Friday, March 13, 2020

കമ്പോഡിയയിലെ തലയോട്ടികൾ പറഞ്ഞ കഥകൾ -4

കമ്പോഡിയയിലെ തലയോട്ടികൾ പറഞ്ഞ കഥകൾ
4
നോംമ്പേനിൽ ആദ്യം പോയപ്പോൾ തന്നെ പോയത് എസ് 21 എന്ന് ഖെമർ റൂഷ് വിളിച്ച തടങ്കൽ പാളയത്തിലേക്കാണ്. അതു നോം മ്പെൻ നഗരത്തിന്റെ പ്രാന്ത പ്രദേശത്തെ ഒരു കുന്നിൻ മുകളിലാണ്. അന്നാട്ടുകാർ അതിനെ വിഷ വൃക്ഷങ്ങളുടെ കുന്നു എന്നർത്ഥമുള്ള ടുഓൽ സ്ലെങ് എന്നാണ് വിളിക്കുന്നത്. എസ് 21 എന്നതിന്റെ പൂർണ്ണ നാമം സെക്യൂരിറ്റി പ്രിസൺ 21 എന്നാണ്
അതു ഒരു ഹൈ സ്‌കൂളായിരുന്നു. ഖെമർ റൂഷ് സ്‌കൂളുകളെ ജയിലുകളാക്കി. അങ്ങനെ 180സ്കൂളുകൾ ജയിലുകളായി. കുട്ടികൾ പഠിക്കണ്ടേ സ്‌കൂളുകളിൽ ലക്ഷ കണക്കിന് ആളുകൾ പീഡിപ്പിക്കപ്പെട്ടു. പതിനായിരങ്ങളെ വെടി വച്ചു കൊന്നു. എസ് 21 ഇൽ മാത്രം ഇരുപതിനായിരം പേരെയാണ് തടവിലിട്ടത്. അതു ഇന്ന് കൂട്ടകൊലകളുടെ നിഷ്ട്ടൂര കഥകൾ പറയുന്ന മ്യൂസിയമാണ്. അതിന്റ ഇടനാഴികളിലൂടെ നടന്നാൽ ചതച്ചരക്കപെട്ട ശരീരങ്ങളുടെ വിങ്ങലുകളും നിലവിളികളും ഉള്ളിൽ കേൾക്കാം. എങ്ങനെയാണ് ഒരു സ്വപ്നം എത്രമാത്രം ദുഷിച്ച ക്രൂരമായ ദുസ്വപ്നമാകുന്നെതെന്നും
പോൾ പൊട്ടും ഖേമർ റൂഷും കമ്മ്യുണിസ്റ്റ് സ്വർഗം വാഗ്ദാനം ചെയ്തു വന്നു വെറും നാലു വർഷങ്ങൾകൊണ്ടു കമ്പോഡിയയിലെ ജനങ്ങളെ നരകത്തിൽ തള്ളിയിട്ടു കൊലക്ക് കൊടുത്ത കഥയാണ്. മനുഷ്യനെ ഒരു പ്രത്യയശാസ്ത്രം ഏത്രമാത്രം ഭ്രാന്തുള്ളവരാക്കാമെന്നും.
ഇന്ന് കമ്പോഡിയയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും കമ്മ്യുണിസം എന്നു കേട്ടാൽ ആളുകൾക്ക് വെറുപ്പാണ്. മെയ് 20 കഴിഞ്ഞ ചില വർഷങ്ങൾ വരെ വെറുപ്പിന്റെ ദിവസമായാണ് ആചരിച്ചത്. കാരണം ഖെമർ റൂഷ് അവരുടെ വെറുപ്പിന്റെ കൊലക്കളങ്ങൾ തീർക്കാൻ തുടങ്ങിയത് അന്ന് തൊട്ടാണ്. ഇന്ന് മെയ് 20.കൊല്ലപ്പെട്ട ലക്ഷങ്ങളുടെ ഓർമ്മദിനമാണ്.
നോംമ്പേൻ നഗരത്തിന്റെ വെളിയിൽ തലയോട്ടികളുടെ ഒരു സ്തൂപമുണ്ട്. പതിനായിരക്കണക്കിന് തലയോട്ടികൾ. ഡോക്റ്ററുമാരുടെയും ഉദ്യോഗസ്ഥൻമാരുടെയും അധ്യാപകരുടെയും ബുദ്ധ സന്യാസിമാരുടെയും കത്തോലിക്കാ പുരോഹിതരുടെയും എല്ലാ പ്രായത്തിൽ ഉള്ളവരുടെയും ജാതി മതസ്ഥരുടെയും തലയോട്ടികൾ. പക്ഷെ തലയോട്ടികൾ തലയോട്ടികൾ മാത്രമാണ്.വെറും മനുഷ്യരുടെ. തലയോട്ടിക്കു ജാതിയോ മതമോ വർണ്ണമോ ഇല്ല.
കമ്പൊഡിയാകെ കുരുതിക്കളങ്ങൾ തീർത്ത പോൾ പൊട്ടും കൂട്ടരും സോഷ്യലിസ്റ്റ് സ്വർഗ രാജ്യം ചൈനീസ് മാതൃകയിൽ തീർക്കുകയാണെന്നാണ് അവർ കരുതിയത്.
എന്നാൽ അവരുടെ ഭരണത്തിന്റെ ബാക്കി പത്രം ആയിരങ്ങളെ കൊന്നു മൂടിയ ശവകൂമ്പാരങ്ങളായിരുന്നു. ഓരോ ശവകുഴികളിലും നൂറുകണക്കിന് ആളുകളെയാണ് കൊന്നു മൂടിയത്.
കമ്പോഡിയയിലെ ജനങ്ങൾ കഴിഞ്ഞ എഴുപത് കൊല്ലങ്ങളിൽ രണ്ടു യുദ്ധങ്ങളും ഒരു ആഭ്യന്തരയുദ്ധവും ഏതാണ്ട് ഇരുപത് ലക്ഷത്തോളം ആളുകൾ കൊല്ലപ്പെട്ട കൂട്ടകൊലയും അനുഭവിച്ചു.
ഒരു പക്ഷെ അഫ്ഗാനിസ്ഥാനേപ്പോലെ ശീത
യുദ്ധത്തിന്റെ ഏറ്റവും നിഷ്ടൂര തിക്തത അനുഭവിച്ച ജനതയാണ് കമ്പോഡിയിലെ ജനങ്ങൾ.
ആദ്യം ഖേമർ റൂഷിന്റ മാവോ കമ്മ്യുണിസ്റ്റ് സ്വപ്‌നങ്ങളിൽ നിന്ന് ചരിത്രം തുടങ്ങാം.
അമേരിക്കൻ അട്ടിമറിയിലൂടെ ഭരണം പിടിച്ചടക്കിയ ലോൺ നോൾക്കെതിരായ ഗറില്ല യുദ്ധമായാണ് കമ്പോഡിയൻ ആഭ്യന്തര യുദ്ധം (സിവിൽ വാർ ) ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ തുടങ്ങിയത്.
പഴയ രാജാവും പിന്നീട് രാഷ്ട്രീയ പകിട കളിച്ച സിഹാനൂക്ക് ഖെമർ റൂഷ് ഗറില്ലകളെ പിന്താങ്ങി. അങ്ങനെയാണ് ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടി യുടെ പിന്തുണയോടെ ഖെമർ റൂഷ് പോൾ പൊട്ടിന്റ നേത്രത്വത്തിൽ 1975 ഇൽ റിപ്പബ്ലിക് ഓഫ് കമ്പ്യൂച്ചിയ എന്ന പേരിൽ ഭരണ അധികാരം പിടിച്ചടക്കിയത്
കമ്മ്യൂണിസ്റ് സ്വർഗരാജ്യം സ്ഥാപിക്കാനായി അവർ കറൻസി ഇല്ലാതാക്കി. സ്കൂളുകൾ അടച്ചു. സ്വകാര്യ സ്വത്തുക്കൾ ഇല്ലാതാക്കി. നഗരത്തിലെ ആളുകളെ ഗ്രാമങ്ങളിലേക്ക് നിർബന്ധിത കാർഷിക വിപ്ലവത്തിനയിച്ചു. പട്ടിണികൊണ്ടു ലക്ഷങ്ങൾ മരിച്ചു. എതിർപ്പ് ഏതെങ്കിലും പേരിൽ പ്രകടിപ്പിച്ചവരെ കൊന്നു. പോൾ പൊട്ട് കമ്മ്യുണിസ്റ്റ് സ്വർഗം രാജ്യത്തിനായി കൊലക്ക് കൊടുത്തത് ഏതാണ്ട് പതിനഞ്ചു ലക്ഷത്തിൽ അധികമാണ്.
കമ്പോഡിയൻ ദേശീയ ഭ്രാന്തും കമ്മ്യൂണിസ്റ് ഭ്രാന്തുകൊണ്ടു ന്യൂന പക്ഷ ഗോത്രങ്ങളേയും വിദേശികളെയും ചാരന്മാർ എന്ന് സംശയിക്കുന്നവരെയും കൊന്നു തള്ളി. മുസ്ലിം ക്രിസ്ത്യൻ ന്യുന പക്ഷങ്ങളെ നിർബന്ധിച്ചു മാറ്റുകയോ കൊല്ലുകയോ ചെയ്തു. നോംമ്പേനിലെ റോമൻ കത്തോലിക്കാ കത്തീഡ്രൽ ഇടിച്ചു നിരത്തി. മുസ്ലീങ്ങളോട് പോർക്ക് തിന്നുവാൻ നിർബന്ധിച്ചു. വിസമ്മതിച്ചവരെ കൊന്നു. എതിർപ്പ് പ്രകടിപ്പിച്ച കത്തോലിക്ക പുരോഹിതന്മാരെയും മുള്ളമാരെയും പിന്നെ ആരും കണ്ടിട്ടില്ല. ചോദ്യം ചെയ്ത ബുദ്ധ സന്യാസിമാരും അപ്രത്യക്ഷരായി.
ഏറ്റവും കുറഞ്ഞത് പതിനഞ്ചു ലക്ഷം പേരാണ് കൊല്ലപ്പെട്ടത് എന്നാണ് അനുമാനം. അതായത് ആറു പേരിൽ ഒരാൾ. ചില കണക്കുകൾ അനുസരിച്ചു അഞ്ചിലൊന്നു. മൊത്തം ജന സംഖ്യയുടെ 21% മുതൽ 24% വരെ ക്ഷമത്തിലും കൂട്ടകൊലയിലും മരിച്ചുവെന്നാണ് പല കണക്കുകൾ പറയുന്നത്. ലക്ഷകണക്കിന് ആളുകൾ ജീവരക്ഷാർത്ഥം തായ്‌ലണ്ടിലേക്ക് പലായനം ചെയ്തു
ഏതാണ്ട് നാലു കൊല്ലം കൊണ്ടു പോൾ പൊട്ടിന്റെ നേതൃത്വത്തിൽ കമ്പൂച്ചിയൻ കമ്മ്യൂണിസ്റ് പാർട്ടി എന്ന് ഖേമർ റൂഷ് ക്രൂരതകളുടെ കഥകൾ വായിച്ചാണ് കമ്മ്യൂണിസ്റ് ആശയങ്ങളിൽ ആകൃഷ്ടനായിരുന്ന എനിക്ക് കമ്മ്യൂണിസ്റ് അധികാര ആധിപത്യങ്ങളോടുള്ള എതിർപ്പ് തോന്നി തുടങ്ങിയത്. കമ്മ്യുണിസ്റ്റ് സ്വർഗങ്ങൾക്ക് പിന്നിൽ നരകയാതനകൾ അനുഭവിച്ചവരുടെ കഥകളാണ് പലയിടത്തും ബാക്കി പത്രങ്ങളായി
ഖെമർ റൂഷ് കമ്മ്യൂണിസ്റ് നികൃഷ്ട്ട കഥയുടെ ആരംഭമറിയണമെങ്കിൽ ശീതയുദ്ധങ്ങളുടെയും ഇരുപത് കൊല്ലം നീണ്ട വിയറ്റ്നാം യുദ്ധത്തെയും അമേരിക്ക ബോംബിട്ട് കൊന്ന ലക്ഷകണക്കിന് ആളുകളുടേയും കഥ അറിയണം
തുടരും
ജെ എസ് അടൂർ

No comments: