മനുഷ്യൻ ലോകത്തു എവിടെയൊക്കെപ്പോയി ഭാഷയും വേഷവും ആചാരങ്ങളും വിശ്വാസങ്ങളൊക്കെ മാറ്റിയാലും മാറ്റാനാകാത്ത ഒന്നുണ്ട് . അതാണ് നാവിൻ തുമ്പത്ത് ആദ്യമായി ഊട്ടി ഉറപ്പിച്ച രുചി ഓർമ്മകൾ . ടേസ്റ്റ് ബഡ് മാറ്റുവാൻ വളരെ പ്രയാസമാണ് .
ലോകത്തെ എല്ലാ രാജ്യങ്ങളിലെയും ഭക്ഷണം ആസ്വദിക്കുന്ന എനിക്ക് ഇപ്പോഴും ഏറ്റവും ഇഷ്ട്ടമുള്ള ഭക്ഷണം കപ്പയും മീൻ കറിയുമാണ് . കപ്പയും മത്തികറിയും കിട്ടിയാൽ കൂടുതൽ ഇഷ്ട്ടം . അതുപോലെ ചക്ക വേവിച്ചതും കടൂമാങ്ങാ , അല്ലെങ്കിൽ മീൻ കറി . കഞ്ഞിയും ചേന അസ്ത്രവും , പാവക്ക തോരനും , പാവക്ക വറുത്തതും , കാച്ചിൽ കപ്പ , ചേമ്പ് , കിഴങ്ങ് ഒക്കെ പുഴുങ്ങിയതും പിന്നെ അടച്ചെറ്റിയിൽ വച്ച അരച്ച കാന്താരിയും ഉപ്പും ഉള്ളിയും ഒക്കെ ചേർന്ന് തൊട്ടു കൂട്ടാൻ , ചൂട് ചോറും തേങ്ങാ ചമ്മന്തിയും , തീയൽ , പച്ച പറങ്കിയണ്ടി വച്ച് ഉണ്ടാക്കുന്ന പാപ്പാസ് .പടവലങ്ങ തോരൻ , മത്തങ്ങ എരിശ്ശേരി . ഇടിചമ്മന്തി . ചുട്ട കുറിച്ചി മീൻ . പുട്ടും കടലയും , അപ്പവും പൊറോട്ടയും ബീഫ് കറിയും . അട പ്രഥമൻ എന്ന് കേട്ടാൽ എവിടെയാണെങ്കിലും വായിൽ വെള്ളമൂറും. കൊഴുക്കട്ട..ഇലയപ്പം . കുമ്പളപ്പം . ചക്ക വഴട്ടിയത് . അപ്പവും ചിക്കൻ സ്റ്റൂവും . കറുത്ത ഹൽവ.. ഇതിന്റ ഒക്കെ രുചി പത്തു വയസ്സിന് മുമ്പ് നാക്കിൽ കയറിപറ്റിയതിനെ ഇറക്കി വിടാൻ ഇതുവരെ ശ്രമിച്ചിട്ടും പറ്റിയില്ല .
കുട്ടിക്കാലത്തു പൂനയിൽ എന്റെ മകനെ നോക്കിയ ആയ അവനെ കൃഷ്ണ ബാബ എന്നാണ് വിളിച്ചിരുന്നത് . മീനും നോൺ വെജ്ജും കൊടുത്തില്ല . 22കൊല്ലം കഴിഞ്ഞിട്ടും അവൻ മീൻ തിന്നില്ല . ഏറ്റവും പുരോഗമ വാദികളും മറ്റാല്ല കാര്യങ്ങളിലും ലിബറലായ എന്റെ പല സുഹൃത്തുകൾക്കും ഇന്നും നോൺ വെജിന് അടുത്തൂടെ പോകാൻ പ്രയാസം . അന്ന് പൂനയിലെ കഡ്ക്കി ഓർത്തോഡക്‌സ് പള്ളിക്ക് മുൻപിലെ തട്ട് കടയിൽ ഞാൻ മിക്കപ്പോഴും പോയി പൊറോട്ടയും ബീഫും കഴിക്കുമായിരുന്നു . എന്റെ ബജാജ് ചേതക്ക് സ്ക്കൂട്ടറിന്റെ പിറകിൽ ഏഴുവയസ്സുകാരൻ വിനീതും കയറും . അങ്ങനെ ഇന്നും അവന്റെ ഏറ്റവും വലിയ കേരള കണക്ഷൻ പൊറോട്ടയും ബീഫുമാണ് . അല്ലെങ്കിൽ പണ്ട് ബാങ്കോക്കിൽ നിന്ന് ശീലിച്ച ഇറ്റാലിയൻ പാസ്റ്റ .
ലോകത്തു പല രാജ്യങ്ങളിലുമുള്ള പല ഭക്ഷണങ്ങളും ഇഷ്ട്ടമാണ് . മെക്സിക്കൻ , ബ്രസീലിയൻ , എത്യോപിയൻ , ഇറ്റാലിയൻ , ഫ്രഞ്ച് ഗ്രീക്ക് , ടർക്കിഷ് , സ്പാനിഷ് , നൈജീരിയൻ , ജോർജിയൻ, ഇറാനിയൻ അങ്ങനെ പലതും . ഏഷ്യൻ രാജ്യങ്ങളിൽ വളരെ വിപുലമായ ഭക്ഷണ വൈവിധ്യം ഉണ്ട് . ശരിയായ ചൈനീസ് ഭക്ഷണത്തിൽ തന്നെ ഒരുപാട് വൈവിധ്യം ഉണ്ട് .അതുപോലെ ജാപ്പനീസ് , കൊറിയൻ , തായ് , ഇൻഡിനേഷ്യൻ . ഭക്ഷണത്തിന്റ ജ്യോഗ്രഫി പരിസ്ഥിതിയുമായി ബന്ധപ്പെട്ടതാണ് . ട്രോപ്പിക്കൽ മേഖലയിലെ ഭക്ഷണവും മരുഭൂമിയിലെ ഭക്ഷണവും വ്യത്യസ്തമായിരിക്കുന്നത് കാലാവസ്ഥയും അത് അനുസരിച്ചു വൃക്ഷങ്ങളിൽ സസ്യ ലതാതികളും പക്ഷി മൃഗങ്ങളും വേറിട്ടതു കൊണ്ടാണ് .ലോകത്തു ഏറ്റവും ജൈവ വൈവിധ്യമുള്ള ആമസോണിൽ നിന്നാണ് ഇന്ന് ലോകമെങ്ങും പ്രചാരത്തിൽ ഉള്ള പല ഭക്ഷണ പദാർത്ഥങ്ങളും വന്നത് . ആദ്യത്തെ ആഗോളവൽക്കരണം ഭക്ഷണത്തിൽ കൂടിയാണ് .
ചേരയെ തിന്നുന്ന നാട്ടിൽ പോയാൽ നടത്തുണ്ടം തിന്നണം എന്നാണ് പഴഞ്ചോല്ലു .അങ്ങനെ പണ്ട് മിസൊറാമിലെ മാമിത് ഗ്രാമത്തിൽ ഗവേഷണത്തിനായി താമസിച്ചപ്പോൾ പുഴുവിനെ വറുത്തത് കഴിച്ചു വയറിളകി ഊപ്പാട് വന്ന് കാട്ടിലെ വെളിപറമ്പിൽ വെളിക്കിറങ്ങാൻ സ്ഥിരമിരുന്നത് ഇന്ന് ഓർത്തു ചിരിക്കും . അവിടെ വച്ചാണ് നല്ല ഒന്നാന്തരം പട്ടിയിറച്ചി വേവിച്ചത് ഒരു വലിയ വാഴയിലയിൽ ചോറും കൂട്ടി മിസോ ഗോത്ര വർഗ്ഗക്കാരുമായി ഒരുമിച്ചു ഒരേ ഇലയിൽ നിന്ന് കഴിച്ചു ആസ്വദിച്ചത് . കെനിയയിലെ നെയ് റോബിയിൽ കാർണിവോറസ് എന്ന പ്രസിദ്ധമായ ഒരു റെസ്റ്റോറന്റ് ഉണ്ട് .അവിടെ മനുഷ്യ മാംസം ഒഴിച്ചുള്ള എല്ലാം കിട്ടും . മുതല , ജിറാഫ് , ആന , കുരങ് , കാട്ട് പോത്തു , മാൻ , സീബ്ര ,ഒട്ടകം , അങ്ങനെ പലതും. നെയ്‌റോബിയിൽ പോകുന്നവർ കാർണിവോരസ്സിൽ ഒരിക്കലെങ്കിലും പോയാൽ ആഫ്രക്കൻ നോൺ വെജ് രുചികളുടെ ഉത്സവം ആഘോഷിക്കാം . ഭക്ഷണത്തെ കുറിച്ചുള്ള മുൻ വിധികൾ പലപ്പോഴും നമ്മൾ വളർന്ന മത ജാതി സാമൂഹിക പരിസ്ഥിതിക്ക് അനുസരിച്ചു മാറി കൊണ്ടിരിക്കും .അത് കൊണ്ടാണ് പലർക്കും ബീഫും പോർക്കും മാംസാഹാരവും നിഷിദ്ധമാകുന്നത് .
കേരളത്തിലെ ഭക്ഷണത്തിൽ തന്നെ ഒരുപാട് വിദേശ സ്വാധീമുണ്ട് ജൂത , അറബി , ചൈനീസ് , പൊച്ചുഗീസ് പ്രഭാവം വളരെയുണ്ട് . അതുപോലെ തമിഴ് , കൊങ്കിണി പ്രഭാവവുമുണ്ട് . കേരളത്തിനോട് ഏറ്റവും അടുത്തു നിൽക്കുന്ന ശ്രീലങ്കൻ ഭക്ഷണത്തിന്റെ ചരിത്ര വഴികൾ നോക്കിയാൽ കേരളവും ആ നാടും തമ്മിൽ ഉള്ള ആദിമ ചരിത്രം മനസ്സിലാക്കാം . നമ്മുടെ പുട്ട് കൊളോമ്പോയിൽ പിട്ടാണ് . ഇടിയപ്പത്തിന്റെയും ആവി സാങ്കേതിക വിദ്യയും ചൈന വഴിയാണ് രണ്ടിടത്തും കപ്പലിറങ്ങിയത് . കൊഴുക്കട്ട ചൈനീസ് മോമോസിന്റെ രൂപ ഭേദമാണ് .
ഭക്ഷണത്തിന്റെ പാചകത്തിൽ കലയും ശാസ്ത്രവും സാങ്കേതിക വിദ്യയും പരിസ്ഥിതിയും ഒരുപോലെ യോജിക്കുന്നു . ശാസ്ത്രവും സാങ്കേതിക ശാസ്ത്രവും പരിസ്ഥിതിയും ഭാവനയും കലയും ഒരുമിക്കുന്ന ഒരു രാഗമാണ് പാചക കല .മനുഷന്റെ ആദ്യ കണ്ടു പിടുത്തം തീയേ മെരുക്കി ഭക്ഷണം പാകം ചെയ്യുക എന്നതായിരുന്നു . മനുഷ്യൻ മൃഗങ്ങളെ ഡൊമെസ്റ്റിക്കെട്ടു ചെയ്തതും അതിന് വേണ്ടി . ഭക്ഷണത്തിൽ നിന്നാണ് ഭാഷയും പിന്നെ സംസ്ക്കാരവും യുദ്ധങ്ങളും തുടങ്ങുന്നത് . ആദ്യത്തെ കല്ലുളികൾ ഭക്ഷണത്തിനാണ് മനുഷ്യൻ കണ്ടു പിടിച്ചത് . ലോകത്തേക്കും ഏറ്റവും സിംപിളായ സാങ്കേതിക വിദ്യയാണ് ചൈനയിലെ കൃഷിക്കാർ കണ്ടു പിടിച്ച ചോപ് സ്റ്റിക്സ് . അത് പോലെ ഉപ്പിലിട്ട മാങ്ങാ .കേരളത്തിൽ ചീന ഭരണികളിൽ ആണ് മാങ്ങാ ഉപ്പിലിട്ട് പരി രക്ഷിച്ചു മാങ്ങാ ഇല്ലാത്ത സമയത്തും നാട്ടു മാമ്പഴത്തിന്റെ രുചി നമ്മൾ അറിഞ്ഞത് .
വലിയ ചരിത്രമൊന്നും ഇല്ലാത്ത ഇപ്പോഴത്തെ അമേരിക്കക്ക് തനതായ ഭക്ഷണ സംസ്കാരമുണ്ടോയെന്ന് സംശയം . എന്നാൽ അമേരിക്കയിൽ കിട്ടാത്ത ഭക്ഷണങ്ങൾ കുറവാണ് . ലോകത്തിലെ മിക്ക രാജ്യങ്ങളിലെയും ഭക്ഷണം ന്യൂയോർക്കിൽ കിട്ടും . ഇഗ്ളീഷകാർക്ക് ഉള്ളത് ഫിഷും ചിപ്സുമാണ് . ലണ്ടനിൽ ഇന്ത്യൻ റെസ്റ്റോറെന്റുകൾ സുലഭം .സായിപ്പിനു ഇന്നും ചിക്കൻ തീക്ക മസാലയാണ് പ്രിയം .കോളനിയൽ കസിൻ കണക്ഷൻ .ആംസ്റ്റർഡാമിൽ ഇൻഡോനേഷ്യൻ റെസ്റ്റോറെന്റുകൾ സുലഭം .അങ്ങനെ ഭക്ഷണത്തിനും രാഷ്ട്രീയ ചരിത്രവും സാമ്പത്തിക ചരിത്രവുമുണ്ട് . അങ്ങനെയാണ് കെ എഫ് സി എന്ന കെന്റക്കി ഫ്രെയ്‌ഡ് ചിക്കൻ കേരളത്തിലും ലോകത്തു എല്ലായിടത്തും എത്തിയത് . നമ്മുടെ വട്ടു സോഡാ ഉപ്പു നാരങ്ങ വെള്ളത്ത മാറ്റിമറിച്ചു കൊക്കകോളയും പെപ്സിയുമൊക്ക നമ്മുടെ കുട്ടികളുടെ രുചികളെ കൈയേറിയത് . അത് കൊണ്ടാണ് മക്‌ഡൊണാൾഡ് ഡിസ്‌കൗണ്ട് റേറ്റിൽ കുട്ടികളുടെ ബെർത്തഡേ ഡീൽ കൊടുക്കുന്നത് .
ലോക രാജ്യങ്ങളിലെ ഭക്ഷണത്തിന്റെ ചരിത്രവും രാഷ്ട്രീയവും സാമ്പത്തിക ശാസ്ത്രവും വച്ച് ഒരു പുസ്തകം എഴുതാം .മതങ്ങളും പുരോഹിത വർഗ്ഗവും ജനങ്ങളെ നിയന്ത്രിച്ചത് ഭാഷയെയും ഭക്ഷണത്തെയും ഭാര്യയെയും നിയന്ത്രിച്ചാണ് . രുചി മോഹങ്ങൾക്കും രതി മോഹങ്ങൾക്കും ഭാഷയുടെ ഭാഷ്യങ്ങളിലൂടെ കടിഞ്ഞാണിട്ടാണ് .മനുഷ്യൻ അവർ കഴിക്കുന്ന ഭക്ഷണമാണ് . അവരുടെ വിലയും നിലയും സംസ്ക്കാരവും ഭക്ഷണത്തിലറിയാം .കൊട്ടാരത്തിലും കുടിലിലും ഭക്ഷണം വ്യത്യസ്തമായിരിക്കുന്നത് അതിന്റ രാഷ്ട്രീയവും സാമ്പത്തിക ശാസ്ത്രവും വേറിട്ടതാകയാലാണ് . ലോകത്തിൽ പല യുദ്ധങ്ങളും നടന്നത് ഭകഷണവുമായി ബന്ധപെട്ടാണ് . യൂറോപ്പിൽ മാംസം സൂക്ഷിക്കാൻ പെപ്പറും സാൾട്ടുമല്ലാതെ എന്തെങ്കിലും സാങ്കേതിക വിദ്യയുണ്ടായിരുന്നെങ്കിൽ ലോക ചരിത്രം മാറിയേനെ . മലബാർ /മലങ്കര കാടുകളിൽ വളർന്ന ചെറിയ കുരുമുളക് അങ്ങനെയാണ് ലോക ചരിത്രത്തിലെ വലിയ കണ്ണിയായി കേരളത്തെ ലോക വ്യാപാര ചരിത്രത്തിലെ കണ്ണിയാക്കി ലോക ചരിത്രവും കേരള ചരിത്രവും നമ്മുടെ ആഹാര രീതികളും മാറ്റിയത് . കുരുമുളകു തേടി അറബി കടലിലെ കാറ്റിലൂടെ അലക്‌സാൻഡ്രിയയിൽ നിന്നും ജൂതന്മാരും ഒമാനിൽ നിന്നും യമനിൽ നിന്നും അറബിമാരും അവരെ തോൽപ്പിക്കാൻ ലിസ്ബണിൽ നിന്ന് വാസ്ഗോഡി ഗാമയും വന്നത് ചെറിയ കുരു മുളകിന്റെ വലിയ സാധ്യത കൊണ്ടാണ് . സ്പാനിഷ് പൊചുഗീസ് ഡച്ചു കോളിണിയലിസത്തിന്റെ തുടക്കം ഭക്ഷണത്തിന്റെ രാഷ്ട്ടീയ സാമ്പത്തികവുമായി ബന്ധപ്പെട്ടാണ് .ബ്രിടീഷുകാർ ചായ തേടി ചൈനയിൽ എത്തി കറുപ്പ് കൊടുത്തു അവരെ മയക്കിയത് കൊണ്ടാണ് ഓപ്പിയം യുദ്ധവും ഇന്ന് കാണുന്ന ഹോങ്കോങ്ങും ഉണ്ടായത് .ഗാന്ധി കൊളോണിയലിസത്തിനു എതിരെ ഉപ്പ് സത്യാഗ്രഹം നടത്തിയത് അദ്ദേഹത്തിന് രുചിയുടെ രാഷ്ട്രീയവും സാമ്പത്തിക ശാസ്ത്രവും അറിയാമായിരുന്നത് കൊണ്ടാണ് . ചുമ്മാതല്ല യേശു പറഞ്ഞത് നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു എന്ന്
ഭക്ഷണത്തിന് ഒരുപാട് കഥകൾ പറയാനുണ്ട് .ഇറാനിൽ നിന്ന് ബിരിയാണി എങ്ങനെയാണ് മുഗളൻമാരോടൊപ്പം യുദ്ധ ഭൂമികളിൽ കൂടി സഞ്ചരിച്ചു ഇന്ത്യയിൽ വന്ന് വിവിധ തരം ബിരിയാണി ആയ കഥ . ചൈനക്കാർ കച്ചവട കപ്പലിൽ പെട്ടന്ന് ഉണ്ടാക്കിയ കഞ്ഞി എങ്ങനെ കൊല്ലം വഴി കേരളത്തിലും തമിഴ് നാട്ടിലും ഏഷ്യയിലെ പല രാജ്യങ്ങളിലും എത്തിയ കഥ .ശ്രീലങ്കയിൽ പഠിക്കാൻ പോയ ബുദ്ധ സന്യാസിമാർ തേങ്ങാപ്പാല് ഉപയോഗിച്ച് തായ് ഗ്രീൻ കറിയും റെഡ് കറിയുമുണ്ടാക്കിയ കഥ . യുദ്ധങ്ങളിൽ കൂടിയും വ്യപാര ബന്ധങ്ങളിൽ കൂടിയും ഭക്ഷണങ്ങൾ വന്ന വഴികൾ . പഴയ ചരിത്ര വഴികളിൽ രാജാക്കന്മാരും കൊട്ടാര പാചകക്കാരും ഭക്ഷണ പരീക്ഷണങ്ങൾ നടത്തിയ വിധം . ചീന ഭരണിയും ചീന ചട്ടിയും കൂടുവൻ പിഞ്ഞാണിയും കൊല്ലത്തു കപ്പലിറങ്ങിയതിന്റ കഥ . കൊഴുക്കട്ടയും ഇല അപ്പവും കമ്പോഡിയയിലും കേരളത്തിലും ഒരു പോലെ ആണെന്ന് കണ്ടെത്തിയപ്പോൾ ഉള്ള ആകാംഷ .ആമസോണിൽ നിന്നു മലാക്ക വഴി കേരളത്തിൽ കപ്പയെത്തി പിന്നെ അത് മലയാളികളുടെ നാവിൻ തുമ്പത്തെ രുചി രാജാവായ കഥ .കപ്പ കേരളത്തിൽ ജനകീയമാക്കിയത് ക്ഷാമത്തെ നേരിടുവാനുള്ള പോംവഴിയായി 1880കളിൽ വിശാഖം തിരുനാൾ എടുത്ത നടപടിയാണ് . തിരുവന്തപുരത്തു കാശുള്ള ആഢ്യൻമാർ താസിക്കുന്ന ജവഹർ നഗർ പണ്ട് മരച്ചീനി വിളയായിരുന്നു. അന്ന് ശ്രീ വിശാഖം തിരുന്നാളിന്റ മരച്ചീനി കൃഷി സംരംഭത്തിന് വേണ്ടിയുള്ള സ്ഥലം . ചുരുക്കത്തിൽ കേരളത്തിൽ കപ്പ പാവപ്പെട്ടവരുടെ ഭക്ഷണമായിരുന്നു .അത് ജനകീയമായിട്ട് ഒരു 150 കൊല്ലം പോലുമായില്ല
1960 കളിൽ അമേരിക്കൻ ഭക്ഷണ സഹായവും അമേരിക്കൻ മാവും കേരളത്തിലെ പുതിയ പൊറോട്ട സംസ്ക്കാരമുണ്ടാക്കിയ കഥയും അധികം പഴയതല്ല . ഇപ്പോൾ ടർക്കിഷ് ഭക്ഷണമായ ഷവർമ്മ ഗൾഫ് വഴി കേരളത്തിലെത്തി .
1960 കളിൽ അമേരിക്കൻ ഭക്ഷണ സഹായവും അമേരിക്കൻ മാവും കേരളത്തിലെ പുതിയ പൊറോട്ട സംസ്ക്കാരമുണ്ടാക്കിയ കഥയും അധികം പഴയതല്ല . ഇപ്പോൾ ടർക്കിഷ് ഭക്ഷണമായ ഷവർമ്മ ഗൾഫ് വഴി കേരളത്തിലെത്തി .
വീട്ടിൽ സ്ത്രീകൾ ഭക്ഷണം ചെയ്യുന്നതിലും നാട്ടിൽ പുരുഷന്മാർ ഭക്ഷണം പാചകം ചെയ്യുന്നതിലും ഒരു ലിംഗ രാഷ്ട്രീയമുണ്ടെന്ന് മനസ്സിലാക്കുക .അടുക്കള എന്ത് കൊണ്ട് ഒരേ സമയം അധികാര ഇടമാകുന്നതും പാർശ്വവല്കൃത ഇടമാകുന്നതും ഭക്ഷണത്തിന്റെ രാഷ്ട്രീയവുമായി ബന്ധപെട്ടാണ് .
ഇന്നലെ സിംഗപ്പൂരിലെ ലിറ്റിൽ ഇന്ത്യയിലെ പ്രേമാസ് എന്ന കേരളീയ ഭക്ഷണശാലയിൽ വൻ തിരക്കായിരുന്നു . ദീപാവലിയും ശനിയാഴ്ച്ചയും ആയതിനാൽ എല്ലാ മലയാളികളും അല്ലാത്തവരുമൊക്ക അവിടെയെത്തി . അകത്തു സ്ഥലമില്ലാത്തതിനാൽ പുറത്തു ഇരുന്നു നല്ല ഒന്നാന്തരം കപ്പയും നെയ്മീൻ കറിയും ആസ്വദിച്ച് കഴിച്ചു കൊണ്ടിരുന്നപ്പോൾ ഓർത്തത് ഭക്ഷങ്ങൾ വന്ന വഴികളെകുറിച്ചുള്ള വിചാരങ്ങളാണ് . . ലണ്ടനിൽ പോയാൽ ബ്രിട്ടീഷ് മ്യൂസിയത്തിന് അടുത്തുള്ള മലബാർ ജംക്ഷനിൽ കപ്പയും മീനും കഴിക്കുവാൻ പോകും .20 പൗണ്ടാണ് . ഇന്നലെ ടാക്സിക്ക് നാല്പത് ഡോളർ ചിലവാക്കി പന്ത്രണ്ട് ഡോളറു കൊടുത്തു കപ്പയും മീനും തിന്നാൻ പോയപ്പോൾ ആണ് ചൊട്ടയിലെ നാക്കിന്റെ രുചി ചുടല വരെ എന്നറിഞ്ഞത് . അത് പോലെ ബാങ്കോക്കിൽ സുഖുംവിത്തിലെ സോയി പതിമൂന്നിൽ ഉള്ള നസീറിക്കയുടെ ബംഗ്ളദേശ് റെസ്റ്റോറന്റിൽ പാവക്ക വഴട്ടിയത് തിന്നുവാൻ മാത്രം പോകുന്നതും കുട്ടിക്കാലത്തെ രുചി ഓർമ്മകൾ നാക്കിൽ ഇപ്പോഴും കപ്പലോടിക്കുന്നത് കൊണ്ടാണ് .
ജെ എസ് അടൂർ
No comments:
Post a Comment