Monday, September 9, 2019

കൊറിയൻ ചരിത്രത്തിന്റ അടയാളപ്പെടുത്തലുകൾ


ഒരു രാജ്യത്തെ ആദ്യമറിയാൻ ശ്രമിക്കുന്നത് രുചികളും രുചി ഭേദങ്ങളും കൊണ്ടാണ്. പിന്നെ ഭാഷയുടെ തായ് വഴികളും ചരിത്രം വന്ന വഴികളുമാണ്. അവിടുത്തെ സമൂഹത്തെകുറിച്ചറിയണമെങ്കിൽ ടാക്സി ഓടിക്കുന്നവരെയും റോഡ് ഉപയോഗിക്കുന്ന വിധവും നോക്കിയാൽ മതി. അവിടുത്തെ സാമ്പത്തിക സ്ഥിതിയേകുറിച്ച് അറിയണമെങ്കിൽ റോഡിൽ ഓടുന്ന വാഹനങ്ങളുടെ ബ്രാൻഡ് നോക്കിയാൽ മതി. അവിടുത്തെ ഗവർണ്ണൻസ് അറിയണമെങ്കിൽ തെരുവുകളുടെ വൃത്തിയും പോലീസുകാരുടെ ശരീര ഭാഷയും നോക്കിയാൽ കുറെ മനസ്സിലാകും. അവിടുത്തെ മാനേജ്‌മെന്റ് എയർപോർട്ടിൽ വച്ചു മനസ്സിലാകും.
ഇവയിൽ എല്ലാം തനതായ ഒരു കൊറിയൻ രീതിയുണ്ട്. കൊറിയൻ ഭാഷക്ക് അധികം സഹോദര ഭാഷകളില്ല. കൊറിയൻ ഭക്ഷണത്തിന് അതിന്റെ തനതായ രുചിയുണ്ട്.
പലപ്പോഴും ഞാൻ ഒരു രാജ്യത്തോ സമൂഹത്തിലോ പോകുമ്പോൾ അതു ഡീപ് കൾച്ചറാണോ ( ഗഹന സംസ്കാരം ( എന്നു ശ്രദ്ധിക്കും. ഡീപ് കൾച്ചർ എന്നത് കൊണ്ടു ഞാനുദ്ദേശിക്കുന്നത്. അതായത് ആ ദേശത്തിന് രണ്ടായിരകൊല്ലത്തിനു മുമ്പ് നിയതമായ അധികാര ഭരണ രൂപങ്ങളുണ്ടോ എന്നാണ്. കാരണം പലപ്പോഴും ഭാഷയും ഭക്ഷണ സംസ്കാരവും മത വിശ്വാസങ്ങളും കെട്ടിട നിർമ്മാണ രീതികളും ആർട്ടും ആര്കിടെക്ച്ചറും സാഹിത്യവുമെല്ലാം അധികാര ഭരണ സ്വരൂപങ്ങളുമായി ബന്ധപ്പെട്ടതാണ്.
ഒരാൾ എന്ത് കഴിക്കണം എന്ത് കഴിക്കരുത് എങ്ങനെ കഴിക്കണം എന്നത് എല്ലാം മതവും അതിനോട് അനു ബന്ധിച്ച അധികാര ഘടനകളുമാണ് തീരുമാനിക്കുന്നത്.
ഉദാഹരണത്തിന് കൊറിയയിൽ ഇഷ്ട്ടം പോലെ കിട്ടുന്നതാണ് വിവിധ തരം പോർക്ക് വിഭവങ്ങളും കണവ വിഭവങ്ങളും. എന്നാൽ ബെയ്‌റൂട്ടിൽ ബീഫ് കിട്ടും. പോർക്ക് പ്രയാസമാണ്. ഇന്ത്യയിൽ മിക്കയിടത്തും ബീഫ് കിട്ടില്ല. ചിക്കനും വെജിറ്ററേനിയനും കിട്ടും.
സോൾ നഗരത്തിൽ ഞാൻ താമസിച്ച ഹോട്ടലിന്റെ പേര് ഷില്ലഎന്നാണ്. ഷില്ല എന്ന രാജ്യം 57 ബിസി മുതൽ 935 വരെ ഏതാണ്ട് ആയിരം കൊല്ലം തെക്കു മധ്യ കൊറിയയിൽ നിലനിന്ന രാജ്യമാണ്. ഷില്ല എന്ന രാജ്യത്തിനു പുറമെ ഗോഗുർയോ ബായിക്യെ എന്നീ മൂന്നു രാജ്യങ്ങൾ ചേർന്നതായിരുന്നു ഇപ്പോഴത്തെ കൊറിയൻ പെൻസുല. ഈ രാജ്യങ്ങളിലെയും വ്യാപാര ബന്ധങ്ങളിലൂടെയുമാണ് ചൈനീസ് ഭാഷയുടെയും സംസ്കാരത്തിന്റെയും മത വിശ്വാസങ്ങളും കൊറിയയിലേക്ക് വന്നത്. കൊറിയയിൽ ബുദ്ധിസം വരുന്നത് സീ ഇ 530 ലാണ്. ബുദ്ധിസത്തോടോപ്പാണ് ചൈനീസ് ലിപിയും സാക്ഷരതയും വിദ്യാലയങ്ങളും തുടങ്ങിയത്. ഗോരയോ എന്ന രാജ്യത്തിന്റെ പേരിൽ നിന്ന് 16 നൂറ്റാണ്ടിൽ കൊറെയോ എന്നും പിന്നെ അതിന് ഇഗ്ളീഷുകാർ കൊറിയ എന്നും വിളിച്ചാണ് ആ പേര് വന്നത്. ഒരു രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ പേര് പലപ്പോഴും മറ്റുള്ളവർ വിശേഷിപ്പിച്ചാണ് പിന്നീട് അത് പതിയുന്നത്. ഇന്ത്യയുടെ കാര്യവും അതു തന്നെ. പണ്ട് ഗ്രീക്കുകാർ ചാർത്തി തന്നത്.
ഇപ്പോഴുള്ള കൊറിയയെ ഏറ്റവും സ്വാധീനിച്ചത് 1392 മുതൽ 1897 വരെ ഭരിച്ച ചോസെൻ (Joseon dynasty ).അധികാര പരമ്പരയാണ്. ഏതാണ്ട് 500 കൊല്ലം നീണ്ടു നിന്ന അധികാര ഭരണ സ്വരുപം. ചോസെൻ അധികാര പരമ്പര പതിയെ ബുദ്ധിസത്തെ അരികുവൽക്കരിച്ചു കൺഫ്യൂഷ്യൻ ആചാര രീതികളെയാണ് പിന്തുടര്ന്നത്. പക്ഷെ അന്നും ചൈനീസ് ലിപികളാണ് കൊറിയൻ ഭാഷ എഴുതാനും ഭരണ ലിപിയായി ഉപയോഗിച്ചത്.
എന്നാൽ പതിനഞ്ചാം നൂറ്റാണ്ട് മുതൽ തനതായ കൊറിയൻ ലിപിയും സാഹിത്യവും അതു പോലെ വിശദമായി ശാസ്ത്രവും ടെക്നൊളേജിയും എല്ലാം രേഘപെടുത്താൻ തുടങ്ങി . ഇന്ന് കാണുന്ന കൊറിയൻ സംസ്ക്കാരത്തിന്റെയും ഭക്ഷണ രീതികളും ഭാഷ സാഹിത്യവുമെല്ലാം പതിനഞ്ചാം നൂറ്റാണ്ടു മുതൽ ഒരുത്തിരിഞ്ഞതാണ്.
ചോസെൻ പരമ്പരയിൽ 1419 മുതൽ 1450വരെ ഭരിച്ച സിജോങ് ദി ഗ്രേറ്റ്‌ എന്നറിയപ്പെടുന്ന രാജാവാണ് കൊറിയൻ സംസ്കാരത്തെയും ചരിതത്തെയും ഏറ്റവും സ്വാധീനിച്ച നേതാവ്. വെറും 54 വർഷമേ അദ്ദേഹം ജീവിച്ചുള്ളൂ. മഹാ പണ്ഡിതനായ അദ്ദേഹമാണ് ഇന്ന് ഉപയോഗിക്കുന്ന കൊറിയൻ ലിപിയുടെ ആവിഷ്കർത്താവ്. കൊറിയൻ കലണ്ടർ പുതിക്കിയത് അദ്ദേഹമാണ്. സയൻസിലും ടെക്നൊലെജിയിലും ഭരണക്രമത്തിലും മുന്നറ്റം. മതങ്ങളെ മാറ്റി നിർത്തി നിയോ കൺഫ്യുഷൻ ഐഡിയിലെജിയാണ് ഉപയോഗിച്ചത്. വാന നിരീക്ഷണ സംവിധാനം മഴ അളക്കുന്ന സാങ്കതിക വിദ്യ, നദികളിലെ വെള്ള നിരപ്പും വെള്ളത്തിന്റെ വസ്തുതകളും അളക്കുന്നത്. സമയം അളക്കുന്ന സാങ്കതിക വിദ്യ., കൊറിയൻ റോക്കറ്റ് എന്നറിയപ്പെടുന്ന യുദ്ധം സാങ്കേതിക വിദ്യ. ഇതെല്ലാം കൃത്യമായി നിരീക്ഷിച്ചു രേഖപ്പെടുത്താനുള്ള സംവിധാനം. ചുരുക്കത്തിൽ യുറോപ്പിൽ പതിനാറാം നൂറ്റാണ്ടിലും അതു കഴിഞ്ഞും വന്ന ടെക്നൊലെജി ഇന്നവേഷൻസ് കൊറിയയിൽ പതിനഞ്ചാം നൂറ്റാണ്ടിൽ പരീക്ഷിച്ചതാണ്.
ചൈനീസ് മാത്രകയിൽ ടെസ്റ്റ്‌ എഴുതി സിവിൽ സർവീസിലേക്ക് തെരെഞ്ഞടുത്തു ഇൻഡിപെൻഡന്റ് നിയമവ്യവസ്ഥയും ഗവേര്ണൻസ് സംവിധാനങ്ങളും വിവിധ മിനിസ്ട്രികളും സ്ഥാപിച്ചത് പതിനഞ്ചാം നൂറ്റാണ്ടിൽ.
ഇതിൽ ഏറ്റവും പ്രധാനമായത് ലോകത്തിൽ ആദ്യമായി മെറ്റേണിറ്റി ലീവ് (നൂറു ദിവസം ). 1426 ലാണ്. അത് കഴിഞ്ഞു 1434 ലാണ് ഒരു മാസം പെറ്റേണിറ്റി ലീവ് സിജോഗ് നടപ്പാക്കിയത്. ലോകത്തു തന്നെ ആദ്യമായി ഒപ്പീനിയൻ പോൾ നടത്തിയതും സിജോങ് തന്നെ. നികുതി വ്യവസ്ഥ ന്യായമാണോ അത് ജനങ്ങൾക്ക് താങ്ങാൻ സാധിക്കുമോ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന ആദ്യം ഗവര്ണൻസ് അസ്സെസ്സ്മെന്റ് (അതായിരുന്നു യു എന്നിൽ എന്റെ ജോലി ) നടത്തിയത് സിജൊങ്ങാണ്‌ . 172, 806 പേര് സർവേയിൽ പങ്കെടുത്തു. അതു മുഴുവൻ രേഖപ്പെടുത്തി സൂക്ഷിച്ചു. അതിന് അനുസരിച്ചു ഭരണ രീതിയും നീതി നിരക്കുകളും പരിഷകരിച്ചു. കൃഷിയുടെയും വിളവെടുപ്പിന്റെയും അടിസ്ഥാനത്തിൽ ഫ്ലെക്സി ടാക്സ് എന്ന സംവിധാനവും വിള നഷ്ടം വരുമ്പോൾ സബ്സിഡിയുമെല്ലാം നടപ്പാക്കിയ പരിഷ്‌കർത്താവ്.
ഇന്നുള്ള കൊറിയൻ സംഗീത വാദ്യങ്ങൾ ചിട്ടപ്പെടുത്തിയ ബഹു മുഖ പ്രതിഭ. കൊറിയയുടെ ഫിലോസഫർ കിങിന്റ കൂറ്റൻ പ്രതിമയും അതിന് താഴെയുള്ള മ്യൂസിയവും ഒരുപാടു കാര്യങ്ങൾ പഠിക്കാൻ അവസരമുണ്ടാക്കി.

സെജോങിന്റെ വലിയ പ്രതിമ സോൾ നഗരമധ്യത്തിൽ ചാങ്ഡൊക്ക് കൊട്ടാരത്തിന് മുന്നിലുള്ള സ്‌കോയയറിലാണ്. ചാങ്‌ഡോക്ക് കൊട്ടാരത്തിന് അഞ്ഞൂറ് കൊല്ലത്തെ യുദ്ധങ്ങളുടെയും സമാധാനത്തിന്റെയും പിന്നെ അധിനിവേശത്തിന്റെയും കഥയുണ്ട്.
ഇന്ന് കൊറിയ സാങ്കേതികകമായി മുൻ പന്തിയിലാണ്. ഞാൻ താമസിച്ച ഷില്ല ഹോട്ടൽ ഗ്രൂപ്പ് സാംസങ് ഗ്രൂപ്പിന്റേതാണ്. ഞാൻ ഇപ്പോൾ ഇത് എഴുതുന്ന ഫോണും സാംസങ് ഫോണാണ്. പക്ഷെ ആദ്യം പുസ്തകം ഇവിടെ മൂവ് ചെയ്യുന്ന അച്ചു വച്ചടിച്ചത് 1377 ലാണ്. ജിക്കി എന്ന പേരിലുള്ള സെൻ ബുദ്ധിസ്റ്റ് വിചാരധാരയുടെ പുസ്തകം. യുറോപ്പിൽ പുസ്തകങ്ങൾ അച്ചടിക്കുന്നതിന് വളരെ മുമ്പ് അനേക പുസ്തകങ്ങൾ കൊറിയയിൽ മുദ്രണം ചെയ്തു. ലോകത്തിലെ ആദ്യത്തെ മെറ്റെലോയ്ഡ് ടൈപ്പ് സെറ്റായി യുനെസ്‌കോ അംഗീകരിച്ചത് 1377 ലെ ജിക്കിയാണ് (Jikji ). അതു പോലെ ത്രിപ് താക കൊറിയനാ (Triptaka Koreana ) പതിമൂന്നാം നൂറ്റാണ്ട്‌ മുതലുള്ള ഏറ്റവും പഴയ ബുദ്ധിസ്റ്റ് ലൈബ്രറിയാണ്. ഹാഞ്ച ലിപിയിൽ 1496 വ്യത്യസ്ത പാഠങ്ങലുള്ള 6568 വോളിയം. തടി അച്ചിൽ 750 കോല്ലം മുമ്പ് ഉണ്ടാക്കിയത് ഇന്നും അത് പോലെയുണ്ടെന്നുള്ളത് അത്ഭുതപെടുത്തും. ദക്ഷിണ കൊറിയയുടെ തെക്കേ പ്രോവിന്സിലുള്ള ഹെയ്‌ൻസ ബുദ്ധ വിഹാരത്തിലാണ് ഇ ലോക ഹെറിറ്റെജ് ലൈബ്രറി.
കൊറിയയുടെ ചരിത്രത്തിൽ ഒരുപാടു ആക്രമണങ്ങളും അധിനിവേശങ്ങളുമുണ്ടായിട്ടുണ്ടെങ്കിലും അത് ഒരു തനതായ സംസകരമായി പിടിച്ചു നിന്നത് അത് ഒരു ഡീപ് കൾച്ചർ അധവാ ഗഹന സംസ്കാരമായത് കൊണ്ടാണ്.
ലോകത്ത് ചരിത്രത്തിൽ ഉടനീളം ശക്തിയുണ്ടായിരുന്നു ചൈനയും, റഷ്യയും പിന്നെ ജപ്പാനുമാണ് കൊറിയയുടെ അയൽ രാജ്യങ്ങൾ. ഇവരൊരുത്തരും കൊറിയയെ പിടിച്ചെടുക്കാൻ ശ്രമിച്ചു. അങ്ങനെയായിരിക്കും ഇപ്പോഴും റെസീലിയൻസ് ഉള്ള ഒരു രാജ്യമായി പിടിച്ചു നിൽക്കുന്നത്.
കൊറിയക്കാർക്ക് ഇതിൽ ഏറ്റവും പ്രശ്‍നമുള്ളതും ഇപ്പോഴും മത്സര ബുദ്ധിയോടെ നേരിടുന്നതും ജപ്പാനോടാണ്. 1592 ലാണ് ജപ്പാൻ ആദ്യ അധിനിവേശം നടത്തിയത്. അത് 1598 വരെ തുടർന്ന്. അവർ ആദ്യം ചെയ്തത് ചാങ്‌ഡോക്ക് കൊട്ടാരം ഇടിച്ചു നിരത്തുകയാണ്. ഏതാണ്ട് 158, 000 ജാപ്പനീസ് സൈന്യമാണ് പിടിച്ചടക്കിയത്. അവരുടെ ഉദ്ദേശം കൊറിയയിൽ കൂടി ചൈനയിലെ മിങ് സാമ്രജ്യത്തെ പിടിക്കുകയെന്നായിരുന്നു.
പിന്നെ വീണ്ടും ഇരുപതാം നൂറ്റാണ്ടിൽ 1910 ഇൽ ജപ്പാൻ കൊറിയയേ ആക്രമിച്ചു കോളനിയാക്കി മാറ്റി. അത് അവസാനിച്ചത് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം 1945 ഇൽ. കൊറിയയിൽ ജപ്പാൻ നടത്തിയ അതിക്രമങ്ങൾ ഇന്നും അവർ മറന്നിട്ടില്ല. ഇതിൽ ഏറ്റവും മറക്കാനാവാത്തത് ജപ്പാൻ പട്ടാളം കൊറിയൻ സ്ത്രീകളെ സെക്സ് സ്‌ളേവ് എന്ന നിലയിൽ ഉപയോഗിച്ചതാണ്.
ജപ്പാനിൽ നിന്നും മോചനം നേടിയ കൊറിയ പിന്നെ ശീതയുദ്ധത്തിന്റ പരിണിത ഫലങ്ങളനുഭവിച്ചു. ഇപ്രാവശ്യം സ്റ്റാലിനിസ്റ്റ് സോവിയറ്റ് യൂണിയനാണ് റഷ്യക്ക് അടുത്തുള്ള ഉത്തര കൊറിയ പിടിച്ചടക്കിയത്. യഥാർത്ഥത്തിൽ ശീത യുദ്ധത്തിന്റെ ആദ്യം യുദ്ധം കൊറിയൻ യുദ്ധമാണ്. സ്റ്റാലിന്റെ ചൈനയുടെയും സഹായത്തോടെ ഉത്തര കൊറിയ ദക്ഷിണ കൊറിയ പിടിച്ചെടുക്കാനുള്ള ശ്രമത്തോടെ 1950 ജൂൺ 25 ന് തുടങ്ങിയ യുദ്ധം മൂന്നു കൊല്ലം നീണ്ടു നിന്നും 1953 ജൂലൈ 27 വരെ. അമേരിക്ക ദക്ഷിണ കൊറിയയെ അവരുടെ അധീനതയിൽ പ്രതിരോധിച്ചു. ഈ യുദ്ധത്തിലാണ് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്. ഏതാണ്ട് 50 ലക്ഷം ആളുകൾ.. കൊറിയൻ ജന സംഖ്യയുടെ ഏതാണ്ട് പത്തു ശതമാനം ആളുകളാണ് ഈ നിഷ്ടൂര യുദ്ധത്തിൽ മരിച്ച സാധാരണ ജനങ്ങൾ. ഏതാണ്ട് മുപ്പത്തി ഏഴായിരം അമേരിക്കൻ പട്ടാളക്കാർ കൊല്ലപ്പെട്ടു. ഒരു ലക്ഷം പേർക്ക് പരിക്ക്. 180, 000 ചൈനീസ് പട്ടാളം കൊല്ലപ്പെട്ടു
യു എൻ ആദ്യമായി ഇടപെട്ട യുദ്ധവും കൊറിയൻ യുദ്ധമാണ് . അമേരിക്ക ചില വഴിച്ചത് 67 ബില്യൺ ഡോളർ.
ശീതകാല യുദ്ധത്തിന്റ ഇനിയും ഉണങ്ങാത്ത മുറിവൂകളുമായി ദക്ഷിണ കൊറിയയും ഉത്തര. കോറിയയും ഇന്ന് വേറിട്ടു നിൽക്കുന്നു
തുടരും
ദക്ഷിണ കൊറിയയുടെ മുന്നേറ്റം.
ജെ എസ് അടൂർ

No comments: