Friday, March 13, 2020

പാനിക് പനി പടർത്തരുത് :

പാനിക് പനി പടർത്തരുത് :
ഏതൊരു ദുരന്തത്തെയും സംയമനത്തോടെയാണ് മീഡിയ കൈകാര്യം ചെയ്യണ്ടത്. ജാഗ്രതയും കരുതലും ആവശ്യമാണ്. പക്ഷെ പാനിക്കും ഭീതിപ്പനിയും പരിഹാരമല്ല.
പകർച്ച വ്യാധികൾ ചരിത്രത്തിൽ ഉടനീളമുണ്ടായിട്ടുണ്ട്. ഇനിയുമുണ്ടാകും.
അതിനെതീരെ ജാഗ്രതയും കരുതലും ഉത്തരവാദിത്തവും വേണം. അതുകൊണ്ടു തന്നെ കേരള സർക്കാരും കേന്ദ്ര സർക്കാരും വേണ്ട മുൻകരുതലും ജാഗ്രതയൂമെടുക്കേണ്ടത് ആവശ്യമാണ്.
എന്നാൽ ഏതാണ്ട് 24x 7മീഡിയ റിപ്പോർട്ട് കാരണം സാധാരണ ജനങ്ങളിൽ ഒരു തരം പാനിക് വളരുന്നുവോ എന്നാണ് സംശയിക്കേണ്ടത്.
ഇറ്റലിയിൽ വന്ന കുടുംബം സാധാരണ അവധിക്ക് വരുന്ന മലയാളികൾ ചെയ്യുന്നതെല്ലാം ചെയ്തു. അവർ വേണ്ട ജാഗ്രതപുലർത്താഞ്ഞത് ഇതെല്ലാം ' മറ്റുള്ളവർക്ക് ' സംഭവിക്കുന്നത് എന്ന സാധാരണ മനസ്ഥിതി കൊണ്ടാകാം. അല്ലെങ്കിൽ രോഗത്തെകുറിച്ചുള്ള അടിസ്ഥാന വിവരമില്ലായ്‌മ. അല്ലാതെ മനപ്പൂർവം രോഗം പകർത്താൻ ഇറങ്ങിയവരാകണമെന്നില്ല. എന്തായാലും സർക്കാർ അവരെയും ബാധിച്ചവരെയും ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത് ചെയ്യേണ്ട ഉത്തരവാദിത്തമാണ്. പക്ഷെ അത് എത്രമാത്രം ഉത്തരവാദിത്തയോടെയാണ് റിപ്പോർട്ട് ചെയ്തത് എന്നത് വീണ്ടും വിചാരം നടത്തണ്ട വിഷയമാണ്.
എന്നാൽ ഇപ്പോൾ വാട്സ്ആപ്പ് മുഖേനയുമറ്റും ആ കുടുംബത്തിനെതീരെ പച്ചതെറിയിൽ പലരും വെറുപ്പ് പകർത്തുകയാണ്. അവരെ 'വെറുതെ ' തിരിച്ചു വിടരുത്. അടി കൊടുക്കണം എന്ന മട്ടിലുള്ള ക്രൗഡ് മനസ്ഥിതി. ഇതിന് ഒരു കാരണം ഈ പ്രശ്നം റിപ്പോർട്ട് ചെയ്ത രീതിയാണ്.
പലപ്പോഴും പുര കത്താംപോവുകയാ എന്നു കരുതി വാഴ വെട്ടുന്നവരുമുണ്ട്. മാസ്ക്കിനും ഹാൻഡ് വാഷിനും വില പലയിടത്തും കൂട്ടി.
പണ്ട് എച്ച ഐ വി /എയ്ഡ്‌സ് നോട് ഇതുപോലെ പടർന്ന പാനിക് കാരണം എ എച് ഐ വി കാരണം കൊണ്ടു മരിച്ചു വെന്ന് കരുതിയ ഡോക്ടർ ഇരുന്ന കസേരപോലും കത്തിച്ച നാടാണിത്. ആ കാലത്തു സ്ഥിരം ബാങ്കോക്കിലും സൌത്ത് ആഫ്രിക്കയിലുമൊക്ക് യാത്ര ചെയ്യുന്ന എന്നോട് മലയാളി കൂട്ടുകാരിൽ പലരും ആ നാടുകളിൽപോയാൽ എച് ഐ വി പകരുകയില്ലേ എന്നു ചോദിച്ചിട്ടുണ്ട്. ഇതിന് കാരണം ആ രോഗത്തെകുറിച്ചുള്ള അറിവില്ലായ്മയും അതുപോലെയുള്ള സ്റ്റിഗ്മയൂമാണ്.
ഇന്ത്യയിൽ ഇന്നും ക്ഷയ രോഗം കൊണ്ടും മലേറിയ കൊണ്ടും ലക്ഷങ്ങൾ മരിക്കുന്നുണ്ട്. മുൻകരുതൽ എടുക്കേണ്ട പകർച്ച വ്യാധികൾ പലതുണ്ട്. അതിൽ വിവരങ്ങൾ കൃത്യമായി അറിഞ്ഞു എടുക്കുന്ന ജാഗ്രത വേണം.
എന്നാൽ പത്തനംതിട്ട ജില്ലയിൽ കൊറോണ റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ പലരും വാട്ട്‌സ് ആപ്പിൽ മെസ്സേജ് അയച്ചു വെളിയിൽ ഇറങ്ങരുത്. പത്തനംതിട്ട ജില്ലക്കാരനാണ് ഞാൻ എന്നറിയാവുന്ന സുഹൃത്തുക്കൾ വിളിച്ചു ചോദിച്ചു ' ആർ യു ഓക്കേ '.
ഇതിന് ഒരു കാരണം രോഗത്തെകുറിച്ചും പകരുന്ന മുൻകരുതലുകളെകുറിച്ചും ധാരണയില്ലാതെ ഏതോ വൻ അപകടം നടക്കാൻ പോകുന്നു എന്ന രീതിയിലുള്ള റിപ്പോർട്ടിംഗാണ്. ഇതിന് മുമ്പ് മുല്ലപെരിയാർ ഡാം ഇപ്പോൾ പൊട്ടും എന്ന നിലയിൽ കേരളത്തിൽ പാനിക് പരത്തി. ഒരു മുൻ മന്ത്രി പറഞ്ഞു അതോർത്തു അദ്ദേഹത്തിന് ഉറക്കം ഇല്ലന്ന്. പിന്നെ ഏകദേശം ഒരു മാസം എല്ലാം മുല്ലപെരിയാർ പാനിക് ആയിരുന്നു.
ഏത് രോഗത്തിന് എതിരെയും മുൻ കരുതൽ എടുക്കണം. കേരളത്തിൽ ജന സംഖ്യ സാന്ദ്രതയുള്ള സംസ്ഥാനമായതിനാൽ പകർച്ച വ്യാധികളെ കുറിച്ച് കൂടുതൽ ജാഗ്രത വേണം.
ഈ ആഴ്ചയിൽ ബാങ്കോക്കിൽ ഒരു ബോഡ് മീറ്റിങ്ങിനു പോകുവാൻ ആറാം തിയതി ടിക്കറ്റ് ബുക്ക്‌ ചെയ്തതാണ്. അതു മാറ്റി വച്ചു. ബോഡ് മീറ്റിംഗ് സ്കൈപ്പിൽ നടത്തി മുഖ മുഖ മീറ്റിംഗ് ഏപ്രിൽ അവസാനതെക്ക് മാറ്റി വച്ചു.
സാഴ്സിന്റെ മൂർദ്ധന്യത്തിൽ ബാങ്കോക്കിലേക്ക് പോകേണ്ടി വന്നു. എല്ലാ മുൻ കരുതലും എടുത്തു എയർപോട്ടിൽ അങ്ങോട്ട്‌ പോയപ്പോഴും ഇങ്ങോട്ട് വന്നപ്പോഴും പരോശോധനക്ക് വിധേയനായി ഒരാഴ്ച വീട്ടിൽ നിന്നാണ് ജോലി ചെയ്തത്.
ജാഗ്രതയും മുൻകരുതലും കൃത്യമായി അറിവുകളെ ആധാരമാക്കി നമ്മളോടും സമൂഹത്തോടുമുള്ള ഉത്തവാദിത്തത്തിൽ ചെയ്യണം. അതെ സമയം പാനിക് പരത്തുകയൂമരുത്.
പലരും പാനിക്കോടെ വലിയ ആപത്തു വരുന്നു എന്ന മട്ടിൽ പെരുമാറുന്നത് കണ്ടു പറഞ്ഞതാണ്. മാസ്കിനു വേണ്ടി നെട്ടോട്ടം ഓടുന്നവർ അതെ ജാഗ്രതയോടെ ഹെൽമെറ്റ്‌ ഉപയോഗിക്കുകയും വാഹനമോടിക്കുകയും ചെയ്താൽ ഒരുപാടു മരണങ്ങൾ ഒഴിവാക്കാം. കേരളത്തിൽ റോഡപകടങ്ങളിൽ.കഴിഞ്ഞ മൂന്നു വർഷം മരിച്ചത് ഏതാണ്ട് പതിമൂവായിരത്തി അഞ്ഞൂറ് പേരാണ്. അതുകൊണ്ടു ജാഗ്രത എല്ലായിടത്തും നല്ലതാണ്.
ഇന്നലെ യൂറോപ്പിൽ നിന്നുള്ള മൂന്നു.ആളുകൾ തിരുവന്തപുരത്തു നടന്നു പോകുന്നത് കണ്ടിട്ട്, രണ്ടുപേർ പറയുന്നത് കേട്ടു ' കൊറോണ കേസ് ആയിരിക്കും '. മാറി നടന്നേക്കാം. അതിനാണ് വിദേശങ്ങളിൽ പ്രൊഫൈലിങ് എന്ന് പറയുന്നത്. അതാണ് ഈ കുറിപ്പ് എഴുതാൻ പ്രേരിപ്പിച്ചത്.
വാട്സ്ആപ്പ് മുതലായ സോഷ്യൽ നെറ്റ്വർക്കുകളിൽകൂടിയും അല്ലാതെയും പടർത്തുന്ന പാനിക് പനിയെ സൂക്ഷിക്കുക.
ഭീതി പനിയെ സൂക്ഷിച്ചു കൊറോണ പനിക്കെതിരെ അത്യാവശ്യ മുൻകരുതലുകളെടുക്കുക.
സർക്കാർ ഉത്തരവാദിത്തത്തോടെയാണ് പെരുമാറുന്നത് എന്നത് നല്ല കാര്യമാണ്.
ജെ എസ് അടൂർ

No comments: