Thursday, March 12, 2020

ഭയം ഒരു രാജ്യമാണ് : സംഹാര ഭീതികൾ


ഏറ്റവും വലിയ പകർച്ച വ്യാധി ഭയമാണ്. മനുഷ്യനെ സർക്കാരും മതവും മറ്റു പലതും ഭയം കൊണ്ടാണ് കീഴ്പ്പെടുത്തി ഭരിക്കുന്നത്. മനുഷ്യൻ ജനിച്ചു വളരുന്നതിന് ഒപ്പം കൂടുന്ന ഭയമാണ് മരണ ഭയം. മനുഷ്യനെ ഏറ്റവും ഭയപ്പെടുത്തുന്നത് മരണഭയമാണ്.
മനുഷ്യ ചരിത്രത്തിൽ മനുഷ്യനെ നിരന്തരം ഭയപ്പെടുത്തിയത് പകർച്ച വ്യാധി എന്ന സംഹാര ദൂതനാണ്. അതു ക്ഷയം കുഷ്ടം മുതൽ മലേറിയ, ടി ബി, എച് ഐ വി, സാർസ്, എബോള, നിപ്പ യിൽ കൂടി കൊറോണയിൽ എത്തി ഇപ്പഴും ഭയം വിതക്കുന്നവയാണ്.
കാരണം ലോക ചരിത്രത്തിൽ ഏറ്റവും വലിയ മരണ കാരണങ്ങളിലൊന്നും പകർച്ച വ്യാധിയാണ്.
ഏതാണ്ട് മുപ്പത്തി അഞ്ചു കൊല്ലം മുമ്പ് പടരാൻ തുടങ്ങിയ എച് ഐ വി /എയ്ഡ്‌സ് ഉണ്ടാക്കിയ ഭയം ചില്ലറയല്ല. കോട്ടയം മെഡിക്കൽ കോളേജിലെ ഒരു പ്രൊഫസർ എച് ഐ വി കാരണമാണ് മരിച്ചത് എന്നറിഞ്ഞപ്പോൾ അദ്ദേഹം ഇരുന്ന കസേര കത്തിച്ചത് 'പ്രബുദ്ധ ' കേരളത്തിലാണ്. ഇപ്പോൾ കൊറോണ എന്ന വൈറസ് പകർച്ച വ്യാധി ലോകമെങ്ങും ഭയം വിതക്കുകയാണ്
മരണ ഭയമാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ടു മൾട്ടി ബില്യൻ ബിസിനസിന് ആധാരം. ഒന്നാമത്തത് മതമാണ്. രണ്ടാമത്തത്. ആശുപത്രി -ഫാർമ ബിസിനസ്. മിക്കതും മരണത്തിനു മുമ്പ് ഭയപ്പെടുത്തി വരുതിയിൽ നിർത്തി മരണം കഴിഞ്ഞു സംസ്കരിച്ച മരണാനന്തരം പുനർ ജന്മമോ സ്വർഗ്ഗമോ നരകമോ ഒക്കെ വാഗ്ദാനം ചെയ്യും. മതം മന്ത്ര തന്ത്രങ്ങൾ ഉപയോഗിക്കുന്നു. ആശുപത്രി മരുന്നും.
മന്ത്രവും മരുന്നും ഒക്കെ മരണത്തെ നീട്ടി വയ്ക്കും എന്ന പ്രത്യാശയുടെ ബിസിനസ്സാണ്. എന്നിട്ടും മനുഷ്യന് തടയാനോക്കാത്ത ഒരു കാര്യം മരണവും മരണ ഭയവുമാണ്
മനുഷ്യ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭയം പടർത്തിയത് പകർച്ച വ്യാധികളാണ്. പകർച്ച വ്യാധികളെ അധികാരം നേരിട്ടത്‌ പല രീതിയിലാണ്. വ്യാധി യുണ്ടെന്ന് സംശയിക്കുന്നവരെ ഭയം കൂടി ചുട്ടു കൊന്നിട്ടുണ്ട്. ചിലരെ കപ്പലിൽ നിന്ന് വെള്ളത്തിൽ എറിഞ്ഞു. ചിലരെ സമൂഹത്തിൽ നിന്ന് പുറത്താക്കി വളരെ ദൂരെ ദ്വീപുകളിലോ മരുഭൂമിയിലോ താമസിപ്പിച്ചു.
തൊട്ടുകൂട്ടായ്മയുടെ രോഗം
കുഷ്ട്ട രോഗം മനുഷ്യനെ ആദ്യം ഭയപെടുത്തിയ രോഗമാണ്. കുഷ്ട്ട രോഗികളെ മാറ്റി പാർപ്പിച്ചു. യേശു മറ്റു മനുഷ്യർ ഭയപ്പെട്ടിരുന്ന, അടുത്തു പോകാൻ ഭയപ്പെട്ടിരുന്ന കുഷ്ട്ട രോഗിയെ തൊട്ടപ്പോൾ സൗഖ്യമായത് ഭയത്തിൽ നിന്നാണ്. ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട് എന്ന വാഗ്ദാനത്തിൽ ആ മതം വളർന്നു. ചെഗ്വരയുടെ മോട്ടർ സൈക്കിൾ ഡയറീസിൽ അദ്ദേഹം ഭയത്തെ മറികടക്കുന്ന മനോഹരമായ ഒരു രംഗമുണ്ട്. അതു അദ്ദേഹത്തിന്റെ ജന്മനാളിലെ പാർട്ടി ഉപേക്ഷിച്ചു എല്ലാവരും ഭയപ്പെട്ടു ദ്വീപിൽ താമസിപ്പിച്ചിരുന്ന കുഷ്ട്ട രോഗികളുടെ കോളനിയിലേക്ക് ഉൾവിളിയുടെ ആത്മ ധൈര്യത്തിൽ നദിയിൽ ചാടി നീന്തി ചെല്ലുന്ന രംഗമാണ് ചെഗ്വര എന്ന മരണഭയമില്ലാത്ത വിപ്ലവകാരിയെ യെ സൃഷ്ട്ടിച്ചത് .
പക്ഷെ തൊട്ട് കൂടായ്മ എന്ന രോഗം ഇന്ത്യയിൽ പടർത്തിയത് സവർണ ജാതി ബോധം എന്ന മനസ്സിലേ ബാക്റ്റീരിയാണ്
പ്ളേഗിന്റെ സംഹാര താണ്ഡവം
ലോക ചരിത്രത്തിൽ മനുഷ്യനെ ഏറ്റവും ഭയപ്പെടുത്തി യൂറോപ്പിലെ ജനതയുടെ മൂന്നിൽ ഒന്നു ജനങ്ങൾ മരിച്ചത് പ്ളേഗ് മൂലം. എലിയിൽ നിന്നും മനുഷ്യനിലെക്ക്‌ പകർന്നു പടരുന്ന ബാക്റ്റീരയാണ് പ്രതിയെന്നു മനുഷ്യൻ തിരിച്ചു അറിഞ്ഞത് 1894 ലിൽ അലക്സാണ്ടർ യെർഷിസ് എന്ന ശാസ്ത്രജ്ഞൻ പ്ളേഗിന് കാരണമായ ബാക്ടീരയെ കണ്ടു പിടിച്ചു. അതിനു ഏഴ്സീനിയ പേസ്റ്റിസ് അധവാ വൈ പേസ്റ്റിസ് എന്നു വിളിച്ചു. അതു മനുഷ്യന്റെ പ്രതിരോധ സംവിധാനത്തെ ആക്രമിച്ചു നശിപ്പിച്ചു മാനുഷരെ കൊന്നു.
ബ്യുബോണിക് പ്ളേഗ് കഴുത്തിലും കക്ഷത്തിലും നാഭി പ്രദേശത്തും ഞരമ്പുകൾ വീർത്തു തുടങ്ങിയാണ് ലക്ഷണം കാണിച്ചത്. അതിനു കറുപ്പു നിറം ഉണ്ടായിരുന്നത് കൊണ്ടാണ് ബ്ലാക് ഡെത് അല്ലെങ്കിൽ കറുത്ത മരണം എന്ന് അടയാളപെടുത്തിയത്.
542 ലാണ് ആദ്യമായി പ്ളേഗ് റിപ്പോർട്ട് ചെയതത്. ഇന്നത്തെ ഇസ്ടന്ബ്യൂളിൽ (അന്ന് കോൺസ്റ്റൻറ്റിനോപ്പിൾ ) ഒറ്റ ദിവസം കൊണ്ടു മരിച്ചത് പതിനായിരം പേരെന്നാണ് ചരിത്രം പറയുന്ന കണക്ക് . ഏതാണ്ട് പത്തു കോടി ജനങ്ങൾ എ ഡ് /സി ഇ 700 വരെ യൂറോപ്പിൽ മരിച്ചു എന്നാണ് ഒരു അനുമാനം. ഏതാണ്ട് എട്ടാം നൂറ്റാണ്ടിൽ ഒന്ന് അടങ്ങിയ പ്ളേഗ് 1334 ഇൽ ചൈനയിൽ തലപൊക്കി. പിന്നെ അതു വ്യാപാര ദിശകളിൽ പടർന്നു. 1340 ഇൽ ഇറ്റലിയിലെ സിസിലിയൻ തുറമുഖത്തു പൊട്ടിപുറപ്പെട്ട പ്ളേഗ് രണ്ടര കോടി ജനങ്ങളെ കൊന്നു വെന്നാണ് കണക്ക്. 1665-66 ഇൽ ലണ്ടൻ നഗരത്തിൽ മാത്രം പ്ളേഗ് കൊന്നത് എഴുപതിനായിരം പേരെ. 1860 ഇൽ വീണ്ടും ചൈനയിൽ തുടങ്ങിയ പ്ളേഗ് ഏതാണ്ട് ഒരു കോടി ജനങ്ങളെ കൊന്നു വെന്നാണ് കണക്ക് ഏതാണ്ട് 1500 കൊല്ലം മനുഷ്യരിൽ ഭയം വിതച്ച പ്ളേഗ് 1959 ഇൽ അവസാനിച്ചു എന്നാണ് ഇപ്പോൾ കണക്കാക്കുന്നത്
വസൂരി എന്ന ഭീകരൻ
മനുഷ്യ ചരിത്രത്തിൽ ഉടനീളം മനുഷ്യനെകൊന്നതാണ് വസൂരി എന്നു അറിയപ്പെടുന്ന സ്മാൾ പോക്സ്. അതു മുപ്പതു കോടിയിൽ അധികം ആളുകളെ കൊന്നുവെന്നാണ് ഒരു കണക്ക്. മൂവായിരം കൊല്ലങ്ങൾക്ക് മുമ്പ് ഈജിപ്റ്റിൽ വസൂരിയുണ്ടായിരുന്നു എന്നതിന് തെളിവ് ഈജിപ്റ്റിലെ മമ്മികളിൽ നിന്ന് കിട്ടിയിട്ടുണ്ട് എന്ന് പറയുന്നെങ്കിലും 1588മുതലാണ് വസൂരി ലോകമെങ്ങും പടരാൻ തുടങ്ങിഎന്നാണ് ചരിത്രം.
പതിനെട്ടാം നൂറ്റാണ്ടിലെ കണക്ക് അനുസരിച്ചു 4 ലക്ഷം പേരാണ് പ്രതിവർഷം യൂറോപ്പിൽ മരിച്ചത്. അഞ്ചു രാജാക്കന്മാർ ഉൾപ്പെടെ. ഇരുപതാം നൂറ്റാണ്ടിൽ കോടികണക്കിന് ജനങ്ങൾ വസൂരി കൊണ്ടു കൊല്ലപ്പെട്ടു. വാക്സിനേഷൻ കൊണ്ടു മനുഷ്യൻ കീഴടക്കിയ ഒരു രോഗമാണ് വസൂരി. 1798 ഇൽ എഡ്വേഡ് ജെനറാണ് പ്രതിരോധ കുത്തി വപ്പിലൂടെ വസൂരി ഒഴിവാക്കാം എന്നു കണ്ടു പിടിച്ചത്. ലോക ആരോഗ്യ സംഘടനയുടെ ആദ്യ ക്യാമ്പയിനിലോനന്നായിരുന്നു വസൂരിക്കെതിരെയുള്ള വിജയിച്ച ലോക യെജ്ഞം.
എന്നാൽ ചിക്കൻ പോക്സ് ഇപ്പഴുമുണ്ട്. പക്ഷെ അതു മരണകാരണമാകുന്നില്ല എന്നാണ് കരുതുന്നത്
പകർച്ച വ്യാധികൾ എന്ന സംഹാര ദൂതൻ.
എന്റെ കുടുംബത്തിൽ മാത്രം പതിനേഴു പേരാണ് കോളറ വന്നു പത്തൊമ്പതം നൂറ്റാണ്ടിൽ മരിച്ചത് എന്നാണ് കുടുംബ ചരിത്രം തേടിപ്പോയ എന്നോട് പൂർവികർ പറഞ്ഞത്. ഒരിക്കൽ അഞ്ചു പേരെ ഒരുമിച്ചു ദൂരെ കൃഷിയിടത്തിൽ കുഴി മൂടി അടക്കിയിട്ട് കുടുംബത്തിൽ ഉള്ളവർ നാട് വിട്ടു. അങ്ങനെ വള്ളിവിളയിൽ കുടുംബം പല ദേശങ്ങളിലായി ചിതറി. തിരിച്ചു വന്ന തായ് ഴിയിലാണ് ഇപ്പഴുളള കുടുംബ വേരുകൾ.
പിന്നീട് ചരിത്രം പഠിച്ചപ്പോൾ 1850 കൾ മുതൽ തിരുവിതാംകൂർ കൊച്ചി മേഖലയിൽ കോളറ പടർന്നതിന്റെ വിവരങ്ങളുണ്ട്. 1877 ഇൽ മെഡിക്കൽ മിഷൻ റിപ്പോർട്ടിൽ ഇതിന്റ വിവരങ്ങൾ നൽകുന്നുണ്ട്. 1828 നവംബർ ആറിലെ ന്യൂയോർക് ടൈംസ് റിപ്പോർട്ട് പ്രകാരം 2000 ആളുകൾ കോളറ പകർച്ച വ്യാധിയിൽ മരിച്ചു
കോളറ ഇപ്പോഴും ചികിൽസിച്ചു മാറ്റമെങ്കിലും ലോകാരോഗ്യ സംഘടനയുട കണക്ക്‌ അനുസരിച്ചു ഇന്നും വർഷത്തിൽ ഏതാണ്ട് പതിനായിരകണക്കിന് ആളുകൾ കോളറകൊണ്ടു മരിക്കുന്നു എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചില പഠനങ്ങൾ കോളറയും അനുബന്ധ രോഗങ്ങളും കാരണം ഒരു ലക്ഷത്തിൽ കൂടുതൽ ആളുകൾ പ്രതിവർഷം മരിക്കുന്നു എന്നാണ് കണക്ക്
അതു പോലെ ഇപ്പോഴും ആളെകൊല്ലുന്ന പകർച്ച വ്യാധിയാണ് ക്ഷയം അധവാ ടി ബി. 2018 ഇൽ തന്നെ 15 ലക്ഷം പേർ ടി ബി കാരണം മരിച്ചു എന്നാണ് ലോക ആരോഗ്യ സംഘടനയുട കണക്ക്.
മനുഷ്യ ചരിത്രത്തിൽ കൂടെയുണ്ടായിരുന്ന ഈ രോഗത്തെ ടൂബർകുലോസിസ് എന്ന അടയാളപെടുത്തിയത് 1820 ൽ ജർമൻ ശാസ്ത്ര പണ്ഡിതൻ ജൊഹാൻ ലൂക്കസ് ഷോൺലിനാണു. റോബർട്ട് കോക്സ് എന്ന ജർമൻ മൈക്രോബിക്കോളേജിസ്സ്‌ 1882 ലാണ് ക്ഷയ രോഗത്തിന് നിദാനമായ മൈകോബാക്റ്റീരിയം ടൂബർകുലോസിസ്(എം -ട്യൂബർകുലോസിസ് ) കണ്ടത്തിയത്. ഇരുപതാം നൂറ്റാണ്ടിലെ ആദ്യ പബ്ലിക് ഹെൽത്ത്‌ ക്യാമ്പിനിൽ പ്രധാനം ടി ബി എങ്ങനെ ഒഴിവാക്കാം എന്നതായിരുന്നു.
അതുപോലെ ഇന്നും വില്ലനാണ് കൊതുകിൽ കൂടെ പകരുന്ന മലേറിയ. മനുഷ്യ ചരിത്രത്തിൽ ഉടനീളമുണ്ടായിരുന്നു ഒരുപാടു പേരെകൊന്നു. ഇപ്പഴും ഏതാണ്ട് നാലു ലക്ഷത്തോളം ആളുകൾ മലേറിയ കാരണം മരിക്കുന്നു എന്നാണ് റിപ്പോർട്ട്. മലേറിയ പല പേരിൽ അറിയപ്പെട്ടിരുന്നു. ഇറ്റാലിയൻ ഭാഷയിൽ നിന്നാണ് മലേറിയ എന്ന പദം പ്രചരിച്ചത്.. അതിനു ചതുപ്പ് പനിയെന്നും അറിയപെട്ടിരുന്നു.
മലേറിയ രണ്ടു പ്രാവശ്യം അനുഭവിച്ചു. മിസോറാമിലെ മാമിതിൽ വച്ചു മലേറിയ പിടിച്ചു അവശനായപ്പോൾ തട്ടിപോകും എന്ന് കരുതിയതാണ്. എന്റെ ഏറ്റവും അടുത്ത മൂന്നു സുഹൃത്തുക്കളെ മലേറിയ കൊണ്ടു പോയി.
കഴിഞ്ഞ മൂന്നര ദിശകങ്ങളിൽ എച് ഐ വി കാരണം മരിച്ചത് മൂന്നു കോടി ഇരുപത് ലക്ഷം പേരാണ്. ഇന്നും ഏതാണ്ട് മൂന്നു കോടി എഴുപത് ലക്ഷം പേർ എച് ഐ വി ബാധിതരാണ്
പകർച്ച വ്യാധികളെ അറിഞ്ഞത്
പകർച്ച വ്യാധികളെ കുറിച്ച് പണ്ട് മുതലേ പഠിക്കാൻ കാരണം പലതാണ്. ജനിച്ചത് നൂറനാട്ടെ കുഷ്ഠ രോഗ സാനിറ്റോറിയത്തിലുള്ള ഒരു വീട്ടിലാണ് അതിനു കാരണം എന്റെ അമ്മയാണ്. പബ്ലിക് ഹെൽത്തിൽ താല്പര്യമുണ്ടായിരുന്ന അമ്മക്ക് ആദ്യം ജോലി കിട്ടിയത് ഭോഭാലിൽ ഉള്ള ടി ബി ഹോസ്പിറ്റലിലാണ്. ഞാൻ ജനിച്ചത് നൂറനാട് ലെപ്രെസി സാനിറ്റോറിയത്തിൽ അമ്മ നേഴ്‌സ് ആയിരിക്കുമ്പോഴാണ്. അങ്ങനെ ജീവിതത്തിൽ ആദ്യ ഓർമ്മ കുഷ്ട്ട രോഗികളെ കുറിച്ചാണ്. ഓർമ്മയായ രണ്ടു വയസ്സ്‌ മുതൽ അമ്മയോട് ചോദിച്ചത് കുഷ്ട്ട രോഗത്തെകുറിച്ചാണ്. പിന്നെ വളർന്നപ്പോൾ അമ്മ പഠിച്ച പബ്ലിക് ഹെൽത് പുസ്തങ്ങൾ വായിച്ചു കൂടുതൽ അറിഞ്ഞു.
ഒരു നിമിത്തം എന്നത് പോലെ ആദ്യമായി ഒരു അന്തരാഷ്ട്ര ക്യാമ്പൈൻ ചെയ്തത് ലോക ആരോഗ്യ സംഘടന ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ ചെയ്ത പബ്ലിക് ഹെൽത്ത്‌ എച് ഐ വി, ടി ബി, മലേറിയ അഡ്വക്കസി ക്യാമ്പയിൻ ആയിരുന്നു. അതിന്റെ ഭാഗമാകാൻ അവസരം കിട്ടിയപ്പോൾ കിട്ടിയ പുസ്തകം എല്ലാം വായിച്ചു പഠിച്ചു.
പിന്നീട് ആക്ഷൻ ഐഡിൽ വച്ചു ഏഷ്യൻ പീപ്പിൾ അലയെൻസ് ഓൺ എച് ഐ വി /എയ്ഡ്‌സ് (apacha ) എന്ന നെറ്റ്വർക്കുണ്ടാക്കി. ഡോ ജോ തോമസ് അതിന്റ ഭാഗമായാണ് ആക്ഷൻ ഐഡിൽ ചേർന്നു പ്രവർത്തിച്ചത്.
മനുഷ്യനെ മാറ്റുന്ന ഭീതി വ്യാധികൾ
പകർച്ച വ്യാധികൾ മനുഷ്യ ചരിത്രം മാറ്റി മറിച്ചു. കൊളോണിയലിസം ലാറ്റിൻ അമേരിക്കയിൽ കൂടുതൽ ആളുകളെ കൊന്നത് പകർച്ച വ്യാധികളിൽ കൂടിയാണ്.
ലോകമെങ്ങും സിഫിലസ് പകർന്നത് കപ്പൽ യാത്രകളിൽ മനുഷ്യർ ലോകത്ത് പോയി ലൈംഗിക ഭോഗങ്ങളിലൂടെയാണ്. അതിനു കേരളത്തിൽ 'കപ്പൽ " രോഗം എന്നായിരുന്നു അറിഞ്ഞിരുന്നത്.
ലോകത്ത് ഹ്യൂമൻ മൈഗ്രെഷന് ഒരു കാരണം പകർച്ച വ്യാധിയാണ്. ലോകത്ത് പല രാജ്യങ്ങളും ക്ഷയിക്കാൻ കാരണം പകർച്ച വ്യാധിയാണ്. പകർച്ച വ്യാധികൾ രാജ്യങ്ങളിൽ സാമ്പത്തിക പ്രതി സന്ധികൾ സൃഷ്ട്ടിച്ചിട്ടുണ്ട്
സാനിറ്റോറിയം എന്നത്തിലൂടെ മനുഷ്യരെ ഒരു തരം തടവിൽ പാർപ്പിക്കാൻ തുടങ്ങിയത് പകർച്ച വ്യാധിയിലുള്ള ഭീതിയിലാണ്.
ഇന്ന് ലോകമെങ്ങും പെട്ടന്ന് രോഗവും രോഗ വിവരവും പടരും. ഭീതി ഒരു രോഗത്തെയും മാറ്റില്ല. എന്നാൽ മുൻ കരുതലുകൾ ഒരു വലിയ പരിധിവരെ പകർച്ച വ്യാധിയെ തടയും.
ഏറ്റവും അപകടകാരിയായ പകർച്ച വ്യാധി
പക്ഷെ മനുഷ്യൻ വിചിത്ര ജീവിയാണ്. കേരളത്തിൽ മാത്രം റോഡപകടങ്ങളിൽ പ്രതി വർഷം കൊല്ലപ്പെടുന്നത് 4500 പേരാണ് അതായത് കഴിഞ്ഞ ഇരുപത് കോല്ലങ്ങളിൽ കേരളത്തിലെ മരണ കാരണങ്ങളിൽ പ്രധാനം. ഇപ്പാൾ പലരും കൊറോണ പേടിച്ചു മാസ്ക് വയ്ക്കും. എന്നാൽ ഇപ്പഴും പലർക്കും ഹെൽമെറ്റ്‌ വയ്ക്കാൻ മടി.
ലോകത്ത് ഏറ്റവും കൂടുതൽ ആളുകളെ കൊന്നത് ബാക്ടീരിയോ വൈറസോ അല്ല. ഏറ്റവും കൂടുതൽ മനുഷരെ കൊന്നത് മനുഷ്യർ തന്നെയാണ്. ഇരുപതാം നൂറ്റാണ്ടിൽ മാത്രം യുദ്ധങ്ങൾ കൊന്നത് 108 മില്യൻ ആളുകളെയാണ്. അതായത് കേരളത്തിലെ ജനസംഖ്യയുടെ മൂന്നിരട്ടി. ഹിരോഷിമയിലും നാഗസാക്കിയിലും മിനിറ്റിനുള്ളിൽ ആയിരങ്ങളെ കൊന്നു.
ലോകത്ത് ഒരു പകർച്ച വ്യാധിപോലും അത്ര വേഗത്തിൽ ആളുകളെ കൊന്നിട്ടില്ല.യുദ്ധങ്ങളെപോലെ മനുഷ്യരെ കൊന്നതാണ് വർഗീയ ലഹളകളും വെറുപ്പിന്റെ ഭ്രാന്ത് പിടിച്ചു നടത്തിയ കൂട്ടകുരുതികൾ. വെറുപ്പിന്റെ ഭീതിയിൽ വെറുപ്പ് കൊണ്ടു ഭീകരത വിതച്ചു ഭീതിപ്പെടുത്തി കൂട്ടകുരുതികൾ നടത്തി മാനുഷ്യരെ ഭ്രാന്ത് പിടിപ്പിക്കുന്ന വിവിധ വൈറസുകൾ.
കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ നാല്പതോളം പേർ മരിച്ചത് കൊറോണ വൈറസ് കൊണ്ടല്ല.വർഗീയ വെറുപ്പ്‌ എന്ന വൈറസാണ്
ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പകർച്ച വ്യാധി ഭയമാണ്. അതു പടർത്തുന്നത് ഭരണത്തിലുള്ളവർ. ആയുധ ബലം കൊണ്ടു. റിപ്പബ്ലിക് ഓഫ് ഫിയർ. ഭയം ഒരു രാജ്യമാണ്.ഒരുപാടു പേരുടെ മനസ്സിൽ.
ജെ എസ് അടൂർ

No comments: