Tuesday, September 17, 2019

ധൊഡ സാ കൺഫ്യൂഷൻ ഹുവാ , സാബ്


പൂനയിൽ ചെന്ന് തട്ടീം മുട്ടിയുമാണ് ഹിന്ദിയോ മറാത്തിയോ മലയാളമോ ഇഗ്ളീഷോ എന്ന് സംശയം തോന്നുന്ന വല്ലാത്ത അവിയൽ ഭാഷ മലയാള ടൂണിൽ വിവര വിനിമയത്തിന് ഉപയോഗിച്ചു തുടങ്ങിയത് .
പത്താം ക്‌ളാസിൽ ഹിന്ദിക്കായിരുന്നു ഏറ്റവും കുറഞ്ഞ മാർക്ക് .50%. എന്തായാലും ഹിന്ദി സർ ഹിന്ദി പഠിപ്പിച്ചത് മലയാളത്തിലാണെന്ന് ഓർമ്മയുണ്ട്. പരീക്ഷക്ക് ഏറ്റവും കൂടുതൽ വാചകങ്ങൾ അർത്ഥം അറിഞ്ഞില്ലേലും ഓർമ്മിച്ചു എടുത്തു പേപ്പറിൽ കാച്ചുന്നവർക്ക് നല്ല മാർക്ക് കിട്ടി.അതു നമുക്ക് പറ്റിയ പണിയല്ല. .ഹിന്ദി ചതിച്ചില്ലയിരുന്നുവെങ്കിൽ 500മാർക്ക് കിട്ടിയേനെ .അതോടെ അന്ന് ഹിന്ദി പഠിപ്പ് നിർത്തിയതാണ് .
പക്ഷെ പൂനയിലെത്തി ഒറ്റക്കാണെങ്കിൽ ഒരു ചളുപ്പുമില്ലാതെ വായിൽ വരുന്നത് വച്ചു കാച്ചും .
പക്ഷെ അന്നത്തെ അടുത്ത കൂട്ടുകാരിയും അത് കഴിഞ്ഞു ജീവിത സഹയാത്രികയുമായ ബീന കൂടെയുണ്ടെങ്കിൽ ഈ അവിയൽ ഭാഷ ധൈര്യമൊക്കെ ചോർന്നു പോകും .കാരണം അവർക്ക് നല്ല സുന്ദരമായ ഹിന്ദിയും ഗുജറാത്തിയുമൊക്കെ അറിയാം . ഞാൻ ഈ സങ്കര ഭാഷ തുടങ്ങുമ്പോഴേക്കും കക്ഷി പൊട്ടി ചിരിക്കും . ആ ചിരി ഒന്നൊന്നര ചിരിയാണ് എന്ന് അവരെ അറിയാവുന്നവർക്കെല്ലാം അറിയാം . അപ്പോഴേക്കും വാക്കുകൾ എല്ലാം എന്റെ നാക്കിൽ നിന്ന് പമ്പ കടക്കും .
ഒരിക്കൽ പൂനാ യെർവാദ പാലത്തിനു മുമ്പിൽ ട്രാഫിക്ക് ലൈറ്റ് മഞ്ഞയിൽ നിന്ന് ചുമപ്പാകുന്നതിനു മുമ്പ് മോട്ടോർ ബൈക്ക് പെട്ട് .ട്രാഫിക് പിടി കൂടി
ധോഡാ സാ കൺഫ്യുഷൻ ഹുവാ സാബ് .
ഈ ഭാഷ വൈഭവം കേട്ട് . മറാത്തി പോലീസ് 'ചിരിച്ചു .കായ് കൺഫ്യൂഷൻ . ചൺഫ്യുഷൻ . അണ്ണാ ലോഗ്‌ ഹേ ക്യാ .?..
ഹേ സാബ് ..
അണ്ണാ ..ജാവോ ..
ഇത് പറഞ്ഞു ഭാര്യ ഇപ്പോഴും പൊട്ടി ചിരിക്കും .
കാരണം ആയിടക്കിറങ്ങിയ ഹിന്ദി പടത്തിന്റ പേര് ധോഡാ സാ റുമാനി ഹോ ജായെൻ ...
പലപ്പോഴും ഹിന്ദി ക്ലാസ്സിനേക്കാൾ ഹിന്ദി സിനിമ കണ്ടാണ് അത്യാവശ്യം സംഗതി കേട്ട് മനസ്സിലായത് .
വേറൊരിക്കൽ എന്റെ ഭാഷ അഭ്യാസം കേട്ട് ചിരി കാരണം പോലീസ് സ്റ്റേഷനിലെത്തി .കാരണം ഒരു സ്ട്രീറ്റ് വെൻഡറിന് തോന്നി ഈ മദ്രാസികൾ അയാളെ ഊശിയാക്കിയതാണെന്ന് .ഐ ജി യെ അറിയാവുന്നത് കൊണ്ട് തലയൂരി .
പിന്നെ പിന്നെ ഹിന്ദിയിലും വേണമെങ്കിൽ പ്രസംഗിക്കും എന്ന സ്ഥിതി വന്നു . പക്ഷെ സഹ ധർമ്മിണി അടുത്തുണ്ടങ്കിൽ അവരുടെ ചിരി പേടിച്ചു ഹിന്ദിയുടെ ഗ്യാസ് പോകും
ചുമ്മാതല്ല , വീട്ടിൽ ഞാനൊരു ശുദ്ധ മലയാള ഭാഷ വാദിയാണ് .ഞങ്ങളുടെ വീട്ടിൽ മലയാളം പിതൃ ഭാഷയാണ് . കാരണം ബഹു ഭാഷ പണ്ഡിതരായ പിള്ളേരോട് മലയാളത്തിലാണ് പേശുന്നത് .മലയാളം പഠിക്കണ്ട അവശ്യകതെയെ കുറിച്ച് പ്രബോധിപ്പിക്കും . അവസാനം അവരെന്നെ മല്ലു ഷോവനിസ്റ്റ് എന്ന് വിളിച്ചു ഒതുക്കും
എന്നാലും മലയാളം വിട്ട് ഒരു കളിക്കുമില്ലന്ന് ഉറപ്പിച്ചു വീണ്ടും ശ്രമം തുടർന്നു കൊണ്ടേയിരിക്കുന്നു
KJ

No comments: