Thursday, March 12, 2020

ആരാണ് ഹർഷ് മന്ദർ?


ജനങ്ങളോടൊത്തു സ്നേഹത്തിനും അഹിംസക്കും നീതിക്കും വേണ്ടി നിരന്തരം ശബ്ദമുയർത്തി ഒരായുഷ്‌ക്കാലം പ്രവർത്തിക്കുന്നയാൾ. ഏറ്റവും കൂടുതൽ മൊഹബത് എന്ന് പറയുന്ന ഹർഷ് മന്ദിറിനെതീരെ ഹേറ്റ് സ്പ്പീച് ആരോപിക്കുമ്പോൾ നുണകൾ നിറഞ്ഞ വെറുപ്പിന്റെ രാഷ്ട്രീയം ഏത് അറ്റം വരെ പോകുമെന്നത് ഇന്ത്യൻ ജനാധിപത്യമെത്തിയിരിക്കുന്ന സങ്കട അവസ്ഥയെയാണ് കാണിക്കുന്നത്. .
ഭയം ഒരു രാജ്യമായി മനുഷ്യരുടെ ഉള്ളിൽ വളരുകയാണ്. ഭയം കൊണ്ടുളവാകുന്ന നിശബ്ദതയുടെ രാഷ്ട്രീയം നമ്മൾ സ്നേഹിക്കുന്ന ഈ രാജ്യത്തെ ഒരു ഇരുണ്ട കാർമേഖം പോലെ മൂടുകയാണ്. ഭയം നമ്മുടെ നൈതീകബോധത്തെയും പൗരബോധത്തെയും ഹിംസ രാഷ്ട്രീയത്തിന്റെ ചൂടിൽ വീണ്ടുകീറിയ ഭൂമി പോലെയാക്കിയിരിക്കിന്നു. മഴക്ക് വേണ്ടി കാത്തിരിക്കുന്ന വേഴാമ്പലിനെപോലേയായിരിക്കുന്നു ജനായത്ത മൂല്യങ്ങൾ ഈ രാജ്യത്തു.
ഹർഷ് മന്ദറിനെ ആദ്യമായി കണ്ടപ്പോൾ അദ്ദേഹം ഐ എ എസ് ഓഫിസറാണ്. മധ്യപ്രദേശിലെ ജനങ്ങളോടൊത്തു പ്രവർത്തിച്ച യഥാർത്ഥ സിവിൽ സെർവെൻറ്. അദ്ദേഹത്തെ അറിയുവാൻ കാരണം അദ്ദേഹം കളക്റ്റ്‌റായി ഇരിക്കുമ്പോഴും അതു കഴിഞ്ഞും ജനങ്ങൾക്ക് വിവര അവകാശം വേണെമെന്ന് പരസ്യമായി നിലപാട് എടുത്ത ചുരുക്കം ഐ എ എസ് കാരിൽ ഒരാളായിരുന്നു .മറ്റൊരാൾ ബീഹാർ കേഡറിൽ ഉണ്ടായിരുന്ന സന്തോഷ്‌ മാത്യുവും.
ഹർഷിനെ ആദ്യം കണ്ടത് തൊണ്ണൂറുകളുടെ മധ്യത്തിൽ വിവരാവകാശ സെമിനാറിൽ അദ്ദേഹം പ്രസംഗിക്കുവാൻ വന്നപ്പോഴാണ്. പിന്നീട് അദ്ദേഹം ഐ എ എസ് അക്കാദമി മസ്സൂറിയിൽ പഠിപ്പി ക്കുമ്പോൾ. അവിടെ ഇടക്കിടെ മനുഷ്യ അവകാശങ്ങളെകുറിച്ചും സാമൂഹ്യ പ്രസ്ഥാനങ്ങളെകുറിച്ചും ക്ലാസ് എടുക്കാൻ ആ കാലത്തു പോയിരുന്നു.
പിന്നീട് അദ്ദേഹത്തെ അടുത്തറിഞ്ഞത് ഐ എ എസ്സിൽ നിന്നും അവധിയെടുത്ത് സാമൂഹിക വിഷയങ്ങളിൽ ഗവേഷണം ചെയ്യുവാൻ തുനിഞ്ഞപ്പോൾ. ആ സമയത്താണ് അറിഞ്ഞത് 17 വർഷത്തിൽ അദ്ദേഹത്തിനു കിട്ടിയത് 22 സ്ഥലംമാറ്റങ്ങളാണ്. കാരണം അദ്ദേഹം രാഷ്ട്രീയ വിട്ടു വീഴ്ചകൾക്കും അഴിമതിക്കും കുട പിടിക്കുവാൻ തയ്യാറായില്ല എന്നതാണ്.
ആ കാലത്തു പൂനയിൽ ഞാൻ നേതൃത്വം നൽകിയിരുന്നദേശീയ ഗവേഷണ പഠനകേന്ദ്രത്തിനു വേണ്ടി വിവര അവകാശത്തെകുറിച്ച് ഒരു വർക്കിങ് പേപ്പർ ഹർഷ് എഴുതി. ആ പേപ്പർ വിവരവകാശത്തെകുറിച്ച് ഇന്ത്യയൊട്ടുക്ക് എല്ലാവരെയും ബോധവൽക്കരിക്കുവാൻ സഹായിച്ചു.
അങ്ങനെയാണ് ഹർഷ് അടുത്ത സുഹൃത്തായത്.
ഹർഷിന്റ ഒരു പ്രത്യകത അദ്ദേഹം നിരന്തരം സർഗ്ഗാത്‌മകതയും ക്രിയാത്‌മകതയും സാമൂഹിക രാഷ്ട്രീയ നൈതികതയിൽ കൂട്ടിയിണക്കി ജീവിക്കുന്നയാളാണെന്നതാണ്. ജനായത്തത്തിനും മനുഷ്യ അവകാശങ്ങൾക്കും വേണ്ടി ആത്മ ധൈര്യത്തോടെ ശബ്ദിക്കാൻ ഭയമില്ലാത്തയാൾ. ഭയത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയത്തെ സ്നേഹം കൊണ്ടു അതിജീവിക്കാം എന്ന് കരുതുന്നയാൾ
അദ്ദേഹത്തിന്റെ അവധികാലത്താണ് ആക്ഷൻ എയ്ഡ് ഇന്ത്യയുടെ ദേശീയ ഡയരക്ടരുടെ ഒഴിവിനെകുറിച്ച് പറഞ്ഞത്. അതിനു ഒരു കാരണമുണ്ട്. ഡൽഹി സെന്റ് സ്റ്റീഫൻസിൽ പഠിത്തം (ശശി തരൂരിന്റ സഹ പാഠി )കഴിഞ്ഞു ഡൽഹി സ്കൂൾ ഓഫ് ഇക്കോണോമിക്സിൽ പഠിക്കുമ്പോൾ പഠിത്തം ഉപേക്ഷിച്ചു സാമൂഹ്യ പ്രസ്ഥാനങ്ങളുടെകൂടെയും രാജസ്ഥാനിൽ ബെയർ ഫൂട്ട് കോളേജിലും ഗാന്ധിയൻ പ്രസ്ഥാനങ്ങളിലും 4 കൊല്ലം പ്രവർത്തിക്കു മ്പോഴാണ് 1980 ഇൽ ഇരുപത്തി അഞ്ചാം വയസിൽ അദ്ദേഹം ഐ എ എസ്സിൽ ചേർന്നത്. അതു കൊണ്ടു തന്നെ അദ്ദേഹം വ്യത്യാസ്തനായ സിവിൽ സെർവെൻറ് ആയിരുന്നു. പൗര സമൂഹത്തിൽ പ്രവർത്തിച്ചിട്ട് സർക്കാരിൽ ജനസേവനം ചെയ്യാൻ പോയൊരാൾ. ഐ എ എസ്സിൽ 20 വർഷം കഴിഞ്ഞാണ് അദ്ദേഹം ആക്ഷൻ എയ്ഡിൽ ദേശീയ ഡയറകറ്ററായത്. അതു കഴിഞ്ഞു ഞാൻ ആക്ഷൻ എയ്ഡിന്റെ ഏഷ്യ ഡയരക്ടരും അന്താരാഷ്ട്ര ഡയറക്റ്ററുമായി ചേർന്നപ്പോൾ അദ്ദേഹം സഹപ്രവർത്തകനായിരുന്നു.
ഹർഷിന്റ ജീവിതത്തിൽ അടിയന്തര അവസ്ഥയും അതു കഴിഞ്ഞു 1984 ഇൽ സിക്ക് വംശജക്കർക്കെതിരെ നടന്ന കൂട്ടകുരുതിയും സ്വാധിനിച്ചു. സിക്ക് മതസ്ഥനായി ജനിച്ച ഹർഷ് വ്യവസ്ഥാപിത മതങ്ങൾക്ക് അപ്പറും ജീവിക്കുന്നയാളാണ് അതു കൊണ്ടു തന്നെ 1992 ഇലെ ബാബ്‌റി മസ്ജിദ് തകർക്കൽ അദ്ദേഹത്തെ വളരെ ആശങ്കപെടുത്തിയ കാര്യമായിരുന്നു.
അദ്ദേഹം രാഷ്ട്രീയ പ്രതികരണം പൊതുരംഗത്ത് പ്രകടിപ്പിച്ചത് 2002 ൽ ഗുജറാത്തിൽ മുസ്ലീങ്ങൾക്ക് നേരെ നടന്ന കൂട്ടകുരുതിയുടെ കാലത്താണ്. അന്ന് ടൈസ് ഓഫ് ഇന്ത്യയിൽ എഴുതിയ ക്രൈ മൈ ബിലവഡ് കൺട്രി വർഗീയ ആക്രമണത്തിന് എതിരെ എഴുതിയ ഒരു ഇന്ത്യൻ പൗരന്റെ മനസാക്ഷിയുടെ നിലവിളിയായിരുന്നു ആ കാലത്താണ് 22 കൊല്ലത്തെ ഐ എ എസ് ജീവിതത്തിൽ നിന്ന് വോളിന്ററി റിട്ടയർമെന്റ് എടുത്തു മുഴുവൻ സമയം സിവിക് രാഷ്ട്രീയത്തിന്റെയും മനുഷ്യ അവകാശത്തിന്റയും വക്താവായത്.
ഇന്ന് ഇന്ത്യ ഭരിക്കുന്നവർക്ക് ഏറ്റവും അലോസരമുണ്ടാക്കുന്ന ആക്ടിവിസയ്റ്റായി ഹർഷ് മാറിയത് 2002 മുതൽ വർഗീയതയുടെയും വെറുപ്പിന്റെ രാഷ്ട്രീയത്തെ ധൈര്യമായി എതിർത്തത് കൊണ്ടാണ്. അങ്ങനെയുള്ള രാഷ്ട്രീയത്തിന്റെ കണ്ണിലെ കരടാണ് ഹർഷ് മന്ദർ.
ഗാന്ധിയൻ സത്യാഗ്രഹ മാർഗിയായ അഹിംസ ആദർശത്തിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഭരണ ഘടനയുട രാഷ്ട്രീയം സംസാരിക്കുന്നതും എഴുതുന്നതും ആരെയൊക്കെയാണ് കോപാകുലരാക്കുന്നുവെന്നത് വ്യക്തം.
അഹിംസ പ്രസംഗിക്കുകയും പ്രവർത്തിക്കുകയും സ്വാതന്ത്ര്യ സത്യാഗ്രഹിയുമായ ഗാന്ധിജിയെ കൊളോണിയൽ അധികാരികൾ ആറു കൊല്ലം ജയിലടച്ചു. പക്ഷെ അഹിംസയുടെ പ്രവാചകനെ തോക്കിനിരയാക്കിയത് ഏത് തരം രാഷ്ട്രീയമാണ് എന്ന് വ്യക്തം. ഗാന്ധിജിയെകൊന്നവർക്ക് ഹർഷ് മന്ദിറിനോട്‌ അരിശമുണ്ടാകുന്നതിൽ അതിശയം ഇല്ല. നെഹ്‌റു 9 കൊല്ലം ജയിലിൽ കിടന്നത് എല്ലാ മനുഷ്യരുടെയും തുല്യ സ്വാതന്ത്ര്യത്തിനും തുല്യ അവകാശങ്ങൾക്കുമാണ്.
ഗാന്ധിജിയും നെഹ്രുവും സർദാർ പട്ടേലും ബാബ സാഹബ് അംബേദ്‌ക്കറുമൊക്കെ സ്വപ്നം കണ്ട എല്ലാവർക്കും തുല്യ സ്വാതന്ത്ര്യവും അവകാശങ്ങളുമുള്ള ജനായത്ത ഇന്ത്യക്ക് വേണ്ടി നിൽക്കേണ്ടതുണ്ട്.
ഭയം ഒരു രാജ്യമായി മനസ്സിൽ വളരാൻ അനുവദിക്കരുത്. കാരണം ഈ രാജ്യത്തെയും ഇവിടുത്തെ എല്ലാ മനുഷ്യരെയും ഒരു പോലെ സ്നേഹിക്കുന്ന രാജ്യ സ്നേഹികൾ വെറുപ്പിന്റ രാഷ്ട്രീയം പ്രോയോഗിക്കുന്ന ജനാധിപത്യ ഇന്ത്യയുടെ എതിരാളികളെ തിരിച്ചറിയണം
ഹർഷ് മന്ദർ രാജ്യ സ്നേഹിയാണ്. ജനാധിപത്യ ഇന്ത്യക്ക് വേണ്ടി തുല്യ അവകാശങ്ങൾക്ക് നിലകൊള്ളുന്നഎല്ലാവരും ഹർഷ് മന്ദരാണ്
ജെ എസ് അടൂർ

No comments: