Monday, October 7, 2019

ഫേസ് ബുക്ക് മാറിയോ?


കഴിഞ്ഞ ഇരുപത് കൊല്ലങ്ങൾക്കകം മനുഷ്യർ വിവര വിനിമയം ചെയ്യുന്ന രീതികളും മാർഗ്ഗങ്ങളും സങ്കേതിക വിദ്യകളും നിരന്തരം മാറികൊണ്ടിരിക്കുകയാണ്. അതു യാഹൂ മെയിൽ, ഹോട്ട് മെയിൽ, പിന്നെ യാഹൂ, ഗൂഗിൾ ഗ്രൂപ്ല്, ബ്ലോഗ്, സ്കൈപ്പ്, ട്വിറ്റെർ വാട്സ് ആപ്പ്, സിഗ്നൽ, സ്‌നാപ് ചാറ്റ്, ഇൻസ്റ്റാഗ്രാം, സ്കൈപ്, യു ടൂബ്, ഇങ്ങനെ മാറി മറിഞ്ഞു മറഞ്ഞു കൊണ്ടിരിക്കുകയാണ്. അതു കാലത്തിനും ദേശത്തിനും പ്രായത്തിനും അനുസരിച്ചു മനുഷ്യൻ മാറി മാറി പ്രയോഗിക്കുകയാണ്. സാങ്കേതിക വിദ്യകൾ നിരന്തരം മാറുന്നത് ഓരോ മനുഷ്യരിലും സമൂഹത്തിലും മാറ്റമുണ്ടാക്കും. അതു അനുസരിച്ചു രാഷ്ട്രീയത്തിലും.
എല്ലാം ഇപ്പോൾ നിരന്തര വിവര വിനിമയ ഒഴുക്കിൽ കലങ്ങി മറിഞ്ഞ അവസ്ഥയിലാണ്. സ്റ്റെബിലിറ്റി പെട്ടന്ന് മാറി മറഞ്ഞു കലങ്ങി കലുഷിതമായ സാമൂഹിക രാഷ്ട്രീയ കാലാവസ്ഥയിൽ ദുരന്തങ്ങളെ ഭയക്കുന്ന മനുഷ്യൻ പല വിധ ദുരന്ത നിവാരണ സാധ്യതകൾ തേടി നിരന്തരം അലയുകയാണ്. ചിലർ മതത്തിന്റെ പുറകെ. ചിലർ സാമൂഹിക സത്വത്തെ, മത ചിലർ ജാതി സ്വത്വത്തെയൊക്കെ പിടി വള്ളികളാക്കി ഈ വിവര വിനിമയ കലക്ക വെള്ളത്തിന്റെ കുത്തൊഴുക്കിൽ പെട്ട് ഒലിച്ചു പോകാതെ പിടിച്ചു നിൽക്കുവാനുള്ള പരിശ്രമത്തിലാണ്.
സമൂഹം മാറുന്നത് അനുസരിച്ച മാധ്യമങ്ങളും മാറും . എന്നാൽ സാമൂഹിക മാധ്യങ്ങളിൽ ഇന്ന് സത്യവും മിഥ്യയും തിരിച്ചറിയാൻ പാടാണ് . .വാസ്തവവും അവാസ്തവും കൂടി കലർന്ന് ഒഴുകുന്ന കലക്കവെള്ളമാണ് സോഷ്യൽ മീഡിയ . ആരാണ് ഫേക്ക് ആരാണ് ഫാക്ച്വൽ എന്ന് തിരിച്ചറിയാനാവാത്ത വിചിത്രമായ വിർച്വൽ ലോകത്തു കിടന്നുഴുറുന്ന മനുഷ്യൻ .ആത്മ രതിക്കും ആത്മ ആവിഷ്ക്കാരത്തിനും സെൽഫിക്കും സെല്ഫ് എക്സ്പ്രെഷനും സാമൂഹ്യ വ്യവഹാരത്തിനും ഇടയിൽ പല വിധ വിഹ്വലതകൾ കൂടി വരുന്ന വല്ലാത്ത ഒരു കാലം .അതിനിടയിൽ കുളിർ കാറ്റും ഉൾകാഴ്ചകളും സുവാർത്തകളും വാർത്ത വിനിമയും എല്ലാം ഉള്ള ഒരു ഇടം .മനുഷ്യന്റ നെഗറ്റിവും പോസിറ്റീവുമായ വൈബുകൾ എല്ലാം ഫേസ് ബുക്ക് മുക്കിലുണ്ട് .
മനുഷ്യനെ മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് അവർ നിരന്തരം വിവിര വിനിമയം ചെയ്യുവാൻ വെമ്പുന്ന സാമൂഹിക ജീവികളാണ് എന്നതാണ്. മിണ്ടീം പറഞ്ഞും കേട്ടുമിരിക്കാൻ ഉൾക്കടമായി ആഗ്രഹമുള്ളവരാണ് മനുഷ്യരെല്ലാം. മനുഷ്യൻ ആത്മാവിഷ്ക്കാരവും അതിനു അനുപൂരകമായ വിനിമയ സത്വ ബോധങ്ങളും പ്രകടിപ്പിക്കുന്നത് നാക്കിലൂടെയും വാക്കുകളിലൂടേയും വരികളിലൂടേയും വരകളിലൂടെയുമാണ്. മനുഷ്യൻ ഒത്തു ചേരുമ്പോൾ പാട്ടും ആട്ടവും ആഘോഷങ്ങളും സങ്കടങ്ങളും സന്തോഷങ്ങളുമെല്ലാമുണ്ട്. സമൂഹ സാഹചര്യങ്ങളും വിനിമയ ചുറ്റുപാടുകളു വിശ്വാസ വിന്യാസങ്ങളും രാഷ്ട്രീയ കാലാവസ്ഥയും സാമ്പത്തിക പരിതസ്ഥിയും ചെയ്യുന്ന ജോലി -വ്യവഹാര -വ്യാപാരങ്ങളെല്ലാം നമ്മളെ എല്ലാം ബാധിക്കും.
മനുഷ്യൻ സാമൂഹിക ജീവി ആകുമ്പോൾ തന്നെ അടിസ്ഥാനതലത്തിൽ ഒറ്റയാണ്. അഹം അല്ലെങ്കിൽ ഈഗോ ആണ്‌ ഒരു തലത്തിൽ സ്വയ സ്വത ബോധമോരോ മനുഷ്യനിലമുണ്ടാക്കുന്നത്. സാമൂഹിക സാഹചര്യങ്ങളാണ് ഇതിന് പ്രചോദനമെങ്കിലും മനുഷ്യൻ ചിന്തിക്കുന്നതും ചിരിക്കുന്നതും കരയുന്നതും മനസ്സിലാക്കുന്നതും ഒറ്റക്കാണ്. ഭക്ഷണം കഴിക്കുന്നതും ഭാഷ മനസ്സിലാക്കുന്നതും വിരേചിക്കുന്നതും ഒറ്റക്കാണ്. വേദനയും സങ്കടവും ഒറ്റക്കാണ് അനുഭവിക്കുന്നത്. ഓരോരുത്തരും കാണുന്നതും കേൾക്കുന്നതും തൊടുന്നതും മണക്കുന്നതും രുചിക്കുന്നതും ഒറ്റയ്ക്കാണ്.
പേര് തരുന്നത് സമൂഹമാണ്. അതിൽ സാമൂഹിക സാഹചര്യവും ഭാഷയും മത വിശ്വാസവും എല്ലാം ചേർന്ന സാമൂഹിക സത്വബോധ നിർമ്മിതിയാണ്. അതു കൊണ്ടാണ് കൃഷ്‌ണനും രാമനും മുഹമ്മദും മറിയവും മാരിയമ്മാനും മത്തായിയും മാധുരിയും എല്ലാം സാമൂഹികമായ അടയാളപ്പെടുത്തലുകളാകുന്നത്. പക്ഷേ ഈ പേരുകൾ ഉള്ളിൽ പതിഞ്ഞാൽ അതു അഹം അല്ലെങ്കിൽ വ്യക്തി സ്വത ബോധമാകുന്നു. സമൂഹവും വ്യക്തിയും തമ്മിലുള്ള നിരന്തര ബന്ധത്തിലൂടെയാണ് മനുഷ്യൻ ജനിക്കുന്നതും ഉണ്ണുന്നതും ഉറങ്ങുന്നതും ഓർമ്മിക്കുന്നതും. അതു പോലെ നമ്മുടെ ഓരോരുത്തരുടേയും അസ്ഥിത്വ ബോധമുണ്ടാകുന്നത് മറ്റു മനുഷ്യരുമായുള്ള ബന്ധങ്ങളിൽ നിന്നാണ്. സീതയില്ലെങ്കിൽ രാമനില്ല. മറിയമില്ലെങ്കിൽ യേശുവില്ല. പാച്ചുവില്ലെങ്കിൽ കോവാലനില്ല. ചക്കിയെല്ലെങ്കിൽ ചങ്കരനും .
ചുരുക്കത്തിൽ മനുഷ്യന്റെ അടയാളപ്പെടുത്തലുകൾ പേരിലൂടെയാണ്. പേര് പരസപരം ബന്ധിക്കുന്ന കണ്ണിയും ഭൂതവും വർത്തമാനവും ഭാവിയും തമ്മിൽ ബന്ധിപ്പിക്കുന്ന ജീവ ബോധവുമാണ്. ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ഷേക്സ്പിയറിന്റെ കാലത്ത് തന്നെ മനുഷ്യൻ ചിന്തിച്ചതാണ്. പേരാണ് മനുഷ്യൻ. പേര് ഓരോ മനുഷ്യനെയും അടയാളപെടുത്തുന്ന ജീവൽ സത്വ ബോധമാണ്. അതാണ് ജീവൻപോയാൽ അവർ ജാതിക്കും മതത്തിനും വംശത്തിനും അപ്പുറം വെറും ഡെഡ് ബോഡി എന്ന് അടയാളപെടുത്തുന്നത്.
മനുഷ്യന് സംഭോഗ സുഖത്തിനു വേറൊരു മനുഷ്യന്റെ സ്പർശന ലൈംഗീക ഉത്തേജനം വേണം. സംഭോഗങ്ങൾ മനുഷ്യനെ സാമൂഹികമാക്കുന്നു. മനുഷ്യൻ ശരീരവും ഹോർമോൺ തള്ളലും കൊണ്ടു മാത്രമല്ല സംഭോഗിക്കുന്നത്. അതു വാക്കുകളുടെ സ്നേഹ വിശ്വാസങ്ങൾ കൊണ്ടും നാക്കിലും വാക്കിലും കാഴ്ചകളിൽ കൂടെയും കേൾവികളിൽ കൂടെയാണ്. പക്ഷേ ഓരോ മനുഷ്യനും രതീ മൂർച്ച അനുഭവിക്കുന്നത് ഒറ്റക്കാണ് . ഇണയുടെ രതീ പ്രചോദിപ്പിക്കുമെങ്കിലും ഓരോ മനുഷ്യനും രതി അനുഭവിക്കുന്നത് ഒറ്റക്കാണ്. അതു കൊണ്ടാണ് മനുഷ്യൻ സംഭോഗവും സ്വയം ഭോഗവും അനുഭവിക്കുന്നത്. പക്ഷെ മനുഷ്യൻ ഭോഗവും ഉപഭോഗവും ചെയ്യുന്നത് ഭാഷയിലൂടെയാണ്.
പ്രണയം ഭാഷയാണ്. ഭാഷയിലൂടെ മനസ്സുകളിലുണ്ടാകുന്ന രസതന്ത്ര വിസ്മയ ജാലവിദ്യയും ജ്വാലയുമാണ്. ഭാഷയില്ലെങ്കിൽ പ്രണയം ഇല്ല. പലപ്പോഴും രണ്ടു പേർ പ്രണയിക്കുന്നതിന്റ തുടക്കം പരസ്പരം വിവര വിനിമയം ചെയ്യുവാനുള്ള ഉൽക്കടമായ ആശകളിൽ നിന്നാണ്.
സാമൂഹിക മാധ്യമങ്ങളിൽ മനുഷ്യൻ വ്യവഹരിക്കുന്നത് ഭാഷ കൊണ്ടാണ്. ഫേസ് ബുക്ക്‌ എന്ന സാങ്കേതിക വിദ്യ വിജയത്തിന് കാരണം. അതു ഒരേ സമയം 'മുഖവും ' ' പുസ്തകവും ' ആയതു കൊണ്ടാണ്. കാരണം മുഖം വ്യക്തിയുടെ ശരീരത്തിന്റെ അസ്തിത്വ അടയാളപെടുത്തലാണ്. മുഖത്തിലൂടെയാണ് മനുഷ്യന്റെ വയറിംഗ് വ്യക്തിഗത തലത്തിൽ പ്രകടിപ്പിക്കുന്നത്. മുഖം മനസ്സിന്റെ കണ്ണാടി മാത്രമല്ല. മുഖത്തുള്ള കണ്ണിലും കണ്ണാടിയിലൂടെയാണ് ഓരോയാളും കണ്ടറിയുന്നത്. അതു പോലെ കേട്ടറിയുന്നത്. മിണ്ടി അറിയുന്നത്. മിണ്ടാതിരുന്നു അറിയുന്നത്. ശ്വാസവും ഉഛ്വാസവും വിശ്വാസവും കണ്ണ്നീരും ചിരിയും കരച്ചിലും മുഖത്താണ്. മുഖം വ്യക്തിയുടെ ശാരീരിക വ്യക്തിത്ത അടയാളമാണ്. എന്നാൽ പുസ്തകം സാമൂഹിക മാണ് ബഹു വചനമാണ് നിർമ്മിതമാണ് പങ്കു വയ്ക്കലാണ്.
ഈ വ്യക്തി ഗത ആത്മ ആവിഷ്ക്കാരവും ആത്മ രതിയും എല്ലാം അടങ്ങിയ ഓരോയാളുടെയും കമ്മ്യുണിക്കേറ്റീവ് അർജിനെ തൃപ്തിപെടുത്തുവാൻ ഒരുപാധി. മനുഷ്യന് മിൻടീം പറഞ്ഞും ഇരിക്കുവാനുള്ള ആഗ്രഹ നിവർത്തിക്കൊരിടം. ഒരേ സമയം വ്യക്തി നിഷ്ഠവും (individualistic ) സാമൂഹികവുമാകുന്നു വിവരം വിനിമയ സാങ്കേതിക വിദ്യയായത് കൊണ്ടാണ് ഇത് പെട്ടന്ന് സാമൂഹിക മാധ്യമമായി മാറിയത്. ഇവിടെ പ്രതീകരണ സാഹചര്യമുണ്ടെന്നുള്ളത് ഇതിനെ മനുഷ്യന്റെ പരസ്പര്യ വിനിമയ വിന്യാസങ്ങൾക്കിട നൽകുന്നു.
പക്ഷെ ബഹു ജനം പല വിധം. അപ്പോൾ മനുഷ്യന്റെ എല്ലാ ഭാവങ്ങളും. കാമ ക്രോധ ലോഭ മോഹ മനുഷ്യരും ഈ മാധ്യമത്തിൽ വ്യവഹരിക്കും. ചിലർ നിശബ്ദമായി. ചിലർ ശബ്ദകോലാഹലങ്ങളോട്. ചിലർ ചിരിച്ചു. ചിലർ കരഞ്ഞു. ചിലർ കലിപ്പിൽ. ചിലർ ചീത്ത വിളിച്ചു. ചിലർ സ്നേഹത്തോടെ ചിലർ വിദ്വഷത്തോടെ.
എന്നാൽ എല്ലാ വിവര വിനിമയ ഇടങ്ങളും സാമ്പത്തിക വ്യാപാര വ്യവസായമാകുമ്പോൾ അധികാര വിനിമയ ഇടങ്ങളാകുമ്പോൾ മനുഷ്യന്റെ വിനിമയങ്ങൾ നിയന്ത്രിച്ചു അതിനെ വരുതിയിലാക്കി ലാഭമോഹങ്ങളാൽ അത് മനുഷ്യരെ ഉപയോഗിച്ചു ലാഭം കൊയ്യാൻ തുടങ്ങും. അതു അൽഗോരിതമുകയോഗിച്ചു ആര് എന്ത്‌ എങ്ങനെ എപ്പോൾ പറയണം കേൾക്കണം എന്നു നിയന്ത്രിക്കുവാൻ തുടങ്ങും. പരസ്യം പൈസ വാങ്ങി നമ്മുടെ കൺമുന്നിലേക്ക് തള്ളി വിട്ടു അലോസരപെടുത്തും. പൈസ വാങ്ങി രാഷ്ട്രീയ പ്രചരണം നടത്തും. കാശു വാങ്ങി നമ്മളുടെ ഡേറ്റ വിക്കും. നല്ല കാര്യങ്ങളേക്കാൾ പലപ്പോഴും വെറുപ്പിന്റെ രാഷ്‌ടീയം പരത്തും.
പയ്യനായ സർഗാത്മക തുളുമ്പി നിൽക്കുന്ന സുക്കർബർഗ് ഇന്ന് ബില്യനയർ കച്ചവടക്കാരനായതോട് കൂടി ഫേസ് ബുക്ക്‌ ഇന്ന് ഒരു വിനിമ വ്യാപാര പണം കായ്ക്കുന്ന മരമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഓട്ടോമേഷനും ഉപയോഗിച്ചു നമ്മൾ എന്ത്‌ എങ്ങനെ പങ്ക് വയ്ക്കുന്നത് എന്നത് നിയന്ത്രിച്ചു വരുതിയിൽ ആക്കുവാൻ ശ്രമിക്കുന്നത് കൊണ്ടാണ് ചെറുപ്പക്കാർ ഫേസ് ബുക്കിൽ കുറവും പ്രായമുള്ളവർ കൂടുതലും. പിന്നെ ഫേസ് ബുക്ക് വിനിമയ വിവരത്തിന് കൂടുതൽ സമയം വേണം. അതിനു ഒരു സെക്യൂരിറ്റിയും ഇല്ല. ഫേസ് ബുക്ക് ചർച്ച ആർക്കും പിടിക്കാം. ഫേസ് ബുക്ക് കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കുന്ന തലത്തിലേക്ക് പോവുകയാണോ?
അതു കൊണ്ടു തന്നെ ചെറുപ്പക്കാർ അതു വിട്ടു തുടങ്ങി. ഇൻസ്റ്റായിലേക്ക് മാറി .ഇവിടെ സജീവമായി ' ബ്രോ ' ബ്രാൻഡ് ബിൽഡ് ചെയ്ത Prasanth N പോലെയുള്ള സുഹൃത്തുക്കൾ യു ട്യൂബ് പരീക്ഷണത്തിലേക്ക് മാറി. അതിനു ഒരു കാരണമായി അദ്ദേഹം യു ട്യൂബിൽ പറയുന്നത് ഫേസ് ബുക്ക് ഇപ്പോൾ കൂടുതൽ നെഗറ്റിവിറ്റി പരത്തുന്ന ഇടമാണ് എന്നതാണ്. സമയവും താരതമ്യേന കൂടുതൽ വേണം. ഫേസ് ബുക്കിനേക്കാൾ കൂടുതൽ വായനക്കാരെ തേടിയാണ് ഫേസ് ബൂക്കിലൂടെ ബ്രാൻഡ്‌ ബിൽഡ് ചെയ്തു Muralee Thummarukudy വനിതയിൽ കാമസൂത്ര പക്തിയുമായി ചുവട് മാറ്റി പരീക്ഷിക്കുന്നത്.
ഫേസ് ബുക്ക് ഇനിയും കൂടുതൽ അലോഗരിത വ്യാപര. വ്യവസായം മാറ്റി വെറും വിവര വിനിമ ബിസിനസ് ആകുന്നതോട് കൂടി അതിന്റെ ഗ്രഹണ സമയം അടുക്കും. യാഹു പോയത് പോലെ ഫേസ് ബുക്ക്‌ പോകുമോ?
ഫേസ് ബുക്കിനു ഫേസ് നഷ്ടപ്പെടുവാൻ തുടങ്ങിയോ?
കാലം മാറുന്നത് അനുസരിച്ചു മനുഷ്യനും വിനിമയ സാധ്യതകളും മാറും. ഫേസ് ബുക്ക് ഉണ്ടായാലും ഇല്ലെങ്കിലും മനുഷ്യൻ മീൻടീം പറഞ്ഞും ചിരിച്ചു ശണ്ഠകൂടിയും ശല്യപ്പെടുത്തിയും കലഹിച്ചും കരഞ്ഞും ജീവിച്ചു മരിക്കും .
ജെ എസ് അടൂർ

No comments: