Thursday, March 12, 2020

നുണകളും ഭയവും ഭരിക്കുമ്പോൾ


ഏതാണ്ട് അറുപതു വർഷം ബ്രിട്ടീഷ് കൊളോണിയൽ സാമ്രാജ്യ ശക്തിയോട് ലക്ഷകണക്കിന് ജനങ്ങൾ പോരാടി നേടിയതാണ് സ്വാതന്ത്ര്യം. അതിനു വേണ്ടി ഗാന്ധിജിയും നെഹ്രുവുമൊക്കെ ജയിൽ വാസമനുഭവിച്ചപ്പോൾ സ്വാതന്ത്ര്യത്തിന് വേണ്ടി ഒന്നും ചെയ്യാത്ത ഒരു മറാത്തി ബ്രമ്മിനീക്കൽ സംഘടനയുണ്ടായിരുന്നു.
ഇവിടെ സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊള്ളുമ്പോൾ ആ മറാത്തി ബ്രമ്മിനീക്കൽ സംഘടനയുടെ നേതാവ് ഡോ. മുഞ്ചേ ഇറ്റലിയിൽ മുസ്സോളിനിയെകണ്ടു ഫാസിസം പഠിക്കുവാൻ പോയി.മറാത്തി ബ്രമ്മിണിക്കൽ നേത്രത്വത്തിൽ മേൽക്കോയ്മ മേധാവിത്തം സ്ഥാപിക്കാൻ ഒരു സംഘടനയുണ്ടാക്കി. ആ സംഘടനയുടെ തലപ്പത്ത് ഇന്നുവരെ മറ്റൊരു ജാതിക്കാർ വന്നിട്ടില്ല.
അവരുടെ കണ്ണിലെ പ്രധാന കരട് മോഹൻദാസ് കരംചന്ദ് ഗാന്ധിഎന്ന ഒരാൾ ആയിരുന്നു. അയാളുടെ മതവിശ്വാസവും രാഷ്ട്രീയ നൈതീകതയും സഹിക്കാൻ വയ്യാതെ വെടി വച്ചു കോന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിന്ന് മാറി ഫാസിസം പഠിക്കാൻ പോയവരുടെ പിൻഗാമികൾ ഇന്ന് ഭയപ്പെടുത്തി ഭരിക്കുകയാണ്.
എല്ലാ ദിവസവും കേൾക്കുന്ന വാർത്തകൾ എങ്ങനെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും സ്ലോ പോയ്സൻ ചെയ്യുന്നു എന്നതാണ്. പാർലമെന്റിൽ പോലും പ്രതിപക്ഷത്തിനു സുരക്ഷയില്ലാത്ത അവസ്ഥ. നീതി ന്യായ വ്യവസ്‌ഥയിൽ ഉണ്ടായിരുന്ന പ്രതീക്ഷ മങ്ങി മങ്ങി വരുന്നു.
ഭരിക്കുന്ന കോർപ്പറേറ്റ് -രാഷ്ട്രീയ അധികാര കാര കാർട്ടലുകളുടെ ഉടമസ്ഥതിയിലുള്ള മാധ്യമ സിണ്ടിക്കേറ്റുകൾ ഭരണത്തിലുള്ള വർക്കു വേണ്ടി കുഴലൂതി 24 മണിക്കൂറും നുണകളുട റിപ്പബ്ലിക്കുകൾ തീർക്കുന്നു. അവർക്ക് ഒരു വിലക്കുമില്ല.
ഹേറ്റ് സ്പീച്ചിന് എതിരെ അഹിംസയുടെയും സ്നേഹത്തിന്റെയും സന്ദേശം പറഞ്ഞവരെ ഹേറ്റ് സ്പീച്ചിന് വിചാരണ ചെയ്യുന്ന കലികാലം. അക്രമവും കൊല്ലും കൊലയും ആഹ്വാനം ചെയ്യുന്ന വെറുപ്പ് രാഷ്ട്രീയക്കാർക്ക് വൈ ഗ്രേഡ് സെക്യൂരിറ്റി. സാധാരണക്കാരന്റെ ജീവനും സ്വത്തിനും സംരക്ഷണം കമ്മി. ഹിന്ദി രാജ്യത്തിനു അപ്പുറമുള്ളവർ അടങ്ങി ഒതുങ്ങി കഴിഞ്ഞു മിണ്ടാതിരിക്കുക. ഞങ്ങൾക്ക് സൗകര്യം പോലെ ഭരിക്കും. എന്ത് ജനായത്തം !! എന്ത് സ്വാതന്ത്ര്യം !!!
അധികാര അഹങ്കാരങ്ങളെ ആരു ചോദ്യം ചെയ്താലും അവരെ ഭയപ്പെടുത്തി നിശബ്ദരാക്കുക എന്നതാണ് അവരുടെ ' ബൻജ് ഓഫ് തോട്സ് '.
ഏഷ്യനെറ്റ് മീഡിയ വൺ 48 മണിക്കൂർ ശിക്ഷ എല്ലാവരെയും വടികാണിച്ചു ഭീഷണിപ്പെടുത്തി നിശബ്ദമാക്കുക എന്നതിന്റെ പ്രയോഗമാണ്.
അധികാരം അമിതമായി ഉപയോഗിച്ചു ഭീതി വിതക്കുന്നത് അരക്ഷിതത്വം കൂടിയവർ അധികാരത്തിൽ ഏറുമ്പോഴാണ്. ഇവിടെ മീഡിയ കോർപ്പറേറ്റുകളെ സെൽഫ് സെൻസറിൽ കൂടി നിശബ്ദരാക്കുകയാണ് ലക്ഷ്യം.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ നുണകൾ കൊണ്ടും ഭീതി പരത്തുന്ന അധികാര പ്രയോഗങ്ങൾകൊണ്ടും ഈ രാജ്യത്തെ തുല്യ സ്വാതന്ത്ര്യവും അവകാശങ്ങളുമൊക്കെ എങ്ങനെ ഇല്ലാതാക്കാം എന്ന ശ്രമങ്ങളാണ് ദർശിക്കുന്നത്.
പണ്ട് അടിയന്തരാവസ്ഥകാലത്തു ഇന്ദിര ഗാന്ധി പറഞ്ഞ ഒരു മുദ്രാവാക്യമുണ്ട് " നാവടക്കൂ പണിഎടുക്കൂ '. അതിന് സമാനമായയൊന്നാണ് നടക്കുന്നത്. നാവടപ്പിക്കാനുള്ള ശ്രമം. അങ്ങ് വടക്ക് കാശ്മീരിൽ സംഭവിച്ചത് ഇങ്ങു കേരളത്തിലും സംഭവിക്കില്ല എന്ന് എത്രപേർക്ക് ഉറപ്പുണ്ട്?
നമ്മുക്ക് ഭരണഘടന നൽകുന്ന ഉറപ്പുകളിലും പ്രത്യാശയിലുമാണ് ജീവിക്കുന്നത്. ആ ഉറപ്പുകളും പ്രത്യാശയും സ്വാതന്ത്ര്യ ബോധവും കവരുവാൻ ആരെയും അനുവദിക്കരുത്. കാരണം ഇതു നമ്മുടെ രാജ്യമാണ്. നമ്മൾ സ്‌നേഹിക്കുന്ന രാജ്യം.
മാധ്യമമങ്ങളെ നിശബ്ദമാക്കൻ ശ്രമിക്കുന്നത് നമ്മളെ ഓരോരുത്തരെയും നിശബ്ദരാക്കുവാനാണ്.
ഭയം കൊണ്ടു നിശ്ശബ്ദരാക്കാൻ.
ആരൊക്ക നിശബ്ദമായിരുന്നു എന്ന് ചരിത്രം ഒരിക്കൽ അടയാളപെടുത്തും.
ഒട്ടോ റെനോ കാസ്റ്റില്ലോയുടെ വരികൾ അതു പറയുന്നുണ്ട്
"ഒരു നാള്‍,
ഇന്നാട്ടിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍
ഇവിടുത്തെ ഏറ്റവും സാധാരണക്കാരായ ജനങ്ങളാല്‍
ചോദ്യം ചെയ്യപ്പെടും.
ഒറ്റപ്പെട്ട ഒരു ചെറുനാളം പോലെ
സ്വന്തം രാജ്യം കെട്ടടങ്ങിയപ്പോള്‍
നിങ്ങള്‍ എന്തു ചെയ്തു എന്ന്
അവര്‍ ചോദിക്കും.
അവര്‍ വന്നു ചോദിക്കും:
"പാവപ്പെട്ടവര്‍ നരകിച്ചപ്പോള്‍,
അവരിലെ അലിവും പ്രാണനും കെട്ടൊടുങ്ങിയപ്പോള്‍
എന്തു ചെയ്യുകയായിരുന്നു നിങ്ങള്‍?"
എന്റെ പ്രിയപ്പെട്ട നാട്ടിലെ അരാഷ്ട്രീയബുദ്ധിജീവികളേ,
നിങ്ങള്‍ക്ക്‌ ഉത്തരം മുട്ടും.
നിശ്ശബ്ദതയുടെ കഴുകന്‍ നിങ്ങളുടെ കുടല്‍ കൊത്തിത്തിന്നും.
സ്വന്തം ദുരവസ്ഥ നിങ്ങളുടെ ആത്മാവില്‍ തറച്ചുകയറും.
അപ്പോള്‍ ലജ്ജകൊണ്ട്‌ നിങ്ങള്‍ക്കു മിണ്ടാന്‍ കഴിയില്ല."
മനുഷ്യൻ ശബ്ദമാണ്. മനുഷ്യൻ ഭാഷയാണ്. മനുഷ്യന്റെ ആർജവം ഭാഷയിലും ഭാവനയിലും ശബ്ദത്തിലുമാണ് അതു കൊണ്ടു തന്നെ നിശ്ശബ്ദമാകാതിരിക്കുക.
നീതിക്ക് വേണ്ടി ദാഹിക്കുന്നവർക്ക് അനീതിക്കെതിരെ നിശബ്ദമാകാനാകില്ല. നിശബ്ദത മരണമാണ്. നിശബ്ദത മരണ ഭയമാണ്. ജീവൽ ബോധമുള്ളവർ സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദിക്കും.
യെ ദേശ് ഹം സബ് കാ ദേശ് ഹൈ.
ജെ എസ് അടൂർ

No comments: