Friday, March 13, 2020

ഡൽഹി കത്തുമ്പോൾ : അരവിന്ദ് കേജരിവാൾ വിമർശിക്കപ്പെടുന്നു.

ഡൽഹി കത്തുമ്പോൾ :
അരവിന്ദ് കേജരിവാൾ വിമർശിക്കപ്പെടുന്നു.
അല്പം ചരിത്രം.
ഡൽഹിയിൽ പണ്ട് ഇന്ത്യ എഗന്സ്റ്റ് കറപ്‌ഷൻ എന്ന ക്യാമ്പ്യയിൻ ആരംഭിച്ചപ്പോൾ യോഗേന്ദ്രയാദവും മറ്റു ചില സുഹൃത്തുക്കളുമായി നീണ്ട ഒരു സംഭാഷണ സംവാദത്തിന് ഇടവന്നു. അരവിന്ദ് കേജരിവാൾ അന്ന് ആ സമരത്തിൽ എടുത്തു ചാടി മുന്നിൽ വന്നയാളാണ്.
ആ ക്യാമ്പയിനിന്റ് പിന്നിലുള്ള രാഷ്ട്രീയമായിരുന്നു ചർച്ച. ഒറ്റനോട്ടത്തിൽ നല്ലത് എന്നു തോന്നിച്ച ആ ക്യാമ്പയിൻ നഗരവാസികളായ മധ്യവർഗ്ഗത്തിന്റെ ഇടയിൽ ചലനം സൃഷിട്ടിച്ചയൊന്നാണ് . എന്നാൽ അതിന്റ പിന്നാമ്പുറ സൂത്രധാരകരരെ സാധാരക്കാർക്ക് പെട്ടന്ന് മനസ്സിലായില്ല എന്നതാണ് ആ ക്യാമ്പേനിന്റെ വിജയം.
അരവിന്ദ് കേജരിവാളിനെകാണുന്നത് ഏതാണ്ട് ഇരുപത് കൊല്ലം മുമ്പാണ്. ഒരു അഡ്വക്കസി വർക്ഷോപ്പിൽ അദ്ദേഹം വന്നത് കൃത്യമായി ഓർക്കുന്നുണ്ട്.
പീപ്പിൾ സെന്റഡ്‌ അഡ്വക്കസിയെകുറിച്ചുള്ള ആദ്യ സെഷൻ നടത്തിക്കഴിഞ്ഞു ഞാൻ ടീ ബ്രേക്കിൽ വച്ചാണ് അരവിന്ദിനെ കണ്ടത്. അന്ന് അദ്ദേഹം ഐ ആർ എസ്സിൽ നിന്ന് അവധിയെടുത്തു സാമൂഹ്യ -രാഷ്ട്രീയത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്ന വ്യക്തിയായിരുന്നു. പിന്നീടാണ് അദ്ദേഹം കബീർ ഫൗണ്ടേഷൻ എന്ന സംഘടനയും പിന്നെ പരിവർത്തൻ എന്ന നെറ്റ്വർക്കുമുണ്ടാക്കുന്നത്. പിന്നെ അദ്ദേഹം വിവരവകാശ മൂവ്മെന്റിന്റെ ഭാഗമായി പ്രവർത്തിക്കുവാൻ ശ്രമിച്ചു.
ആ സമയത്തു അരുണറോയിയുടെ നേതൃത്തിൽ വളർന്ന നാഷണൽ ക്യാമ്പൈൻ ഫോർ പീപ്പിൾ റൈറ്റ് ടു ഇൻഫോർമേഷൻ എന്ന മൂവ്മെന്റിൽ സജീവമായിരുന്നു ഞാൻ. അതിനു വേണ്ട പല ഗവേഷണ സഹായവും മഹാരാഷ്ട്രയിൽ ആ ക്യാമ്പയിൻ വളർത്തുന്നതിലും സജീവമായിരുന്നു. ഇരുപത്തി രണ്ടു കൊല്ലം മുമ്പ് കേരളത്തിൽ വിവരവകാശത്തിന് വേണ്ടിയുള്ള സെമിനാർ സംഘടിപ്പിക്കുന്നതിന് സഹായിച്ചത് ശാസ്ത്ര സാഹിത്യ പരിഷത്തിൽ സജീവമായിരുന്ന അണ്ണൻ എന്ന രാധാകൃഷ്ണൻ സാറും തോമസ് ഐസക്കും ജോയ് ഇളമൺ മുതലായ സുഹൃത്തുക്കളാണ്.
ഇതു പറയാൻ കാരണം അന്ന് വിവരവകാശ ക്യാമ്പൈനിൽ സജീവമാകാൻ താല്പര്യം പ്രകടിപ്പിച്ച കെജ്രിവാളിന്റെ രാഷ്ട്രീയത്തെകുറിച്ചു ചർച്ചയുണ്ടായി. അതിൽ പ്രധാന ആരോപണം ഉന്നയിച്ചത് അദ്ദേഹത്തെ അടുത്തു അറിയാവുന്നവരായിരുന്നു.
അതിലൊന്നു തൊണ്ണൂറുകളുടെ ആദ്യം മണ്ഡൽ കമ്മീഷനു എതിരായി ഡൽഹിയിൽ നടന്ന ആന്റി റിസർവേഷൻ ക്യാമ്പയ്‌നോടുള്ള അനുഭാവമുണ്ടായിരുന്നുവെന്നും
അദ്ദേഹത്തിന് സവർണ്ണ രാഷ്ട്രീയത്തോടും ബി ജെ പി യോടും സോഫ്റ്റ്‌ കോർണറുണ്ട് എന്നായിരുന്നു പലരും പങ്കുവച്ച ആശങ്ക. കാരണം 90 കളുടെ ആദ്യം മണ്ഡൽ കംമീഷനോടുള്ള സവർണ്ണ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ നിന്നാണ് പൊതു മണ്ഡലത്തിൽ സജീവമായ മണ്ഡലിനു ബദലായി മന്ദിർ എന്ന അയോധ്യ വാദം രഥ യാത്രയുടെ പശ്ചാത്തലാത്തിൽ സജീവമായത്. അന്ന് കേജരിവാൾ എവിടെ ആയിരുന്നുവെന്നതാണ് ചർച്ച വിഷയം. അന്ന് കേജരിവാൾ എന്തായാലും സജീവ രാഷ്ട്രീയത്തിൽ ഇല്ലായിരുന്നു.
അതു കഴിഞ്ഞു പത്തു കൊല്ലം കഴിഞ്ഞു ഇന്ത്യ എഗന്സ്റ്റ് കറപ്‌ഷൻ എന്ന ക്യാമ്പൈൻ ഇന്ത്യയുടെ ജനാധിപത്യവൽക്കരണത്തിന് അത്യാവശ്യം വേണമെന്ന് പറഞ്ഞാണ് ഞങ്ങളിൽ പലരെയും അതിൽ ചേരുവാൻ യോഗേന്ദ്ര ഉപദേശിച്ചത്. അന്ന് ആ ക്യാംപെയ്ൻ തുടങ്ങിയപ്പോൾ അരവിന്ദ് കേജരിവാളിനൊപ്പം ഗാന്ധിയൻ പി വി രാജഗോപാലിനെയും അതിന്റ കമ്മറ്റിയിൽ ഉൾപ്പെടുത്തി. എന്നാൽ ഞങ്ങളുടഎല്ലാം ഉപദേശം കേട്ട് രാജഗോപാൽ ഉടനെ രാജി വച്ചു.
ഹൈജാക് അജണ്ട
സിവിൽ സമൂഹത്തിൽ നിന്ന് ഒരുപാടു പേർ ആ ക്യാമ്പയിനിൽ നിന്നു വിട്ട് നിൽക്കുവാൻ കാരണം ആ സമരത്തിന്റെ സൂത്രധാരകർ ആർ എസ് എസ്സ് ആണെന്ന് കൃത്യമായി അറിയാവുന്നത് കൊണ്ടാണ്. ആ ക്യാമ്പയിൻ ആരു എങ്ങനെ ഡിസൈൻ ചെയ്‌തെന്നും അതിനു ആരു ഫണ്ട് ചെയ്തു എന്നുമൊക്കെ ക്ര്യത്യമായി അറിയാം. അന്ന് മനീഷ് സിസോദിയ അടക്കം മീഡിയ ക്യാമ്പയിൻ എങ്ങനെ ചെയ്‌തെന്നും ആർ എസ് എസ് എങ്ങനെ ബുദ്ധിപൂർവം പ്രവർത്തിച്ചു വെന്നും. അണ്ണാ ഹസാരെയുടെയും കേജരിവാളിന്റെയും രാഷ്ട്രീയ ചായ്‌വ് അറിയാവുന്നവരായിരുന്നു. അരവിന്ദ് കേജരിവാളും അണ്ണാ ഹസ്സാരയും രാം ദേവും മൊരുമിച്ചു നടത്തിയ സമരത്തിന്റെ സൂത്രധാരകർ ആർ എസ് എസ് ന്റെ പ്രധാനബുദ്ധികേന്ദ്രങ്ങളിൽ ഒരാളായിരുന്നു.
അരുണയും ഞങ്ങൾ എല്ലാവരും. അതു കൊണ്ടാണ് അതിൽ ചേരാഞ്ഞത്. .ആ കാലത്ത് പൊളിറ്റിക്സ് അസ് സ്‌പെക്ടക്കിൽ എന്ന ഒരു ലേഖനം ഞാൻ എഴുതി. എന്ത് കൊണ്ടു ഇന്ത്യ ഏഗനസ്സ്റ് കറപ്‌ഷനിൽ ചേരുന്നില്ല എന്നതായിരുന്നു വിഷയം.
അന്ന് യോഗേന്ദ്രയാദവിനെപ്പോലുള്ളവർ ഞങ്ങളോട് പറഞ്ഞത് അസാധാരണ സാഹചര്യത്തിൽ അസാധരണ പ്രതികരണം വേണമെന്നാണ് (unusual situation needs unusual response ).അന്ന് അദ്ദേഹത്തോട് പറഞ്ഞത് ഇതു മോഡി ക്യാമ്പയിനിന്റ് ഭാഗമായി മധ്യ വർഗ്ഗത്തെ പാട്ടിലാക്കാനുള്ള അടവാണെന്നാണ്. അന്ന് കേജരിവാളിനോടും അണ്ണാ ഹസാരയോടുമൊപ്പം വന്നതാണ് രാംദേവ്.. അണ്ണാ ഹസാരെയും നിശ്ശബ്ദനാണിപ്പോൾ. രാംദേവ് പതഞ്ജലി ബിസിനസ് സാമ്രാജ്യ അധിപൻ. കേജരിവാൾ മുഖ്യമന്ത്രി. വേറൊരാൾ കിരൺ ബേദി ആയിരുന്നു. അവർ പിന്നീട് ബി ജെ പി യുടെ ആളായി പോണ്ടിച്ചേരിയിൽ ലെഫ്റ്റനന്റ് ഗവർണറായി.
എന്നാൽ ആ ക്യാമ്പയിന് പൊതു സമ്മതി കൊടുത്തത് യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണുമൊക്കെയാണ്. അവരുടെ പൊതു സമ്മതി കാരണം മധ്യ വർഗ്ഗത്തിൽ പെട്ട കുറെ ചെറുപ്പക്കാരും മാധ്യമ പ്രവർത്തകരും ആ ക്യാമ്പയിന് ഐക്യദാർഡ്യം കൊടുത്തു.
അന്ന് കൊൺഗ്രസ്സിലുള്ള പലരും അധികാര അഹങ്കാരത്തിന്റെ ആൾരൂപങ്ങളായിരുന്നു. ചിദംബരമൂൾപ്പെടെയുള്ളവർ. അന്ന് കൊണ്ഗ്രെസ്സ് നേതാക്കളോട് പലരോടും പതിയിരിക്കുന്ന അപകടം പറഞ്ഞത് കേൾക്കുവാനുള്ള മൂഡിലായിരുന്നില്ല. കേജരിവാളിനെ പുശ്ചിച്ചു തള്ളി. അവർ പറഞ്ഞത് അതു ചായ കോപ്പയിലെ കൊടുങ്കാറ്റാണെന്നാണ്
പലരും അധികാരത്തിൽ അഭിരമിച്ചു. പ്രണബ് മുക്കർജി റാംദേവിനെ സ്വകരിക്കാൻ ഡൽഹി എയർപോട്ടിൽ പോയി. അണ്ണാ ഹസാരെയെ ജയിലിലാക്കി. അന്ന് അടുത്ത സുഹൃത്തുക്കൾ ആയിരുന്ന മിസ്ത്രി സന്ദീപ് ദിക്ഷിത് ഉൾപ്പെടെയുള്ളവരോട് പറഞ്ഞു ഇതു കൊണ്ഗ്രെസ്സിന്റെ അവസാനിപ്പിക്കുവാനള്ള പരിപാടിയുടെ ഭാഗമാണെന്ന്. അവരൊക്കെ പറഞ്ഞത് " നിങ്ങൾ കേജരിയേയും കൂട്ടരേയും ഓവർഎസ്റ്റിമേറ്റ് ചെയ്യുകയാണ് ' എന്നാണ്.
പക്ഷെ അധികാരത്തിന്റെ അഹങ്കാരത്തിൽ അന്ധത ബാധിച്ചുപോയവരായിരുന്നു മിക്കവാറും പേർ. 2014ലാണ് കാര്യങ്ങൾ കൈവിട്ടു പോയെന്ന് മനസ്സിലാക്കിയത്.
എന്താണ് ആം ആദ്മി രാഷ്ട്രീയം?
ആം ആദ്മി പാർട്ടിയുണ്ടാക്കിയപ്പോൾ ഒരുപാടു സുഹൃത്തുക്കൾ വിളിച്ചു. അന്ന് പ്രശാന്ത് ഭൂഷൺ തിരുവനന്തപുരത്തു വന്നപ്പോൾ കണ്ടു ആശങ്കകൾ അറിയിച്ചിരുന്നു. ആ ചർച്ച കഴിഞ്ഞു ഇറങ്ങിയപ്പോഴാണ് അവിടെ ചർച്ചക്ക് വേണ്ടി കാത്തിരുന്നു സി ആർ നീല കണ്ഠനെ ആദ്യമായി കണ്ടത്. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ പ്രൊഫസർ കമൽ മിത്ര ചിനോയ്, പ്രൊഫസർ ബാബു മാത്യു, അജിത് ജോയ് മുതലായി ഒരുപാടുപേർ കേജരിവാലിന്റെ കൂടെകൂടി. കേജരിവാൾ സമർത്ഥമായി അവരെ ഉപയോഗിച്ചു. യോഗേന്ദ്രയാദവ് ആണ് ആ പാർട്ടിയുടെ പേര് നിർദേശിച്ചത്. അതുപോലെ പ്രശാന്ത് ഭൂഷ ൺ അവർക്ക് സാധുത നൽകി. ആവശ്യം കഴിഞ്ഞപ്പോൾ കേജരിവാൾ അവരെ പുറത്താക്കി. അല്ലാത്തവർ സ്വയം പുറത്തുപോയി.
അന്ന് ആപ്പിൽ ചേരുവാൻ സാധിക്കുമായിരുന്നിട്ടും ചേർന്നില്ല .സുഹൃത്തുക്കളിൽ പലരും മത്സരിച്ചു. ബാംഗളൂരിൽ തിരെഞ്ഞെടുപ്പിൽ ബാബു മാത്യു മത്സരിച്ചു തോറ്റു. പിന്നെ രണ്ടു വർഷം കഴിഞ്ഞു അടുത്തു സുഹൃത്തും സഹപ്രവർത്തകാണുമായിരുന്ന പ്രൊഫസർ ബാബു മാത്യുവിനായിരുന്നു കേരളത്തിന്റെ ചാർജ്. ഇപ്പോൾ അദ്ദേഹവും ആപ്പിൽ നിന്നും പോയി.
അന്നും ഇന്നും പറഞ്ഞത് അരവിന്ദ് കേജരിവാളിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്തായിരുന്നു എന്നതാണ് . അന്ന് എന്റെ പഴയ സുഹൃത്ത് യോഗേന്ദ്രയാദവ് പറഞ്ഞത് ' 'we are beyond ideology ' എന്നതായിരുന്നു.
ഐഡിയോളേജി എന്ന് പറയുന്നത് രാഷ്ട്രീയ നൈതീക ബോധത്തെ അടിസ്ഥാനമാക്കി സമൂഹത്തെകുറിച്ചും രാഷ്ട്രീയ രീതിയെകുറിച്ചുമുള്ള കാഴ്ചപ്പാടാണ്. അതില്ലെങ്കിൽ റഡാറില്ലാത്ത കപ്പലോ വിമാനമോ പോലെയാണ് രാഷ്ട്രീയം. അതു എങ്ങോട്ടും പോകാം.
അതുകൊണ്ടു കൂടിയാണ് ഐഡിയോളേജി പ്രശ്‍നമല്ല എന്ന രാഷ്ട്രീയമുള്ള ആം ആദ്മിയിൽ ചേരാഞ്ഞത്. അതിൽ ഒരുപാടു പേർ സജീവ ആർ എസ് എസ് ബന്ധമുള്ളവരായിരുന്നു.അന്ന് ആപ്പിന്റെ വലിയ നേതാവ് ആയിരുന്ന കുമാർ വിശ്വാസിന്റെ രാഷ്ട്രീയം സംഘ പരിവാരിറീന്റെതായിരുന്നു. അദ്ദേഹം നേരത്തെഎഴുതിയ കവിത മോഡി സ്തുതി ഗീതമായിരിന്നു . ഇവരെയെല്ലാം കൂട്ടിയിണക്കിയത് ഇന്ത്യ എഗന്സ്റ്റ് കറപ്‌ഷൻ എന്ന ആർ എസ് എസ് എഴുതി സംവിധാനം ചെയ്ത അഴിമതി വിരുദ്ധ സമരമായിരുന്നു.
കപിൽ മിശ്ര ആപ്പിൽ ചേരുന്നതിന് മുമ്പ് സംഘ പരിവാർ ബന്ധമുണ്ടായിരുന്നയാളാണ്. അരവിന്ദ് കേജരിവാൾ മന്ത്രി സഭയിൽ ജലസേചന മന്ത്രിയായിരുന്നു. അവിടെ നിന്ന് തെറ്റിപിരിഞ്ഞു ബി ജെ പി യിൽ എത്തിയിട്ട് അധികം കാലമായില്ല. മിശ്രയുടെ അച്ഛൻ ആർ എസ് എസ് കാരൻ. ബി ജെ പ് കൗൺസിലർ. അയാൾ ആർ എസ് എസ് കാരൻ. മണ്ഡലിനും റിസര്വേഷന് എതിരായ യൂത്ത് ഫോർ ജസ്റ്റിസിൽ കൂടി അരവിന്ദ് കേജരിവാളിനോടൊപ്പം കൂടിയയാൾ
കപിൽ മിശ്ര വർഗീയ കലാപത്തിന് പരസ്യമായി ആഹ്വാനം നടത്തിയിട്ടും അതു രണ്ടു ദിവസം കൊണ്ടു സമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിട്ടും ഡൽഹി മുഖ്യ മന്ത്രി അതിന് എതിരെ പ്രതികരിച്ചില്ല.
ഗാന്ധിജിക്ക്‌ ചെയ്യാനായത് 'ഗാന്ധിയന്മാർ'ക്ക്‌ ആകില്ല. കൽകട്ട കത്തുമ്പോൾ അതിന്റെ നടുക്ക് ഇറങ്ങി സത്യാഗ്രഹിയാകുവാനുള്ള ഉൾക്കരുത്തും രാഷ്ട്രീയ നൈതീക ബോധ്യങ്ങളും ഗാന്ധിജിക്കുണ്ടായിരുന്നു. അതിന് വേണ്ടി ജീവൻ വെടിയുവാൻ തയ്യാറായിരുന്നു . എന്നാൽ ഇന്ന് അധികാരികളുടെ ആശ്രിതരായി ഗാന്ധിജിയെ കൊന്നവരോടൊപ്പം കൂടി സമാധാനം പ്രസംഗിക്കുന്ന ഗാന്ധിയന്മാർക്ക് ഇല്ലാത്തത് ഗാന്ധിജിക്കുണ്ടായിരുന്ന രാഷ്ട്രീയ നൈതീക ബോധ്യങ്ങളാണ്.
ഡൽഹിയിൽ ക്രിമിനലുകൾ കൊന്നും കത്തിച്ചും പരസ്പരം ടാർജറ്റ് ചെയ്യുമ്പോൾ മുഖ്യ മന്ത്രി അരവിന്ദ് കേജരിവാൾ ഗാന്ധി സമാധയിൽ പോയിരുന്നു പ്രാർത്ഥിക്കുന്നത് പോലെ വേറെ കപട രാഷ്ട്രീയമില്ല.
നിശബ്ദതയുടെ രാഷ്ട്രീയം.
മാർട്ടിൻ ലൂഥർ കിംഗ് നിശബ്ദതയുടെ രാഷ്ട്രീയത്തേകുറിച്ച് പറഞ്ഞിട്ടുണ്ട്. അവസാനം നമ്മൾ ശത്രുക്കളുടെ വാക്കുകളെക്കാൾ സുഹൃത്തുക്കളുടെ നിശബ്ദത ഓർക്കുമെന്നു . മോഡിയും അമിത് ഷായും പ്രതിനിധികരിക്കുന്ന വർഗീയ രാഷ്ട്രീയവും ഗുജറാത്ത്‌ മോഡൽ വെറുപ്പിന്റെ രാഷ്ട്രീയത്തിൽ നിന്ന് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആർക്കും പ്രതിക്ഷയില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും പരിരക്ഷ നൽകുന്നതിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയും പോലീസും പരാജയപ്പെട്ടു.
പക്ഷേ ആപ്പ് രാഷ്ട്രീയത്തിലും മുഖ്യ മന്ത്രി കേജരിവാളിലും ഒരുപാടു ജനങ്ങൾക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ മുഖ്യ മന്ത്രി കേജരിവാളിന്റെ വാചാലമായ നിശബ്ദതയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിനെ വിമർശിക്കാൻ നിർബന്ധിതമാക്കിയത്. അതു ഒരു വ്യക്തിയോടുള്ള വിമർശനം അല്ല. ഡൽഹി മുഖ്യ മന്ത്രിയുടെ അൽകൗണ്ടബിലിറ്റിയോടുള്ള ചോദ്യമാണ്.
ജാമിയയിലും ജെ എൻ യു വിലും പോലീസ് സഹായത്തോടെ വർഗീയ രാഷ്ട്രീയ ഭ്രാന്ത്‌ പിടിച്ച ഗുണ്ടകൾ അഴിഞ്ഞാടിയപ്പോൾ കേജരിവാൾ അനങ്ങിയില്ല. അയാളുടെ മൂക്കിന് താഴെയാണ് സംഭവിച്ചത്. കപിൽ മിശ്ര വർഗീയ ആക്രമണത്തിന് ആഹ്വാനം ചെയ്തപ്പോൾ അദ്ദേഹം അതിനെ എതിർത്തു ഒന്നും പറഞ്ഞില്ല.. അക്രമങ്ങൾ ഒഴിവാക്കാൻ കാര്യമായി എന്തെങ്കിലും ചെയ്തില്ല. . അദ്ദേഹം ജനകീയ ജനാധിപത്യതിന്റെ വക്താവ് ആയിരുന്നെങ്കിൽ മൗനമായിരിക്കില്ലായിരുന്നു.വർഗീയ രാഷ്ട്രീയത്തിന് എതിരെ സജീവ നിലപാട് എടുത്തേനേ.
ഇപ്പോൾ ഡൽഹി അയാൾ ഗാന്ധി സമാധിയിൽ പോയി പ്രാർത്ഥിച്ചു. അപ്പോൾ ആളുകൾ തെരുവിൽ കൊല്ലപ്പെടുകയായിരുന്നു.
ഗാന്ധിജിയുടെ രാഷ്ട്രീയ നൈതികതയുടെ ആത്മ ധൈര്യമാണ് മുഖ്യ മന്ത്രി അരവിന്ദ് കേജരിവാളിനും ഇല്ലാത്തത്. പണ്ട് ഉണ്ടായിരുന്നു ഗാന്ധി തൊപ്പി പോലും ഇപ്പാൾ ഇല്ല. 62 എം എൽ എ മാരുള്ള പാർട്ടി .. കലാപത്തിന് നേത്രത്വം കൊടുക്കുന്നയാൾ വളരെ വർഷം കൂടെയുണ്ടായിരുന്നയാൾ. അരവിന്ദ് കേജരിവാൾ ഡൽഹിയുടെ തെരുവിൽ 62 എം എൽ എ മാരെയും ആം ആദ്മി പ്രവർത്തകാരെയും കൂട്ടി സത്യാഗ്രഹമൊ ശാന്തിയാത്രയോ നടത്തിയിരുന്നെങ്കിൽ ഇതു എഴുതില്ലായിരുന്നു.
ജനകീയ രാഷ്ട്രീയത്തിൽ കൂടെ വന്നവർക്ക് വിശ്വാസവും ധൈര്യവും ജനങ്ങളാണ്. അതു ഇല്ലാതെ വരുമ്പോഴാണ് പോലീസ് ഇല്ല എന്ന ന്യായീകരണം. പോലീസ് അമിത് ഷായുടെ നിയന്ത്രണത്തിൽ ആണെന്നത് എല്ലാവർക്കും അറിയാം..
പക്ഷേ പോലീസ് കൂടെയുണ്ടായിരുന്നിട്ടാണോ ഇതു വരെ കേജരിവാൾ പ്രവർത്തിച്ചത്? അയാൾ പരിവർത്തനത്തിൽ പ്രവർത്തിച്ചു പരിവർത്തനം കൊണ്ടു വന്നു എന്ന് അവകാശപെട്ടിട്ടും എന്താണ് ഡൽഹി കത്തുന്നത്? ആരാണ് കത്തിക്കുന്നത്? വർഗീയ അക്രമകാരികൾക്ക് എതിരെയുള്ള രാഷ്ട്രീയ പ്രതികരണമാണ് ഒരുപാടു ജനങ്ങൾ പ്രതീക്ഷിച്ചത്.
ഒരു ജനകീയ നേതാവിന് പോലീസ് ഇല്ലാതെ അയാളുടെ മണ്ഡലത്തിൽ ഇറങ്ങി നടക്കുവാൻ പേടിയാണോ കേജരിവാൾ? ആരുടെ ആ ആദ്മി ആണിത്?
കേജരിവാളിന്റെ രാഷ്ട്രീയതിന്നു ഒത്താശ ചെയ്തു കൊടുത്തു എന്നതാണ് യോഗേന്ദ്ര യാദവിനോടും എന്റെ സുഹൃത്തുക്കളോടുമുള്ള പരാതി.. ഇന്ന് അവരാരും കേജരിവാളിന്റെ കൂടെ ഇല്ലാത്തത് അയാളുടെ ഏകാധിപത്യ മേൽക്കോയ്‌മ രാഷ്ട്രീയത്തേ അടുത്തു അറിഞ്ഞത് കൊണ്ടാണ്.
അധികാരത്തിന്റെ അഹങ്കാര ദാർഷ്ട്ട്യങ്ങൾ
അധികാര അഹങ്കാരത്തിന്റെ മാളികയിൽ നിന്ന് താഴെവീണ കൊണ്ഗ്രെസ്സ് നേതാക്കൾക്ക് ചൂട് വെള്ളത്തിൽ വീണ പൂച്ച തണുത്ത വെള്ളം കണ്ടാലും പേടിക്കും എന്ന മട്ടാണ്. കാരണം ഇന്ന് ഗാന്ധിജിയൂടെയോ നെഹ്‌റുവിന്റെയോ ആത്മ ധൈര്യവു നൈതീക ബോധവുമുള്ള കൊണ്ഗ്രെസ്സ് നേതാക്കളെ കാണണമെങ്കിൽ മൈക്രോസ്കോപ്പിലും സാധിക്കില്ല. കാരണം ഇന്നത്തെ രാഷ്ട്രീയപാർട്ടികൾ അധികാരത്തിന്റ ഐഡിയോലജിക്കപ്പുറം ഒരു രാഷ്ട്രീയ നൈതീക ബോധമില്ലന്നതാണ് നമ്മുടെ ജനാധിപത്യം വ്യവസ്ഥിതി നേരിടുന്ന വെല്ലുവിളി.
കേജരിവാൾ അടക്കമുള്ളവർക്ക് അധികാരവും ഭരണ അധികാര സന്നാഹവുമാണ് അവരുടെ രാഷ്ട്രീയതിന്റെ ആദ്യവും അന്ത്യവും. ആം ആദ്മി പാർട്ടിയും അരവിന്ദ് കേജരിവാളും പുതിയ ജനായത്ത രാഷ്ട്രീയ നൈതികത എന്ന പ്രതിക്ഷ അറ്റുപോയൊരുക്കുന്നു. എങ്ങനെയും ഭരണം പിടിച്ചു അധികര നിലനിർത്തുക എന്ന മിനിമം പരിപാടിയുള്ള ഏതൊരു പാർട്ടിയിൽ നിന്നും വ്യത്യസ്ടമല്ല ആപ്പ്. അതു കൊണ്ടാണ് ഒരൊറ്റ വനിത പോലുമില്ലാത്ത പുരുഷ മന്ത്രി സഭയിൽ ആപ്പിനോ മുഖ്യ മന്ത്രിക്കോ പ്രശ്നം ഇല്ലാത്തത്. അരവിന്ദ് കേജരിവാളിനോടുള്ള ലോയൽറ്റിയും ആഭിമുഖ്യവുമാണ് പ്രധാന ഐഡിയോലജി. അതില്ലാത്തവർക്ക് അവിടെ നിലനിൽപ്പില്ല.
ഇന്ത്യയിൽ ജനാധിപത്യ വ്യവസ്ഥയെ പുകമറയാക്കി ഒരുകൂട്ടം കോർപ്പറേറ്റുകളുടെ സാമ്പത്തിക പിന്തുണയോടെ ജനായത്തത്തിലൊ ഭരണഘടനയിലോ എല്ലാ ജനങ്ങൾക്കും തുല്യ അവകാശം എന്നതിലോ വിശ്വാസമില്ലാത്ത വർഗീയ രാഷ്ട്രീയതിന്റെ വക്താക്കൾ രാജ്യം ഹൈജാക്ക് ചെയ്തിരിക്കുന്നു.
ഉള്ളിൽ സവർണ്ണ പേഷ്വാ ബ്രമ്മിണിക്കൽ ഫാസിസം കൊണ്ടു നടക്കുന്നവർക്ക് ദളിതരോടും ന്യൂന പക്ഷങ്ങളോടും ഹിന്ദി ബെൽറ്റിനു അപ്പുറം ഉള്ളവരോടുള്ള പുശ്ചവും ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
വളരെ സിനിക്കലായി അധികാരം ഏത് വിധേനയും പിടിച്ചടക്കി കോർപ്പറേറ്റ് മുതലാളിമാരുടെ പിന്തുണയോടെ ഭരിച്ചു മുടിക്കുക എന്നതായി രാഷ്ട്രീയം.
സാമ്പത്തിക വരേണ്യരും രാഷ്ട്രീയ വരേണ്യരും മീഡിയയെ വിലക്കെടുത്തു കൺസെൻസും പോലീസിനെ ഉപയോഗിച്ച് പേടിപ്പെടുത്തിയും ഗുണ്ടകളെ ഉപയോഗിച്ച് കൊന്നും കൊലവിളിച്ചും ഭയം വിതച്ചു ഭരിക്കുകയാണ്. അറുപത് കൊല്ലം കൊണ്ടു നേടിയ സ്വാതന്ത്ര്യം ആറുകൊല്ലം കൊണ്ടു അവസാനിപ്പിക്കുവാനുള്ള ശ്രമമാണ്.
അതു അനുവദിക്കരുത്.
അധികാരികൾ എന്നും അധികാര അഹങ്കാരത്തിൽ രമിക്കുമ്പഴാണ് ജനങ്ങൾ ഉണരേണ്ടത്.
ഇന്ത്യ നമ്മുടെ എല്ലാവരുടെയും രാജ്യമാണ്. അതിനെ കത്തിക്കുവാൻ അനുവദിക്കരുത്. ജനയാത്തെയും നീതി ന്യായ വ്യവസ്ഥയും ഭരണഘടനാ മൂല്യങ്ങളെയുമാണ്‌ അവർ കത്തിക്കുന്നത്.
അതു അനുവദിക്കരുത്
രാജ്യമേ കേഴുക
ജെ എസ് അടൂർ

No comments: