Tuesday, September 17, 2019

ഭാഷകൾക്കപ്പുറമുള്ള മനുഷ്യർ .


സത്യത്തിൽ മനുഷ്യനെ മനസ്സിലാക്കാൻ ഭാഷ പലപ്പോഴും ഒരു തടസ്സമാകില്ല . ഞാൻ ഒന്നര വര്ഷം ഗവേഷണവുമായി താമസിച്ചത് മിസോറാം ത്രിപുര ബോർഡറിലുള്ള മാമിത് എന്ന ഗ്രാമത്തിലാണ് .അവിടെ കോളേജിൽ അധ്യാപനവും പിന്നെ നാട്ടിൽ ഏത്നോഗ്രാഫി എന്ന സാമൂഹിക ഭാഷ ഗവേഷണവുമായാണ് കഴിഞ്ഞത് .ആദ്യം അവരുടെ ഭാഷ എനിക്കും എന്റെ ഭാഷ അവർക്കും മനസ്സിലാകില്ലായിരുന്നു .പക്ഷെ എനിക്ക് ഭക്ഷണം തന്ന അടുത്ത വീട്ടിലെ അമ്മയുമായി നിരന്തരം വിനിമയം ചെയ്യുമായിരുന്നു .എനിക്ക് കലശലായ അസുഖം വന്നപ്പോൾ നോക്കിയതും അവർ തന്നെ . പതിയെ അവരുടെ ഭാഷ എനിക്ക് മനസ്സിലായി തുടങ്ങി .
എന്നെ ഏറ്റവും അതിശയിപ്പിക്കുന്നത് കൊച്ചു കുട്ടികൾ തമ്മിലുള്ള കമ്മ്യുണിക്കേഷനാണ് .അഞ്ചു വ്യത്യസ്ത ഭാഷകൾ അറിയാവുന്ന മൂന്നോ നാലോ വയസ്സുള്ള കുട്ടികളെ ഒരുമിച്ച് കുറെ കളിപാട്ടവും കൊടുത്തു ഒരു മുറിയിലിട്ടാൽ അവർ സന്തോഷമായി മിൻടീം പറഞ്ഞും ചിരിച്ചും കളിക്കുന്നത് കാണാം .
ലോകം മുഴുവൻ സഞ്ചരിക്കുന്ന എനിക്ക് ഭാഷ വലിയ പ്രശ്നമുണ്ടാക്കിയിട്ടില്ല .ഒരിക്കൽ ആദ്യമായി ലാറ്റിനമേരിക്കയിൽ ചെന്നപ്പോൾ ടാക്സിക്കാരനോട് പൈസ എക്സ്ചേഞ് ചെയ്യുന്നിടത്തു കൊണ്ടുപോകുവാൻ പറഞ്ഞു . അന്ന് എ ടി എം ഉള്ള കാലമല്ല .എക്സ്ചേഞ് എന്ന് പറഞ്ഞിട്ട് അങ്ങേർക്ക് ഒരു കുന്തവും മനസ്സിലായില്ല .പല ഭാഷ നോക്കിയിട്ടും നോ രക്ഷ . അവസാനം ഡോളർ കാണിച്ചിട്ട് ആംഗ്യം കാണിച്ചു .ഓ ക്യാമ്പിയോ .!!" അയാളെന്നെ എക്സ്ചേഞ് ചെയ്യുന്ന സ്ഥലത്തു കൊണ്ട് പോയി . പിന്നെ ലോക്കൽ റെസ്റ്ററെന്റിൽ .അങ്ങനെ ആ ആഴ്ച്ച മുഴുവൻ അയാളുടെ ടാക്സിയാണ് ഉപയോഗിച്ചത് .
തായ്‌ലൻഡിൽ വന്നു അവിടെ ഇന്ദ്രാ മാർക്കറ്റിലും മറ്റും വില പേശുന്നത് കാണുവാൻ രസമാണ് .എല്ലാം കാൽക്കുലേറ്ററിലാണ് .കച്ചവടക്കാർ 700 എന്ന് കുത്തും .നമ്മൾ തലയാട്ടി വേണ്ട എന്ന് പറയും .അവർ കാൽക്കുലേറ്റർ നമ്മുടെ കയ്യിൽ തന്നിട്ട് കുത്താൻ പറയും .നമ്മൾ മുന്നൂറ് എന്ന് കുത്തും അവസാനം കുത്തി കുത്തി 450 നു സാധനം വാങ്ങും .
സിയോറിലിയോൺ എന്ന രാജ്യത്ത് കാട്ടിനിടക്കുള്ള ഒരു കുഗ്രാമത്തിൽ മൂന്നാല് ദിവസം താമസിച്ചു .അവിടെ അടുത്തുള്ള ഗ്രാമങ്ങളിൽ അന്ന് ആക്ഷൻ ഐഡിന്റെ സഹായത്തിൽ നടത്തിയിരുന്നു സ്‌കൂളുകളുടെ പ്രവർത്തനങ്ങളെ വിലയിരുത്താൻ പോയതാണ് . അവിടെ ഞങ്ങൾ അഞ്ചു പേർക്ക് താമസിക്കുവാനുള്ള സൗകര്യമില്ല .അത് കൊണ്ട് അഞ്ചു വീടുകളിലാണ് താസിച്ചത് . അവിടെ വൈദ്യുതി ഇല്ല .വീടുകൾ പുല്ലു മേഞ്ഞത് .ആർക്കും രണ്ടു മുറിയും ചായ്പ്പ് പോലുള്ള അടുക്കളയും ഒരു വരാന്തയുമല്ലാതെ ഒന്നും ഇല്ല.അതിൽ ഒരു മുറി അഥിതികളായ ഞങ്ങൾക്ക് നൽകി .ഭാഷ ഒരു തടസ്സമേ ആയില്ല കാരണം വളരെ നല്ല മനുഷ്യർ .അവർ രാവിലെ കാച്ചിൽ പുഴുങ്ങിയതും പച്ച മുളക്‌ ചതച്ചതും കട്ടൻ ചായയും തന്നു .ഭാഷ ഒരു പ്രശ്മേ ആയില്ല .
ഇവിടെ ബാങ്കോക്കിൽ ഞാൻ സ്ഥിരം ഭക്ഷണം കഴിക്കുന്ന ഒരിടത്തെ തായ് സ്ത്രീ ഇവിടെയുള്ള നല്ല സുഹൃത്താണ് .അവർക്ക് അകെ അറിയാവുന്ന ഇഗ്ളീഷ് വാക്കുകൾ പത്തു .എനിക്ക് അറിയാവുന്ന തായ് വാക്കുകളും അത് പോലെ . വെള്ളത്തിന് ' നാം ' എന്നും മീനിന് ' പ്ളാ ' , ചിക്കന് ' ഗായ് ' എന്നുമൊക്കെ അറിയാം . പക്ഷെ ഇപ്പോൾ ഞങ്ങൾ സംസാരിക്കാത്ത വിഷയങ്ങളില്ല .അവർ അവരുടെ ഫോണിൽ തായ് എഴുതി ഗൂഗിൾ ട്രാനെസ്‌ലേറ്റർ വച്ച് സംഗതി ഇഗ്ളീഷില് കാണിക്കും .തിരിച്ചും .
ഞാൻ നേരത്തെ ഒരു ബംഗ്ളദേശ് ഗ്രാമത്തിലെ കഥ പറഞ്ഞിട്ടുണ്ട് . ഇന്ത്യയിൽ ഒരുപാട് കുഗ്രാമങ്ങളിൽ പോയിട്ടുണ്ട് .ആദിവാസി ഗ്രാമങ്ങളിൽ താമസിച്ചിട്ടുണ്ട് . ഭാഷ ഒരു തടസ്സമായിരുന്നില്ല .കാരണം മനുഷ്യർക്ക് അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടമാണെങ്കിൽ ഭാഷ വലിയ ഒരു തടസ്സമല്ല .
രണ്ടായിരം വര്ഷം മുമ്പ് കേരളത്തിൽ ഏത് തരം ഭാഷയാണ് അലക്‌സാൻഡ്രിയ യിൽ നിന്ന് കപ്പലിൽ വന്നവരോട് സംസാരിച്ചത് ? പലപ്പോഴും അതറിയാൻ പ്രയാസമാണ് .പക്ഷെ അവർ കുരുമുളക് വാങ്ങി ഉണക്കി കൊണ്ട്പോയി .
ഭാഷ എന്നും മനുഷ്യർക്ക് വേണ്ടിയാണ് .മനുഷ്യർ തമ്മിൽ സംവദിക്കുമ്പോൾ അത് അങ്ങനെ ജീവൻ വയ്ക്കും . മനുഷ്യൻ ഭാഷക്ക് വേണ്ടിയല്ല .ഭാഷ മനുഷന് വേണ്ടിയാണ് .ഭാഷ ജീവൻ വയ്ക്കുന്നത് ജീവിക്കുന്ന മനുഷ്യരിലൂടെയാണ് .സത്യത്തിൽ ഓരോ മനുഷ്യനും അവരുടെ അനുഭവങ്ങൾ വാക്കുകളായി വരുമ്പോൾ അത് അയാളുടെ മാത്രം അനുഭവവും ഭാഷയുമാണ് .അയാൾ മരിക്കുമ്പോൾ അയാളുടെ ഭാഷയും മരിക്കും .
മനുഷ്യരുടെ ഭാഷയും അധികാരത്തിന്റെ ഭാഷയും രണ്ടാണ് .ഒന്നാമതെത്തിൽ ഭാഷ ഒരനുഭവമാണ് .ജീവനുള്ള തലച്ചോറിൽ നിന്നും സിഗ്‌നലുകളായി നാക്കിലെത്തി വാക്കായി തൊണ്ടയും നാക്കും ചുണ്ടും ചേർന്ന് സ്വരമായി ശബ്ദമായി പുറത്തു വരുന്ന അനുഭവം .ഈ അനുഭവങ്ങൾ ഓരൊ വ്യക്തിക്കും വ്യത്യസ്തമാണ് .അത് കൊണ്ടാണ് കൊച്ചു കുട്ടികൾക്കും പരസ്പരം ഇഷ്ടമുള്ള രണ്ടു മനുഷ്യർക്കും ഭാഷക്ക് അപ്പുറവും മനുഷ്യ വിനിമയം ചെയ്യാനാകുന്നത് .ഭാഷയറിയാതെ പരസ്പരം ഒരാണിനും പെണ്ണിനും സ്നേഹിക്കാനാകും
എന്നാൽ ഭാഷ ഉപയോഗിച്ചു സത്വ ബോധങ്ങളുണ്ടാക്കുന്നത് ഒരു അധികാര പ്രക്രിയയാണ് .ഭാഷയുടെ വ്യാകരണങ്ങളും നിഘണ്ടുകളും ഭാഷയുടെ മാനനീയവൽക്കരണവും ഭാഷയുടെ വ്യവസ്ഥാപിത ഭരണവും എല്ലാം അധികാരത്തിന്റ അടയാളപ്പെടുത്തലാണ് .അത് സാമൂഹിക അധികാരവും രാഷ്ട്രീയ അധികാരവും വ്യവസ്ഥവൽക്കരിക്കുന്നതിന് വേണ്ടിയാണ് .
ഓരോ മനുഷ്യനും ശ്വാസവും വിശ്വാസങ്ങളും കൊണ്ടാണ് ജീവിക്കുന്നത് .ഒരുപാട് പേർക്ക് ദൈവ വിശ്വാസം ഒരു വ്യക്‌തിപരമായ അനുഭവമാണ് .അവരുടെ ഭയങ്ങളെ സങ്കടങ്ങളെയൊക്കെ മുന്നിൽ കൊണ്ട് വന്നു വച്ച് കരയാനും പറയാനും വിശ്വാസത്തോട് പ്രാർത്ഥിച്ചു സങ്കടങ്ങളെ സന്തോഷമാക്കാനും ആശങ്കകളെ പ്രത്യാശയക്കാനും അവരുടെ ഉള്ളിൽ ജീവിക്കുന്ന ദൈവ സങ്കല്പങ്ങളുമായുമാണ് സംവദിക്കുന്നത് .മനുഷ്യന്റ ശ്വാസം വിശ്വാസമാകുന്നത് അവരുടെ ഉള്ളിൽ ഉള്ള ഭാഷകൊണ്ടാണ് .ഓരോ മനുഷ്യന്റെയും ഉള്ളിൽ കയറിയാൽ പിന്ന ഭാഷക്ക് അപ്പുറവും സംവദിക്കാം .
വാമൊഴി ഓരോ മനുഷ്യന്റേതുമാണ് അത് വരമൊഴിയാകുമ്പോൾ അത് സാമൂഹികവും പിന്നെ പാരമ്പര്യവും പിന്നെ ചരിത്രവും അത് കഴിഞ്ഞു രാഷ്ട്രീയവും അധികാരവുമാണ് .
നാട്ട് പാട്ടുകൾ വായ് മൊഴിയാണ് .അനുഭവങ്ങളാണ് .അക്ഷര രഹിത സമൂഹങ്ങൾ പാട്ട് പാടി കൊയ്യുകയോ നൃത്തം ചെയ്യുകയോ ഒക്കെ ചെയ്യുന്നത് . എന്നാൽ വ്യവസ്ഥാപിത കവിതകൾ ഭാഷ വ്യവസ്ഥയുടെ അതിർ വരമ്പുകളിലുള്ള വൃത്തങ്ങളിൽ വാക്കുകകൾ കൊണ്ടുള്ള ഭാവന നൃത്തങ്ങളാണ് .
പലപ്പോഴും ഭാഷ അധികാരം ഉള്ളിൽ കയറ്റുന്നത് വിശ്വാസങ്ങളെ വ്യവസ്ഥവൽക്കരിച്ചു മത സംഹിതകളും പിന്നെ മത സ്വരൂപങ്ങളും അത് കഴിഞ്ഞു അത് ഭാഷ രാഷ്ട്രീയ അധികാരരൂപങ്ങളുമാക്കുമ്പോഴാണ് .
മനുഷ്യന്റെ വ്യക്ത ഗത ഭാഷയും വ്യക്തി ഗത വിശ്വാസങ്ങളും നിയന്ത്രിച്ചാണ് അധികാരം വ്യവസ്ഥവൽക്കരിച്ചു വാക്കിന്റെ വരമ്പുകൾ വാൾതലകൊണ്ട് വരച്ചു മനുഷ്യനെ വരുതിയിലാക്കുന്നത് .
അങ്ങനെയാണ് സംസ്‌കൃതം ദേവ ഭാഷയും അതിന്റെ അക്ഷരങ്ങൾ ' ദേവ് നഗരിയുമാകുന്നത് . അത് കൊണ്ടാണ് അറബി ഇസ്ലാമിന്റ ഭാഷയാകുന്നത് .ഹീബ്രൂ യഹോവയുടെ ഭാഷയും .
ഇതിനെ ചോദ്യം ചെയ്തത് ഭാഷകളെ ചോദ്യം ചെയ്തത് കൊണ്ടാണ് .ബുദ്ധൻ വായ്മൊഴി കൊണ്ട് സംസ്കൃതത്തിന് ബദലായി ' പ്രാകൃത് ' അവതരിപ്പിച്ചത് . യേശു പരീശൻമാരുടെ എബ്രായ ഭാഷക്ക് ബദലായി അരാമ്യ ഭാഷയിലാണ് സംസാരിച്ചത് , മുക്കുവരുടെയും , അധ്വാനിക്കുന്നവരുടെയും ഭാരം ചുമക്കുന്നവന്റെയും പീഡിതന്റെയും വാമൊഴി .
ആ വാമോഴിയെ ഗ്രീക്ക് വരമൊഴിയാക്കി റോമക്കാരനായ പൗലോസും കൂട്ടരും ക്രിസ്ത്യൻമത വ്യവസ്ഥയുണ്ടാക്കിയത് . യേശു വാമൊഴി പറഞ്ഞത് മനുഷ്യരോടാണ് ജീവനുള്ള മനുഷ്യരോട് . എന്നാൽ പൗലോസ് അത് വരമൊഴിയാക്കി സംഘടനയുടെ ചട്ടകൂട്ടിലാക്കി .യേശുവിന്റ കാലശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞു റോമാ സാമ്രാജ്യത്തിന്റ തണലീലാണ് ബൈബിൾ പല വിധ രാഷ്ട്രീയ അധികാര പ്രക്രിയയിലൂടെ ഒരു വ്യവസ്ഥാപിത പുസ്തകമായത് .
അധികാരത്തിന്റ ഭാഷ മാറിയതോടെ ബൈബിളിന്റെ ഭാഷ ഗ്രീക്കിൽ നിന്നും ലാറ്റിനിലേക്കും അവസാനം കോളനി ഭരണ അധികാരത്തിൽ ഇഗ്ളീഷുമായി .അച്ചടി അധികാരം കൂട്ടി .അങ്ങനെ ഇൻഗ്ലെൻഡിലെ കിംഗ് ജെയിംസിന്റ കാലത്തു എഡിറ്റ് ചെയ്ത ബൈബിളാണ് പിന്നെ പല ഭാഷകളിൽ വ്യാകരണവും വാക്കുകളാലും ചിട്ടപ്പെടുത്തി ലോകമെങ്ങും പടർന്നത് .മതവും അധികാരവും രാഷ്ട്രീയവും ഭാഷയിലൂടെയാണ് മനുഷ്യനെ നിയന്ത്രിക്കുന്നത് .
എന്നാൽ രണ്ടു മനുഷ്യർ ഇടപെടുന്നത് ജീവനുള്ള അനുഭവങ്ങളിലൂടെയാണ് .അവർ കൈ പിടിക്കുന്നതും കണ്ണുകൾ കൊണ്ട് കാണുന്നതും ചെവികൊണ്ട് കേൾക്കുന്നതും കെട്ടി പിടിക്കുന്നതും ഉമ്മ വയ്ക്കുന്നതും ഇണ ചേരുന്നതും വാക്കുകകൾക്ക് അപ്പുറമുള്ള മനുഷ്യന്റ ചൂരിലും ചുണ്ടിലും നാക്കിലും കണ്ണിലുമാണ് .
ഭാഷ മനുഷ്യനിലൂടെയാണ് ഉയിരാകുന്നത് .ഭാഷക്ക് അപ്പുറം ഉള്ള മനുഷ്യരുടെ ഉള്ളിൽ തൊടുമ്പോൾ നമ്മൾ മനുഷ്യനെയാണ് തൊടുന്നത് , മനുഷ്യത്തത്തെയാണ് തൊട്ട് അറിയുന്നത് . ഭാഷക്കും , മതത്തിനും , ദേശത്തിനും , വംശത്തിനും നിറത്തിനും ,ലിംഗത്തിനും അപ്പുറമുള്ള മനുഷ്യനെ .
ലോകമെമ്പാടുമുള്ള നിരന്തര യാത്രകളിൽ അങ്ങനെ കണ്ട മനുഷ്യരാണ് മനുഷ്യരെ തിരിച്ചറിയാൻ പഠിപ്പിച്ചത് .
ഞാൻ ആദ്യമായും അന്ത്യമായും മനുഷ്യനാണ് .മലയാളി , ഇന്ത്യക്കാരൻ , അടൂരുകാരൻ , ക്രിസ്ത്യാനി എന്നുള്ളതൊക്കെ നമ്മുടെ മുകളിൽ ഓരോ അധികാര വ്യവസ്ഥയും ചാർത്തി തരുന്ന സത്വത്തിന്റെ ഉടയാടകളാണ് .ഇത് പറിച്ചു കളഞ്ഞു മനസിന്റെ നഗ്നതയുടെ സത്യം കണ്ടാൽ നമ്മൾ മനുഷ്യരായി തുടങ്ങും . മനുഷ്യരായി തുടങ്ങിയാൽ നമുക്ക് മത ഭ്രാന്തും ഭാഷ ആധിപത്യവും വംശീയ വിചാരങ്ങളും എല്ലാം അപ്രത്യക്ഷമാകും. .
ഭാഷ അമ്മിഞ്ഞയാണ്, അമ്മയാണ് അമ്മൂമ്മയാണ് എന്ന് പറഞ്ഞു പരത്തുന്ന കള്ളത്തരത്തിൽ വിശ്വസിക്കില്ല. ഗുണ്ടർട്ട് അമ്മിഞ്ഞ കുടിച്ചത് മലയാളത്തിലല്ല. അയാളുടെ അമ്മയും അമ്മൂമ്മയും മലയാളികൾ അല്ലായിരുന്നു.
എല്ലാ മനുഷ്യരെ മനുഷ്യനായി കണ്ടാൽ തീരുന്ന പ്രശ്‌നമേയുള്ളൂ ഈ ലോകത്തിൽ.
ജെ എസ് അടൂർ

No comments: