Sunday, November 4, 2018

പ്രളയത്തിന്റെ നാലാം നാളിൽ

ഇനിയും പൂർത്തീകരിക്കാത്ത മലയാളത്തിലെ ഞാൻ എഴുതുന്ന നോവലിലെ ഒരു ഭാഗം. എട്ടു ഭാഗം വരെ ഫേസ്ബുക്കിൽ ആണ് എഴുതിയത്. ഇനിയുള്ള പന്ത്രണ്ടു ഭാഗം മനസ്സിൽ ഒഴുകുന്നു. അടുത്ത വര്ഷം എന്റെ ആദ്യ നോവൽ ഇറങ്ങും. പിന്നെ പഴയ കഥ എഴുത്തിലേക്കിറങ്ങും.
ഭാഗംനാല്.
ആകാശത്തിന്റെ ഉൾക്കയങ്ങളിൽ കാറ്റു ഉറഞ്ഞു തുള്ളാൻ തുടങ്ങിയത് ബുധനാഴ്ച്ച പാതിരാവിൽ ആയിരുന്നു.
ചന്ദ്രനും നക്ഷത്രങ്ങളും മാഞ്ഞുപോയ കൂരിരുളിൽ ആകാശത്തിന്റെ ഗർത്തങ്ങളിൽ കാറ്റു കലിതുള്ളി കറങ്ങി മേഘങ്ങളേ വിഴുങ്ങുവാൻ തുടങ്ങി. വഴിയിൽ വന്ന മേഘങ്ങളേ വിഴുങ്ങി വിഴുങ്ങി വളർന്ന കാറ്റു മൂർച്ചയോടെ മുരളാൻ തുടങ്ങി.
അന്ന് 1970 നവംബര് 11 തീയതി ആയിരുന്നു.
മേഘ്‌ന നദി ശാന്തമായി ഒഴുകുകയായിരുന്നു. നവമ്പർ പതിനൊന്നു രാത്രിയിൽ ഗോലച്ചിപ്പയിൽ നിന്നും ധാക്ക നഗരത്തിലേക്കുള്ള ബോട്ടിൽ സത്താർ കാക്കാ അവസാനത്തെ നിസ്ക്കാരം പറഞ്ഞിട്ട് ഉറങ്ങാൻ കിടന്നു.
സത്താർ കാക്കക്ക് ഉറക്കം വന്നില്ല. അയാളെ എന്തോ ഒന്ന് അലോസരപ്പെടുത്തി കൊണ്ടിരുന്നു. സത്താർ കാക്ക സാധാരണ ബുധനാഴ്ച്ച ഉച്ച കഴിഞ്ഞു ചോർ മുംതാസിൽ നിന്നും വള്ളം കയറി ഗോലച്ചിപ്പയിൽ എത്തി. അവിടെനിന്നും രാത്രീ ബോട്ടിനു പോയി ധാക്കയിൽ നിന്നും കടയിലേക്ക് വേണ്ട സാധങ്ങൾ വാങ്ങി വെള്ളിയാഴ്ച്ച ഉച്ചയോടെ ചോർ മുംതാസിൽ തിരിച്ചെത്തുകയാണ് പതിവ്.
സത്താർ കാക്ക ചോർമുംതാസിൽ ഇല്ലാത്തപ്പോൾ കട നോക്കുന്നത് മകൻ അബുവാണ്. അബുവിനു പതിനാറു വയസായിരുന്നു. അക്കരെയുള്ള മാമയുടെ വീട്ടിൽ നിന്നു അബു മൂന്നാം തരം വരെ അവിടുത്തെ മദ്രസ്സയിൽ പഠിച്ചു. സത്താർ കാക്ക യുടെ ഭാര്യ ആമിന മദ്രസ്സയിൽ പഠിച്ചില്ലെങ്കിലും പൈസ കണക്കു കൂട്ടി കിഴിക്കുന്നതിൽ മിടുക്കി ആയിരുന്നു. എല്ലാ ദിവസത്തെയും വിറ്റു വരവ് അവർ ഒരു ചെറിയ പെട്ടിയിൽ സൂക്ഷിച്ചു വക്കും. ആമിനക്കു അബുവിനെ കൂടാതെ മൂന്ന് പെൺ മക്കൾ ഉണ്ടായിരുന്നു. അബുവിന്റെ ഇളയവൾ സീനത്തിനു ആ വര്ഷം പതിനാലു തികഞ്ഞു വയസ്സറിഞ്ഞു. സീനത്തിന്റെ നിക്കാഹ് അടുത്ത വര്ഷം നടത്തുവാൻ ഉള്ള പണം ആമിന നിധി പോലെ സൂക്ഷിച്ചു. അവരുടെ പുല്ലു മേഞ്ഞ വീടിന്റെ ഒരു മുറിയുടെ മൂലയിൽ കുഴി കുഴിച്ചു ഒരു ചെ പ്പിനുള്ളിൽ ആണ് അവർ ആഭരണവും പണവും ഒളിപ്പിച്ചത്. സീനത്തിന്റെ അനിയത്തി ഫാത്തിമക്ക് ഒൻപതു വയസ്സ്. അവൾ ഗോലച്ചിപ്പ ക്കടുത്തുള്ള ഒരു ഗ്രാമത്തിൽ ആമിനയുടെ വീട്ടിൽ നിന്നു അടുത്തുള്ള സ്‌കൂളിൽ മൂന്നാം ക്ളസ്സിൽ പഠിക്കുന്നു. സത്താർ കാക്കയുടെ പുന്നാര കുട്ടി അഞ്ചു വയസുള്ള ഫർസാനയായിരുന്നു.
സത്താർ കാക്ക ബോട്ടിന്റെ ബർത്തിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഒറക്കം വന്നില്ല. അയാൾ ആമിനയെയും മക്കളെയും ചോർ മുംതാസിനെയും ഓർത്തു നെടുവീപ്പിട്ടു. അകാരണമായ ഒരു ഭീതി ഉപ്പിന്റെ മണമുള്ള കാറ്റായി വന്നു അയാളെ പൊതിഞ്ഞു. രാവിന്റെ പകുതിയിൽ ബോട്ടിന്റെ ഇരമ്പൽ മാത്രമേ കേള്‍ക്കുവനുള്ളയിരുന്നു.
ഉറക്കമില്ലാത്ത രാത്രി കഴിഞ്ഞു വെളുപ്പിന് സത്താർ കാക്ക ധാക്കയിൽ ബോട്ടിറങ്ങി. അപ്പോൾ ചോർമുംതാസിലെ ഹസ്സനും സംഘവും മീൻ തേടി കടലിലേക്ക് വള്ളം തുഴയുകയായിരുന്നു. സത്താർ കാക്കയുടെ ഇളയ അനിയനാണ് ഹസ്സൻ. അന്ന് രാവിലെ അബ്ദുൽ റഹിമിന്റ് രണ്ടാം ഭാര്യ സൈലിഹ പനി പിടിച്ചു കുടിലിന്റെ ഒരറ്റം ചേർന്ന് ചുരുണ്ടു കൂടി കിടന്നു.
അപ്പോഴേക്കും ബംഗാൾ കടലിന്റെ ആകാശത്തിനു മുകളിൽ കാറ്റ്‌ ബാധ ആവേശിച്ച ഭൂതത്തെപോലെ ഏവിടെ നിന്നൊ മുരണ്ടു കൊണ്ടിരുന്നു.
മേഘ്‌ന നദി പെരുകി വന്നു. വെള്ളം ചോർ മുംതാസിന്റെ പരപ്പിലൂടെ ഒഴുകുവാൻ തുടങ്ങി. പശുക്കൾ പരിഭ്രാന്തിയോട് കരയുവാൻ തുടങ്ങി. പട്ടികൾ ഓരിയിട്ടു. മഴ തുടങ്ങി. ആളുകൾ വാഴയില മുകളിൽ ചൂടി കൊണ്ട് പുല്ലു മേഞ്ഞ വീടുകൾക്ക് മേല് കയറിയിരുന്നു. ചിലർ മരങ്ങളിൽ കയറി പാള കൊണ്ടുള്ള തൊപ്പിയിട്ടൂ വെള്ളം ഇറങ്ങാനായി പ്രാർത്ഥിച്ചു. ഉച്ചയായപ്പോഴേക്കും ആകാശം തെളിഞ്ഞു വെള്ളം പതിയെ ഇറങ്ങി. നനഞ്ഞ നിലത്തു അടുപ്പു കൂട്ടി കഞ്ഞി വെക്കുവാൻ ചോർ മുംതാസിലെ ആളുകൾ പാടുപെട്ടു.
ഹസൻ അന്ന് പിടിച്ച മീനിന്റെ ഒരു പങ്കു സത്താർ കാക്കയുടെ വീട്ടിൽ കൊടുത്തയച്ചു. അന്ന് വൈകിട്ട് ആമിനയും മക്കളും റൂഹി മീൻ കറിയും ചോറും ഉണ്ട് ഉറങ്ങാൻ കിടന്നു. സത്താർ കാക്ക പിറ്റേന്ന് വരുമ്പോൾ കഴിക്കുവാൻ മീനും ചോറും ആമിന ഉറിയിൽ സൂക്ഷിച്ചു വച്ചു.
രാവേറെ കഴിഞ്ഞപ്പോൾ ആകാശ ഗർത്തങ്ങളിൽ നിന്നും മേഘങ്ങൾ തിന്നു തീമിർത്തു ഉഗ്ര രൂപിയായ കാറ്റ്‌ പുറത്തേയ്ക്കു ഒരു മുരൾച്ചയോടെ ഇറങ്ങി വന്നു. ലക്കും ലഗാനുമില്ലാതെ മദ്യപിച്ചു മദോന്മത്തനായ ഒരു രാക്ഷസനെ പോലെ ആകാശത്തിന്റെ പരപ്പിൽ കറങ്ങി തിരിഞ്ഞു നിന്നു. ഇതൊന്നും അറിയാതെ ചോർ മുംതാസിലെ ആളുകളും കുട്ടികളും ഉറക്കത്തിൽ ആയിരുന്നു.
1970 നവംബർ 12 ഒരു വെള്ളിയാഴ്ചയായിരുന്നു. അന്ന് പാതിരാവിൽ കടലിനു മുകളിൽ രാക്ഷസനെപോലെ കറങ്ങി തിരിഞ്ഞ കാറ്റിനു മദമിളകി പമ്പര വേഗത്തിൽ കറങ്ങി കറങ്ങി ഇരമ്പി അലറുവാൻ തുടങ്ങി. അലറി വിളിച്ചു കറങ്ങി ,കറങ്ങി ഭ്രാന്ത് പിടിച്ച ചുഴലി ക്രൂര ദ്രുതയോടെ ആകാശ പരപ്പിൽ ചുടല നൃത്തം ചവിട്ടി, ചവിട്ടി ,ലക്കില്ലാതെ ബംഗാൾ ഉൽക്കടലില്‍ ഉൾ ക്കയങ്ങലിലേക്കു ഒരു ഉൽക്ക പോലെ പതിച്ചു.
കടലിന്റെ വേരിളകി. കടൽ കലങ്ങി മറിഞ്ഞു . ചുഴലിയുടെ ക്രൂരതയോടെ കൊടും കാറ്റു കടലിനെ ബലാത്സംഗം ചെയ്തു. ഭ്രാന്തൻ കാറ്റ്‌ കടലിന്റെ തിരയിൽ അടിവേഗതയോടെ ഓടി മേഘ്‌ന നദിയുടെ അഴി മുഖവും താണ്ടി സംഹാര താണ്ഡവത്തോട് കൂടി മേഘ്‌ന നദിയെ ചുഴറ്റി കറക്കി ആകാശത്തേക്ക് എറിഞ്ഞു.
മേഘങ്ങളിൽ കുരുങ്ങി നില വിളിച്ച നദിയെ മൃഗ തൃഷണയോടെ വീണ്ടും വീണ്ടും ആകാശത്തേക്ക് ചുരുട്ടി കൂട്ടിയെറിഞ്ഞു. ചുഴലിയുടെ ബാധയിൽ മേഘ്‌ന നദി ഭീകര രൂപിണിയായി ഒരു പെരുമ്പാമ്പിനെ പോലെ ചോർ മുംതാസിനെ വിഴുങ്ങി.
ഭ്രാന്ത് പിടിച്ച കാറ്റു കടൽത്തിരകളിൽ പറന്നു പറന്നു ചോർമുംതാസിന്റെ രാവിൽ അടിച്ചപ്പോൾ മരങ്ങൾ വേരറ്റു വീണു. ആളുകളുടെ കൂട്ട നിലവിളികൾ തിരകളിൽ തട്ടി ഉടഞ്ഞു പോയി. ഭീകര രൂപിണിയായ മേഘ്‌ന നദി എല്ലാം തകർത്തു താണ്ഡവമാടി. ചോർമുംതാസ് നിന്നിടത്തു മൂന്നു നാലു മരങ്ങൾ ഭൂമിയുടെ അന്തരങ്ങളിൽ വേരിറക്കി കാറ്റിനെതിരെ പിടിച്ചു നിന്നു.
സത്താർ കാക്ക ഇതൊന്നും അറിയാതെ ധാക്കയിലെ ഒരു വഴിയോര കടയിൽ പ്രാതൽ കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. അയാൾ പിന്നീടൊരിക്കലും ആമിനെയും അബുവിനേയും സീനത്തിനെനെയും ഫാത്തിമയെയും ഫർസാനയെയും കണ്ടിട്ടില്ല. അവരെ തിരകൾ കറക്കി കടലിന്റെ ഉള്ളറകിലേക്കു കൊണ്ടുപോയി തള്ളി.
കാറ്റിനപ്പോഴും കലി തീർന്നിരുന്നില്ല. ചോർ മുംതാസിന്റെ സ്ഥാനം എവിടെയെന്നു ആരും അറിഞ്ഞില്ല.
കലങ്ങിയ വെള്ളം എല്ലാം വിഴുങ്ങി ഹിസയോടെ എങ്ങോട്ടൊക്കെയോ ഒഴുകി. ഉച്ചയപ്പോഴേക്കും പുഴയുടെ ചുഴിയിൽ നിന്നും ശവങ്ങൾ പൊങ്ങി തുടങ്ങി. ഒന്ന്. രണ്ടു. മൂന്നു. നാല്. പിന്നെ, പിന്നെ എണ്ണമില്ലാതെ ശവങ്ങൾ പൊങ്ങി പൊങ്ങി വന്നു. പട്ടിയും, പശുവും, എരുമയും ആടുകളും മനുഷ്യരും മാംസ പിണ്ഡങ്ങളായി കലങ്ങിയ വെള്ളത്തിൽ പൊന്തി എങ്ങോട്ടെന്നില്ലാതെ ഒഴുകി.
ശവങ്ങക്ക് പേരോ നാളോ ഇല്ല. അനാഥ ശവങ്ങള്‍ക്ക്‌ പദവിഇല്ല. ജാതിഇല്ല. മതമില്ല.ശവങ്ങള്‍ക്ക് പ്രായമില്ല.ശവങ്ങള്‍വെറും ശവങ്ങള്‍ മാത്രമാണ്. അഴുകുവാന്‍ വെമ്പുന്ന മാംസ മുഖങ്ങള്‍.
ചോർമുംതാസിൽ തലേന്ന് രാത്രി കിടന്നുറങ്ങുവാൻ പോയവർ പിറ്റേന്ന് അനാഥ ശവങ്ങളായി മറ്റു മൃഗ മാസം പിണ്ഡങ്ങളോടൊപ്പം കലങ്ങി മറിഞ്ഞു ഒഴുകി നടന്നു. അവർക്കു വേണ്ടി സങ്കടപെടുവാൻ ആരുമില്ലായിരുന്നു. അവരുടെ ശവങ്ങൾ തേടുവാൻ സർക്കാരോ ബന്ധുക്കളോ വന്നില്ല.
1970 ഇൽ കിഴക്കേ പാകിസ്ഥാനിൽ ആയിരുന്ന ചോർ മുംതാസിനെ തേടിയെത്താൻ പടിഞ്ഞാറേ പാകിസ്ഥാനിൽ നിന്നു എത്തിയിരുന്നില്ല. ബംഗ്ളദേശിന്റെ ഈറ്റ് നോവ് തുടങ്ങിയിരുന്നു.
ആദ്യം ചോർ മുംതാസിൽ എത്തിയത് കഴുകൻ മാരായിരുന്നു. അവർ എങ്ങു നിന്നൊ കൂട്ടത്തോടെ പറന്നിറങ്ങി പൊങ്ങിയ ശവങ്ങളിൽ കൊത്തിറക്കി അഴുകിയ മാംസം കൊത്തി വലിച്ചു.
കാറ്റും കടലും പിറ്റേ ദിവസം ശാന്തമായി. കഴുകന്മാർ അഴുകിയ ശവങ്ങളുടെ ഗന്ധം തേടി ചോർ മുംതാസിലേക്കു പറന്നു.
പ്രളയത്തിന്റെ നാലാം നാളിൽ ഉപ്പു കാറ്റു വീണ്ടും വീശാൻ തുടങ്ങി.
Js Adoor is with Asif Kunnath and 22 others.
ഭാഗംനാല്.

No comments: