Tuesday, July 23, 2019

അരാഷ്ട്രീയ കേരളം !!


കേരളത്തിൽ ഇന്ന് പലപ്പോഴും രാഷ്ട്രീയ ചർച്ചകൾ ഇല്ല .വിവരവകാശ നിയമത്തെയും , മനുഷ്യവകാശ കമ്മീഷൻ നിയമത്തെയും ഇനിയും തൊഴിലുറപ്പു പദ്ധതിയെയും സ്ലോ പോയ്‌സണിൽ കൂടി കൊല്ലാൻ തുടക്കമിട്ടിരിക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങളെകുറിച്ച് ചർച്ച ചെയ്യാനോ സമരം സംഘടിപ്പിക്കുവാനോ ഇവിടെ രണ്ടു കൂട്ടർക്കും സമയമില്ല . നാഷണൽ എഡ്യൂക്കേഷൻ പോളിസിയെകുറിച്ച് ഇവിടെ രണ്ടു കൂട്ടരും ഒരക്ഷരം മിണ്ടുന്നില്ല .
കേരളത്തിലെ എം പി മാരിൽ ഇതുവരെ ഉള്ള പ്രസംഗങ്ങളിൽ ഏറ്റവും മികച്ച പ്രസംഗം ശശി തരൂർ വിവരാവകാശനിയമ അമെൻഡെമെന്റിനെ കുറിച്ച് ചെയ്‌ത പ്രസംഗമാണ് . ഏത് നിലവാരത്തിൽ നോക്കിയാലും ഈ ലോക്സഭയിലെ ഇതുവരെയുള്ള പ്രസംഗങ്ങളിൽ ഏറ്റവും മികച്ച പ്രസംഗങ്ങളിൽ ഒന്ന് . അത് എൽ ഡി എഫ് സുഹൃത്തുക്കൾ കണ്ടില്ലന്ന് നടിക്കുന്നതിൽ അത്ഭുതമില്ല . പക്ഷെ കൊണ്ഗ്രെസ്സ് യൂ ഡി എഫ് നേതാക്കൾ ആരെങ്കിലും ആ പ്രസംഗം കേട്ടൊന്നു തന്നെ സംശയം . കേട്ടാലും അത് കേട്ട ഭാവം നടിക്കില്ല .അതാണ് ഇവിടുത്തെ അവസ്‌ഥ .
ഇവിടെ വമ്പൻ വാർത്തകളും ചർച്ചകളും നോൺ ഇഷ്യുസ് ആണ് . രമ്യ ഹരിദാസിന് കാർ ഒരു രാഷ്ട്രീയ വിഷയമേ അല്ല .
ഇവിടെ ഗവര്ണൻസ് ആരും ഓഡിറ്റിന് വിധേയമാക്കുന്നില്ല .വെള്ളപൊക്കം കഴിഞ്ഞു ഒരു വർഷമായി .ഇപ്പോൾ അത് പോലെ ഒരു വെള്ളപൊക്കം ഉണ്ടായാൽ അതിന്റെ ആഘാതം തടയാൻ സാധിക്കുമോ ?ഡാം വാട്ടർ മാനേജ്‌മെന്റ്റ് സ്ഥിതിയെന്താണ് ?
പിന്നെ വേൾഡ് ബാങ്കിനെയും ഏ ഡി ബി യെയും പ്രതിരോധിച്ചു സമരം നടത്തിയവർ എല്ലാം അവരെ രണ്ടു കൈയും നീട്ടി കെട്ടിപിടിച്ചു ആശ്ലേഷിക്കുമ്പോൾ ചരിത്രം പലരും മറന്നു പോകും ..ഒരു ബാങ്കും വന്ന് സർക്കാരിനെ കെട്ടിപിടിക്കുന്നത് വെറുതെ പണം തരാനല്ല . പലിശക്ക് കടം തരാനാണ് . ഈ പലിശക്കു കടം വാങ്ങി കൂട്ടിയാൽ ഇത്‌ ജനങ്ങൾ തന്നെയാണ് കൊടുത്തു തീർക്കേണ്ടത് . എത്ര രൂപ എത്ര പലിശക്ക് കടം എടുത്തു ? അതിലെ വ്യവസ്ഥകൾ എന്തൊക്കെ ? ഇത് ഇപ്പോഴുള്ള വൻ കടമായ രണ്ടു ലക്ഷത്തിലധികം കോടിയുടെ കടഭാരം എത്രകൂടി കൂട്ടും ? ഇതിന്റ എല്ലാം പലിശ എങ്ങനെ കൊടുക്കും ? മസാല ബോണ്ട് അടക്കം വൻ തുകകൾ പലിശക്ക് എടുക്കുന്നതിന്റെ കൃത്യമായാ സോഷ്യൽ ഓഡിറ്റ് ഉണ്ടോ ?
അങ്ങനെ ഒരു പാട് രാഷ്ട്രീയ -ഗവര്ണൻസ് ഇഷ്യൂസ് കേന്ദ്രത്തിലും കേരളത്തിലുമുണ്ട് .അതൊന്നും ചർച്ച ചെയ്യാതെ വെറും മാറ്റൊലി വിവാദത്തിന്റെ പുറകെയാണ് പാർട്ടി നേതാക്കളും മാധ്യമങ്ങളും . ഒരു മുന്നണിയുടെ നേതാവിന്റെ ഏറ്റവും വലിയ പ്രശ്‌നം മാധ്യമ പ്രവർത്തകർ എങ്ങനെ സാരിയുടുക്കുന്നൂ എന്നതാണ് ?.
ജെ എസ് അടൂർ
24-07-2019

No comments: