Thursday, March 12, 2020

ഫേസ് ബുക്ക്‌ മൂക്കിൽ

ഈ ഫേസ് ബുക്ക്‌ മൂക്കിൽ പലർക്കും പലരെയും കുറിച്ചു പല ധാരണകൾ ആയിരിക്കും. അതിൽ പലതും കണ്ടതും കേട്ടതും പ്രൊജക്റ്റ്‌ ചെയ്യപ്പെടുന്നതും ഗണിച്ചെടുക്കുന്നതമായ ധാരണകൾ ആയിരിക്കും. അതിൽ തെറ്റിധാരണകൾ കൂടാനുള്ള ഇട കൂടുതലാണ്
പലപ്പോഴും ഫേസ് ബുക്ക്‌ പുലിയാകുന്നവർ യഥാർത്ഥ ജീവിതത്തിൽ വെറും എലിയായിരിക്കും. ഫേസ് ബുക്കിൽ പാവത്താന്മാരെ പോലെ നടക്കുന്നവർ ജീവിതത്തിൽ പുലി ആയിരിക്കും പലപ്പോഴും ഫേസ് ബുക്കിൽ അഗ്രെസ്സിവ് ആയി അക്രമിക്കുന്നവർ ജീവിതത്തിൽ വെറും സാധുക്കൾ ആയിരിക്കും . ഫേസ് ബുക്ക്‌ മുക്കിൽ കിരീടത്തിലെ കൊച്ചിൻ ഹനീഫ സ്റ്റൈലിൽ കൊച്ചു പിച്ചാത്തിയും ഒക്കെ കറങ്ങുന്നവർ യഥാർത്ഥത്തിൽ ഒരു ഈച്ചയെ പോലും കൊല്ലാൻ ത്രാണി ഇല്ലാത്തവരായിരിക്കും.
ഫേസ് ബുക്ക്‌ ഫെമിനിസ്റ്റ്കൾ വീട്ടിൽ നേരെ തിരിച്ചാകാം. ഫേസ് ബുക്കിൽ അടികൂടുന്നവർ ജീവിതത്തിൽ അടുത്ത കൂട്ടുകാരായിരിക്കാം. ഫേസ് ബുക്ക്‌ വിപ്ലവകാരികൾ ജീവിതത്തിൽ മൂരാച്ചിയാകാം.
ഫേസ് ബുക്ക്‌ ഇടതു പക്ഷക്കാർ സ്വന്തം ജീവിതത്തിൽ അങ്ങനെ ആകണം എന്നില്ല. ഫേസ് ബുക്കിൽ നീയോ ലിബറലിസത്തെ ഇരുപത്തി നാലു മണിക്കൂറും തെറി പറയുന്നവർ സ്വന്തം ജീവിതത്തിൽ അതിന്റെ ഏറ്റവും വലിയ ഗുണഭോക്ത്താക്കൾ ആയിരിക്കും . ഫേസ് ബുക്കിൽ മിന്നുന്നതൊന്നും പൊന്നാകണം എന്നില്ല.
ഫേസ് ബുക്കിൽ പോപ്പുലർ ആയ പലരും അവരുടെ സ്വന്തം ഓഫീസിൽ ചിലപ്പോൾ ഒട്ടും പോപുലർ ആയിരിക്കില്ല . ഫേസ് ബുക്കിൽ പലരും, ' പലപ്പോഴും അനോണിമസ് ' ഐഡി ഉപയോഗിക്കുന്നത് ഫേസ് ബുക്കിൽ പറയുന്നത് ജീവിതത്തിൽ പറയാൻ ഉള്ള മടിക്കൊണ്ടാണ് . പലരും ഫേസ് ബുക്കിലും സ്വന്തം ജീവിതത്തിലും A strage case of Dr Jekyl and Mr.Hyde എന്ന സ്ഥിതിയിൽ ആണ്.
പലരും സ്വന്തം പ്രൊഫൈൽ ഫോട്ടോ ഒന്നും കൊടുക്കാതെ ഹെൽമെറ്റ്‌ ധരിച്ചു ഫേസ് ബുക്ക്‌ തെരുവിലൂടെ തേരാ പാരാ നടക്കും. ചിലർ ഫേസ് ബുക്ക്‌ ഒളിഞ്ഞു നോക്കാനും എത്തി നോക്കാനും. ചിലർ കാഴ്ചകൾ കാണാൻ. ഫേസ് ബുക്ക്‌ തെരുവിലും ബഹു ജനം പലവിധം
ചുരുക്കത്തിൽ ഫേസ് ബുക്ക്‌ പോസ്റ്റ്‌ കൊണ്ടു മാത്രം ഒരാളെ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്.. യഥാർത്ഥത്തിൽ മനുഷ്യരെ മനസ്സിലാക്കാൻ വിർച്യുൽ ലോകത്തൂടെ മാത്രം സാധിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്.
എത്രയൊക്കെ ടെക്‌നോളജി വളർന്നെന്നു പറഞ്ഞാലും മനുഷ്യനെ അടുത്തറിഞ്ഞല്ലെങ്കിൽ മനസ്സിലാക്കാൻ പാടാണ്. Because human beings are one of the most deceptive species.
ജെ എസ് അടൂർ

No comments: