Sunday, July 14, 2019

നമ്മുടെ പൊളിറ്റിക്കൽ കൽച്ചറാണ് മാറേണ്ടത്


യഥാർത്ഥത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മാത്രം ചർച്ച ചെയ്തിട്ട് വലിയ മാറ്റങ്ങൾ ആ കോളേജിലോ, രാഷ്ട്രീയത്തിലോ സംഭവിക്കുവാൻ പോകുന്നില്ല. കാരണം അത് ഒരു ചെറിയ അടയാളപ്പെടുത്തലാണ്. എസ് എഫ് ഐ യെയോ വിദ്യാർത്ഥി രാഷ്ട്രീയത്തെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം അത് ഇപ്പോഴുള്ള മാച്ചോ കരിയർ പൊളിറ്റിക്കൽ കൽച്ചറിന്റ ഭാഗമാണ്.
എന്ത് കൊണ്ട് ഒട്ടു മിക്ക കോളേജിലും എസ് എഫ് ഐ ജയിച്ചാലും പാർലമെന്റ് അസംബ്ലി തിർഞ്ഞെടുപ്പിൽ സി പി എമ്മിന് അതിന് അനുസരിച്ചു വോട്ട് കൂടുന്നില്ല?. എന്ത് കൊണ്ട് കെ എസ് യു എന്ന സംഘടന കോളേജുകളിൽ ശുഷ്കിച്ചു ശുഷ്കിച്ചു ദുർബലമായി? എന്ത് കൊണ്ട് എ ബി വി പിന്നെ എല്ലാ ക്യാമ്പസ്സുകളിലും വളരുന്നു? വർഗീയ പാർട്ടികളുടെ വിദ്യാർത്ഥി സന്ഘടനകൾ പണ്ടത്തേതിനേക്കാൾ ശക്തി പ്രാപിക്കുന്നു?
മിക്ക കോളേജുകളിലും കൂടുതൽ വിദ്യാര്ഥിനികളുണ്ടെങ്കിലും എന്ത് കൊണ്ട് ഈ വിദ്യാർത്ഥി സന്ഘടനകളുടെ നേതൃത്വത്തിൽ ബഹു ഭൂരിപക്ഷവും സ്ത്രീകളല്ലാത്തത്? എന്ത് കൊണ്ട് രാഷ്ട്രീയ പാർട്ടികളുടെ തലപത്തു സ്ത്രീകളില്ല,,?
ഇതെല്ലാമാണ് ചർച്ച ചെയ്യണ്ടത്. എസ് എഫ് ഐ യുടെ നേതാക്കൾക്ക്‌ റാങ്ക് ലിസ്റ്റിൽ വന്നത് ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ അല്ല. കോൺസ്റ്റബിൾ പരീക്ഷയിലാണ്. എന്നാൽ നേതാക്കളുടെ മക്കൾ പാസ്സാകുന്നത് സിവിൽ സർവീസ് പരീക്ഷയിലും. അതിന് കേരളത്തിലെ കോളേജുകളിൽ അതി രാഷ്ട്രീയവും അക്രമ രാഷ്ട്രീയവുമൊക്കെ കളിക്കുന്ന കുട്ടികളുടെ സോഷ്യൽ -ഇക്കോണോമിക് ബാക്ഗ്രൗണ്ട് ഒന്നു അനലൈസ് ചെയ്താൽ കാര്യം മനസ്സിലാകും.
കാരണം ഇന്നു കേരളത്തിൽ ഒട്ടും മിക്ക മധ്യ ഉപരി മധ്യ വർഗ്ഗത്തിൽ പെട്ട ഒരു നല്ല ശതമാനം കുട്ടികൾ പ്രൊഫെഷണൽ കോഴ്സിന് പോകും. അതിൽ തന്നെ ഒരുപാടു പേര് കേരളത്തിന് വെളിയിലോ ഇന്ത്യക്ക് വെളിയിലോ പോകും. എനിക്ക് അറിയാവുന്ന പഴയ എസ് എഫ് ഐ ക്കാരും ഇപ്പോൾ ഉപരി മധ്യ വർഗ്ഗമായ മിക്കവരുടെയും മക്കൾ പഠിക്കുന്നത് ഇന്ത്യയിലെ കേരളത്തിന്‌ ഏറ്റവും നല്ല പൊതു യുണിവേഴ്സിറ്റികളിലോ സ്വകാര്യ യൂണിവേഴ്സികളിലുമാണ്. അതു പഴയ എസ് എഫ് ഐ നേതാക്കളുടേത് മാത്രമല്ല. പാർട്ടി ഭേദമെന്യേ എല്ലാവരുടെയും.
ഇന്നു കേരളത്തിൽ രാഷ്ട്രീയ നേത്രത്വത്തിൽ ഉള്ളവരുടെടെയോ എം പി യോ എം എൽ എ, മന്ത്രിമാരുടെയോ ഉദ്യോഗസ്‌ഥ പ്രമുഖരുടെയോ മക്കൾ എത്ര പേർ കേരളത്തിലെ ആർട്സ് ആൻഡ് സായ്‌സൻസ് കോളേജുകളിൽ പഠിക്കുന്നുണ്ട്? എത്ര പേർ പ്രൊഫെഷണൽ കോഴ്സ് പഠിച്ചു വിദേശത്തു പോയി? എത്ര രാഷ്ട്രീയ നേതാക്കളുടെ മക്കൾ ആർട്ട്s ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലുണ്ട്?
ഇതെല്ലാം നമ്മുടെ പൊളിറ്റിക്കൽ കൽച്ചറിനെ കുറിച്ച് ചില ധാരണകൾ നൽകും. കാരണം ഇന്ന് നമ്മുടെ രാഷ്ട്രീയ പാർട്ടി നേതൃത്വത്തിൽ ഉള്ളത് സ്വാതന്ത്ര്യ സമര സേനാനികളോ നൈതീക സമരങ്ങളിൽ പോയി ജയിൽ വാസമാനുഭുവിച്ചവരോ അല്ല.. അവരിൽ ബഹു ഭൂരിപക്ഷം എഴുപത് എൺപത് കാലഘട്ടങ്ങളിൽ വിദ്യാർത്ഥി രാഷ്‌ടീയത്തിൽ കൂടി അവിടെ അടിപിടി തടയോക്കെ പഠിച്ചു എങ്ങനെയൊക്കെയോ പരീക്ഷ പാസായി കരിയർ പൊളിറ്റീക്സിൽ കയറിപറ്റിയവരാണ്. അവരിൽ മിക്കവരും മാച്ചോ ആണുങ്ങളാണ്.
നമ്മുടെ മുഖ്യ മന്ത്രി എന്ത് മാത്രം കലാലയ ഹിംസ രാഷ്ട്രീയത്തിന്റ പേരിൽ വീരവാദം മുഴക്കും? ഊരി പിടിച്ച വാളിന് മുന്നിലൂടെ നടന്നെന്ന്? രാഷ്ട്രീയ എതിരാളികളെ 'പര നാറി ' എന്നോ ' നികൃഷ്ട ജീവി ' എന്നോ 'ഡാഷ് മോന്മാരെ ' എന്നോ വിളിക്കുവാൻ ഒരു മടിയുമില്ല. തെറി വിളിക്കുന്ന, തെറി പറയുന്ന നേതാക്കൾക്ക് പ്രസംഗിക്കുവാൻ നല്ല ഡിമാൻഡാണ്. അവർ ' പൂ " താ, ' മ ' പറയുന്ന വീഡിയോ വൈറലാണ്. അതു പോലെയുള്ള ഭാഷയിൽ വയലൻസ് ഉപയോഗിക്കുന്ന കൊണ്ഗ്രെസ്സ് നേതാക്കളും പോപ്പുലറാണ്. കഴിഞ്ഞ ചില വർഷങ്ങൾക്ക് മുമ്പ് നിയമ സഭയിൽ നമ്മുടെ ഇപ്പോൾ ഭരിക്കുന്ന മന്ത്രിമാരും സ്‌പീക്കർ അദ്ദേഹവും കാട്ടി കൂട്ടിയെതെന്താണ്?
ഇവരിൽ പലരും ലോവർ മിഡിൽ ക്ലാസ്സിൽ നിന്ന് രാഷ്ട്രീയ ഭരണ നേതൃത്വം വഴി അപ്പർ മിഡിൽ ക്ലാസ്സ്‌ ആയവരാണ്. അവരുടെ മക്കളുടെ ചോയ്‌സ് അതിന് അനുസരിച്ചു മാറി. അവർ സിവിൽ സ്വ്വീസ്, professional കോഴ്സ്, അല്ലെങ്കിൽ അച്ഛന്റെ അടുത്ത മുതലാളിമാരുടെ കമ്പിനിയിൽ ഉന്നത ജോലിക്കാർ. അത് കൊണ്ട് തന്നെ അവരുടെ ആരുടെയും മക്കൾക്ക് അടി കിട്ടില്ല. കുത്ത് കിട്ടില്ല. കുത്തി കൊല്ലപ്പെട്ട വളരെ പാർശ്വവൽക്കരിക്കപ്പെട്ട കുടുംബത്തിൽ നിന്നും വന്ന അഭിമന്യു കൊല്ലപ്പെട്ടാൽ രക്ത സാക്ഷി വാഴ്ത്തലുകൾ നടത്തുന്ന ഉപരി മധ്യ വർഗ്ഗ നേതാക്കൾക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ല. പോയത് സാമ്പത്തികമായി ഏറ്റവും താഴെ തട്ടിലുള്ള ആ കുടുംബത്തിന് മാത്രം.
കെ എസ് യു, എസ് എഫ് ഐ എന്നിവയിൽ കൂടി കഴിഞ്ഞ പത്തു വർഷങ്ങളിൽ വളർന്നു വന്ന നേതാക്കൾ വിരലിൽ എണ്ണാവുന്നവരാണ്. കേരളത്തിൽ എന്ത് കൊണ്ടാണ് ഒരു രാഷ്ട്രീയ പാർട്ടി നേത്രത്തിൽ സ്ത്രീകൾ ഇല്ലാത്തത്? പാർലമെന്റിൽ 20 ഇൽ ഒന്നു. നിയമ സഭയിൽ പത്തു ശതമാനം പോലുമില്ല. കെ എസ് യു വിൽ പോയാലും കാര്യമില്ല എംപി എം എൽ എ , മന്ത്രിയും ആകുന്നത് അവരുടെ മക്കൾ എന്നാകുമ്പോൾ കെ എസ് യു വിലൂടെയുള്ള പൊളിറ്റിക്കൽ കരിയർ ഓപ്ഷൻ കുറയുന്നു എന്നു കാണുമ്പോൾ അവൻ ഈ പരിപാടിക്ക്‌ പോകില്ല. അങ്ങനെ അത് ശോഷിച്ചു ശോഷിച്ചു ഗ്രൂപ്പ് നേതാക്കൾക്ക്‌ മാത്രം ഉള്ള നെറ്റ് വർക്കായി.
സോഷ്യൽ മീഡിയയിൽ പല പാർട്ടികൾക്കും വേണ്ടി സജീവമായി വാദിക്കുന്ന പലരെയും നേരിട്ട് അറിയാം. അവർ സ്വദേശത്തോ വിദേശത്തോ ഉപരി മധ്യ വർഗ്ഗ ജീവിതം നയിക്കുന്ന 'വെൽ സെറ്റിൽഡ് ' ആളുകളാണ്. അവരുടെ മക്കളിൽ എത്ര പേർ കേരളത്തിൽ അല്ലെങ്കിൽ എവിടെയെങ്കിലും വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമാണ്? അവരുടെ മക്കൾ പ്രൊഫെഷണൽ കോഴ്‌സോ അല്ലെങ്കിൽ ഏറ്റവും നല്ല ഉന്നത വിദ്യാഭ്യസമോ നേടും. അവർ വെൽ സെറ്റിൽഡാകും. ഈ ഡബിൾ സ്റ്റാൻഡേർഡ് എല്ലായിടത്തും ഉണ്ട്.
ഈ പറയുന്ന എന്റെ മകൻ പഠിച്ചതും ടി ഐ എസ് എസിലും ബാംഗ്ലൂർ ലോ സ്‌കൂളിലുമാണ്. ഇനി വിദേശത്തു പഠിക്കും. മകളെയും കേരളത്തിന് വെളിയിൽ പഠിപ്പിക്കും. ഇതു എന്റെ മാത്രം കഥയല്ല. ഇതു കേരളത്തിൽ ഉപരി മധ്യ വർഗ്ഗത്തിൽ ഉള്ള ഒരു ട്രെൻഡാണ്. ഇതു എന്ത് കൊണ്ട് സംഭവിക്കുന്നു? ഈ ഔട്ട് വേർഡ് മൈഗ്രെഷൻ കേരളത്തിലെ ഇക്കോണമിയെയും സമൂഹത്തെയും രാഷ്ട്രീയത്തെയും എങ്ങനെ ബാധിക്കും.?
ഡൽഹിയിലും ബോംബെയിലും ബാംഗ്ലൂരിലും ദുബായിലും സിഡ്നിയിലും ലണ്ടനിലും ന്യൂയോർക്കിലുംജനീവയിലും ബാങ്കോക്കിലും സിംഗപ്പൂരിലും വെൽ സെറ്റിൽഡായി അവരവരുടെ കാര്യങ്ങൾ ഭദ്രമാക്കിയ ഞാൻ അടക്കമുള്ളവർക്ക് ഇതിൽ ഒരു ഡയറക്റ്റ് സ്ടെക്കും ഇല്ലാതെ ഗാലറിയിൽ ഇരുന്ന കളി കണ്ടു കമന്ററി പറയുന്നതിൽ വളരെ നഷ്ട്ടം ഒന്നുമില്ല. Because we too are a part of the problem of political culture of Kerala. സേഫ് സോണിൽ ഇരുന്ന് രാഷ്ട്രീയം പറഞ്ഞു പഴയ സ്റ്റുഡന്റസ് പൊളിറ്റിക്സ് അയവിറക്കി സുഖമായി ജീവിക്കുന്നവർ.
ഇങ്ങനെ ഒരു സെറ്റിൽഡ് പൊളിറ്റിക്കൽ കൽച്ചറിനെയാണ് മോഡിയും സംഘവും സംഘികളും ഡിസ്‌റേപ്റ്റ് ചെയ്യുന്നത്. വർഗ്ഗ രാഷ്രീയത്തെ പെട്ടന്ന് വർഗീയ രാഷ്ട്രീയം വിഴുങ്ങുന്നത് പഴയ വർഗ്ഗ രാഷ്ട്രീയം ഇപ്പോൾ ഭരണ സുഖ സൗകര്യങ്ങളിൽ വെൽ സെറ്റിൽഡ് ആണെന്നുള്ളതാണ്.
മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഇന്നു വിദ്യാർത്ഥി രാഷ്‌ടീയത്തെ പ്രത്യയ ശാസ്ത്ര ചർച്ചകളോ ഇല്ലാതെ അതെ മാച്ചോ കൽച്ചറിൽ പാർട്ടി ലോയൽറ്റിയും നേതാക്കളുടെ പെട്രേനേജിൽ ശിങ്കിടി രാഷ്ട്രീയമായി വെറും ചട്ടുകങ്ങളായി ഉപയോഗിക്കുന്നതും പൊളിറ്റിക്കൽ കൽച്ചറിന്റെ പ്രശ്നമാണ്.
വർഗീയ രാഷ്ട്രീയത്തിന് കൃത്യമായി അജണ്ടകളും പ്രത്യയ ശാസ്ത്ര മോട്ടിവേഷനും ഭരണ ഇൻസെന്റീവും പണവും ഉണ്ട്. " വർഗീയത തുലയട്ടെ ' എന്ന് ചുവരെഴുതി ഫേസ് ബുക്ക്‌ ചുവരെഴുതീയൽ പോകുന്നതല്ല വർഗീയ സ്വത രാഷ്ട്രീയം.
എൺപത് മുതൽ വളർന്നു വന്ന നമ്മുടെ പൊളിറ്റിക്കൽ സമവാക്യങ്ങൾ ഇപ്പോൾ റിസേർവിലാണ് ഓടി കൊണ്ടിരിക്കുന്നത്. ഇപ്പോൾ കേരളത്തിലെ പൊളിറ്റിക്കൽ കൾച്ചർ ഒരു പ്രതിസന്ധിയെ നേരിടുകയാണ്. അതിന് സാമൂഹിക -സാമ്പത്തിക -രാഷ്ട്രീയ മാനങ്ങളുണ്ട്.
Unless the mainstream political parties and political culture reinvent themselves, they are bound to become redundant in few years.
ജെ എസ് അടൂർ
13.07.2019

No comments: