Friday, March 13, 2020

കമ്പോഡിയയുടെ യുദ്ധകഷ്ട്ടാനുഭവങ്ങൾ -5

കമ്പോഡിയയുടെ യുദ്ധകഷ്ട്ടാനുഭവങ്ങൾ
5.
ഇപ്പോൾ കമ്പോഡിയ ഭരണഘടനാനുസൃതമായി രാജഭരണം തുടരുന്ന രാജ്യമാണ്. റോയൽ കിങ്ഡം ഓഫ് കംബോഡിയ എന്നതാണ് ഔദ്യോഗിക നാമം. ഏതാണ്ട് ഒന്നരകോടി ജനങ്ങളുള്ള കമ്പോഡിയ കേരളത്തിന്റെ നാലര ഇരട്ടിയോളം വിസ്തൃതിയുള്ള രാജ്യമാണ്. ഏതാണ്ട് 97%ആളുകളും തേരവാദ ബുദ്ധ മത വിശ്വാസികളും ഖെമർ ഭാഷ സംസാരിക്കുന്നവരുമാണ്.
പതിനാലാം നൂറ്റാണ്ടിൽ ലോകത്തിലെ ഏറ്റവും സമ്പൽസമൃദ്ധമായ അധികാരമുള്ള ഖെമാർ സാമ്രജ്യം നിലനിന്നിരുന്ന കമ്പോഡിയ ഇന്ന് സാമ്പത്തികമായി അധികം വികസിക്കാത്ത ജനായത്തം പേരിന് അപ്പുറം ഇല്ലാത്ത സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെട്ട ഏകപാർട്ടി ഭരണമുള്ള രാജ്യമാണ്.
ഇപ്പോഴത്തെ കമ്പോഡിയയുടെ ചരിത്രം ഫ്രഞ്ച് അധിനിവേശത്തോടെയാണ് തുടങ്ങുന്നത്. 1863 ഇൽ ഫ്രഞ്ച്കാർ കംപോഡ്ജ് എന്നു വിളിച്ച പ്രദേശത്തുള്ള രാജാവിനെ പേരിനു നിലനിർത്തി അവരുടെ അധീനതയിലാക്കി. അതു പോലെ അവർ ഇപ്പോഴത്തെ വിയറ്റ്നാമിലെ അന്നാൻ രാജ്യത്തെയും അധീനതയിലാക്കി. വിയട്നമിന്റ തെക്ക് കൊച്ചിൻചൈന എന്ന ഫ്രഞ്ച് കോളനിയുമുണ്ടാക്കി. ഫ്രഞ്ച് കാർ ഇൻഡോ ചൈന എന്നു വിളിച്ച ഇപ്പോഴത്തെ വിയറ്റ്നാം, കമ്പോഡിയ, ലാഓ പ്രദേശങ്ങൾ 1940 കൾ മുതൽ യുദ്ധ ഭൂമികളായി മാറുകയായിരുന്നു.
പതിനഞ്ചാം നൂറ്റാണ്ട് മുതൽ കമ്പോഡിയ രാഷ്ട്രീയമായും സാമ്പത്തികമായും താഴോട്ട് പോയി. പിന്നെ പടിഞ്ഞാറു സയാം എന്ന തായ് രാജ്യത്തിന്റെയും കിഴക്ക് മധ്യ വിറ്റ്നാമിലുള്ള രാജക്കന്മാരുടെയും അധീനതയിലായിരുന്നു കമ്പോഡിയ. ഈ രണ്ടു രാജ്യങ്ങളുടെ അധീനതയിലുള്ള ശുഷ്ക്ക രാജാക്കന്മാരും നാട്ടു മാടമ്പിമാരുമാണ് മെക്കോങ് നദീതടത്തിനു സമീപമുള്ള പ്രദേശങ്ങളിലുണ്ടായിരുന്നത്. സായം രാജ്യവും വിയടനമുമായുണ്ടായിരുന്നു യുദ്ധ ഭൂമി കമ്പോഡിയയയിരുന്നു. അന്ന് തൊട്ട് യുദ്ധങ്ങളുടെ തിക്ത ഫലങ്ങൾ അനുഭവിക്കുന്ന ജനതയാണ്.
പതിനാലാം നൂറ്റാണ്ട് മുതൽ ഇന്ത്യൻ സ്വാധീനം ഈ പ്രദേശങ്ങളിൽകുറഞ്ഞു. ചെനീസ് വ്യപാരികളിലൂടെ ചൈനീസ് സാംസ്‌കാരിക സ്വാധീനം കൂടി. എന്നിരുന്നാലും ശ്രീലങ്കയിൽ നിന്ന് വന്നും പോയുമിരുന്ന തേരവാദ ബുദ്ധ സന്യാസി സമൂഹങ്ങൾ കാരണം പാലി സിംഹള ഭാഷകളുടെയും ഭക്ഷണ രീതികളും തുടർന്ന്.
രണ്ടാം ലോക മഹായുദ്ധ കാലത്ത് ഈ പ്രദേശങ്ങൾ ജപ്പാൻ പിടിച്ചടക്കി. അതിനെ തുടർന്ന് വിയറ്റ്നാമിലും കമ്പോഡിയയുടെ പല ഭാഗങ്ങളിലുമുണ്ടായ ക്ഷാമത്തിൽ ലക്ഷ് കണക്കിന് ആളുകൾ മരിച്ചു. ഈ രണ്ടു പ്രദേശങ്ങളിൽ നിന്നും ഫ്രൻസിൽപോയി പഠിച്ചു വന്ന ചെറുപ്പക്കാർ കമ്മ്യൂണിസ്റ് ആശയങ്ങളുമായി തിരിച്ചു വന്ന് ഇൻഡോ ചൈന കമ്മ്യൂണിസ്റ് പാർട്ടിയുണ്ടാക്കി കൊളോണിയൽ ഭരണത്തിനെ എതിർത്ത്. അതിന് ഒരു കാരണം ഇന്ത്യയിൽ കൊളോണിയൽ ഭരണത്തിന് എതിരെ നടന്ന സമരമാണ്
ഫ്രഞ്ച് അധീനതക്കെതിരെ ഹോ ചി മിന്റെ നേത്രത്വത്തിൽ ഉണ്ടായ സമാധാനപരമായ സ്വാതന്ത്ര്യ സമരത്തെ 1945മുതൽ ഫ്രഞ്ച്കാർ ആയുധം കൊണ്ടു അടിച്ചമർത്താൻ തുടങ്ങിയതോട്‌ കൂടിയാണ് ഇൻഡോ ചൈന യുദ്ധം 1946 ഇൽ തുടങ്ങുന്നത്. ഇൻഡോ ചൈന കമ്മ്യുണിസ്റ്റ് പാർട്ടിയുടെ നേതാവായിരുന്നു ഹോ ചി മിൻ എന്നത് കൊണ്ടു യുദ്ധത്തിന് അമേരിക്ക പിന്നിൽ നിന്ന് സഹായിച്ചു. അമേരിക്ക യുദ്ധത്തിൽ പിന്നിൽ നിന്ന് സഹായിച്ചത് കമ്മ്യൂണിസ്റ് ബ്ലോക്കിനെതിരെ നടത്തിയിരുന്ന ശീത പ്രോക്‌സി യുദ്ധത്തിന്റ ഭാഗമായാണ്. അതു കൊറിയൻ യുദ്ധത്തിന്റ തുടർച്ചയായി ഏഷ്യയിൽ കമ്മ്യുണിസ്റ്റ് വളർച്ച തടയുന്നതിനുള്ള അമേരിക്കൻ വിദേശ നയത്തിന്റെ ഭാഗമായിരുന്നു
ഇതാണ് പിന്നീട് 1955 മുതൽ ഏതാണ്ട് ഇരുപത് കൊല്ലം തെക്കേ വിയറ്റ്നാമിലുള്ള ഫ്രഞ്ച് അമേരിക്കൻ അധീനതയിലുള്ള തെക്കേ വിയറ്റ്‌നാമും വടക്കേ വിയറ്റ്നാമുണ്ടായ നീണ്ടു യുദ്ധത്തിന് ആധാരം. ആ യുദ്ധം ഹോചിമിൻറ് നേതൃത്വത്തിൽ പിടിച്ചെടുത്ത വടക്കേ വിയറ്റ്നാമും ഫ്രഞ്ച് അധീനതയിൽ സൈഗോൺ കേന്ദ്രീകരിച്ചു ഫ്രഞ്ച് അധിനിവേശ തെക്കേ വിയറ്റ്നാമുമായി തുടങ്ങിയ യുദ്ധംമാണ്. ചൈനയും റഷ്യയും വടക്കേ വിയറ്റ്നാമിനേ പിന്തുണ ച്ചതോടെയും തെക്ക് വിയറ്റ്‌നാമിനെ പിന്തുണച്ചു അമേരിക്കൻ സൈന്യവും ഇറങ്ങിയതോടെ ഈ പ്രദേശങ്ങൾ ശീതയുദ്ധത്തിന്റ ക്രൂര ഭൂമികളാകുകയായിരുന്നു.
ഫ്രഞ്ചുകാർ 1953 ഇൽ കമ്പോഡിയക്ക് സ്വാതന്ത്ര്യം കൊടുത്തെങ്കിലും അവിടെ മുൻ രാജാവായിരുന്ന നോർദോം സിഹാനൂക് ക്ക് പ്രധാനമന്ത്രിയായി. അന്ന് തൊട്ട് കമ്പോഡിയ രാഷ്ട്രീയത്തിൽ പ്രധാന മന്ത്രി യും രാജാവുമൊക്കെയായ സിഹാനുക് 2012 ഇൽ തൊണ്ണൂറാം വയസ്സിൽ ബീജിങ്ങിൽ വച്ചു മരിക്കുന്നത് വരെ കമ്പോഡിയൻ രാഷ്ട്രീയത്തിൽ നിറഞ്ഞാടിയ കഥാപാത്രമായിരുന്നു. ഏതാണ്ട് അമ്പതോളം കമ്പോഡിയൻ സിനിമകൾ നിർമ്മിച്ചു പാട്ടുകളും കവിതകളും രചിച്ചു താരാതരാം പോലെ കമ്മ്യൂണിസ്റ് അനുഭാവിയും രാജാവുമൊക്കെയായ ഒരു സകല കലാ വല്ലഭൻ
വിയറ്റനാം യുദ്ധം തുടങ്ങിയാതോട് കൂടി വടക്കേ വിയറ്റ്നാമിലുള്ള വിയറ്റ്‌ കോങ്ങ് ഗറില്ലാ യുദ്ധകർക്ക് സങ്കേതങ്ങൾ ഒരുക്കിയതോടെ സിഹാനൂക് അമേരിക്കയുടെ കണ്ണിലെ കരടാകുകയായിരുന്നു. വിയറ്റ് കോങ്ങ് ഗറില്ലകൾക്ക് കംബോഡിയയിലും ലാവോസിലുംമുള്ള കമ്മ്യൂണിസ്റ് അനുഭാവികൾ സഹായിക്കാൻ തുടങ്ങിയ തോടെ അമേരിക്ക ഈ രാജ്യങ്ങളിൽ ബോംബ് വർഷിച്ചു. കമ്പോഡിയയുടെ കഷ്ട്ടപ്പാടുകൾ തുടങ്ങുന്നത് അമേരിക്കയും കൂട്ടരും ഏതാണ്ട് ഇരുപത് കൊല്ലം നടത്തി വിയറ്റ്‌നാം യുദ്ധത്തോടെയാണ്. അമേരിക്കക്കു അതു കമ്മ്യുണിസ്റ്റ്കൾക്കെതിരെയുള്ള യുദ്ധമായിരുന്നു. അതുകൊണ്ടു തന്നെ അവിടെങ്ങളിലുള്ള കമ്മ്യുണിസ്റ്റ് യുദ്ധസേനയ്ക്ക് ചൈനയും സോവിയറ്റ് യൂണിയനും സഹായിച്ചു.
തായ്ലാൻഡ് കേന്ദ്രമാക്കി മാത്രം ഏതാണ്ട് അമ്പതിനായിരം അമേരിക്കൻ സൈനീകരുണ്ടായോരുന്നു. 1969 മുതൽ രണ്ടു വർഷം അമേരിക്കൻ ബോംബിങ്ങിൽ മരിച്ചത്.ഏതാണ്ട് മൂന്നര ലക്ഷം കമ്പോഡിയക്കാരാണ്.
കമ്മ്യൂണിസ്റ് ചൈനയോട് അനുഭാവമുണ്ടായിരുന്ന സിഹാനൂക്കിനെ അമേരിക്കൻ സി ഐ എ സഹായത്താൽ നടന്ന അട്ടിമറിയിൽപുറത്താക്കി. അയാൾ പിന്നെ ചൈനയിലും ഉത്തര കൊറിയയിലുമിരുന്ന് പ്രവാസ സർക്കാരണ്ടാക്കി. കമ്പോഡിയയിൽ മുൻ ജനറലും അമേരിക്കൻ അനുകൂലി ലോൺ നോളിനെ ഖമർ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രിയാക്കി. വിയറ്റ്നാം വിരോധിയായ അയാൾ വിയറ്റ്നാം കാരെ കംബോഡിയയിൽ നിന്ന് തുരുത്താൻ തുടങ്ങി.
അതു മാത്രമല്ല നോംമ്പെനിലും മറ്റു സ്ഥലങ്ങളിലുമുള്ള സാധാരണക്കാരായ വിയറ്റനാംകാരെ അറസ്റ്റ് ചെയ്തു പീഡിപ്പിക്കുവാനും കൊല്ലുവാനും തുടങ്ങി.
അതോടെ വിയറ്റ്നാംകാർ കമ്പോഡിയക്കെതിരായി. ഈ രണ്ടു രാജ്യങ്ങളിലുള്ള വർ തമ്മിലുള്ള എതിർപ്പും സംശയവും ഇന്നുമുണ്ട്.
അമേരിക്കൻ അനുകൂലിയായി അമേരിക്കൻ പിന്തുണയോടെ ഭരിച്ചിരുന്ന ലോൺ നോളിന്റെ ഭരണതത്തോടുള്ള എതിർപ്പിൽ നിന്നാണ് കമ്പൂച്ചിയൻ കമ്മ്യുണിസ്റ്റ് പാർട്ടിയായ ഖേമറൂഷ് വടക്കേ കമ്പോഡിയയിലെ ഗറില്ല യുദ്ധ തന്ത്രവുമായി മുന്നേറിയത്. അതോടെ കമ്പോഡിയയിലെ ജനങ്ങൾ കമ്പോഡിയൻ 1970കൾ മുതൽ സിവിൽ വാറിൽപെട്ടു
ചൈനയിൽ പ്രവാസത്തിലായിരുന്ന സിഹാനൂക് പിന്തുണയോടെയും ചൈനീസ് കമ്മ്യൂണിസ്റ് പാർട്ടിയുടെയും വടക്കേ വിയറ്റ്നാമിന്റ സഹായത്തോടെ പോൾ പൊട്ടിന്റ നേതൃത്വത്തിൽ ഖെമർ റൂഷ് നോമ്പെൻ പിടിച്ചെടുത്തപ്പോൾ ലോൺ നോളിന് അമേരിക്ക അഭയം നൽകി.
ഖമർ റൂഷ് ഭരണത്തിൽ വന്നപ്പോൾ രാജാവായി സിഹാനൂക്ക് തിരിച്ചെത്തി. ജനങ്ങൾക്ക് വീണ്ടും പ്രതീക്ഷയുണ്ടായി. ലോൺ ലോൾ ഭരണത്തിലുണ്ടായിരുന്നവർക്ക് നേരെ തിരിഞ്ഞ ഖമർ റൂഷ് പിന്നീട് സോഷ്യലിസ്റ്റ് രാജ്യമാക്കാൻ എന്ന പേരിൽ സാമ്പത്തിക വ്യവസ്‌ഥ തകർത്തു അക്ഷരാർത്ഥത്തിൽ ഭീകരത വിതച്ചു ലക്ഷങ്ങളെ കൊന്നു തള്ളി. ലക്ഷകണക്കിന് കമ്പോഡിയക്കാർ പ്രാണരക്ഷാർത്ഥം തായ്‌ലണ്ടിലേ അഭയാർത്ഥി ക്യാമ്പുകളെത്തി
1979 ഇൽ ചൈനീസ് പിന്തുണയുണ്ടായിരുന്ന ഖെമർ റൂഷിനെ വിയറ്റനാം ആക്രമിച്ചു കീഴടക്കി. പുതിയ പീപ്പിൾസ് റിപ്പബ്ളിക് ഓഫ് കമ്പൂച്ചിയ സ്ഥാപിച്ചു. അതിന് സോവിയറ്റ് പിന്തുണയുണ്ടായിരുന്നു. അതിന്റെ ഭാഗമായി വന്ന നേതാവാണ് ഇപ്പോൾ ഭരണത്തിലുള്ള
ഹൂൻ സെൻ. ഹൂൺ സെൻ പഴയ ഖേമർ റൂഷിൽ നിന്ന് കാലുമാറി വിയറ്റമിൽ അഭയം തേടിയയാളാണ്.
രാഷ്ട്രീയ കലുഷിതമായ കമ്പോഡിയയിൽ 1979 മുതൽ 90വരെ വിയറ്റനാം പിന്തുണയോടെയുള്ള ഭരണമായൊരുന്നു. 1991 ലെ പാരീസ് സമാധാനം ഉടമ്പടി പ്രകാരം. രണ്ടുകൊല്ലം യൂ എൻ നിയന്ത്രണത്തിലായിരുന്നു. അന്ന് നടത്തിയ സ്വതന്ത്ര തിരഞ്ഞെടുപ്പാണ് അവിടെ നടന്ന ആദ്യ തിരെഞ്ഞെടുപ്പ്.
പക്ഷേ കമ്പോഡിയൻ പീപ്പിൾ പാർട്ടിയുടെ പേരിൽ അധികാരത്തിൽ കയറിയ ഹൂൺ സെൻ ഇന്നും അധികാരത്തിൽ തുടരുകയാണ്. പേരിന് വേണ്ടി നടത്തുന്ന തിരെഞ്ഞെടുപ്പിൽ പ്രതി പക്ഷ പാർട്ടികളെ മത്സരിപ്പിൽകാത്ത ഏക പാർട്ടി ഭരണമാണ് ഫലത്തിൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിന് കോടതി യെ ഉപയോഗിച്ചു പ്രതിപക്ഷ പാർട്ടികളെ നിരോധിച്ചു.
ഇപ്പോൾ ഫലത്തിൽ ഹൂൺ സെൻമിന്റ ഏകാധിഭരണമാണ്. കമ്പോഡിയയിൽ പെട്രോളിയവും ഗ്യാസും കണ്ടെത്തിയതോടെ ചൈന വീണ്ടും കമ്പോഡിയയിൽ വലിയ തോതിൽ നിക്ഷേപങ്ങൾ നടത്തുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്നു. എന്നിട്ടും അവിടുത്തെ സാധാരണ ജനങ്ങളുടെ കഷ്ട്ടംപ്പാടുകൾ മാറിയില്ല. തെക്ക് കിഴക്കേ ഏഷ്യയിൽ ഇനിയും വികസിക്കാത്ത രാജ്യം
പല പ്രാവശ്യം കമ്പോഡയയിൽ.പോയിട്ടുണ്ട്. അവിടുത്തെ ജനങ്ങൾ ഇന്നും ഇടതു പക്ഷമെന്നോ കമ്മ്യുണിസ്റ്റ് പാർട്ടിഎന്നോ പറഞ്ഞാൽ നിശ്ശബ്ദരാകും. ഇന്നു അവിടുത്തെ പ്രതിപക്ഷ നേതാക്കളും മനുഷ്യ അവകാശ പ്രവർത്തകരെല്ലാം പല രാജ്യങ്ങളിൽ അഭയം തേടിയിരിക്കുകയാണ്.
ഇന്ന് തായ്ലാന്റിൽ പോലും കമ്പോഡിയൻ രഹസ്യപൊലീസ് തായ് ഇന്റലിജൻസ് സഹായത്തോടെ അവരെ പിന്തുടരുന്നു.
ഏതാണ്ട് മുപ്പത്തി അഞ്ചു കൊല്ലമായി ഭരിക്കുന്ന ഹുൻ സെൻ അധികാരം കമ്പോഡിയക്ക് ഒരു വലിയ പരിധിവരെ രാഷ്ട്രീയ സ്ഥിരത നൽകിയിട്ടുണ്ട്. ഇന്ന് അക്രമങ്ങളില്ല. ഒരുപാടു കഷ്ട്ടങ്ങൾ അനുഭവിച്ച സാധാരണ ജനങ്ങൾക്ക് വേണ്ടത് ജീവനും സ്വത്തിനും വേണ്ട അടിസ്ഥാന പരിരക്ഷയാണ്. അതുകൊണ്ടാണ് സ്വാതന്ത്ര്യം കമ്മിയാണെങ്കിലും ഹുൻ സെൻ നേതൃത്വം കൊടുക്കുന്ന കമ്പോഡിയൻ പീപ്പിൾ പാർട്ടി ഇന്നും ഭരണത്തിലുളള്ളത്.
ജെ എസ് അടൂർ

No comments: