Thursday, July 11, 2019

മതിലുകൾ

മതിലുകൾ
മനുഷ്യൻ മതിലുകളുണ്ടാക്കി വേർതിരിക്കാൻ പഠിച്ചത് മുതലാണ് ' അവരും ഞങ്ങളും ' എന്ന തരം തിരിച്ചു മനുഷ്യരെ കാണുവാൻ തുടങ്ങിയത്. മതിൽ കെട്ടി വേർതിരിക്കുവാൻ പഠിച്ചാണ് മനുഷ്യൻ പരസ്പരം വംശത്തിന്റെയും , ജാതിയുടെടെയും, ഭാഷയുടെയും, മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ദേശത്തിന്റെ യും പേരിൽ ' അവരും നമ്മളും ' എന്ന വേര്തിരിവുകളും വിവേചനങ്ങളും ഉണ്ടാക്കി തുടങ്ങിയത്.
ഫൗദ് ടാക്സി ഓടിക്കുകയായിരുന്നു . ബർലിൻ മിറ്റെ എന്നറിയുന്ന ബർലിൻ നഗര മധ്യത്തിലൂടെ. അയാളുടെ കഥ പറഞ്ഞു. കുട്ടിക്കാലത്തു അയാൾ ബർലിൻ മതിലിന്റ അടുത്താണ് പന്ത് കളിച്ചത്. അയാളുടെ അമ്മ കൊച്ചു ഫൗദിനോട് മതിലിന്റെ അടുത്തു പോകരുത് എന്ന് വിലക്കി. അവിടെ ' ഡിഷ്യും ഡിഷ്യും " എന്ന വെടിവെക്കുന്ന പട്ടാളം മതിലിനു അപ്പുറത്തുണ്ടnnu. അഞ്ചു വയസ്സ്കാരൻ ഫൗദിന് ഒരു കാര്യവും മനസ്സിലായില്ല. അയാൾക്ക് ആ മതിലിന്റ രഹസ്യം പിടികിട്ടിയത് ഹൈ സ്‌കൂളിൽ. ഇപ്പോൾ അയാൾക്ക് എന്റെ പ്രായം കാണും. അമ്പത് കഴിഞ്ഞു. അങ്ങനെയാണ് അയാൾ ബർലിൻ മതിലിന്റെ കഥ പറഞ്ഞു തുടങ്ങിയത്.
ഒരു നഗരത്തിൽ പോയാൽ ഞാൻ ആദ്യം വർത്താനം പറയുന്നതും കേൾക്കുന്നതും ടാക്സി ഡ്രൈവർമാരിൽ കൂടിയാണ്. കാരണം ടാക്സി ഡ്രൈവർമാർ ഒരു നഗരത്തിന്റ നാഡി ഞരമ്പുകളുടെ ഭാഗമാണ്. അവിടുത്തെ സാധാരണ മനുഷ്യരുടെ അടയാളമാണവർ. സാധാരണ മനുഷ്യരെ എനിക്ക് വലിയ ഇഷ്ട്ടമാണ്. അത് കൊണ്ട് അവരാണ് എനിക്ക് മനുഷ്യരുടെ കഥകളിൽ കൂടെ സാമൂഹിക പാഠങ്ങൾ പറഞ്ഞു തരുന്നത്. ഫൗദ് ബാർലൈനിലാണ് ജനിച്ചു വളർന്നത്.
' ഐ സ്പീക്ക് വെരി ലിറ്റിൽ ഇഗ്ളീഷ്... മൈ ലാംഗ്വേജ് ഈസ്‌ ജർമൻ '. അങ്ങനെ അയാൾ അയാളുടെ കഥയും അയാൾ വളർന്നു വന്ന ബർലിൻ മതിലിന്റെ ചുറ്റപാടുകളെകുറിച്ച് പറഞ്ഞു. അയാളുടെ അച്ഛനും അമ്മയും തുർക്കിയിൽ നിന്ന് കെട്ടിട നിർമ്മാണം തൊഴിലാളികളായാണ് ജർമ്മനിയിൽ എത്തപ്പെട്ടത് . രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ബോംബിട്ട് തകർപ്പെട്ട കെട്ടിടങ്ങളും പാലങ്ങളും പണിയാൻ അവരെത്തി. ആയിര കണക്കിന്. ഇന്നു ബെർലിനിലെ സാധാരണക്കാർക്ക് ടർക്കിഷ് ഷവർമയും ഡോണരും ഇഷ്ട്ട ഭക്ഷണമാണ്.
ഫൗദ് ഭാഷയുടെയും വംശത്തിന്റെയും മതത്തിന്റെയും മതിലുകളെ കുറിച്ച് പറഞ്ഞു. എഴുപതുകളിൽ ജർമൻകാർക്ക് അവരെ ഇഷ്ട്ടമായിരുന്നു. പക്ഷേ അവരവിടെ കൂടി വന്നപ്പോൾ ഇഷ്ട്ടം കുറഞ്ഞു. ' റേസിസം ഈസ്‌ ഇന്ക്രീസിങ് ബ്രദർ ". കാരണം ഇന്ന് ഏതാണ്ട് മൂന്നര ശതമാനം ജനങ്ങൾ ടർക്കിഷ് -ജെർമ്മനാണ്. ടർക്കിഷ് -അറബി മുസ്ലിം ജനങ്ങൾ ഏതാണ്ട് അഞ്ചു ശതമാനം. അവർക്ക് ഇന്ന് അവരുടെ പ്രത്യേക കമ്മ്യുണിറ്റിയുണ്ട്. അവരുടെ അറബ് ഭാഷയും. ഇമിഗ്രൻസിന് എതിരെയുള്ള പുതിയ റേസിസ്റ്റ് പാർട്ടിയെകുറിച്ച് പറഞ്ഞു. ഇപ്പോൾ കാർ ഓടിക്കുന്നത് കിഴക്കൻ ബാർലിനൂടെയാണ് എന്ന് പറഞ്ഞു പഴയ ബർലിൻ മതിലിന്റെ കവാടം ചൂണ്ടികാണിച്ചു തന്നു.
ബർലിൻ മതിൽ ഉണ്ടാക്കിയത് കിഴക്കൻ ജർമ്മനിയേ ഫാസിസത്തിൽ നിന്നും രക്ഷിക്കാനാണ് എന്നാണ് അവിടുത്തുകാരോട് അവിടുത്തെ സോഷ്യലിസ്റ്റ് എന്ന പേരിൽ അറിയപ്പെട്ട സർക്കാർ കമ്മിസാർമാർ പറഞ്ഞത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം അതിൽ ജയിച്ചവർ ജർമ്മനിയെ വീതം വച്ചെടുത്തു.
ബർലിനെ നാലായി ഒരു റിയാൽ എസ്റ്റേറ്റ് മാതിരി വിഭജിച്ചു. അധികാരം പലപ്പോഴും മനുഷ്യനെ അമാനവൽക്കരിക്കും. സോവിയറ്റ് പിടിച്ചെടുത്ത കിഴക്കൻ ജർമനിയെ കമ്മ്യുണിസ്റ്റ് ആക്കി ഫാസിസത്തെകുറിച്ചു പറഞ്ഞു ഭയപെടുത്തി. ആദ്യം 144കിലോ മീറ്റർ ഇരുമ്പ് മുൾവേലി അതിരു കെട്ടി. പലപ്പോഴും മാപ്പിൽ വരച്ച അതിരുകൾ കെട്ടിടങ്ങളുടെ നടുകൂടെ പോയി.ആ കെട്ടിടങ്ങൾ നിഷ്ക്കരുണം പൊളിച്ചു. കാമുകൻ പടിഞ്ഞാറും. കാമുകി കിഴക്കും. ഒരേ കുടുംബത്തിലെ സഹോദരർ മുള്ള് വേലിക്കപ്പുറമായി. ഒരേ കുടുംബത്തെ ഒരേ മനുഷ്യരെ 'ഇസത്തിന്റ ' പേരിൽ അധികാര കൈയൂക്കുകാർ പങ്കിട്ടെടുത്തു വേലികെട്ടി തിരിച്ചു .മുള്ളു വേലികൾ അവരുടെ ആത്മാവിൽ മുള്ളുകളായി അവരെ അസ്വസ്ഥരാക്കി .
മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത്. സ്വാതന്ത്ര്യം മനുഷ്യന് വലിയ ജീവൽ തൃഷ്ണയാണ്. കിഴക്കത്തെ സോഷ്യലിസ്റ്റ് സ്വർഗ്ഗരാജ്യ വേലികൾ കടന്ന് സ്വാതന്ത്ര്യത്തിലേക്ക് മനുഷ്യർ ചാടി, ആയിരക്കണക്കിന്. അങ്ങനെയുള്ള മറുകണ്ടം ചാടൽ നിർത്താൻ പടിഞ്ഞാറൻ ബർലിനു ചുറ്റും സോഷ്യലിസ്റ്റ് മതിലുകൾ പണിത് സോഷ്യലിസ്റ്റ് പൗരൻമാരെ സുരക്ഷിതമായി സൂക്ഷിച്ചു
അങ്ങനെ 1961 ഓഗസ്റ്റ് 13 ന് ബർലിൻ മതിൽ പണി തുടങ്ങി. 11.8 അടി ഉയരത്തിൽ 144
കിലോമീറ്റർ മതിൽ വെസ്റ്റ് ബെർലിനു ചുറ്റും കെട്ടി. അതു ശീത സമരത്തിന്റ ഇരുമ്പ് മറയായി. 1989 നവമ്പറിൽ ജനങ്ങൾ മതിൽ പൊളിച്ചു. പിന്നേ 1991 ഇൽ സർക്കാർ പൊളിച്ചു. നൂറു കാണിക്കിന് മനുഷ്യർ മതിൽ കടന്ന് വെസ്റ്റ് ജെർമിനീയിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ അവരെ പട്ടാളക്കാർ നിഷ്ക്കരുണം വെടി വച്ചിട്ടു .ആളുകളുടെ സ്വതന്ത്ര്യത്തെ അധികനാൾ ഒരു ശക്തിക്കും തടയണകെട്ടി നിർത്താൻ പറ്റില്ല .ബെർലിൻ മതിലുകളുടെ തകർച്ചയോടെ കമ്മ്യുണിസ്റ്റ് വാഗ്ദത്ത ഭൂമിയിൽ വിള്ളലുണ്ടായി .ഇരുമ്പ് മറകൾ താഴെ വീണപ്പോൾ ജനം ആർത്തിരമ്പി .
അത് ഫൗദ് വിവരിച്ചു ' ഐ നെവർ സീൻ സച് ഹാപ്പിനെസ്സ് ഇന് ബെർലിൻ ' അങ്ങനെ ഫൗദ് അയാൾ അഞ്ചു വയസ്സിൽ കളിച്ചു വളർന്ന മതിലിനു അപ്പുറം കണ്ടു . അയാൾ കുട്ടിയായിരുന്നപ്പോൾ ഉള്ള അയാളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു.
മതിലുകളെ കുറിച്ച പറയുവാൻ ഒരു നോവൽ എഴുതണം .നമ്മുടെ വൈക്കം മുഹമ്മദ് ബഷീർ മതിലുകൾ എഴുതിയത് 1965 ഇൽ .അത് പിന്നെ അടൂർ ഗോപാലകൃഷ്ണൻ സിനിമയാക്കി .
മനുഷ്യൻ അധികാരം ആദ്യം കൈയൂക്കും മെയൂക്കും കൊണ്ട് നേടി, പിന്നെ അധികാരം സംഘടിതമാക്കി. എവിടെയൊക്കെ മനുഷ്യന് അധികാര ബോധമുണ്ടോ അവിടെയോക്കെ മനുഷ്യന് ഉള്ളിൽ അരക്ഷിത ബോധവും ഉണ്ട്. കൂടുതൽ അധികാരമുള്ളവന് കൂടുതൽ അരക്ഷിത ബോധം. അതു കൊണ്ടാണ് അവർക്കു z സെക്കൂരിറ്റി വേണ്ടത്. മുഖ്യമന്ത്രിക്ക് അഞ്ചു എസ്‌കോർറ്റും പോലീസ് ജീപ്പും പ്രധാന മന്ത്രിക്ക് അതിലധികം സെക്യൂരിറ്റി സെറ്റപ്പ് .. അവരെല്ലാം മതിൽകെട്ടി സുരക്ഷിത മാകുന്നത് അവർക്കു അരക്ഷിതത്വം കൂടുംപോഴാണ് .അധികാര അരക്ഷിതത്തിന്റെ മതിലുകളാണ് ചരിത്രത്തിലെ എല്ലാ കോട്ട കൊത്തളങ്ങളും .അവക്കൊന്നും മരണത്തെ തടയാൻ പറ്റിയില്ലന്നതാണ് മനുഷ്യ ചരിത്രം .
മനുഷ്യന് കാശും അധികാര മനോഭാവം കൂട്ടുന്നത് അനുസരിച്ചു അവന് അരക്ഷിത ബോധം കൂടി അവർ വീടിന് ചുറ്റും മതിലുകൾ പണിയും. അരക്ഷിതത്വന് അനുസരിച്ചു മതിലുകളുടെ ഉയരം വർധിക്കും.
അധികാരം ഉള്ളിടത്തു ഭയമുണ്ട്. അതാണ് മനുഷ്യ ജന്മത്തിന്റ വിരോദാഭാസം. മനുഷ്യന് മരിക്കാൻ ഭയമാണ്. പക്ഷേ എത്ര വലിയ മതിൽ കെട്ടിയാലും മനുഷ്യൻ മരിച്ചു കൊണ്ടേയിരിക്കും
ഏതാണ്ട് 2600 കൊല്ലം മുമ്പാണ് ചൈനക്കാർ വെളിയിലുള്ളവരെ തടുക്കാൻ മതിൽ പണി തുടങ്ങിയത് .അന്ന് തുടങ്ങിയ മതിൽ വിവിധ അധികാരികൾ പണിത് പണിത് വൻ മതിലാക്കി .ഇപ്പോൾ 21,196 കിലോ മീറ്റർ മതിൽ . അതിൽ ഭൂരിഭാഗവും പതിനാലാം നൂറ്റാണ്ട് മുതൽ മിങ്‌ ഭരണകാലത്തു (1368-1644) കാലത്തു പണിതതാണു .ഇതൊക്ക ആണെങ്കിലും ജംഗീസ്ഖാൻ ചൈനയെ ആക്രമിച്ചു . ചൈനീസ് മതിൽ അധികാര ചരിത്രത്തിന്റെ അരക്ഷിതത്വത്തിന്റെ വലിയ ബാക്കി പത്രമാണ് .
അധികാരത്തിന്റ കഥ മതിലുകളുടെ കഥയാണ് .മനുഷ്യരെ എന്നും വേർതിരിച്ചു മതിൽ കെട്ടി അധികാരം കൈയാളുന്ന കഥ .ഭാഷയുടെ മതിലുകൾ .വംശത്തിന്റേത് .ദേശത്തിന്റേത് .മതത്തിന്റേത് .ജാതിയുടെ .പാർട്ടിയുടെ .മതിലുകൾ .മതിലുകൾ ഇല്ലാത്ത ഒരു ലോകം മനുഷ്യന് ഇല്ലായിരുന്നു .
മതിലുകൾ ഇല്ലാത്ത ഒരു ലോകം മനിഷ്യനുണ്ടാകുമോ .?
എന്റെ കുട്ടിക്കാലത്തു മതിലുകൾ കുറവായിരുന്നു .അതിരുകൾ മരങ്ങളായിരുന്നു .പച്ചനിറഞ്ഞ, മഞ്ഞ കോളാമ്പി പൂക്കൾ നിറഞ്ഞ , മുള്ളുകൾ ഇല്ലാത്ത അതിർ വേലികൾ ..പായൽ നിറഞ്ഞ കയ്യാലകളും .ഇപ്പോൾ കേരളത്തിൽ മതിലുകളാണെങ്ങും .പല തരം മതിലുകൾ മനുഷ്യരെ ' നമ്മളും ' ' അവരും ' ആക്കുന്നു. മസ്നസ്സിനുള്ളിൽ വളരുന്ന മതിലുകൾ മനുഷ്യരെ ജാതിയുടെയും മതത്തിന്റെ പാർട്ടികളിലൂടെയും വിഭജിച്ചു ചിന്തിക്കുവാൻ പഠിപ്പിക്കുന്നു .മനസ്സിലെ മതിലുകൾ പൊളിക്കുമ്പോഴാണ് നമ്മൾ മനുഷ്വത്വമുള്ള മനുഷ്യരാകുന്നത് .
മതിലുകൾ ഇല്ലാത്ത വീടുകൾ ഇന്ന് മലയാളിക്കില്ല . മതിലുകൾ സങ്കടങ്ങളാണ് .കാരണം അത് അമാനവൽക്കരണത്തിന്റെ മതിലുകൾ മനുഷ്യരെ പരസ്പരം മറച്ചു കാഴ്ചക്കപ്പുറമാക്കുന്നു .മതിലുകളുടെ സ്വകാര്യ സുരക്ഷയിൽ മനുഷ്യൻ ജനിച്ചു മരിക്കുന്നു .
ജേ എസ് അടൂർ

No comments: