Monday, March 23, 2020

കോവിഡ് രാഷ്ട്രീയത്തിനപ്പുറം.

കോവിഡ് രാഷ്ട്രീയത്തിനപ്പുറം.
ഇന്ത്യയിൽ നിലവിൽ റിപ്പോർട്ട് ചെയ്ത കോവിഡ് വൈറസ് പോസിറ്റീവ് കേസ് 194 ആണ്. ഇന്ത്യയിലെ ജന സംഖ്യ 130 കോടിയാണ്. ഇന്ത്യയിലെ ജന സംഖ്യ പെരുപ്പവും പല സംസ്ഥാനങ്ങളിലുമുള്ള പൊതു ജനാരോഗ്യ സംവിധാനത്തിന്റെ ന്യൂനതകളും അഭാവവും ആശങ്കകൾക്ക് വക നൽകുന്നുണ്ട്. ഇപ്പോഴുള്ള 194:കേസുകൾ ആയിരത്തിലധികമാകാൻ ദിവസങ്ങൾ മതി.
എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന ആശങ്ക പടരുന്നുണ്ട് . അതുപോലെയുള്ള ആശങ്ക ഇതു യൂറോപ്പിൽ പലയിടത്തും സംഭവിച്ചത് പോലെ ആളിപ്പടരുമോ എന്നാണ്. ആളുകളിൽ അങ്കലാപ്പ് കൂടുതൽ ഉണ്ടെങ്കിലും നിലവിലെ സ്ഥിതിയിൽ ഇന്ത്യയിൽ ഒരു അടിയന്തരാവസ്ഥക്കുള്ള സാഹചര്യം ഇല്ല. എന്നാൽ അതീവ ജാഗ്രത വേണ്ട സമയവുമാണ്.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ പല പ്രതിരോധ നടപടികളും എടുത്തിട്ടുണ്ട്. ഇപ്പോൾ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ജനങ്ങളും ഏകപനത്തോടെ പ്രവർത്തിക്കേണ്ട കാര്യമാണ്. രാജ്യം പ്രതി സന്ധിനേരിടുമ്പോൾ എല്ലാവരും ഒരുമിച്ചു മുൻകരുതൽ എടുക്കേണ്ടതാണ്
ഇപ്പോൾ കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് ചെയ്യാവുന്നത് പാൻഡെമിക് ദുരന്ത ലഘൂകരണവും, ദുരന്ത പ്രതിരോധവും വേണ്ട ജാഗ്രതയും മുൻകരുതലുകളുമാണ്. ഒരു ലോക പാൻഡെമിക് മെയ് മാസത്തിനു മുമ്പ് നിയന്ത്രണ വിധേയമാക്കിയില്ലെങ്കിൽ അതു ലോകമാകെ സാമ്പത്തിക പ്രതിസന്ധിക്ക് വഴിതെളിക്കും. ഇപ്പോൾ തന്നെ ക്ഷീണ അവസ്ഥയിലുള്ള ഇന്ത്യൻ സാമ്പത്തിക രംഗത്തെ അതു തകർച്ചയുടെ വക്കിൽ എത്തിക്കാം. അതു കൊണ്ടു തന്നെ ഇതിനോട് സർക്കാർ വളരെ അവധാനതയോടയാണ് പ്രതികരികണ്ടത്. അല്ലാതെ ഓടിച്ചാടി അങ്കലാപ്പിലുള്ള ഉടനടി പോളസികൾ എടുത്താൽ ഗുണtth
ഇന്നലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ വലിയ പോളിസി മാറ്റങ്ങളോ അടിയന്തരാവസ്ഥയോ പ്രതീക്ഷിച്ചവർ നിരാശരായി. അങ്ങനെയുള്ള പോളിസികൾ ഇന്നലെ പ്രതീക്ഷിക്കാത്തത് കൊണ്ടു പ്രസംഗം പ്രത്യേക പ്രത്യാശയോ നിരാശയോ ഉളവാക്കിയില്ല. എന്നാൽ ഇപ്പോൾ 194 റിപ്പോർട്ട് കേസുള്ള ഇന്ത്യയിൽ അടിയന്തരാവസ്ത പ്രഖാപിച്ചാൽ അതു സാമ്പത്തിക പ്രതിസന്ധിയുടെ ആക്കം കൂടുകയും സ്റ്റോക് എക്സ്ചേഞ് വീഴ്ച്ചയുൾപ്പെടെ പല പ്രശ്നങ്ങളിലേക്ക് നയിക്കും. ഇപ്പഴുളള സർക്കാർ ഈ അവസരം ഉപയോഗിച്ചു അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചാൽ അതു വലിയ രാഷ്ട്രീയ ആശങ്കകൾക്കും ഇടം നൽകും
അതു കൊണ്ടു തന്നെ പ്രധാനമന്ത്രിയുടെ ഇന്നലത്തെ പ്രസംഗം ജനങ്ങളെ ബോധവൽക്കരിക്കുവാനുള്ള ഒരു സാമൂഹിക അഡ്വക്കസിയായാണ് കേട്ടത്. . അതിൽപറഞ്ഞത് ജനങ്ങൾ എടുക്കണ്ട മുൻകരുതലുകളെയും ജാഗ്രതയെയും കുറിച്ചാണ്. ഇനിയും വരാൻ ഇടയുള്ള ദുരന്തത്തിന് തയ്യാറെടുപ്പ് എന്ന രീതിയിലും ജനങ്ങളിൽ ജാഗ്രത വളർത്താനുമാണ് ഞായാഴ്ച്ച ഒരു ദിവസം എല്ലാവരും സ്വയമേ വീട്ടിൽ തന്നെ ഇരിക്കുന്ന ഒരു ദേശീയ ജാഗ്രത ദിനം എന്ന ജനകീയ കർഫ്യുവിന്റെ ലക്ഷ്യം.
അതു രാജ്യമൊട്ടുക്ക് 130 കോടി ജനങ്ങൾ ചെയ്താൽ ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ കമ്മ്യൂണിക്കേഷൻ സാമൂഹിക പരീക്ഷണമായിരിക്കും. അതുകൊണ്ടു അതു പുശ്ചിച്ചു തള്ളുന്നതും ട്രോളുന്നത്മൊക്കെ അതിന്റ സാധ്യതകളെകുറിച്ച് ധാരണ ഇല്ലാത്തവരാണ്. ഇഷ്ട്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റം എന്നുള്ളവരാണ് പ്രധാനമന്ത്രി വാചകമടിക്കുക മാത്രമേ ചെയ്തു എന്ന് പറയുന്നത്. പക്ഷെ രാഷ്ട്രീയ പാർട്ടി ലെന്സുകളും മുൻവിധികളും മാറ്റി വച്ചാൽ പ്രധാനമന്ത്രി രാജ്യത്തെ 130 കോടി ജനങ്ങൾക്ക് മുൻകരുതലുകളെക്കുറിച്ചും പ്രതിരോധത്തിനെകുറിച്ചുമുള്ള ചില ആശയങ്ങളും നിർദേശങ്ങളും പങ്കു വയ്ക്കുയാണ് ചെയ്തത്.
കേന്ദ്ര സർക്കാർ ദുരന്ത ലഘുകരണ കാര്യത്തിൽ ഇതുവരെ ഗൗരവമായിതന്നെയാണ് നിർദേശങ്ങൾ നൽകുകയും നടപടികൾ കൈക്കൊള്ളുകയും ചെയ്തത്. മൊബൈൽ ഫോൺ നെറ്റ്വർക്ക് ഉപയോഗിച്ചു ഒരുപക്ഷേ ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങളിലേക്ക് കോവിഡ് മുൻകരുതലുകൾ നൽകിയ രാജ്യം ഇന്ത്യയായിരിക്കും
194 റിപ്പോർട്ടേഡ്‌ കേസും 130 കോടി ജനങ്ങളും 29 സംസ്ഥാനങ്ങളും 7 യൂണിയൻ ടെറിട്ടറിയൂ മുള്ള ഇന്ത്യയുടെ അവസ്ഥയും യൂറോപ്പ്യൻ രാജ്യങ്ങളുടെ അവസ്ഥയും ഇക്കാര്യത്തിൽ തികച്ചും വ്യത്യസ്തമാണ്. അതു കൊണ്ടു തന്നെ യൂറോപ്പ്യൻ രാജ്യങ്ങളെപ്പോലെ ഇപ്പോൾ അടിയന്തര അവസ്ഥ പ്രഖ്യാപിക്കണമെന്നും സാമ്പത്തിക ദുരന്ത പാക്കേജ് പ്രഖ്യാപിക്കണമെന്നോയൊക്കെ ചിലർ പറയുന്നത് കൃത്യമായി കാര്യങ്ങൾ പഠിച്ചിട്ടാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യ ഇപ്പോൾ വൈറസ് പകർച്ചയുടെ രണ്ടാം ഘട്ടത്തിലാണ്. സർക്കാരിന് ഇപ്പോൾ ചെയ്യാവുന്നത് പ്രധാനമായും ആറു കാര്യങ്ങളാണ്.
1) ജന പങ്കാളിത്തത്തോട് മുന്കരുതലാവും പ്രതിരോധവും
2)ടെസ്റ്റിംഗ് സംവിധാനവും പൊതു ജനാരോഗ്യ സംവിധാനവും സർക്കാർ -പ്രൈവറ്റ് ആരോഗ്യ മേഖലകളെ ഏകോപിച്ചു യുദ്ധകാലാടിസ്ഥാനത്തിൽ വലിയ ദുരന്തത്തിന് തയ്യാറെടുക്കുക.
3). രോഗം ബാധിതരെയും വരാനുള്ളവരെയും മാറ്റിപാർപ്പിക്കുവാൻ കുറഞ്ഞത് ഒരു ലക്ഷം പേർക്കുള്ള സംവിധാനമുണ്ടാക്കുക. സ്കൂളുകൾ, കോളേജുകൾ മുതലായവയെ ഉപയോഗിച്ചു വേണ്ടത് ചെയ്യുക.
4) സാമ്പത്തിക പ്രതിസന്ധികൾ നേരിടുവാനുള്ള നടപടികൾ. പ്രധാനമായും ദിവസക്കൂലികിട്ടുന്നവർക്കും ദാരിദ്ര്യ രേഖക്ക് പുറത്തുള്ളവർക്കും പൈസ നേരിട്ട് എത്തിക്കുക.
5)ആൾക്കൂട്ടങ്ങൾ കൂടുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കുകയും രോഗം ബാധിതർ കൂടുവാനുള്ള പഴുത് അടക്കുകയും ചെയ്യുക.
6) സർക്കാർ ഇപ്പോൾ ചെയ്യണ്ടത് പാൻഡെമിക് ഡിസാസ്റ്റർ റിസ്ക് അസ്സെസ്സ്മെൻറ് നടത്തി അടുത്ത നാല് ആഴ്ചയിലുള്ള ആരോഗ്യ ദുരന്ത സാധ്യതകളെകുറിച്ച് പഠിച്ചു കൃത്യമായ കണ്ടിജൻസി പ്ലാനുകൾ ആരോഗ്യ സാമ്പത്തിക സാമൂഹിക മേഖലകളിൽ നടപ്പാക്കുക എന്നതാണ്.
ഇതിൽ ആദ്യത്തെ രണ്ടു കാര്യങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചെയ്തു തുടങ്ങി. ഈ ആഴ്ചയോടെ 172 ടെസ്റ്റിംഗ് ലാബുകൾ ഉണ്ടായിരിക്കും എന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞത്. ഐ സി എം ആർ -72 ലാബ്, വിവിധ സർക്കാർ ലാബുകൾ -49. സർക്കാറിനോടൊപ്പം പ്രവർത്തിക്കുന്ന 51 പ്രൈവറ്റ് ലാബുകൾ. അടുത്ത ആഴ്ചയിൽ ഇന്ത്യയിൽ എല്ലാ സംസ്ഥാനത്തും ജില്ലാ തലത്തിൽ ടെസ്റ്റിംഗ് സംവിധാനമുണ്ടേകേണ്ടതുണ്ട്.
അതുപോലെ സർക്കാർ -പ്രൈവറ്റ് ആശുപത്രികൾ ഏകോപിച്ച പ്രവർത്തിക്കുവാൻ കൃത്യമായി പോളിസി ഗൈഡ്ലൈനും അതു നടപ്പാക്കാൻ കളക്റ്ററും ഡി എം ഓയും ഉൾപ്പെടെയുള്ള ഒരു സമിതിയെ കളക്റ്ററുടെ നേത്രത്വത്തിൽ നിയമിക്കണം. കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും അതുപോലുള്ള നടപടികൾ തുടങ്ങി.
ആരോഗ്യ പരിപാലനം സംസ്ഥാനങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തമായതിനാൽ സംസ്ഥാന സർക്കാരുകളാണ് ഇതു നടപ്പാക്കേണ്ടത്. എന്നാൽ കേന്ദ്ര സർക്കാരിന് ഇതിന് വേണ്ട നിർദേശങ്ങളും ദുരന്ത നിവാരണം ഫണ്ടിൽ നിന്ന് ആവശ്യങ്ങൾ അനുസരിച്ചു ശരാശരി അഞ്ഞൂറ് കോടി രൂപയുടെ ആരോഗ്യ സുരക്ഷ പാക്കേജ് കൊടുക്കാവുന്നതാണ്.
ഇന്ത്യയിൽ രണ്ടാം ഘട്ടത്തിൽ രോഗം പിടിച്ചു നിർത്തി പകരാതിരിക്കുവാനുള്ള തയ്യാറെടുപ്പാണ് ഇപ്പാൾ അത്യാവശ്യം. കേന്ദ്ര സർക്കാർ വിദേശ വിമാന സർവീസുകൾ നിർത്തി വച്ചു. പല സ്വദേശ വിമാന സർവീസുകളും ട്രെയിൻ സർവീസുകളും റദ്ദാക്കി. പരീക്ഷകൾ മാറ്റി വച്ചു. വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് അവധി. വീട്ടിൽ ഇരുന്നു ജോലി ചെയ്യാനുള്ള നിർദേശങ്ങൾ /നടപടികൾ. ഇതു വരെ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ഏകോപനത്തതൊടെയാണ് പ്രവർത്തിക്കുന്നത്.
ലോകത്തിലെ രാജ്യങ്ങൾ ഇതുപോലെ ഒരു വൻ പകർച്ച വ്യാധി അരക്ഷിത അവസ്ഥയും രോഗപ്പേടിയും ഇതുപോലെ നേരിട്ടിട്ടില്ല. യാത്രയുടെയും വാർത്തവിനിമയത്തിന്റയും ടെക്നൊലെജിയുടെയും ആഗോളവൽക്കരണത്തിലൂടെ വൈറസിനെക്കാളിൽ വേഗം ആശങ്കകളും ഭയവും പടരുകയാണ്.
ഭയം പകരുമ്പോൾ എല്ലാവരും സർക്കാരിലേക്കാണ് പരീരക്ഷക്ക് നോക്കുന്നത്. മാര്കെറ്റിനേക്കാളും ഇൻഷുറൻസിനെക്കാളും പ്രൈവറ്റ് ആശുപത്രികളെക്കാളും ജനങ്ങൾ നോക്കുന്നത് സർക്കാരിനെയാണ്.
അതുകൊണ്ടു തന്നെ സർക്കാർ എല്ലാ തലത്തിലും അവധാനതയോടും തികഞ്ഞ ഉത്തരവാദിത്തോടുമാണ് പ്രവർത്തിക്കേണ്ടത്. ഇങ്ങനെയുള്ള അവസരങ്ങളിൽ സർക്കാരും എല്ലാ ജനങ്ങളും തമ്മിലുള്ള കമ്മ്യുണിക്കേഷനും പ്രധാനമാണ്. ഭരണ -പ്രതിപക്ഷ വേർതിരിവുകൾക്കപ്പുറം ജാതി മത വേർതിരിവുകൾക്കപ്പുറം ഒരുമിച്ചു പ്രവർത്തിക്കേണ്ട സമയമാണ്.
സർക്കാരുകൾ എല്ലാ ജനങ്ങളുടേതുമാണ്. അല്ലാതെ ഭരിക്കുന്ന പാർട്ടികളുടേതല്ല. സർക്കാരിന് നികുതി കൊടുക്കുന്നത് എല്ലാ ജനങ്ങളുമാണ്. അതുകൊണ്ടു പാർട്ടി രാഷ്ട്രീയത്തിന് അപ്പുറം ജനങ്ങളും സർക്കാരും പ്രവർത്തിക്കേണ്ട സമയവുമാണ്.
രാഷ്ട്രീയപാർട്ടികൾക്കും നേതാക്കൾക്കും കലക്ക വെള്ളത്തിൽ മീൻ പിടിക്കാനുള്ള അവസരം ഇപ്പഴല്ല. സ്ഥിരം പഴിചാരൽ രാഷ്ട്രീയ കലാ പരിപാടികൾ വൈറസ് ബാധപോയികഴിഞ്ഞാവാം.
ജെ എസ് അടൂർ

No comments: