Sunday, November 25, 2018

കേരളത്തിലെ കക്ഷി രാഷ്ട്രീയ പ്രതി സന്ധികൾ


കേരളത്തിലെ കക്ഷി രാഷ്ട്രീയം അവർ പലരും തിരിച്ചറിയാത്ത ഒരു പ്രതി സന്ധിയിലാണ് . രണ്ടും മാസം മുമ്പ് മാത്രം പ്രളയത്തിൽ മുങ്ങി നിലവിളിച്ച കേരളം ഇന്ന് ശബരിമയുടെ പേരിൽ നടക്കുന്ന ഒരു രാഷ്ട്രീയ ദുരന്തത്തിന് ഇടയിൽപെട്ട് ഉഴലുകയാണ് . ചിലർ തെരുവ് നാടകം കാട്ടി ഭക്തിയുടെ പേരിൽ വർഗീയ വിഷം വിളമ്പുന്നു .
ഇങ്ങനെയുള്ള ഒരു ഗുരുതര അവസ്ഥയിൽ പോലും പല നേതാക്കളും ഒരു സെല്ഫ് ഡിനെയാൽ മോഡിലാണ് . ഇവിടുത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളായ സി പി എമ്മും കോൺഗ്രസ്സും പരസ്പരം പഴിചാരി വിഴുപ്പുല്ക്കുന്നത് കഴിഞ്ഞ അഞ്ചാറു വര്ഷമായി ഒരൊറ്റ റഫറൻസ് പോയിന്റിലാണ് ആർ എസ് എസ് /സംഘി /ബി ജെ പി . ഇവർ രണ്ടും കൂട്ടരും മാധ്യമങ്ങളിലും പൊതു സമൂഹത്തിലും സാമൂഹിക മാധ്യമങ്ങളിലും പരസ്പരം വിഴുപ്പലക്കി ഇതിൽ ആരാണ് കൂടുതൽ സംഘ പരിവാറിനെ സഹായിക്കുന്നത് എന്നു വരുത്തി ഒരു എം എൽ യും ബേസിക്കായി 6-8% മേൽജാതി വോട്ടുള്ള ബി ജെ പ്പി യെ ഇന്ന് കേരള രാഷ്ട്രീയത്തിന്റ സെൻട്രൽ റഫറൻസ് പോയിന്റാക്കി രാഷ്‌ടീയ വ്യവഹാരത്തിൽ വളർത്തിയത് . ഇതിൽ ടി വി മാധ്യമങ്ങൾ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട് . മോൻ ചത്താലും വേണ്ടില്ല മരുമോടെ കരച്ചിൽ കണ്ടാൽ മതി എന്ന തരത്തിൽ ആയിരിക്കുന്നു കേരളത്തിലെ രണ്ടും പക്ഷത്തും ഭരണ പാർട്ടികൾ .
എന്ത് കൊണ്ടാണ് ഇത് സംഭവിക്കുന്നത് ? കേരളത്തിലെ ഡെമോഗ്രാഫിയിൽ ജാതി -മത അടിസ്ഥാനത്തിൽ നോക്കിയാൽ സാധാരണ സംസ്ഥാങ്ങളിലെ ന്യൂന പക്ഷെ ഭൂരിപക്ഷ ലോജിക്കല്ല ഇവിടുത്തത് . കേരളത്തിലെ സവിശേഷ ഡെമോഗ്രഫി നമ്മുട സ്ട്രെങ്ത് ആകേണ്ടതിന് പകരം അത് ഒരു ന്യൂനതയായി കാണുന്നത് പ്രശ്നമാണ് .
കേരളത്തിൽ സമുദായ ജാതി സംഘടനകളാണ് രാഷ്ട്രീയ പാർട്ടികളെക്കാൾ മുമ്പ് ഇവിടെ വേരൂന്നിയത് ..1930 കളിൽ മാത്രമാണ് നിയതമായ കക്ഷി രാഷ്ട്രീയ സംഘടന രൂപം കേരളത്തിൽ ഉണ്ടായത് . 1930 കളിലെ നിവർത്തന പ്രസ്ഥാനം സെക്ടേറിയൻ ഡി എൻ ഏ കേരള രാഷ്ട്രീയത്തിന്റ പിന്നാമ്പുറത്തുണ്ടായിരുന്നു .അത് കൊണ്ട് തന്നെ രാഷ്ട്രീയ പാർട്ടികളുടെ ആവിര്ഭാവത്തിലും വളർച്ചയിലും ഭരണത്തിലും ഈ സംഘടനകൾ ബാക്ഗ്രൗണ്ടിൽ തുടക്കം മുതൽ ചരട് വലിച്ചിരുന്നു .പ്രത്യേകിച്ച് തിരുവിതാംകൂർ -കൊച്ചി മേഖലയിൽ .മാധ്യമങ്ങൾക്ക് പോലും അങ്ങനെ ഒരു സബ് ടെക്സ്റ്റ് കേരളത്തിൽ ഉണ്ടായിരുന്നു .
കേരളത്തിലെ രാഷ്ട്രീയത്തിനും രാഷ്ട്രീയ നേതാക്കൾക്കും പിന്നാമ്പുറങ്ങളിൽ സെക്ടേറിയൻ രാഷ്ട്രീയം ജാതി മത സംഘടനകൾ ഊട്ടി വളർത്തിയതിന് ഒരുപാട് തെളിവുകൾ 1930 മുതൽ 1970 വരെയുള്ള കക്ഷി രാഷ്ട്രീയത്തിലുണ്ട് . ഇതിന് മാറ്റം വരുത്തി പുതിയ സമവാക്യങ്ങളും യു ഡി എഫ് -എൽ ഡി എഫ് ദ്വിന്ദ്വത്തെ രൂപപെടുത്തിയത് തിരുവിതാകൂർ സെക്ടേറിയൻ രാഷ്ട്രീയത്തിന് അപ്പുറം ഉണ്ടായിരുന്ന കെ കരുണാകരനും , ഈ ഇ.എം.എസ് നമ്പൂതിരിപ്പാടുമാണ് . കേരളത്തിലെ കക്ഷി രാഷ്ട്രീയ സമവാക്യങ്ങളെ മുന്നിൽ നിർത്തി മത ജാതി സംഘടനകളെ മെരുക്കി പിന്നാംപുറത്തു നിർത്തിയത് ഈ രണ്ട് ത്രീശൂർക്കാരുടെ അദി വിദഗ്ധമായ ബാലൻസിംഗ് സമവായ രാഷ്ട്രീയമായിരുന്നു . യഥാർത്ഥത്തിൽ കേരളത്തിലെ യൂ ഡി എഫ് -എൽ ഡി എഫ് ബൈനറി രാഷ്ട്രീയ സമവായ ബാലൻസിംഗ് സോഫ്റ്റ്‌വെയർ 2015 വരെ നിലനിന്നത് കേരള രാഷ്ട്രീയത്തിലെ ഡിഫിനിങ് നേതാക്കളായ കെ കരുണാകരനും -ഈ എം എസും മാണ് . അവർക്ക് കേരളത്തിലെ അധികാര വിന്യാസങ്ങളുടെ കോഡിങ് നല്ലത് പോലെ അറിയാമായിരുന്നു .ജനങ്ങളുടെ പൾസ് അറിയാവുന്ന സംഘടകർ ആയിരുന്നു .അവരെ ആരും ഒരു ജാതിയുടെയോ മതത്തിന്റെയോ ഒരു വിഭാഗത്തിന്റയോ പ്രതിനിധികളായി കണ്ടില്ല അവർ അജണ്ട സെറ്റ് ചെയ്തു .മാധ്യമങ്ങൾ ഫോളോ ചെയ്തു .അവർ ഇണങ്ങിയും പിണങ്ങിയും കളിച്ചത് നൂറു ശതമാനം സംഘടന രാഷ്ട്രീയമാണ് .(organizational politics )
എന്നാൽ കഴിഞ്ഞ കുറെ വര്ഷങ്ങളായി സംഘടന രാഷ്ട്രീയം പിറകിൽ ആകുകയും.രാഷ്ട്രീയ പാർട്ടികളിൽ വ്യക്തി ഗത ക്ലിക്കുകളും രാഷ്ട്രീയ പാർട്ടികൾക്ക് അപ്പുറം ഉള്ള സാമ്പത്തിക മീഡിയ നെറ്റ് വർക്കുകളും ഓപ്പറേറ്റ് ചെയ്യാൻ തുടങ്ങി .പുതിയ കോർപ്പറേറ്റ് കൾച്ചർ രാഷ്ട്രീയ പാർട്ടികളെ പിടി കൂടി .ഇലക്ഷൻ പ്രചാരണവും മുദ്രാവാക്യങ്ങളും സമ്മേളങ്ങളും ഔട്ട് സോഴ്സ് ചെയ്ത് അഡ്വെർടൈസിങ് കമ്പിനികൾക്കും ഇവന്റ് മാനേജ്‌മെന്റ് കമ്പിനികൾക്കും കൊടുത്ത മാക്സിമം ലീഡർ പാർട്ടിയെയും ഭരണത്തെയും നിയന്ത്രിക്കുന്ന ഒരു മോഡി മോഡൽ ഇന്ത്യയിലെ പല സംസ്ഥാനത്തും കേരളത്തിലും ഉണ്ടായി .പാർട്ടി സംഘടന എന്നത് അടി തട്ടിലെ ഒരു മെയ്ന്റനൻസ് നെറ്റ് വർക്കായി ചുരുങ്ങി .അവർക്കായി ത്രിതല പഞ്ചായത്തിൽ ഒരു അധികാര അക്കൊമഡേഷൻ നടത്തി . മേലെയുള്ള അധികാര വിന്യാസങ്ങൾ മാക്രോ പവർ മാനേജ്‌മെന്റ് വേറെ ഒരു തലത്തിൽ നടത്തി .
ഈ വ്യക്തി കേന്ദ്രീകൃത മെയിന്റനൻസ് പൊളിറ്റിക്‌സിൽ സംഘടനയും പ്രത്യശാസ്ത്ര ബോദ്ധ്യങ്ങളും പുതിയ ഇൻസ്ട്രമെന്റൽ പൊളിറ്റിക്സിന് വഴിമാറി കൊടുത്തു . Intrisic ideologically driven political organizational process has been sidelined in favour of a leader centric power management maintance group with the support of the powerful vested interest economic elites .ഇത് കേരളത്തിൽ മാത്രമല്ല ഇന്ത്യയാകെ മോഡി മാനിയയോടിപ്പം അതെ പോലെ കോൺഗ്രസിലും വളർന്നു വന്ന കാതലായ മാറ്റമാണ് .
സംഘടന രാഷ്ട്രീയത്തെ പാർശ്വവൽക്കരിച്ചു വ്യക്തി കേന്ദ്രീകൃത അധികാര മാനേജ്‌മെന്റ് വന്നതോട് കൂടി രാഷ്ട്രീയം പെർസെപ്‌ഷൻ യുദ്ധങ്ങളായി ചുരുങ്ങി . അവിടെ സംഘടനയിൽ തന്നെ വിശ്വാസവും വിശ്വാസ്യതയും കുറഞ്ഞു . ലോയൽറ്റി നെറ്റ്വർക്കുകളും സ്തുതി പാഠകർ കൂടി . അങ്ങനെ നേതാവിന്റെ ലോയൽറ്റി കൂട്ടിയവർക്ക് സ്ഥാനങ്ങളും മാനങ്ങളും കിട്ടി . ജയിക്കാനായി ജനിച്ചവൻ എന്ന് തോന്നുന്ന നേതാക്കൾക്ക് മാർഗം പ്രശ്നമല്ല അധികാരം നില നിർത്താൻ വേണ്ടി എന്ത് കള്ള കളി കളിച്ചാലും കുഴപ്പമില്ല എന്ന് ഇൻസ്‌ട്രേമെന്റൽ ലോജിക് പ്രവർത്തന നിരതമായി .അതിൽ രാഷ്ട്രീയ ധാർമ്മികത്തിനോ പ്രത്യയശാസ്ത്രത്തിനോ വാചക മേളയിൽ കൂടുതൽ പങ്കില്ലാതായി .
രാഷ്ട്രീയം നേതാക്കൾ തമ്മിലുള്ള പെർസെപ്‌ഷൻ യുദ്ധമാകുമ്പോഴാണ് മീഡിയ മീഡിയേഷൻ അതി പ്രധാനമായി .മാധ്യമ മുതലാളികൾ അധികാരത്തിന്റ ദല്ലാളുമാരായി .അവർ മേജർ സ്റ്റേക് ഹോൾഡേഴ്സ് ആയതിനാൽ നിയമ സഭയിലും പാർലമെന്റിലും കയറിപറ്റി .ഗ്രാസ് റൂട്ട് നേതാക്കൾക് പഞ്ചായത്ത് കൊണ്ട് തൃപ്തി പെടേണ്ടി വന്നു പിന്നെ അതിനും വണ്ടിയും അധികാര സന്നാഹവു ഉള്ളതിനാൽ അടിത്തട്ടിലെ മെയിന്റനൻസ് മാനേജറുമാർ സമരങ്ങളും സമ്മേളങ്ങളും നടത്തി സാനിധ്യവും അറിയിച്ചു .മിക്ക മുഖ്യധാരാ പാർട്ടികളുടെയും നേതാക്കളുടെ ആവറേജ് ഏജ് കൂടി .പുതിയ നേതൃത്വ ഗുണവും വിദ്യഭ്യാസവുമുള്ള ചെറുപ്പക്കാരുടെ ഒന്നാമത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ ചോയിസ് അല്ല ഇന്ന് കക്ഷി രാഷ്ട്രീയം .
അങ്ങനെ കക്ഷി രാഷ്ട്രീയ സംഘടന അടിയിൽ നിന്ന് ചതുക്ക് പിടിച്ചപ്പോഴാണ് ബാക്ക് ഗ്രൗണ്ടിൽ ഉണ്ടായിരുന്ന ജാതി മത സംഘടനകൾ തലപൊക്കി ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീത്തിൽ ഇടപെടാൻ തുടങ്ങിയത് . അവർ താക്കോൽ സ്ഥാനവും ജാതിയും അഞ്ചാം മന്ത്രിയും എല്ലാം വച്ച പച്ച ജാതി മത വർഗീയ രാഷ്ട്രീയം പറയാൻ തുടങ്ങി .മോഡി മൂഡിൽ ഉള്ള മാധ്യമങ്ങൾ ഏറ്റു പാടി .
പെർസെപ്‌ഷൻ യുദ്ധത്തിൽ പെണ്ണും സെക്‌സും ഇക്കളി രാഷ്ട്രീയവും എന്തും സ്വാഭാവികമായി .എത്ര തരം താണ വാക്കുകളും പ്രവർത്തികളും വ്യക്തിഗത വെറുപ്പും സാധാരണമായി . നാടിന്റെ പ്രശ്നങ്ങളോ ഭാവിയെ രാഷ്‌ടീയ പ്രത്യയ ശാസ്ത്രങ്ങളോ ഉടനടി അത്താഴ ചർച്ചയിൽ എരിവും പുളിവും ഇല്ലാത്ത ബോറിങ് ടോപിക്കായി . അതിന് പകരം ഉടനടി പെർസ്‌പെഷൻ ബാറ്റിലിന് വേണ്ട ഇല്ലാത്ത ഇഷ്യൂകൾ ഉപ്പും എരിവും ചേർത്ത് ഊതി പെരുപ്പിച്ചു . മുല്ലപ്പെരിയാർ, സരിത സ്മാർത്ത വിചാരം , ഒരു ചോദ്യപേപ്പറിൽ തുടങ്ങി കൈവെട്ട് , ഹദിയ /അഖില വിവാദം , ചുംബന സമരം എല്ലാം ഉടനടി മീഡിയ മസാലയും രാഷ്ട്രീയം പെർസെപ്‌ഷൻ ബാറ്റിലുമാക്കി യഥാർത്ഥ ജനാധിപത്യ സംഘടന രാഷ്ട്രീയത്തെ കുളിപ്പിച്ചു കിടത്തിയിട്ട് ഒരു തരം നിഴൽ യുദ്ധ പൊറാട്ടു നാടക പ്രകടനമായി കക്ഷി രാഷ്ട്രീയം മാറി .എന്നും രാവിലേ നേതാക്കൾ ചിന്തിക്കുന്നത് നാടിനെയും നാട്ടു കാരെയും കുറിച്ചല്ല .ഇന്ന് മീഡിയയിൽ എങ്ങനെ പെർഫോമൻസ് ചെയ്യാം എന്നാണ് .സാമൂഹിക മാധ്യമങ്ങൾ ഇതിന്റ പരിച്ഛേദമാണ് .
ഒരു ഭാഗത്തു രാഷ്ട്രീയ പാർട്ടി സംഘടനകൾ അടിയിൽ നിന്ന് ചതുക്കു പിടിച്ചു ക്ഷീണിക്കുമ്പോൾ മറു ഭാഗത്തു ജാതി മത വർഗീയ സംഘടനകൾ അവരുടെ സംഘ ബലം പിന്നാമ്പുറത്തു നിന്ന് തെരുവിലിറക്കി സാന്നിധ്യമായി .ക്ഷീരമൊരുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം എന്ന് മട്ടിൽ ഭൂരിപക്ഷം മീഡിയയും വിഷ്വലിന്റെ പിറകെ പാഞ്ഞു അന്നന്നത്തെ അന്തി മസാലക്കുക്കുള്ള വകയൊരുക്കുന്ന ഉടനടി രാഷ്ട്രീയ പെർസെപ്‌ഷൻ നാടകത്തിന് വേദിയൊരുക്കുന്നു .രാഷ്ട്രീയം അവിടെ ഒരു മണിക്കൂറത്തെ ഉപരിപ്ലവമായ പ്രകനപരമായ വാചക കാസർത്തുകളായി ചുരുങ്ങുന്നു
സ്വന്തമായി ദർശനങ്ങളോ നാടിന് വേണ്ടി വലിയ സ്വപ്നങ്ങളോ ഇൻസ്പിയറിങ് ആയ അജണ്ടകളോ ഇല്ലാത്തപ്പോഴാണ് മറ്റുള്ളവരുടെ വിഴുപ്പലക്കി പഴി ചാരി പൊറാട്ടു നാടക രാഷ്ട്രീയം ഒരു തരം നിഴൽ യുദ്ധകളിക്കുന്നത് .ഇതിൽ എനിക്ക് എന്ത് മൈലേജ് തടയും എന്ന് നേതാക്കളുടെ ഉള്ളിന്റെ ഉള്ളിൽ ഉള്ള ലോജിക്കിൽ വെളിയിൽ വാചക മേള നടത്തുന്ന സ്യൂഡോ രാഷ്ട്രീയമാണ് കേരളത്തെ ബാധിച്ചിരിക്കുന്ന കക്ഷി രാഷ്ട്ടീയ പ്രതിസന്ധി .
1980കളിൽ കരുണാകനും ഈ എംഎസും വളർത്തിയ യൂ ഡി എഫ് -എൽഡി എഫ് ചേരുവ അടിച്ചു പഴി ചാരി പരസ്പരം ചെളിവാരി എറിഞ്ഞു സ്വയം നശിക്കുന്നിടത്തു അവരുടെ റഫറൻസ് പോയിന്റ് ഇന്ന് മോഡിയും സംഘവും ആയിരിക്കുന്നത് ഉടനടി രാഷ്ട്രീത്തിന്റ ദർശിനിക ധാർമ്മിക പാപ്പരത്തമാണ് . ശബരി മല വച്ച് കളിക്കുന്ന ഈ രാഷ്ട്രീയ നാടകം കേരളത്തിലെ സാമൂഹിക രാഷ്ട്രീയ ദുരന്തത്തെയാണ് കാണിക്കുന്നത് .
ഈ കക്ഷി രാഷ്ട്രീയ ദുരന്തത്തിൽ നിന്ന് കര കയറി എങ്ങനെ ഒരു പുതിയ കേരളവും രാഷ്ട്രീയവും രൂപ്പെടുത്താം എന്ന് ചിന്തിക്കേണ്ട സമയമായിരിക്കുന്നു .
ജെ എസ് അടൂർ

No comments: