Saturday, July 27, 2019

സംഘടിത രാഷ്ട്രീയ /മത ശക്തികൾ

"രാഷ്ട്രീയ‐പ്രത്യയശാസ്ത്രവിഷയങ്ങളും ഭരണപരമായ കാര്യങ്ങളും വികസനസംബന്ധമായതും ജാതി‐മത‐വിശ്വാസവിഷയങ്ങളുമെല്ലാം ജനങ്ങൾ ഉന്നയിച്ച അഭിപ്രായങ്ങളിൽ തെളിഞ്ഞുവന്നു. ഇതിലൊന്നിനോടും അസഹിഷ്ണുതയും അതൃപ്തിയും നിറഞ്ഞ സമീപനം പാർടിക്കില്ല. പരിഹരിക്കേണ്ടവ പരിഹരിക്കും. തിരുത്തേണ്ടവ തിരുത്തും. കാരണം പാർടിയും ഭരണവും ജനങ്ങൾക്കുമുകളിലല്ല. ജനങ്ങൾക്കു വേണ്ടിയുള്ളതാണ്"
കോടിയേരി ബാലകൃഷ്ണൻ

ഇന്ന് രാവിലെ വായിച്ച ദേശാഭിമാനി ലേഖനത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമായ വരികളാണ് മുകളിൽ കൊടുത്തത് .
കേരളത്തിൽ 5.15 ലക്ഷം അംഗങ്ങളുള്ള ഏറ്റവും സംഘടിത രാഷ്ട്രീയ ഭരണ പാർട്ടിയായ സി പി എം ഏതാണ്ട് 70 ലക്ഷം വീടുകൾ സന്ദർശിച്ചു ജനങ്ങൾക്ക് പറയാനുള്ളത് സഹിഷ്ണുതയോടെ കേൾക്കുന്നത് നല്ല കാര്യമാണ് . കാരണം പലപ്പോഴും വ്യക്തി പരമായി വളരെ നല്ല ആളുകൾ പലപ്പോഴും ഒരു സംഘടിത ശക്തിയുടെ ഭാഗമാകുമ്പോൾ സംഭവിക്കുന്ന ചില കാര്യങ്ങളുണ്ട് .

1) അവർ അവരെപ്പോലെയുള്ളവരോട് മാത്രമാണ് ഏതാണ്ട് 90% സംവദിക്കുന്നത് .അതുകൊണ്ട് തന്നെ അവർ കാണുന്നതും കേൾക്കുന്നതും പറയുന്നതും എല്ലാം ഒരു പിയർ ഗ്രൂപ്പുമായി ആയിരിക്കും . ഈ സംഘടന പിയർ ഗ്രൂപ് ലെൻസിൽ കൂടെ ആയിരിക്കും അവർ ലോകത്തെ കാണുന്നതും അറിയുന്നതും .അത് കൊണ്ട് തന്നെ അവരുടെ ലെജിറ്റിമസിയുടെ ഏറ്റവും പ്രധാന ഘടകം ഈ പിയർഗ്രൂപ്പ് അഫിലിയേഷനാണ് . ഇതാണ് ' നമ്മൾ ' ' അവർ ' എന്ന രീതിയിൽ ഒരു എസ്‌ക്ലൂഷൻ ലോജിക് ഉണ്ടാക്കുന്നത് . ഇത് മിക്ക ജാതി -മത സംഘടനകളിലും ക്രിസ്ത്യൻ വിവിധ സഭാ വിഭാഗങ്ങളിലും കാണും . ഈ 'we vs them ' ആണ് എല്ലാ അസഹിഷ്ണുതയുടെയും തുടക്കം .
കാരണം ഈ ഒരു സംഘടിത ശക്തിക്ക് അകത്തു നിൽക്കുമ്പോൾ അതിന് അപ്പുറം ഉള്ള ലോകവുമായി ഇന്സുലേറ്റഡ് ആണ് . പഴയ നിയമത്തിൽ jews and gentiles എന്നതിന് മലയാളത്തിൽ 'പുറ ജാതിക്കാർ ' എന്നാണ് പറയുക . അതുകൊണ്ടാണ് " ഇണയില്ല പിണ ' ചേരരുത് ' എന്ന വാക്യം സംഘടിത സഭകൾ പല തരത്തിൽ ഉപയോഗിക്കുന്നത് .

2) എല്ലാ സംഘടിത ശക്തികളും സാധാരണ ഒറ്റപെട്ട മനുഷ്യനുള്ള അരക്ഷിത ബോധത്തിന് ഒരു സംഘടിത സുരക്ഷിത ബോധം നൽകുന്നുണ്ട് . എനിക്ക് ഇടവകയുടെ സപ്പോർട്ട് ഉണ്ട് . കരയോഗം നമ്മുടെ കൂടെയാണ് . ലോക്കൽ കമ്മറ്റിയും ഏരിയ കമ്മറ്റിയും കൂടെയുണ്ട് .
ഇത് നൽകുന്ന സംഘബലം മനുഷ്യന്റെ ചില അരക്ഷിതത്വങ്ങളെ മാറ്റുന്നു എന്ന് മാത്രമല്ല അത് പലരെയും സംഘ ധാർഷ്ട്യവും അഹങ്കാരവും കൂട്ടാനും സംഘ ബലമുഗയോഗിച്ചു മറ്റുള്ളവരെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്തി അനുസരിപ്പിക്കുവാൻ പഠിപ്പിക്കും .സംഘടിത ശക്തിയെ ചോദ്യം ചെയ്യുന്നവരെ പ്രൊഫൈൽ ചെയ്ത് വാക്കിലും പ്രവർത്തിയിലും ആക്രമിക്കും
.അതാണ് കത്തോലിക്കാ സഭ ഇൻക്വിസിഷൻ കാലത്ത് ചെയ്തതും , മാവോ കൾച്ചറൽ റെവലൂഷൻ എന്ന പേരിൽ ആളെ കൊന്നൊടുക്കിയതും ഇപ്പോൾ സംഘ പരിവാർ എന്ന സംഘടിത ശക്തി അവർക്ക് സംഘ ബലമുള്ള വടക്കേ ഇന്ത്യയിൽ ശക്തിയുള്ളിടത്തു ജയ് ശ്രീ രാം അടിച്ചു വിളിപ്പിക്കുന്നത് .സംഘ ബലത്തിന് പുറത്തു പോകുന്നവരെ കുലം കുത്തികളായി വെട്ടി കൊല്ലും . അല്ലെങ്കിൽ യൂണിറ്റിനെ ചോദ്യം ചെയ്യുന്നവന്റെ നെഞ്ചത്ത് കത്തി കേറ്റും .
എല്ലാ സംഘടിത ശ്കതിയും അതിന്റ അംഗങ്ങൾക്ക് സുരക്ഷ കൊടുക്കുന്നതിന് ഒപ്പം ഭയവും ഓപ്പറേറ്റ് ചെയ്യും .മര്യാദക്ക് പാർട്ടി /സഭ ലൈനിൽ പോയാൽ നിങ്ങൾക്ക് കൊള്ളാം .അല്ലെങ്കിൽ വിവരമറിയും എന്ന ഒരു പാരഡോക്സിക്കൽ ലോജിക്കിലാണ് എല്ലാ സംഘടിത ശ്കതികളും മനുഷ്യനെ പിടിച്ചു നിർത്തുന്നത് .

3).സംഘടിത ശക്തികൾ പലപ്പോഴും കൂടെ നിന്നാൽ ഇൻസെന്റീവ് കൊടുത്തു അനുയായി /വിശ്വാസ വൃന്ദത്തിന് ' വേണ്ടത് ' ചെയ്യും . സംഘടിത ഭരണ പാർട്ടികളുടെ കൂടെ നിൽക്കുന്നവർക്ക് ജോലി , പ്രൊമോഷൻ , സ്ഥാന മാനങ്ങൾ ഒക്കെ കൊടുത്തു അവരെ ഗുണഭോക്താക്കളാക്കി വിശ്വാസ് സംരക്ഷകരാക്കും . ഭരണ പാർട്ടി അവർക്ക് സർക്കാർ ജോലികൾ , പി എസ് സി മെമ്പർ , സഹകരണ ബാങ്ക് അങ്ങനെ പലതിലും അക്കോമഡേറ്റ് ചെയ്യും .അങ്ങനെയുള്ള പാർട്ടിഗുണഭോകതാക്കൾ ആ പാർട്ടിയുടെ ലോയൽറ്റി തെളിയിക്കാൻ 'വിശ്വാസ വീരന്മാര്കും ' .അവർ പാർട്ടിയുടെയോ /സഭയുടെയോ മേളിൽ ഉള്ള നേതാക്കന്മാർ പറയുന്ന ഏത് കൊള്ളരുതാൻമയും ന്യായീകരിക്കും . അതിന് അതെ കൂട്ടത്തിൽ ലൈക്കടിക്കും. അത് ഭരണ -അധികാര തണലിൽ എപ്പോഴും കാണുന്ന ഒരു അധികാര ആശ്രിത ഇന്സെസ്റ്റുവസ് സർക്യൂട്ടാണ്

4).സംഘടിത രാഷ്ട്രീയ /മത ശക്തികൾ അവരുടെ നിലനിൽപ്പ് സാധൂകരിക്കുന്നത് ഒരു ഐഡിയോലജി ഫ്രെയിംവർക്കും അതിനോട് അനുബന്ധിച്ച ഒരു ഇരുപത് പദ വാക്യ പ്രയോഗങ്ങളുമാണ് . അത് ഇപ്പോഴും ഒരുവിടേണ്ടത് സംഘടന ഐഡന്റിറ്റി അഫിലിയേഷന് അത്യാവശ്യം . ജയ് ശ്രീരാമൻ എന്നത് അങ്ങനെ ഒരു സംഘ ഭാഷ അധികാര പ്രയോഗമാണ് . അത് പോലെ ഒരു പ്രയോഗമാണ് ' രക്ത സാക്ഷി ' .'രക്ത സാക്ഷികൾ മരിക്കുന്നില്ല 'എന്ന വിശ്വാസ ഭാഷ പ്രയോഗവും ഐഡന്റിറ്റി ഭാഷ അടയാളപ്പെടുത്തലാണ് .

കേരളത്തിൽ ഇന്ന് ഏറ്റവും സംഘടിത ശക്‌തിയുള്ള മൂന്നു വിഭാഗങ്ങൾ പല രീതിയിലുള്ള ആന്തരിക പ്രതി സന്ധിയെ നേരിടുന്നുണ്ട് .ഈ മൂന്നു പ്രധാന സംഘടിത ശക്തികൾ സി പി എം , കത്തോലിക്കാ സഭ , ആർ എസ് എസ് എന്നിവയാണ് . അല്ലാതെ ചെറുതും വലുതുമായ സംഘടനകൾ ഉണ്ടെങ്കിലും സംഘട്ടന കൈയ്യൊക്കും ശക്തിയും സമ്പത്തും അധികാര വിന്യാസങ്ങളും കൂടുതൽ ഇവർക്കാണ്

ഈ സംഘടനകൾ ആന്തരിക പ്രതി സന്ധികൾ നേരിടുന്നതിനോടൊപ്പം അവരെല്ലാം ബാഹ്യമായി ഒരു ലെജിറ്റിമസി ക്രൈസിസ് നേരിടുന്നുണ്ട് .കാരണം കേരളത്തിലെ എൺപത് ശതമാനം ആളുകളും ഈ സംഘടിത ശക്തികകൾക്ക് പുറത്താണ് .ഭരണവും അധികാരവും എല്ലാം ഒരു ലെജിറ്റിമസി ക്രൈസിസ് ഉണ്ടായാൽ പെട്ടന്ന് കാറ്റിൽ കടപുഴകി മറിഞ്ഞു വീഴും .അടി തെറ്റിയാൽ ആനയും വീഴും .

അത് കൊണ്ട് തന്നെ ഈ സംഘടന കൊക്കൂണിന് പുറത്തു പോയി കേരളത്തിലെ എഴുപത് ലക്ഷം വീടുകളിൽ ഉള്ള ആളുകൾ എന്ത് പരായൈന്നു എന്ന് കേൾക്കുന്നത് നല്ലതാണ് . ഇങ്ങനെ ഓരോ സംഘടിത പാർട്ടികളും ചെയ്താൽ അവർക്ക് ഉള്ളിൽ നിന്നും പുറത്തു നിന്നും സ്വയം പുതുക്കാൻ അവസരമുണ്ട് .

പക്ഷെ പല പഴകിയ സംഘടിത ശക്തികളും അധികാര പ്രയോഗത്തിന്റെ യഥാസ്ഥിതികരാണ് .അത് കൊണ്ട് എഴുപത്തി അഞ്ചും എൺപതും വയസുള്ള നേതാക്കൾക്ക് എന്തെങ്കിലും പുതിയതായി ചിന്തിക്കുവാനും ചെയ്യാനുമുള്ള സാധ്യതകൾ കുറവാണ് . Window dressing will not adress the root causes of the problem ..പണ്ടത്തെ വിപ്ലവകാരികൾ ഭരണ - അധികാരത്തിൽ കയറി ആസനം ഉറപ്പിച്ചാൽ പലപ്പോഴും അധികാരത്തിന്റഉപാസകരും അധികാര വിനിമയത്തിന്റ യാഥാസ്ഥിതിക വക്താക്കളുമാകും .അത് കൊണ്ടാണ് അവർ പോലീസും പട്ടാളവുംഅടിച്ചാലും കൊന്നാലും അവരെ ന്യായീകരിക്കുന്നത് .
അതായിരുന്നു അധികാര ആസനങ്ങളുടെ ചരിത്രം മിക്കപ്പോഴും .
അത് കൊണ്ട് മാറ്റങ്ങൾ മനസ്സിലും മനുഷ്യരിലും സംഘത്തിലും പുതുക്കൽ ഉണ്ടാകുമോ എന്ന് ഇനിയും കണ്ടറിയേണ്ടത് .
ജെ എസ് അടൂർ
27.07.2019

No comments: