Tuesday, September 17, 2019

ഉറക്കം നടിക്കുന്നവരെ വിളിച്ചുണര്ത്തുന്നത് എങ്ങനെ ?


പി എസ് സി യുടെ മുന്നിൽ ഇപ്പോൾ നടക്കുന്ന മലയാളത്തിലും ചോദ്യം വേണം എന്ന സമര ആവശ്യത്തിന് ഐക്യ ദാർഢ്യം . സമരത്തിലുള്ളവരുടെ ആത്മാർത്തതക്ക് അഭിവാദ്യങ്ങൾ .
പക്ഷെ ചില ചോദ്യങ്ങൾ പ്രസക്തമാണ് .
1) ഈ തീരുമാനം എടുക്കാവാൻ പി എസ് സി ഇത്രയും സമയം എടുക്കുന്നത് എന്ത് കൊണ്ടാണ് ?
2) ഈ സമരം എന്ത് കൊണ്ട് നേരത്തെ നടന്നില്ല ?
3) പ്രതിപക്ഷ പാർട്ടി നേതാക്കൾ മുൻ മുഖ്യ മന്ത്രി ഉൾപ്പെടെയുള്ളവർ സമരത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചിട്ടും ഭരണ പാർട്ടിയുടെ നേതാക്കളും മുഖ്യ മന്ത്രിയും ഇതുവരെ പരസ്യമായ നിലപാടോ ,പ്രസ്താവനയോ ചെയ്യാത്തത് എന്ത് കൊണ്ടാണ് ?
4) മുൻ പി എസ് സി മെമ്പർമാർ ഇപ്പോൾ ചോദ്യം മലയാളത്തിൽ വേണം എന്നു പറയുന്നു ?അവരൊക്കെ ഭരണ പാർട്ടിയുടെ നോമിനി ആയി പി എസ് സി മെമ്പർമാരായിരുന്നപ്പോൾ എന്ത് കൊണ്ട് ഈ തീരുമാനമെടുത്തില്ല ?
പി എസ് സി പരീക്ഷകളിൽ യുവ തീപ്പൊരികൾ തിരിമറി കാണിച്ചു എസ് എം എസ് പരീക്ഷ സഹായിയുടെ സോളിഡാരിറ്റിയിൽ റാങ്ക് വാങ്ങി പരീക്ഷ പാസായി .അങ്ങനെ പാസ്സായവർ പ്രമുഖ ഭരണ പാർട്ടിയുടെ യുവനേതാക്കൾ .അത് tip of the iceberg ആകാനാണ് സാധ്യത .വലിയ ഒരു സ്കാൻഡലിന് സാധ്യതയുള്ളത് .
ഇതേ പി എസ് സി -ഭരണ പാർട്ടി അന്തർ
ധാര വെളിയിൽ വന്ന അതെ സമയത്താണ് ഈ മലയാളത്തിലും ചോദ്യം വേണമെന്ന് സമരം . അതും ആഴ്ചകൾ !
ഈ സമരം തുടങ്ങി രണ്ടു ദിവസത്തിനകം പരിഹരിക്കാവുന്ന പ്രശ്നമേയുള്ളൂ . പക്ഷെ പരിഹരിക്കാത്തത് യാദൃശ്ചികമല്ല .
കാരണം ഇതിന്റ രണ്ടിന്റെ ടൈമിംഗ് പ്രധാനമാണ് .
കാരണം ഒരൊറ്റ ദിവസം കൊണ്ട് തീരുമാനിക്കാവുന്ന വിഷയമാണ് മലയാളത്തിലും കൂടെ ചോദ്യങ്ങൾ വേണം എന്നത് . വളരെ ന്യായവും യുക്തിപരമായ ആവശ്യം .ഇത് സമരത്തിന് ഇടനൽകാതെ നേരത്തെ എടുക്കണ്ട തീരുമാനമാണ് .മുഖ്യമന്ത്രി ഭരിക്കുന്ന പാർട്ടിയുടെ നോമിനിയായി വന്ന പി എസ് സി ചെയർമാനോട് ഒന്ന് വിളിച്ചു പറഞ്ഞാൽ തീരുന്ന കാര്യം .കാരണം ഭരണ പാർട്ടികളുടെ കൃപയിൽ സ്ഥാനമാനം കിട്ടിയവർ അവരുടെ നേതാക്കൾ പറയുന്നത് കേൾക്കും എന്നതിന് ഉദാഹരണം ഏറെ .അങ്ങനെ എത്രപേർ എം എൽ എ മാരും എം പി മാരുമായി . എ ചാൾസ് എം പി യെ ഓർമ്മയുണ്ടല്ലോ .
15 ദിവസം സമരം നീട്ടി പി എസ് സി ചെയർപേഴ്സൺ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് വെറുതെയല്ല . അത് കൃത്യമായ തന്ത്രമാണ് .ഓണം കഴിഞ്ഞു തീരുമാനവും വരും .
ഭരിക്കുന്ന പാർട്ടിയിടെ ഹെഡ്ക്വാർട്ടേഴ്ഷ് ഗ്രീൻ സിഗ്നൽ കൊടുക്കുമ്പോൾ പി എസ് സി ചെയർമാൻ ഉണരും . തീരുമാനം എടുക്കും . ചില നേതാക്കൾ വന്നു നാരങ്ങാ വെള്ളം കൊടുക്കും .സമരം തീരും . എല്ലാവരും നന്മയുള്ള പാർട്ടി നേതാക്കളെയും പി എസ് സി നോമിനി വക്കീലിനെയും അഭിനന്ദിക്കും .സമരത്തിൽ ഉള്ളവർക്കും സന്തോഷം .ചില മലയാളം സാറന്മാർ നീണ്ട ലേഖനങ്ങളെഴുതി സന്തോഷിച്ചു സന്തോഷിപ്പിക്കും .എല്ലാവര്ക്കും ബഹു സന്തോഷം .ഇതിനാണ് വിൻ -വിൻ സ്ട്രാറ്റജി എന്ന് പറയുന്നത് .
അപ്പോഴേക്കും എസ്.എം എസ് പരീക്ഷ അടവ് നയങ്ങളും അന്തർ ധാരകളും മീഡിയ മറക്കും .ശുഭം .
ഉറങ്ങുന്നവരെ വിളിച്ചുണർത്താം .ഉറക്കം നടിക്കുന്നവരെ വിളിച്ചുണർത്താനാകില്ല .
പൂച്ചകൾ കണ്ണടച്ചു പാലു കുടിക്കുമ്പോൾ
ചോദ്യം ചോദിക്കുന്നവരെ ആരൊക്കെ ചീത്ത വിളിക്കും എന്നും .ആരൊക്ക വലത് പക്ഷ മൂരാച്ചി എന്നും വിളിക്കും എന്നറിയാം
ചോദ്യങ്ങൾ മലയാളത്തിലും വേണം എന്ന നിലപാടിൽ മാറ്റമില്ല .
ചോദ്യങ്ങൾ പച്ച മലയാളത്തിൽ ചോദിക്കാനും എഴുതാനും അറിയാം .പി എസ് സി ക്കു അക്കാര്യത്തിൽ എന്തെങ്കിലും സഹായ സഹകരണങ്ങൾ സൗജന്യമായി ചെയ്യുവാനും തയ്യാറാണ് .
ജെ എസ് അടൂർ .

No comments: