Tuesday, November 13, 2018

മനുഷ്യരും ആചാരങ്ങളും -1


ഗണപതി ബാപ്പയും കൃഷ്ണനും പിന്നെ സാധു കൊച്ചു കുഞ്ഞു ഉപദേശിയും
പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് മനുഷ്യൻ ഒരു ആചാര ജീവിയാണന്നു. ആചാരം എന്നത് മനുഷ്യന്റെ മസ്തിഷ്‌കത്തിൽ ഓർമ്മകൾ ആയി പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്ന ഒന്നാണ് എന്ന് തോന്നാറുണ്ട് . മനുഷ്യന്റെ സ്വഭാവത്തെയും ഭാഷയെയും രുചിയേയും വേഷ രീതികളെയും ഒരു പരിധി വരെ നിയന്ത്രിക്കുന്നത് ആചാര രീതികളാണ് . ഇങ്ങനെയുള്ള കൂട്ടായ കാഴ്ചകളും വർണ്ണങ്ങളും , മണവും, രുചികളും രുചി ഭേദങ്ങളും , വേഷ ഭൂഷാതികളും കൂടിയ ഒരു കൂട്ടായ്‌മ ഓർമ്മകളാണ് നമ്മുടെ സ്വത്വത്തെ തന്നെ നിർവചിക്കുന്നത് .
എന്നാൽ ഈ കൂട്ട ഓർമ്മകൾ അധവാ കളക്ടീവ് മെമ്മറി എന്നത് ചലനാത്മകമാണ്. ഡൈനാമിക് ആണ് . അത് ഓരോ കാലഘട്ടത്തിലും ഓരോ തലമുറയിലും മാറികൊണ്ടിരിക്കുന്ന , നിരന്തരമായി മനുഷ്യ മനസ്സിൽ പുനർസൃഷ്ട്ടിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് . കാരണം യാത്രകളിൽകൂടിയും വ്യപാര ബന്ധങ്ങളിൽ കൂടിയും യുദ്ധങ്ങളിൽകൂടിയും മനുഷ്യർ മറ്റു പലരീതിയിൽ കളക്ടീവ് മെമ്മറിയുള്ളവരുമായ സംസ്കാരങ്ങളും സമൂഹങ്ങളുമായി ഇണ ചേരുമ്പോഴാണ് ഭാഷയും രൂപവും രുചിയും ഭാവവും ഭാവനയും ഭക്ഷണങ്ങളും പിന്നെ ശരീരത്തിന്റെയും ഓർമ്മകളുടെയും ജീൻപൂളുകൾ മാറി പുതിയ കളക്ടീവ് മെമ്മറിക്കും ഐഡന്റിറ്റിക്കും രൂപം കൊടുക്കുന്നത് .
നൂറു കൊല്ലം മുമ്പുള്ള സത്വ ബോധമല്ല ഇന്ന് കേരളം എന്ന് അറിയപ്പെടുന്ന സ്ഥലത്തുള്ളവർക്കുള്ളത്. ആയിരം കൊല്ലങ്ങൾക്ക് മുന്നേ അയ്യപ്പനുണ്ടോ എന്നാർക്കറിയാം? എന്തായാലും ആയിരം കൊല്ലം മുമ്പ് മലയാളി എന്ന ഒരു സ്വത ബോധം തന്നെ ഉണ്ടാകിനിടയില്ല. അന്ന് മുണ്ട് എന്ന് പറയുന്നത് എത്ര പേർ ഉടുത്തു കാണും. സർവരും ഉപയോഗിച്ചിരുന്ന കോണകം എന്നാണ് മാറി തുടങ്ങിയത്?
എനിക്ക് എവിടെ വച്ച് കണ്ടാലും സന്തോഷം തോന്നുന്ന ഒരു ബിംബരൂപമാണ് ഗണപതിയുടേത് . പലപ്പോഴും ഗണപതി രൂപം ഇന്തോനേഷ്യയോലോ തായ്‌ലാൻഡിലോ , മലേഷ്യയിലോ , സിംഗപ്പൂരിലോ , ഫിജിയിലോ , സാൻസ്ഫ്രാൻസ്കോയിലോ കാണുമ്പൊൾ ഞാൻ ചിരിച്ചു കൊണ്ട് ഒരു ഹാലോ പറയാറുണ്ട് . ഗണപതി ബാപ്പ മോറിയ, മംഗള മൂർത്തി മോറിയ എന്ന് പൂനാ പ്രവാസ കാലത്തു എന്റെ ഓർമ്മ , കാഴ്ച്ച അടരുകളിൽ കയറിയ ഗണപതിയെ എവിടെ കണ്ടാലും ചിരിച്ചു ഒരു ഹലോ പറയാതെ പോകില്ല . അതുപോലെ രണ്ടാമത് ഇഷ്ട്ടമുള്ള ഒരാളാണ് മിസ്റ്റർ കൃഷ്ണൻ . ആദ്യം അദ്ദേഹത്തെ കണ്ടത് കടമ്പനാട് ചിത്രാസ് ടെക്സ്റ്റയിൽസിന്റെ കലണ്ടറിൽ ആയിരുന്നു .
കുട്ടിക്കാലത്തു ഞാൻ കൂടുതൽ സമയം കളിച്ചത് എന്റെ താഴെ വീട്ടിൽ ആയിരുന്നു . അവരുടെ ജാതിയോ മതമോ എന്താന്ന് അറിയില്ലായിരുന്നു .പക്ഷെ അവിടുത്തെ സുന്ദരിയായ അമ്മയും ഇച്ചേയിമാരെയും ഏട്ടൻമാരെയും കൊച്ചാട്ടന്മാരെയും എനിക്ക് വലിയ ഇഷ്ട്ടം ആയിരുന്നു . സ്ക്കൂളിൽ നിന്ന് വരുമ്പോൾ നാലുമണിക്ക് കപ്പയും മത്തികറിയുമൊക്കെ സ്നേഹത്തോടെ സ്വന്തം മക്കൾക്ക് തരുന്നത് പോലെ തരുമായിരുന്നു . പിന്നെ എപ്പോഴോ ആണ് അത് 'നായന്മാരുടെ ' വീടാണ് എന്നും . ഞങ്ങളുടെ വീട്ടുകാർ 'മാപ്പിള ' മാരാണ് എന്നും ആരൊക്കയോ പറഞ്ഞു ഞാൻ അറിഞ്ഞത് .
എന്തായാലും താഴെലെ തിണ്ണക്ക് വച്ചാണ് ചിത്രാസ് ടെക്സ്റ്റയിൽസിന്റെ വർണ്ണ ശബളമായ കലണ്ടറിലൂടെ മിസ്റ്റർ ക്രിഷ്ണൻ എന്ന സുന്ദര സുമുഖൻ ഒരു വെള്ള പശുവിൽ ചാരി നിന്ന് മയിൽ പീലി വച്ച ഒരു ഹെഡ് ബാൻഡ് ഒക്കെ വച്ച് ഓടക്കുഴൽ വായിക്കുന്ന മനോഹര രംഗം ഞാൻ കണ്ടത് .പിന്നെ കലത്തിൽ കൈയിട്ട് വെണ്ണ തിന്നുന്ന ഉണ്ണി കണ്ണൻ , ഗോപികമാരുടെ ചേലയും ആയി കുളക്കരയിലോ ആറ്റുകരയിലോ ഉള്ള മരക്കൊമ്പിൽ കയറി കുളി സീൻ കാണുന്ന ടീൻ ഏജു വോയർ കൃഷ്ണൻ . അങ്ങനെ കലണ്ടർ കൃഷ്ണൻമാരെ കണ്ടു കണ്ടു എനിക്ക് ആളെ പെരുത്ത ഇഷ്ടമായി എന്റെ കാഴ്ച്ച ഓർമ്മകളുടെയും കളക്ടീവ് മെമ്മറിയുടെയും ഭാഗമായി . എന്റെ രുചി ഓർമ്മയിൽ കപ്പയും മത്തിയും കയറിയ സമയത്തു തന്നെയാണ് ഭഗവാൻ കൃഷ്ണന്റെ ലീല വിലാസങ്ങളും കാഴ്ച്ച ഓർമ്മയിൽ കയറിക്കൂട്ടിയത് . അത് കൊണ്ട് രണ്ടിനോടും ഇഷ്ട്ടമാണ്. ഗണപതി ബാപ്പയെ പ്പോലെ എന്റെ കാഴ്ച്ച ഓർമ്മകളിൽ സ്ഥലം പിടിച്ച കൃഷ്ണ രുപത്തെ എവിടെ വച്ച് കണ്ടാലും സന്തോഷം . എന്റെ ബാല്യ കാലത്തേ ഏറ്റവു ഇന്റിമേറ്റ് സോഷ്യലൈസേഷൻ നടന്നത് ഒരു നായർ വീട്ടിൽ ആയിരുന്നത് കൊണ്ട് ഇപ്പോഴും എന്റെ ഏറ്റവും അടുത്ത ആത്‌മമിത്രങ്ങൾ നായർ സമുദായത്തിൽ നിന്ന് ആയതും യാദൃച്ഛികമല്ല .അതും കുട്ടിക്കാലത്തെ കൂട്ടായ ഓർമ്മകളിൽ നിന്നാണ് .
അത് പോലെ ഞാൻ ഒറ്റക്കിരിക്കുമ്പോൾ പാടുന്ന " എന്റെ ദൈവം മഹത്വത്തിൽ ആർദ്രവാനായി ജീവിക്കുമ്പോൾ , സാധു ഞാനീ ക്ഷോണി തന്നിൽ
ക്ലേശിപ്പാൻ ഏതും കാര്യമില്ലെന്നെന്റെ ഉള്ളം ചൊല്ലുന്നു " എന്നും "ദുഖത്തിന്റെ പാനപാത്രം കർത്താവിന്റെ കയ്യിൽ തന്നാൽ സന്തോഷത്തോടു അത് വാങ്ങി , ഹാലേലുയ്യ പാടീടും ഞാൻ ' എന്ന് തുടങ്ങുന്ന സാധു കൊച്ചുകുഞ്ഞു ഉപദേശയുടെ മനോഹര പാട്ടുകൾ നാവിൻ തുമ്പത്തെ ഓർമ്മ സ്തുതിയായി നിൽക്കുന്നതും കുട്ടിക്കാലത്തു മനസ്സിന്റെ ശുദ്ധതിയിൽ തെളിനീര് പോലെ വന്നതിനാലാണ് . ' എന്നോടുള്ള നിൻ സർവ്വ നന്മകൾക്കായി ഞാനെന്തു ചെയ്യേണ്ടു നിനക്കെശു പരാ " എന്ന നന്ദി സ്തുതി ഓർമ്മ മരമായി മനസ്സിൽ വളർന്നാണ് അത് മിക്കപ്പോഴും സ്വയം പാടുന്ന ഒരാചാരമായത് .
അത് പോലെ ശബരി മല അയ്യപ്പനും കുട്ടികാലത്തെ കൂട്ടായ ഓർമ്മയാണ് .ആദ്യ ഓർമ്മ 41 ദിവസം മുമ്പ് മാലയിട്ടു താടി വളർത്തി പിന്നെ പോകുന്നതിന് മുമ്പ് പടുക്ക ഇട്ട് തീക്കനിൽ തുള്ളി ശരണം വിളിച്ചു നടന്നു മലക്ക് പോകുന്ന മൂപ്പനെ (തേങ്ങ ഇടുന്നവർ )ഇപ്പോഴും ഓർമ്മയുടെ ഉള്ളിൽ ഉണ്ട്
ചുരുക്കത്തിൽ നമ്മൾ ഈ ആചാര അനുഷ്ട്ടാനം എന്നൊക്ക വിളിക്കുന്നത് കുട്ടിക്കാലത്തെ മനസ്സിൽ അധവാ മസ്തിഷ്ക്കത്തിൽ പ്രോഗ്രാം ചെയ്ത് വച്ചിരിക്കുന്ന കൂട്ടായ ഓർമ്മകൾ അഥവാ കളക്ടീവ് മെമ്മറിയാണ് .അത് ഒരു പരിധിവരെ പ്രാധമിക സ്വതബോധവും ഗ്രഹാതുരത്തവും ആചാര സ്വഭാവുമാണ് . അങ്ങനെ കൂട്ടായ ഓർമ്മകൾ സാമൂഹിക -സമുദായ സ്വഭാവവും സമീപനവുമാകുമ്പോൾ ആണ് മേക്ക് ബിലീവ് പാരമ്പര്യങ്ങലുണ്ടാകുന്നത് .
അത് കൊണ്ട് തന്നെ ഈ കൂട്ടായ ഓർമ്മകളും ആചാരങ്ങളും അതിൽ നിന്ന് ഉളവാകുന്ന സാമൂഹിക ശീല സ്വഭാവങ്ങളും പാരമ്പര്യങ്ങളായി ഒരു തരം സാമൂഹിക കംഫർട്ട് സോൺ ഉണ്ടാക്കുന്നത് . അത് മനുഷ്യർക്ക് മാനസിക വൈകാരിക സുരക്ഷിതത്വം നൽകി ഒരു മേക് ഫീൽ ഗുഡ് എന്ന മനസ്ഥിതിയുണ്ടാക്കുന്നു .
ഇത് സമുദായ സാമൂഹിക ജാതി മത സ്വതബോധവുമായി ഇണ ചേർന്നിരിക്കുന്നതിനാൽ അത് വൈകാരികമാണ് . അത് ഒരു സെൻസിറ്റീവ് സ്പോട്ടാണ് . അത് ശ്വാസത്തെപ്പോലെ വിശ്വാസത്തെയാക്കി ജീവന് തുല്യമാക്കുന്നു .അതിനെ ചോദ്യം ചെയ്‌താൽ മനുഷ്യർ അരക്ഷിതരാകും. അരക്ഷിതത്വത്തിൽ നിന്നുള്ള ഭയ മനസ്ഥിതിയിലാണ് വാക്കുകളും പ്രവർത്തിയും അക്രമ സ്വഭാവുള്ളതാകുന്നത്.
തുടരും
ജെ എസ് അടൂർ
11.11. 2018

No comments: