതിക്ക് അടക്കി ഭരിക്കുവാൻ സാധിക്കാതിരുന്നതും . ബ്രിട്ടീഷ്കാർക്ക് മുമ്പ് ഇന്ത്യ ഉപ ഭൂഖണ്ഡം മുഴുവനായി ഭരിച്ച ഒരു ഏകീകൃത രാഷ്ട്രീയ അധികാര ശക്ത്തി ഇല്ലായിരുന്നു. ഈ വൈവിധ്യ ഭാഷ രാഷ്ട്രീയ സാംസ്കാരിക രാഷ്ട്രീയ പരിസ്ഥിതികാരണമാണ് ഒരു പരിധിവരെ ജനായത്ത ഭരണ സംവിധാനം ഇന്ത്യയിൽ സാധ്യമാകുന്നത് .ഇന്ത്യയെ പോലെ വിവിധ വൈവിധ്യങ്ങളും ഭാഷകളുമുള്ള മൾട്ടി ലിംഗ്വൽ രാജ്യങ്ങൾ ലോക ചിത്രത്തിലില്ല .അതാണ് ഇന്ത്യയെ ചൈനയിൽ നിന്ന് തികച്ചും വ്യത്യസ്തമാക്കുന്നത് . ചൈന ഒരാഴ്ചകൊണ്ട് നടപ്പാക്കുന്ന ഒരു പോളിസി ഇന്ത്യയാകമാനം നടപ്പാക്കാൻ കുറഞ്ഞത് ഒരു വർഷം പല ചർച്ചകൾക്കും സമവയങ്ങൾക്കും ശേഷമേ സാധിക്കുകയുള്ളൂ .അങ്ങനെയുള്ള ഗഹന ബഹുസ്വര വൈവിധ്യങ്ങളിലാണ് ഇന്ത്യയുടെ ഉൾകരുത്തു .
ചൈനയുടെ കാര്യം നേരെ തിരിച്ചാണ്. ചൈന രണ്ടായിരത്തോളം വർഷങ്ങളിൽ കൂടുതലും ഒരു ഏകീകൃത ഭരണ അധികാര രാഷ്ട്രീയത്തിനുള്ളിലായിരുന്നു. ചൈനയിൽ വൈവിധ്യങ്ങൾ ഉണ്ടെങ്കിലും ചൈനയുടെ ബേസ് ഒരു മോണോ കൽച്ചറാണ്. അതു ലോകത്തെ മനസ്സിലാക്കുന്നത് ഒരു ഭാഷയിലാണ്. ലോകത്തുള്ള എല്ലാ രാജ്യങ്ങൾക്കും ഒരു ചൈനീസ് പേരുണ്ട്. അതു കൊണ്ടു തന്നെ വളരെ പദ സഞ്ചയമുള്ള ഭാഷയാണ്. മറ്റുള്ള ഭാഷകളിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് വാക്കുകകളും അർത്ഥങ്ങളും ആവിഷ്‌ക്കരിക്കുന്നത്.
ചൈനയേ പിടിച്ചെടുക്കാൻ ശ്രമിച്ച ജപ്പാന് പോലും വൻ രാജ്യമായ ചൈനയെ പിടിച്ചെടുക്കാനായില്ല.അതിന് ഒരു പ്രധാന കാരണം ഗഹനമായാ ഏകീകൃത ഭാഷ സംസ്കാരമാണ് . അതിനെ തുരന്നു അകത്തു കയറി ജനങ്ങളുടെ മനസ്സ് പിടിച്ചെടുക്കാൻ ഒരു കൊളോണിയൽ ശ്കതികൾക്കും സാധിച്ചില്ല .ഈ ഏകീകൃത മാനനീയ ഭാഷ സംസ്കാരം രണ്ടായിരം വർഷങ്ങളിൽ നടന്ന കേന്ദ്രീകൃത സാമ്രാജ്യത്വ അധികാര ഭരണ വ്യവഹാരം കൊണ്ട് സാധ്യമായതാണ് .അധികാരത്തിന്റ തണലിൽ വളർന്ന മാനനീയ ചൈനീസ് /മാണ്ടറിൻ ഭാഷ നൂറു കണക്കിന് പ്രാദേശിക ഭാഷകകളെ വിഴുങ്ങുകയോ കൊല്ലുകയോ ചെയ്തു .ഈ ഏക ഭാഷ അധീനത ചൈനയെ പലപ്പോഴും ഒരു അന്തർമുഖ സെൽഫ് കണ്ടൈന്റ്റ് രാഷ്ട്രീയ സംസ്കാരമാക്കിയിട്ടുണ്ട് .
മറ്റു രാജ്യങ്ങളെ ചൈന അന്നും ഇന്നും വ്യാപാര ബന്ധങ്ങളിൽ കൂടെയാണ് പ്രഭാവം ചെത്തിയത്.
ചൈനീസ് സിൽക്കും പ്രോസ്‌ലീനും മറ്റു കയറ്റുമതികളും പോകാത്ത സ്ഥലമില്ലായിരുന്നു . 12 നൂറ്റാണ്ടിൽ മക്കാവു നിന്നും കൊല്ലം വഴി ഒമാനിലേക്ക് പോയ കപ്പൽ സൌത്ത് ചൈന കടലിൽ കാറ്റിൽ പെട്ട് മുങ്ങിപ്പോയി. കഴിഞ്ഞ ചില വർഷങ്ങൾക്ക് മുമ്പ് വീണ്ടെടുത്ത ആ കപ്പലിൽ നിന്നും കിട്ടിയ മനോഹരമായ പ്രോസ്‌ലീൻ സിങ്കപ്പൂർ ഏഷ്യൻ മുസിയത്തിലുണ്ട്. 850 കൊല്ലം കഴിഞ്ഞു അവ മനോഹരങ്ങളായിരുന്നു.
ഇതു പറഞ്ഞത് ചൈനീസ് മാനുഫാക്ച്ചറിങ് കൾച്ചർ ഇന്നും ഇന്നലെയും തുടങ്ങിയതല്ല്. അതു ലോകമെമ്പാടും പരന്ന സിൽക്ക് റൂട്ട് ലോക ചരിത്രത്തിന്റെ ഗതിയെ സ്വാധീനിച്ചചൈനീസ് വ്യപാര നെറ്റ് വർക്കിന്റ അടയാളപ്പെടുത്തലാണ്. ലോകത്തെ മാറ്റി മറിച്ച നാലു കണ്ടു പിടുത്തങ്ങളും ചൈനയിലാണ് നടന്നത് . വെടിമരുന്ന് , ദിശ തിരിച്ചറിയുന്ന കാന്ത കോമ്പസ് , പേപ്പർ , അച്ചടി വിദ്യ എന്നിവയാണ് ചരിത്രത്തിൽ ചൈനയെ അടയാളപെടുത്തുന്നത് .എല്ലാറ്റിലുമുള്ള ഈ ചൈനീസ് മാർഗമാണ് (ചൈനീസ് വേ )ഇന്നും ചൈനയെ മറ്റ് മിക്ക ലോക ശക്‌തികളിൽ നിന്നും വിത്യസ്തമാകുന്നത് .
1976 ഇൽ മാവോയുടെ വൻ കമ്മ്യുണിസ്റ്റ് പരീക്ഷണമായ സാംസകാരിക വിപ്ലവത്തിന് ശേഷം ദാരിദ്രവും വികസന മുരടിച്ചയിലുമായിരുന്നു .1966 മുതൽ 1976 ഇൽ മുതലാളിത്ത മനസ്ഥിതിതിയെ നിർമാർജനം ചെയ്യാൻ നടത്തിയ മാവോയിസം തൊഴിലാളി സാംസ്കാരിക വിപ്ലവം ലക്ഷകണക്കിന് കൊന്നൊടുക്കി . മാവോയുടെ അവസാനത്തോടെ ചൈനയിൽ തീർന്ന മാവോയിസംത്തിന്റെ ബാക്കി പത്രം ഇന്ത്യയിൽ ഹിംസ നിറഞ്ഞ വിപ്ലവ വൈറസ് ആയി മ്യുട്ടേറ്റു ചെയ്ത് ചിന്നഭിന്നമായി പലയിടത്തുമുണ്ട് . ഡെങ് ക്സിയപിങ്ങ്‌ ഏറ്റെടുക്കുമ്പോൾ ചൈനയുടെ ജി ഡി പി 150 ബില്യനിൽ താഴെ.. ഇന്ന് പർച്ചെസിങ് പാരിറ്റി വച്ചു നോക്കിയാൽ ലോകത്തിലെ ഒന്നാമത്തെ ഇക്കോണമി. ഇന്ത്യയുടെ ജിഡിപി 2.9 ട്രില്ല്യൻ ചൈനയുടേത് 14.216 ട്രില്ലിയൻ. ഇന്ത്യയുടെ അഞ്ചു മടങ്ങു വലുതാണ് ചൈനീസ് ജി ഡി പി. ലോകത്തിൽ ഏറ്റവും വലിയ ആർമി. ലോകത്തു രണ്ടാമത്തെ ഏറ്റവും വലിയ ഡിഫെൻസ് ബജറ്റ് . 1971 ലാണ് ചൈന യു എന്നിൽ അംഗവും സെക്യൂരിറ്റി കൗൺസിൽ അംഗവുമാകുന്നത് . അത് വരെ ശീതയുദ്ധം കാരണം റിപ്പബ്ലിക് ഓഫ് ചൈന എന്ന പേരിൽ അറിയപ്പെട്ട തായ്‌വാനായിരുന്നു . ഇപ്പോൾ ചൈന പറയുന്നത് തായ്‌വാൻ ചൈനയുടെ 23 മത്തെ പ്രൊവിൻസാണാണെന്നാണ് .ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ വിദേശ സഹായം നൽകുന്ന രാജ്യങ്ങളിലൊന്ന് ചൈനയാണ്. യു ന്നിന് ചൈന കഴിഞ്ഞ വർഷം സഹായം കൂട്ടി. ഇന്ന് ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലും ഏറ്റവും കൂടുതൽ സ്വാധീനമുള്ള രാജ്യങ്ങളിൽ പ്രധാനമാണ് .ലോകത്ത് 175 രാജ്യങ്ങളുമായി നയതന്ത്ര ബന്ധം 162 രാജ്യങ്ങളിൽ എംബസ്സികൾ .ജനാധിപത്യ രഹിത വികസനമാണ് (development without democracy )ചൈനീസ് മോഡൽ .ഇന്ന് ചൈനയാണ് ലോകത്തു ഏറ്റവും വേഗം ദാരിദ്ര്യ നിർമാർജനം ചെയ്‌ത രാജ്യം . മാനവ വികസന സൂചികയിലും മുന്നോട്ട് . ഇപ്പോൾ ഏറ്റവും താഴെക്കിടയിൽ ലോക്കൽ ഭരണ സമതികളിലേക്ക് പാർട്ടി മാനേജ് ചെയ്യുന്ന തിരെഞ്ഞെടുപ്പ് നടത്തുന്നുണ്ട് .
എന്നാൽ ഇതിന് ഒരു മറുപുമുണ്ട്. ചൈനീസ് ഭരണഘടനയിൽ ഉള്ള മനുഷ്യവകാശങ്ങളൊന്നും ചൈനയിൽ ഉള്ള 1.42 ബില്യൺ ആളുകൾക്കില്ല . 1989 ഇൽ ബീജിങ്ങിലെ ടിയാനാൻമെൻ സ്‌ക്വയറിലും പല നഗരങ്ങളിലുമുണ്ടായ യുവ പ്രക്ഷോഭകരെ വെടി വച്ചു കൊന്ന മാർക്കറ്റ് സോഷ്യലിസം നടത്തുന്നു എന്നു പറയുന്ന ചൈനീസ് കമ്മ്യൂണിസ്റ് പാർട്ടിയുടെ ഒലി ഗാർക്കിയാണ് ഇന്നും ചൈന ഭരിക്കുന്നത്. ഔദ്യോഗിക കണക്ക് അനുസരിച്ചു മുന്നൂറ് പേരാണ് മരിച്ചത്. അനൗദ്യകിക കണക്ക് അനുസരിച്ചു ആയിരക്കണക്കിന് ചെറുപ്പക്കാർകൊല്ലപ്പെടുകയും പതിനായിരങ്ങളെ ജയിലിലടക്കുകയും ചെയ്തു .കമ്യുണിസ്റ്റ് ഏകാധിപത്യ പാർട്ടി ഒലികർക്കിയും ചൈനീസ് കോർപ്പറേറ്റ് ക്യാപിറ്റിലിസവും കൂടിചേർന്നുള്ള അധികാര ആധിപത്യമാണ് ചൈനയിലുള്ളത് .
ഇന്ന് ചൈന പല ചെറിയ രാജ്യങ്ങൾക്കും സോഫ്റ്റ്‌ ലോൺ കൊടുക്കും. മിക്കപ്പോഴും പോർട്ട്, വിമാനത്താവളം വൻ ഇൻഫ്രാസ്ട്രക്ച്ചർ പ്രോജകൾ. പക്ഷേ പലപ്പോഴും അതു പല രാജ്യങ്ങളെയും കടബാധ്യതയിലേക്കും. പൈസ കൊടുക്കുമ്പഴേ ചൈനക്ക് അറിയാം ആ രാജ്യത്തിനു കടം വീട്ടാൻ കാശില്ലെങ്കിൽ ആ പോർട്ടോ വിമാനത്താവള എന്നിവയെല്ലാം ചൈനക്ക് പരമാധികാരമുള്ള സ്ഥലമാകും. ഇന്നു ദിബൂത്തി എന്ന് പറയുന്ന രാജ്യം ഏതാണ്ട് മൊത്തം ചൈനയുടെ അധീനയിലാണ്. ചൈന കടക്കെണിയിൽപെടുത്തിയിരിക്കുന്ന ഒരു രാജ്യമാണ് മാൽദ്വീസ്‌. ആ സോഫ്റ്റ് ലോൺ തിരിച്ചടവിന് ശേഷിയില്ലെങ്കിൽ കുറെ ദ്വീപുകൾ ചൈന പകരം വാങ്ങും. അങ്ങനെ കേരളത്തിന് അടുത്തുള്ള ദ്വീപുകളിൽ ചൈനീസ് പട്ടാള ബസുണ്ടാക്കാൻ സാധ്യത തള്ളിക്കളയാൻ പാടില്ല. ഇന്ന് തെക്കേ ഏഷ്യൻ രാജ്യങ്ങളിൽ പലതിലും ഇന്ത്യയേൽക്കാട്ടിൽ സ്വാധീനം ചൈനക്കുണ്ട് .
ഇന്ന് സാമ്പത്തിക ശക്തി യായ ചൈനയുടെ നിലപാടുകൾ മറ്റു പല രാജ്യങ്ങളെയും സ്വാധീനിച്ചിട്ടുണ്ട് അതു ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു.
1990 മോഡൽ നിയോ ലിബറൽ വാഷിംഗ്ടൺ കൺസെൻസ് 25 കൊല്ലത്തിനകം വെടി തീർന്നു. നിയോ ലിബറലിസം ഒരു ചെറിയ ന്യൂന പക്ഷ ബില്യനെഴ്സിനേയും ഒരു ഗ്ലോബൽ ഉപരി മധ്യവർഗ്ഗത്തെയും സൃഷ്ട്ടിച്ചു ഏതാണ്ട് അമ്പത് ശതമാനം കുടുംബങ്ങളെ കടക്കെണിയിലേക്ക് തള്ളി വിട്ടു പുതിയ സാമ്പത്തിക സാമൂഹിക അസാമാനതകൾ സൃഷ്ടട്ടിച്ചു. ലോകത്തു ലിബറൽ ജനാധിപത്യം പലയിടത്തും നിയോ ലിബറൽ രാഷ്ട്രീയ വരേണ്യരായി തൊണ്ണൂറുകളിൽ പരിണമിച്ചു. അവർ ചെങ്ങാത്ത മുതലാളിമാരുമായി ചേർന്ന് നിയോ ലിബറൽ ഉപഭോഗ തീഷ്ണതയുടെ വക്താക്കളായി മാറി. ഒരു ജനകീയ അടിത്തറയും ഇല്ലാത്ത കോർപ്പറേറ്റ് ടെലി ജെനിക് നേതാക്കളെ ജനങ്ങൾ കലിപ്പ് മൂത്തു വെറുത്തു. 1990കളിൽ നിയോ ലിബറൽ വ്യസ്ഥപിത താല്പര്യങ്ങളിടെ അപ്പസ്തോലമാരായി വന്ന അർബൻ ടെലിജെനിക് നേതാക്കന്മാർ പലരും കോർപ്പറേറ്റ് മാർക്കറ്റ് താല്പര്യങ്ങളുടെ വക്താക്കളായിമാറിയപ്പോൾ താഴെ തട്ടിലുള്ള സാധാരണക്കാരുടെയും ചെറുകിട കർഷകരുടെയും സംരഭകരുടെയും ചെറുകിട വ്യാപാരികളുടെയും ജീവിതം സാമ്പത്തിക ദുരിതത്തിലായത് അറിഞ്ഞില്ല .താഴെകിടയിലുള്ളവരുടെ വിശ്വാസം നഷ്ടപ്പെട്ടതോടെ വ്യസ്ഥപിതപമായ പഴയ ലിബറൽ മൂല്യങ്ങൾ നിയോ ലിബറൽ സാമ്പത്തിക അധീനതയുടെ കുത്തൊഴുക്കിൽ പെട്ട് രാഷ്ട്രീയ പാർട്ടികൾ പോലും കോർപ്പറേറ്റുകളെ അനുകരിച്ചു .അങ്ങനെയാണ് ടോണി ബ്ലെയറും ഹിലരി ക്ലിന്റണും ഇന്ത്യയിലെ ടെലിജെനീക് ഡൽഹി കേന്ദ്രീകൃത അധികാര അഹങ്കാര കൊണ്ഗ്രെസ്സ് എല്ലാം നിയോ ലിബറൽ ചുഴിയിൽ മുങ്ങി ജനങ്ങൾകുണ്ടായിരുന്ന വിശ്വാസം പൂർണമായും നഷ്ടപ്പെടുത്തിയത് .അത് കൊണ്ടാണ് ബഹു ഭൂരിപക്ഷം വരുന്ന ജനങ്ങൾ ചിദംബരം ജയിലായത് തികഞ്ഞ നിസ്സംഗതയോടെ കാണുന്നത് .
അങ്ങനെ നിയോ ലിബറൽ പോളിസി സാധാരണക്കാരനെ കടക്കെണിയിൽപെടുത്തി കലിപ്പിലായ അവസരത്തിലാണ് ഒരു മറു മരുന്നായി ദേശീയ ഗർവ്വും മിലിട്ടറി വീരാരാധനയും വിവിധ മത, ഭാഷ, എത്തിനിക് സ്വതബോധവും വിളക്കി വിറ്റ് ഒരു പുതിയ നിയോ കൺസേർവേറ്റിവ് നേതാക്കളും ശിങ്കിടി -ചെങ്ങാത്ത മുതലാളിത്ത ക്ലിക്കും കൂടി ചേർന്ന് ഭരണ അധികാരം പിടിച്ചെടുത്തു. തുടങ്ങി അതിന് കൂട്ടു നിൽക്കുന്ന ത് മൂന്നു 'എം ' ൻറെ സഹായത്താൽ ഭരണം പിടിച്ചു. അതു മീഡിയ, മാർക്കറ്റ്, മിലിട്ടറി എന്നി ത്രിമൂർത്തികളാണ്. ഇന്ന് അത് മിക്ക രാജ്യങ്ങളിലെയും രാഷ്ട്രീയ ട്രെൻഡാണ് .
അങ്ങനെ ഇന്ന് നിയോ ഇല്ലിലിബറലിസവും നിയോ കൺസേർവേറ്റിസവും വിളക്കി ചേർത്ത് ഒരു ക്രോണി ക്യാപ്പിലീസ്റ്റ് ഒലി ഗാർക്കിയാണ് ഇന്ന് പല രാജ്യങ്ങളിലും ഭരിക്കുന്നത്.
ഇതാണ് ബീജിങ് കൺസെൻസിന്റ അടിസ്ഥാന അധികാര സ്വഭാവം. എന്തൊക്കെയാണ് ഈ കൺസെൻസ്. 1) ജിങ്കോയിസ്റ്റ് മിലിറ്റൻഡ് അതി ദേശീയതയിലൂന്നിയുള്ള ക്രോണി ക്യാപറ്റലിസം 2).മനുഷ്യ അവകാശങ്ങളോട് വിമുഖതയോ വീരോധമോ 3) ടോട്ടൽ സർവെലിയൻസ് (ചൈനയിൽ അതു അനുസരിച്ചാണ് സോഷ്യൽ ക്രെഡിറ്റ്‌ കൊടുക്കുന്നത് , ഇന്ത്യയിൽ ആധാർ രാജ് ) 4) ജനാധിപത്യ സ്ഥാപനങ്ങളെ ഉള്ളിൽ നിന്ന് തുരങ്കം വച്ചു നശിപ്പിക്കുക 5).അഞ്ചോ പത്തോ ബിസിനസ് കാർട്ടലിന് പൂർണ്ണ.രാഷ്ട്രീയ പിന്തുണ 6).സിവിൽ സോസൈയിറ്റിയെയും ജനങ്ങളെയും സാമ്പത്തിക /ഇൻഫ്രാ സ്ട്രക്ച്ചർ വികസനം വാഗ്ദാനം ചെയ്തു രാഷ്ട്രീയ സ്വാതന്ത്ര്യം കുറക്കുക 7) പ്രതിപക്ഷത്തെ ശിഥിലമാക്കുക 8) മാധ്യമങ്ങളെ വിലക്ക് വാങ്ങി പ്രോപഗണ്ട മിഷനാക്കുക 9).വിദശ സഹായത്തിലൂടെ രാജ്യങ്ങളെയും അന്താരാഷ്ട്ര സ്ഥാപനങ്ങളെയും വിലക്കെടുക്കുക 10). ഒരേ രാജ്യത്തു തന്നെ ന്യൂന പക്ഷങ്ങളേയും മൈഗ്രൻസിനെയും അന്യവൽക്കരിച്ചു അപരവൽക്കരിച്ചു മെജോരിറ്റെരിയാൻ വികസന സ്വത ബോധം മാധ്യമങ്ങളിലൂടെ നിർമ്മിച്ച് ജനകീയ സാധുത അവകാശപ്പെടുക
ഭയം പടർത്തി സെല്ഫ് സെൻസറിങ് ഉള്ള ജനങ്ങളെ നിശ്ശബ്ദരാക്കുന്നതിനോടൊപ്പം ജനകീയ മുഖം പടർത്തി പോപ്പുലിസ്റ്റ് അതോറിറ്റേറിയൻസത്തിലൂടെ ജനങ്ങളുടെ മനസ്സ് പിടിച്ചെടുക്കുക എന്ന തന്ത്രം .
ഈ പത്തു നിയോ ഇല്ലിബീറൽ നയരുപീകരണ അധീനതയാണ് ഞാൻ ബീജിംഗ് കൺസെൻസ് എന്ന് വിളിക്കുന്നത്. അതു മേജരിട്ടേരെയൻ വികസനമാണ് പ്രഖ്യാപിക്കുന്നതെങ്കിലും മിലിട്ടറി മാർക്കെറ്റ് മീഡിയ എന്നിവയിലൂടെ അകമ്പടിയിലുള്ള ഒരു വരേണ്യ ഒലിഗാർക്കിയാണ് ഇന്ന് പല രാജ്യങ്ങളിലേയും അധികാരം കയ്യാളുന്നത്.
ജെ എസ് അടൂർ

No comments: