Tuesday, November 13, 2018

മനുഷ്യരും ആചാരങ്ങളും -2 :തുണിയുരിഞ്ഞു കുളിക്കാൻ സമയമായി


ലോകത്തു തൊണ്ണൂറ് ശതമാനം ആളുകളും ഏതെങ്കിലും വിശ്വാസ ആചാര വിചാര വികാരങ്ങളുടെ ഗുണഭോക്താക്കളാണ് .അവർ അന്നന്ന് ശീലിച്ച കംഫർട്ട് സോണിന്റെ കോൺഫെമിസ്റ്റ് കളായ ഗുണഭോക്താക്കളാണ് കമ്മ്യൂണിസ്റ്റ് രാജ്യത്തു അവർ കമ്മ്യൂണിസ്റ്റ് ആചാര വിചാര വികാരങ്ങളുടെ ഗുണഭോക്താക്കളായ കോൺഫിർമിസ്റ്റ് ആയിരിക്കും . ഇസ്‌ലാമിക് രാജ്യത്തു ഭൂരി ഭാഗം പേരും ആ വ്യവസ്ഥിയുടെ കൺഫെർമിസ്റ്റ് ആയിരിക്കും . എല്ലാ രാജ്യങ്ങളിലെയും ഭൂരിപക്ഷം മനുഷ്യരും അതാത് സമയത്തെ അധീശ വ്യവസ്ഥിതി ആചാര വിചാര സത്വ വികാരങ്ങളുടെ കംഫർട്ട് സോണിന്റെ കോൺഫിമിസ്റ്റ്കളാണ് .
അതിനെ ചോദ്യം ചെയ്യുന്നവരെയാണ് രാജ്യ ദ്രോഹികളോ കുലംകുത്തികളോ അല്ലെങ്കിൽ അപകടകാരികളോ ആയി ചാപ്പകുത്തി, ആൾക്കൂട്ടങ്ങൾ അവനെ ക്രൂശിക്കുക അല്ലെങ്കിൽ 'അവളെ അടിച്ചു കൊല്ലുക 'എന്ന് ആക്രോശ ആരവങ്ങൾ ഇടുന്നത് . പ്രബല ആചാര മത സദാചാര ബോധ ലക്ഷമണ രേഖക്കോ, ലൈനോ കൺട്രോളിനോ അപ്പുറത്തു പോകുമ്പോഴാണ് ' അവളെ കല്ല് എറിഞ്ഞു കല്ലെറിയുക " എന്ന ക്രുദ്ധ മസ്നസ്ഥിതിയും ആൾക്കൂട്ട അക്രമങ്ങളും ഉണ്ടാകുന്നത് . അപ്പോഴാണ് മാറ്റത്തിന്റെ മിശിഹാ " നിങ്ങളിൽ പാപമില്ലാത്തവർ അവളെ കല്ലെറിയട്ടെ " എന്ന തിരിച്ചറിവിലേക്ക് നമ്മെ ഇടക്കിടെ ഉണർത്തുന്നത് .
ആചാര പാരമ്പര്യ കൂട്ടായ ഓർമ്മകളുടെ കൺഫോർട്ട് സോണിന് വെളിയിൽപോകുമ്പോഴാണ് മനുഷ്യരും സമൂഹവും സർഗ്ഗാത്മകവും ക്രിയാത്മകവുമായി മനുഷ്യ മനസ്സിനെയും മനസ്ഥിതിയെയും ചിന്തയെയും പുതുക്കി സാമൂഹിക മാറ്റങ്ങൾ സൃഷ്ട്ടിക്കുന്നത്. ലോകത്തെയും സമൂഹത്തെയും മാറ്റിയത് ഒഴുക്കിനനുസരിച്ചു നീന്തുന്ന ആചാര കോൺഫെമിസ്റ്റ്കളല്ല. മറിച്ചു ഒഴുക്ക് വഴി തിരിച്ചു വിടുന്ന ന്യൂനപക്ഷമായ നോൺ -കൻഫേമിസ്റ്റുകളാണ്. ഒരു അധീശ വ്യവസ്ഥയുടെ അധികാരികൾക്ക് ഒരു നവോത് ഥാനമുണ്ടാക്കുവാൻ പ്രയാസമാണ്. ഒരാൾ ഒരു മേശപ്പുറത്തു ഇരുന്ന് മേശയെ നീക്കാൻ സാധിക്കാത്തത് പോലെ ഭരണ അധികാരങ്ങളിൽ ഇരുന്ന് പ്രസംഗിക്കുവാൻ സാധിക്കുമെങ്കിലും അവർ മാറ്റത്തിന്റെ പ്രവാചകന്മാർ ആകാറില്ല. ആയ ചരിത്രങ്ങൾ കുറവാണ് .അത് ഗാന്ധിക്ക് മനസ്സിലായതിനാലാണ് അദ്ദേഹം സർക്കാരിൽ നിന്ന് അകലം പാലിച്ചത്. മാർട്ടിൻ ലൂഥറും മാർട്ടിൻ ലൂഥർ കിങ്ങും അധീശ വ്യവസ്ഥിതിക്ക് പുറത്തായിരുന്നു. ശ്രീ നാരായണ ഗുരുവും പെരിയാറും എല്ലാം. അധീശ വ്യവസ്ഥക്ക് ബദലായി സിവിൽ സമൂഹത്തിൽ നിന്നാണ് മാറ്റങ്ങളും നവോത്ഥാനവും ഉണ്ടായത്.
ആചാരങ്ങൾ ദുരാചാരങ്ങൾ ആകുന്നത് അത് മനുഷ്യനെ വിവേചിച്ചു വരുതിയിൽ ആക്കുന്ന അധീശ ശീലങ്ങളും അധികാര അഹങ്കാര രൂപങ്ങളായി മനുഷ്യനെ അടക്കി അനുസരിപ്പിച്ചു യഥാസ്ഥിഗതിക കൺസർവേറ്റീവ് കോൺഫെർമിസ്റ്റ്കളാകുമ്പോഴാണ്.. അതിനെ ചോദ്യം ചെയ്ത് സമൂഹത്തെ മാറ്റിയവരാണ് കൃഷ്ണനും, ബുദ്ധനും യേശുവും മൊഹമ്മദ് നബിയുമെല്ലാം. എന്നാൽ കാലാന്തരത്തിൽ ബിംബ ഛേദികൾ എല്ലാവരെയും പുതിയ അധികാര സ്വരൂപങ്ങളിൽ ആഗീകരിച്ചു ദൈവ ബിംബങ്ങളാക്കി.
അവരെ ആചാര അനുഷ്ട്ടാനങ്ങളുടെ ഭാഗമാക്കി മത രൂപങ്ങളുടെ സർവ്വശക്ത ബിംബങ്ങളാക്കി മനുഷ്യ മനസ്സിൽ കുടിയിരുത്തി. മത മൗലീക സ്വതബോധങ്ങളാക്കി മനുഷ്യരെ കൊല്ലുവാനും കൊല്ലപ്പെടുവാനും പരിശീലിപ്പിച്ചു ചാവേറുകളാക്കി മാമാങ്കവും ജിഹാദും കുരിശു യുദ്ധങ്ങളും നടത്താൻ സജ്ജരാക്കി . അതുകൊണ്ടാണ് സമാധാനവും ശാന്തിയും സ്നേഹവും കാരുണ്യവും പ്രസംഗിക്കുന്ന മത അധികാര സ്വരൂപങ്ങൾ ,പ്രവർത്തിയിൽ കരുണയറ്റ അധികാര അഹങ്കാര പ്രതി രൂപങ്ങളൾ ആകുന്നത് . ഒരേ സമയം നന്മയുള്ള നായക രൂപത്തിൽ നമ്മെ സ്വാതത്ര്യത്തിലേക്ക് നടത്തുന്ന, ദുഃഖത്തിൽ സ്വാന്തനവും, പ്രശ്നങ്ങളിൽ പ്രത്യശാ ദായകമായ ദൈവസങ്കല്പവും ; പിന്നീട് ആചാര അനുഷ്ട്ടാണുക്കളുടെ കാവൽക്കാരായി നമ്മെ ഭീതി പെടുത്തുന്ന പ്രതിനായകനായ ദൈവ സങ്കൽപ്പമായും നമ്മുടെ ഉള്ളിൽ പ്രവർത്തിക്കും .ഈ നായക -പ്രതിനായക വിശ്വാസ വിരോധാഭാസത്തെ അധികാര അഹങ്കാരങ്ങളുടെ അകമ്പടിക്കാരായ പുരോഹിത തന്ത്രി മന്ത്രി വർഗം മത വിശ്വാസ ആചാരമാക്കുന്നതാണ്', എല്ലാ മത സ്വരൂപങ്ങളുടെയും ആന്തരിക വിരോധാഭാസം. അഥവാ ഇന്റെര്ണല്സ്ഡ് ഐറണി. ഒരേ സമയും സ്വതന്ത്ര്യം വാഗ്ദാനം ചെയ്ത് മോഹിപ്പിക്കുകയും അതെ സമയം ആചാര ശൂലങ്ങൾ കാട്ടി ഭയപ്പെടുത്തിയുമാണ് എല്ലാ അധികാര മത രൂപങ്ങളും സമൂഹത്തിൽ ചുവട് ഉറപ്പിക്കുന്നത്. അത് ഒരു പെന്റുലം പോലെ സ്വാന്ത്ര്യത്തിനും ഭീതിക്കും ഇടയിൽ മനുഷ്യ മനസ്ഥിതിയെ നിയന്ത്രിച്ചു വരുതിയിലാക്കി കൺഫെമിസ്റ്റുകളാക്കും.
നമ്മൾ കോണകത്തിൽ നിന്ന് മുണ്ടിലേക്കും പിന്നെ പാന്റിലേക്കും മാറിയത് സാമൂഹിക മനസ്ഥിതി മാറിയത് കൊണ്ടാണ്. നഗ്നതയിൽ നിന്ന് വസ്ത്രങ്ങളുടെ മറവിലേക്ക് മനുഷ്യൻ മാറിയപ്പോഴാണ് നഗ്നത നാണക്കേടായത്. പലപ്പോഴും സമൂഹം പുതിയ നാഗരികതകളെ പുൽകുമ്പോൾ വേഷത്തിലൂടെയും ഭാഷയിലൂടെയും ആചാരത്തിലൂടെയും മറച്ചു പിടിക്കാനാണ് നമ്മൾ പഠിക്കുന്നത്. കോണകത്തിൽ നിന്ന് മുണ്ടിലേക്കും പിന്നെ വിദ്യാസമ്പന്നരായി കൊട്ട് സൂട്ട്‌ ബൂട്ടിലേക്ക് മാറുമ്പോൾ നമ്മൾ കൂടുതൽ മറക്കാൻ പഠിക്കുന്നു. കൂടുതൽ മറക്കുവാൻ പഠിച്ചവർ പലപ്പോഴും 'അന്തസ്സും , നിലയും , വിലയും ' സ്ഥാന മാനങ്ങളും ഉള്ളവരാകുന്നു .
നമ്മളുടെ ഭാഷാ പ്രയോഗങ്ങൾ വ്യാകരണ ബദ്ധമായ 'മാന്യമായ ' വാക് ചാതുരിയുടെ അഭ്യാസ പ്രകടനമാകുന്നു. തൊണ്ണൂറ് ശതമാനവും ഓഫീസിലും സ്‌കൂളിലും സമൂഹത്തിലും നമ്മൾ ഒരു കമ്മ്യൂണിക്കേറ്റിവ് പെർഫോമൻസ് ആണ് നടത്തുന്നത്. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിച്ച് എന്തൊക്കെ എങ്ങനെയൊക്കെ മറച്ചു പിടിച്ചാണ് നമ്മൾ 'സീസൻഡ് ' ആകുന്നത് . ഈ മറച്ചു വക്കലുകളുടെ പ്രകടനപരതയിൽ ആണ് മനുഷ്യന്റെ ജനനേന്ദ്രിയങ്ങളും ആർത്തവം അശുദ്ധമാകുന്നത്. അത് കൊണ്ടാണ് ജനനേദ്രിയങ്ങളും ഇണചേരുന്ന വാക്കുകളും എല്ലാം ചീത്ത വാക്കുകളാകുന്നത്. അത് കൊണ്ടാണ് രതി മറച്ചു വക്കലാകുന്നത്.. അത് കൊണ്ടാണ് സംബന്ധ സംഭോഗങ്ങൾ അരുതാത്തത് ആണ് എന്ന് പലരും കരുതുന്നത്.
ഈ ആചാര വിചാര നാഗരികതയാണ് നമ്മളെ കള്ളം പറയാനും കള്ളത്തരങ്ങൾ അഥവാ ഹിപ്പോക്രസി തന്നെ ശീലമാക്കി ജീവിതത്തിന്റെ ഭൂരി ഭാഗവും ഒരു നാടക അഭിനയമാക്കൻ പഠിക്കുന്നതും പഠിപ്പിക്കുന്നതും. ഒന്നാലോചിച്ചാൽ ജീവിതത്തിൽ തൊണ്ണൂറ് ശതമാനവും നമ്മൾ ഭാഷ ഉപയോഗിക്കുന്നത് മനസ്സിലുള്ളത് മറച്ചു പിടിക്കാനാണ് . ഓഫിസിൽ നമ്മൾ മനസ്സിൽ ദേഷ്യമോ പുച്ഛമോ ഒക്കെയുണ്ടെങ്കിലും അത് മറച്ചു വച്ച് പ്രൊഫെഷണൽ ഭാഷയിൽ ഇടപെടുന്നു. വീട്ടിലും നാട്ടിലും മനുഷ്യർ പലപ്പോഴും ഉപയോഗിക്കുന്ന ഭാഷ രണ്ടാണ് . വീട്ടിനകത്തെ കെട്ടുറപ്പിൽ പച്ചക്ക് ജാതി ,-മത വെറി പറയുന്ന പലരും നാട്ടിൽ പെട്ടന്ന് സെക്കുലർ മാന്യഭാഷയിലൂടെ അത് മറച്ചു വച്ച് മാന്യരാകും . കാരണം തുണിയുരിഞ്ഞു നഗ്ന യാഥാർഥ്യങ്ങളുടെ മേദസ്സും അണ്ടർ ബെല്ലിയും കാണിക്കുവാൻ നമ്മൾക്ക് നാണവും ഭയവുമാണ്. സ്ഥാനങ്ങളും മാനങ്ങളും അന്തസ്സും ആഭിജാത്യവും എല്ലാം മറച്ചു പിടിച്ചിലുകളുടെ അധികാര നാട്യങ്ങളാണ്. അതുകൊണ്ട് തന്നെ തന്നെയാണ് അന്തസ്സുള്ള തറവാട്ടിൽ പിറന്ന കുലസ്ത്രീ എന്നത് ഒരു മോഹിനിയാട്ട പ്രകടനപരതയാകുന്നത്.
ഇടക്കിടെ സമൂഹത്തിന്റെ കപട വേഷ ഭൂഷാതി ആചാരങ്ങളുടെ തുണിയുരിഞ്ഞു പിറന്ന നഗ്ന രൂപം കണ്ണാടി ജലത്തിൽ കാണിച്ചു കഴുകി വൃത്തിയാക്കുന്നതാണ് സാമൂഹിക മാറ്റത്തിന്റെ കാതൽ. അത് കാലാ കാലങ്ങളിൽ ചെയ്യുന്നവരാണ് കാലാന്തരത്തിൽ ബുദ്ധനും മിശിഹായും, പ്രവാചകനും പിന്നീട് നവോത്ഥാന നായകരും ആകുന്നത്.
കേരള സമൂഹത്തിനും തുണിയുരിഞ്ഞു കുളിക്കുവാൻ സമയമായി. അത്ര മാത്രം അഴുക്കും പൊടിയും വിയർപ്പിന്റെ ചവർപ്പും സമൂഹത്തിൽ അടിഞ്ഞു കൂടിയിരിക്കുന്നു.. കേരള സമൂഹം ഒന്ന് കുളിച്ചു പുതുക്കുവാൻ സമയമായിരിക്കുന്നു. ആചാര -അനാചാരങ്ങളുടെ തുണിയുരിയുവാൻ പലർക്കും ഭയം കാണും.
സ്വന്തം ആചാര അനുഷ്ടാങ്ങളുടെ ഉടയാടകളും ഉഡായിപ്പുകളും അഴിഞ്ഞു പോകുമോ എന്ന പേടി സമൂഹത്തിൽ സാമാന്യമാകുന്നത് മുതലെടുക്കാനാണ് രാഷ്ട്രീയ നീലകുറുക്കന്മാർ ലോറി രഥങ്ങളിൽ നാട് ചുറ്റി കപട വിചാര വികാരങ്ങൾ മുതലെടുത്തു നുണ രാജാക്കന്മാരാകാൻ ശ്രമിക്കുന്നത്.
ജെ എസ് അടൂർ
11.11. 2018

No comments: