Sunday, July 7, 2019

പണി തീരാത്ത കൊളോൺ കത്തീഡ്രൽ

പണി തീരാത്ത കൊളോൺ കത്തീഡ്രൽ
കൊളോൻ പള്ളിഗോപുരങ്ങളുടെ നഗരമാണ്. 2000കൊല്ലത്തിലധികം പഴക്കമുള്ള ഈ നഗര സംസ്കാരം ഉയർന്നത് റൈൻ നദിയുടെ ഒഴുക്കിനോടൊപ്പമാണ്.
റൈൻ നദിയുടെ തീരത്ത് കൊളോൺ സെൻട്രൽ റയിൽവേ സ്റ്റേഷന് അടുത്തു തലയുയർത്തി നിൽക്കുന്ന കൊളോൺ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രൽ ലോകത്തെ ഏറ്റവും വലിയ പള്ളികളിലൊന്നാണ്.
ഇന്ന് രാവിലെ ആ പള്ളിയിൽ പോയി ചരിത്രത്തെ തൊട്ടറിഞ്ഞു. ആ പള്ളി ഇരുന്നിരുന്ന സ്ഥലം റോമൻ സാമ്രാജ്യ കാലത്ത് മെർകുരിയസ് അഗസ്റ്റീൻ പണിത
ഒരു റോമൻ അമ്പലമുണ്ടായിരുന്ന സ്ഥലമാണ്. പിന്നെ അവിടെനാലാം നൂറ്റാണ്ടുമുതൽ പള്ളികളുടെയും മൊണാസ്ട്രികളുടെയും സ്ഥലമായി. കൊളോണിലെ ആദ്യ പള്ളി അവിടെ ഉണ്ടാക്കിയത് മാറ്റർനാസ് നാലാം നൂറ്റാണ്ടിൽ ഉണ്ടായിരുന്ന ആദ്യ ബിഷപ്പാണ്. ഹോളി റോമൻ എമ്പയറിന്റെ കാലത്തു 818ഇൽ പണി തീർത്ത പഴയ കത്തീഡ്രൽ 1248 ഏപ്രിൽ 30 നു തീ കത്തി നശിച്ചു.
ഇപ്പോഴുള്ള കത്തീഡ്രൽ സത്യത്തിൽ ഇപ്പോഴും അറ്റകുറ്റ പണികൾ നടന്നു കൊണ്ടിരിക്കുന്ന കത്രീഡലാണ്. അത്ര വലിപ്പമുണ്ടതിന്.
1248 ഓഗസ്റ്റ് 15 നു പണി തുടങ്ങിയ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗോഥിക് ആര്കിടെക്ച്ചറിന് ഉദാഹരണമായി നിൽക്കുന്ന ഈ കത്രീഡൽ അതിന്റെ ആദ്യ പ്ലാൻ അനുസരിച്ചു പണി തീർത്തത് 632 വർഷം കഴിഞ്ഞു 1880 ഓഗസ്റ് 14 നാണു. അന്ന് അതിന്റെ വെഞ്ചരിപ്പിന് ജർമ്മൻ ചക്രവർത്തി വിൽഹം ഒന്നാമൻ പങ്കെടുത്തു. ഒരുകാലത്തു ലോകത്തിലെ ഏറ്റവും ഉയരമുള്ള ഗോപുരമായിരുന്നു നൂറ്റാണ്ടുകളോളം തലഉയർത്തി നിന്ന കത്തീഡ്രൽ ഗോപുരങ്ങൾ.
1248ഇൽ തുടങ്ങിയ പണി പല ഭാഗങ്ങൾ തീർത്തും 1322ഇൽ തൊട്ട് സ്ഥിരം ഇന്നു വരെയും ആരാധന നടക്കുന്ന ഈ വലിയ പള്ളി 1473ലും പിന്നെ പതിനാറാം നൂറ്റാണ്ടിലും അത് കഴിഞ്ഞു 1815 ലും 1842ലും എല്ലാം പല ഘട്ടങ്ങളായാണ് തീർത്തത്. 157.38 മീറ്ററാണ് ഉയരം
രണ്ടാം ലോക മഹായുദ്ധ കാലത്ത് 14പ്രാവശ്യമാണ് ഇതിന് മുകളിൽ ബോംബിട്ടത്. കൊളോൺ കത്തീഡ്രലിന് മുൻ വശം യുദ്ധക്കളമായിരുന്നു.
വീണ്ടും പള്ളിയുടെ നശിച്ച ഭാഗങ്ങൾ 1956ഇൽ പണിതു ശരിയാക്കി. ആ പണികളിൽ പലതും ഇപ്പോഴും തുടരുന്നു
ഇപ്പോൾ കൊളോൺ ആർച്ചു ബിഷപ്പിന്റ ആസ്ഥാനമായ കൊളോൺ കത്തീഡ്രൽ ലോകത്തിലെ പ്രധാന വേൾഡ് ഹെറിറ്റേജ് സൈറ്റുകളിലൊന്നാണ്. പല പേപ്പൽ സന്ദർശനം നടന്ന കത്തീഡ്രലാണ്. ജർമ്മനിയിലെ പ്രധാന ഹെറിറ്റേജായ കൊളോൺ കത്തീഡ്രലിൽ ശരാശരി ഇരുപതിനായിരം പേരാണ് സന്ദർശിക്കുന്നത്.
ഇന്നലെ ഉച്ചക്കും ഇന്നു രാവിലെയും കണ്ടിട്ടും കണ്ടു കഴിഞ്ഞില്ല. അല്പ നേരം ധ്യാനിച്ചിട്ട് അടുത്ത സ്ഥലത്തേക്ക് ട്രെയിൻ കയറി.
ജേ എസ് അടൂർ
03.07.2019

No comments: